ഓണറേറിയം പ്രതിമാസം 1000 രൂപ വർദ്ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് അവസാനം മുഖ്യമന്ത്രി പിണറായി വിജയന്, കഴിഞ്ഞ എട്ടര മാസമായി നടക്കുന്ന ആശാസമരത്തിനു മുഖം കൊടുക്കേണ്ടി വന്നിരിക്കുന്നു. ഒമ്പതര വർഷത്തെ ‘ഇടതു’ ഭരണത്തിൽ സമരങ്ങളൊടുങ്ങി, നിശ്ചലമായ മലിനജലംപോലെ കിടന്നിരുന്ന കേരളസമൂഹത്തെ ഇളക്കിമറിച്ച് ഏറ്റവും അശരണരായ സ്ത്രീത്തൊഴിലാളികളുടെ ഊർജ്ജപ്രവാഹം സൃഷ്ടിച്ച ആശാസമരം നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഉയർന്ന ഘട്ടത്തിലേക്കു കടക്കുകയാണ്.
സമകാലീന സാഹചര്യത്തിൽ നിലവിലുള്ള ഏതൊരു വലതുപക്ഷ സർക്കാരിനെയും ലജ്ജിപ്പിക്കുന്ന വിധത്തിലാണ് ഇടതെന്നവകാശപ്പെടുന്ന പിണറായി സർക്കാർ ആശാസമരത്തെ കൈകാര്യം ചെയ്യാൻ ശ്രമിച്ചത്. സിഐടിയു നേതാക്കളുടെ അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളും സൈബർ ‘പണംപറ്റി’കളുടെ ആക്രമണങ്ങളും സാംസ്കാരിക ‘പെറുക്കിത്തീനി’കളുടെ ന്യായീകരണങ്ങളും ഏശാതെ തിരിച്ചടിച്ചപ്പോൾ സമരത്തെ അവഗണിക്കുക എന്ന ഹീനതന്ത്രമാണ് സർക്കാർ പയറ്റിയത്. ജനാധിപത്യപരമായ സമരങ്ങളിലൂടെയാണ് ജനാഭിലാഷം പ്രകടിപ്പിക്കപ്പെടു കയെന്നിരിക്കെ, സമരത്തിന്റെ തുടക്കത്തിൽ നടന്ന വഴിപാടു ചർച്ചകൾക്കുശേഷം ഇനി ചർച്ചയില്ല എന്നു മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചു.
എന്നാൽ, നവംബർ 1ന് അതിദാരിദ്ര്യവിമുക്തകേരളം എന്ന പ്രഖ്യാപനത്തിന് എത്തുമെന്നറിയിച്ച പ്രമുഖ നടന്മാർക്ക് ആശമാരയച്ച തുറന്നകത്ത് ജനഹൃദയങ്ങളിൽ പതിച്ചതോടെ ആ ചടങ്ങിന്റെ പകിട്ടു കുറയുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആശമാർ സർക്കാരിന്റെ പരാജയം ഉറപ്പിക്കാൻ രംഗത്തിറങ്ങുമെന്നും പിഎം ശ്രീ പദ്ധതിയിൽ രഹസ്യമായി ഒപ്പിട്ടതിന്റെ ജാള്യം മറയ്ക്കാൻ ചില ചെപ്പടിവിദ്യകൾ വേണ്ടതുണ്ടെന്നും കണ്ടിട്ടാണ് സമരത്തെ ഇനിയും അവഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത്. അംഗനവാടി ജീവനക്കാർക്കും സ്കൂൾ പാചകത്തൊഴിലാളികൾക്കും നാമമാത്രമെങ്കിലും വേതനവർദ്ധന പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായത് ഐതിഹാസികമായ ഈ സമരത്തിന്റെ സമ്മർദ്ദംമൂലമാണ്.
