എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് സെപ്തംബർ 2ന് പുറപ്പെടുവിച്ച പ്രസ്താവന.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും ക്രൂരവും സ്വേച്ഛാധിപത്യപരവുമായ ഗസറ്റ് വിജ്ഞാപനത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അനധികൃത വിദേശികളെ നാടുകടത്തുന്നതുവരെ അവരുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും പ്രത്യേക തടങ്കൽ കേന്ദ്രങ്ങളോ തടങ്കൽ പാളയങ്ങളോ സ്ഥാപിക്കാൻ ഈ വിജ്ഞാപനം നിർദ്ദേശിക്കുന്നു. നിലവിലുള്ള നിയമങ്ങളും നീതിന്യായ വ്യവസ്ഥയും അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നം കൈകാര്യം ചെയ്യാൻ തികച്ചും പര്യാപ്തമാണ്. അതുകൊണ്ടുതന്നെ ഈ പുതിയ നിയമം അനാവശ്യമാണ്. വ്യക്തമായ ഒരു ദുഷ്ടലാക്കോടെയാണ് ഈ നിയമം ഉണ്ടാക്കിയിട്ടുള്ളതെന്ന ഞങ്ങളുടെ ആശങ്ക ഇവിടെ രേഖപ്പെടുത്തട്ടെ.
അധികാരികൾ ഏകപക്ഷീയമായി ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തിയ, പ്രത്യേകിച്ച് ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിൽപ്പെട്ടവരെ യുദ്ധത്തടവുകാ രെപ്പോലെയോ അതിലും മോശമായോ പാർപ്പിച്ചിട്ടുള്ള തടങ്കൽ പാളയങ്ങളിൽനിന്ന് ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി അസം സർക്കാരിന് കർശന നിർദ്ദേശം നൽകിയിരുന്നത് ഓർക്കുക.
നാസി ജർമ്മനിയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളോട് പലപ്പോഴും താരതമ്യം ചെയ്യപ്പെട്ട ഈ തടങ്കൽ പാളയങ്ങളിൽ മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് അരങ്ങേറുന്നതെന്നതിന് രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചതാണ്. കൂടാതെ, “കൃത്യമായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിന്റെ” പേരിൽ നിരവധി ഇന്ത്യൻ പൗരന്മാരെയും തടവിലാക്കി ഈ ക്യാമ്പുകളിൽ അടച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ഇത്തരം തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത് ഭരണവർഗം വളർത്തിക്കൊണ്ടുവരുന്ന വർഗീയ-വിഭാഗീയ ശക്തികൾക്ക് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി അവരെ വേട്ടയാടാനും പുതിയ അവസരം നൽകും.
തികച്ചും നീതിരഹിതവും ജനാധിപത്യവിരുദ്ധവുമായ ഈ നിർദ്ദേശം കേന്ദ്ര സർക്കാർ ഉടനടി പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ക്രൂരമായ ഈ ബ്യൂറോക്രാറ്റിക് ഉത്തരവ് പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നതിനായി ശക്തമായ ഒരു സമരനിര കെട്ടിപ്പടുക്കാൻ രാജ്യത്തെ മുഴുവൻ ജനങ്ങളോടും ആഹ്വാനം ചെയ്യുന്നു.
