സഖാവ് വി.എസ്. അച്യുതാനന്ദന് ലാൽസലാം

V-S-Achuthanandan.jpeg
Share

വിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സിപിഐ(എം)ന്റെയും സമുന്നത നേതാവും കേരളത്തിലെ കർഷക, തൊഴിലാളി പ്രക്ഷോഭങ്ങളുടെ പ്രാരംഭകാലം മുതൽ മുൻനിരയിലുണ്ടായി രുന്നവരിൽ പ്രമുഖനുമായിരുന്ന സഖാവ് വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) സംസ്ഥാനക്കമ്മിറ്റി ആദരവാർന്ന അനുശോചനം രേഖപ്പടുത്തി. സംസ്ഥാനത്ത് ഇടതുപക്ഷപ്രസ്ഥാനം വളർത്തിയെടുക്കുന്നതിനായി പോലീസ് മർദ്ദനവും ജയിൽവാസവും യാതനകളും അനുഭവിച്ച സമുന്നതനേതാക്കളിൽ ഒരാളാണ് വിഎസ്. സിപിഐ(എം) പൊളിറ്റ്ബ്യൂറോ മെമ്പർ, സംസ്ഥാനസെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളിലെല്ലാം സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് അച്യുതാനന്ദൻ അരനൂറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീയമണ്ഡലത്തിൽ നിറഞ്ഞുനിന്നു.

അതിദയനീയമായ ജീവിതവും അപമാനകരമായ സാമൂഹ്യസ്ഥിതിയും നേരിട്ട് തൊഴിലാളികൾ നരകിക്കുന്ന നാളുകളിലാണ് രാജ്യത്ത്  ഇടതുപക്ഷ പ്രസ്ഥാനം പ്രവർത്തിച്ചുതുടങ്ങുന്നത്.  എന്തെങ്കിലും അവകാശങ്ങൾക്ക് തൊഴിലാളികൾ അർഹരാണെന്ന  കാഴ്ചപ്പാട് സമൂഹം അംഗീകരിച്ചിരുന്നില്ല എന്നതിനേക്കാൾ വേദനാകരമായിരുന്നത് തൊഴിലാളികൾക്ക്  അത് സ്വയം ബോധ്യപ്പെട്ടിരുന്നില്ല എന്നതാണ്.  ഇരുളേറിയ അത്തരമൊരു കാലഘട്ടത്തെ പരിവർത്തനപ്പെടുത്തുന്നതിൽ സഖാവ് അച്യുതാനന്ദൻ നർവ്വഹിച്ച പങ്കാണ് അദ്ദേഹത്തെ എക്കാലവും സ്മരണീയനാക്കുക. അദ്ദേഹവും അദ്ദേഹത്തിനു മുമ്പും പിമ്പുമായി എണ്ണമറ്റ സഹപ്രവർത്തകരും നടത്തിയ ത്യാഗനിർഭരമായ പോരാട്ടം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരേടായി മാറിക്കഴിഞ്ഞു. വർത്തമാനകാലത്ത് കേരളത്തിൽ നാം കാണുന്ന അഭിമാനബോധമുള്ള തൊഴിലാളികൾ ഈ പോരാട്ടത്തിന്റെ സൃഷ്ടിയാണ്.

പരമ്പരാഗത മേഖലകളിലെയും കാർഷിക രംഗത്തയും തൊഴിലാളികൾക്കിടയിൽ അവകാശബോധം വളർത്തുകയും പോരാട്ടവീര്യം ഉണർത്തുകയുംചെയ്ത സൈനികനായിരുന്നു അദ്ദേഹം. രാജ്യത്തെ ഏതൊരു സംസ്ഥാനത്തേക്കാളും ഉയർന്ന കൂലിയും  മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും കേരളത്തിൽ സ്ഥാപിക്കാനിട വരുത്തിയത് വി.എസ്.അച്യുതാനന്ദനുൾപ്പടെയുള്ള നേതാക്കളുടെയും തൊഴിലാളി പ്രവർത്തകരുടെയും സമർപ്പിതമായ പ്രയത്നങ്ങളാണ്. 

