ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രാപകലുഴലേണ്ടി വരുന്ന ഈ രാജ്യത്തെ സാധാരണക്കാരന് ഇന്ന് തെരുവുനായ്ക്കളെ ഭയന്നല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു. കേരളത്തിന്റെ കാര്യമെടുത്താൽ, 2024ൽ 3.16 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായും അതിൽ 26 പേർ പേവിഷബാധമൂലം മരിച്ചതായും ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2025ൽ ആദ്യ അഞ്ചു മാസംകൊണ്ടുതന്നെ കേരളത്തിൽ, നായ്ക്കളുടെ കടിയേൽക്കുന്ന 1,65,000 ലധികം കേസുകളും പേവിഷബാധ കൊണ്ടുള്ള 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇതിൽ ഭൂരിഭാഗം കേസുകളിലും കുട്ടികളോ പ്രായമായവരോ ആണ് ഇരകൾ എന്നതും, പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചവർക്കു പോലും രോഗമുണ്ടായി എന്നതും അതീവഭീകരമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നമ്മുടെ രാജ്യവും വിശേഷിച്ച് കേരളവും നേരിടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളിലൊന്നാണിത് എന്ന് വ്യക്തമായിട്ടും തികച്ചും ഉദാസീനമായ നിലപാടു തുടരുകയാണ് സർക്കാരുകൾ. കേന്ദ്രസർക്കാരിന്റെ നിയമങ്ങളെയും സുപ്രീംകോടതിയുടെ തടസ്സങ്ങളെയും പഴിചാരി കൈകഴുകുകയാണ് സംസ്ഥാന സർക്കാർ.
2001ൽ അന്നത്തെ ബിജെപി സർക്കാർ വേണ്ടത്ര പഠനങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ കൊണ്ടുവന്ന എബിസി ചട്ടങ്ങളാണ് ഇന്നും ഇക്കാര്യത്തിൽ കോടതികളടക്കം അവസാനവാക്കായി എടുക്കുന്നത്. ഇതുപ്രകാരം, ഇപ്പോൾ പേവിഷബാധയുള്ളതോ അക്രമകാരികളോ ആയ നായകളെപോലും കൊല്ലാൻ പാടില്ല. അവയെ പിടികൂടി വന്ധ്യംകരിച്ച് പേവിഷപ്രതിരോധ കുത്തിവെയ്പ്പെടുത്ത്, എവിടെ നിന്ന് പിടിച്ചോ അവിടെ തിരികെ കൊണ്ടുവിടണമത്രേ. നായശല്യം കാരണം പൊറുതിമുട്ടി, പരാതി പറഞ്ഞ് മടുത്ത് ഇനി എവിടെയെങ്കിലും ആരെങ്കിലും തെരുവുനായ്ക്കളെ സ്വന്തം നിലയിൽ കൈകാര്യം ചെയ്യാനിറങ്ങിയാൽ അവർക്കെതിരെ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമവും മറ്റ് ക്രിമിനൽ വകുപ്പുകളുമടക്കം ചാർത്തി കേസെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം തെരുവുനായ പ്രശ്നം അതിരൂക്ഷമായ സമയത്ത് ജനരോഷമുയർന്നപ്പോൾ, അതിനെ വളച്ചൊടിച്ച് കേരളത്തിനെതിരെയുള്ള വിദ്വേഷപ്രചാരണമാക്കിവരെ മാറ്റി നായ്ക്കൾക്കെതിരെയുള്ള നടപടികൾ പിടിച്ചുകെട്ടിച്ചതും നമ്മൾ കണ്ടതാണ്. ഫലമോ, തെരുവുനായകളുടെ ആക്രമണവും പേവിഷ ബാധയേറ്റുള്ള മരണങ്ങളും വർദ്ധിക്കുന്നു. ഇതിന്റെ ദുരന്തഫലമനുഭവിക്കുന്നത് റോഡിലൂടെ നടക്കുകയോ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന ഇവിടത്തെ സാധാരണക്കാരാണ്. അന്നന്നത്തെ അന്നം കണ്ടെത്താൻവേണ്ടി പകലന്തിയോളം പണിയെടുക്കേണ്ടി വരുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികളാണ്. ബഹുരാഷ്ട്ര കമ്പനികൾക്കായി രാത്രിയെ പകലാക്കി ഷിഫ്റ്റിലും അധികസമയത്തും പണിയെടുക്കുന്നവരും ഗിഗ് തൊഴിലാളികളുമാണ്. അവരുടെയൊക്കെ കുഞ്ഞുങ്ങളടക്കമുള്ള കുടുംബാംഗങ്ങളുമാണ്. അല്ലാതെ, വമ്പിച്ച ഫണ്ടിങ്ങുള്ള മൃഗസ്നേഹി സംഘടനകളുടെ തലപ്പത്തുള്ള സമ്പന്നരോ, ചില്ലുമേടയിലിരിക്കുന്ന ഭരണാധികാരികളോ ന്യായാധിപരോ അല്ല. അവർ ഇത്തരം തലതിരിഞ്ഞ നിയമങ്ങളും ചട്ടങ്ങളും അടിച്ചേൽപ്പിച്ച് ജനജീവിതംകൊണ്ട് പന്താടാൻ തുനിയുന്നത്, കേവലം ജന്തുസ്നേഹംകൊണ്ടോ, വിവരമില്ലായ്മകൊണ്ടോ അല്ല, ബോധപൂർവ്വമാണ്. ഇതിനു പിന്നിലെ വിപണിതാത്പര്യം സുവ്യക്തമാണ്. അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ മറഞ്ഞിരിക്കുന്ന വർഗരാഷ്ട്രീയംകൂടി മനസ്സിലാക്കിത്തന്നെവേണം നമ്മൾ ഈ ഗുരുതരപ്രശ്നത്തെ സമീപിക്കാൻ.
നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി ഇതിനു പരിഹാരം കാണണം എന്ന് ഒരിക്കലും ആവശ്യപ്പെടുന്നില്ല. കാരണം അതും ശാസ്ത്രീയമല്ല. പക്ഷേ, ഈ നാട്ടിലെ പൗരന് സുരക്ഷിതമായി ജീവിക്കാനും, തെരുവിലൂടെ ഭയമില്ലാതെ സഞ്ചരിക്കാനുമുള്ള അവകാശമുണ്ട്. അതിന് തെരുവിൽനിന്ന് അലഞ്ഞുതിരിയുന്ന നായ്ക്കളെ അടിയന്തരമായി മാറ്റേണ്ടതുണ്ട് എന്നത് ഇന്നത്തെ സാഹചര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത കാര്യം തന്നെയാണ്. അവയെ തെരുവിൽനിന്നു മാറ്റി, വിദേശരാജ്യങ്ങളിലെ പോലെ, പ്രത്യേകം ഷെൽറ്ററുകളിലാക്കി സംരക്ഷിക്കണം. പക്ഷേ, അതിന് അനുവദിക്കില്ല, അവയെ തിരികെ തെരുവിൽ തന്നെയാക്കണം എന്ന പിടിവാശി ഈ കപടജന്തുസ്നേഹികൾ കാണിക്കുന്നയിടത്താണ് ഇതിലെ പൊള്ളത്തരം നമ്മൾ തിരിച്ചറിയേണ്ടത്. അത് ആരുടെ താത്പര്യത്തെയാണ് സംരക്ഷിക്കുന്നത്? ഇതിന് വഴങ്ങിക്കൊടുത്ത് നമ്മൾ എത്ര ഗുരുതരമായ ഒരു ആരോഗ്യപ്രതിസന്ധിയാണ് വിളിച്ചുവരുത്തിയതെന്ന് മനസ്സിലാക്കി, ഇനിയെങ്കിലും സാമാന്യയുക്തിക്കു നിരക്കുന്ന ശാസ്ത്രീയപരിഹാരം അടിയന്തരമായി തെരുവുനായ വിഷയത്തിൽ നടപ്പാക്കാൻ ഭരണകൂടം തയ്യാറായേ മതിയാവൂ.
പേവിഷബാധ എന്ന ദുരന്തം
ഏറ്റവും ഭീകരമായ രോഗങ്ങളിലൊന്നാണ് പേവിഷബാധ. രോഗം ബാധിച്ചാൽ നൂറു ശതമാനം മരണം ഉറപ്പായ ഒന്ന്. പട്ടി, പൂച്ച, തുടങ്ങി വിവിധ മൃഗങ്ങളുടെ കടിയോ മാന്തോ ഏൽക്കുന്നതിലൂടെയാണ് രോഗബാധയുണ്ടാകുന്നത്. പ്രതിരോധ കുത്തിവെയ്പ്പല്ലാതെ ചികിത്സയുമില്ല. വികസിതരാജ്യങ്ങളിൽ പേവിഷബാധ അപൂർവ്വമാണെങ്കിലും, അവികസിതരാജ്യങ്ങളിൽ പ്രതിവർഷം 20,000ത്തോളം പേർ ഇതുമൂലം മരിക്കുന്നു എന്ന് കണക്കാക്കുന്നു. ഇന്ത്യയിലാണ് ലോകത്ത് ഏറ്റവുമധികം പേർ ഓരോ വർഷവും ഇതുമൂലം മരിക്കുന്നത്. ഇതിന്റെ 95 ശതമാനത്തിലധികവും നായ്ക്കളുടെ കടിയേറ്റാണ് സംഭവിക്കുന്നത്. തെരുവുനായ്ക്കൾക്ക് സ്വതന്ത്രവിഹാരം നടത്താനും ആളുകളെ ആക്രമിക്കാനുമുള്ള സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധരടക്കം പലവുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നായതുകൊണ്ട് കേരളത്തിൽ ഇതിന്റെ ആഘാതം കൂടുതലുമാണ്. എന്നാലിതു കേരളത്തിന്റെ മാത്രം പ്രശ്നവുമല്ല. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‍നാട്ടിൽ കഴിഞ്ഞ 8 മാസത്തിനിടെ 18 മരണങ്ങൾ ഉണ്ടായതായി റിപ്പോർട്ടു ചെയ്തിരുന്നു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നും ഓർക്കണം.
