സ്കൂളുകളിലെ സമയമാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ 

Share

വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നതു പ്രകാരമുള്ള 220 പ്രവൃത്തിദിനങ്ങൾ അല്ലെങ്കിൽ 1100 അധ്യാപന മണിക്കൂറുകൾ ഉറപ്പാക്കാനെന്ന പേരിൽ ഈ അക്കാദമിക വർഷം മുതൽ സ്കൂൾ പ്രവൃത്തിദിനങ്ങളും പ്രവർത്തന സമയവും വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷം മുൻപ് ഏകപക്ഷീയമായി 25 ശനിയാഴ്ചകൾ  പ്രവൃത്തിദിനങ്ങളാക്കി. എന്നാൽ, വിദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട ജനാധിപത്യ രീതികൾ യാതൊന്നും പാലിക്കുകയോ സ്റ്റാറ്റ്യൂട്ടിൽ മാറ്റം വരുത്തുകയോ ചെയ്തില്ല എന്നു കണ്ടെത്തിയതിനെ തുടർന്ന്,  ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു. അതേ ത്തുടർന്ന് ഈ അക്കാദമിക വർഷാരംഭത്തിന് മുൻപ് എസ്‌സിഇആർടി നിയോഗിച്ച ഒരു സമിതി ഗുണഭോക്താക്കളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും എതിരഭിപ്രായങ്ങൾ ഒന്നും പരിഗണിക്കാതെ, മുൻനിശ്ചയ പ്രകാരമുള്ള സമയമാറ്റം നടപ്പിലാക്കുവാൻ തീരുമാനിക്കുകയായിരുന്നു. അതുപ്രകാരം, ഹൈസ്കൂൾ ക്ലാസുകൾക്ക് അരമണിക്കൂർവീതം പ്രവൃത്തിസമയം വർദ്ധിപ്പിക്കുകയും തുടർച്ചയായി ആറു ദിവസം പ്രവൃത്തിദിനമാകാത്ത വിധത്തിൽ ചില ശനിയാഴ്ചകൾകൂടി പ്രവൃത്തി ദിവസമാക്കുകയും ചെയ്തു. പഠന നിലവാരം ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടി എന്നതാണ് സർക്കാർ വാദം. ശനിയാഴ്ചകൾ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം പോലെയുള്ള അവധിദിനങ്ങൾ പ്രവൃത്തി ദിനമാക്കുകയെന്നതും സ്പോർട്സ് – ആർട്ട്സ് പോലെയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ ശനിയാഴ്ച നടത്താമെന്നതുമാണ് ചർച്ചയിൽ സമിതി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ. എന്നാൽ, അധ്യാപക – വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇവയൊന്നും തത്കാലം നടപ്പിലാക്കിയിട്ടില്ല. 

പ്രവർത്തനസമയത്തിന്റെ വർദ്ധനവ് സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് അധ്യാപകരും അനധ്യാപകരും ചൂണ്ടിക്കാട്ടുന്നുണ്ട്. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ ഒറ്റ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഹൈസ്കൂളിന് 9.45 മുതൽ 4.15 വരെ ക്ലാസ് ഉണ്ടാകുന്നത് ബെല്ലടിക്കുന്നതും അസംബ്ലി സമയം ക്രമീകരിക്കുന്നതും സ്കൂൾ ബസിന്റെ ക്രമീകരണവും ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഹൈസ്കൂളിന് മാത്രമാണ് ക്ലാസ് 9.45ന് ആരംഭിച്ച്, 4.15ന് അവസാനിക്കുന്നതെങ്കിലും ഫലത്തിൽ എല്ലാ ക്ലാസുകാരും ഈ പരിധിയിൽ വരേണ്ടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഈ ആശങ്കകളോടൊക്കെ നിസംഗത പുലർത്തുകയാണ് സർക്കാർ.

