മാലേഗാവ് വിധി: “കൊല്ലപ്പെട്ടവർ അനവധി, പക്ഷേ കൊലയാളികളില്ല’

malegaon_bomb_blast.jpg
Share

2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ, ലഫ്.കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയത് ഈ കേസിന്റെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചവർക്ക് അത്ഭുതമായി തോന്നിയില്ല. അന്വേഷണങ്ങളിലും വിചാരണകളിലും ആദ്യകാലം മുതൽക്കേ നിരവധി തിരിമറികൾ ഉണ്ടായിട്ടുണ്ട് എന്നതാണതിനുകാരണം.

2008 സെപ്റ്റംബറിൽ റമദാനും നവരാത്രിയും ഒത്തുവന്ന മാസത്തിൽ മഹാരാഷ്ട്രയിലെ മാലേഗാവിൽ ഭിക്കു ചൗക്കിൽ ഒരു ബോംബ് സ്ഫോടനം നടന്നത് ഓർക്കുമല്ലോ. വർഗീയ സംഘർഷം ഉണ്ടാക്കാനായാണ് നിസ്കാര സമയത്ത് ഒരു എൽഎംഎൽ ഫ്രീഡം മോട്ടോർസൈക്കിളിൽ സ്ഫോടകവസ്തു (ഐഇഡി) സ്ഥാപിച്ചതെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) വെളിവാക്കി. ആറ് പേർ കൊല്ലപ്പെട്ടു, അതിൽ 10 വയസ്സുള്ള ഫർഹീൻ എന്ന പെൺകുട്ടിയും 19 വയസ്സുള്ള അസർ എന്ന യുവാവും ഉൾപ്പെടുന്നു, 101 പേർക്ക് പരിക്കേറ്റു. പ്രാദേശിക പോലീസുമായി ചേർന്ന് പ്രവർത്തിച്ച മഹാരാഷ്ട്ര എടിഎസ്, സിമി പോലുള്ള നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുംബൈയിൽനിന്നും മാലേഗാവിൽനിന്നും ഒൻപത് മുസ്ലീം പുരുഷന്മാരെ എംസിഒസിഎ (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) പ്രകാരം അറസ്റ്റുചെയ്തു. ഈ കുറ്റകൃത്യത്തിനു പിന്നിൽ അവരാണെന്നതായിരുന്നു ആരോപണം. ഉടൻതന്നെ അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാലേഗാവ് സ്ഫോടനത്തെ തുടർന്ന് 2007 ഫെബ്രുവരിയിൽ പാകിസ്താനിലേക്ക് പോകുന്ന സംഝൗത എക്സ്പ്രസ് ട്രെയിനിൽ പാനിപത്തിലും, 2007 മെയ് മാസത്തിൽ ഹൈദരാബാദിലെ മക്ക മസ്ജിദിലും, 2007 ഒക്ടോബറിൽ അജ്മീർ ദർഗയിലും ബോംബ് സ്ഫോടന പരമ്പരകളുണ്ടായി. എല്ലായിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി, മരിച്ചവരിൽ കൂടുതലും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരായിരുന്നു. എല്ലാ കേസുകളിലും ഒരു പൊതുവായ രീതി ശ്രദ്ധയിൽപ്പെട്ടത്, ഇതിനെല്ലാം പിന്നിൽ ഒരു പ്രത്യേക ഗ്രൂപ്പിന്റെയോ സംഘടനയുടെയോ കൈകളാണെന്ന സൂചന ഉണ്ടായിരുന്നു എന്നതാണ്.

