ആർഎസ്എസിന്റെയും ബിജെപിയുടെയും കപട രാജ്യസ്നേഹം

RSS@-696x392-1.avif
Share

ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന്, ചെങ്കോട്ടയിൽവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു: “വലിയ അഭിമാനത്തോടെ ഒരു പ്രസ്ഥാനത്തെ ഞാൻ ഇവിടെ പരാമർശിക്കട്ടെ… രാഷ്ട്രീയ സ്വയംസേവക് സംഘ്. രാഷ്ട്ര നിർമ്മാണത്തിനായി സ്ഥാപിക്കപ്പെട്ട സംഘടന… ഒരു നൂറ്റാണ്ട് കാലമായി സ്വയംസേവക് മാതൃരാജ്യത്തിനായി അവരുടെ ജീവിതം സമർപ്പിച്ചുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ എൻജിഒ ആണ് ആർഎസ്എസ്. ഇക്കാലമത്രയും രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്ന സ്വയംസേവകരെ ഞാൻ അഭിവാദ്യം ചെയ്യുന്നു. അവരുടെ ജീവിതം ഈ രാജ്യത്തെ പ്രചോദിപ്പിക്കുന്നു.” മോദി തുടർന്ന് പറഞ്ഞു : “ഇത് ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികമാണ്. ഭാരതത്തിന്റെ ഭരണഘടനയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച ആദ്യത്തെ മഹത് വ്യക്തിയായിരുന്നു അദ്ദേഹം.” ഏതാനും ദിവസങ്ങൾക്കുമുമ്പാണ് വിഭജനത്തെ ഓർമിപ്പിച്ചുകൊണ്ട് എൻസിഇആർടി ഒരു പ്രത്യേക പഠനം പുറത്തിറക്കിയത്. വിഭജനത്തിന് ഉത്തരവാദികൾ മുഹമ്മദ് അലി ജിന്നയും കോൺഗ്രസ്സും മൗണ്ട് ബാറ്റണും ആണെന്നാണ് അതിൽ പറയുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ മറ്റൊരു പോസ്റ്ററിൽ നേതാജിക്കും ഗാന്ധിക്കും മീതെയായിരുന്നു സവർക്കർ. 

ഇവിടെ പ്രധാനമായും നാല് വിഷയങ്ങളാണുള്ളത്. ഒന്ന് രാഷ്ട്രനിർമ്മാണത്തിൽ ആർഎസ്എസിന്റെ പങ്ക്, രണ്ട്, ശ്യാമപ്രസാദ് മുഖർജി ഒരു ദേശീയ നേതാവാണോ? മൂന്ന്, വിഭജനത്തിന്റെ ഉത്തരവാദികൾ ആരൊക്കെ? നാല്, ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവായ വി.ഡി.സവർക്കർ ഗാന്ധിജിയേയും നേതാജിയേയും ഭഗത് സിംഗിനെക്കാളുമൊക്കെ വലിയ സ്വാതന്ത്ര്യസമരസേനാനി ആണോ? ചരിത്രരേഖകൾ പരിശോധിക്കുമ്പോൾ മോദിയുടെ അവകാശവാദങ്ങളിൽ യാതൊരു കഴമ്പുമില്ല എന്ന് മാത്രമല്ല, യാഥാർത്ഥ്യം നേരെ തിരിച്ചാണ് എന്നും കാണാം.