വർണ്ണനയ്ക്കപ്പുറം യാതനാനിർഭരമായ സമരത്തിന്റെ ഒടുവിലത്തെ നേട്ടമാണ് അപര്യാപ്തമെങ്കിലുമുള്ള ഈ വർദ്ധന. സമരം തുടങ്ങുമ്പോളുന്നയിച്ച ഡിമാന്റുകളിൽ പലതും ഇതിനോടകം ആശമാർ നേടിക്കഴിഞ്ഞിരുന്നു. സമരത്തിനുശേഷമാണ് ഓരോ മാസത്തെയും വേതനം ഏറെക്കുറെ കുടിശ്ശികയാകാതെ ആശമാർക്കു ലഭിക്കുന്നത്. 62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന നിബന്ധന റദ്ദാക്കി. ഓണറേറിയം മുഴുവനായും ലഭിക്കുന്നതിനു തടസ്സമായിരുന്ന നിബന്ധനകൾ എടുത്തുകളഞ്ഞു. മെഡിക്കൽ ഓഫീസർമാരും പഞ്ചായത്ത് അധികാരികളും എന്തിന് പോലീസും വരെ ആജ്ഞാപിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരായിരുന്ന ആശമാർ ഇനിമേൽ ചെയ്യേണ്ട ജോലികളെന്തെന്ന് വ്യക്തമായി നിർവ്വചിക്കപ്പെട്ടു. പാർലമെന്റിലടക്കം ചർച്ചയായ ആശാസമരത്തിന്റെ ഫലമായി ഇന്ത്യയിലെ പത്തുലക്ഷം ആശമാരുടെ ഇൻസെന്റീവ് 3500 രൂപയായും വിരമിക്കൽ ആനുകൂല്യം 50,000 രൂപയായും വർദ്ധിപ്പിച്ചു. സർവ്വോപരി, പോരാടുന്ന സ്ത്രീകളുടെ പ്രതീകമെന്ന നിലയിൽ ആശമാരുടെ ആത്മാഭിമാനവും സാമൂഹികാംഗീകാരവും ഉയർന്നുവന്നു. തളംകെട്ടിക്കിടക്കുന്ന സമൂഹത്തിൽ, പണിയെടുക്കുന്നവരുടെ മോചനമാർഗ്ഗം ജനാധിപത്യസമരങ്ങളാണ് എന്ന ബോധം പടർന്നു. ആശാസമരം ഒരു സാമൂഹിക മുന്നേറ്റമായി മാറി.
എന്നാൽ, ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ പ്രഖ്യാപിക്കുക എന്നീ മുഖ്യഡിമാന്റുകളിൽ തൃപ്തികരമായ തീരുമാനം ഉണ്ടാകാത്തതിനാൽ സമരം പുതിയ ഘട്ടത്തിലേക്കുയർത്തുകയാണെന്നാണ് KAHWA ഭാരവാഹികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളസമൂഹം അതിനോടു ചേർന്നു നില്ക്കുകയുമാണ്. കാരണം, അവരുടെ മുന്നിലാണ് പെരുമഴയിൽ തലയ്ക്കു മീതേ ഉയർത്തിയ ടാർപാളിൻ ഷീറ്റ് പോലീസ് അഴിപ്പിച്ചതും ഏറ്റവുമൊടുവിൽ ക്ലിഫ് ഹൗസ് മാർച്ചിനെത്തിയ ആശമാരുടെ നെഞ്ചിനു നേരേ പോലീസ് ജീപ്പ് ഇരപ്പിച്ചെത്തിയതും അവരുടെ മൈക്ക് സെറ്റ് അഴിച്ചെടുത്തോടിയതും. ഒരു വാഹനത്തിനു നേരെയും കല്ലെറിയാതെ, പൊതുജനത്തെ ദ്രോഹിക്കാതെ, പോലീസിനെ ആക്രമിക്കാതെ എന്നാൽ വീറുറ്റ രീതിയിൽ വളർന്നുവന്ന ഈ സമരം സ്വാധീനിച്ചതുപോലെ സമീപകാലത്തൊന്നും ഒരു രാഷ്ട്രീയ സംഭവവികാസവും കേരളമനഃസാക്ഷിയെ സ്വാധീനിച്ചിട്ടില്ല.
ആശമാർ ആവശ്യപ്പെട്ട ഡിമാന്റുകൾ അംഗീകരിക്കുന്നതിന് വലിയ സാമ്പത്തികബാധ്യതകൾ സർക്കാരിനുണ്ടായിരുന്നില്ല. സമരം താല്ക്കാലികമായി അവസാനിപ്പിക്കാൻ ഒത്തുതീർപ്പെന്ന നിലയിൽ അവർ ആവശ്യപ്പെട്ട 3000 രൂപയുടെ താല്ക്കാലിക വർദ്ധനവ് നടപ്പാക്കാൻ പ്രതിവർഷം വേണ്ടിവരുന്നത് 94 കോടി രൂപ മാത്രമാണ്. സർക്കാരിന്റെ ധൂർത്തിനും ആഡംബരത്തിനും കോടികൾ വാരിക്കോരി ചെലവഴിക്കുകയാണ്. എങ്കിൽ ഏറ്റവും നിസ്വരായ ഈ സ്ത്രീത്തൊഴിലാളികളെ സർക്കാർ എട്ടരമാസം വെയിലിലും പൊടിയിലും മഴയിലും നിർത്തിയതെന്തിനാണ്?
