ജൂൺ 12ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിനു പുറത്ത് എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണു. ക്രൂ അംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 276 വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു. അഹമ്മദാബാദിൽനിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പതിവായി ഷെഡ്യൂൾ ചെയ്തിരുന്ന അന്താരാഷ്ട്ര വിമാനമായിരുന്നു എയർ ഇന്ത്യ ഫ്ലൈറ്റ് 171. വിമാനം കഷണങ്ങളായി തകർന്ന് വലിയൊരു ഭൂവിഭാഗത്ത് പതിച്ചു. ഒരു ഭാഗം ബി.ജെ.മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിന്റെ കാന്റീനിൽ വീണു, മറ്റൊരു ഭാഗം, തിരക്കേറിയ സ്ഥലമായ റോജ്ഗർ കച്ചാരിയിൽ ഇടിച്ചു. എന്നാൽ, ഇത്രയും വലിയ ഒരു ദുരന്തത്തിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കാതെ, മോദി സർക്കാരിലെ രണ്ടാമനായ അമിത് ഷാ, ദാരുണമായ ഈ അപകടത്തിനുശേഷം പറഞ്ഞത്, “ഇതൊരു അപകടമാണ്, ആർക്കും അപകടങ്ങൾ തടയാൻ കഴിയില്ല” എന്നത്രെ!
ഒരു ഗൗരവമുള്ള ചോദ്യം ഇവിടെ ചോദിക്കാനുണ്ട്. ഒരു കേന്ദ്രമന്ത്രിക്ക്, ഒരു പൂർണ്ണ അന്വേഷണം നടത്തുന്നതിനുമുമ്പ് എങ്ങനെയാണ് ദാരുണമായ ഈ സംഭവത്തെ ഒരു അപകടമായി പ്രഖ്യാപിക്കാൻ കഴിയുക? കേന്ദ്ര ആഭ്യന്തരമന്ത്രി തന്റെ സർക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനും വിധിയുടെമേൽ പഴി ചാരാനും ശ്രമിച്ചപ്പോൾ, രേഖകൾ പറയുന്നത് വ്യത്യസ്തമായ കാര്യമാണ്. അത് ഒരു സംശയമുണർത്തുന്നു. ഇത് ഒഴിവാക്കാനാവാത്ത ഒരു അപകടമായിരുന്നോ? എന്തെങ്കിലും മാനുഷികമായ പിശകുകൾ സംഭവിച്ചിട്ടുണ്ടോ?
ബോയിംഗ് വിമാനങ്ങൾക്ക് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്
2011ൽ, ബോയിംഗ് 787 ഡ്രീംലൈനർ, വാണിജ്യ വ്യോമയാന വിപണിയിൽ ഒരു “മുന്നോട്ടുള്ള കുതിപ്പ്” എന്ന നിലയിലാണ് അവതരിപ്പിച്ചത്. ഭാരംകുറഞ്ഞ സംയോജിത വസ്തുക്കൾ, ദീർഘദൂര യാത്രാശേഷി, കൂടുതൽ ഇന്ധനക്ഷമത, യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവയൊക്കെ അവകാശപ്പെട്ടിരുന്നു. താമസിയാതെ, എയർ ഇന്ത്യ സൗത്ത് കരോലിന അസംബ്ലി ഫെസിലിറ്റിയിൽനിന്നുള്ള ജെറ്റ് തങ്ങളുടെ ഫ്ലീറ്റിൽ ഉൾപ്പെടുത്തി. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ അരങ്ങേറ്റം കുറിച്ചതുമുതൽ സാങ്കേതിക പ്രശ്‌നങ്ങളെച്ചൊല്ലി വിവാദങ്ങളുടെ കേന്ദ്രമായിരുന്നു ഡ്രീംലൈനർ.
