കുട്ടികളെ സൈനികവൽക്കരിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ പദ്ധതി ആശങ്കാജനകം

Students-in-Military-Training.png
Share

വിദ്യാർത്ഥികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരികക്ഷമത എന്നിവ വളർത്തിയെടുക്കുക എന്ന പേരിൽ ആറ് വയസ്സ് പ്രായമുള്ള കുട്ടികൾക്കുപോലും അടിസ്ഥാന സൈനിക പരിശീലനം നൽകാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പദ്ധതിയിടുന്നു. ഒന്നാം ക്ലാസ് മുതൽ ഇത്തരം പരിശീലനം നൽകുന്ന കുട്ടികൾക്ക് വ്യായാമമുറകൾ, അടിസ്ഥാന കായിക പരിശീലനങ്ങൾ, ദേശസേവനത്തിലും പൗരബോധത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പാഠങ്ങൾ എന്നിവ ഉൾപ്പെടുന്ന ചിട്ടയായ പരിശീലനം ലഭിക്കാൻ സഹായകമാകുമെന്നാണ് അവകാശവാദം.

കുട്ടികളിൽ നേതൃത്വപാടവം, മനോവീര്യം, കർത്തവ്യബോധം എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര സർക്കാർ പറയുന്നു. സാങ്കൽപ്പിക ശത്രുക്കൾക്കെതിരെ സജ്ജമാക്കുന്നതിന് ഹിന്ദു സമൂഹത്തെ ‘സൈനികവൽക്കരിക്കുക’ എന്നത് ആർഎസ്എസ് വളരെക്കാലമായി വാദിച്ചുവരുന്ന കാര്യമാണ്. ആ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിലേക്കാണ് ഒരുകാലത്ത് സ്വതന്ത്ര ചിന്തയ്ക്കുള്ള സ്ഥലമായിരുന്ന ക്ലാസ് മുറി ഇപ്പോൾ കൂട്ടിച്ചേർക്കുന്നത്.

‘ഓപ്പറേഷൻ സിന്ദൂറിനുശേഷം’ ഈ നിർദ്ദേശം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുമെന്നതിൽ സംശയമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സമാനമായ വിദ്യാഭ്യാസ പദ്ധതികൾ ഉടൻ നടപ്പിലാക്കിയേക്കാം. പഠനത്തിനായി നീക്കിവച്ചിരിക്കുന്ന വിഭവങ്ങളുടെയും, സമയത്തിന്റെയും ഒരു ഭാഗം ഈ പദ്ധതിക്കായി നീക്കിവയ്ക്കുന്നതുമൂലം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അധ്യാപകരുടെ കടുത്ത ക്ഷാമം, ശുചിമുറി പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, അപര്യാപ്തമായതോ, തകർന്നതോ ആയ ക്ലാസ് മുറികൾ, അടിക്കടി സിലബസിൽ വരുന്ന മാറ്റങ്ങൾ, ആൾപ്രമോഷൻ സമ്പ്രദായം, വിദ്യാർത്ഥികളുടെ അറിവിനെ വസ്തുനിഷ്ഠമായി അളക്കുന്ന പരീക്ഷാ സംവിധാനമില്ലായ്മ തുടങ്ങിയവ കാരണം സ്തംഭനാവസ്ഥയിലായ സർക്കാർ വിദ്യാഭ്യാസ സംവിധാനത്തെ ഈ നീക്കം കൂടുതൽ വഷളാക്കും.

