ബീഹാർ വോട്ടർപട്ടിക പുതുക്കൽ : ബിജെപി വിരുദ്ധ വോട്ടർമാരെ പുറത്താക്കാനുള്ള ഗൂഢതന്ത്രം

91iupng_election-generic-afp-650_625x300_07_December_18.webp
Share

നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രഖ്യാപനം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജൂൺ 24ന് ബിഹാറിലെ എട്ടുകോടിയോളം വോട്ടർമാരുൾപ്പെടുന്ന വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കുകയും അതേദിവസം തന്നെ പ്രത്യേക തീവ്ര പുനരവലോകനത്തിന് (എസ്ഐആർ) നോട്ടീസ് നൽകുകയും ചെയ്തു. ഇതിനായി അനുവദിച്ചിട്ടുള്ള സമയം ജൂൺ 25 മുതൽ ജൂലൈ 25 വരെയായിരുന്നു. 30 ദിവസത്തിനുള്ളിൽ പഴുതില്ലാതെ പൂർത്തീകരിക്കാനാവുന്ന ഒരു പ്രക്രിയയാണോ ഇത്?

പ്രകാരമൊരു പ്രക്രിയ  പൂർത്തിയാക്കാൻ 2003ൽ രണ്ട് വർഷമെടുത്തു. സമയക്കുറവുകാരണം അപൂർണ്ണമാകാൻ സാധ്യതയുള്ള ഈ അവസാനനിമിഷ നീക്കത്തിന് കാരണമായി ഇലക്ഷൻ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത് അതിവേഗ നഗരവൽക്കരണം, തുടർച്ചയായ കുടിയേറ്റം, പുതുതായി വോട്ടവകാശം നേടിയ യുവാക്കൾ, മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്, വിദേശ അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ ഉൾപ്പെട്ടത് എന്നിവയാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് കൃത്യതയുള്ള വോട്ടർ പട്ടിക ഉറപ്പാക്കാനാണ് തീവ്രമായ പുനരവലോകനം നടത്തുന്നതെന്നാണ് ഇലക്ഷൻ കമ്മീഷന്റെ വാദം.

ഈ തീവ്രമായ പുനരവലോകന പ്രക്രിയയിൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുതോറും സർവേ നടത്തും. 2003ലെ വോട്ടർ പട്ടിക ശരിയാണെന്നാണ് ഇലക്ഷൻ കമ്മീഷൻ പറയുന്നത്. എന്നാൽ 2003നു ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തങ്ങളുടെ ജനന തീയതിയും/സ്ഥലവും സ്ഥാപിക്കുന്നതിന് രേഖാപരമായ തെളിവ് ഹാജരാക്കണം, ഇത് പൗരത്വം നിർണ്ണയിക്കാൻ ഉപയോഗിക്കും. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആധാർ കാർഡ് (യഥാർത്ഥ താമസക്കാരന്റെ ബയോമെട്രിക് തെളിവ്), പാൻ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് അഥവാ കമ്മീഷൻ തന്നെ നൽകിയ വോട്ടർ കാർഡ് എന്നിവ രേഖകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1987 ജൂലൈ 1ന് മുമ്പ് ജനിച്ചവരുടെ ജനന തീയതിയുടെയും സ്ഥലത്തിന്റെയും തെളിവുകളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1987 ജൂലൈ 1നും 2004 ഡിസംബർ 2നും ഇടയിൽ ജനിച്ചവർക്ക് തങ്ങളുടെയും മാതാപിതാക്കളിൽ ഒരാളുടെയും ജനന സർട്ടിഫിക്കറ്റുകൾ കൂടാതെ പതിനൊന്ന് രേഖകളിൽ ഒന്നുകൂടി നൽകണം. 2004 ഡിസംബർ 2നുശേഷം ജനിച്ചവർ തങ്ങളുടെയും മാതാപിതാക്കളുടെയും ജനന സർട്ടിഫിക്കറ്റ് നൽകണം. ആശയക്കുഴപ്പം നിറഞ്ഞ ഈ ഉത്തരവ് ദശലക്ഷക്കണക്കിന് വോട്ടർമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ലക്ഷക്കണക്കിനു വരുന്ന കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഇത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. ഇവർക്ക് ഇത്രയധികം ദിവസം അവധിയെടുത്ത് ജോലിസ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്ക് പോയിവരാനുള്ള യാത്രാച്ചെലവ് വഹിക്കാൻ കഴിയുമോ? അസംഘടിത മേഖലയിൽ സാധാരണ തൊഴിലാളികളായി ഇവർക്ക് ജോലി നൽകുന്ന കരാറുകാർ അവരെ വിട്ടയക്കുകയും തിരികെ വരുമ്പോൾ വീണ്ടും ജോലിക്ക് എടുക്കുകയും ചെയ്യുമോ? ഇതെല്ലാം അസംബന്ധമാണ്. കുടിയേറ്റക്കാർക്ക് വ്യവസ്ഥകൾ പാലിക്കുന്നതിനായി ഡിജിറ്റൽ പ്രക്രിയവഴി ഒരു ബദൽ സംവിധാനം നൽകിയിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞേക്കാം. ഇത് വെറും പരിഹാസമല്ലാതെ മറ്റെന്താണ്?