ഇത്രത്തോളം നിർബന്ധബുദ്ധിയോടെ സ്കൂൾ പ്രവൃത്തി സമയത്തിന്റെ വർദ്ധനവ് നടപ്പിലാക്കുന്നത് എന്തിനാണ്? എറണാകുളത്തെ ഒരു സ്കൂൾ മാനേജ്മെന്റ് നൽകിയ കേസുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശങ്ങളാണോ ഇതിനു മൂലകാരണം? അതോ , പഠന മികവ് വർദ്ധിപ്പിക്കുകയെന്നതാണോ? ആദ്യത്തേതാണെങ്കിൽ, അധ്യാപകരുടെ ശമ്പള വർദ്ധനവ് ഉൾപ്പടെയുള്ള  കോടതി ഉത്തരവുകളിൽ മേൽനടപടി സ്വീകരിക്കാത്ത സർക്കാരിൽനിന്നും ഈയൊരു ഒറ്റ കാരണത്താൽ മാത്രം ഇത്ര ഉത്സാഹം പ്രതീക്ഷിക്കാനാവില്ല. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനാണെങ്കിൽ, പഠനനിലവാരത്തകർച്ച പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടതാണെന്നതാണ് യാഥാർത്ഥ്യം. ഡിപിഇപിയിൽ ആരംഭിച്ച ആഗോളവത്ക്കരണ വിദ്യാഭ്യാസ പദ്ധതികളിലൂടെ നിലവാരത്തകർച്ച സൃഷ്ടിച്ചത് മാറി മാറി ഭരിച്ച സർക്കാരുകളാണ്. അക്ഷരവും അറിവും നിഷേധിക്കുന്ന, പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കി വരികയാണ്. അതിനാൽ പഠനം മെച്ചപ്പെടുത്തുവാനാണ് താത്പര്യപ്പെടുന്നതെങ്കിൽ, പാഠ്യപദ്ധതിയാണ് മാറ്റേണ്ടത്. എന്നാൽ ഈ വിഷയം എസ്‌സിഇആർടി വിളിച്ചു ചേർത്ത ചർച്ചയിൽ, എഐഡിഎസ്ഒയുടെ പ്രതിനിധികൾ അവതരിപ്പിച്ചപ്പോൾ അത് ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.

സ്കൂൾസമയത്തിന്റെ വർദ്ധനവ് എന്നത് ഡിപിഇപിയോടൊ പ്പം വന്ന ശുപാർശയാണ്. സ്കൂളുകൾ നൈപുണീ പരിശീലന കേന്ദ്രങ്ങളാകുമ്പോൾ, അതിനായി കൂടുതൽ സമയം കണ്ടെത്തേണ്ടി വരും. അതിനാൽ രാവിലെ 8 മണി മുതൽ അധ്യയനവും ഉച്ചയ്ക്ക് ശേഷം തൊഴിൽ പരിശീലനവും എന്ന ശുപാർശ 1996ൽ തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. ഡിപിഇപി അകംപൊരുൾ എന്ന പേരിൽ എഐഡിഎസ്ഒയും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. അതായത് വിദ്യാഭ്യാസ അവകാശ നിയമമല്ല ഈ സമയമാറ്റത്തിന് കാരണം. മറിച്ച്, ആഗോളവത്ക്കരണ വിദ്യാഭ്യാസ ചിന്തകൾക്ക് അനുരോധമായ മാറ്റങ്ങൾ  ഇതിലുൾപ്പെടുകയാണ് ഉണ്ടായത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടപ്പിലാകലോടെ പൊതുവിദ്യാഭ്യാസ രംഗത്തേക്കുള്ള സർക്കാർ ഫണ്ടിംഗ് അവസാനിക്കും. രാജ്യമെമ്പാടും സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഈ സാമ്പത്തിക പ്രതിസന്ധി ഇന്ന് അനുഭവപ്പെടുന്നുണ്ട്. കേരളത്തിലും മറിച്ചല്ല സ്ഥിതി. സ്കൂളുകൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തണമെന്നതാണ് എൻഇപി നിർദ്ദേശം. സ്വാഭാവികമായും സ്കൂൾ വിദ്യാഭാസ രംഗത്ത് മുതൽ മുടക്കുന്നവർക്ക് ആവശ്യമായ നൈപുണീ പരിശീലന കേന്ദ്രങ്ങളായി സ്കൂളുകൾ പ്രവർത്തിക്കേണ്ടി വരും. സ്കൂളുകൾ ബാലവേലാ കേന്ദ്രങ്ങളാകുമെന്ന് ഡിപിഇപി അകംപൊരുൾ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇന്ന്, രാജ്യത്തിന്റെ പല കോണുകളിലും എൻജിഒകളുടെ, പ്രത്യേകിച്ച് സംഘപരിവാർ അനുകൂല ഏജൻസികളുടെ, വിഹാരരംഗങ്ങളായി സമാനമായ ഘടനാമാറ്റത്തിലൂടെ സ്കൂളുകൾ മാറിയിട്ടുണ്ട്.

