ഗസയിൽനിന്ന് പുറത്തുവരുന്ന ഫോട്ടോകൾ-പട്ടിണികൊണ്ട് അസ്ഥികൂടം പോലെയായ ശരീരവും, വികൃതമായ ഉന്തിയ വയറുമുള്ള കുട്ടികളുടെ നിർവ്വികാരമായ നോട്ടം-മനുഷ്യമന:സാക്ഷിയെ മരവിപ്പിക്കുന്നവയാണ്. തകർന്നടിഞ്ഞ ആശുപത്രികളുടെയും സർവകലാശാലകളുടെയും അവശിഷ്ടങ്ങൾ, ഗസയിലെ ജനങ്ങളെയുംഅടിസ്ഥാന സൗകര്യങ്ങളും ഒരുപോലെ ഉന്മൂലനം ചെയ്തതിന്റെ ഭയാനകമായ സ്മാരകങ്ങളായി നിലകൊള്ളുന്നു. 60,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. 17,400ലധികം കുട്ടികൾ വെടിയേറ്റോ, തക ർന്നുവീണ കെട്ടിടങ്ങൾക്കടിയിൽപ്പെട്ടോ മരണമടഞ്ഞു. ബോംബുകൾകൊണ്ടു മാത്രമല്ല, ഉപരോധം സൃഷ്ടിച്ച ക്ഷാമംമൂലവും, ഒരു ജനതയെ മനഃപൂർവ്വം പട്ടിണിക്കിട്ടുകൊണ്ട് ശിശുക്കൾ ഉൾപ്പെടെയുള്ള പലസ്തീൻകാരെ കൊന്നൊടുക്കുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു.
ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയതും, അന്താരാഷ്ട്ര നീതിന്യായ കോടതി വംശഹത്യയാണെന്ന് സ്ഥിരീകരിച്ചതും, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ സൂക്ഷ്മമായി രേഖപ്പെടുത്തിയതുമായ യാഥാർത്ഥ്യമാണിത്. എന്നാൽ, അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള പത്രങ്ങളിൽ, ഒരു സമാന്തര യാഥാർത്ഥ്യം നിർമ്മിക്കപ്പെടുന്നു-വംശഹത്യ നടക്കാത്ത, ഉദ്ദേശ്യം മായ്ക്കപ്പെടുന്ന, കൂട്ടക്കൊലയെ ദൗർഭാഗ്യകരമായ ആവശ്യകതയാക്കുന്ന യാദൃശ്ചികമായ നാശനഷ്ടം അല്ലെങ്കിൽ നിയന്ത്രിച്ചു നിർത്തലായി- പുനർനിർമ്മിക്കുന്ന ഒരു യാഥാർത്ഥ്യം. ഇത് വെറും പക്ഷപാതമല്ല; ഇത് ഒരു പുതിയ രീതിയിലുള്ള പത്രപ്രവർത്തനത്തിന്റെ ഉദയമാണ്: വംശഹത്യാ പത്രപ്രവർത്തനം.
ജൂലൈ 31ലെ ‘ദി ന്യൂയോർക്ക് ടൈംസ്’ എന്ന പത്രത്തിൽ ബ്രെറ്റ് സ്റ്റീഫൻസ് എഴുതിയ കോളം നോക്കൂ: ”ഇല്ല, ഇസ്രയേൽ, ഗസയിൽ വംശഹത്യ നടത്തുന്നില്ല.” കൂട്ടക്കൊലയുടെ വികലമായ കണക്കുകളിലാണ് അദ്ദേഹത്തിന്റെ ഊന്നല്‍. ”ഇസ്രയേൽ സർക്കാരിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ വംശഹത്യയാണെങ്കിൽ, എന്തുകൊണ്ട് അത് കൂടുതൽ ചിട്ടയോടുകൂടിയതും വളരെ മാരകവുമാകുന്നില്ല? ഗസയുടെ നശീകരണത്തിനും, പതിനായിരക്കണക്കിന് നിരപരാധികളായ പലസ്തീനികളെ കൊന്നൊടുക്കിയതിനും മതിയായ തെളിവില്ല” സ്റ്റീഫന്‍സ് തുടരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 60,000 മാത്രമാണെന്നും ലക്ഷക്കണക്കിന് അല്ലെന്നുമുള്ള വാദവും അദ്ദേഹം ഉയര്‍ത്തുന്നു. ഈ വിചിത്രമായ യുക്തിയിലൂടെ വംശഹത്യ യാണ് നടക്കുന്നതെങ്കില്‍ മരണസംഖ്യ വളരെയധികം ഉയരേണ്ടതായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ 70% ത്തിലധികം വീടുകൾ ഇതിനകം തകർക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ സർവകലാശാലകളെയും നിലംപരിശാക്കി, ആരോഗ്യ സംരക്ഷണ സംവിധാനം പൂർണ്ണമായും തകർക്കപ്പെട്ടിരിക്കുന്നു.