സ്വാതന്ത്ര്യസമരം പിന്തിരിപ്പനാണെന്ന് ആർഎസ്എസും ഹിന്ദുമഹാസഭയും നിലപാടെടുത്തു

പ്രധാനമന്ത്രി ഇങ്ങനെയും പറഞ്ഞിരുന്നു: “ഒട്ടനവധി ആളുകൾ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവതം സമർപ്പിച്ചു; അവരുടെ യൗവനവും സ്വാതന്ത്ര്യത്തിനായി സമർപ്പിച്ചു, ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നു, കഴുമരം പുൽകി, ഇതൊന്നും വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ആയിരുന്നില്ല. ഭാരതമാതാവിന്റെ മാനം കാക്കാൻ, കോടിക്കണക്കിന് മനുഷ്യരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി, നമ്മുടെ നാടിനെ അടിമത്തത്തിൽനിന്നും മോചിപ്പിക്കാൻ. അവരുടെ ഹൃദയങ്ങളിൽ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ-അന്തസ്സ്. എന്തിന്? ഒരു സ്വതന്ത്ര ഭാരതത്തിനുവേണ്ടി.” അതായത്, സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വം പ്രധാനമന്ത്രി അംഗീകരിക്കുന്നു. 75-ാം സ്വാതന്ത്ര്യ ദിനത്തിൽ നാം അമൃതകാലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു എന്ന് പ്രഖ്യാപിക്കുക വഴി, 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന കാര്യവും പ്രധാനമന്ത്രി സമ്മതിക്കുന്നു. താൻ ഒരു സ്വയംസേവകൻ ആണെന്ന കാര്യവും പ്രധാനമന്ത്രി മറച്ചുവയ്ക്കുന്നില്ല.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്താണ് ആർഎസ്എസും ഇന്നത്തെ ബിജെപിയുടെ മുൻഗാമികളായ ഹിന്ദു മഹാസഭയും സ്ഥാപിക്കപ്പെടുന്നത്. എന്നാൽ ഈ രണ്ട് പ്രസ്ഥാനങ്ങളും ഒരുകാലത്തും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചിരുന്നില്ല. ഒരു രാഷ്ട്രം എന്നാൽ, ചരിത്രപരമായി രൂപം കൊള്ളുന്ന, ഒരു ഭൂപ്രദേശമുള്ള ഒരു ജനസമൂഹമാണ്. പൊതുവായ നാല് അടിസ്ഥാന ഘടകങ്ങളാണ് ഒരു രാഷ്ട്രത്തിനുവേണ്ടത്. ഒരു പൊതുഭാഷ, പൊതുവായ ഭൂപ്രദേശം, ഒരു സമ്പദ്ഘടന, ഒരു ദേശീയ സംസ്കാരത്തിന്റെ ഭാഗമായ പൊതുവായ മനോഘടന. ദേശീയരാഷ്ട്രമെന്നത് മുതലാളിത്തത്തിന്റെ വികാസത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ഉയർന്നുവന്ന സങ്കല്പമാണ്. മുതലാളിത്തത്തിനുമുമ്പ് രാഷ്ട്രങ്ങൾ ഉണ്ടായിരുന്നില്ല. ദേശീയത എന്നത് ആധുനിക രാഷ്ട്രങ്ങളുടെ രൂപം കൊള്ളലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രത്യയശാസ്ത്രമാണ്. 

രാഷ്ട്രത്തെക്കുറിച്ചുള്ള ചരിത്രപരമായ ഈ സങ്കല്പത്തെ ആർഎസ്എസിന്റെ താത്വികാചാര്യനായ എം.എസ്. ഗോൾവാൾക്കർ അംഗീകരിക്കുന്നില്ല. ഗോൾവാൾക്കർ പറയുന്നു: “ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലുള്ള,  പൊതുവായ ആവശ്യങ്ങൾക്കുമേൽ രൂപംകൊണ്ട രാഷ്ട്രസങ്കല്പം, യഥാർത്ഥത്തിൽ ഹൈന്ദവ ദേശീയതയിൽനിന്നും നമ്മുടെ ശ്രദ്ധ തിരിക്കാനേ ഉപകരിച്ചുള്ളൂ. നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കേവലം ബ്രിട്ടീഷ് വിരുദ്ധ സമരമാക്കി അത് മാറ്റിയിരിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധതയാണ് ദേശസ്നേഹം എന്നും ദേശീയത എന്നും വന്നിരിക്കുന്നു. ഈ പിന്തിരിപ്പൻ കാഴ്ചപ്പാടാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തിനും അതിന്റെ നേതാക്കൾക്കും ജനങ്ങൾക്കും ഇടയിൽ വലിയ ദുരന്തം ഉണ്ടാക്കിയിരിക്കുന്നത്. ഹിന്ദുരാഷ്ട്രത്തിന്റെയും വംശത്തിന്റെയും മഹത്വം ഉയർത്തിപ്പിടിക്കുന്നവർ മാത്രമാണ് യഥാർത്ഥ ദേശസ്നേഹികൾ. മറ്റെല്ലാവരും വഞ്ചകരും ദേശദ്രോഹികളും ആണ്.” (നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു)

