ഗവർണ്ണറുടെ സംഘപരിവാർ അജണ്ടകളിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കാൻ ഒന്നിക്കുക

uok6.jpg
Share

സർവകലാശാലകളെ കാൽക്കീഴിലാക്കാൻ സംഘപരിവാറിനുവേണ്ടി ഗവർണർ കളത്തിലിറങ്ങി തുറന്നുവിട്ട ദുർഭൂതം കേരള സർവകലാശാലയുടെ യശസ്സിന് തീരാകളങ്കം ചാർത്തുകയും  ഭാവി അനിശ്ചിതത്വത്തിൽ ആക്കുകയും ചെയ്തിരിക്കുന്നു. എല്ലാ ജനാധിപത്യ  മര്യാദകളും കാറ്റിൽ പറത്തിയാണ് ചാൻസലർ എന്ന സ്ഥാനം ഉപയോഗിച്ച് കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ കേരള സർവകലാശാലയെ കരുവാക്കുന്നത്.

മുമ്പ് കേട്ടിട്ടില്ലാത്ത ഒരു വർഗീയ സംഘടനയുടെ പേരിൽ ജൂൺ 25ന് സർവകലശാല സെനറ്റ് ഹാളിൽ സ്വകാര്യ പരിപാടി സംഘടിപ്പിച്ചതും അതിൽ ഭാരതാംബ എന്ന പേരിൽ കാവിക്കൊടിയേന്തിയ ഒരു സ്ത്രീ രൂപം വെച്ച് പുഷ്പാർച്ചന നടത്തിയതും ഗവർണറെ മുഖ്യാതിഥിയാക്കിക്കൊ ണ്ടാണ്. അത്തരമൊരു പരിപാടി തന്നെ സംശയാസ്പദമാണ്. അതിന് പിന്നിലെ ദുഷ്ടലാക്ക് എന്തെന്ന് പിന്നീട് നടന്ന ഗവർണർ-സിപിഐ(എം) സിൻഡിക്കേറ്റ് പോര് നഗ്നമായി തുറന്നുകാട്ടുകയുണ്ടായി. ഗവർണറുടെ നികൃഷ്ടമായ സംഘപരിവാർ അജണ്ട എന്തെന്ന് ജനാധിപത്യപരമായി വ്യക്തമാക്കുന്നതിനുപകരം രജിസ്ട്രാറും സിപിഐ(എം) സിൻഡിക്കേറ്റ് അംഗങ്ങളും സംഘബലത്തിന്റെ അകമ്പടിയോടെ അതിനെ നേരിടാൻ ഇറങ്ങിയത് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.

മത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന, മേല്പറഞ്ഞ സംഘടനയ്ക്ക്, സ്വകാര്യ പരിപാടി നടത്താൻ സെനറ്റ് ഹാൾ ഉപയോഗിക്കാൻ രജിസ്ട്രാർ അനുമതി നൽകാൻ പാടില്ലായിരുന്നു. ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം വേദിയിൽ വെച്ചതിനുശേഷം ആണ് രജിസ്ട്രാർ ആ പരിപാടിക്ക് ആദ്യം നൽകിയ അനുമതി റദ്ദാക്കുന്നത്. എന്നാൽ, അതിന്റെ പേരിൽ വ്യക്തിവൈരാഗ്യത്തോടെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ ഗവർണർ, വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനോട് ആവശ്യപ്പെടുകയായിരുന്നു. യജമാന ഭക്തിയോടെ, വിനീത വിധേയനായി വൈസ് ചാൻസലർ, ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ, രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. പിന്നീട് കാണുന്നത് ചേരിതിരിഞ്ഞുള്ള പോർവിളികളുടെയും പരസ്യമായ ചട്ടലംഘനങ്ങളുടെയും പരമ്പരയാണ്. വൈസ് ചാൻസലർ അവധിയെടുത്തു പോകുന്നു. പകരം മറ്റൊരു താൽക്കാലിക വിസിയെ -ഡോ. സിസാ തോമസിനെ- ഗവർണർ നിയോഗിക്കുന്നു. അവരും ഗവർണറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തുള്ളുകയാണ് ചെയ്തത്.

