കേരളത്തിന്റെ ആരോഗ്യ പരിപാലന മേഖലയിലെ നേട്ടങ്ങൾ കൊട്ടിഘോഷിക്കുന്ന ഭരണാധികാരികൾ ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്ന പ്രശ്നങ്ങളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരീസ് ചിറയ്ക്കല്‍ പുറത്തുകൊണ്ടുവന്നത്. പൊതുജനാരോഗ്യരംഗം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി നിൽക്കുമ്പോഴാണ് കോട്ടയം മെഡിക്കല്‍കോളജില്‍ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിക്കാനിടയായത്.
മൂത്രാശയക്കല്ല് പൊടിക്കുന്ന ലിത്തൊക്ലസ്റ്റ് പ്രോബ് എന്ന ഉപകരണമില്ലാത്തതുകൊണ്ട് ശസ്ത്രക്രിയകൾ മുടങ്ങുന്നതാണ് ഡോ. ഹാരിസിന്റെ പ്രതികരണത്തിന് നിദാനമായത്. 41,000 രൂപ വിലവരുന്ന ഉപകരണമാണിത്. ഉപകരണങ്ങൾ വാങ്ങുവാനുള്ള തുക സർക്കാർ അനുവദിക്കാത്തതിനാൽ ശസ്ത്രക്രിയകൾ നടക്കാതെ വരുന്നത് നടാടെയല്ലെന്നും അദ്ദേഹം പറയുന്നു. പല വഴിയിലൂടെ പലവട്ടം ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടാവാതെ വന്നപ്പോഴാണ് സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്. അതോടെ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ ശൈഥില്യത്തിലേക്ക് വിരൽചൂണ്ടുന്ന ചർച്ചകൾക്ക് എളിയ തോതിലെങ്കിലും തുടക്കം കുറിയ്ക്കപ്പെടുകയുണ്ടായി.
എന്നാൽ, ചർച്ചകളെ പോസിറ്റീവായി കണ്ടുകൊണ്ട് പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുകയല്ല സർക്കാർ ചെയ്തത്. ”ഹാരിസിന്റെ പ്രവൃത്തി ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് ” മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി ഡോ.ഹാരിസിനെതിരെ തിരിഞ്ഞതോടെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി സജി ചെറിയാനുമൊക്കെ ഡോക്ടർക്കെതിരെ രംഗത്തുവന്നു. എന്നാൽ കേരളീയ പൊതുസമൂഹം ഡോ.ഹാരീസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുകയും പലരും ധൈര്യപൂർവ്വം സർക്കാർ ആശുപത്രികളിലെ ദുരനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പൊതുസമൂഹത്തിന്റെ വർദ്ധിച്ച പിന്തുണയുള്ളതിനാൽ ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ അച്ചടക്കത്തിന്റെ പേരിലുള്ള നടപടിയൊന്നും സർക്കാരിന് സ്വീകരിക്കാനായില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ പൊതുസമൂഹം ചർച്ച ചെയ്തു കൊണ്ടിരിക്കവേയാണ് ജൂലൈ 3-ാം തീയതി കോട്ടയം മെഡിക്കൽ കോളേജിലെ മൂന്നു നിലകളുള്ള ശൗചാലയ സമുച്ചയം ഇടിഞ്ഞു വീഴുന്നത്. ആ സംഭവത്തിൽ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ ദാരുണമായി മരണപ്പെടുകയുണ്ടായി. സംഭവസ്ഥലത്ത് എത്തിയ ആരോഗ്യമന്ത്രി വീണ ജോർജ്ജും മന്ത്രി വി.എൻ.വാസവനും തുടക്കത്തിൽ നടത്തിയ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് എന്നത് തർക്കമറ്റ വസ്തുതയാണ്. ഉപയോഗശൂന്യമായി അടച്ചിട്ട കെട്ടിടമാണെന്നും അപകടത്തിൽ പെട്ട രണ്ടുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും മന്ത്രിമാർ മാധ്യമങ്ങളോട് വിശദീകരിക്കുന്നുണ്ട്. സർക്കാരിനെ ന്യായീകരിക്കുവാനുള്ള വ്യഗ്രതയിൽ മന്ത്രിമാർ കർത്തവ്യബോധം നഷ്ടപ്പെട്ടവരായി മാറിയതാണ് രക്ഷാദൗത്യം വൈകുവാൻ ഇടവരുത്തിയത്. ഈ സംഭവങ്ങളെല്ലാം ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തിച്ചു. അപ്പോഴും ന്യായീകരണ വാദങ്ങൾ ചമച്ച് മുഖം രക്ഷിക്കുവാനുള്ള തത്രപ്പാടിലായിരുന്നു ഭരണാധികാരികൾ.