കഴിഞ്ഞ ദശകത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. “2013 ന്റെ തുടക്കത്തിൽ ജാപ്പനീസ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഡ്രീംലൈനറുകളിൽ തീപിടുത്തമുണ്ടായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഒരു വിമാനം ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നതാണ്. മറ്റൊന്ന് ജപ്പാനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ലാൻഡ് ചെയ്യേണ്ടിവന്നത്. രണ്ട് വിമാനങ്ങൾക്കും തീപിടിച്ചത്, വിമാനങ്ങളുടെ വൈദ്യുത സംവിധാനത്തിന് ശക്തി പകരുന്ന ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടായതാണ് എന്ന് കണ്ടെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോകമെമ്പാടുമായി ബോയിംഗ് 787 വിമാനങ്ങളിലെ അപകടങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.” (ടൈം മാഗസിൻ: 13-06-25)
2018 ഒക്ടോബറിൽ ഒരു ലയൺ എയർ 737 മാക്സ് വിമാനം സർവീസ് നടത്തിയപ്പോൾ,സ്റ്റാളുകൾ തടയാൻ രൂപകൽപ്പന ചെയ്ത ഒരു പ്രോഗ്രാമായ മനോവറിംഗ് ക്യാരക്ടറിസ്റ്റിക്സ് ഓ ഗ്മെന്റേഷൻ സിസ്റ്റത്തിലെ (എംസിഎഎസ്) തകരാറുമൂലം അപകടമുണ്ടായി. ആ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചു. മാസങ്ങൾക്കുശേഷം, 2019 മാർച്ചിൽ, ഇതേ വിമാന മോഡൽ ഉപയോഗിച്ചിരുന്ന ഒരു എത്യോപ്യൻ എയർലൈൻസ് വിമാനം ഇതേ കാരണത്താൽ തകർന്നു, വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടു. അങ്ങനെ, ബോയിംഗ് വിമാനത്തിന്റെ പുതിയ മോഡൽ പറത്തുന്നതിനിടയിൽ, 346 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആ അപകടങ്ങൾക്ക് കാരണം തെറ്റായി രൂപകൽപ്പന ചെയ്ത ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്‌വെയറാണ്. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർക്ക് ഇവിടെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. യുഎസ് നിയമനിർമ്മാതാക്കളുടെ മുമ്പാകെ യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) മേധാവി മൈക്ക് വിറ്റേക്കർ പറഞ്ഞത്, 737 മാക്സ് വിമാനങ്ങളുടെ പരിശോധനയിൽനിന്ന് വ്യക്തമായത്, “ബോയിംഗിലെ ഗുണനിലവാര സംവിധാനം അസ്വീകാര്യമാണെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നും” ആണ്. 2024 ജനുവരിയിൽ ഒറിഗോണിലെ പോർട്ട്‌ലാൻഡിൽനിന്ന് പറന്നുയർന്നതിനു തൊട്ടുപിന്നാലെ അലാസ്ക എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 9 വിമാനത്തിൽനിന്ന് ഒരു വാതിൽ ഇളകിത്തെറിച്ചു. വാതിൽ ശരിയായി ഉറപ്പിച്ചിരുന്നില്ലെന്നാണ് ഒരു വാർത്താറിപ്പോർട്ട് പറഞ്ഞത്. ബോൾട്ടുകൾ ഡോർ പാനലിൽ കുടുങ്ങിയതാകാം പൊട്ടിത്തെറിക്കാൻ കാരണം. ഡോർ പ്ലഗ് ബോയിംഗിന്റെ വിതരണക്കാരായ സ്പിരിറ്റ് എയ്‌റോസിസ്റ്റംസ് നിർമ്മിച്ചതാണ്. എയ്‌റോസ്‌പേസ് ഭീമന് കൈമാറുന്നതിനുമുമ്പ് ഫ്യൂസ്‌ലേജിൽ ഇത് ഇൻസ്റ്റാൾ ചെയ്തിരുന്നു.
ബോയിംഗ് 787 വിമാനങ്ങളിൽ എഞ്ചിനുകൾ, ഗിയറുകൾ, ഫ്ലാപ്പുകൾ, ക്യാബിൻ മർദ്ദം നഷ്ടപ്പെടൽ, ഉയരം എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് സംഭവങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എയ്‌റോഇൻസൈഡിന്റെ കണക്കുകൾ പറയുന്നു. എയർ ഇന്ത്യ തന്നെ ഒരു ദശാബ്ദത്തിലേറെയായി ഈ വിമാനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഏറ്റവും പുതിയത് 2024 ഡിസംബർ 13 ന് ന്യൂഡൽഹിയിൽനിന്ന് ബർമിംഗ്ഹാമിലേക്കുള്ള യാത്രയിലായിരുന്നു. എഐ-113 വിമാനം ബർമിംഗ്ഹാമിന്റെ റൺവേയിലേക്കു പ്രവേശിക്കുമ്പോൾ നോസ് ഗിയറിൽ ഹൈഡ്രോളിക് ചോർച്ച റിപ്പോർട്ടുചെയ്തു. ഇതോടെ, 28 മണിക്കൂർ അവിടെ തങ്ങേണ്ടിവന്നു. ബോയിംഗിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനങ്ങളെക്കുറിച്ച് യുഎസ് സർക്കാരിന് നൽകിയ അവലോകന റിപ്പോർട്ട് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സീനിയർ മാനേജ്‌മെന്റും സാധാരണ ജീവനക്കാരും തമ്മിലുള്ള പൊരുത്തക്കേടും, സുരക്ഷയുമായി ബന്ധപ്പെട്ട സന്ദേശങ്ങളും നിർദ്ദേശങ്ങളും മറ്റും കമ്പനിയിലുടനീളം ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല എന്നതിന്റെ സൂചനകളും കണ്ടെത്തുകയുണ്ടായി.
യുഎസ് ആസ്ഥാനമായുള്ള വിമാന നിർമ്മാണ ഭീമനായ ബോയിംഗ്, നിർമ്മാണസംബന്ധമായ പിഴവുകളോട് ഉദാസീനതപുലർത്തുക, വിമാനത്തിനുള്ളിൽ നിന്ന് അവശിഷ്ട സാമഗ്രികൾ നീക്കം ചെയ്യാതിരിക്കുക, ടോളറൻസ് പരിശോധനയിൽ പരാജയപ്പെടുക തുടങ്ങിയ കാര്യങ്ങൾക്ക് മുമ്പും നിരീക്ഷണവിധേയമായിട്ടുണ്ട്. ആവർത്തിച്ചുള്ള പരാതികൾ, എഫ്‌എഎയുടെ സൂക്ഷ്മപരിശോധനയ്ക്കും ആന്തരിക ഓഡിറ്റുകൾക്കും ഇടയാക്കി. 2021 നും 2022 നും ഇടയിൽ ഏതാണ്ട് എല്ലാ 787 ഡെലിവറികളും നിർത്തിവയ്ക്കാൻ ബോയിംഗിനെ ഇത് നിർബ്ബന്ധിതമാക്കുകയും ചെയ്തു. ലോക വിപണിയിൽ ഫ്രാൻസ് ആസ്ഥാനമായുള്ള എയർബസ് കമ്പനിയുമായുള്ള കടുത്ത മത്സരവുമായും ഈ വിട്ടുവീഴ്ചകൾക്ക് ബന്ധമുണ്ട്.
ബോയിംഗിന്റെ 787 ഡ്രീംലൈനറിലെ സുരക്ഷാ ആശങ്കകളെക്കുറിച്ച്
വിസിൽബ്ലോവർമാർ പുറത്തു കൊണ്ടുവന്ന കാര്യങ്ങൾ
2017ൽ വിരമിച്ച മുൻ ഗുണനിലവാര നിയന്ത്രണ എഞ്ചിനീയറായ ജോൺ ബാർനെറ്റ് 2019 ൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഉൽപാദന സമ്മർദ്ദത്തിൽ, തൊഴിലാളികൾ അസംബ്ലി ലൈനിൽ നിലവാരമില്ലാത്ത പാർട്സുകൾ ഫിറ്റു ചെയ്യുന്നുണ്ടെന്നും വിമാനത്തിന്റെ ഓക്സിജൻ സംവിധാനങ്ങളിലെ തകരാറുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന അടിയന്തര ശ്വസന മാസ്കുകൾ പരാജയപ്പെടാനുള്ള സാധ്യത ഇത് നാലിന് ഒന്ന് എന്ന നിലയിൽ ഉയർത്തുന്നു. വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങളെ ബന്ധിപ്പിക്കുന്ന വയറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വയറുകളുടെ ഇൻസുലേഷനിൽ ഷേവിംഗുകൾ തുളച്ചുകയറാനുള്ള സാധ്യത നിലവിലുണ്ടായിരുന്നു, ഇത് വലിയ “ദുരന്തം” ക്ഷണിച്ചുവരുത്തുമെന്നും ബാർ നെറ്റ് മുന്നറിയിപ്പു നൽകി. 