പ്രവൃത്തി സമയത്തിന്റെ വർദ്ധനവ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. സ്കൂൾ പ്രവൃത്തി സമയം വർദ്ധിപ്പിച്ചുവെങ്കിലും അനുബന്ധമായിട്ടുണ്ടാകുന്ന ചെലവുകൾക്കായി ഒരു രൂപ പോലും വകയിരുത്തുകയോ ഒഴിവുള്ള സ്ഥിരാധ്യാപക-അനധ്യാപക തസ്തികകളിൽ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. മറിച്ച് അധികമായുണ്ടാകുന്ന ജോലിഭാരവും സാമ്പത്തിക -സാങ്കേതിക ബുദ്ധിമുട്ടുകളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും തലയിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്.

മാത്രമല്ല, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും  ആവശ്യമായ വിശ്രമവും ഉല്ലാസവും സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനാവശ്യമായ സമയവും ഉറപ്പാക്കേണ്ടതുണ്ട്. പഠനവും അധ്യാപനവും പ്രവൃത്തിദിനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഒഴിവ് സമയങ്ങളിലേക്കുംകൂടി നീളുന്നതാണത്. മാത്രമല്ല, ട്യൂഷൻ, കോച്ചിംഗ്, പാഠ്യേതര പ്രവർത്തനങ്ങളുടെ പരിശീലനം തുടങ്ങിയവയ്ക്കുവേണ്ടി ഭൂരിപക്ഷം കുട്ടികളും നല്ലൊരു സമയം മാറ്റിവെയ്ക്കുന്നുണ്ട്. അതോടൊപ്പം കുട്ടികൾ നേരിടുന്ന കായികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി, കളിക്കുന്നതും സൗഹൃദങ്ങൾ സ്ഥാപിക്കുന്നതും കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നതും വളരെ പ്രധാനമാണ്. പ്രവൃത്തി സമയത്തിലുണ്ടാകുന്ന വർദ്ധനവ് ഇതിനെല്ലാം വിഘാതം സൃഷ്ടിക്കും. മാനസികാരോഗ്യ വിദഗ്ദ്ധർ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾ കൂടുതൽ സമയം പഠിച്ചാൽ ആർക്കാണ് നഷ്ടം എന്ന ഒറ്റ ചോദ്യംകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം റദ്ദ് ചെയ്യുകയാണ് വിദ്യാഭ്യാസ മന്ത്രി. മാത്രമല്ല, മദ്രസ സമയവുമായി ബന്ധപ്പെട്ട് മതസംഘടനകൾ ഉന്നയിച്ച ബുദ്ധിമുട്ടുകളിൽമാത്രം ചർച്ചയൊതുക്കുവാനും അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കുവാനുമുള്ള വ്യഗ്രതയാണ് സർക്കാർ കാണിക്കുന്നത്.

പൊതുവിദ്യാഭ്യാസരംഗത്തെ എല്ലാ നടപടിക്രമങ്ങളും ദീർഘകാലത്തെ പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയും സമരങ്ങളിലൂടെയും രൂപപ്പെട്ടുവന്നതാണ്. നവോത്ഥാന വിദ്യാഭ്യാസ സങ്കൽപ്പനങ്ങൾ മുതൽ ആധുനിക മന:ശാസ്ത്രമുൾപ്പടെയുള്ളവയുടെ സംഭാവനകൾ അതിലുൾച്ചേർന്നിട്ടുണ്ട്. എന്നാൽ എന്തിനെന്നുപോലും വിവരിക്കാൻ കഴിയാത്ത മാറ്റങ്ങൾ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്ന പ്രവണത ഇന്ന് വിദ്യാഭ്യാസരംഗത്ത് ശക്തിപ്പെട്ടുവരികയാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും ഘടനയും നിക്ഷിപ്ത സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുഗുണമായ വിധത്തിൽ പുനഃസംഘടിപ്പി ക്കപ്പെടുന്ന ഈ ഘട്ടത്തിൽ സ്കൂൾ സമയവർദ്ധനവിനുവേണ്ടി സർക്കാർ നടത്തുന്ന ഏകപക്ഷീയമായ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടത് തന്നെയാണ്.

Share this post

scroll to top