മാലേഗാവ് സ്ഫോടനങ്ങൾക്ക് ഒരു വർഷം മുമ്പ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളിലുള്ളവരുടെ വീടുകളിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്നത് ഇവിടെ പ്രസക്തമാവുകയാണ്. നാന്ദെഡിൽ, സ്ഫോടകവസ്തുക്കൾ തയ്യാറാക്കുന്നതിനിടയിൽ രണ്ട് ബജ്‌റംഗ്‍ദൾ പ്രവർത്തകർ മരിച്ചിരുന്നു. പർഭണി, പൂർണ്ണ, ജൽന എന്നിവിടങ്ങളിൽ ചില ദുരൂഹ സ്ഫോടനങ്ങളും നടന്നിരുന്നു. അതുവഴി ഹിന്ദുത്വ തീവ്രവാദികൾ ഒരു അക്രമപ്രവർത്തനത്തിന് തയ്യാറെടുക്കുകയാണെന്ന മുറുമുറുപ്പുമുണ്ടായി. എന്നാൽ 2008ന്റെ അവസാനത്തോടെ മാലേഗാവ് സ്ഫോടനങ്ങളുടെ ചില സൂചനകൾ പിന്തുടർന്ന് മഹാരാഷ്ട്ര എടിഎസ്, ആർഎസ്എസ് നേതാവായ സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിലേക്കും, സംഘ്‍പരിവാർ ബാന്ധവമുള്ള അഭിനവ് ഭാരതിലെ അംഗമായ സമീർ കുൽക്കർണി, ഹിന്ദുത്വ ചായ്‌വുള്ള ഒരു സൈനിക ഉദ്യോഗസ്ഥനായ ലഫ്. കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിയിലേക്കും എത്തിയപ്പോഴാണ് നിർണായക വഴിത്തിരിവുണ്ടായത്. 2009ൽ, എടിഎസ് 4,528 പേജുള്ള ഒരു കുറ്റപത്രം സമർപ്പിച്ചു, അതിൽ യഥാർത്ഥ ഗൂഢാലോചനക്കാരെ മാലേഗാവ് സ്ഫോടനങ്ങളുടെ ആസൂത്രണത്തെയും നിർവ്വഹണത്തെയും കുറിച്ചുമുള്ള വിപുലമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ബോംബുകൾക്ക് ആവശ്യമായ ആർഡിഎക്സ് നൽകിയത് പുരോഹിത് ആണെന്ന് സംശയിക്കപ്പെട്ടു. 2011 ജനുവരി 8ന്,  1998ൽ തെക്കുകിഴക്കൻ ഗുജറാത്തിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു ഹിന്ദുത്വ വാദിയായ അസീമാനന്ദയെ സിബിഐ ഹരിദ്വാറിൽനിന്ന് സംഝൗത എക്സ്പ്രസ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായി അറസ്റ്റ് ചെയ്തു. അജ്മീർ ഷെരീഫ്, മക്ക മസ്ജിദ്, മാലേഗാവ്, സംഝൗത എക്സ്പ്രസ് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായി സമ്മതിച്ചുകൊണ്ട് അസീമാനന്ദ 42 പേജുള്ള ഞെട്ടിപ്പിക്കുന്ന ഒരു കുറ്റസമ്മതമൊഴിയും നൽകി. അദ്ദേഹം ഒരു ആർഎസ്എസ് നേതാവാണെന്നും, സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന ആർഎസ്എസ്, ഹിന്ദുത്വ നേതാക്കളോടൊപ്പം മുസ്ലീം ആരാധനാലയങ്ങളിൽ സ്ഫോടന പരമ്പരകൾ നടത്താൻ പദ്ധതികൾ തയ്യാറാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 

വിചിത്രമെന്നു പറയട്ടെ, 2011ൽ കേസ് എൻഐഎയിലേക്ക് മാറ്റിയപ്പോൾ, ഏജൻസി ഇതിനകം സമർപ്പിച്ച കുറ്റപത്രവുമായി മുന്നോട്ട് പോകുന്നതിനുപകരം കേസ് പുനരന്വേഷിക്കാൻ തീരുമാനിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ത് കർക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എടിഎസ് ആണ് ആദ്യം അന്വേഷണം നടത്തിയത്, സാധ്വി പ്രജ്ഞ, കേണൽ പുരോഹിത്, മേജർ രമേശ് ഉപാധ്യായ, എന്നിവർക്കും മറ്റുചിലർക്കും  മാലേഗാവ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പക്ഷേ അന്വേഷണം കൂടുതൽ മുന്നോട്ട് പോകുന്നതിനുമുമ്പ് അദ്ദേഹം കൊല്ലപ്പെട്ടു. മുംബൈ ആക്രമണത്തിനിടയിൽ തീവ്രവാദികളെ റെയ്ഡ് ചെയ്യുന്ന സമയത്ത് സ്വന്തം ബുള്ളറ്റ്പ്രൂഫ് ജാക്കറ്റിനുപകരം നിലവാരം കുറഞ്ഞ ജാക്കറ്റ് അദ്ദേഹത്തിന് നൽകിയത് ആരാണെന്നുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