കൂടാതെ, വിഭവപരിമിതിയും, മറ്റ് നയപരമായ മാറ്റങ്ങളും മൂലം, കഴിഞ്ഞ ദശകത്തിൽ ആയിരക്കണക്കിന് സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടി. ഇത് കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് വിദ്യാഭ്യാസ അവകാശ ലംഘനത്തിലേക്ക് നയിച്ചു. വാർഷിക വിദ്യാഭ്യാസ സ്റ്റാറ്റസ് റിപ്പോർട്ട് (ASER) പ്രകാരം, മഹാരാഷ്ട്രയുടെ ചിത്രം വളരെ ദയനീയമാണ്. സ്‌കൂൾ വിദ്യാഭ്യാസത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ  മറയ്ക്കാനുള്ള ശ്രമമാണിത്. 2,50,000 വിമുക്തഭടന്മാരുടെ പിന്തുണയോടെ, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈനിക ശൈലിയിലുള്ള അഭ്യാസങ്ങൾ നടത്താനുള്ള തീരുമാനം രാജ്യമൊട്ടാകെ ഏറെ സംശയത്തോടെയാണ് ചർച്ചചെയ്യുന്നത്.  കേവലം സ്‌കൂൾ ടൈംടേബിളിൽ വരുത്തിയ ഒരു നിർദ്ദോഷമായ  മാറ്റമല്ല ഇത്. വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ പുനർനിർമ്മാണമാണിത്. അന്വേഷണത്തിന് പകരം അനുസരണ, സ്വമേധയാ ഉള്ള അച്ചടക്കത്തിനു പകരം  യാന്ത്രികമായ സമർപ്പണം, സഹാനുഭൂതിക്കുപകരം മറ്റൊരാളോടുള്ള വിദ്വേഷം എന്നിവയെ ദേശീയതയുടെ പേരിൽ പുനഃസ്ഥാപിക്കുകയാണ്. പ്രത്യേകിച്ചും, ബാല്യകാലത്തിൽ ഗ്രഹിക്കുന്ന ആശയങ്ങൾ ജീവിതം മുഴുവൻ സ്വാധീനം ചെലുത്തുന്നവയായതിനാൽ  അത്തരം ആശയങ്ങൾ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തും. ആദ്യകാല വൈദ്യുത ബൾബ്, ഫോണോഗ്രാഫ്, മോഷൻ പിക്ചർ ക്യാമറ എന്നിവ കണ്ടുപിടിച്ച പ്രശസ്തനായ തോമസ് ആൽവ എഡിസൺ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “നാഗരികതയുടെ ഏറ്റവും ആവശ്യമായ ദൗത്യം ആളുകളെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കുക എന്നതാണ്. അത് നമ്മുടെ പൊതുവിദ്യാലയങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരിക്കണം… നമ്മുടെ വിദ്യാഭ്യാസ രീതി സർഗ്ഗാത്മകമായ ഒരു മനസ്സിനെ സൃഷ്ടിക്കുന്നില്ല. അത് തലച്ചോറിനെ ഒരു അച്ചിനുള്ളിൽ ഒതുക്കിവെയ്ക്കുന്നു; കുട്ടി അംഗീകരിക്കണമെന്ന് നിർബന്ധിക്കുന്നു. ഇത് യഥാർത്ഥ ചിന്തയെയോ യുക്തിയെയോ പ്രോത്സാഹിപ്പിക്കുന്നില്ല, കൂടാതെ നിരീക്ഷണത്തേക്കാൾ ഓർമ്മക്ക് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു.” 