ഈ നീക്കം അസമിൽ എൻആർസി തയ്യാറാക്കിയ സമയത്ത് പ്രഖ്യാപിച്ചതിനു തുല്യമാണ്. യഥാർത്ഥ ഇന്ത്യൻ പൗരരെ, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ, വിദേശികളും അനധികൃത കുടിയേറ്റക്കാരുമായി അവതരിപ്പിക്കാനുള്ള ഒരു ഗൂഢനീക്കമായിരുന്നു അത്. കൂടാതെ, വെള്ളപ്പൊക്കം, നിർബന്ധിത കുടിയിറക്കൽ എന്നിവ കാരണം ദുർബല ജനവിഭാഗങ്ങൾ പലപ്പോഴും സ്ഥലം മാറിപ്പോകാറുണ്ട്. അത്തരം സമയങ്ങളിൽ, അസമിൽ  എൻആർസി പ്രക്രിയ നടന്നപ്പോൾ ശ്രദ്ധയിൽപ്പെ ട്ടതുപോലെ, അവർക്ക് അവരുടെ പ്രധാന രേഖകൾ പലതും നഷ്ടപ്പെടുകയോ മാറിപ്പോകുകയോ ചെയ്യാറുണ്ട്. അങ്ങനെയെങ്കിൽ, ഇത് വോട്ടർ പട്ടിക ശുദ്ധീകരിക്കാനുള്ള ഒരു നീക്കമാണോ അതോ ഭരണകക്ഷിക്കെതിരെ വോട്ടുചെയ്യാൻ സാധ്യതയുള്ള വോട്ടർമാരെ പുറത്താക്കാനുള്ള ഒരു ഗൂഢശ്രമമാണോ?

രാജ്യവ്യാപകമായി നടക്കുന്ന തീവ്രമായ വോട്ടർ പട്ടിക പുതുക്കലിൽ, ഒരു സംസ്ഥാനത്തെ ‘സാധാരണ താമസക്കാരല്ലാത്ത’ എന്നാൽ ആ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ പേരുള്ളവരുടെ പേരുകൾ നീക്കം ചെയ്യുമെന്ന് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർത്ഥം, രാജസ്ഥാനിലേക്ക് കുടിയേറുകയും അവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ബീഹാറുകാരന് ബിഹാറിൽ വോട്ടറായി തുടരാൻ അർഹതയുണ്ടായിരിക്കില്ല. ഇലക്ഷൻ കമ്മീഷൻ പറയുന്നതനുസരിച്ച്, അയാളുടെ പേര് ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യുകയും രാജസ്ഥാനിലെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. 2003നു ശേഷമുള്ള വോട്ടർ പട്ടിക അസാധുവാക്കപ്പെട്ടാൽ, 2003നു ശേഷം നടന്ന തിരഞ്ഞെടുപ്പുകൾ എങ്ങനെ സാധുവായി കണക്കാക്കും എന്നതാണ് അടുത്ത ചോദ്യം. ഇതിന് ഇലക്ഷൻ കമ്മീഷന് മറുപടിയുണ്ടോ?