ബിജെപി അധികാരത്തിൽ വന്നതിനുശേഷം അന്വേഷണത്തിന്റെ ദിശ മാറി

ഹിന്ദുത്വ പ്രവർത്തകർ സ്ഫോടനക്കേസുകളിൽ തുടർച്ചയായി പ്രതികളാണെന്ന് ആരോപിക്കപ്പെട്ടതിൽ ബിജെപി വലിയ ബഹളം വെച്ചിരുന്നു. 2014ൽ അവർ അധികാരത്തിൽ വന്ന ശേഷം, അന്വേഷണത്തിന്റെ ദിശയിൽ മാറ്റം വരുത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഹിണി സാലിയാൻ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഈ ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചു. മഹാരാഷ്ട്ര എടിഎസ് നടത്തിയ ശക്തമായ ഒരു അന്വേഷണം ക്രമേണ തകർന്നുപോയത് ദുർബലമായ തെളിവുകൾ കൊണ്ടല്ല, മറിച്ച് ബ്യൂറോക്രസിയുടെയും രാഷ്ട്രീയത്തിന്റെയും സത്യസന്ധതയുടെ തകർച്ച മൂലമാണെന്ന് അവർ ആരോപിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാൻ നിയമപരമായ സമയപരിധിയായ 90 ദിവസത്തിനുള്ളിൽ എടിഎസ് കുറ്റപത്രം സമർപ്പിച്ചിരുന്നു എന്നും അവർ എടുത്തുപറഞ്ഞു.  എന്നാൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ, എൻഐഎയിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികളോട് “സൗമ്യമായി പെരുമാറാൻ” തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും അവർ വെളിപ്പെടുത്തി. എന്നാൽ വിട്ടുവീഴ്ച ചെയ്യാൻ അവർ വിസമ്മതിക്കുകയും കേസിൽനിന്ന് സ്വയം പിന്മാറുകയും ചെയ്തു.

2016ൽ, എൻഐഎ ഒരു അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. അതിൽ എടിഎസ് അന്വേഷണത്തെ വിമർശിക്കുമ്പോൾ തന്നെ, പ്രതികളിൽ ആറ് പേർക്കെതിരെ കേസുമായി മുന്നോട്ട് പോകാൻ മതിയായ തെളിവുകളുണ്ടെന്നും അവർ പറഞ്ഞു. കേസ് കൈമാറ്റം ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് കാരണം എന്നുപറഞ്ഞുകൊണ്ട്, സംഭവസ്ഥലത്തുനിന്ന് വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എൻഐഎയുടെ കുറ്റപത്രം വ്യക്തമാക്കി. എൻഐഎയുടെ കുറ്റപത്രത്തിൽ പുതിയ സാക്ഷികളെയൊന്നും ഉൾപ്പെടുത്തിയിരുന്നില്ല, പകരം 2008-09 കാലഘട്ടത്തിൽ മജിസ്‌ട്രേറ്റിനുമുന്നിൽ മൊഴി നൽകിയ ചില സാക്ഷികളുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയായിരുന്നു, അവർ അവരുടെ മുൻ മൊഴികൾ നിഷേധിക്കുകയും ചെയ്തു. പിന്നീട് അനിവാര്യമായത് സംഭവിച്ചു. “മതിയായ തെളിവുകൾ കണ്ടെത്തിയിട്ടില്ല” എന്ന് അവകാശപ്പെട്ട് എൻഐഎ സാധ്വി പ്രജ്ഞയ്ക്ക് ഒരു ക്ലീൻ ചിറ്റ് നൽകി. പ്രജ്ഞയുടെ ഉടമസ്ഥതയിലുള്ള എൽഎംഎൽ മോട്ടോർസൈക്കിൾ ആണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് എടിഎസ് പറഞ്ഞിട്ടുണ്ട്. താക്കൂറിനെ കേസിൽനിന്ന് ഒഴിവാക്കാനുള്ള എൻഐഎയുടെ തീരുമാനം, ഒടുവിൽ ബോംബെ ഹൈക്കോടതിയിൽനിന്ന് അവർക്ക് ജാമ്യം ലഭിക്കാൻ കാരണമായി. എന്നാൽ ഇരയുടെ കുടുംബത്തിലെ ഒരാളുടെ എതിർപ്പ് അവരെ കേസിൽനിന്ന് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിച്ചു. താക്കൂറിനെ കേസിൽനിന്ന് ഒഴിവാക്കാനുള്ള എൻഐഎയുടെ അപേക്ഷ നിരസിച്ച അന്നത്തെ പ്രത്യേകകോടതി ജഡ്ജി എസ്.ഡി.ടെക്കലെ, പിന്നീട് സ്ഥലം മാറ്റപ്പെട്ടു. എടിഎസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടും 10 വർഷത്തെ കാലതാമസത്തിനുശേഷം 2018ലാണ് വിചാരണ ആരംഭിച്ചത്. ആകെ 323 സാക്ഷികളെ വിസ്തരിച്ചു. പ്രത്യേകിച്ചും, 1,087 കോടതി ഹിയറിംഗുകളിൽ പ്രജ്ഞാ താക്കൂർ 34 തവണ മാത്രമേ ഹാജരായുള്ളൂ, അവര്‍ ഹാജരാകാതിരുന്നതിൽ എൻഐഎ ഒരു എതിർപ്പും ഉന്നയിച്ചില്ല.

ജഡ്ജിമാരെ നിരന്തരം മാറ്റിക്കൊണ്ട് നീണ്ടുപോയ നിയമനടപടികൾ

ഈ കേസ് കൈകാര്യം ചെയ്തത് ആകെ അഞ്ച് ജഡ്ജിമാരാണ്. എന്തുകൊണ്ടാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇത്രയധികം സ്ഥലം മാറ്റങ്ങളുണ്ടായത് എന്ന ചോദ്യത്തിന്  പ്രത്യേകിച്ച്  ഉത്തരം നൽകേണ്ടതില്ല. തന്റെ വിധിന്യായത്തിൽ, ജഡ്ജിമാരിൽ ഒരാൾ, സ്ഫോടനം ആളുകളെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് നടത്തിയത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവിച്ചു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഒരു തുക നഷ്ടപരിഹാരവും അദ്ദേഹം അനുവദിച്ചു.
അന്വേഷണവും തുടർന്നുള്ള നിയമനടപടികളും, ക്രമക്കേടുകളും നടപടിക്രമപരമായ പിഴവുകളും നിറഞ്ഞതായിരുന്നു. തെളിവുകൾ കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും ശരിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഹിണി സാലിയാൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആരോപിച്ചത് ഇപ്രകാരമാണ്.  “ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നു, യഥാർത്ഥ തെളിവുകൾ ഹാജരാക്കുന്നില്ലെങ്കിൽ ഈ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതായിരുന്നു.” താൻ ധാരാളം തെളിവുകൾ ഹാജരാക്കിയിരുന്നുഎന്നും സുപ്രീം കോടതി അവയെല്ലാം ശരിവെച്ചിരുന്നുഎന്നും അവർ പറഞ്ഞു. പ്രതികൾ ഗൂഢാലോചന യോഗങ്ങളിൽ പങ്കെടുത്തു എന്നു കാണിക്കുന്ന പതിമൂന്ന് പ്രധാന സാക്ഷികളുടെ മൊഴികൾ എങ്ങനെയാണ് കാണാതായത് എന്നും, അത് കോടതിക്ക് ശക്തമായ തെളിവുകളില്ലാത്ത അവസ്ഥ സൃഷ്ടിച്ചു എന്നും അവർ പറഞ്ഞു. യഥാർത്ഥ മൊഴികളില്ലാത്തതിനാൽ പ്രോസിക്യൂഷൻ നന്നായി പാടുപെട്ടു. കോടതിയുടെ ആധികാരികതയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നതായിരുന്നു ഫോട്ടോകോപ്പികൾ സ്വീകരിക്കാൻ വിസമ്മതിച്ചത്. കാണാതായ രേഖകൾ കണ്ടെത്താനോ പകരം വെക്കാനോ ഉള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. സാക്ഷികൾ അവരുടെ മൊഴികൾ മാറ്റിപ്പറയുകയോ കൂറുമാറുകയോ ചെയ്തതിനാൽ വാദങ്ങൾ ഉറപ്പിക്കാൻ കഴിഞ്ഞില്ല. അവസാനം, ജഡ്ജി പറഞ്ഞതുപോലെ, ന്യായമായ സംശയങ്ങൾ ഉയർത്തുന്നതിനപ്പുറം തങ്ങളുടെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു, കൂടാതെ 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി അടുത്തിടെ കുറ്റവിമുക്തരാക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇത് കേസിന്റെ വ്യക്തമായ അട്ടിമറിയല്ലേ? ഈ സാഹചര്യത്തിൽ, സംഝൗത എക്സ്പ്രസ്, മക്ക മസ്ജിദ് സ്ഫോടന കേസുകളുടെയും വിധി ഇതേപോലെയായിരുന്നു എന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും. അവിടെയും സിബിഐ, എൻഐഎ, എസ്‍ടിഎഫ് തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല, അതിന്റെ ഫലമായി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി, അവരെല്ലാം ആർഎസ്എസ് – ബിജെപി- സംഘപരിവാർ ബന്ധമുള്ളവരായിരുന്നു. മക്ക മസ്ജിദ് കേസിൽ, തെളിവുകളുടെ അഭാവംമൂലം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതിന് ശേഷം ജഡ്ജി രവീന്ദ്ര റെഡ്ഡി ദേഷ്യത്താലും ദുഃഖത്താലും രാജിവെച്ചു.