ഇടതെന്ന മേലങ്കിയണിഞ്ഞ് പിണറായി വിജയൻ കേരള രാഷ്ട്രീയമണ്ഡലത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമിക്കുന്ന കോർപ്പറേറ്റ് ദാസ്യത്തിന്റെയും കൂട്ടിക്കൊടുപ്പിന്റെയും വാസ്തവം അറിയുമ്പോഴേ ഇതിനുത്തരം കിട്ടൂ. തികച്ചും അരാഷ്ട്രീയമായ, കാപട്യംനിറഞ്ഞ “എല്ലാം ശരിയാകും” എന്ന മുദ്രാവാക്യമുയർത്തിയാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. കേരളത്തിലെ കെഎസ്ഇബിയും കെഎസ്ആർടിസിയും പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വാണിജ്യവല്ക്കരണത്തിനും തൊഴിലവകാശലംഘനങ്ങൾക്കും അടിത്തറയൊരുക്കിയത് ആ സർക്കാരായിരുന്നു. കെഎസ്ആർടിസിയിൽ താല്ക്കാലിക ജീവനക്കാരെ മാത്രം നിയമിക്കുന്ന സ്വിഫ്റ്റ് കമ്പനി തുടങ്ങിയത് അക്കാലത്താണ്. സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ അരങ്ങൊരുക്കിയതും അക്കാലത്തുതന്നെ. പ്രളയത്തിന്റെയും കൊറോണ മഹാമാരിയുടെയും പിറകേവന്ന തിരഞ്ഞെടുപ്പിൽ ഭരണത്തിന്റെ ആനുകൂല്യത്താൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ പിണറായി വിജയൻ പ്രഖ്യാപിച്ചത് “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്” നടപ്പാക്കുകയായിരിക്കും തങ്ങളുടെ മുഖ്യലക്ഷ്യം എന്നായിരുന്നു. മൂലധനത്തിന്റെ, അതേതൊരു ക്രിമിനൽ മൂലധനത്തിന്റേ തായാലും ശരി സർവ്വതന്ത്രസ്വതന്ത്രമായ ആധിപത്യത്തിനു തടസ്സമായ തൊഴിൽ പ്രശ്നങ്ങളെ അടക്കി നിർത്തുക എന്നതാണീ നയത്തിന്റെ സത്ത. തൊഴിൽസമരങ്ങളെ ചർച്ചയിലൂടെ പരിഹരിക്കുക എന്നതല്ല മറിച്ച്, സമരങ്ങൾ ഉയർന്നു വരുന്നതേ ശല്യമായി കാണുക എന്നതാണ് ഈ നയത്തിന്റെ ബാക്കിപത്രം. നോക്കുകൂലി നിരോധിക്കും എന്നൊക്കെപ്പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറ്റുന്ന വിഷയങ്ങൾ ഊതിവീർപ്പിച്ച് നിക്ഷേപസൗഹൃദസംസ്ഥാനം എന്ന കോർപ്പറേറ്റ് ബഹുമതി നേടാനായിരുന്നു ഈ നയം. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ അംഗങ്ങളായ സിഐടിയു എന്ന സംഘടനയെ സമരവിരുദ്ധരാക്കുക എന്നതായിരുന്നു ഇതിന്റെ ആദ്യഫലം. കേരളം തൊഴിൽസമരങ്ങളുടെ ശവപ്പറമ്പായി മാറി. സിഐടിയു ഉൾപ്പടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ എതിർക്കുന്ന മോദിസർക്കാരിന്റെ കുപ്രസിദ്ധമായ ലേബർ കോഡുകൾക്ക് ആദ്യമായി ചട്ടമുണ്ടാക്കിയത് പിണറായി സർക്കാരായിരുന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും എഐയുടിയുസിയുമൊഴികെ ഒരു സംഘടനയും എന്നിട്ടും അനങ്ങിയില്ല.