കേരള സർവകലാശാല നിയമമനുസരിച്ച് രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ്. അതുകൊണ്ടുതന്നെ തൊട്ടടുത്ത സിൻഡിക്കേറ്റ് മീറ്റിംഗിൽ രജിസ്ട്രാറെ സസ്പെന്റുചെയ്ത വിസിയുടെ നടപടി അജണ്ടയാകണം. അത് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടതുണ്ട്. എന്നാൽ, തൊട്ടടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ അങ്ങനെയൊരു അജണ്ട തന്നെ ചർച്ച ചെയ്യാൻ താൽക്കാലിക വിസി സിസാ തോമസ് അനുവദിച്ചില്ല. സിൻഡിക്കേറ്റിന്റെ അധ്യക്ഷസ്ഥാനം വഹിക്കേണ്ട വൈസ് ചാൻസർ തന്നെ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്ന അസാധാരണമായ നടപടിക്കാണ് പിന്നീട് സർവകലാശാല സാക്ഷ്യംവഹിച്ചത്. അതിനെ നേരിടാനായി സിൻഡിക്കേറ്റ് യോഗം തുടരുകയും കെ.എസ്.അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയതായി ഭൂരിപക്ഷം അംഗങ്ങൾ തീരുമാനിച്ചതായി മിനിട്സിൽ രേഖപ്പെടുത്തുകയാണ് ചെയ്തത്. ആ തീരുമാനം അവർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. പക്ഷേ അതുകൊണ്ടും തീർന്നില്ല. ഗവർണറും സംഘപരിവാറും സിസാ തോമസിനെ ഉപയോഗിച്ച് അനിൽകുമാറിന് പകരം മറ്റൊരു രജിസ്ട്രാറെ -മിനി ഡിജോ കാപ്പനെ- നിയോഗിച്ചതായി പ്രഖ്യാപിച്ച് സിൻഡിക്കേറ്റിനെ വെല്ലുവിളിക്കുകയാണ് ചെയ്തത്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കേരള സർവകലാശാലയിൽ ഒരേസമയം രണ്ട് രജിസ്ട്രാർമാർ  നിലവിലുള്ള അതി വിചിത്രമായ സാഹചര്യം സംജാതമായി. അങ്ങേയറ്റം അധിക്ഷേപാർഹവും ചട്ടവിരുദ്ധവുമായ നടപടികളാണ് അവ. അസാധാരണമായ ഭരണപ്രതിസന്ധിക്കും തമ്മിലടിക്കും മേൽപ്പറഞ്ഞ ദുഷ്‌ചെയ്തികൾ കാരണമായി. സർവ്വകലാശാല തരംതാണ രാഷ്ട്രീയ ബലപരീക്ഷണ വേദിയായി. രജിസ്ട്രാർ നൽകുന്ന ഫയലുകൾ ഒപ്പിടാൻ വിസമ്മതിച്ച വൈസ് ചാൻസലർ പകരം തങ്ങൾ നിയോഗിച്ച താൽക്കാലിക രജിസ്ട്രാർ നൽകുന്ന ഫയലുകൾ മാത്രം സ്വീകരിക്കുകയുംഒപ്പിടുകയും ചെയ്യുന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ.