ഒരു ഹിന്ദുവിന് തീവ്രവാദിയാകാൻ കഴിയില്ല- അമിത് ഷാ

 ഒരു ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവിച്ചത് ബിജെപി സർക്കാരിന്റെ ഒളിച്ചുകളിയാണ് വ്യക്തമാക്കുന്നത്. മാലേഗാവ് വിധി പ്രഖ്യാപിക്കുന്നതിനിടയിൽ, ഏതെങ്കിലും മതത്തെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് ഉചിതമല്ലെന്ന് ജഡ്ജി പറഞ്ഞിട്ടുണ്ടെങ്കിലും, ആഭ്യന്തര മന്ത്രി “ഹിന്ദു” എന്ന വാക്കുമാത്രം എടുത്തുപറഞ്ഞുകൊണ്ട്, മറ്റ് മതങ്ങളിലുള്ളവർക്ക് മാത്രമേ തീവ്രവാദികളാകാൻ കഴിയൂ എന്നല്ലേ പരോക്ഷമായി സൂചിപ്പിച്ചത്? ഇതിനിടെ, പഹൽഗാം കൊലപാതകത്തിന് ശേഷമുള്ള നാലുദിവസത്തെ ഇന്ത്യാ-പാക് യുദ്ധത്തെക്കുറിച്ച് ഇന്ത്യയുടെ കാഴ്ചപ്പാട് ചാനലുകളില്‍ വിവരിച്ച കേണൽ സോഫിയ ഖുറേഷിയെ ‘തീവ്രവാദികളുടെ സഹോദരി’ എന്ന് വിളിച്ച ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ മധ്യപ്രദേശിലെ ബിജെപി സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല. അവർ മുസ്ലീം സമുദായത്തിൽനിന്നുള്ള വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുപറഞ്ഞത്. മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനക്കേസിൽ നിരപരാധികളായ ആളുകളെ കേസിൽ കുടുക്കിയെന്ന് പറഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി 12 മുസ്ലീം വ്യക്തികളെ അടുത്തിടെ കുറ്റവിമുക്തരാക്കുകയും, കീഴ്‌ക്കോടതി അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തവും നൽകിയ വിധി റദ്ദാക്കുകയും ചെയ്തപ്പോൾ അമിത്ഷാ ഒരു അഭിപ്രായവും പറഞ്ഞില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഈ നിരപരാധികളായ ഇന്ത്യക്കാർ ഇതിനകം 18 വർഷം ജയിലിൽ കഴിഞ്ഞിരുന്നു. 