2024 അവസാനത്തോടെ ഉപരോധ ത്തിലൂടെ 1,86,000ത്തിലധികം പരോക്ഷ മരണങ്ങൾ സംഭവിക്കുമെന്ന ‘ലാൻസെറ്റ്’ പഠനത്തെ ഇത് അവഗണിക്കുന്നു. ‘ഗസയിലെ പൗരന്മാരെ മനഃപൂർവ്വം കൊലപ്പെടുത്താനുള്ള ഇസ്രയേലിന്റെ പദ്ധതിക്ക് തെളിവുകളൊന്നുമില്ല’ എന്ന സ്റ്റീഫൻസിന്റെ അഭിപ്രായം, യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല എന്നുമാത്രമല്ല വിചിത്രവുമാണ്. നിയുക്ത സുരക്ഷിത മേഖലകൾ, ആശുപത്രികൾ, ആംബുലൻസുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവിടങ്ങളിൽ ഇസ്രയേൽ ബോംബുകൾ വർഷിക്കുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ 2,000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത് സ്വാഭാവികമായും വിവേചനരഹിതമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ലഭിക്കുന്ന അവശ്യം ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഗത്യന്തരമില്ലാതെ ഓടുന്ന വിശന്നുവലഞ്ഞ മനുഷ്യരെപ്പോലും അധിനിവേശ ഇസ്രയേലി സൈന്യം വെടിവച്ചുകൊല്ലുന്നു. ഇതില്‍നിന്നൊക്കെ വെളിവാകുന്നത് എന്താണ്?
ഇസ്രയേലിലെ ഉന്നത ഓഫീസുകളിൽ നിന്ന് ഉയർന്നു കേൾക്കുന്നതിതാണ്: പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ‘നമ്മൾ മനുഷ്യമൃഗങ്ങളോട് പോരാടുന്നതിനാൽ പൂർണ്ണ ഉപരോധം പ്രഖ്യാപിക്കുന്നു’ എന്നു പറയുന്നു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ‘രണ്ടാമത്തെ നഖ്‌ബ’ക്കുവേണ്ടി വാദിക്കുന്നു. ഡെപ്യൂട്ടി നെസൈറ്റ് സ്പീക്കർ നിസ്സിം വാതുരി ‘ഗസയെ അറവുശാല ആക്കണ’മെന്ന് ഉദ്ഘോഷിക്കുന്നു. പ്രസിഡന്റ് ഐസക് ഹെർസോഗ് പറയുന്നത് ‘ഗസയിലെ സിവിലിയന്മാരെല്ലാം ഹമാസിനൊപ്പമാണ്’ എന്നാണ്. അതിനാല്‍ സ്റ്റീഫൻസിന്റെ ലേഖനം വിശകലനമല്ല; മറിച്ച് കൂട്ടക്കൊലയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം മൂടിവക്കുന്നതിനും, അത് നിയമാനുസൃതമാക്കുന്നതിനുമുള്ള ഒരു ഗൂഢപദ്ധതിയാണ്. ന്യൂയോര്‍ക്ക് ടൈംസിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇത്. വാൾ സ്ട്രീറ്റ് ജേണലിന്റെ എഡിറ്റോറിയൽ ബോർഡ് ഇസ്രയേലി സുരക്ഷാ ആവശ്യങ്ങളുടെ കണ്ണിലൂടെ മാത്രമാണ് കൂട്ടക്കൊല ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍, അവ പക്ഷപാതപരമാണെന്നു പറഞ്ഞുകൊണ്ട് തള്ളിക്കളയുകയും, വംശഹത്യയെക്കുറിച്ചുള്ള ഏതൊരു ആരോപണത്തെയും സ്വതസിദ്ധമായ സെമിറ്റിക് വിരുദ്ധതയായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് എന്നിവയുടെ തടസ്സപ്പെടുത്തൽ, ബേക്കറികൾ, കൃഷിഭൂമി എന്നിവയുടെ നാശം, ഹ്യൂമൻ റൈറ്റ്സ് വാച്ച്, ഓക്സ്ഫാം എന്നിവ രേഖപ്പെടുത്തിയ സഹായമെത്തിക്കുന്ന വാഹനവ്യൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണം തുടങ്ങിയ ഉപരോധത്തിന്റെ വംശഹത്യയുടെ മാനങ്ങളെ, അവരുടെ വിവരണങ്ങൾ മറച്ചുവെയ്ക്കുന്നു. സ്റ്റീഫൻസിന്റെ തന്ത്രങ്ങൾ പകർത്തുന്ന, ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ ഇസ്രയേൽ സർക്കാരിന്റെ ചർച്ചാ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, വംശഹത്യക്ക് തെളിവുകൾ ആവശ്യപ്പെട്ടുകൊണ്ട് നിരൂപകർക്ക് വേദിയൊരുക്കുന്നു. പലസ്തീൻ ദുരിതങ്ങളെക്കുറിച്ച് ‘പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുമ്പോൾ, പലപ്പോഴും ഇസ്രയേലി കാഴ്ചപ്പാടുകള്‍ ഊന്നിപ്പറയുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കുകയോ, ഹമാസിനെ വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമായ ഒന്നായി ചിത്രീകരിക്കുകയോ ചെയ്യുന്നു. പ്രമുഖ പത്രങ്ങളിൽ ഉടനീളമുള്ള ഈ രീതി, സംഘർഷങ്ങളെയും അതിക്രമങ്ങളെയും വിലയിരുത്താൻ ഉപയോഗിക്കുന്ന നിയമപരവും ധാർമ്മികവുമായ ചട്ടക്കൂടുകൾ മനഃപൂർവ്വം തിരസ്കരിക്കുന്നു.
വംശഹത്യയ്ക്ക് കൂട്ടു നില്‍ക്കുന്ന പത്രപ്രവർത്തന സമ്പ്രദായമാണിത്. നിലവിലുള്ള അതിക്രമങ്ങളെ മനഃപൂർവ്വം നിഷേധിക്കുകയും, അവ്യക്തമാക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ള പത്രപ്രവർത്തനമെന്നാണിത്. അന്താരാഷ്ട്ര നിയമങ്ങളെ വളച്ചൊടിക്കുക, നിയമപരമായ നിർവചനത്തിനപ്പുറം വംശഹത്യയുടെ ഉദ്ദേശ്യം തെളിയിക്കുന്നതിന് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ വക്കുക, കുറ്റവാളിയുടെ ആഖ്യാനത്തിന് പ്രാധാന്യം നൽകുക, ഇരകളുടെ മാനവികതയെ പാർശ്വവൽക്കരിക്കുക, വിമർശനത്തെ നിശബ്ദമാക്കാൻ യഹൂദവിരുദ്ധതയെ ആയുധമാക്കുക, ആത്യന്തികമായി, തീവ്രപ്രവൃത്തികളെ സാധാരണവൽക്കരിച്ചുകൊണ്ട് അതിക്രമങ്ങൾ തുടരുന്നതിന് ജനസമ്മതി സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ചെയ്യുന്നത്. അമേരിക്കൻ രാഷ്ട്രീയ, നയതന്ത്ര ഉന്നതർക്ക് ന്യായീകരിക്കാനാവാത്തവയെ വെള്ളപൂശാനായി ഒരു പുകമറ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ധർമ്മം! ഇത് ആരെയാണ് സേവിക്കുന്നത്? പിന്നാമ്പുറങ്ങളിലേക്ക് ഒന്നു നോക്കുക. ഇസ്രയേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന ഒരു പ്രധാന പ്രതിരോധ കരാറു കമ്പനിയായ ബോയിംഗിനെ പ്രശംസിച്ചുകൊണ്ട് സ്റ്റീഫൻസ് മുമ്പ് കോളങ്ങൾ എഴുതിയിട്ടുണ്ട്. ‘വാൾ സ്ട്രീറ്റ് ജേണൽ’ എഡിറ്റോറിയൽ ബോർഡ് യുഎസ് സൈനിക ചെലവിനെയും ഇടപെടലിനെയും ശക്തമായി പിന്തുണയ്ക്കുന്നു. പ്രതിരോധ വ്യവസായ സഖ്യകക്ഷികൾ ധനസഹായം നൽകുന്ന ‘വിദഗ്ദ്ധര്‍ ചമച്ചുവിടുന്ന റിപ്പോർട്ടുകളും, ചർച്ചാ വിഷയങ്ങളും ഈ മാധ്യമങ്ങൾ അത്യുത്സാഹത്തോടെ പ്രസിദ്ധീകരിക്കുന്നു. ഈ ബന്ധം എല്ലായ്പ്പോഴും നേരിട്ടു പ്രതിഫലം കിട്ടുന്ന ഒരു സേവനം മാത്രമല്ല; അതൊരു മാരകമായ സഹവർത്തിത്വമാണ്.
ഈ പത്രങ്ങൾ, ബോധപൂർവ്വമോ അല്ലാതെയോ, ഇസ്രയേലിലേക്കുള്ള നിരന്തരമായ ആയുധപ്രവാഹത്തെ -യുദ്ധക്കുറ്റകൃത്യങ്ങൾക്കും വംശഹത്യയ്ക്കും ഉപയോഗിക്കുന്ന ആയുധങ്ങൾ – ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാക്കപ്പെടുന്ന ഒരു അന്തരീക്ഷം വളർത്തുന്നു. അവരുടെ വംശഹത്യാ പത്രപ്രവർത്തനം, സയണിസ്റ്റ് ഇസ്രയേലി ഭരണാധികാരികളുടെ മാർഗ്ഗദർശിയും രക്ഷാധികാരിയുമായ യുഎസിലെ സൈനിക വ്യാവസായിക സമുച്ചയത്തിന്, നാശത്തിൽ നിന്ന് ലാഭം നേടാൻ കഴിയുന്ന രാഷ്ട്രീയ സമവായത്തെ സംരക്ഷിക്കുന്നു. വംശഹത്യയെ നിഷേധിക്കുന്നതിലൂടെ, അതിനെ സഹായിക്കുന്ന ആയുധ കൈമാറ്റത്തെ അവർ പരോക്ഷമായി അംഗീകരിക്കുന്നു.