 ആർഎസ്എസ്സിന്റെ സ്ഥാപക നേതാവായിരുന്ന കെ.ബി.ഹെഡ്ഗേവാർ ബ്രിട്ടീഷുകാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “രാജ്യസ്നേഹം എന്നാൽ ജയിലിൽ പോകുന്നതുമാത്രമല്ല; അത്തരം ഉപരിപ്ലവമായ രാജ്യസ്നേഹത്തിൽ വീണു പോകരുത്.”(സി.പി.ഭിശികർ, സംഘപരിവാർ കെ ബീജ് : ഡോ. കേശവറാവു ഹെഡ്ഗേവാർ, പേജ് 21)   അന്നത്തെ ആർഎസ്എസ്-ഹിന്ദു മഹാസഭ നേതാക്കളെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരുടെ തോക്കുകളെയും പീഡനങ്ങളെയും സധൈര്യം നേരിട്ട് രാജ്യത്തിനുവേണ്ടി പൊരുതാനിറങ്ങിയ ഭഗത് സിംഗിനെയും സൂര്യസെന്നിനെയും നേതാജിയെയുംപോലുള്ളവരുടെ രാജ്യസ്നേഹം കേവലം ഉപരിപ്ലവം ആയിരുന്നു.

ചരിത്രപരമായ കാരണങ്ങളാൽ നിരവധി ഭാഷകൾ സംസാരിക്കുന്ന, നിരവധി വിശ്വാസങ്ങൾ പിന്തുടരുന്ന, വ്യത്യസ്തങ്ങളായ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുവരുന്നവരാണ് ഇന്ത്യയിലെ ജനങ്ങൾ. അങ്ങനെ എല്ലാവിധ ജനവിഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരം. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ മുതലാളിവർഗ്ഗം അക്കൂട്ടത്തിലെ ഏറ്റവും പ്രബലമായ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടും ഇന്ത്യൻ ഫ്യൂഡലിസത്തോടും സമരസപ്പെട്ടുപോകാൻ ഇഷ്ടപ്പെട്ടിരുന്ന അനുരഞ്ജനധാരയെയാണ് പിന്തുണച്ചത്. ആ പ്രസ്ഥാനത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസത്തിന്റെ ചില വശങ്ങളും അവർ കൂട്ടിച്ചേർക്കുകയുണ്ടായി. അങ്ങനെ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് ഒരു ഹിന്ദുമത ചായ്‌വ് ഉണ്ടായിരുന്നു. ഇന്ന് ആർഎസ്എസിന് മുതലെടുക്കാൻ പറ്റിയതും അവർക്ക് ഹിന്ദുരാഷ്ട്രം എന്ന മുദ്രാവാക്യം ഉയർത്താൻ സാധിക്കുന്നതും നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഈ ദൗർബല്യം കാരണമാണ്.

ആർഎസ്എസും ഹിന്ദുമഹാസഭയും സ്വാതന്ത്ര്യ സമരത്തിൽ
പങ്കെടുത്തിട്ടേയില്ല

ആർഎസ്എസും ഹിന്ദുമഹാസഭയും സ്വാതന്ത്ര്യ സമരത്തെ എതിർക്കുക മാത്രമല്ല ചെയ്തത്; ബ്രിട്ടീഷുകാർക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയുംചെയ്തിരുന്നു എന്നത് ചരിത്ര യാഥാർത്ഥ്യമാണ്. നമ്മുടെ നാട്ടിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിലും നിയമലംഘന സമരങ്ങളിലും 1942ലെ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിലും ഒന്നും അവർ പങ്കെടുത്തിരുന്നില്ല. അവരുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഈ പ്രസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളിലും ഒന്നും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്കുമേൽ അടിച്ചേൽപ്പിച്ചിരുന്ന കിരാതമായ നിയമങ്ങളെ ഇന്ത്യക്കാർ ബഹുമാനിക്കണം എന്ന അഭിപ്രായമായിരുന്നു ഗോൾവാൾക്കർക്ക്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അക്കാലത്തെ ഒരു റിപ്പോർട്ടിൽ പറയുന്നു: “സംഘ് വിഭാഗങ്ങൾ വളരെ കണിശമായി നിയമം പിന്തുടരുന്നുണ്ട്; 1942 ആഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട ഉപദ്രവങ്ങളിലൊന്നും അവർക്ക് പങ്കില്ല.” (ആൻഡേഴ്സൺ, വാൾട്ടർ കെ & ഡാംലെ, ശ്രീധർ ഡി “ദി ബ്രദർഹുഡ് ഇൻ സോഫ്രോൺ: ദി രാഷ്ട്രീയ സ്വയംസേവക് സംഘ് ആന്റ് ഹിന്ദു റിവൈവലിസം”, 1987,പേജ് 44) ആർഎസ്എസിന്റെ ഇത്തരം ബ്രിട്ടീഷ് അനുകൂല നിലപാടുകൾ അവരുടെതന്നെ അണികൾക്ക് സ്വീകാര്യമായിരുന്നില്ല എന്നത് ഗോൾവാൾക്കർ മറ്റൊരിക്കൽ സമ്മതിച്ചിട്ടുണ്ട്. (ശ്രീ ഗുരുജി സമഗ്ര ദർശൻ, എം.എസ്.ഗോൾവാൾക്കറിന്റെ തിരഞ്ഞെടുത്ത കൃതികൾ, വാല്യം 4, പേജ് 40)