787 കളിൽ കേടായതോ നിലവാരമില്ലാത്തതോ ആയ പാർട്സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നുംബാർനെറ്റ് ആരോപിച്ചു. അതിൽ, ഒരു സീനിയർ മാനേജർ സ്ക്രാപ്പ് അടങ്ങിയ ഒരു ബിന്നിൽനിന്ന് കണ്ടെടുത്ത ഒരു പൊട്ടുന്ന ഹൈഡ്രോളിക് ട്യൂബും ഉൾപ്പെടുന്നുണ്ടത്രെ. ബോയിംഗ് ഈ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും യുഎസ് റെഗുലേറ്ററായ എഫ്എഎയുടെ 2017 ലെ അവലോകനം മിസ്റ്റർ ബാർനെറ്റിന്റെ ചില ആശങ്കകളെ ശരിവയ്ക്കുന്നതായിരുന്നു. എന്നിരുന്നാലും, ഷോർട്ട് സർക്യൂട്ട് സാദ്ധ്യതയുള്ള ഫ്ലോർബോർഡ് ഫാസ്റ്റനറുകളുടെ ലോഹ സ്ക്രാപ്പുകൾ ചിതറിക്കിടക്കുന്ന വയർ ബണ്ടിലുകളും ഇലക്ട്രിക്കൽ ബോക്സുകളും ഡിസ്അസംബ്ലിംഗ് ചെയ്യാനും വൃത്തിയാക്കാനും തൊഴിലാളികളെ നിർബന്ധിച്ചതിന്റെ പേരിൽ ബാർനെറ്റിനെ തരംതാഴ്ത്തുകയും പുറത്താക്കുകയും ചെയ്തു. കമ്പനിക്കെതിരായ ഒരു വിസിൽബ്ലോവർ കേസിൽ തെളിവ് നൽകിയതിന്റെ പിറ്റേന്ന് അദ്ദേഹത്തെ സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണം “സ്വയം വെടിവെച്ചതുമൂല” മാണെന്ന് പറയപ്പെട്ടു.
അന്യവസ്തുക്കളുടെ അവശിഷ്ടങ്ങൾ (FOD) നിറഞ്ഞ, അനുചിതമായി ബന്ധിപ്പിച്ച വയർ ബണ്ടിലുകൾ കയറ്റിയയക്കാൻ അനുമതി നൽകാത്തതിന്റെ പേരിൽ മറ്റൊരു ഗുണനിലവാര മാനേജരെയും പിരിച്ചുവിട്ടു. 2010ൽ 787 പരീക്ഷണ പറക്കലിൽ ഉണ്ടായ വൻ എഞ്ചിൻ തീപിടുത്തത്തിലും 2016 ൽ ചാൾസ്റ്റണിൽ നടന്ന മറ്റൊരു പരീക്ഷണ പറക്കലിലും FOD കാരണമായിരുന്നു. എന്നാൽ ബോയിംഗ് അധികാരികൾ അത് മറച്ചുവച്ചു.
ബോയിംഗ് കമ്പനിക്ക് പാർട്ട്സ് നൽകുന്ന സ്പിരിറ്റ് എയ്‌റോസിസ്റ്റംസിലെ മുൻ ഗുണനിലവാര ഓഡിറ്ററായ ജോഷ്വ ഡീൻ, ‘ഗുണനിലവാര മാനേജ്‌മെന്റിന്റെ ഗുരുതരമായ പെരുമാറ്റദൂഷ്യം’ചൂണ്ടിക്കാണിക്കുകയുണ്ടായി. 737 പ്രൊഡക്ഷൻ ലൈനിലെ സീനിയർ ഗുണനിലവാര മാനേജ്‌മെന്റിന്റെ ഗുരുതരമായ പെരുമാറ്റദൂഷ്യം ചൂണ്ടിക്കാണിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ (എഫ്എഎ) അദ്ദേഹം പരാതി നൽകി. കഴിഞ്ഞ വർഷം ഡീനിനെ അവർ പുറത്താക്കി. സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിന് പ്രതികാരമായാണ് തന്റെ പിരിച്ചുവിടൽ എന്നാരോപിച്ച് തൊഴിൽ വകുപ്പിൽ അദ്ദേഹം പരാതി നൽകി. ശ്വാസതടസ്സം, ന്യുമോണിയ, ഗുരുതരമായ അണുബാധ എന്നിവയെ തുടർന്ന് അദ്ദേഹം ദുരൂഹ മരണത്തിന് കീഴടങ്ങി.
