കാശ്മീരിൽ ഹിന്ദി അടിച്ചേൽപ്പിക്കരുത്

Share

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ പ്രസ്താവന 

മ്മു-കാശ്‌മീരിലെ പരസ്യങ്ങളിലും ബോർഡുകളിലും ഉർദു ഭാഷയ്ക്കുപകരം ഹിന്ദി ഉപയോഗിക്കാനുള്ള ഭരണകൂടത്തിന്റെ കുത്സിതമായ നീക്കത്തെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. വിവിധ പ്രാദേശിക ഭാഷകൾക്കൊപ്പം വ്യാപകമായി സംസാരിക്കപ്പെടുന്നതും,  ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ളതും, ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കപ്പെട്ടതുമായ ഉർദുവിനു പകരം ബോധപൂർവ്വം നിർബന്ധിച്ച് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉർദു ഭാഷയെ ആസൂത്രിതമായി പാർശ്വവൽക്കരിക്കാനുള്ള ഈ ശ്രമത്തിൽ ഞങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. ഉൽകൃഷ്ടമായ സാഹിത്യം, കവിത, ക്ലാസിക്കൽ ഗസലുകൾ എന്നിവക്ക് വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഒരു സമ്പന്നമായ പാരമ്പര്യം ഉർദു ഭാഷയ്ക്കുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ പല നേതാക്കളുടെയും ആശയവിനിമയa ഉപാധിയായിരുന്നു ഈ ഭാഷ. കാലക്രമേണ, ഉർദു വെറുമൊരു ആശയവിനിമയ ഉപാധി എന്നതിലുപരി, ഇന്ത്യയുടെ സാംസ്കാരിക വിതാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

ജമ്മു-കാശ്മീരിലെ ദൈനംദിന കാര്യങ്ങളിൽ ഉർദുവിനുപകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം താഴ്‌വരയിലെ ജനങ്ങളുടെ അകൽച്ചയുടെ ആഴം വർദ്ധിപ്പിക്കാനും, അതുവഴി രാജ്യത്തിന്റെ മുഖ്യധാരയു മായുള്ള അവരുടെ യഥാർത്ഥ സംയോജനത്തിന് തടസ്സമുണ്ടാക്കാനും സാധ്യതയുണ്ട്.

ഹിന്ദി ഭാഷ നിർബന്ധപൂർവം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം ജനങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ മാത്രമേ ഉപകരിക്കൂ. , സാംസ്കാരിക ഐക്യം ഭാഷാപരമായ ആധിപത്യത്തിലൂടെ നേടാനാവില്ല, അത് വിവിധ ഭാഷകളോടുള്ള യഥാർത്ഥ ബഹുമാനത്തിൽ വേരൂന്നിയതാകണം. കാശ്മീരിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനുള്ള ഈ ശ്രമത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു, ഈ ജനാധിപത്യവിരുദ്ധ നീക്കം കേന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

Share this post

scroll to top