ജനങ്ങളുടെ വലിയൊരു ആശങ്ക, ഈ പ്രക്രിയയിൽ വലിയൊരു ശതമാനം ആളുകൾക്കും ഏകപക്ഷീയമായി വോട്ടവകാശം നിഷേധിക്കപ്പെട്ടേക്കാം എന്നതാണ്. വോട്ടർമാർക്ക് സുഗമമായി വോട്ട് രേഖപ്പെടുത്താൻ സഹായിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷന്റെ കടമയാണ്. എന്നാൽ ഇലക്ഷൻ കമ്മീഷൻ ചെയ്യുന്നത് ഇതിന് വിപരീതമാണ്. വോട്ടർമാരെ ബുദ്ധിമുട്ടിക്കു കയും നൂറുകണക്കിന് കോടികൾ പൊതുഖജനാവിൽനിന്ന് ദുർവ്യയം ചെയ്ത് ഭരണപരമായ ജോലികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, വോട്ടർ പട്ടികയിൽ പേരുകൾ നിലനിർത്തുന്നതിനോ ഉൾപ്പെടുത്തുന്നതിനോ ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിന് ഇത്തരം വോട്ടർമാരെ പണം നൽകി പ്രലോഭിപ്പിക്കാനും, ഭരണകക്ഷിക്ക് അനുകൂലമായി വോട്ടുചെയ്യാൻ സമ്മതിപ്പിക്കാനും സാധ്യതയുണ്ട്.

ഈ വിഷയം സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ വന്നു. മൂന്ന് മണിക്കൂർ നീണ്ട വാദത്തിനിടെ, ഭരണഘടനാപരമായ ഒരു സ്ഥാപനമെന്ന നിലയിൽ ഇലക്ഷൻ കമ്മീഷന് 1951ലെ ജനപ്രാതിനിധ്യ നിയമത്തെ(ആർപിഎ) അതിലംഘിക്കുന്ന അധികാരങ്ങളുണ്ടെന്ന് ബെഞ്ച് അംഗീകരിക്കുകയും, വോട്ടർ പട്ടികയുടെ നിർദ്ദിഷ്ട പുനരവലോകനം നടത്തുന്നതിൽനിന്ന് ഇലക്ഷൻ കമ്മീഷനെ തടയില്ലെന്ന് കോടതി അറിയിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ പ്രക്രിയ നീതിന്യായപരമായ ഇടപെടലിന് വിധേയമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. പൗരത്വ വിഷയത്തിൽ, ഒരു വ്യക്തി പൗരനാണോ എന്ന് നിർണ്ണയിക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാര പരിധിയിലാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. “പ്രായപൂർത്തിയായവർക്ക് വോട്ടവകാശത്തിനുള്ള മുൻകൂർ വ്യവസ്ഥ പൗരത്വമാണ്” എന്ന് പറയുന്ന ഭരണഘടനയുടെ 326-ാം വകുപ്പ് ഇസിയുടെ അഭിഭാഷകർ ഉദ്ധരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർ പട്ടികയിൽ പൗരന്മാർ മാത്രമാണെന്ന് ഉറപ്പാക്കണമെങ്കിൽ, “പ്രക്രിയ വളരെ നേരത്തെ ആരംഭിക്കണമായിരുന്നു” എന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.”2025ലെ വോട്ടർ പട്ടികയിൽ ഇതിനകം ഉൾപ്പെട്ടിട്ടുള്ള ഒരു വ്യക്തിക്ക് വോട്ടവകാശം നിഷേധിക്കാനുള്ള നിങ്ങളുടെ തീരുമാനം ആ വ്യക്തിയെ ഈ മുഴുവൻ നൂലാമാലയിലൂടെയും കടന്നുപോയി അപ്പീൽ നൽകാൻ നിർബന്ധിതനാക്കുകയും അതുവഴി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യും. വോട്ടർ പട്ടികയിൽനിന്ന് പൗരന്മാരല്ലാത്തവരെ ഒഴിവാക്കാൻ തീവ്രമായ ഒരു പ്രക്രിയയിലൂടെ വോട്ടർ പട്ടിക ശുദ്ധീകരിക്കു ന്നതിൽ തെറ്റില്ല. എന്നാൽ നിങ്ങൾ ഒരു നിർദ്ദിഷ്ട തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം മുമ്പാണ് ഇത് തീരുമാനിക്കുന്നത്…” എന്നാണ് ബെഞ്ചിലെ ബഹുമാനപ്പെട്ട ഒരു ജഡ്ജി പറഞ്ഞത്. മറ്റൊരു ജഡ്ജി കൂട്ടിച്ചേർത്തു: “ഈ രേഖകൾ ഉടനടി ആവശ്യപ്പെട്ടാൽ, എനിക്കു പോലും ഇപ്പോൾ അത് ഹാജരാക്കാൻ കഴിയില്ല, പ്രായോഗികത നോക്കൂ, സമയപരിധി നോക്കൂ.”

