മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ അധികരിച്ച് നാലു ദിവസം നീണ്ടുനിന്ന ദക്ഷിണേന്ത്യൻ സ്കൂൾ ഓഫ് പൊളിറ്റിക്സ് കർണാടകയിലെ മൈസൂരിൽ ബസന്ത് കൺവൻഷൻ ഹാളിൽ ജൂലൈ 18 മുതൽ 21 വരെ നടന്നു. ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പോണ്ടിച്ചേരി, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 1020 പാർട്ടി പ്രവർത്തകർ പങ്കെടുത്തു. ഏഴ് സെഷനുകളിലായി നടന്ന സ്കൂളിൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് വിവിധ വിഷയങ്ങളിലായി നടന്ന ക്ലാസ്സുകൾ നയിച്ചു. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങൾ സഖാക്കൾ കെ.രാധാകൃഷ്ണ, അമിതാവ ചാറ്റർജി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ സുഭാഷ് ദാസ് ഗുപ്ത, കെ.ശ്രീധർ, കെ.ഉമ, ജയ്സൺ ജോസഫ്, അമർനാഥ്, എ.രംഗസാമി എന്നീ സഖാക്കളും വേദിയിൽ ഉപവിഷ്ടരായിരുന്നു.
സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ വിശദമാക്കി, പ്രത്യയശാസ്ത്ര പഠനത്തിന്റെ അളവറ്റ പ്രാധാന്യമെന്തെന്ന് ആവർത്തിച്ചുറപ്പിച്ചുകൊണ്ട് പ്രഥമസെഷനിൽ സഖാവ് ചർച്ചകൾ ആരംഭിച്ചു. തുടർന്ന് എന്തുകൊണ്ട് മാർക്സിസം ജീവിതദർശനമായി നമ്മൾ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം വിശദമാക്കി. സത്യം കണ്ടെത്താനുള്ള ഉപാധിയെന്ന നിലയിൽ ആധുനികശാസ്ത്രത്തെ അംഗീകരിക്കുന്ന ഒരേയൊരു തത്വചിന്ത മാർക്സിസമാണെന്നതിനാലാണ് നാം അതിനെ വഴികാട്ടിയായി സ്വീകരിക്കുന്നത്. തുടർന്ന് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ലോകവീക്ഷണം വിശദമായി മൂന്ന് സെഷനുകളിലായി സഖാവ് പ്രതിപാദിച്ചു. പ്രകൃതി പ്രതിഭാസങ്ങളിലെന്ന പോലെതന്നെ ചരിത്രത്തിലും ദ്വന്ദ്വാത്മകതയുടെ തത്വങ്ങൾ പ്രയോഗിച്ചുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന്റെ അഗ്രിമാചാര്യനായ കാൾ മാർക്സ് കണ്ടെത്തിയ സാമൂഹ്യവികാസ നിയമങ്ങൾ വിശദമാക്കുന്ന ചരിത്രപരമായ ഭൗതികവാദത്തിന്റെ പാഠങ്ങൾ അദ്ദേഹം വിശദമാക്കി. പാർട്ടിസംഘടനാ തത്വങ്ങളും കമ്മ്യൂണിസ്റ്റ് പെരുമാറ്റച്ചട്ടവും ലളിതമായി അവതരിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റായി മാറാനുള്ള വിപ്ലവജീവിതസമരത്തിന്റെ സങ്കീർണ്ണമായ വശങ്ങൾ ആറാമത്തെ സെഷനിൽ ചൂണ്ടിക്കാട്ടി.
ഒടുവിൽ ഇന്നത്തെ സാർവ്വദേശീയ-ദേശീയ സാഹചര്യത്തിൽ ഒരേയൊരു തൊഴിലാളിവർഗ്ഗ വിപ്ലവ പാർട്ടിയായ എസ്‌യുസിഐ (സി)യെ ശക്തിപ്പെടുത്തുന്നതിനായി സഖാക്കൾ ചുമലിലേറ്റേണ്ടുന്ന കടമകൾ സഖാവ് പ്രൊവാഷ് ഘോഷ് വൈകാരികമായി അവതരിപ്പിച്ചു. സഖാവ് ശിബ്‌ദാസ് ഘോഷിന്റെ സ്മരണകളെ സാക്ഷിയാക്കി, ശ്രേഷ്ഠമായ വിപ്ലവജീവിതത്തിനായി സമർപ്പിക്കുമെന്ന ഒരേ മനസ്സോടെയുള്ള ഒന്നടങ്കം സഖാക്കളുടെയും തീരുമാനത്തിന്റെ അന്തരീക്ഷം അവിടെ തുളുമ്പിനിന്നു. എത്ര വലിയ പ്രതിസന്ധിയുടെ മുമ്പിലും പതറാതെ, സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ഉദ്ബോധനങ്ങൾ നിറവേറ്റിക്കൊണ്ട് ഇന്ത്യൻ വിപ്ലവത്തെ അതിന്റെ ചരിത്രപരിണതിയിലേക്ക്നയിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടാണ് സഖാക്കൾ സ്കൂളിൽനിന്നും പിരിഞ്ഞത്.