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം തകർച്ചയിലേയ്ക്ക് കൂപ്പുകുത്തുന്നതിന്റെ ചില പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രമാണ് മേൽപ്പറഞ്ഞ സംഭവങ്ങൾ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പൊതുജനാരോഗ്യ മേഖലയിൽ നടത്തിവരുന്ന അനാരോഗ്യകരമായ പരിഷ്കാരങ്ങളുടെ പരിണതഫലങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുതന്നെ മഞ്ഞുമലയുടെ അഗ്രഭാഗം മാത്രമാണ്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ ചരിത്രം ആഴത്തിൽ പരിശോധിച്ചാൽ അത് മനസ്സിലാകും.
“രോഗശമനത്തിനും ശാരീരിക വേദനകളുടെ ലഘൂകരണത്തിനും വേണ്ട മാർഗ്ഗങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ പ്രയോജനകരവും സാരവത്തുമായ ഗുണകർമ്മം എന്തുണ്ട്? ഈ ആതുരാലയം ആരുടെ ക്ഷേമത്തെ പുരസ്കരിച്ച് സ്ഥാപിക്കപ്പെട്ടി രിക്കുന്നുവോ അവർ നിർബാധം ഇതിൽ പ്രവേശിക്കുമെന്നും ഈ സ്ഥാപനം ആതുര ശമനമെന്ന പ്രധാന ഉദ്ദേശ്യത്തെ വേണ്ടപോലെ നിർവ്വഹിച്ച് വിശ്രുതമായിത്തീരുമെന്നും ഞാൻ വിശ്വസിക്കുന്നു. എന്റെ നാനാജാതി മതസ്ഥരായ പ്രജകൾക്കെല്ലാം ഔഷധസഹായവും ചികിത്സയും സുലഭമായി ലഭിച്ചു കാണാൻ ഞാൻ അഭിലഷിക്കുന്നു. 1865ൽ തിരുവിതാംകൂറിലെ സിവിൽ ആശുപത്രിയുടെ (ഇപ്പോൾ ജനറൽ ഹോസ്പിറ്റൽ) ശിലാസ്ഥാപനം നടത്തിക്കൊണ്ട് ആയില്യം തിരുനാൾ മഹാരാജാവ് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണിത്. ഐക്യകേരളം രൂപീകൃതമാകുന്ന തിനും എത്രയോ കാലങ്ങൾക്ക് മുൻപുതന്നെ ധർമ്മാശുപത്രി സംവിധാനങ്ങൾ കേരളത്തിൽ നിലവിൽ വന്നിരുന്നു. ആയില്യം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂർ മെഡിക്കൽ ഡിപ്പാർട്ട്മെന്റിന് രൂപം കൊടുക്കുകയുണ്ടായി. നാടിന്റെ നാനാഭാഗങ്ങളിൽ ധർമ്മാശുപത്രികൾ സ്ഥാപിച്ച് സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുവാനുള്ള ശ്രമം ആരംഭിക്കുകയുണ്ടായി. പ്രജകളുടെ അവകാശം എന്ന നിലയ്ക്കായിരുന്നില്ല രാജാക്കന്മാർ ആശുപത്രികൾ ആരംഭിച്ചത്, മറിച്ച് തങ്ങളുടെ ദയാവായ്പിന്റെ അടിസ്ഥാനത്തിലുള്ള ഔദാര്യമായിട്ടാണ് സൗജന്യ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചത്. ജനാധിപത്യ ബോധം ഇന്നുകാണുന്ന അർത്ഥത്തിൽ വികസിച്ചിട്ടില്ലാത്ത സമൂഹത്തിൽ രാജാവിന്റെ ഇഛകൾക്കപ്പുറത്തേയ്ക്ക് ഒന്നും നടക്കുമായിരുന്നില്ല. പൗരാവകാശത്തിനുവേണ്ടി സംസാരിച്ചവർക്ക് ജീവൻ നഷ്ടമാകുകയോ, തടവറയിൽ അടയ്ക്കപ്പെടുകയോ ചെയ്തതാണ് ചരിത്രം. പ്രജകളെ രോഗപീഡകളിൽ നിന്നും രക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ് എന്ന കാഴ്ചപ്പാടിലാണ് തിരുവിതാംകൂറിലെ രാജാക്കന്മാർ ധർമ്മാശുപത്രികൾ ആരംഭിച്ചത്. 