സ്പിരിറ്റ് എയറോ സിസ്റ്റംസിന്റെ കരാറുകാരായ സ്ട്രോം ൽ ജോലി ചെയ്തിരുന്ന മെക്കാനിക്കായ റിച്ചാർഡ് ക്യൂവാസ്, 2023ൽ, 787 വിമാനങ്ങളുടെ ഫോർവേഡ് പ്രഷർ ബൾക്ക്ഹെഡുകളിൽ അനാവശ്യമായി ചില ദ്വാരങ്ങൾ തുരന്നതായി കണ്ട കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. “നിലവാരമില്ലാത്ത നിർമ്മാണവും അറ്റകുറ്റപ്പണികളും ” ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ അദ്ദേഹം ബോയിംഗിനും സ്പിരിറ്റിനും പരാതി നൽകി, കുറച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തെ പിരിച്ചുവിട്ടു.
2024 ഏപ്രിലിൽ, ബോയിംഗ് എഞ്ചിനീയറായ സാം സാലെഹ്പൂർ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് നൽകിയ ഔപചാരിക പരാതിയിൽ 787 ഡ്രീംലൈനർ പ്രോഗ്രാമിൽ നിരവധി “വ്യവസ്ഥാപരവും നിർമ്മാണ രീതികളിലുമുള്ള ” പല പിഴവുകളും ചൂണ്ടിക്കാണിക്കുക യുണ്ടായി. ബോയിംഗ് പ്രധാന പരിശോധനകൾ ഒഴിവാക്കിയതായും ഫ്യൂസ്ലേജ് വിഭാഗങ്ങൾ തെറ്റായി ക്രമീകരിച്ചതായും ആന്തരിക ആശങ്കകൾ അവഗണിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. പോരായ്മകൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഫ്ലീറ്റിന് കാലപ്പഴക്കം കൂടുന്നതോടെ അത് ഒരു “ടൈം ബോംബ്”ആകുമെന്ന് സാലെഹ്പൂർ മുന്നറിയിപ്പു നൽകി. ബോയിംഗ് “ഉൽപാദനം വേഗത്തിലാക്കാൻ കോണുകൾ വെട്ടിക്കുറച്ചു” എന്നും ഇത് ജെറ്റിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. 1,000ത്തിലധികം ഡ്രീംലൈനറുകളെ ഈ പ്രശ്‌നങ്ങൾ ബാധിച്ചേക്കാമെന്ന് അദ്ദേഹം കണക്കാക്കി. എന്നാൽ, വിസിൽബ്ലോവർമാർ ഉന്നയിച്ച ആശങ്കകൾ ഗൗരവമായെടുക്കുകയുണ്ടായില്ല. ഉൽപാദന വൈകല്യങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുന്ന പരിശോധനയോ സ്ഥിരീകരണമോ ഇല്ലാതെ വിമാനങ്ങൾ പുറത്തിറക്കിക്കൊണ്ടിരി ക്കുകയാണുണ്ടായതു്.
എയർ ഇന്ത്യയുടെ പങ്കും ചോദ്യം ചെയ്യപ്പെടുന്നു
1953-ൽ ദേശസാൽക്കരിച്ച എയർ ഇന്ത്യയെ 2021ൽ ടാറ്റ ഗ്രൂപ്പിന് 1800 കോടി രൂപയ്ക്ക് കൈമാറി. അപ്പോൾ എയർ ഇന്ത്യയുടെ ആകെ കടം 61,562 കോടി രൂപയായിരുന്നു. എയർ ഇന്ത്യയുടെ കടത്തിൽ 15,300 കോടി രൂപ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ബാക്കി 46,262 കോടി രൂപ സർക്കാരിന്റെ എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡ് (AIAHL) ഏറ്റെടുത്തു. എയർലൈനിന്റെ പകുതി വായ്പകളും അതിന്റെ നാല് യൂണിറ്റുകളും നോൺ-കോർ ആസ്തികളും കൈവശം വയ്ക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക കമ്പനിയാണിത്.