എന്നിട്ടും എന്തുകൊണ്ടാണ് നായ്ക്കൾക്കുമാത്രം ഈ സവിശേഷ പരിഗണന? സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ഉണ്ടാകുന്ന ഒരു ചോദ്യമാണിത്. പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടാൽ, ആ മേഖലയിലെ മുഴുവൻ വളർത്തുപക്ഷികളെയും പിടികൂടി കൊല്ലുന്ന ക്രൂരത കഴിഞ്ഞ കുറച്ചുവർഷമായി കേരളത്തിൽതന്നെ നടക്കുന്നുണ്ട്. എത്രയോ പാവപ്പെട്ട കർഷകരുടെ ജീവിതം അങ്ങനെ തകർന്നു. ഇത്രയധികം പക്ഷികളെ കൂട്ടത്തോടെ കൊന്നിട്ടും അതിൽ ജന്തുസ്നേഹികൾക്കില്ലാത്ത കരുതൽ, നായ്ക്കളുടെ കാര്യത്തിൽ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? പക്ഷിപ്പനിയേക്കാൾ എത്രയോ ഗുരുതരമാണ് പേവിഷബാധ. ചികിത്സിച്ചു ഭേദമാക്കാനാകില്ലെന്ന് മാത്രമല്ല, പ്രതിരോധ കുത്തിവെയ്പ്പെടുത്തവരുടെ തന്നെ മരണങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുമ്പോൾ കാര്യങ്ങൾ ഏറെ സങ്കീർണ്ണമാകുന്നു. വാക്സിനുകൾ ഇന്ന് പൂർണ്ണമായും സ്വകാര്യമേഖലയിൽ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഈ കുത്തകകൾക്ക് തുറന്നുകിട്ടിയിരിക്കുന്ന വലിയൊരു വിപണിയാണിതെന്ന് വ്യക്തം. ഈ വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പാക്കാനോ വേണ്ടത്ര അളവിൽ ലഭ്യമാക്കാനോ സാധിക്കുന്നില്ലയെങ്കിൽ അതിന്റെ പരിണതി എത്ര ഭീകരമാകും എന്നു പറയേണ്ടതില്ലല്ലോ. വാക്സിനുകളുടെ സംഭരണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. കേരളത്തിൽതന്നെ, ഇമ്മ്യൂണോഗ്ലോബുലിൻ പല സർക്കാർ ആശുപത്രികളിലും ലഭ്യമല്ല. ഉയർന്ന വില കൊടുത്ത് അത് പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് ജനം. ഒന്നിനും കൈയിൽ പണമില്ലെന്നു പറയുന്ന സർക്കാർ വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിൽ മെച്ചപ്പെട്ട ചികിത്സാസൗകര്യം ഒരുക്കാൻ എന്ത് നടപടി കൈക്കൊള്ളുമെന്നാണ്? മറുവശത്ത്, നായ്ക്കളുടെ എണ്ണം പെരുകാൻ അനുവദിക്കുകയും അവയെ തെരുവിൽതന്നെ നിലനിർത്തുകയും ചെയ്തുകൊണ്ട് സാധാരണക്കാരുടെ ജീവൻകൊണ്ട് പന്താടുകയാണ് സർക്കാർ. ഇതിന്റെ ഗുണം ആർക്കാണ് എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു.
പരാജയമായ എബിസി പദ്ധതി
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും അവയില്‍നിന്നുള്ള അപകടം കുറയ്ക്കാനും ആനിമല്‍ ബെർത്ത് കണ്‍ട്രോള്‍ പ്രോഗ്രാം എന്ന എബിസി പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നാണ് സർക്കാരുകളുടെയും കോടതിയുടെയും ഔദ്യോഗിക നിലപാട്. 2001-ലാണ് നായ്ക്കള്‍ക്കായുള്ള ജനന നിയന്ത്രണ ചട്ടം, അഥവാ, എബിസി (ഡോഗ്സ്) വിജ്ഞാപനം ചെയ്യുന്നത്. ഈ നിയമം വിശകലനം ചെയ്താൽ അമ്പരപ്പിക്കുന്ന വസ്തുതകൾ നമുക്ക് മനസ്സിലാക്കാം. ഒന്നാമതായി, എന്തുകൊണ്ടാണ് നായ്ക്കള്‍ക്ക് മാത്രമായി ഇങ്ങനെയൊരു നിയമം എന്ന ചോദ്യം സാമാന്യബുദ്ധിയുള്ള ആരുടെയുള്ളിലും ഉയരാം. അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം, ഈ ചട്ടങ്ങളില്‍ പറയുന്ന പ്രവർത്തനങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ക്കും, സ്വകാര്യ മൃഗക്ഷേമ സംഘടനകള്‍ക്കും നല്‍കാന്‍ ആവശ്യപ്പെടുന്ന പ്രാധാന്യമാണ്. പദ്ധതി നടപ്പാക്കുന്നത് ഇത്തരം സംഘടനകളുടെ നിയന്ത്രണത്തിലായിരിക്കണം എന്നാണ് ഈ ചട്ടങ്ങള്‍ അനുശാസിക്കുന്നത്. അതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും ചെലവു വഹിക്കേണ്ടതും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനവും. അതുകൊണ്ടാണ് കേരളത്തിൽ കുടുംബശ്രീ ഈ പദ്ധതി ഏറ്റെടുക്കാൻ തയ്യാറായി വന്നപ്പോഴും അവർക്ക് ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ല എന്ന പേരിൽ അത് ഹൈക്കോടതി തടഞ്ഞത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്ഥാപിത താത്പര്യങ്ങളുമായി പ്രവർത്തിക്കുന്ന കുറച്ച് സ്വകാര്യ സംഘടനകളുടെ കൈകളിലേക്ക് കാര്യങ്ങള്‍ വിട്ടുകൊടുത്ത്, സർക്കാർ സംവിധാനം പണവും അടിസ്ഥാന സൗകര്യവും മാത്രം നല്‍കുക. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗക്ഷേമ സംഘടനകളിലൊന്നായ പീപ്പിള്‍ ഫോർ ആനിമല്‍സിന്റെ സ്ഥാപകയും ബിജെപി നേതാവുമായ മനേക ഗാന്ധി വാജ്പേയി സർക്കാരില്‍ സാംസ്ക്കാരിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നപ്പോഴാണ്, തന്റെ അധികാരപരിധി മറികടന്ന് ഈ നിയമം കൊണ്ടുവന്നത്. ഇതിനു പിന്നില്‍ വ്യക്തമായും സ്വജനപക്ഷപാതവും സങ്കുചിത താത്പര്യങ്ങളുമാണ് ഉള്ളതെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. സ്ഥാപിതതാത്പര്യങ്ങള്‍ നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി കൊണ്ടുവന്ന നിയമമാണ് ഇതെന്നു മനസ്സിലാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍മാത്രം മതിയാകും. എന്നാല്‍ വ്യക്തിതാല്‍പ്പര്യത്തിനപ്പുറം വ്യക്തമായ മുതലാളിവർഗ്ഗ താത്പര്യങ്ങള്‍കൂടി ഇതില്‍ അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടു തന്നെയാണ്, തികച്ചും പരാജയമെന്ന് ബോധ്യപ്പെട്ടിട്ടും ക്രമവിരുദ്ധവും യുക്തിരഹിതവുമായ ഈ നിയമം കോടതികളടക്കം ഇന്നും ഉയർത്തിപ്പിടിക്കുന്നത്.
കോടിക്കണക്കിനു രൂപയാണ് ഈ പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ മുടക്കുന്നത്. ഇതിനു പുറമേയാണ് വർഷാവർഷം പേവിഷ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുന്നത്. ഒരു നായയ്ക്ക് കുറഞ്ഞത് 1000 രൂപ വെച്ച് ചെലവിടേണ്ടി വരുമെന്ന് കണക്കാക്കിയാൽ, കേരളത്തിൽ ഇന്നുണ്ടെന്ന് കണക്കാക്കുന്ന മൂന്നു ലക്ഷത്തോളം തെരുവുനായ്ക്കൾക്ക് മുഴുവൻ കുത്തിവെയ്പ്പ് നൽകി പദ്ധതി നടപ്പാക്കാൻ പ്രതിവർഷം മുപ്പതുകോടി രൂപയെങ്കിലും വേണ്ടിവരും. എല്ലാവർഷവും കുത്തിവെയ്പ്പ് ആവർത്തിക്കേണ്ടിവരികയും ചെയ്യും. അതായത്, ഈ പദ്ധതിയുടെ പേരില്‍ കണക്കില്ലാതെ തുക ചെലവാക്കപ്പെടുന്നു. എന്നാല്‍ തെരുവുനായ്ക്കളുടെ ഉപദ്രവം ജനം അനുഭവിക്കേണ്ടിയും വരുന്നു. ഇതിനു പുറമേയാണ്, നായകളുടെ കടിയേൽക്കുന്ന മറ്റു മൃഗങ്ങൾക്കും മനുഷ്യർക്കും പ്രതിരോധ കുത്തിവെയ്പ്പുകളെടുക്കാനുള്ള ചെലവ്. അതിനാകട്ടെ ശതകോടികളാണ് വേണ്ടിവരിക. വന്ധ്യംകരണം നടത്തിയയിടങ്ങളിൽപോലും നായ്ക്കളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നുമില്ല. ഇത് എന്തുകൊണ്ട് എന്ന് കൃത്യമായി പഠിച്ച് ശരിയായ നടപടികൾ കൈക്കൊള്ളാതെ, എബിസി പദ്ധതിക്കായി അന്ധമായി വാദിച്ച് സാധാരണജനത്തിന്റെ ജീവനും ജീവിതവുംകൊണ്ട് പന്താടുന്നത് അപ്പോൾ വാസ്തവത്തിൽ ആരുടെ താത്പര്യമാണ്?