ബ്രിട്ടീഷുകാരുമായുള്ള സഹകരണം

1942ൽ കാൺപൂരിൽവച്ച് നടന്ന ഹിന്ദു മഹാസഭയുടെ 24-ാമത് സമ്മേളനത്തിൽ ബ്രിട്ടീഷ് സഹകരണത്തിനുള്ള ഒരു കാര്യപരിപാടിതന്നെ വി.ഡി.സവർക്കർ അവതരിപ്പിച്ചിരുന്നു. “പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാന തത്വം ഉത്തരവാദിത്തത്തോടെയുള്ള സഹകരണമാണ് എന്ന കാര്യം ഹിന്ദു മഹാസഭ അംഗീകരിക്കുന്നു. മന്ത്രിമാരും ലെജിസ്ലേറ്റീവ് അംഗങ്ങളും കൗൺസിലർമാരും ആ പദവികൾ ഹിന്ദുക്കളുടെ ന്യായമായ താല്പര്യങ്ങൾ, മറ്റുള്ളവരുടേത് ഹനിക്കാതെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഉദാത്തമായ രാജ്യസ്നേഹ പ്രവർത്തനമാണ്. ഉത്തരവാദിത്തത്തോടെയുള്ള സഹകരണം എന്ന തത്വത്തിലധിഷ്ഠിതമായ നമ്മുടെ പ്രവർത്തന ങ്ങൾ-അത് നിർലോഭമായ സഹകരണം മുതൽ അവരോടുകൂടെ ആയുധമെടുത്തുള്ള പോരാട്ടംവരെ, നമ്മുടെ രാജ്യതാൽപര്യത്തിനുതകുന്നതരത്തിലുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും.” (സമഗ്ര സവർക്കർ വാങ്മയ: ഹിന്ദുരാഷ്ട്ര ദർശൻ” വാല്യം 6, വി.ഡി.സവർക്കർ, പേജ് 474)

ഈ ‘ഉത്തരവാദിത്തത്തോടെയുള്ള സഹകരണം’ വെറും സൈദ്ധാന്തികമായ വാചകക്കസർത്ത് ആയിരുന്നില്ല. 1942ൽ ഈ നയത്തിന്റെ ഭാഗമായി ഹിന്ദുമഹാസഭ ബംഗാളിലും സിന്ധിലും വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലും മുസ്ലിംലീഗുമായി ചേർന്ന് പ്രവർത്തിച്ചു. സുഭാഷ് ചന്ദ്ര ബോസ് ഐഎൻഎ രൂപീകരിച്ച് ബ്രിട്ടീഷുകാർക്കെ തിരെ പൊരുതിക്കൊണ്ടിരിക്കുമ്പോൾ അതിനെതിരെ ഹിന്ദുക്കളെ സംഘടിപ്പിക്കാൻ  സർക്കുലറുകൾ ഇറക്കുകയായിരുന്നു സവർക്കർ. “നേതാജിയുടെ സൈന്യത്തിന്റെ മുന്നേറ്റം തടയാൻ ബ്രിട്ടീഷുകാരെ സഹായിക്കാൻ വേണ്ടിയാണിത്” എന്നുപറയുകയും ചെയ്തു. (ദി വീക്ക്, 24/01/16)