തങ്ങളുടെ  താത്വികാചാര്യനായ   എം.എസ്. ഗോൾവാള്‍ക്കറിനെ അമിത് ഷാക്കോ മറ്റ് കാവിവത്കരിക്കപ്പെട്ട നേതാക്കൾക്കോ എങ്ങനെ ധിക്കരിക്കാൻ കഴിയും? അദ്ദേഹം തന്റെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിൽ പറയുന്നു, “…മഹാരാഷ്ട്രയിലെ മാലേഗാവിൽ (1963) ഒരു കലാപം നടന്നിരുന്നു. ഗണപതിയുടെ വിഗ്രഹം നിമജ്ജനത്തിനായി ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്നു. മുസ്ലീങ്ങൾ അതിനെ ആക്രമിച്ചു. ഒരു ഏറ്റുമുട്ടലുണ്ടായി. സർക്കാർ (അന്ന് കോൺഗ്രസ് – എഡിറ്റോറിയൽ യൂണിറ്റി)… ക്രമസമാധാന ലംഘനത്തിന് ഉത്തരവാദികളെന്ന പേരിൽ നിരവധി പ്രമുഖ ഹിന്ദു സജ്ജനങ്ങളെ കസ്റ്റഡിയിലെടുത്തു ഇങ്ങനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.” അതിനുശേഷം മാലേഗാവ് ഹിന്ദുത്വവാദികളുടെ ലക്ഷ്യമായിരുന്നു. അതിനാൽ, ആർഎസ്എസ് – ബിജെപി-സംഘപരിവാറിന്റെ ഒരു പ്രതികാര നടപടിയായി ഇത് മാറിയോ എന്ന് ന്യായമായും സംശയിക്കാം. ബാബറി മസ്ജിദ് പൊളിച്ച ഗുണ്ടകളെ ഒരാൾ എന്ത് വിളിക്കും? സന്യാസിമാർ എന്നോ? അതുപോലെ, ഗ്രഹാം സ്റ്റെയിൻസിനെ കൊന്നവർ തീവ്രവാദികളായിരുന്നില്ലേ? നരേന്ദ്ര ദാഭോൽക്കർ, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി എന്നിവരുടെ കൊലപാതകങ്ങളിൽ സനാതൻ സൻസ്തയുമായും അതിന്റെ ഉപഘടകമായ ഹിന്ദു ജൻ ജാഗൃതി സമിതിയുമായും ബന്ധമുള്ള സമാന ചിന്താഗതിക്കാരായ ഒരു സംഘം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. അറസ്റ്റിലായവരിൽ ഒരാളായ ശരദ് കലാസ്കർ, ദാഭോൽക്കറുടെ കൊലപാതകത്തിൽ തന്റെ പങ്കാളിത്തം സമ്മതിച്ചതായി പോലീസ് പറഞ്ഞിരുന്നു. ശരദ് കലാസ്കറും സച്ചിൻ അന്ദുരെയും രണ്ട് പിസ്റ്റളുകൾ ഉപയോഗിച്ച് പൂനെയിൽവെച്ച് നരേന്ദ്ര ദാഭോൽക്കറെ വെടിവെച്ച് കൊന്നുവെന്ന് ആരോപിക്കപ്പെടുന്നു. ഈ കൊലപാതകങ്ങളുടെയെല്ലാം ‘സൂത്രധാരൻ’ വിരേന്ദ്രസിംഗ് തവാഡെയാണെന്ന് അന്വേഷണത്തിനിടയിൽ തെളിഞ്ഞതായി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സിബിഐ സ്ഥിരീകരിച്ചു. കൽബുർഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭരത് കുർണേ, സുജീത് കുമാർ, പ്രവീൺ എന്നിവരെ പോലീസ് തിരയുന്നുണ്ടായിരുന്നു.  കർണാടക എസ്‌ഐടിയുടെ അന്വേഷണത്തിനിടയിൽ, കുമാർ കൽബുർഗിയെ വെടിവെച്ചതായി  വെളിപ്പെട്ടു. ഈ മാരകമായ ഭീകരാക്രമണങ്ങൾക്ക് അമിത്ഷാജി എന്ത് വിശദീകരണം നൽകും? അതായത്, സ്ഫോടനമുണ്ടായി, അട്ടിമറിയും കൊലപാതകവും സംഭവിച്ചു-പക്ഷേ അത് ചെയ്തവർ ആരുമില്ല! അതിനാൽ, ഭീകരവാദം ആർഎസ്എസ്- ബിജെപി-സംഘ്പരിവാറിന്റെ കേവലമായ നടപടി മാത്രമല്ല. ഭീകരവാദത്തെ മതപരമായ വിഭജനത്തിനും വർഗീയ രാഷ്ട്രീയത്തിനും വേണ്ടിയുള്ള ഒരു ഉപാധിയാക്കുക എന്നതാണ് അവരുടെ പദ്ധതി.