പദ്ധതി കാര്യക്ഷമമായി നടത്താത്തതാണ് പ്രശ്നം എന്നാണ് പദ്ധതി അനുകൂലികള്‍ പറയുന്നത്. കാര്യക്ഷമതയാകട്ടെ, വിജയമാകട്ടെ, പരാജയമാകട്ടെ, ഈ പദ്ധതിയെ സംബന്ധിച്ച കൃത്യമായ ഓഡിറ്റിങ്ങ് ഇതുവരെ നടന്നിട്ടില്ല എന്നതാണ് വാസ്തവം. പദ്ധതിയുടെ നടത്തിപ്പ്, ഇതിനായി ചെലവിടുന്ന തുക, തെരുവുനായ്ക്കളുടെ എണ്ണം തുടങ്ങി ഒന്നിനും കൃത്യമായ കണക്കുകൾ ലഭ്യമല്ല. പദ്ധതി നടപ്പാക്കിയയിടങ്ങളില്‍ കണക്കില്‍ പറഞ്ഞ അത്രയും നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ടോ, കുത്തിവെയ്പ്പെടുത്തിട്ടുണ്ടോ, എന്നൊക്കെ പരിശോധിക്കപ്പെടാറില്ല. പരിശോധിക്കാന്‍ മാർഗ്ഗവുമില്ല. കാരണം, നായ്ക്കളെ എവിടെനിന്നു പിടിച്ചോ, വന്ധ്യംകരണത്തിനും കുത്തിവെയ്പ്പിനും ശേഷം അതേ സ്ഥലത്തുതന്നെ അവയെ തിരികെയെത്തിച്ചു തുറന്നുവിടണം എന്നതാണ് എബിസി ചട്ടം. ഇല്ലെങ്കില്‍ അത് നായയ്ക്ക് മാനസികാഘാതം ഏല്‍പ്പിക്കുമത്രേ. ഈ തലതിരിഞ്ഞ, യുക്തിരഹിതമായ നിബന്ധനതന്നെയാണ്, പദ്ധതിയുടെ പരാജയത്തിന്റെയും ജനങ്ങളുടെ ദുര്യോഗത്തിന്റെയും മൂലകാരണം. കാട്ടില്‍നിന്ന് നാട്ടിലിറങ്ങി ബുദ്ധിമുട്ടുണ്ടാക്കുന്ന വന്യമൃഗങ്ങളെ പിടികൂടി മൃഗശാലയില്‍ പൂട്ടിയിടുകയോ മറ്റൊരിടത്തേക്ക് മാറ്റി വിടുകയോ, നാട്ടില്‍നിന്നും പിടികൂടുന്ന പാമ്പുകളേയും മരപ്പട്ടികളേയുമൊക്കെ കാട്ടില്‍കൊണ്ടുപോയി തുറന്നുവിടുകയോ ചെയ്യുമ്പോള്‍ അവ അനുഭവിക്കുന്നതില്‍ കൂടുതല്‍ എന്ത് പ്രശ്നമാണ് നായകള്‍ക്കുള്ളത്? ഇങ്ങനെ തുറന്നുവിടണം എന്ന നിബന്ധനയുള്ളതുകൊണ്ട് വന്ധ്യംകരണവും കുത്തിവെയ്പ്പുമൊക്കെ കടലാസില്‍ മതിയാകും. ഇവിടെ ഉദ്യോഗസ്ഥർക്കോ സർക്കാരുകള്‍ക്കോ, മരുന്നും വാക്സിനും നല്‍കുന്ന കമ്പനികള്‍ക്കോ നഷ്ടമില്ല; നേട്ടമുണ്ടുതാനും. ജനങ്ങള്‍ തുടർന്നും അനുഭവിക്കേണ്ടിയും വരുന്നു. സത്യസന്ധമായി അന്വേഷിച്ചാല്‍ ഒരുപക്ഷേ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായിരിക്കും ഈ എബിസി പദ്ധതി. എന്നാല്‍ അതാണ് ഒരേയൊരു പോംവഴി എന്ന് സർക്കാരുകള്‍ തുടർന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയാണ് ജനനനിയന്ത്രണം എന്ന ആശയം മുന്നോട്ടുവെച്ചത്. പക്ഷേ, ഇതു മാത്രമേ പരിഹാരമുള്ളൂ എന്ന് അവർ പറയുന്നില്ല.
ഏറ്റവും വികസിതരാജ്യങ്ങളായ അമേരിക്കയിലോ യൂറോപ്പിലോ തെരുവുനായ്ക്കൾ പെരുകാന്‍ അനുവദിക്കാറില്ല. മൃഗങ്ങളെ വീട്ടില്‍ വളർത്തണമെങ്കില്‍ പല രാജ്യങ്ങളിലും ലൈസന്‍സ് എടുക്കണം. അവയുടെ പൂർണ്ണ ഉത്തരവാദിത്തം മരണംവരെ ഉടമസ്ഥർക്കുണ്ടാകും. തെരുവിലെത്തുന്ന നായ്ക്കളെ സർക്കാർ സംവിധാനങ്ങളാണ് പൊതുവെ ഏറ്റെടുക്കുക. ജനന നിയന്ത്രണ പദ്ധതികളൊക്കെ അവിടെയുമുണ്ട്. പക്ഷേ, അതുമാത്രമല്ല നടപടി. നായ്ക്കളെ കൊല്ലുന്നതിന് ജർമ്മനി, സ്പെയിന്‍ പോലെയുള്ള ചുരുക്കം രാജ്യങ്ങളില്‍ നിയന്ത്രണമുണ്ടെങ്കിലും, അപകടകാരികളായ നായ്ക്കള്‍ക്ക് എല്ലാ രാജ്യങ്ങളും ദയാവധം നല്‍കാറുണ്ട്. അതിലുപരിയായി, തെരുവില്‍നിന്നു പിടികൂടുന്ന നായ്ക്കളെ കെന്നലുകളിലും ഡോഗ് ഷെല്‍ട്ടറുകളിലും കുത്തിവെയ്പ്പും വന്ധ്യംകരണവും നടത്തി സൂക്ഷിക്കും. രോഗമുള്ളവയ്ക്ക് ദയാവധം നല്‍കും. ആരോഗ്യമുള്ളവയെ മൃഗസ്നേഹികള്‍ക്ക് ഇവിടെനിന്നും ദത്തെടുക്കാം. സ്വന്തം ഉത്തരവാദിത്തത്തില്‍ സംരക്ഷിക്കാം. ഒരിക്കലും അവയെ തെരുവില്‍വിട്ട് ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനാണ് ജനാധിപത്യബോധമുള്ള ഈ വികസിതരാജ്യങ്ങളൊക്കെ ശ്രമിക്കുന്നത്.