ശ്യാമപ്രസാദ് മുഖർജിയുടെ
നികൃഷ്ടമായ പങ്ക്

അക്കാലത്ത് ബംഗാളിലെ കൂട്ടുമന്ത്രി സഭയിൽ ഉപ മുഖ്യമന്ത്രിയായിരുന്നു ഡോക്ടർ ശ്യാമപ്രസാദ് മുഖർജി. 1942 ജൂലൈയിൽ ബ്രിട്ടീഷുകാർക്ക് അയച്ച കത്തിൽ ശ്യാമപ്രസാദ് മുഖർജി എഴുതി: “കോൺഗ്രസ് തുടങ്ങിവച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ബംഗാളിൽ ഉണ്ടായേക്കാവുന്ന സാഹചര്യത്തെക്കുറിച്ച് ഞാൻ പറയട്ടെ: ഈ യുദ്ധത്തിന്റെ സമയത്ത് ആരെങ്കിലും ജനങ്ങളെ ഇളക്കിവിട്ട് ആഭ്യന്തര കലഹങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുകയാണെങ്കിൽ അതിനെ ഗവൺമെന്റ് ചെറുക്കേണ്ടതുണ്ട്.”(ശ്യാമപ്രസാദ് മുഖർജി, ലീവ്സ് ഫ്രം എ ഡയറി, പേജ് 179)  ബ്രിട്ടീഷുകാരനായ അന്നത്തെ ബംഗാൾ ഗവർണറോട് ക്വിറ്റിന്ത്യാ സമരത്തെ എങ്ങനെ ഒതുക്കണമെന്ന് ഉപദേശിക്കുന്നത് കാണുക: “ബംഗാളിൽ ഈ പ്രക്ഷോഭത്തെ എങ്ങനെയാണ് നേരിടേണ്ടത്? കോൺഗ്രസ് എത്ര ശ്രമിച്ചാലും ഈ പ്രക്ഷോഭത്തിന് ബംഗാളിൽ വേരുറയ്ക്കാൻ സാധിക്കാത്ത തരത്തിൽ ഇവിടുത്തെ ഭരണസംവിധാനം പ്രവർത്തിക്കേണ്ടതുണ്ട്. കോൺഗ്രസ് ആവശ്യപ്പെടുന്ന സ്വാതന്ത്ര്യം ഇതിനകം തന്നെ ജനപ്രതിനിധികളിലേക്ക് എത്തിക്കഴിഞ്ഞു എന്ന കാര്യം പൊതുജനത്തെ ബോധ്യപ്പെടുത്താൻ മന്ത്രിമാരെന്ന നിലയിൽ ഞങ്ങൾക്ക് സാധിക്കും. ചില സ്ഥലങ്ങളിലൊക്കെ അടിയന്തരാവസ്ഥ കാരണം ആ സ്വാതന്ത്ര്യം പരിമിതമാണ് എന്ന് വന്നേക്കാം. ബ്രിട്ടന് വേണ്ടിയല്ല ഇന്ത്യക്കാർ ബ്രിട്ടീഷ് ഭരണത്തെ പിന്തുണയ്ക്കുന്നത്, ബ്രിട്ടീഷുകാർ ഇവിടെനിന്ന് ഉണ്ടാക്കുന്ന നേട്ടങ്ങൾക്ക് വേണ്ടിയുമല്ല, ഇന്ത്യക്കാർക്ക് വേണ്ടി തന്നെയാണ്. ഈ സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം നിലനിർത്താനും സംരക്ഷിക്കാനും വേണ്ടിയാണ് നാം ബ്രിട്ടീഷ് ഭരണത്തെ പിന്തുണയ്ക്കുന്നത്.” (എ.ജി.നൂറാണി,  ദി ആർഎസ്എസ് & ബിജെപി:എ ഡിവിഷൻ ഓഫ് ലേബർ, പേജ് 56-57) 1947ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതിന്റെ ആഘോഷ പരിപാടികളിൽനിന്നും ഹിന്ദുമഹാസഭ വിട്ടുനിന്നു.

ദ്വിരാഷ്ട്രവാദവും ഇന്ത്യാവിഭജനവും

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ആധുനിക രാഷ്ട്രസങ്കല്പം മുതലാളിത്തത്തിൽ ഉദയം ചെയ്തതാണെന്ന് നാം കണ്ടു. എന്നാൽ രാഷ്ട്രത്തെക്കുറിച്ചുള്ള ഈ ആധുനിക സങ്കല്പത്തെ ആർഎസ്എസും ഹിന്ദു മഹാസഭയും നിരാകരിക്കുന്നു. “ദേശരാഷ്ട്രം എന്നത് ചരിത്രപുരാതനമായ ഒരു വസ്തുതയാണ്… ഭാരതത്തിന്റെ ദേശീയ സമൂഹമെന്നത് ഹിന്ദുക്കളാണ്” എന്നാണ് അവരുടെ വാദം. ലോകത്ത് ഒരിടത്തും മതത്തെ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രങ്ങൾ ഉണ്ടായിട്ടില്ല. അങ്ങനെയെങ്കിൽ യൂറോപ്പ് മൊത്തം ഒരു ക്രിസ്ത്യൻ രാജ്യമാകുമായിരുന്നു. അറേബ്യ ഒരൊറ്റ മുസ്ലിം രാജ്യവും. വടക്കേ അമേരിക്കയിൽ ഒറ്റ രാഷ്ട്രമേ കാണുകയുള്ളൂ. എന്നുമാത്രമല്ല, പുരാതനകാലത്ത് ഭാരതം ഒരു രാഷ്ട്രമായിരുന്നു എന്ന് പറയുന്നതും വലിയ നുണയാണ്.