1990കളുടെ തുടക്കത്തിൽ മുതലാളിത്ത ആഗോളവൽക്കരണം നിലവിൽ വന്നതിനുശേഷം, മികച്ച മാനേജ്‌മെന്റും കാര്യക്ഷമമായ സേവനവും ഉറപ്പാക്കുമെന്ന വ്യാജേന എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിലെയും സേവന വ്യവസായങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വ്യവസായങ്ങളുടെയും സ്വകാര്യവൽക്കരണം ആരംഭിച്ചു. പൊതു പണം ഉപയോഗിച്ച് സർക്കാർ സൃഷ്ടിച്ചെടുത്ത യൂണിറ്റുകൾ സ്വകാര്യ മൂലധനശക്തികൾ ഏറ്റെടുത്തു. തുടർന്ന് റെയിൽവേ, റോഡ് ഗതാഗതം, വ്യോമയാനം തുടങ്ങിയ അവശ്യ പൊതു സേവനങ്ങൾപോലും ഏറ്റെടുക്കുകയും ലാഭം പരമാവധിയാക്കുക എന്ന ഏക ലക്ഷ്യത്തോടെ ഈ സേവനങ്ങൾ ചരക്കുകളായി വിൽക്കാൻ തുടങ്ങുകയും ചെയ്തു. മെച്ചപ്പെട്ട സേവനത്തിന്റെ പേരിലും ആധുനികവൽക്കരണത്തിന്റെ പേരിലുമായിരുന്നു പുന:സംഘാടനം. സർക്കാരിന്റെ ഉടമസ്ഥതയിൽ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഉണ്ടായ അധപതനം സ്വകാര്യവൽക്കരണത്തിന് ന്യായീകരണമായി. യാത്രാ നിരക്കുകൾ കുത്തനെ കൂട്ടിയും യാത്രക്കാരുടെ സുര ക്ഷ അവഗണിച്ചുo സൗകര്യങ്ങൾ മെച്ചപ്പെടുത്താതെയും സമയനിഷ്ഠ പാലിക്കാതെയും സ്വന്തം കീശ വീർപ്പിക്കുന്നതിൽ മാത്രം തത്പരരായും അവർ യാത്രക്കാരെ ദ്രോഹിച്ചു. ഇപ്പോൾ സേവന മേഖലയിൽ, അടിസ്ഥാന നിരക്കിന് പുറമേ പലചാർജുകളും ഈടാക്കുന്നുണ്ട്. ഉദാഹരണത്തിന്, ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ പാക്കറ്റുകൾ നൽകുന്നത് നിർത്തലാക്കി. അമിത വില നൽകി ഭക്ഷണം വാങ്ങണം. മുമ്പ്, ഏതെങ്കിലും വിമാനം ഒരു മണിക്കൂറിൽ കൂടുതൽ വൈകിയാൽ, യാത്രക്കാർക്ക് വിമാനത്താവള ലോഞ്ചിൽ ഭക്ഷണം നൽകിയിരുന്നു. അതും നിർത്തി. ബിസിനസ് ക്ലാസും ഇക്കണോമി ക്ലാസും തമ്മിലുള്ള നിരക്കിലെ വ്യത്യാസം എല്ലാ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ട്രെയിൻ യാത്രയിലും, യാത്രാ നിരക്ക് ഗണ്യമായി വർദ്ധിപ്പിച്ചു കൊണ്ട് പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് ട്രെയിനുകളായി പുനർനാമകരണം ചെയ്തിട്ടുണ്ട്. ബോഗികൾ ജീർണാവസ്ഥയിലാണ്, ടോയ്‌ലറ്റുകൾ ഇല്ല അല്ലെങ്കിൽ പലപ്പോഴും ഉപയോഗിക്കാൻ കൊള്ളില്ല. ബോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയ്ക്കുന്നു. സമ്പന്നർക്കായി വളരെ ഉയർന്ന ടിക്കറ്റ് നിരക്കിൽ വിഐപി ഡീലക്സ് ട്രെയിനുകൾ അവതരിപ്പിക്കുന്നു. ശരിയായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ ട്രെയിൻ അപകടങ്ങൾ പതിവായിട്ടുണ്ട്. ജീവനക്കാരുടെ കുറവു കാരണം പൈലറ്റുമാരും ലോക്കോ പൈലറ്റുമാരും പലപ്പോഴും അധിക സമയം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. അഴിമതി വ്യാപകമാണ്. എയർ ക്രൂ അംഗങ്ങളുടെ സേവന നിലവാരം കുറഞ്ഞു.