ഒരു വോട്ടർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, എന്ത് പ്രക്രിയയാണ് പിന്തുടരുകയെന്നും ജഡ്ജിമാർ ഇലക്ഷൻ കമ്മീഷനോട് ചോദിച്ചു. “ജനപ്രാതിനിധ്യ നിയമം (ആർപിഎ) അനുസരിച്ച് , വോട്ടർ പട്ടികയിൽനിന്ന് ഒരു വോട്ടറെ നീക്കം ചെയ്യുന്നതിനുമുമ്പ് വാക്കാൽ ഹിയറിംഗ് ആവശ്യപ്പെടുന്നുണ്ടെങ്കിൽ, ‘തീവ്രമായ പുനരവലോകനത്തിൽ ‘ ആ പ്രക്രിയ ഉണ്ടാകില്ലെന്ന് പറയാൻ കഴിയുമോ?” എന്നും ബെഞ്ച് ചോദിച്ചു. ആർപിഎയിലെ നിയമങ്ങൾ അനുസരിച്ച്, സ്ഥിരീകരിച്ച മരണങ്ങൾ ഒഴികെ, വോട്ടർമാരെ നീക്കം ചെയ്യാനുള്ള എല്ലാ കേസുകളിലും വോട്ടർക്ക് നോട്ടീസ് നൽകുകയും അവരുടെ വാദം കേൾക്കാൻ ന്യായമായ അവസരം നൽകുകയും വേണം.

അതോടൊപ്പം, ഈ പ്രക്രിയയിൽ ആധാർ, ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇലക്ഷൻ കമ്മീഷൻ നൽകിയ വോട്ടർ കാർഡ്), റേഷൻ കാർഡ് എന്നിവയെല്ലാം എന്തുകൊണ്ട് സാധുവായ രേഖകളായി സ്വീകരിക്കാൻ കഴിയില്ലെന്ന് വിശദീകരിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി ഇലക്ഷൻ കമ്മീഷൻ പരാമർശിച്ച 11 രേഖകളുടെ പട്ടിക “സമഗ്രമല്ല” എന്നും സുപ്രീം കോടതി പറഞ്ഞു. അതിനാൽ, “ഞങ്ങളുടെ അഭിപ്രായത്തിൽ, ആധാർ കാർഡ്, വോട്ടർ കാർഡ്, റേഷൻ കാർഡ് എന്നിവ ഉൾപ്പെടുത്തുന്നത് നീതിക്ക് നിരക്കുന്നതായിരിക്കും. ഈ രേഖകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് ഇപ്പോഴും തീരുമാനിക്കേണ്ടത് ഇലക്ഷൻ കമ്മീഷനാണ്, സ്വീകരിക്കുന്നില്ലെങ്കിൽ അതിനുള്ള കാരണങ്ങൾ നൽകണം,” കോടതി പറഞ്ഞു. ബഹുമാനപ്പെട്ട ഒരു ജഡ്ജി, ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ട രേഖകൾ തനിക്കുപോലും ഹാജരാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. വൻതോതിലുള്ള കൃത്രിമങ്ങളും തിരിമറികളും തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരു സ്ഥാപനം, പെട്ടെന്ന് ഇങ്ങനെയൊരു നീക്കം നടത്താൻ എന്തുകൊണ്ടാണ് തീരുമാനിച്ചത്? ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള ഒരു നീക്കമാണോ, അതോ അതിനു പിന്നിൽ  ഒരു ഒളി അജണ്ടയുണ്ടോ?  ഒരു പരിധിവരെ സ്വയംഭരണം ആസ്വദിച്ചിരുന്ന മറ്റെല്ലാ  സ്ഥാപനങ്ങളും ക്രമേണ ഭരണകക്ഷിയുടെ വാലായി മാറിക്കൊണ്ടിരിക്കുന്നതിനാലാണ് ഈ ചോദ്യം ഉയർന്നുവരുന്നത്.  ഇലക്ഷൻ കമ്മീഷനും ഇതിൽനിന്ന് വ്യത്യസ്തമല്ല എന്നത് വ്യക്തമാണ്.

അധികാരത്തിൽ വന്നതിനുശേഷം ബിജെപി സർക്കാർ, തങ്ങൾക്ക് വഴങ്ങുന്ന വ്യക്തികളെ ഉൾപ്പെടുത്തുന്നതിനായി ഇലക്ഷൻ കമ്മീഷനിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതി പരിഷ്കരിച്ചു. നേരത്തെ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു സെലക്ഷൻ പാനലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഇപ്പോൾ, 2023ലെ ഒരു നിയമനിർമ്മാണത്തിലൂടെ, ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന ഒരു സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നിയമിക്കുന്നത്.

