ഗിഗ് എക്കോണമി: മുതലാളിത്തത്തിലെ കൂലിയടിമത്തത്തിൻ്റെ ഏറ്റവും പുതിയരൂപം

ExPx5QVWYAQ4MDF-1.png
Share

സ്ഥിരം ജോലി, തൊഴിൽ സുരക്ഷ, സമയബന്ധിത വേതനം, 8 മണിക്കൂർ ജോലി, ആരോഗ്യ ഇൻഷുറൻസ്, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയൊക്കെ ഇന്ന് പഴങ്കഥയാണ്. മുൻപ് തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾക്ക് നിയമപരമായ അവകാശങ്ങളുണ്ടായിരുന്നു. എന്നാൽ മുതലാളിത്ത ആഗോളവൽക്കരണത്തിന്റെ കടന്നുവരവോടെ, തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ ദയനീയമായി. തൊഴിലിന്റെ സ്വഭാവം സ്ഥിരമായിരുന്നിട്ടുപോലും, മുതലാളിമാർ തൊഴിലാളികളെ കരാർ അടിസ്ഥാനത്തിലോ ദിവസവേതനക്കാരായോ അല്ലെങ്കിൽ പ്രത്യേക ജോലിക്ക് പ്രത്യേക കൂലി നൽകുന്ന രീതിയിലോ ഒക്കെ നിയമിക്കുന്നു. 

മ്മുടെ രാജ്യത്തെ അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് മാന്യമായ ജീവിതനിലവാരം പോയിട്ട് മിനിമം വേതനം പോലും ലഭിക്കുന്നില്ല. അങ്കണവാടി, ആശ, ഉച്ചഭക്ഷണ തൊഴിലാളികൾ, നിർമ്മാണത്തൊഴിലാളികൾ, നിസ്സഹായരായ കുടിയേറ്റ തൊഴിലാളികൾ, സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാർ എന്നിവരെല്ലാം ഒരേപോലെ ദുരിതപൂർണ്ണമായ കൂലി അടിമത്തത്തിന് വിധേയരായവരാണ്. അടുത്തിടെ കേന്ദ്രം കൊണ്ടുവന്ന നാല് തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. സൊമാറ്റോ, സ്വിഗ്ഗി, ഊബർ, സെപ്റ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി ഓൺലൈൻ വാണിജ്യ ബന്ധം സാധ്യമാക്കിയ ഡിജിറ്റൽ യുഗത്തിന്റെ ആവിർഭാവത്തോടെ, ഗിഗ് വർക്കേഴ്സ് എന്നൊരു പുതിയ വിഭാഗം കൂടി ഈ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ഇവിടെ തൊഴിൽ ബന്ധം “ജോലിക്ക് വെക്കുക, പുറത്താക്കുക” (hire and fire) എന്ന ക്രൂരമായ നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡെലിവറി സേവനങ്ങൾ, ഓൺലൈൻ ഓർഡർ സപ്ലൈ, കാബ് ഡ്രൈവർമാർ, ബൈക്ക് റൈഡർമാർ, ഫ്രീലാൻസർമാർ എന്നിവർ ഉൾപ്പെടെയുള്ള ഗിഗ് തൊഴിലാളികളുടെ എണ്ണം 2029-30 ഓടെ 23.5 ദശലക്ഷമായി (2.35 കോടി) വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ ലേബർ ഇൻഡെക്സ് സൂചിപ്പിക്കുന്നത് ലോകത്തിലെ മൊത്തം ഓൺലൈൻ പുറംകരാർ തൊഴിൽശക്തിയുടെ 24% ഇന്ത്യയാണ് നൽകുന്നത് എന്നാണ്, ഇത് ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യയെ മാറ്റുന്നു.