1813ൽ വസൂരി പടർന്നുപിടിച്ചപ്പോൾ റെസിഡന്റും ദിവാൻ പദവിയും ഒരുമിച്ചു വഹിച്ച മൺട്രോയുടെ നിർദ്ദേശപ്രകാരം റാണി ഗൗരി ലക്ഷ്മി ബായി ഒരു വാക്‌സിനേഷൻ ഗ്രൂപ്പിന് രൂപം നൽകി. ആ കാലഘട്ടത്തിൽ തന്നെ, ജാതിഭേദമില്ലാതെ ലണ്ടൻ മിഷൻ സൊസൈറ്റി, പ്രൊട്ടസ്റ്റന്റ് മിഷൻ എന്നീ സംഘടനകൾ ആധുനിക ആശുപത്രികൾ ആരംഭിച്ചു. 1838ൽ നെയ്യൂർ മെഡിക്കൽ മിഷൻ ആശുപത്രി തുടങ്ങി. 1923ൽ ഡോ.സോമർവെൽ ആദ്യ എക്സ്റെ സ്ഥാപിച്ച്, ശസ്ത്രക്രിയയും തുടങ്ങിയിരുന്നു. 1951ൽ തിരുവനന്തപുരത്ത് മെഡിക്കൽകോളേജിനു തുടക്കമിടുമ്പോൾ ഡോ. സോമർവെൽ ഉപദേശക സമിതിയിൽ അംഗമായിരുന്നു.
നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തോടൊപ്പം ആരോഗ്യരംഗവും വളർന്നു. ഔദാര്യത്തിനപ്പുറം പൗരന്മാരുടെ അവകാശമാണ് ആരോഗ്യപരിരക്ഷ എന്ന നിലയിലേയ്ക്ക് ഉൽപ്പതിഷ്ണുക്കൾ ചിന്തിച്ചു തുടങ്ങി. നികുതിദായകരായ ജനങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്ന കാഴ്ചപ്പാട് പ്രബലമായിത്തുടങ്ങി.
ഐക്യകേരളപ്പിറവിയ്ക്കു ശേഷം അധികാരത്തിൽ വന്ന ഗവൺമെന്റുകൾ സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും സ്ഥാപിച്ച്, പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി. ജനങ്ങളുടെ വർദ്ധിച്ചു വരുന്ന ആരോഗ്യാവശ്യങ്ങളോട് മുഖംതിരിച്ച് ഒരു ഗവൺമെന്റിനും മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നില്ല. ലോക രാഷ്ട്രീയത്തിൽ, സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലൂന്നി പ്രവർത്തിക്കുന്ന കാലഘട്ടവുമായിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങൾ ഭരണകൂടം സൗജന്യമായി നിവർത്തിച്ചു വന്നിരുന്നു. നവോത്ഥാന മുന്നേറ്റങ്ങൾ ശക്തമായിരുന്ന കേരളത്തിലും അതിന്റെ സ്വാധീനമുണ്ടായി. എന്നാൽ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ച, മുതലാളിത്ത – സാമ്രാജ്യത്ത രാജ്യങ്ങൾക്ക് ഏകലോകധ്രുവം സൃഷ്ടിക്കുവാനുള്ള അവസരം തുറന്നു നൽകി. ആഗോളവത്കരണ നയങ്ങളിലൂടെ ലോകമെമ്പാടും സ്വതന്ത്ര വിപണയുടെ നിയമങ്ങൾ അവർ അടിച്ചേൽപ്പിച്ചു. 1991ൽ ഇന്ത്യയിൽ ആരംഭിച്ച ആഗോളവത്കരണ നയങ്ങൾ എല്ലാ മേഖലയിലെന്നപോലെ ആരോഗ്യമേഖലയിലും വലിയ പൊളിച്ചെഴുത്തുകൾ കൊണ്ടുവന്നു.