എന്നാൽ, വളർച്ച മുരടിച്ച്, തരിമ്പുപോലും മുന്നോട്ടു പോകാനാകാതെ ഉഴറുന്ന മുതലാളിത്തത്തിനു കീഴിൽ ജനങ്ങളുടെ പ്രതിസന്ധി ആഴമേറിവന്നു. വിലക്കയറ്റം സകലപരിധികളും കടന്നു. തൊഴിൽനഷ്ടം നിത്യസംഭവമായി. പണിയെടുക്കുന്നവരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കപ്പെടുകയോ മരവിപ്പിക്കുകയോ ചെയ്തു. ഏറ്റവും സംഘടിതരായ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഒരു ലക്ഷത്തോളം കോടി രൂപയുടെ ആനുകൂല്യങ്ങൾ പിടിച്ചുവച്ചു.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ടുവർഷമായി ഒരേ വേതനത്തിനു പണിയെടുക്കുന്ന, അതുപോലും വല്ലപ്പോഴും മാത്രം ലഭിക്കുന്ന അവസ്ഥയിൽ ആശമാർ സമരത്തിനിറങ്ങിയത്. അവരുടെ ഡിമാന്റുകളുടെ ന്യായയുക്തതയും സർക്കാരിന്റെ തിരിഞ്ഞുനില്പും സർക്കാർ പിണിയാളരുടെ അധിക്ഷേപങ്ങളും കേരളത്തിലെ ജനങ്ങൾ ഇതിനകംതന്നെ കണ്ടറിഞ്ഞതാണ്. യൂണിറ്റി പല ലക്കങ്ങളിൽ ഇതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നടപ്പാക്കുന്നതിൽ മോദിയുടെ അവാർഡു നേടിയ പിണറായി വിജയൻ അതുകൊണ്ടുതന്നെ സമരത്തോട് പുറംതിരിഞ്ഞുനിന്നു.
ഭീമാകാരമായ ഒരു സർക്കാർ സംവിധാനം മുഴുവനും സമരം ചെയ്യുന്ന ഏഴകളായ സ്ത്രീകൾക്കെതിരെ നിന്നു. മന്ത്രിമാരും സർക്കാരിനെ പിന്തുണയ്ക്കുന്നവരുമെല്ലാം തങ്ങളുടെ ശേഷിക്കൊത്തവണ്ണം സമരത്തെ താറടിക്കാൻ രംഗത്തെത്തി. എന്നാൽ തങ്ങളിതേവരെ ‘കൈകാര്യം ചെയ്ത’ തരം തൊഴിലാളികളല്ല ആശമാരെന്ന് സർക്കാരിന് താമസംവിനാ മനസ്സിലായി. ജീവിതമേല്പിച്ച മുറിവുകൾ വടുക്കളായി കരുത്തു നേടിയ ഈ സാധാരണക്കാരായ സ്ത്രീകൾ ശക്തമായ തങ്ങളുടെ നേതൃത്വത്തിനു കീഴിൽ സമാനതകളില്ലാത്ത ത്യാഗങ്ങളിലൂടെ സമരത്തെ മുന്നോട്ടു കൊണ്ടുപോയി. അംഗനവാടി ജീവനക്കാരും പിഎസ്‌സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട യുവാക്കളുമെല്ലാം തീവ്രമായ സമരം നടത്തിയിട്ടും ഒരു പരിധിക്കപ്പുറത്തേക്കു കൊണ്ടുപോകാൻ പറ്റാത്ത വിധം സർക്കാർ അവയെ പൂട്ടിട്ടുനിർത്തിയ ഘട്ടത്തിലും ആശമാരുടെ സമരം മുന്നോട്ടു പോയി. കേരളത്തിന്റെ അഭിപ്രായ രൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്ന മുൻനിര ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും തുടക്കംമുതൽ സമരത്തോടൊപ്പം അണിനിരന്നു. ഇതിനിടെ വന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആശമാരെ വഞ്ചിച്ചവരെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി ആശമാർ പ്രചരണം നടത്തിയതും ഇടതുമുന്നണി സ്ഥാനാർത്ഥി റിക്കാർഡ് ഭൂരിപക്ഷത്തിനു തോറ്റതും സർക്കാരിനെ ഉലച്ചെങ്കിലും ആശമാരുടെ ഡിമാന്റുകൾ അംഗീകരിച്ചാൽ സമരത്തിനു കീഴടങ്ങി ‘ചീത്തപ്പേര്’ നേടിയവർ എന്ന സന്ദേശം കോർപ്പറേറ്റുകൾക്കു നൽകും എന്ന ഭയത്താൽ വീണ്ടും സമരത്തെ അവഗണിച്ചു.