ഗിഗ് തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നതെന്തുകൊണ്ട്

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന ലാഭക്കൊതി, തൊഴിലാളിവർഗ്ഗത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും അവരുടെ വാങ്ങൽശേഷി ഇല്ലാതാക്കുകയും ചെയ്യുമ്പോൾ, മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രതിസന്ധി രൂക്ഷമാകുന്നു. വിപണിപ്രതിസന്ധിയിലകപ്പെട്ട ഭരണവർഗ്ഗ ധനപ്രഭുക്കന്മാർ ഉൽപ്പാദനച്ചെലവ് വെട്ടിച്ചുരുക്കാൻ ശ്രമിക്കുന്നത് പ്രധാനമായും സ്ഥിരം തൊഴിലാളികളെ ഒഴിവാക്കിയും അത്യാധുനിക സാങ്കേതികവിദ്യ സ്ഥാപിച്ചുമാണ്. എങ്കിലും കുറച്ച് ശാരീരിക അധ്വാനം ആവശ്യമാണ്, ആ ആവശ്യം നിസ്സാര വേതനത്തിൽ കരാർ തൊഴിലാളികളെയോ താൽക്കാലിക തൊഴിലാളികളെയോ ഉപയോഗിച്ച് നിറവേറ്റുന്നു. സേവന കാലാവധി, ജോലി സമയം, സാമൂഹിക ആനുകൂല്യങ്ങൾ എന്നിങ്ങനെയുള്ള സേവന വ്യവസ്ഥകളൊന്നും അവർക്കില്ല. ഡെലിവറി സ്ഥലത്തേക്കുള്ള അവരുടെ പ്രവേശനത്തിന്റെയും പുറത്തുകടക്കുന്നതിന്റെയും കൃത്യമായ സമയം, ഓരോ ഡെലിവറിയുടെയും പൂർത്തീകരണം – മറ്റൊരു വാക്കിൽ പറഞ്ഞാൽ അവരുടെ ചലനങ്ങളും സ്ഥാനവും-ഡിജിറ്റൽ പ്രക്രിയയിലൂടെ നിരന്തരമായ നിരീക്ഷണത്തിലാണ്. ഇത് സ്വന്തം തൊഴിലാളികളുടെ മേൽ, ഉടമകൾ ആഗ്രഹിക്കുന്ന സേവന നിലവാരം ഉറപ്പാക്കാൻ നടത്തുന്ന ഒളിഞ്ഞുനോട്ടമല്ലാതെ മറ്റൊന്നുമല്ല.

തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ, തൊഴിലന്വേഷകർ തങ്ങൾക്കും കുടുംബത്തിനും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻവേണ്ടി എന്ത് ജോലിയും സ്വീകരിക്കാൻ നിർബന്ധിതരാകുമെന്ന് മുതലാളിവർഗ്ഗത്തിന് നന്നായി അറിയാം. അതിനാൽ, ക്രൂരമായ, നേരിട്ടുള്ള ചൂഷണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഓക്സ്ഫോർഡ് ഇൻറർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെയർ വർക്ക് റിസർച്ച് പ്രോജക്റ്റ്-2022, ഇന്ത്യയിലെ 11 പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പഠനം നടത്തുകയും ഒന്നുപോലും തങ്ങളുടെ ഗിഗ്  തൊഴിലാളികൾക്ക് മിനിമം വേതനമോ പ്രാദേശിക ജീവിതത്തിനാവശ്യമായ വേതനമോ നൽകുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
കൂടുതൽ വരുമാനം എന്ന വാഗ്ദാനം നൽകി, തങ്ങളുടെ നിസ്സഹായരായ ഗിഗ് തൊഴിലാളികളെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കാൻ കഴിയുമെന്ന് ഭരണവർഗ്ഗത്തിന് അറിയാം. ‘നിങ്ങൾ എത്ര കൂടുതൽ ഉപഭോക്താക്കളിലേക്ക് സാധനങ്ങൾ എത്തിക്കുന്നുവോ അത്രയും കൂടുതൽ നിങ്ങൾക്ക് സമ്പാദിക്കാം’ – ഈ പ്രലോഭനം ആരോഗ്യപരമായ കഷ്ടപ്പാടുകൾ, പ്രതികൂല കാലാവസ്ഥ, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ അവഗണിച്ച് കഠിനാധ്വാനം ചെയ്യാൻ ഗിഗ് തൊഴിലാളികളെ പ്രേരിപ്പിക്കും. കൂടാതെ, തങ്ങളുടെ ദുരുദ്ദേശ്യം മറച്ചുവെക്കാൻ, തൊഴിലുടമകൾ ഗിഗ് തൊഴിലാളികളെ പങ്കാളികൾ, അസോസിയേറ്റുകൾ, ഏജന്റുമാർ, സ്വതന്ത്ര കരാറുകാർ, ടെക് അഗ്രഗേറ്റർമാർ, ഫെസിലിറ്റേറ്റർമാർ, ഡിജിറ്റൽ ഇടനിലക്കാർ  എന്നിങ്ങനെ പല പേരുകളിൽ വിളിക്കുന്നു. നിലവിലുള്ള നിയമപരമായ അവകാശങ്ങളും സംരക്ഷണങ്ങളും ഗിഗ് തൊഴിലാളികൾക്ക് നിഷേധിക്കുക എന്നതാണ് ഇതിനു പിന്നിലെ കാരണം. പല കേസുകളിലും, ഗിഗ് തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം, അവർ ചെയ്യുന്ന ഗിഗുകൾ/ഡെലിവറികൾ/റൈഡുകൾ എന്നിവയുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതുകൊണ്ട്, മിനിമം വേതന നിയമം അവർക്ക് ബാധകമല്ലാതാവുന്നു.