എന്നാല്‍ ഇന്ത്യയിലെ നായപ്രേമികള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാത്തത്. തെരുവില്‍ മാലിന്യം കൂടുന്നതുകൊണ്ടു മാത്രമല്ല നായകള്‍ക്ക് ഭക്ഷണം കിട്ടുന്നത്. ആഡംബരകാറുകളില്‍ വന്നിറങ്ങി ദിവസവും തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കിപ്പോകുന്നത് നമ്മുടെ നഗരങ്ങളില്‍ കാണുന്ന കാഴ്ച്ചയാണ്. തെരുവില്‍ അലയാന്‍ വിടാതെ എന്തുകൊണ്ട് ഇവർക്ക് നായകളെ ദത്തെടുത്ത് സ്വന്തം ഇടങ്ങളില്‍ സംരക്ഷിച്ചുകൂടാ? മറ്റൊരു രാജ്യത്തുമില്ലാത്ത എന്തു മാനസികസമ്മർദ്ദമാണ് ഇവിടെ നായകള്‍ക്ക് ഉണ്ടാകുന്നത്? തെരുവില്‍ നടക്കേണ്ടി വരുന്ന, കുട്ടികളെ അയയ്ക്കേണ്ടി വരുന്ന സാധാരണക്കാർക്കുള്ളതില്‍ കൂടുതലല്ല ഒരു സമ്മർദ്ദവും. തെരുവില്‍നിന്ന് നായകളെ മാറ്റണമെന്നേ സാധാരണ ജനം ആഗ്രഹിക്കുന്നുള്ളൂ. അതിന് അവയെ കൂട്ടക്കശാപ്പു നടത്തേണ്ടതില്ല. തെരുവില്‍നിന്നു മാറ്റി സംരക്ഷിക്കുക. അതു പാടില്ല എന്നു പറയുന്നത് സഹജീവിസ്നേഹമല്ല. അത്തരം കപട ജന്തുസ്നേഹത്തിനുപിന്നില്‍ ദുഷ്ടലാക്കാണുള്ളത്.
മനുഷ്യജീവനു വിലകൽപ്പിക്കാത്തതിനു പിന്നിൽ ആരുടെ താത്പര്യം?
എബിസി പദ്ധതി പലയിടത്തും പണം വാങ്ങി നടപ്പാക്കാനുള്ള കരാറെടുത്തിരുന്നത് മൃഗക്ഷേമ സംഘടനകള്‍ എന്ന ലേബലിലുള്ളവരും എന്‍ജിഒകളുമായിരുന്നു. സമ്പൂർണ്ണ പരാജയമാണെന്ന് വ്യക്തമായിട്ടും ഇതിനുവേണ്ടി അതിശക്തമായ ലോബിയിങ്ങ് നടക്കുന്നു. വിവിധ കോടതികളില്‍ പദ്ധതിക്കെതിരെയുള്ള കേസുകളില്‍ എതിർവാദത്തിനായി മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെത്തുന്നു. പദ്ധതിയെക്കുറിച്ച് യാതൊരു ഓഡിറ്റിങ്ങിനും തയ്യാറാകാതെ വീണ്ടും ഈ പദ്ധതിക്കായി വാദിക്കുന്നു, കോടതികൾ അനുകൂല നിലപാടെടുക്കുന്നു, സർക്കാരുകൾ നിശ്ശബ്ദരാകുന്നു. ഇതെല്ലാം കാണിക്കുന്നത്, അതിശക്തമായ മൂലധന താത്പര്യങ്ങള്‍കൂടി ഇതിനു പിന്നില്‍ ഉണ്ടെന്നതാണ്. അല്ലാതെ നിസ്വാർത്ഥമായ ജന്തുസ്നേഹം കൊണ്ടല്ല നായ്ക്കള്‍ക്ക് ഇത്ര പ്രത്യേക പരിഗണന. നായകൾക്കാകട്ടെ, മനുഷ്യനാകട്ടെ, വേണ്ടിവരുന്ന പ്രതിരോധ കുത്തിവെയ്പ്പുകളുടേത് ശതകോടികളുടെ മൂല്യമുള്ള കമ്പോളമാണ്. വാക്സിനുകളുടെ ഉത്പാദകരായ വമ്പൻ കോർപ്പറേറ്റുകൾ ഇത് കുത്തകയാക്കിയിരിക്കുന്നു. അവർ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ അതായത്, പ്രതിരോധ കുത്തിവെയ്പ്പുകളും വന്ധ്യംകരണത്തിനുള്ള മെഡിക്കല്‍ ഉത്പന്നങ്ങളും, മനുഷ്യർക്കുള്ള കുത്തിവെയ്പ്പുകളുമൊക്കെ കൂടുതലായി വിറ്റഴിയേണ്ടത് അവരുടെ ഹീനമായ താത്പര്യമാണ്. ലാഭം, പരമാവധി ലാഭം – അതിനായി എന്തുവഴിയും സ്വീകരിക്കുക എന്നത് ദുഷിച്ച മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. ഇന്ത്യയിലെ കുത്തഴിഞ്ഞ വ്യവസ്ഥ ഈ രംഗത്തെ കോർപ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള വാതിലുകളാണ് തുറന്നിടുന്നത്. ആ ലാഭതാത്പര്യം തന്നെയാണ് തെരുവിലെ നായകളും മനുഷ്യനും തമ്മിലുള്ള ഈ സംഘർഷം സൃഷ്ടിക്കുന്നത്.
