എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ഒക്ടോബർ 31ന് പുറപ്പെടുവിച്ച പ്രസ്താവന
9 മാസത്തോളം പർവ്വതസമാനമായ പ്രതിബന്ധങ്ങളെ മറികടന്ന് ധീരമായ പോരാട്ടം നടത്തിയ കേരളത്തിലെ ആശാവർക്കർമാരെയും അവർക്ക് മാതൃകാപരമായ നേതൃത്വം നൽകിയ ‘കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ’യും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. ഒരു രൂപപോലും വർദ്ധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച സിപിഐ(എം) നേതൃത്വത്തിന്റെയും ഓണറേറിയം വർദ്ധന ഒരു കാരണവശാലും ആവശ്യപ്പെടില്ലെന്നു പ്രഖ്യാപിച്ച സിഐടിയു നേതൃത്വത്തിന്റെയും ധാർഷ്ട്യം ആശമാരുടെ നിശ്ചയദാർഢ്യത്തിനും അചഞ്ചലമായ തൊഴിലാളിവർഗ്ഗബോധത്തിനും മുന്നിൽ അടിയറവ് പറഞ്ഞിരിക്കുന്നു. ഓണറേറിയത്തിൽ ആയിരം രൂപയുടെ വർദ്ധന പിടിച്ചുവാങ്ങാൻ ആശാസമരത്തിനായി.
കേന്ദ്രഗവൺമെന്റ് ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിച്ചത് ഈ സമരത്തിന്റെ ഫലമായാണ്. ഇന്ത്യയിലാകെയുള്ള പത്തുലക്ഷത്തോളംവരുന്ന ആശമാർക്കാണ് അതിന്റെ നേട്ടമുണ്ടായത്. കേരളത്തിലെ ആശമാരുടെമേൽ അനാവശ്യ ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് തടയാൻ കഴിഞ്ഞു. അന്തസ്സായി തൊഴിൽ ചെയ്യുവാനുള്ള സാഹചര്യം ഇതോടെ സ്ഥാപിച്ചെടുക്കാനായി. 26,125 ആശമാർക്കാണ് വരുമാന വർദ്ധന ഉണ്ടായിരിക്കുന്നത്. ആശമാർക്കു മാത്രമല്ല മറ്റു പല രംഗങ്ങളിലും ആനുകൂല്യം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായതും ഈ സ്ത്രീ തൊഴിലാളികളുടെ സുദീർഘവും വിട്ടുവീഴ്ചയില്ലാത്തതുമായ പോരാട്ടത്തിന്റെ ഫലമായാണ്.
പണിയെടുത്ത് ജീവിക്കുന്നവരുടെ അവകാശങ്ങളെല്ലാം അധികാരിവർഗ്ഗം കവർന്നെടുക്കുന്ന, അടിമപ്പണിയിലേക്ക് സംഘടിത തൊഴിൽ മേഖലകൾപോലും വലിച്ചിഴയ്ക്കപ്പെടുന്ന ഈ ഇരുണ്ടകാലത്ത് അവകാശങ്ങൾ പൊരുതി നേടിയ ആശമാർ തൊഴിലാളിവർഗ്ഗത്തിന് വമ്പിച്ച ആത്മവിശ്വാസവും പ്രത്യാശയുമാണ് പകർന്നു നൽകിയത്.
21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും എന്ന ഡിമാന്റ് തികച്ചും ന്യായമാണെന്ന് തിരിച്ചറിഞ്ഞ കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങളും തൊഴിലാളി വിഭാഗങ്ങളും ആശാസമരത്തെ ഹൃദയപൂർവ്വം പിന്തുണച്ചു. സർക്കാരിന്റെ മർക്കടമുഷ്ടിക്കും അവഗണനയ്ക്കും അപവാദ പ്രചാരണത്തിനും അടിച്ചമർത്തലിനുമെതിരെ നേരായി ചിന്തിക്കുന്ന മുഴുവൻ സാംസ്കാരിക പ്രവർത്തകരും ജനകീയ നേതാക്കളും സംഘടനകളും അണിനിരന്നു. രാജ്യത്തെ അനേകം പ്രമുഖ വ്യക്തികൾ സമരം ഡിമാന്റുകൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സിപിഐ(എം)ന്റെ ഇടതുപക്ഷ പൊയ്‌മുഖം ലോകം തിരിച്ചറിയുന്ന സാഹചര്യമുണ്ടായി.
അവശേഷിക്കുന്ന ഡിമാന്റുകൾ ഉയർത്തി ശക്തമായ പ്രചാരണവും സമരവുമായി മുന്നേറാൻ തന്നെയാണ് ആശമാരുടെ തീരുമാനം. പണിയെടുക്കുന്നവരോടൊപ്പമോ അധികാരത്തിന്റെയും പണത്തിന്റെയും ഒപ്പമോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട സന്ദർഭമാണിത്. ഈ സമരം പൂർണവിജയം നേടേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും ആവശ്യകതയായി മാറിയിരിക്കുന്നു. തുടർന്നുള്ള പോരാട്ടങ്ങൾക്ക് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ശക്തമായ പിന്തുണ ഞങ്ങൾ പ്രഖ്യാപിക്കുന്നു.