2005ൽ യുപിഎ സർക്കാരിന്റെ ഭരണ നാളുകളിലാണ് ലോകബാങ്ക് ഫണ്ടോടുകൂടി നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻആർഎച്ച്എം) ആരംഭിക്കുന്നത്. കേരളത്തിൽ 2007ൽ പ്രസ്തുത ദൗത്യം ‘ആരോഗ്യകേരളം, ഐശ്വര്യകേരളം’ എന്ന പേരിലാണ് ആരംഭിച്ചത്. അന്ന് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയും പി.കെ.ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയുമായിരുന്നു. പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റും അതേ നയങ്ങളാണ് പിൻതുടർന്നത്. പൊതുജനാരോഗ്യ മേഖലയ്ക്ക് സമാന്തരമായി എൻആർഎച്ച്എം പുതിയൊരു സംവിധാനം കൊണ്ടുവന്നു. വേൾഡ് ബാങ്ക് വായ്പയിലൂടെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. മറുവശത്ത്, സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തിൽ സ്ഥിര നിയമനങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്തു. 1965ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും മാത്രമാണ് ഇപ്പോഴും സർക്കാർ ആശുപത്രികളിൽ ഉള്ളത്. സർക്കാർ ആശുപത്രികളുടെ നടത്തിപ്പ് ചുമതല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കൊണ്ട്, സർക്കാർ പൊതുജനാരോഗ്യരംഗത്തു നിന്നും നിഷ്ക്രമിക്കുവാൻ ആരംഭിച്ചു. ഹെൽത്ത് ഇൻഷ്വറൻസ് സമ്പ്രദായം നടപ്പിലാക്കിക്കൊണ്ട് പണം നൽകാതെ ഒരു ചികിത്സയും ലഭിക്കില്ല എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഭീമമായ തുകയാണ് ഇൻഷ്വറൻസ് പ്രീമിയമായി ജനങ്ങൾ അടയ്ക്കേണ്ടി വരുന്നത്. ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് അവിടെ ചികിത്സ ലഭിക്കില്ല. അമേരിക്കൻ മോഡൽ ഹെൽത്ത് ഇൻഷ്വറൻസ് സമ്പ്രദായത്തിലേക്കാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സമ്പ്രദായത്തെയും സർക്കാർ കൊണ്ടു പോകുന്നത്. പണമില്ലാത്തവർക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യത്തിലേയ്ക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു എന്നത് നടുക്കുന്ന യാഥാർത്ഥ്യമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ രംഗത്തുവന്ന ഏറ്റവും ആപത്ക്കരമായ ഈ നയവ്യതിയാനമാണ് കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം.
എൻആർഎച്ച്എം, എൻയുഎച്ച്എം, എൻഎച്ച്എം എന്നീ ലോകബാങ്ക് പദ്ധതികൾ രാജ്യത്തെ പൊതുജനാരോഗ്യ മേഖലയെ സർവ്വാർത്ഥത്തിലും തകർക്കുന്നതാണ്. രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ട്, ഐക്യ കേരളപ്പിറവിയ്ക്കു ശേഷം ശക്തിപ്പെട്ട കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ അസ്ഥിപഞ്ജരമാക്കും വിധം മാരകപ്രഹരമാണ് ഏൽപ്പിച്ചു കൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളേജുകള്‍ക്കും സർക്കാർ ആശുപത്രികള്‍ക്കും ഫണ്ടനുവദിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ നടത്തപ്പെടുന്ന വലിയ നിർമ്മാണ പ്രവർത്തനങ്ങളിൽ പലതും വായ്പ ഉപയോഗിച്ച് നടത്തപ്പെടുന്നതാണ്. സർക്കാർ ആശുപത്രികളുടെ നടത്തിപ്പിന്റെ സാമ്പത്തിക ഉത്തരവാദിത്തം സമ്പൂർണമായും ആശുപത്രി വികസന സമിതികൾ വഴി ജനങ്ങളുടെ ശിരസ്സിൽ അടിച്ചേൽപ്പിക്കുകയാണ്. സൗജന്യ ചികിത്സ എന്ന സങ്കൽപ്പം ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനം നിലനിൽക്കേണ്ടത് തൊഴിലാളികൾ അടക്കമുള്ള സാധാരണ ജനങ്ങളുടെ ആവശ്യമാണ്. കേരളത്തിലെ ചെറുപട്ടണങ്ങളിൽ പോലും പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിൽ കഴുത്തറപ്പൻ ചാർജ്ജാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും ദുർബലമാകുമ്പോൾ സ്വകാര്യ ആശുപത്രികൾ അവയുടെ ദയാരഹിതമായ ആരോഗ്യ ക്കച്ചവടം കൂടുതൽ ശക്തമായി തുടരും. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുവാനുള്ള വീറുറ്റ പ്രക്ഷോഭങ്ങൾ വളർന്നു വരേണ്ടത് അതുകൊണ്ടുതന്നെ അനിവാര്യമാണ്.