ആഗോള മൃഗവാക്സിന്‍ വ്യവസായം 12 ശതകോടി ഡോളർ മൂല്യമുള്ളതാണ്. ഇന്ത്യയില്‍ ഇതിന്റെ മൂല്യം നിലവില്‍ 100 കോടി ഡോളറായാണ് കണക്കാക്കുന്നത്. ഇതാകട്ടെ നിലവില്‍ വളർന്നു കൊണ്ടിരിക്കുകയുമാണ്. ലോകത്ത് മൃഗങ്ങള്‍ക്കുള്ള വാക്സിനുകളുടെ ഏറ്റവും വലിയ ഉത്പാദകരിലും ഉപഭോക്താക്കളിലും ഒരാളാണ് ഇന്ത്യ. കൂടാതെ, കേന്ദ്രസർക്കാർ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പേവിഷബാധയ്ക്കെതിരേയുള്ള ദേശീയ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച്, രാജ്യത്തെ മുഴുവന്‍ നായകള്‍ക്കും – തെരുവുനായ്ക്കളും വീടുകളില്‍ വളർത്തുന്നവയും അടക്കം – പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കേണ്ടതുണ്ട്. പ്രതിവർഷം ലക്ഷക്കണക്കിനു പേർക്ക് ഇവിടെ നായ്ക്കളുടെ കടിയേല്‍ക്കുന്നു. ഇവർക്കെല്ലാം പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കേണ്ടതുണ്ട്. അതും ശതകോടികളുടെ മൂല്യമുള്ള, വളരെ ലാഭസാധ്യതയുള്ള വിപണിയാണ്. കോടതികളില്‍ കേസു കൊടുക്കാനെത്തുന്ന കടലാസ് സംഘടനകളെയും മറ്റ് മൃഗക്ഷേമ സംഘടനകളെയും സാമ്പത്തികമായി സഹായിക്കുന്നതില്‍ ഈ കമ്പോളത്തിന്റെ ശക്തികള്‍ ഉണ്ടാകും എന്നു ന്യായമായും നമുക്കു സംശയിക്കാം. ജനങ്ങളുടെ സുരക്ഷയ്ക്ക് പുല്ലുവില കല്‍പ്പിക്കുന്ന എബിസി പോലെയുള്ള യുക്തിരഹിത നിയമങ്ങള്‍ നടപ്പാക്കണമെങ്കില്‍ അതിനുപിന്നില്‍ വമ്പിച്ച സാമ്പത്തിക താത്പര്യം തന്നെയാണ് എന്നതില്‍ സംശയിക്കാനില്ല. കേരളത്തിലെ മെഡിക്കല്‍ സർവ്വീസ് കോർപ്പറേഷന്റെ മുന്‍ മേധാവി കൂടിയായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ കുറച്ചു വർഷങ്ങള്‍ക്കുമുമ്പ് ഈ വിഷയത്തില്‍ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടിയത്, വന്ധ്യംകരണത്തിന്റെയും പ്രതിരോധ കുത്തിവെയ്പ്പുകളു ടെയുമൊക്കെ പിന്നില്‍ 2800 കോടി രൂപയുടെ കച്ചവടമാണ് രാജ്യത്ത് ഒരു വർഷം നടക്കുന്നതെന്നാണ്. പട്ടികളെ കൊല്ലരുതെന്നും, അതിനെ പിടിച്ചാല്‍ തിരികെ പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവന്നു തുറന്നുവിടണമെന്നും നിബന്ധന വെക്കുന്നതിനു പിന്നില്‍ ഈ കോർപ്പറേറ്റ് താത്പര്യമാണെന്ന് അന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
ദുഷിച്ച മുതലാളിത്തം പരമാവധി ലാഭമുണ്ടാക്കാന്‍ ഏതു വഴിയും സ്വീകരിക്കുമെന്നത് യാഥാർത്ഥ്യമാണ്. അവിടെ സഹജീവിസ്നേഹം വെറുമൊരു മറ മാത്രമാണ്. മനുഷ്യജീവനേക്കാളേറെ കുത്തക മുതലാളിത്തം വിലകല്‍പ്പിക്കുന്നത് അവരുടെ ലാഭത്തിനു മാത്രമാണ്. ഇത്രയും വലിയ കമ്പോളം കൂടുതല്‍ വികസിക്കണമെന്നല്ലാതെ, അതിനു കോട്ടംവരുന്ന ഒന്നും അവർക്ക് ചിന്തിക്കാന്‍ കൂടി പറ്റില്ല. കമ്പോളം വികസിക്കണമെങ്കില്‍ തെരുവുനായ്ക്കള്‍ കുറയാന്‍ പാടില്ല എന്നത് വ്യക്തവുമാണ്.
പരിഹാരമെന്താകണം?