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ‘പരേഡുകളിൽ മാർച്ചുചെയ്ത് സല്യൂട്ട് ചെയ്യുന്ന സൈനികരെയോ അനുസരണയുള്ള പ്രജകളെയോ സൃഷ്ടിക്കുക’ എന്നതല്ല. മറിച്ച് അറിവുള്ളവരും അന്വേഷണമനോഭാവമുള്ളവരും വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ശേഷിയുള്ളവരുമായ പൗരന്മാരെ സൃഷ്ടിക്കുക എന്നതാണ്. അതിനാൽ ഈ പദ്ധതി വിദ്യാഭ്യാസമല്ല. മറിച്ച് മുഖംമൂടിയണിഞ്ഞ സൈദ്ധാന്തിക പ്രബോധനമാണ്. ചെറുപ്രായത്തിൽതന്നെ കുട്ടികളുടെ മേൽ സൈനികവൽക്കരിക്കപ്പെട്ട അച്ചടക്കം അടിച്ചേൽപ്പിക്കുക എന്ന ആശയത്തിന്റെ  ലക്ഷ്യംതന്നെ ഇതിന് നേർ വിപരീതമാണ്. ഇത് സർഗ്ഗാത്മകതയെ തകർക്കുക മാത്രമല്ല, മറിച്ച്, രവീന്ദ്രനാഥ ടാഗോർ നൽകിയ മുന്നറിയിപ്പുപോലെ  ‘മനസ്സിനെ സങ്കുചിതമാക്കുവാനും, സ്വാതന്ത്ര്യത്തെ കവർന്നെടുക്കുന്നതിനും മുഴുവൻ ജനങ്ങളും സ്വമേധയാ സർക്കാരിന് കീഴടങ്ങുന്ന അവസ്ഥയിലേക്ക് ’ ഇത് കൊണ്ടെത്തിക്കും. ആറ് വയസ്സുള്ളപ്പോൾ, കഥകൾ, പാട്ടുകൾ, കളികൾ എന്നിവയിലൂടെയാണ് കുട്ടികൾ ഏറ്റവും നന്നായി പഠിക്കുന്നത്. എന്നാൽ മഹാരാഷ്ട്രയുടെ നിർദ്ദേശം ക്ലാസ് മുറിയെ കുട്ടികളെ മാർച്ച് ചെയ്യാനും, സല്യൂട്ട് ചെയ്യാനും, കമാൻഡുകൾ പിന്തുടരാനും പരിശീലിപ്പിക്കുന്ന ഒരു പരേഡ് ഗ്രൗണ്ടാക്കി മാറ്റുന്നു. ഇതിൽ ഉൾച്ചേർത്തിരിക്കുന്നത് വെറും ശാരീരിക വ്യായാമമല്ല – പ്രത്യയശാസ്ത്ര പരിശീലനമാണ്. 

കുട്ടികളുടെ മനസ്സിൽ, അറിയാത്ത ശത്രുവിനെപ്പറ്റി, അനാവശ്യമായ ഭയം സൃഷ്ടിക്കുകയും, അവരെ കൂടുതൽ ക്ലേശത്തിലാക്കുകയും, അനവധി മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ സൈനിക മാനദണ്ഡങ്ങൾ ഉയർത്തിക്കാട്ടുന്നതിലൂടെ, സർഗ്ഗശക്തിയല്ല, അനുസരണയാണ് വേണ്ടത് എന്ന് നിർദ്ദേശിക്കുകയാണ്. പൗരത്വം ആരംഭിക്കുന്നത് പൊരുത്തപ്പെടലിലാണ്, അനുകമ്പയിലല്ല എന്ന് പഠിപ്പിക്കുകയാണ്. വായിക്കാൻ തുടങ്ങുന്നതിനുമുമ്പ് കുട്ടികളെ അഭിവാദ്യം ചെയ്യാൻ പഠിപ്പിക്കുമ്പോൾ, മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടം ദേശസ്‌നേഹികളെ വളർത്തിയെടുക്കുന്നില്ല – അത് ഭാവിയിലെ കാലാൾപ്പടയാളികളെ അതിന്റെ കൽപ്പനകൾ അനുസരിക്കുന്നവരായി ചിട്ടപ്പെടുത്തുകയാണ്. യുക്തിസഹമായ മനസിനെ സൃഷ്ടിക്കുന്ന മതേതര, ശാസ്ത്രീയ, ജനാധിപത്യ വിദ്യാഭ്യാസത്തിന് വിരുദ്ധമായി, തീവ്രദേശീയതയിലൂന്നിയ ചിന്താ പ്രക്രിയ കുട്ടികളിൽ രൂപപ്പെടുത്തുന്നതിന്റെ പിന്നിൽ ആഴത്തിലുള്ള ഒരു പ്രത്യയശാസ്ത്ര വ്യതിയാനം കാണുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം, ബാല്യം, പൗരത്വം എന്നിവ പുനർനിർവചിക്കാൻ കഴിയുന്ന ഒരു വ്യതിയാനം. വിദ്യാഭ്യാസ നയത്തിലെ ഒരു തെറ്റായ നീക്കമായിമാത്രം കാണാവുന്ന ഒന്നല്ല ഇത്.

സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ ഇത്രയും ആഴത്തിലുള്ള ഒരു മാറ്റം ആരംഭിക്കുതിനുമുമ്പ്, സമൂഹത്തിൽ അതിനെക്കുറിച്ച് വ്യാപകമായ ഒരു ചർച്ചയ്ക്ക് വഴിയൊരുക്കിയില്ല. അത്തരമൊരു നീക്കത്തിന്റെ ഗുണദോഷങ്ങൾ പരിശോധിക്കുകയും, ഈ പദ്ധതിയുടെ ആവശ്യകതയെയും പ്രായോഗികതയെയും കുറിച്ച് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്ന് ഉപദേശവും അഭിപ്രായവും തേടുകയും,  തുടർന്ന് പരിഗണനാപരമായ തീരുമാനമെടുക്കുകയും ചെയ്യുന്നതിനുപകരം ഏകപക്ഷീയമായ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ മുന്നോട്ടു പോകുന്നു.

ഈ സ്വഭാവത്തിൽ വിശാലമായ തലത്തിൽ എന്തെങ്കിലും ചർച്ചയും സംഭാഷണവും പൊതുമണ്ഡലത്തിൽ നടത്തിയതായി യാതൊരു വാർത്തയുമുണ്ടായില്ല. ‘വിദ്യാർത്ഥികളുടെ സമഗ്ര വികസനം’ പ്രോത്സാഹിപ്പിക്കുതിനായി, കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ മറ്റ് സ്‌കൂളുകളിലേക്ക് സൈനിക് സ്‌കൂൾ മാതൃകയുടെ വശങ്ങൾ ഉൾപ്പെടുത്തുതിന്, പ്രധാനമന്ത്രി യുടെ ഓഫീസ് (പിഎംഒ) കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിർദ്ദേശിച്ച നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

സൈനിക് സ്‌കൂളുകളിൽ സാധാരണയായി കാണുന്ന കഠിനമായ ശാരീരിക പരിശീലനം, അച്ചടക്കം, ദേശഭക്തിമൂല്യങ്ങൾ എന്നിവ ഈ മറ്റ് സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ടു. വാസ്തവത്തിൽ, ‘സൈനിക് സ്‌കൂളുകളുടെ 67 ശതമാനം ആർഎസ്എസ്-ബിജെ പി-സംഘ്പരിവാർ എന്നിവയ്ക്കും അവരുടെ അനുബന്ധ സ്ഥാപനങ്ങൾക്കും കൈമാറാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി നടപ്പിലാക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പ്പാണിത്. ഒരിക്കൽ ജെഎൻയുവിന്റെ മുൻ വൈസ് ചാൻസലർ ‘കാർഗിൽ ദിവസം’ അനുസ്മരിച്ചുകൊണ്ട് സർവകലാശാല കാമ്പസിൽ ഒരു രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതും വിദ്യാർത്ഥികളിൽ ‘സൈന്യത്തോടുള്ള സ്‌നേഹം’ വളർത്തുന്നതിനായി സർവകലാശാല കാമ്പസിനായി ഒരു ഡീകമ്മീഷൻ ചെയ്ത ആർമി ടാങ്ക് വാങ്ങാൻ സമ്മേളനസ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് കേന്ദ്ര മന്ത്രിമാരോട് അഭ്യർത്ഥിച്ചതും ഓർമ്മിക്കേണ്ടതാണ്. ജെഎൻയുവിൽ ഒരു ടാങ്ക് സ്ഥാപിക്കാനുള്ള ഈ വിവാദ നിർദ്ദേശത്തിന് വിദ്യാർത്ഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ, കൂടാതെ ആശങ്കാകുലരായ പൗരന്മാർ എന്നിവരിൽ നിന്നും വ്യാപകമായ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. 

