17 മാസത്തെ പെൻഷൻ കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ്ണ നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ ക്ഷേമത്തിന് രൂപീകരിച്ച ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംവിധാനമാക്കി സർക്കാർ മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിമാസം 50 രൂപ വീതം തൊഴിലാളി നല്കുന്ന അംശാദായവും തൊഴിലാളികളുടെ തന്നെ അദ്ധ്വാനത്തിന്റെ ഭാഗമായി ലഭിക്കുന്ന നിർമ്മാണ സെസ്സും ചേർന്ന വലിയ ഫണ്ട് ക്ഷേമനിധിയിലെത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ഓഫീസ് ചെലവിനുമായി ഈ തുക ചെലവഴിക്കുമ്പോള്‍ തൊഴിലാളികൾ പട്ടിണിയും രോഗവും കൊണ്ട് മരണമടയുകയാണ്. ക്ഷേമനിധി ആനുകൂല്യങ്ങൾ നല്കാൻ പെട്രോളിനും ഡീസലിനും പ്രത്യേക സെസ്സ് ഏർപ്പെടുത്തി പിരിച്ചെടുക്കുന്ന കോടികൾ എന്തു ചെയ്യുകയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി.കൊച്ചുമോൻ സ്വാഗതം പറഞ്ഞു. എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി ബി. വിനോദ് മുഖ്യ പ്രസംഗം നടത്തി. എ.ജി. അജയകുമാർ, ബി.രാമചന്ദ്രൻ, ബിജു സേവ്യർ, സി.കെ.ശിവദാസൻ, സി.കെ.രാജേന്ദ്രൻ, കെ.എസ്.ചെല്ലമ്മ, ശശി പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിലാളിക്ഷേമനിധി ഫണ്ട് വകമാറ്റി ചെലവഴിക്കരുത്, ക്ഷേമനിധിയിൽ നിന്നും സർക്കാർ എടുത്ത കോടികൾ തിരിച്ചു നൽകുക, വൻകിട നിർമ്മാണ കമ്പനികളിൽ നിന്നും സെസ്സ് ഇനത്തിൽ ലഭിക്കാനുള്ള കോടികൾ പിരിച്ചെടുത്ത് തൊഴിലാളികളുടെ പെൻഷൻ കുടിശികയും നൽകുക, ഓഫീസ് പ്രവർത്തനത്തിനും ഓഫീസ് ജീവനക്കാരുടെ ശമ്പളത്തിനും സർക്കാർ ഫണ്ട് നൽകുക തുടങ്ങിയ ഡിമാന്റുകളും സംഘടന ഉന്നയിച്ചു.