തൊഴിൽപരമായ സ്വാതന്ത്ര്യം ഒരു മിഥ്യ

ദുഷ്ടന് കുതന്ത്രങ്ങൾക്ക് പഞ്ഞമുണ്ടാകില്ലല്ലോ. ഗിഗ് എക്കോണമി തൊഴിലാളികൾക്ക് ധാരാളം അവസരങ്ങൾ നൽകുന്നുവെന്നും, അവർക്ക് ജോലി ചെയ്യുന്നതിലും തൊഴിലുടമയെ തിരഞ്ഞെടുക്കുന്നതിലും സ്വാതന്ത്ര്യമുണ്ടെന്നും ഭരണമുതലാളിവർഗ്ഗം  ഒരു ധാരണ പരത്തിയിട്ടുണ്ട്. അവർക്ക് എല്ലാ ദിവസവും ഒരു ഓഫീസിലോ ജോലിസ്ഥലത്തോ ഒരു നിശ്ചിത സമയത്ത് പോകേണ്ടതില്ല, പകരം അവർക്ക് സൗകര്യമുള്ളപ്പോൾ ജോലി ചെയ്യാം. കൂടാതെ, ഒരേസമയം ഒന്നിലധികം കമ്പനികൾക്കായി ജോലി ചെയ്യാനും അധിക വരുമാനമുണ്ടാക്കാനും കഴിയും. അല്ലെങ്കിൽ ഒരു പാർട്ട് ടൈം ജോലി എന്ന നിലയിലും അവർക്കിത് തിരഞ്ഞെടുക്കാമെന്നുമൊക്കെ അവർ പറയുന്നു.