അങ്ങനെ, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ ഒരു വലിയ മാറ്റത്തിന് നാം സാക്ഷ്യം വഹിക്കുന്നു. ഒരുകാലത്ത് വിമോചനം, ജിജ്ഞാസ, വിമർശനാത്മക ചിന്ത എന്നിവയ്ക്കായി വിദ്യാഭ്യാസം നിലകൊണ്ടിരുന്നിടത്ത്, ഇപ്പോൾ അത് രാഷ്ട്രനിർമ്മാണത്തിലേക്ക് നിർബന്ധിതമായി ചേർക്കപ്പെടുന്നു. ഈ കാവിവൽക്കരിക്കപ്പെട്ട ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ, അറിവ് എന്ന് വിളിക്കപ്പെടുന്ന മാനസിക അടിമത്തം ചോദ്യങ്ങൾ ചോദിക്കുതിനെക്കുറിച്ചല്ല, മറിച്ച് ഭരണകൂടം അംഗീകരിച്ച ഉത്തരങ്ങൾ മനഃപാഠമാക്കുന്നതിനെക്കുറിച്ചാണ്. അനീതിയെ വെല്ലുവിളിക്കുന്ന ഒരു വിദ്യാർത്ഥിയും, വിയോജിക്കുന്ന ഒരു അധ്യാപകനും ഒരു ഭീഷണിയായി മാറുന്നു; അങ്ങനെ, ഒരു ആഖ്യാനം മാത്രം നിലനിൽക്കുകയും അതിനോട് യോജിക്കാത്ത മറ്റെല്ലാം രാജ്യദ്രോഹമാവുകയും ചെയ്യുന്ന ഭാവിയിലേക്കുള്ള ഒരു കവാടമായി യുവമനസ്സുകളുടെ സൈനികവൽക്കരണം മാറുന്നു.

ഈ നീക്കം തടയപ്പെട്ടില്ലെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ മഹാരാഷ്ട്രയ്ക്കും എന്തിന് ഇന്ത്യയ്ക്കും പുറത്തേക്കുപോലും വ്യാപിക്കും. കാവി സൈന്യം നിർദ്ദേശിക്കുന്ന ശാസ്ത്രവിരുദ്ധവും ചരിത്രവിരുദ്ധവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കി സിലബസ് പുനർനിർമ്മിച്ചുകൊണ്ട് പ്രൈമറി സ്‌കൂൾ ഘട്ടം മുതൽ തന്നെ വിദ്യാർത്ഥികളുടെ ചിന്താ പ്രക്രിയയെ നിയന്ത്രിക്കാനുള്ള ശ്രമം 2020ലെ വിനാശകരമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലൂടെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ തുടക്കം മുതൽ തന്നെ നിർബന്ധിത സൈനിക പരിശീലനം ചേർത്താൽ, ഈ ചിട്ടപ്പെടുത്തൽപ്രക്രിയ കൂടുതൽ ആഴത്തിൽ വേരോടും, ഒരു യാന്ത്രിക ചിന്താ പ്രക്രിയ കുട്ടികളെ പിടികൂടുകയും ഹിന്ദുത്വ ഭരണാധികാരികൾ അവരുടെ മുതലാളിത്ത യജമാനന്മാരുടെ നിർദ്ദേശപ്രകാരം ആരംഭിച്ച യാന്ത്രികമനുഷ്യരെ സൃഷ്ടിക്കുന്ന പ്രക്രിയ പൂർത്തിയാക്കുകയും ചെയ്യും.

Share this post

scroll to top