എവിടെനിന്നാണ് ഈ ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം വരുന്നത്? ‘ഒരു മറാഠി’ എന്ന അപരനാമത്തിൽ സവർക്കർ തന്നെ 1923 എഴുതിയ ‘എസെൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകത്തിലാണ് ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം വരുന്നത്. പിന്നീട് 1937ൽ ഹിന്ദുമഹാസഭയുടെ പത്തൊമ്പതാം സമ്മേളനം അഹമ്മദാബാദിൽ നടന്നപ്പോൾ സവർക്കർ തന്നെ ഇത് വിശദീകരിച്ചു: “ഇന്ത്യക്കകത്ത് രണ്ട് ശത്രുരാജ്യങ്ങൾ ഒരുമിച്ചു കഴിഞ്ഞുപോകുന്നുണ്ട്. ചില ബാലാരിഷ്ടതകൾ മാറാത്ത രാഷ്ട്രീയക്കാരുടെ വിചാരം ഇന്ത്യ പൂർണമായും വിളക്കിചേർക്കപ്പെട്ട ഒരൊറ്റ രാഷ്ട്രമാണെന്നാണ്; അല്ലെങ്കിൽ ഉടനടി അങ്ങനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന്. ഇന്ത്യ അങ്ങനെയൊരു ഏകതാനമായ രാഷ്ട്രമല്ല: ഇവിടെ രണ്ട് രാഷ്ട്രങ്ങളുണ്ട്. ഒന്ന് ഹിന്ദുക്കളുടേതും മറ്റൊന്ന് മുസ്ലീങ്ങളുടേതും”.

അങ്ങനെ 1937ലെ സമ്മേളനത്തിൽ ഒരു പ്രമേയമായിതന്നെ ഹിന്ദു രാഷ്ട്രം എന്ന സങ്കല്പം വന്നു. 1939 ഒക്ടോബർ 9 ബോംബെയിൽ സവർക്കറുമായി കൂടുക്കാഴ്ച നടത്തിയതിനുശേഷം അന്നത്തെ വൈസ്രോയി ആയിരുന്ന ലിൻലിത്ഗോ പ്രഭു ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സെറ്റ്ലാൻഡ് പ്രഭുവിനു എഴുതി: “സവർക്കർ പറയുന്നത് മഹാരാജാവിന്റെ ഗവൺമെന്റ് ഇനി ഹിന്ദുക്കളുടെ പിന്തുണയാർജ്ജിക്കണം എന്നാണ്… നമ്മുടെ താൽപര്യങ്ങൾ ഒന്നാണ്,  രണ്ടു കൂട്ടരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഹിന്ദുത്വയും ബ്രിട്ടനും ഇനിമുതൽ സുഹൃത്തുക്കളായിരിക്കണം. നമ്മുടെ പഴയ ശത്രുതയൊക്കെ മറക്കണം .” (ദി വീക്ക് 24/01/16) ദ്വിരാഷ്ട്രസങ്കല്പം മുഹമ്മദലി ജിന്നയുടെ മുസ്ലിംലീഗ് സ്വീകരിക്കുന്നത് പിന്നെയും മൂന്നുവർഷം കഴിഞ്ഞാണ് – അവരുടെ ലാഹോർ സമ്മേളനത്തിൽ വെച്ച്. അതിനുശേഷം 1943ൽ നാഗ്പൂരിൽ വച്ച് സവർക്കർ പറഞ്ഞു: “ജിന്നയുടെ ദ്വിരാഷ്ട്രവാദത്തോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ഞങ്ങൾ ഹിന്ദുക്കൾ ഒരൊറ്റ രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളാണ് എന്നത് ചരിത്രപരമായ യാഥാർത്ഥ്യമാണ്.” അങ്ങനെ വിഭജനത്തിന് ആധാരമായ ദ്വിരാഷ്ട്ര സങ്കല്പം ഉടലെടുക്കുന്നതും പിന്നീട് അതിനെ ന്യായീകരിക്കുന്നതും സവർക്കറാണ്. കാരണം പഴയ ഈ വാദത്തെ പിന്തുണച്ചുകൊണ്ട് ഗോൾവാൾക്കർ എഴുതി: “ഹിന്ദുക്കൾ സ്വയംതന്നെ ഒരു രാഷ്ട്രമാണ്. ഒരു രാഷ്ട്രം എന്ന് നമ്മൾ പറയുമ്പോൾ, ഭൂരിപക്ഷത്തിന്റെ കാര്യമൊന്നുമല്ല, ഹിന്ദുക്കളുടെ രാഷ്ട്രം എന്നാണ് നമ്മൾ അർത്ഥമാക്കുന്നത്.” (നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു)

സവർക്കറുടെ രാജ്യസ്നേഹം!