പുറമേക്ക് ഈ വാദങ്ങൾ വളരെ യുക്തിസഹമായി തോന്നിയേക്കാം. പക്ഷേ, യാഥാർത്ഥ്യം എന്തെന്നാൽ 88% ഗിഗ് തൊഴിലാളികൾക്കും ഇത് ഒരു അധിക വരുമാന മാർഗ്ഗമല്ല, മറിച്ച് പ്രധാന വരുമാന സ്രോതസ്സാണ്. അവർക്ക് മാന്യമായ മറ്റുജോലികൾ ലഭിക്കാത്തതുകൊണ്ട്, ഇത്തരം ചെറിയ ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു. ഒരു ക്രെഡിറ്റ് മാർക്കറ്റ് റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്സ് നടത്തിയ പഠനം സൂചിപ്പിക്കുന്നത്, 2015-16നും 2022-23നും ഇടയിൽ നോട്ട് നിരോധനം, ജിഎസ്‍ടി നടപ്പാക്കൽ, കോവിഡ്-19 മഹാമാരി എന്നിവ കാരണം രാജ്യത്ത് അനൗപചാരിക മേഖലയിലെ 63 ലക്ഷം  സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും തൽഫലമായി 1.6 കോടി തൊഴിലവസരങ്ങൾ ഇല്ലാതാകുകയും ചെയ്തു എന്നാണ്. ഇത് രാജ്യത്ത് നിലനിന്നിരുന്ന തൊഴിലില്ലായ്മയുടെ വളർച്ചക്ക് ആക്കം കൂട്ടി. അതുകൊണ്ട്, നമ്മുടെ രാജ്യത്ത് നിലവിലുള്ള തൊഴിലില്ലാത്ത യുവാക്കൾക്കിടയിലെ കടുത്ത മത്സരം കണക്കിലെടുക്കുമ്പോൾ, തൊഴിൽപരമായ സ്വാതന്ത്ര്യം എന്ന വാദത്തിന് നിലനിൽപ്പില്ല.

നിയമപരിരക്ഷയില്ലാത്ത ദുരിതജീവിതം

മേൽപ്പറഞ്ഞതുപോലെ ഗിഗ് എക്കോണമി, മുതലാളിമാർക്കും മൾട്ടിനാഷണൽ കമ്പനികൾക്കും ഗിഗ് തൊഴിലാളികളെ ചൂഷണം ചെയ്യാൻ എളുപ്പവഴികൾ നൽകുന്നു. ഓൺലൈൻ ഗിഗ് പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയോടെ ഇടനിലക്കാരെ ഒഴിവാക്കി എന്നുപറയുമ്പോഴും, ഈ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ടെക് കമ്പനികൾ ഓരോ ഡെലിവറിക്കും അല്ലെങ്കിൽ റൈഡിനും 15 മുതൽ 25% വരെ കമ്മീഷൻ ഈടാക്കി ഇടനിലക്കാരായി പ്രവർത്തിക്കുകയാണ്. ഒടുവിൽ പല ഗിഗ് തൊഴിലാളികൾക്കും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടേണ്ടിവരുന്നു. അത്തരത്തിലുള്ള ഒരു തൊഴിലാളി വിഷമത്തോടെ പറഞ്ഞു, “ഞങ്ങളിൽ ചിലർ ഒരു ദിവസം 16 മണിക്കൂർ ജോലി ചെയ്യുന്നു, പക്ഷേ ഓരോ ഓർഡറിനും കമ്മീഷൻ കിഴിക്കുമ്പോൾ, 50 രൂപ യിൽ 20 രൂപ മാത്രമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. അതായത് ഒരു ദിവസം 300 രൂപ മാത്രമാണ് വരുമാനം. ഇത് നിലനിർത്തി കൊണ്ടുപോകാൻ തന്നെ ബുദ്ധിമുട്ടാണ്. ഒരു മാസം 9,000 രൂപ സമ്പാദിച്ചാൽ, വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 3,500 രൂപ കിഴിച്ചാൽ 6,500 രൂപ മാത്രമാണ് ബാക്കിയാവുന്നത്. ഇത് ഞങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തിനുപോലും തികയില്ല, കുടുംബത്തെ പോറ്റുന്നതിനെക്കുറിച്ച് പറയേണ്ടതുമില്ല.” ഈ വാക്കുകൾ തന്നെ മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു.