ഹിന്ദുക്കൾ ഭീകരവാദികളല്ലെന്ന് പറയുന്നതും, ഭീകരവാദത്തെ മുസ്ലീങ്ങളിൽമാത്രം ആരോപിക്കുന്നതും, കടുത്ത വർഗീയ ഹിന്ദുത്വത്തെ ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ, അവർ പിന്നിൽനിന്ന് ചരടുവലിച്ചുകൊണ്ട്, അവർക്കുവഴങ്ങുന്ന പോലീസിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെ തെളിവുകൾ ഇല്ലാതാക്കി. ചില സാക്ഷികളെ പണം നൽകി വാങ്ങുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തുകൊണ്ട് മാലേഗാവ്, ഹൈദരാബാദ്, സംഝൗത എക്സ്പ്രസ് കേസുകളിൽ നിരപരാധികളായ ആളുകളെ കൊന്നവരെ കുറ്റവിമുക്തരാക്കാൻ അവർക്ക് കഴിഞ്ഞു.

ഭീകരവാദികൾ ഭീകരവാദികൾ തന്നെയാണ്, അവർക്ക് വംശമോ മതമോ ഇല്ല എന്നിവിടെ വ്യക്തമാക്കട്ടെ. ക്രൂരമായ അടിച്ചമർത്തലിനും മർദ്ദനത്തിനും എതിരെ അധ്വാനിക്കുന്ന ജനങ്ങളുടെ യോജിച്ച സമരപ്രസ്ഥാനം രൂപപ്പെടുന്നത് തടസ്സപ്പെടുത്തുന്നതിനായി, ഭ്രാന്തമായ അക്രമങ്ങൾ നടത്താനും, സമൂദായങ്ങൾക്കിടയിൽ വൈരാഗ്യം സൃഷ്ടിക്കാനും, ദുരിതമനുഭവിക്കുന്ന ദശലക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനും ഭരണകൂട സാമ്രാജ്യത്വ-മുതലാളിത്തശക്തികൾ അവരെ സ്പോൺസർ ചെയ്യുന്നു. ഭീകരവാദം -അത് കടുത്ത വർഗീയ ഹിന്ദു മൗലികവാദ ഗ്രൂപ്പുകളോ പ്രചോദിത മുസ്ലീം മൗലികവാദ ഗ്രൂപ്പുകളോ ആകട്ടെ-അതിനെ ചെറുക്കാനുള്ള ആയുധം, മുകളിൽ പറഞ്ഞതുപോലെ, ഉയർന്ന സാംസ്കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും അടിസ്ഥാനത്തിൽ ശരിയായ വിപ്ലവകരമായ നേതൃത്വത്തിനുകീഴിൽ ജനകീയ സമരപ്രസ്ഥാനം വികസിപ്പിച്ചെടുക്കുക എന്നതു മാത്രമാണ്.

Share this post

scroll to top