ഇനി ബിജെപി നേതാക്കൾ ഗാന്ധിജിക്കും മീതെ പ്രതിഷ്ഠിച്ചിരിക്കുന്ന സവർക്കരുടെ രാജ്യസ്നേഹത്തിന്റെ കാര്യം പരിശോധിക്കാം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആൻഡമാൻ ജയിലിലായിരുന്നു സവർക്കർ. സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചാൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് സവർക്കർക്ക് മനസ്സിലായി. മറിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി ചെയ്തുകൊണ്ടും ഹിന്ദുത്വ സിദ്ധാന്തവുമായി അവരുടെ താൽപര്യങ്ങളോട് ചേർന്നുനിന്നുകൊണ്ട് മാത്രമേ തനിക്ക് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലായപ്പോൾ സവർക്കർ ഒന്നിനുപുറകെ ഒന്നായി ബ്രിട്ടീഷുകാരോട് ദയ യാചിച്ചുകൊണ്ട് ഹർജികൾ സമർപ്പിക്കാൻ തുടങ്ങി. 

താൻ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭരണഘടനാനുസൃതമായ പുരോഗതിയുടെ ആരാധകനാണെന്നും ബ്രിട്ടീഷ് സർക്കാരിനോട് അചഞ്ചലമായ കൂറുള്ളവനാണെന്നും സവർക്കർ പ്രഖ്യാപിച്ചു. “നിയമാനുസൃത മാർഗ്ഗങ്ങളിലേക്കുള്ള മാറ്റം എന്നെ ഗുരുവായി കണ്ട് വഴി തെറ്റിപ്പോയ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യുവാക്കളെ നിയമത്തിന്റെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരും. ഗവൺമെന്റിനെ ഏത് വിധേനയും സഹായിക്കാൻ ഞാൻ തയ്യാറാണ്. എന്റെ മാറ്റം പൂർണ്ണ ബോധ്യത്തോടെയാണ്. ഭാവിയിൽ എന്റെ പെരുമാറ്റവും അതിനനുസരിച്ചായിരിക്കും.” (പീനൽ സെറ്റിൽമെന്റസ് ഇൻ ആൻഡമാൻ, ആർ.സി. മജുംദാർ, 1974)

ജയിലിൽ നിന്ന് പുറത്തുവന്നപ്പോൾ രണ്ടാം ലോകമഹായുദ്ധത്തിൽ ഹിന്ദുമഹാസഭ ബ്രിട്ടീഷ് സർക്കാരിനോട് ചേരണം എന്ന് സവർക്കർ ആഹ്വാനം ചെയ്തു:“നമ്മുടെ നാട്ടിലെത്തിയിരിക്കുന്ന ഈ യുദ്ധം ഒരേ സമയം അപകടകരവും മറ്റൊരർത്ഥത്തിൽ ഒരു സാധ്യതയുമാണ്. രണ്ടായാലും നാം വളരെ കാര്യമായി സൈനികവൽക്കരിക്കേണ്ടിയിരിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും ടൗണുകളിലും ഹിന്ദു മഹാസഭ ഹിന്ദുക്കളെ ഉണർത്തി അവരെ ആർമിയിലും നേവിയിലും വായുസേനയിലും ചേരാൻ പ്രേരിപ്പിക്കണം. അല്ലെങ്കിൽ യുദ്ധത്തിന് ആവശ്യമായ ഫാക്ടറികളിൽ വിശിഷ്യാ ബംഗാളിലും ആസാമിലും ഫലപ്രദമായി പ്രവർത്തിച്ച ഹിന്ദുക്കളെ ആയുധവൽക്കരിക്കാൻ ഹിന്ദു മഹാസഭ മുന്നോട്ടുവരണം.”(Ibid പേജ് 460).