കമ്മ്യൂണിസ്റ്റ് ദർശനത്തോടുള്ള മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളുടെ സഹജാവബോധത്തിൽനിന്നും ഉടലെടുത്ത ശത്രുത അന്ന് നിർദ്ദയമായ അടിച്ചമർത്തലിന്റെ മാർഗ്ഗം സ്വീകരിച്ചു. എണ്ണമറ്റ പ്രവർത്തകൾ രക്തസാക്ഷികളായി.  ജന്മിമാരുടെയും മർദ്ദക ഭരണകൂടങ്ങളുടെയും ഇപ്രകാരമുള്ള അടിച്ചമർത്തലുകളെ നേരിട്ടു കൊണ്ട് പൊരുതുവാൻ സഖാവ് വി.എസ്.അച്യുതാനന്ദനടക്കമുള്ള നേതാക്കൾ അന്ന് സ്വയം മാതൃകകളായി. പാർട്ടിനയങ്ങളുടെ കർക്കശക്കാരനായ നടത്തിപ്പുകാരനായും കടുത്ത വിമർശകനായും വി.എസ്. വ്യതിരിക്തമായ ജീവിതം കാഴ്ചവച്ചു. കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭത്തോടും എൻഡോസൾഫാൻ ദുരിതബാധിതരോടും പെമ്പിളൈ ഒരുമൈ സമരത്തോടുമൊക്കെ പ്രകടിപ്പിച്ച ഐക്യദാർഢ്യവും, മൂന്നാറിലെ ഭൂമി കൈയേറ്റക്കാർക്കെതിരെ കൈക്കൊണ്ട നടപടികളുമൊക്കെ വാർദ്ധക്യത്തിലും തളരാത്ത പോരാളിയുടെ ചിത്രമാണ് കാഴ്ചവച്ചത്.

പണിയെടുത്തുജീവിക്കുന്നവരുടെ താല്പര്യങ്ങളോട് സിപിഐ(എം) നേതൃത്വം വിമുഖത പുലർത്തുമ്പോൾ ജനപക്ഷത്തു നിലയുറപ്പിക്കുന്ന നേതാവ് എന്ന നിലയിലാണ് ആയിരക്കണക്കിനു സാധാരണക്കാർ അദ്ദേഹത്തെ കണ്ടത്. എന്നാൽ, പാർലമെന്ററി രാഷ്ട്രീയത്തിന്റെ പരിമിതികളെ മറികടക്കാൻ കഴിയാതെ പോയതിനാൽ ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ വിഎസ്സിന്റെ നിലപാടുകൾക്കായില്ല. ഇടതുപക്ഷരാഷ്ട്രീയം വലിയ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് വർഗ-ബഹുജന സമരങ്ങൾ വളർത്തിയെടുക്കണമെന്നും യഥാർത്ഥ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കണമെന്നുമാണ് സഖാവ് വിഎസ്സിന്റെ വേർപാട് മുഴുവൻ ഇടതുപക്ഷചിന്താഗതിക്കാരെയും ഓർമ്മപ്പെടുത്തുന്നത്.

എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടറി സഖാവ് ജയ്സൺ ജോസഫ് ആലപ്പുഴയില്‍  വി.എസ്.അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം  എസ്.രാജീവൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്.സീതിലാൽ, ജില്ലാ സെക്രട്ടേറിയംഗവും ആശാ സമര നേതാവുമായ എം.എ.ബിന്ദു, ജില്ലാ സെക്രട്ടേറിറ്റംഗം റ്റി.മുരളി, കെ.ആർ.ശശി, ആർ.അർജ്ജുനൻ എന്നവരുൾപ്പടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share this post

scroll to top