ഈ സ്ഥാപനങ്ങൾ അവരുടെ പ്രതിരോധത്തിനായി ചൂണ്ടിക്കാണിക്കുന്ന വ്യക്തികൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങളോടുള്ള അഗാധമായ വഞ്ചനയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ബൂർഷ്വാ ജനാധിപത്യത്തിന്റെ സ്ഥാപക പിതാവും, മുതലാളിത്തത്തിന്റെ വളർച്ചയുടെ കാലഘട്ടത്തിൽ അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റുമായ തോമസ് ജെഫേഴ്സൺ, മാധ്യമങ്ങളെ സ്വേച്ഛാധിപത്യത്തിനെതിരായ ഒരു കോട്ടയായി വിഭാവന ചെയ്തുകൊണ്ട് എല്ലാവരുടെയും ഏക സുരക്ഷ സ്വതന്ത്ര മാധ്യമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചു. അടിമത്ത സമ്പ്രദായത്തെ നേരിടാനുള്ള ധാർമ്മിക അനിവാര്യതയുമായി എബ്രഹാം ലിങ്കൺ മല്ലിട്ടു. വംശഹത്യാ പത്രപ്രവർത്തനം നേരെ വിപരീതമാണ് ചെയ്യുന്നത്: അത് അധികാരത്തിന്റെ സേവകനായി’ മാറുന്നു, സ്വേച്ഛാധിപത്യത്തെ മറയ്ക്കുകയും തെറ്റുകളെ വെള്ളപൂശുകയും ചെയ്യുന്നു. ഇസ്രയേലിന്റെ നിരപരാധിത്വത്തിന് തെളിവായി കൂടുതൽ’ പലസ്തീൻ മൃതദേഹങ്ങൾ വേണമെന്ന സ്റ്റീഫൻസിന്റെ ആവശ്യം ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിക്കുമ്പോൾ, അത് അഭിപ്രായ സ്വാതന്ത്യം പ്രയോഗിക്കുകയല്ല; ഗസയിൽ ഭയാനകമായ കൂട്ടക്കൊല സാധ്യമാക്കുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങളുടെ തനിപ്പകർപ്പാവുകയാണ്. സാക്ഷ്യം വഹിക്കാനും, സത്യം പറയാനും നിർദ്ദേശിക്കുന്ന സത്യസന്ധമായ പത്രപ്രവർത്തന സംഹിതയോടുള്ള കടമ അത് ഉപേക്ഷിക്കുന്നു.
പ്രത്യാഘാതങ്ങൾ ഗുരുതരമാണ്. ഭരണകർത്താക്കളും അവരുടെ ആജ്ഞാനുവർത്തികളായ നയരൂപീകരണ വിദഗ്ദരും, സേവകരായ അക്കാദമിക് വിദഗ്ദരും പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും കബളിപ്പിക്കാനും ഉപയോഗിക്കുന്ന ആഖ്യാനങ്ങളെ ഈ പത്രങ്ങൾ രൂപപ്പെടുത്തുന്നു. അവരുടെ നിഷേധം മനസ്സാക്ഷിയെ മരവിപ്പിക്കുകയും, നടപടികളെ തളർത്തുകയും, യുദ്ധക്കുറ്റവാളികൾക്കും ഭ്രാന്തന്മാർക്കും ശിക്ഷ ലഭിക്കാതിരിക്കാനുള്ള ന്യായീകരണമാകുകയും ചെയ്യുന്നു. ബോംബുകളുടെയും ഉപരോധങ്ങളുടെയും പേരിൽ ഗസ പട്ടിണി കിടക്കുമ്പോൾ, അമേരിക്കയിലെ പ്രമുഖ പത്രങ്ങളിലെ വംശഹത്യാ പത്രപ്രവർത്തനം ഒരു ദുരന്തത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക മാത്രമല്ല; അവർ കുറ്റകൃത്യത്തിന്റെ ഭാഗഭാക്കാകുകയാണ്. ഇരകളെ നിശബ്ദരാക്കുന്നത് മോശം പത്രപ്രവർത്തനമാണ്. അവരുടെ ഉന്മൂലനത്തെ നിഷേധിക്കുന്നത് അതിലേറെ മോശവും, കറ്റകൃത്യത്തിലെ പങ്കാളിത്തം ഏറുകയുമാണ്. അതിനെ പേരെടുത്ത് പറയുകയും, അഭിമുഖീകരിക്കുകയും, നിർത്തലാക്കുകയും വേണം. അല്ലാത്തപക്ഷം അമേരിക്കൻ പത്രപ്രവർത്തനത്തിന് ഇപ്പോഴുള്ള നാമമാത്രമായ വിശ്വാസ്യത കൂടി, ഇല്ലാതാകും. ഭരണകക്ഷിയായ യുഎസ് കുത്തകകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും തികഞ്ഞ നുണയും ലജ്ജയില്ലാത്ത പാദസേവയും കണ്ട് യുഎസ് ജനതയും ആഗോള വായനക്കാരും നിങ്ങളെ കൈവെടിയും.