അങ്ങനെ, ഒരു ഭാഗത്ത് സിപിഐ(എം) രജിസ്ട്രാറും ജോയിന്റ് രജിസ്ട്രാർമാരും മറുഭാഗത്ത് സംഘപരിവാറിന്റെ നോമിനികളായ രജിസ്ട്രാറും ജോയിന്റ് രജിസ്ട്രാർമാരും പരസ്പരം ഏറ്റുമുട്ടുന്ന ഒരു കലാപ കേന്ദ്രമായി സർവകലാശാല ആസ്ഥാനം അധപ്പതിച്ചു. ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട സംഘപരിവാർ രജിസ്ട്രാറെ സർവകലാശാലയിൽ  തടയാൻ എസ്എഫ്ഐയും ഡിവൈഎഫ്ഐയുംകൂടി രംഗത്തിറങ്ങി. അവയെല്ലാം ക്രമസമാധാന പ്രശ്നത്തോളം വളരുകയും ചെയ്തു. പിടിവിട്ടു പോകുന്ന സ്ഥിതി. ഒരു സർവകലാശാലയിൽ ഒരിക്കലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. സർവകലാശാലയ്ക്ക് അകത്ത് സമ്പൂർണ്ണമായ അരാജകത്വം സൃഷ്ടിക്കുവാൻ ചാൻസലർ കൂടിയായ ഗവർണർ നേതൃത്വം നൽകിയെന്നത്  യാദൃശ്ചികമല്ല. മേൽ നടപടികളിലൂടെ, സർവകലാശാലകളുടെ സ്വയം ഭരണവകാശത്തയാണ് ഇക്കൂട്ടർ ചവിട്ടിമെതിക്കുന്നത്. സർവ്വകലാശാലകളുടെ സ്വാതന്ത്ര ജനാധിപത്യ സ്വഭാവത്തെ തകർത്താലേ ഭരണകൂടം വിഭാവനം ചെയ്യുന്ന ഫാസിസ്റ്റ് അജണ്ടകൾ  കൊണ്ടുവരാനാകൂയെന്ന് കേന്ദ്രസർക്കാരിന് നന്നായി അറിയാം.

രാഷ്ട്രീയ അധികാര ശക്തികളുടെ തട്ടകമല്ല സർവകലാശാല എന്ന ബാലപാഠം ഒന്നാമതായി ചാൻസലർ സ്ഥാനം അലങ്കരിക്കുന്ന ഗവർണർ തിരിച്ചറിയേണ്ടതുണ്ട്. ഗവർണർ സംസ്ഥാന ഭരണത്തിന്റെ തലവനും സർവകലാശാലയുടെ ചാൻസലറും കൂടിയാണ്. അദ്ദേഹം തന്റെ വ്യക്തിപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഔദ്യോഗിക കൃത്യനിർവഹണത്തിന് ഒരായുധമായി ഉപയോഗിക്കാൻ പാടില്ല. രാജ്ഭവനിലെ പരിപാടികളിൽ ഒരു ചിത്രം -ഭാരതാംബയെന്ന പേരിൽ പ്രദർശിപ്പിക്കുന്നതും നമ്മുടേതുപോലെ ഒരു മതേതര സമൂഹത്തിന് സ്വീകരിക്കാൻ ആവില്ല എന്ന തിരിച്ചറിവ് ഗവർണർ സ്ഥാനം വഹിക്കുന്ന ആർലേക്കർക്ക് ഉണ്ടായേ മതിയാവൂ.

സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം ചാൻസലർ ഒരു ആലങ്കാരികമായ പദവി മാത്രമാണ് എന്ന കാര്യവും അദ്ദേഹം പഠിക്കേണ്ടതുണ്ട്. സർവകലാശാലകളുടെ അക്കാദമികമായ സമിതികളിലും ഭരണസമിതികളിലും ഉയർന്ന സാമൂഹിക സാംസ്കാരിക അക്കാദമിക വ്യക്തിത്വങ്ങളാണ് വരേണ്ടത്. രാഷ്ട്രീയ നേതൃത്വത്തിലുള്ളവരല്ല. രാഷ്ട്രീയ നേതൃത്വം സർവകലാശാലയുടെ ഭരണം പിടിക്കാൻ ഇറങ്ങിയാൽ എന്തായിരിക്കും സ്ഥിതി. നിർഭാഗ്യവശാൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും സർവ്വകലാശാലകളുടെ മേൽ രാഷ്ട്രീയ ആധിപത്യം ഉപയോഗിച്ച് തങ്ങളുടെ അജണ്ട നടപ്പാക്കാൻ സംഘപരിവാറും ബിജെപിയും കേന്ദ്രസർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയവും അവർ അതിനായി ഉപയോഗപ്പെടുത്തുകയാണ്. ഇന്ത്യ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണത്. 