പ്രശ്നം പരിഹരിക്കണമെങ്കില്‍ അതിന് ബഹുമുഖതന്ത്രമാണ് വേണ്ടത്. ഒന്നാമതായി, എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും തെരുവ്മൃഗങ്ങളെ പാർപ്പിക്കാന്‍ മതിയായ സൗകര്യങ്ങളോടെ യുദ്ധകാലാടിസ്ഥാന ത്തില്‍ സംവിധാനങ്ങളുണ്ടാകണം. മൃഗക്ഷേമ സംഘടനകള്‍ക്ക് ആത്മാർത്ഥതയുണ്ടെങ്കില്‍, അവർ ഇത്തരം സംവിധാനങ്ങള്‍ സ്വന്തം നിലയില്‍ സ്ഥാപിച്ചു നടത്താനാണ് മുന്‍ഗണന നല്‍കേണ്ടത്. രണ്ടാമതായി, നായ്ക്കളെ പിടികൂടാനുള്ള സംവിധാനങ്ങളും, അതിന് ശാസ്ത്രീയ പരിശീലനം കിട്ടിയ ആളുകളെയും ഉപയോഗപ്പെടുത്തി, കൃത്യമായ മേല്‍നോട്ടത്തോടെ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി കുത്തിവെയ്പ്പെടുത്ത് ഈ ഷെല്‍ട്ടറുകളിലാക്കണം. മൂന്നാമതായി, അക്രമസ്വഭാവമുള്ളതും രോഗമുള്ളവയുമായ നായ്ക്കള്‍ക്ക് ദയാവധം നല്‍കണം. വാസ്തവത്തില്‍ നിലവിലെ നിയമങ്ങളില്‍തന്നെ അതിനുള്ള അനുമതിയുണ്ട്. എന്നാല്‍ അത് പ്രയോഗിക്കാന്‍ തയ്യാറാകുന്നില്ലെന്നു മാത്രം. തെരുവില്‍നിന്നും നായകളെ മാറ്റുക എന്നതിനു തന്നെയാണ് അടിയന്തര പ്രാധാന്യം. കൂടാതെ, സ്വകാര്യ വ്യക്തികള്‍ക്ക് നായ്ക്കളെ വളർത്തുന്നതിന് ലൈസന്‍സിങ്ങും പ്രതിരോധകുത്തിവെയ്പ്പും നിർബന്ധമാക്കണം. ഇവയെ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനും ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സംവിധാനമുണ്ടാകണം. ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കുന്ന നായ്ക്കളെ സ്വകാര്യവ്യക്തികള്‍ക്ക് ദത്തെടുത്തു വളർത്താന്‍ നല്‍കാവുന്നതാണ്. ഒപ്പം, മാലിന്യസംസ്ക്കരണം സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്തത്തില്‍ കാര്യക്ഷമമാക്കണം. ഇതെല്ലാം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജനങ്ങളുടെ പ്രാദേശിക കമ്മിറ്റികളാണ് ഉണ്ടാകേണ്ടത്.
ഇതെല്ലാമാണ് ചെയ്യേണ്ടത് എന്ന് അധികൃതർക്കും അറിയാമെങ്കിലും അവർ അതിനു തയ്യാറാവില്ലയെന്നതാണ് യാഥാർത്ഥ്യം. അതിനു പിന്നില്‍ മുതലാളിവർഗ്ഗ താത്പര്യമാണെന്നും അത് നിലവിലെ വ്യവസ്ഥിതിയുടെ സഹജസ്വഭാവമാണെന്നും ജനങ്ങള്‍ മനസ്സിലാക്കണം. ബഹുജനങ്ങളുടെ സംഘടിതശക്തിയിലൂടെ മാത്രമേ അതിനെ പരാജയപ്പെടുത്താനാകൂ. നായജന്മങ്ങളെ മനുഷ്യജീവനിലും വിലകൽപ്പിച്ച് സംരക്ഷിക്കുന്ന ലോകത്തെ ഒരേയൊരു രാജ്യമായി ഇന്ത്യ മാറുന്നത്, വാസ്തവത്തിൽ യാദൃച്ഛികമായി വന്നുഭവിച്ചതാണോ? അതോ, മനുഷ്യത്വത്തിന്റെ അങ്ങേയറ്റത്ത് നിന്നുകൊണ്ട് ജന്തുസ്നേഹത്താൽ പ്രചോദിതരായവരുടെ നന്മനിറഞ്ഞ പോരാട്ടത്തിന്റെ ഫലമോ? രണ്ടുമല്ല എന്ന് നമുക്കിന്ന് നിസ്സംശയം പറയാം. ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുതരുന്ന പൗരന്റെ ജീവിച്ചിരിക്കാനുള്ള മൗലികാവകാശത്തിനു മേലെയല്ല മറ്റൊരു നിയമവും. സഹജീവിസ്നേഹം സാമൂഹ്യവിരുദ്ധ സ്വഭാവം കൈവരിക്കാനുമാവില്ല. അതുകൊണ്ടു തന്നെ, തെരുവുകളില്‍നിന്നും നായ്ക്കളെ ഒഴിവാക്കി, സ്വസ്ഥമായി ജീവിക്കാനും ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സാധാരണക്കാരന്റെ അവകാശത്തിനായി നമ്മള്‍ ശബ്ദമുയർത്തേണ്ടിയിരിക്കുന്നു.