ചീഫ് ജസ്റ്റിസിനെ തന്ത്രപരമായി ഒഴിവാക്കിയതുവഴി, പ്രധാനമന്ത്രിക്കുമാത്രം തീരുമാനമെടുക്കാൻ കഴിയുന്ന സ്ഥിതിയായി. ജ്ഞാനേഷ് കുമാർ 2025 ഫെബ്രുവരി 19ന് ഇന്ത്യയുടെ 26-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അദ്ദേഹത്തിന്റെ സേവനകാലത്ത്, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട, ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്നുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ്. അതിനാൽ, ഭരണകക്ഷിയായ ബിജെപിക്ക് അദ്ദേഹം പ്രിയങ്കരനായി. സമാനമായി, ബിജെപി ഭരണകാലത്ത് ഹരിയാന ചീഫ് സെക്രട്ടറിയായിരുന്ന വിവേക് ജോഷിയെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാളായി നിയമിച്ചു. ബിജെപി നേതാവ് പുഷ്കർസിംഗ് ധാമി 2021 ജൂലൈയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായപ്പോൾ ചീഫ് സെക്രട്ടറിയായിരുന്ന സുഖ്ബീന്ദർ സിംഗ് സന്ധുവിനെ മറ്റൊരു കമ്മീഷണറായും നിയമിച്ചു, അദ്ദേഹം 2024 ജനുവരി 31 വരെ അവിടെ സേവനമനുഷ്ഠിച്ചു. അതുകൊണ്ട്, ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് കമ്മീഷൻ, ഭരണ കക്ഷിയായ ബിജെപിയുടെ കൂട്ടിലടച്ച തത്തയാണോ എന്ന ആശങ്ക സ്വാഭാവികം മാത്രം.

‘ദി ഹിന്ദു’ ദിനപത്രം (08-07-25) റിപ്പോർട്ട് ചെയ്തതനുസരിച്ച്, “ബിഹാറിലെ ഈ വോട്ടർ പട്ടിക പുതുക്കൽ സുഗമമായ ഒരു പ്രക്രിയയാണെന്നും ഗണ്യമാംവിധം അപേക്ഷ സമർപ്പിക്കലുകൾ നടക്കുന്നുണ്ടെന്നും അവകാശപ്പെടുമ്പോഴും, ഇത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതും വോട്ടർമാരുടെ വോട്ടവകാശം ഉറപ്പാക്കുന്നതിൽ ഗുരുതരമായ ഭീഷണി ഉയർത്തുന്നതുമാണ്. പ്രക്രിയ നന്നായി പുരോഗമിക്കുന്നുണ്ടെന്ന അവകാശവാദങ്ങൾക്കിടയിലും, ബന്ധപ്പെട്ട വോട്ടർമാരിൽ വെറും 11% പേർ മാത്രമാണ് ഫോമുകൾ സമർപ്പിച്ചിരിക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഗുരുതരമായ പ്രശ്നങ്ങളാണ് വെളിവാക്കുന്നത്.

തുടക്കത്തിൽ, ബിഹാർ സിഇഒ (ചീഫ് ഇലക്ടറൽ ഓഫീസർ) പരസ്യങ്ങളിലൂടെ, നിർബന്ധിത 11 രേഖകൾ ഇല്ലാത്ത വോട്ടർമാരോട് മൃദുസമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ബൂത്ത് ലെവൽ ഓഫീസർമാർക്ക് എൻറോൾമെന്റ് ഫോമുകൾ സമർപ്പിക്കാമെന്നും രേഖകൾ പിന്നീട് നൽകിയാൽ മതിയെന്നും, അല്ലെങ്കിൽ നിർബന്ധിത രേഖകളില്ലാതെതന്നെ പ്രാദേശിക തലത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നടത്തുന്ന അന്വേഷണങ്ങളിലൂടെ പരിശോധന നടത്താമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹം  പിന്നീട് വ്യക്തമാക്കിയത്, രേഖകൾ സമർപ്പിക്കുന്നത് 2025 ജൂലൈ 25നകം പൂർത്തിയാക്കണമെന്നുള്ള മുൻ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും, അല്ലാത്തവർക്ക് 2025 ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 1 വരെ അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാൻ സമയം നൽകുമെന്നുമാണ്. നിലപാടിലെ ഈ മാറ്റവും പരിശോധനയ്ക്കായി പ്രാദേശിക തലത്തിലുള്ള അന്വേഷണങ്ങളെ ആശ്രയിക്കുന്നതും ചില പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്. 