എന്നാൽ ആശാസമരം കേരള ജനതയുടെ മനഃസാക്ഷിയിൽ സൃഷ്ടിച്ച ആഴമേറിയ സ്വാധീനം തങ്ങളുടെ തിരഞ്ഞെടുപ്പു വിജയസാധ്യതകളെപ്പോലും ബാധിക്കും എന്ന ഘട്ടമെത്തിയതോടെ സമരത്തെ അഭിസംബോധന ചെയ്തു എന്നു വരുത്താതെ തന്നെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സമരത്തെ എത്രയൊക്കെ അവഗണിക്കാൻ ശ്രമിച്ചാലും തങ്ങളുന്നയിച്ച ഡിമാന്റുമായി താരതമ്യപ്പെടുത്തിയാൽ അപര്യാപ്തമായ ഈ വർദ്ധനവ് സർക്കാരുയർത്തിയ പർവ്വതസമാനമായ പ്രതിബന്ധങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണപ്പെട്ട നേട്ടമാണ്. ഈ നേട്ടത്തിന്റെ രാഷ്ട്രീയപ്രാധാന്യം ഉൾക്കൊണ്ടുതന്നെ ഡിമാന്റുകൾ നേടുന്നതുവരെ ഉയർന്ന തലത്തിലേക്കു സമരം കൊണ്ടു പോകാൻ ആശമാർ തീരുമാനിച്ചിരിക്കുന്നു. ജനാധിപത്യം പുലർന്നു കാണണമെന്നാഗ്രഹിക്കുന്ന കേരള സമൂഹം ഇതോടൊപ്പം സർവ്വാത്മനാ സഹകരിക്കേണ്ടതുണ്ട്. യൂസഫലിയെപ്പോലുള്ള മുതലാളിമാരുടെ ഔദാര്യം തേടിയും അഴിമതിയിൽ കുരുങ്ങിയ സമുദായനേതാക്കളെ കക്ഷത്തിലാക്കിയും തരാതരം വർഗ്ഗീയത മൂർച്ഛിപ്പിച്ചും മോദിയെയും നിതീഷ് കുമാറിനെയും പോലെ സൗജന്യങ്ങൾ വീശിയെറിഞ്ഞും അടുത്ത തിരഞ്ഞെടുപ്പു ജയിക്കാമെന്നു കരുതുന്ന പിണറായി വിജയന്റെ ധാർഷ്ട്യത്തെയും പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.
ആശമാരുടെ സമരശക്തിയെ കേരളത്തിനു കാട്ടിക്കൊടുത്ത കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് സമരത്തിന്റെ അടുത്ത ഉയർന്ന ഘട്ടം പ്രഖ്യാപിച്ചിട്ടുള്ളത്. പണിയെടുത്ത് ജീവിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും പോരാട്ടത്തിന്റെ മാർഗ്ഗം കാട്ടുന്ന ഒന്നായി ആശാസമരം ചരിത്രത്തിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും.