കാവിവൽക്കരണംമാത്രമല്ല, വിദ്യാഭ്യാസത്തിന്റെ അന്തസത്തയെത്തന്നെ കെടുത്തിക്കളയുന്ന അപകടകരമായ ഒളിയജണ്ടകൾ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വലിയ പ്രക്ഷോങ്ങൾ ഉയർന്നുവരേണ്ടുന്ന സമയമാണിത്. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സിപിഐ(എം) നേതൃത്വം നൽകുന്ന സിൻഡിക്കേറ്റും കക്ഷിരാഷ്ട്രീയ ബലാബലത്തിന്റെയും അധികാര ഹുങ്കിന്റെയും കളിയരങ്ങാക്കി സർവകലാശാലയെ മാറ്റുന്നതിൽ ഇതിനകം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് മാപ്പർഹിക്കാത്താണ്. സർവകലാശാലകളുടെ സ്വയംഭരണാവകാശം എന്ന മഹത്തായ ജനാധിപത്യ സങ്കൽപ്പത്തെയും അതിന്റെ പ്രയോഗത്തെയും കാലങ്ങളായി കേരളത്തിൽ കരുതികഴിക്കുന്നതിൽ  സിപിഐ(എം) നേതൃത്വം നൽകുന്ന സർക്കാർ  മുൻപന്തിയിലാണ്. അവരെ സംബന്ധിച്ചിടത്തോളം ചാൻസലറും വൈസ്-ചാൻസലറും രജിസ്ട്രാറും ഉന്നത വിദ്യാഭ്യാസ സമിതികളിലെ അംഗങ്ങളും സിൻഡിക്കേറ്റും മറ്റുമൊക്കെ  തങ്ങളുടെ കക്ഷി രാഷ്ട്രീയ നോമിനികളയിരിക്കണം എന്ന ഒറ്റ നിർബന്ധം മാത്രം. അല്ലാതെ സർവകലശാലകളുടെ സ്വാതന്ത്ര്യം അവരുടെ വിദൂര പരിഗണന പോലുമല്ല. അധികാര സ്ഥാനങ്ങൾ അരക്കിട്ടുറപ്പിക്കാൻവേണ്ടി മാത്രമുള്ള ജനാധിപത്യവിരുദ്ധ നീക്കങ്ങളിലാണ് അവരുടെ പൂർണ ശ്രദ്ധ.

കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം അപ്പടി നടപ്പാക്കുന്ന സംസ്ഥാന സർക്കാറിനും ഇടത് സിൻഡിക്കേറ്റിനും സംഘപരിവാറുമായി പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾഎന്താണ് ഉള്ളത്? ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം അടങ്ങിയ നയം നടപ്പാക്കാൻ തട്ടകം ഒരുക്കിക്കൊടുത്തിരിക്കുകയാണ് സിപിഐ(എം)ന്റെ നിയന്ത്രണത്തിലുള്ള സർവകലാശാല സമിതികൾ. സംസ്ഥാനത്തെ കോളജുകളിലെ അസംഖ്യം അദ്ധ്യാപക തസ്തികകളിൽ സ്ഥിരം നിയമനം നടത്തുന്നില്ല. ഭൂരിപക്ഷം കോളേജുകളിലും പ്രിൻസിപ്പൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്നു. 13ൽ 12  സർവ്വകലാശാലകളിലും സ്ഥിരം വൈസ്-ചാൻസലർമാരില്ല.

പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന  ഫാസിസ്റ്റ് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നാലുവർഷ ബിരുദ പരിപാടി കഴിഞ്ഞ വർഷം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തുകൊടുത്തത്. യുജിസി നിഷ്കർഷിക്കുന്നവിധത്തിൽ സിലബസ് പരിഷ്കരണം അപ്പടി നടപ്പാക്കി കൊടുക്കുകയാണ്. സ്വയംഭരണ കോളേജുകൾ വ്യാപമാക്കണമെന്ന ദേശീയ നയം കേരളത്തിൽ വളരെ ഊർജിതമായി നടപ്പാക്കുകയാണ്. എന്തിനേറെ,ഗോൾവാൾക്കറുടെയും സവർക്കറുടെയും  പുസ്തകങ്ങൾ കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കാൻ അനുമതി നൽകിയത് സിപിഐ(എം) നിയന്ത്രത്തിലുള്ള സിൻഡിക്കേറ്റ് ആയിരുന്നല്ലോ. അതിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളെ തുടർന്നാണ് അവ പിൻവലിച്ചത്. ദേശീയ വിദ്യാഭ്യാസനയ പ്രകാരമാണ് കേരളത്തിൽ സ്വകാര്യ സർവകലാശാല ബില്ല് നിയമസഭയിൽ കൊണ്ടുവന്നത്. സ്വകാര്യസർവ കലാശാലകളെ മാത്രല്ല വിദേശ സർവകലാശാലകളെയും അവർ സ്വാഗതം ചെയ്യുന്നു! ദേശീയ വിദ്യാഭ്യാസനയ പ്രകാരം പിഎം ശ്രീ പദ്ധതിയ്ക്കായി കേരളത്തിലെ സർക്കാർ സ്കൂളുകൾ കേന്ദ്ര സർക്കാരിന് വിട്ടുകൊടുക്കാൻ കേരള സർക്കാർ ആലോചിക്കുകയും അനുകൂമായി ആദ്യം പ്രതികരിക്കുകയും ചെയ്തു. ശക്തമായ എതിർപ്പുകൾമൂലമാണ് തല്ക്കാലം അതിൽനിന്ന് പിന്മാറിയത്. സ്ഥിരം അദ്ധ്യാപക നിയമന സങ്കൽപ്പം ക്രമേണ മാറ്റി കരാർ നിയമനങ്ങളിലേക്ക് തിരിച്ചുവിടുന്ന നയവും ദേശീയ വിദ്യാഭ്യാസ നയത്തിന്റേതാണ്. സ്വതന്ത്ര ഗവേഷണത്തെ തളർത്തുന്നതാണ്  ദേശീയ വിദ്യാഭ്യാസനയം. കേരളത്തിലോ?ഗവേഷകർക്ക് സ്കോളർഷിപ് തുക നൽകുന്നതിൽ സംസ്ഥാന സർക്കാർ കാട്ടുന്ന കുറ്റകരമായ കാലതാമസം മൂലം അനേകം ഗവേഷകർ റിസർച്ച് അവസാനിപ്പിച്ചുപോകുന്നു.

സ്കൂൾ വിദ്യാഭ്യാസത്തെ തകർത്ത ഡിപിഇപി വിദ്യാഭ്യാസ രീതികൾ സ്വീകരിക്കുന്നതിൽ കേരളത്തെ മാതൃകയാക്കിയാണ് ദേശീയ വിദ്യാഭ്യാസ നയം നീങ്ങുന്നത്. പഠിപ്പിക്കാതെ പാസ്സാക്കിവിടുന്ന ആൾ പ്രൊമോഷൻ സമ്പ്രദാത്തിനുവേണ്ടി ഡിപിഇപിയുടെ കാലം മുതൽ ഇക്കാലമാത്രയും കേരള സർക്കാർ നിലകൊണ്ടു. ക്ലസ്റ്റർ സ്കൂൾ, ക്ലസ്റ്റർ കോളജ് സംവിധാനം നടപ്പാക്കാനുള്ള നയത്തിന്റെ കാര്യത്തിലും കേന്ദ്രവും കേരളവും ഒരേ വഴിയിൽത്തന്നെ. നാക് അക്രഡിറ്റേഷൻ ഉൾപ്പടെയുള്ള എല്ലാ വാണിജ്യമാനദണ്ഡങ്ങളും സ്വീകരിച്ചാണ് ഇടത് ലേബൽവച്ച കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ വിദ്യാഭ്യാസ വിരുദ്ധ സമീപനത്തിന് അടിയറവെച്ചു കൊടുത്തിട്ടുള്ളത്.

