ദേശീയപാതയുടെ തകർച്ചയ്ക്ക് ഉത്തരവാദിയും ഒന്നാം പ്രതിയും കേരള സർക്കാരാണെന്ന് കോഴിക്കോട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ബഹുജന കൺവൻഷൻ അഭിപ്രായപ്പെട്ടു . ദേശീയ പാതയുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ പഠിക്കാൻ സമഗ്രാന്വേഷണത്തിന് വിദഗ്ദ്ധരെ നിയോഗിക്കാൻ സർക്കാർ തയ്യാറാവണമെന്നും കൺവൻഷൻ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കെഎഫ്ആർ ഐ ശാസ്ത്രജ്ഞൻ ഡോ.ടി.വി.സജീവ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യാതൊരു പഠനവും നടത്താതെ, എല്ലാ ചട്ടങ്ങളും മറികടന്ന് നടത്തിയ നിർമ്മാണത്തിന്റെ ദുരന്തമാണ് ദേശീയ പാതയിൽ സംഭവിക്കുന്നതെന്ന് ഡോ.സജീവ് പറഞ്ഞു.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തെ രണ്ടായി വിഭജിക്കുന്ന ‘പുതിയ ദേശീയ പാത’ ജനങ്ങൾക്ക് യാത്ര ചെയ്യാനല്ല. ടോൾ പിരിക്കാനും ഷോപ്പിംഗ് മാളുകൾ പണിഞ്ഞ് വാണിജ്യം നടത്താനും മാത്രമുള്ളതാണെന്ന് ശ്രീധർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ ആരോഗ്യ മേഖലയെ മരണ മുഖത്തെത്തിച്ചതിൽ കുറ്റകരമായ പങ്ക് വഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണമെന്ന് കൺവെൻഷൻ പാസ്സാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
എ.സജീന പ്രമേയം അവതരിപ്പിച്ചു.ജിയോളജിസ്റ്റ് പ്രൊഫ. രാധാകൃഷ്ണൻ കിണറ്റിൻകര, ഹാഷിം ചേന്ദാമ്പിള്ളി(ദേശീയ പാത സംരക്ഷണ സമിതി), ഡോ. ആസാദ്, എൻ.സുബ്രഹ്മണ്യൻ, എൻ.വി.ബാലകൃഷ്ണൻ, നോബിൾ പൈകട (കീഴാറ്റൂർ സമരസമിതി), പി.കെ.പ്രദീപ് മേനോൻ (ദേശീയ പാത ആക്ഷൻ കൗൺസിൽ), എസ്.രാജീവൻ (കെ റെയിൽ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ), എ.ടി.മഹേഷ് (ദേശീയ പാത കർമ്മ സമിതി), കുഞ്ഞഹമ്മദ് കൂരിയാട്, ടി.വി.രാജൻ(ഗ്രീൻ മൂവ്മെന്റ്), ഹരി കൂരിയാട്, മുഹമ്മദ് സലിം എന്നിവർ പ്രസംഗിച്ചു. പി.കെ.തോമസ് (ജില്ലാ കൺവീനർ, ജനകീയ പ്രതിരോധ സമിതി) സ്വാഗതവും ഡോ.എം.ജ്യോതിരാജ് നന്ദിയും പറഞ്ഞു.