റോഡ് നികുതിയും യാത്രാ നിരക്കുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും റോഡ് ഗതാഗതവും ഇതേ പാത പിന്തുടരുന്നു. വ്യോമയാന, റെയിൽവേ, റോഡ് ഗതാഗത മന്ത്രിമാർ വർഷം മുഴുവനും എന്താണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ല, അവർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും പൊതു ഖജനാവിൽനിന്ന് വലിയ ശമ്പളം വാങ്ങുകയും ചെയ്യുന്നു. മുമ്പ്, ഒരു വലിയ ട്രെയിൻ അപകടമോ വിമാന അപകടമോ ഉണ്ടായാൽ, ഉത്തരവാദിത്തബോധമുള്ള മന്ത്രിമാർ രാജിവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ, സ്വകാര്യ ഓപ്പറേറ്റർമാരുമായി അവിഹിതബന്ധം സ്ഥാപിക്കാൻ സാധ്യതയുള്ള ഒരു ലാഭകരമായ തൊഴിലായി മന്ത്രിപദം മാറിയിട്ടുണ്ട്. മന്ത്രിമാർക്കുമേൽ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഒരു സൂചനയും കാണുന്നില്ല. 2018 ലും 2019 ലും ഉണ്ടായ രണ്ട് മാരകമായ അപകടങ്ങളുടെ പേരിൽ ബോയിംഗ് നിയമപ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് അടുത്തിടെയുണ്ടായ അഹമ്മദാബാദ് വിമാനാപകടം.
അഹമ്മദാബാദ് അപകടത്തിനു പിന്നിൽ നിഗൂഢത
എല്ലാ പറക്കൽ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ സമയക്രമം പാലിച്ച് ചെയ്യുന്നതിനു പകരം പലപ്പോഴും പരിശോധന ഒഴിവാക്കുന്നുണ്ടെന്ന് എയർലൈൻ ജീവനക്കാർക്കിടയിൽ സംസാരമുണ്ട്. ലണ്ടനിലേക്കുള്ള യാത്രാമധ്യേ അഹമ്മദാബാദിൽ തകർന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അതിനുമുമ്പ് ഡൽഹി-അഹമ്മദാബാദ് ആഭ്യന്തര സർവീസിനായി ഉപയോഗിച്ചിരുന്നു. വിമാനത്തിൽ എയർ കണ്ടീഷനർ പ്രവർത്തിച്ചി രുന്നില്ലെന്നും കാബിനുകളിൽ വിനോദ സ്‌ക്രീനുകൾ, കോൾ ബട്ടണുകൾ, വായനാ ലൈറ്റുകൾ എന്നിവ തകരാറിലായിരുന്നെന്നും വിമാനത്തിലെ ഒരു യാത്രക്കാരൻ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എസി തകരാറ്, എഞ്ചിൻ അമിതമായി ചൂടാകുന്നതിനെയും മെക്കാനിക്കൽ പ്രശ്നങ്ങൾ, ഇലക്ട്രിക്കൽ അല്ലെങ്കിൽ പ്രവർത്തന തകരാറുകൾ എന്നിവയെയും സൂചിപ്പിക്കുന്നു. അല്ലെങ്കിൽ ബ്ലീഡ് എയർ (മർദ്ദം കൂട്ടാനും തണുപ്പിക്കലിനും വേണ്ടി എഞ്ചിനുകളിൽ നിന്ന് എടുക്കുന്ന വായു) എഞ്ചിൻ ഓയിൽ അല്ലെങ്കിൽ മറ്റ് പുകകളുമായി കലർന്ന് മലിനമാകുന്നു. അങ്ങനെയെങ്കിൽ, മുൻ ഫ്ലൈറ്റിൽ ശ്രദ്ധയിൽപ്പെട്ട അത്തരം തകരാറുകൾ ഈ ദീർഘദൂര അന്തർദ്ദേശീയ പറക്കലിനുമുമ്പ് ശരിയാക്കിയിരുന്നോ എന്ന ചോദ്യം ഉയരുന്നു.