അപ്പോൾ, നയപരമായി കേന്ദ്ര ബിജെപി സർക്കാരുമായി ഒരു വിയോജിപ്പും ഇല്ലാത്ത ഇടതുമുന്നണി സർക്കാരും അവരുടെ സർവകലാശാല യൂണിയനുകളും സർവകലാശാല ഭരണ നിയന്ത്രണാധികാരം കൈക്കലാക്കാൻവേണ്ടി മാത്രമാണ് ഗവർണറുമായി ഏറ്റുമുട്ടൽ നാടകങ്ങൾ നടത്തുന്നത്. നിയമനങ്ങളുടെ കാര്യത്തിൽ ഏത് പിൻവാതിൽ നിയമനം നടത്താനും എത്ര അധാർമികമായ തന്ത്രങ്ങൾ പയറ്റാനും സിപിഐ(എം) നേതാക്കൾക്ക് യാതൊരു മടിയുമില്ല എന്ന് ഇതിനകം പലവട്ടം തെളിയിച്ചതുമാണ്. അപ്പോൾ, എണ്ണമറ്റ പ്രതിസന്ധികളുടെ നടുവിലേക്ക് സർവകലാശാലകളെ തള്ളിവിട്ടതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും അവരുടെ സങ്കുചിത രാഷ്ട്രീയ താൽപര്യ പ്രകാരം ചലിക്കുന്ന സർവകലാശാല സമിതികളും ഉത്തരവാദികളാണെന്ന് വ്യക്തമാണ്. ഇത്തരമൊരു ഗുരുതര സാഹചര്യത്തിൽ, സർവകാശലകളെയും അവയുടെ സ്വയം ഭരണാവകാശത്തെയും  സംഘപരിവാറിന്റെ നികൃഷ്ട അജണ്ടയിൽനിന്നും സിപിഐ(എം)ന്റെ  സങ്കുചിത രാഷ്ട്രീയ കരുനീക്കങ്ങളിൽനിന്നും രക്ഷിക്കുവാൻ വിദ്യാഭ്യാസ സ്നേഹികളും പൊതുസമൂഹവും മുന്നോട്ടുവരാതെ തരമില്ല. 

കേന്ദ്ര -സംസ്ഥാന ഭരണാധികാരികളോ ഗവർണ്ണറോ മറ്റു ബാഹ്യശക്തികളോ സർവകലാശാലകളുടെ നടത്തിപ്പിൽ ഒരു കാരണവശാലും ഇടപെടാൻ പാടില്ല എന്ന ജനാധിപത്യ തത്വത്തെ മുറുകെപ്പിടിക്കാതെ നമ്മുടെ സർവ്വകലാശാലകളെ രക്ഷിക്കാനാവില്ല.  തടയേണ്ടത് ഗവർണർ പ്രതിനിധാനം ചെയ്യുന്ന  രാഷ്ട്രീയ പ്രത്യയശാസ്ത്ര അജണ്ടകളെയാണ്. അവ നടപ്പാക്കുന്ന ഇരട്ടത്താപ്പ് സിപിഐ(എം) സർക്കാർ അവസാനിപ്പിക്കണം. അദ്ധ്യാപക -വിദ്യാർത്ഥി സംഘടനകൾ കേന്ദ്ര സർക്കാരിന്റെ നയം നടപ്പാക്കുന്ന സംസ്ഥാന പിണറായി സർക്കാരിനെതിരെകൂടിയാവണം പ്രക്ഷോഭത്തിന്റെ കുന്തമുന തിരിക്കേണ്ടത്.

Share this post

scroll to top