തങ്ങൾ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം എന്താണ് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിക്കൊണ്ട് ഗോൾവാൾക്കർ പറഞ്ഞു:“ഹിന്ദുസ്ഥാനിലെ വിദേശ വംശജർ ഹിന്ദുരാഷ്ട്രത്തെ പ്രകീർത്തിക്കുന്ന തല്ലാത്ത മറ്റൊരു ചിന്തയും പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഹിന്ദുരാഷ്ട്രത്തിനകത്ത് അവർക്ക് മറ്റൊരു സത്യം തന്നെ പാടില്ല. ഹിന്ദു രാഷ്ട്രത്തിന് പൂർണ്ണമായും അധീനപ്പെട്ടു മാത്രമേ അവർ ഇവിടെ കഴിയാൻ പാടുള്ളൂ. ഒന്നും തന്നെ അവകാശപ്പെടാൻ വരരുത്. പൗരാവകാശങ്ങൾ പോലും.”(നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു) അന്നത്തെ ഹിറ്റ്ലറിന്റെ വാക്കുകളിൽ നിന്ന് ഒട്ടും വിഭിന്നമല്ലായിരുന്നു ഗോൾവാൾക്കറുടേത്. “ജർമ്മൻ രാഷ്ട്രത്തിന്റെയും വംശത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കാൻവേണ്ടി ജർമ്മനി ശുദ്ധീകരണ പ്രക്രിയ തുടങ്ങിയപ്പോൾ ലോകം ഞെട്ടി. വംശാഭിമാനം അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ, ഹിന്ദുസ്ഥാന് ഇതിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്” എന്ന് ഗോൾവാൾക്കർ അതേ പുസ്തകത്തിൽ തന്നെ പറയുന്നു. കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നതായിരുന്നു ഹിറ്റ്ലറുടെ ശുദ്ധീകരണ പ്രക്രിയ എന്നോർക്കണം. സവർക്കറെപ്പോലെ  ഗോൾവാൾക്കറും ബ്രിട്ടീഷ് ഗവൺമെന്റിനോട് വിധേയപ്പെട്ടുനിന്നു. ഇതൊക്കെയാണ് വസ്തുത എന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് സംഘപരിവാർ ഇന്ന് വലിയ ദേശസ്നേഹികളായി നടിച്ചുവരുന്നത്? എന്ത് അവകാശമാണ് അവർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും മറ്റുള്ളവരുടെ കുറ്റം പറയാനുമുള്ളത്?

പ്രധാനമന്ത്രി മോദിയും എൻസിഇആർടിയും ഈ ചരിത്രം മറച്ചുപിടിക്കാനും ജനങ്ങളെ പറ്റിക്കാനുമാണ് ശ്രമിക്കുന്നത്. ഈ സംഘടനകൾ ഇക്കാലമത്രയും പിന്തുടർന്ന ജനവഞ്ചനയുടെയും കാപട്യത്തിന്റെയും ഭാഗമാണ് ഇന്നത്തെ ഈ പ്രചരണവും. മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് കൊഴുക്കുന്നവരാണ് ഇവർ. സഖാവ് ശിബ്‍ദാസ് ഘോഷ് ഇതേക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു: “സാമ്രാജ്യത്വത്തിനെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെ പല ഭാഷകൾ സംസാരിക്കുകയും പല മതങ്ങളിൽ വിശ്വസിക്കുകയും ചെയ്തുപോന്ന ഇന്ത്യൻ ജനത രാഷ്ട്രീയമായി ഒരു രാജ്യമായി തീർന്നെങ്കിലും അക്കാലത്തെ ദേശീയ വിമോചന പ്രക്ഷോഭത്തിലൂടെ സാമൂഹ്യവും സാംസ്കാരികവുമായി ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും ഫ്യൂഡൽ സംസ്കാരത്തിന്റെ ശേഷിപ്പുകളായ മതാന്ധതയും മതവിദ്വേഷവും ഇല്ലായ്മ ചെയ്യുന്നതിലും അന്നത്തെ നേതൃത്വം പരാജയപ്പെട്ടു. തൽഫലമായി ഇന്ത്യൻ ജനത സാമൂഹ്യമായും സാംസ്കാരികമായും മതം, ജാതി, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലും വിഭജിച്ചുതന്നെ നിന്നു. ഈ അവസ്ഥയിൽ ഹിന്ദുമത പുനരുദ്ധാനത്തിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.”(വർഗ്ഗീയത പ്രശ്നത്തെപ്പറ്റി, തിരഞ്ഞെടുത്ത കൃതികൾ, വാല്യം 2)

ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ജനങ്ങളെ തമ്മിലടിപ്പിക്കാനും അവരെ കബളിപ്പിക്കാനും ബിജെപി-ആർഎസ്എസ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങളെ എല്ലാക്കാലത്തും വിഡ്ഢികളാക്കാൻ സാധിക്കില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

Share this post

scroll to top