ഹൈദരാബാദിൽ അടുത്തിടെ നടന്ന ഒരു സംഭവം ഗിഗ് തൊഴിലാളികളുടെ ജോലിയിലെ അപകടസാധ്യതയും സൊമാറ്റോ കമ്പനി മാനേജ്‌മെന്റിന്റെ മനോഭാവവും വെളിപ്പെടുത്തുന്നതാണ്. ഒരു മഴയത്ത് ഡെലിവറിക്കിടെ ഒരു ഡെലിവറി തൊഴിലാളി തുറന്ന ഓടയിൽ വീണു. അയാളുടെ ബൈക്കും മൊബൈൽ ഫോണും വെള്ളത്തിൽ ഒലിച്ചുപോയി. ഭാഗ്യവശാൽ അയാൾ രക്ഷപ്പെട്ടു. എന്നാൽ തൊഴിലാളിയെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കാൻ വിസമ്മതിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സലാഹുദ്ദീൻ പറഞ്ഞു: “ഇത് കേവലം ഒരു അപകടമല്ല – പ്ലാറ്റ്ഫോമുകൾ തൊഴിലാളികളുടെ സുരക്ഷയെക്കാൾ ലാഭത്തിന് മുൻഗണന നൽകുന്നതിന്റെ അനന്തര ഫലമാണ്.”

മറ്റൊരു സംഭവം നോക്കാം. ഒരു അപ്പാർട്ട്മെന്റിൽ ഡെലിവറിക്കിടെ ഒരു വളർത്തുനായ ഒരു സ്വിഗ്ഗി ഡെലിവറി ബോയിയെ ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അയാൾ മൂന്നാം നിലയിൽനിന്ന് ചാടി, ആശുപത്രിയിൽവെച്ച് മരണത്തിന് കീഴടങ്ങി. ഈ കേസിൽ, ഉപഭോക്താവ് കോടതിക്കുപുറത്തുള്ള ഒത്തുതീർപ്പിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി, എന്നാൽ സ്വിഗ്ഗി ഒരു നഷ്ടപരിഹാരവും നൽകിയില്ല. നമ്മുടെ നിയമനിർമ്മാതാക്കൾ ഗിഗ് എക്കോണമിയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കുന്നതല്ലാതെ ഈ പാവപ്പെട്ട തൊഴിലാളികളുടെ ദുരിതങ്ങൾ ശ്രദ്ധിക്കുന്നതേയില്ല.

ഗിഗ് തൊഴിലാളികൾ സമരപാതയിൽ

എന്നാൽ, ഗിഗ് തൊഴിലാളികൾ എല്ലാം സഹിച്ച് പണിയെടുക്കാൻ തയ്യാറാകുന്നില്ല എന്നത് ഒരു ആശ്വാസമാണ്. അവർ ക്രമേണ സംഘടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ശബ്ദമുയർത്തുന്നു. കർണാടക, തെലങ്കാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ധർണകൾ, സമരങ്ങൾ, പ്രതിഷേധ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.

കഴിഞ്ഞ ഏപ്രിലിൽ, ബ്ലിങ്കിറ്റിലെ 150 ഓളം ഗിഗ് തൊഴിലാളികൾ ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, കോട്ടൺ യൂണിഫോം എന്നിവ ആവശ്യപ്പെട്ട് വാരണാസിയിൽ സമരം ചെയ്തു. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ഒരു പലചരക്ക് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ്, സമരം ചെയ്തതിന്റെ പേരിൽ 150 തൊഴിലാളികളുടെ ഐഡികൾ തടഞ്ഞു. സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ പോലീസ് നടപടികളെടുക്കുമെന്നും കമ്പനി ഭീഷണിപ്പെടുത്തി. എന്നാൽ തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിന്നു. ഒടുവിൽ, പൊതു സമ്മർദ്ദത്തിന് വഴങ്ങി, തൊഴിലാളികളുടെ ഐഡികൾ തിരികെ നൽകാൻ കമ്പനി നിർബന്ധിതമായി.