ക്ലിഫ് ഹൗസ് മാർച്ച്
ഫെബ്രുവരി 10ന് ആരംഭിച്ച ആശാ സമരത്തിന്റെ ആറാം ഘട്ടമായി ഒക്ടോബർ 22ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നൂറുകണക്കിന് ആശമാർ പങ്കെടുത്ത വമ്പൻ മാർച്ച് നടന്നു. സെക്രട്ടേറിയറ്റിനുമുന്നിൽ ആശമാരുടെ സമരം എട്ടുമാസം പിന്നിട്ടിട്ടും സമരക്കാരെ കാണാനോ ഡിമാന്റുകൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാനോ മുഖ്യമന്ത്രി തയ്യാറാകത്തതിൽ പ്രതിഷേധിച്ചാണ് ക്ലിഫ് ഹൗസ് മാർച്ച് പ്രഖ്യാപിച്ചത്. സമരമെന്നാൽ അക്രമികളുടെ അഴിഞ്ഞാട്ടമല്ല, മറിച്ച് അച്ചടക്കമുള്ളതും ഉയർന്നുചിന്തിക്കുന്നതുമായ ധിഷണകൾ നടത്തുന്ന ഉന്നതമായ സാംസ്കാരിക പ്രവർത്തനമാണെന്ന് കേരള സമൂഹത്തെ പഠിപ്പിച്ചുകൊണ്ട് ഏറ്റവും സമാധാനപരമായ ജനാധിപത്യമാർഗ്ഗങ്ങൾ മാത്രം അവലംബിച്ച് സഹനസമരം നടത്തിവന്ന ആശമാർക്കുനേരെ പോലീസിന്റെ അഴിഞ്ഞാട്ടമാണ് ദേവസ്വംബോർഡ് ജംഗ്ഷനിൽ നടന്നത്. രാവിലെ പി എം ജി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ആശമാരുടെ മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ തടഞ്ഞ പോലീസ്, മൂന്നുതവണ ജലപീരങ്കി ചീറ്റിച്ചിട്ടും സമരക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ബാരിക്കേഡ് മറികടന്ന ആശമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശമാരും നേതാക്കളും ബാരിക്കേഡിന് മുകളിലും മുന്നിലുമായി നിലയുറപ്പിച്ചു.
ബലംപ്രയോഗിച്ച് പിരിച്ചുവിടാൻ ശ്രമിക്കുകയും സമരക്കാർക്കുനേരെ പോലീസ് ജീപ്പ് ഓടിച്ചുകയറ്റി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ട്രഷറർ സബൂറയുടെ നേരെയാണ് അപകടകരമായ നിലയിൽ പോലീസ് ജീപ്പ് ഓടിച്ചു കയറ്റിയത്. ഇതോടെ
ബാരിക്കേഡ് മറികടന്ന് കൂടുതൽ ആശമാർ മുന്നോട്ടു നീങ്ങിയതോടെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, വൈസ് പ്രസിഡന്റ് എസ്.മിനി എന്നിവരുൾപ്പെടെ ഇരുപതോളം പേരെ പോലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. എസ്.മിനിയുടെ വസ്ത്രം വലിച്ചു കീറുകയും വലിച്ചിഴക്കുകയും ചെയ്തു. എം.എ. ബിന്ദുവിനെ ബാരിക്കേഡിനിടയിൽ വച്ചമർത്തിയതിനെത്തുടർന്ന് പരിക്കേറ്റു. സമരക്കാരെ ബലം പ്രയോഗിച്ച കസ്റ്റഡിയിലെടുക്കാൻ നടത്തിയ ശ്രമത്തിനിടയിൽ നിരവധി പേരെ റോഡിലൂടെ വലിച്ചിഴച്ചു. സമര പ്രവർത്തകർ ഉപയോഗിച്ചിരുന്ന ഉച്ചഭാഷിണി സംവിധാനങ്ങൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു. തുച്ഛവേതനക്കാരായ സ്ത്രീ തൊഴിലാളികൾ നടത്തുന്ന ഏറ്റവും ന്യായമായ സമരത്തോട് ഏറ്റവും ക്രൂരമായി പോലീസ് ഇടപെട്ടു.
പോലീസിന്റെ അവധാനതയില്ലാത്ത നിലപാട് പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ആത്മസംയമനം കൈവെടിയാതെ സമരരംഗത്ത് അടിയുറച്ചു നിന്ന ആശമാർ മുഖ്യമന്ത്രിയെ നേരിൽ കാണാൻ അവസരം ഒരുക്കുമെന്നും അറസ്റ്റ് ചെയ്ത നേതാക്കൻമാരെ വിട്ടയയ്ക്കുമെന്നുമുള്ള എസിപിയുടെ ഉറപ്പിനെത്തുടർന്ന് വൈകിട്ട് ഏഴുമണിയോടെയാണ് പിരിഞ്ഞുപോയത്.
സമാധാനപരമായിരുന്ന മാർച്ചിനു നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 23 കരിദിനം പ്രഖ്യാപിച്ച് നഗരത്തിൽ പ്രകടനം നടത്തി. കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന മെമ്പാടും വിപുലമായ പരിപാടികൾ നടന്നു. കറുത്ത ബാഡ്ജ് ധരിച്ചും പ്രതിഷേധ സദസ്സുകൾ നടത്തിയും സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചും ആശമാർ പ്രതിഷേധിച്ചു.