പരിശോധന പ്രാദേശിക ഇലക്ടറൽ ഓഫീസർമാരുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുന്നത് ദുരുപയോഗത്തിനും പക്ഷപാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. ഇങ്ങനെയുള്ള താൽക്കാലിക നിലപാടുകൾ തെറ്റായ ഉൾപ്പെടുത്തലുകൾക്കോ ഒഴിവാക്കലുകൾക്കോ കാരണമാവുകയും, വോട്ടർ പട്ടികയുടെ വിശ്വാസ്യത തകർക്കുകയും ചെയ്യും.”

ഇലക്ഷൻ കമ്മീഷന്റെ കണക്കനുസരിച്ച്, 35.5 ലക്ഷം പേരുകൾ ഇതിനകം ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, ബീഹാറിലെ വോട്ടർ പട്ടിക പുതുക്കിപ്പണിയാനുള്ള നിർദ്ദിഷ്ട നീക്കത്തിനു പിന്നിൽ ഒരു ഒളിഅജണ്ടയുണ്ടോ എന്ന ചോദ്യം ഉയരുന്നു. ബീഹാറിലെ വോട്ടർ പട്ടികയുടെ ഈ തീവ്രമായ പുനരവലോകനം സംബന്ധിച്ച് വലിയ വിവാദങ്ങൾ നിലനിൽക്കുമ്പോഴും, ഈ വർഷം ആഗസ്റ്റിൽ പശ്ചിമ ബംഗാളിലും ന്യൂഡൽഹിയിലും സമാനമായ ഒരു നടപടിക്രമം ആരംഭിക്കാൻ ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ തയ്യാറെടുക്കുന്നു എന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. അതിനാൽ, ഈ നീക്കത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഭരണകക്ഷിക്ക് എതിരായി വോട്ടുചെയ്യാൻ സാധ്യതയുള്ള വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുകയും, അവർക്ക് അനുകൂലമായ പേരുകൾ ഉൾപ്പെടുത്തുകയും ചെയ്യുക. ബാലറ്റ് പേപ്പറുകളിൽ നിർബന്ധിച്ച് സീൽ ചെയ്യുന്നതിലൂടെയും, ബൂത്ത് പിടിച്ചെടുക്കൽ, യഥാർത്ഥ വോട്ടർമാരെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തടയൽ, പണം നൽകി വോട്ടുവാങ്ങൽ, ഭരണകക്ഷിക്കും ഭരണവർഗത്തിനും പ്രിയങ്കരരായ സ്ഥാനാർത്ഥികളെ മാത്രം ഉയർത്തിക്കാട്ടുംവിധം മാധ്യമങ്ങളെ വിലക്കെടുത്ത് ഉപയോഗിക്കൽ, ഭരണസംവിധാനം വോട്ടെടുപ്പിലെ  ക്രമക്കേടുകളിൽ ഇടപെടാതിരിക്കുയോ അല്ലെങ്കിൽ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക തുടങ്ങിയ തിരഞ്ഞെടുപ്പ് അട്ടിമറികളെക്കുറിച്ചാണ് ഇതുവരെ നമ്മൾ കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ, ഈ നീക്കത്തിലൂടെ, വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിന്റെയും പ്രക്രിയയെ വ്യവസ്ഥാപിതമാക്കുന്നതിന്റെയും മറവിൽ, പുതിയൊരുതരം ഭരണപരമായ അട്ടിമറി നടപ്പിലാക്കപ്പെടുകയാണെന്ന് കരുതാം. ഇത് അപ്രതീക്ഷിതമല്ല.

കാലം മാറുന്നതിനനുസരിച്ച്, ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലെ തിരഞ്ഞെടുപ്പുകൾ, ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളെ പാടെ അട്ടിമറിക്കുന്ന ഒരു പ്രഹസനമായി മാറിക്കൊണ്ടിരിക്കുകയാണ്. ബീഹാറിലെ നിലവിലെ വോട്ടർ പട്ടികയുടെ പുനരവലോകനം ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്.

Share this post

scroll to top