അതുപോലെ, 2025 മെയ് മാസത്തിൽ, തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഹൈദരാബാദിലെ നൂറുകണക്കിന് സെപ്റ്റോ ഡെലിവറി തൊഴിലാളികൾ  ന്യായമായ വേതനത്തിനു വേണ്ടിയും കമ്പനിയുടെ ചൂഷണത്തിനെതിരെയും അനിശ്ചിതകാല സമരം നടത്തി. തൊഴിൽ വകുപ്പിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ, യൂണിയൻ ആരോപിച്ചത്, “വേഗതക്ക് പ്രതിഫലം ലഭിക്കുന്നു, പക്ഷേ സുരക്ഷ അവഗണിക്കപ്പെടുന്നു” എന്നാണ്. ഉപഭോക്തൃ റേറ്റിംഗുകളെ അടിസ്ഥാനമാക്കി, ഏകപക്ഷീയമായി ചുമത്തുന്ന പിഴകൾ, സുതാര്യമല്ലാത്ത അക്കൗണ്ട് സസ്പെൻഷനുകൾ, ഇഎസ്ഐ-പിഎഫ് പരിരക്ഷയുടെ അഭാവം, നീണ്ട ഷിഫ്റ്റുകളിൽപോലും വിശ്രമിക്കാൻ സ്ഥലമില്ലായ്മ എന്നിവയായിരുന്നു അവരുടെ മറ്റ് പരാതികൾ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗിഗ് തൊഴിലാളികളുടെ നിരന്തരമായ സമരങ്ങൾ കാരണം, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാന സർക്കാരുകൾ അവർക്ക് സാമൂഹിക സുരക്ഷ, തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും, തർക്ക പരിഹാര സംവിധാനങ്ങൾ എന്നിവ നൽകുന്ന ചില നിയമങ്ങൾ പാസാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. തെലങ്കാന സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരു ബില്ലും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങളിലെ വ്യവസ്ഥകളെല്ലാം കടലാസിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. ദേശീയതലത്തിൽ പോലും, ഇന്ത്യൻ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി-2020, ഗിഗ് തൊഴിലാളികളെ ഒരു പ്രത്യേക വിഭാഗമായി അംഗീകരിക്കുന്നുണ്ടെങ്കിലും, “പ്ലാറ്റ്‌ഫോം തൊഴിലാളികളെ” “പരമ്പരാഗത തൊഴിലുടമ-തൊഴിലാളി ബന്ധത്തിന് പുറത്തുള്ളവരായി” നിർവചിക്കുന്നു. നിയമപരമായ മാനദണ്ഡങ്ങൾ, സാർവത്രിക പരിരക്ഷ, ഉത്തരവാദിത്ത സംവിധാനങ്ങൾ എന്നിവയുടെ അഭാവം കാരണം ഈ നിയമം വിമർശിക്കപ്പെടുകയുണ്ടായി.

അതുകൊണ്ട്, ഗിഗ് തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ശക്തവും സമഗ്രവുമായ ഒരു നിയമം എത്രയും വേഗം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഒപ്പം, സ്വന്തം പ്രാരാബ്ധങ്ങളും പുറത്തെ കാലാവസ്ഥയും -കൊടുംതണുപ്പോ, പൊള്ളുന്ന ചൂടോ, പേമാരിയോ ആകട്ടെ- വകവെയ്ക്കാതെ നമുക്ക് വിവിധ സേവനങ്ങൾ നൽകാൻ നമ്മുടെ വാതിൽക്കൽ മുട്ടുന്ന ഗിഗ് തൊഴിലാളികൾക്കൊപ്പം നിൽക്കാൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക്  ബാധ്യതയുണ്ട്. ഒടുവിലായി, ഗിഗ് തൊഴിലാളികൾ തങ്ങളുടെ ന്യായമായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിന് ശരിയായ വിപ്ലവനേതൃത്വത്തിൻ കീഴിൽ അവരുടെ സമര ഐക്യം ഊട്ടിയുറപ്പിക്കേണ്ടതുണ്ട് എന്ന കാര്യംകൂടി ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.

Share this post

scroll to top