രണ്ടാമതായി, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക സംഘർഷത്തിൽ പാകിസ്ഥാനെ തുർക്കി പിന്തുണച്ചതിനാൽ, വൈഡ്-ബോഡി വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഇതുവരെ ഏർപ്പെടുത്തിയിരുന്ന തുർക്കി വ്യോമയാന സേവന ദാതാവായ ടർക്കിഷ് ടെക്‌നിക്കിനെ പിൻവലിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പകരം, ഈ ചുമതല എ ഐ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിനും (AIESL) ചിലത് സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനമായ എസ് ഐ എ എഞ്ചിനീയറിംഗ് കമ്പനിക്കും നൽകിയിട്ടുണ്ട്. വിമാനം പറന്നുയർന്ന ഉടൻതന്നെ, 626 അടി പോലും ഉയരാതെ തകർന്നുവീണതും അതിന്റെ രണ്ട് എഞ്ചിനുകളും ഒരേസമയം തകരാറിലായതും ഉൾപ്പെടെ ഈ അപകടത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ അറ്റകുറ്റപ്പണികളിൽ എന്തെങ്കിലും പിഴവ് ഉണ്ടായിരുന്നോ എന്ന വലിയ ചോദ്യം ഉയരുന്നു. തീർച്ഛയായും സ്വകാര്യവൽക്കരണം ഗതാഗത മേഖലയ്ക്ക് ഒരു അനുഗ്രഹമല്ലെന്നും അത് ഒരു ശാപമാണെന്നും തെളിയിക്കപ്പെടുകയാണ്. ലാഭത്തിനായുള്ള അത്യാഗ്രഹം ശക്തമാകുമ്പോൾ അത് മറ്റൊന്നും പരിഗണിക്കുന്നില്ല. ഇതാണ് ജീർണിച്ചുകൊണ്ടിരിക്കുന്ന പിന്തിരിപ്പൻ മുതലാളിത്ത ഭരണത്തിന്റെ യഥാർത്ഥ മുഖം.
എയർ ഇന്ത്യ വിമാനാപകടത്തിനുശേഷം
ഈ വിമാനാപകടം രാജ്യത്തെയാകെ അഗാധമായ ദുഃഖത്തിലേക്ക് കൂപ്പുകുത്തിച്ചു. ഡ്രീംലൈനറിന്റെ തകർച്ച മൂലം സ്വപ്നങ്ങൾ തകർന്ന ഇരകളെ ഓർത്ത് എല്ലാവരും അങ്ങേയറ്റം ദുഃഖിച്ചു. കലാപബാധിതമായ മണിപ്പൂരോ ഭീകരാക്രമണം ബാധിച്ച കാശ്മീരോ സന്ദർശിക്കാത്ത പ്രധാനമന്ത്രി മോദി മാദ്ധ്യമങ്ങളുടെ അകമ്പടിയോടെ അപകട സ്ഥലം സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയില്ല. തകർന്ന വിമാനത്തിനു താഴെനിന്നുള്ള അദ്ദേഹത്തിന്റെ പോസുകൾ മാധ്യമങ്ങളിൽ നിറഞ്ഞു. പൗരന്മാരോട് തനിക്ക് ഏറെ ഉത്തരവാദിത്തമുണ്ടെന്ന് തോന്നിപ്പിക്കും വിധം, സ്ഥിതിഗതികൾ വിലയിരുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമുള്ള യോഗത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുത്തു. ഈ ഉത്തരവാദിത്വബോധം നേരത്തെ കാണിച്ചിരുന്നെങ്കിൽ ഈ അപകടംതന്നെ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നതല്ലേ സത്യം.
