പ്രൈം മിനിസ്റ്റർ സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള ധാരണാ പത്രത്തിൽ കേരള സർക്കാർ ഒപ്പുവെച്ചിരിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരുന്ന ഇടതുമുന്നണി സർക്കാർ ഇതോടെ പരസ്യമായി, ഒരു മറയുമില്ലാതെ അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടതുമുന്നണിയെ, മന്ത്രിസഭയെ, വിദ്യാഭ്യാസ വകുപ്പിനെ, സർവോപരി ജനാധിപത്യ കേരളത്തെയാകെ ഇരുട്ടിൽ നിർത്തിയാണ് ഈ ചതിപ്രയോഗം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായ പ്രത്യാഘാതങ്ങളി ലേക്ക് നയിക്കുന്ന ഈ ചെയ്തിക്ക് ചുക്കാൻ പിടിച്ച ഗൂഢസംഘം മാപ്പർഹിക്കുന്നില്ല.
എന്താണ് പിഎം ശ്രീ സ്കൂൾ?
ഒരു ബ്ലോക്ക് പഞ്ചായത്തിൽനിന്നും രണ്ട് സ്കൂളുകളെ വീതം രാജ്യത്താകെ 14,500 സ്കൂളുകളെ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്ന പദ്ധതിയാണ് പിഎം ശ്രീ. കേരളത്തിൽനിന്നും 336 സ്കൂളുകളെ ഈ പദ്ധതിയിൽ കൊണ്ടുവരാനാണ് ആദ്യം ലക്ഷ്യമിട്ടത്. പിന്നീട് എണ്ണം 265 ആയി നിജപ്പെടുത്തി. ഏറ്റെടുക്കുന്ന സ്കൂളുകളുടെ നടത്തിപ്പും പാഠഭാഗങ്ങൾ നിർണയിക്കുന്നതും പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം ആയിരിക്കും. നമ്മുടേതുപോലെ ഒരു രാജ്യത്ത്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിലവിലുള്ള വ്യത്യസ്ത വിദ്യാഭ്യാസ വകുപ്പുകൾ വഴി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കം പൂർണരൂപത്തിൽ നടപ്പാക്കാനാവില്ല എന്നതിനാലാണ് കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിക്കുന്നതും അതിനുവേണ്ടി പിഎം ശ്രീ എന്ന പ്രോജക്ട് തയ്യാറാക്കുന്നതും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതോടൊപ്പം തങ്ങളുടെ ഫാസിസ്റ്റ് അജണ്ടകൂടി നടപ്പാക്കാനും കഴിയുമെന്ന വ്യക്തമായ കണക്കു കൂട്ടലോടെയാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി രണ്ട് ഭാഗങ്ങളുള്ള ഫ്രെയിം വർക്കാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണ രൂപത്തിൽ നടപ്പാക്കാനും പ്രദർശിപ്പിക്കാനുമുള്ള മാതൃകാ കേന്ദ്രങ്ങളായാണ് പിഎം ശ്രീ സ്കൂളുകൾ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ തനത് പാഠ്യപദ്ധതിയോ സിലബസോ ബോധന സമ്പ്രദായമോ പിഎം ശ്രീ സ്കൂളുകളിൽ നടപ്പാക്കാനാവില്ല. പാഠ്യപദ്ധതി, പഠനരീതി, മാനേജ്മെന്റ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ആയിരിക്കും തീരുമാനിക്കുക. രാജ്യത്തിന്റെ വൈജ്ഞാനിക വളർച്ചയെ തടയുന്നതും ആധുനിക ശാസ്ത്ര-ജനാധിപത്യ-മതേതര ധാരണകളെ നിഷേധിക്കുന്ന, രാജ്യത്തെ സംബന്ധിച്ച് ഭ്രാന്തവും സങ്കുചിതവുമായ ദുരഭിമാനബോധം വളർത്തുന്ന ഭാരതീയ ജ്ഞാനവ്യവസ്ഥ എന്ന അയഥാർത്ഥ പാഠഭാഗങ്ങളാകും പഠിപ്പിക്കേണ്ടിവരിക. ആർഎസ്എസ് പ്രചരിപ്പിക്കുന്ന സാംസ്കാരിക ദേശീയത എന്ന ആപൽക്കരമായ ആശയസംഹിത കുട്ടികളിലേക്ക് പകരുക എന്നതാണ് അതിന്റെ ലക്ഷ്യം.
ഏറ്റവും ആധുനികമായ അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വളർന്നുവന്നത്. എന്നാൽ കേവലം സാക്ഷരത മാത്രം സംഭാവന ചെയ്യുന്ന, അക്ഷരം പോലും നേരായി പഠിപ്പിക്കണമെന്ന് നിർദ്ദേശിക്കാത്ത ഡിപിഇപി മാതൃകയിലുള്ള ബോധന സമ്പ്രദായങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിട്ടുള്ളത്.നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് ഇത് വ്യക്തമാക്കുന്നുണ്ട്. ഭാരതീയ ജ്ഞാനവ്യവസ്ഥ ആകട്ടെ അതിപുരാതനകാലത്തെ അന്ധവിശ്വാസ ജഡിലമായ കാര്യങ്ങൾ പാഠ്യപദ്ധതിയിലേക്ക് തിരുകിക്കയറ്റുന്നു. സംസ്കൃത പഠനം അടിച്ചേൽപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.
അങ്ങനെ, സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കുന്ന വിപൽക്കരമായ ഒരു നയത്തിന്റെ സ്കൂൾതല നടപ്പാക്കൽ പദ്ധതിയാണ് പിഎം ശ്രീ. ശാസ്ത്രവിരുദ്ധവും ചരിത്രവിരുദ്ധവുമായ പാഠ്യപദ്ധതി ഉൾപ്പെടുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് ഉറപ്പാക്കാനും അത് പരിശോധിക്കാനും മോണിറ്റർ ചെയ്യാനും സ്കൂൾ ക്വാളിറ്റി അസസ്‌മെന്റ് ഫ്രെയിം വർക്കും (SQAF) ഏർപ്പാടാക്കിയിട്ടുണ്ട്.
ഉള്ളടക്കവും ബോധനവും
എൻഇപിയുടെ ബോധനസമ്പ്രദായം ഡിപിഇപി മുതൽ നടപ്പാക്കിവരുന്ന പാഠ്യപദ്ധതിയിലെ സമീപനമാണ്. കളിയിലൂടെ പഠനം, പ്രവൃത്തിയിലൂടെ പഠനം തുടങ്ങിയ ഡിപിഇപി മാതൃകകളാണ് എൻഇപി സ്വീകരിച്ചിരിക്കുന്നത്. സ്കിൽ ബേസ്ഡ് എജ്യുക്കേഷൻ അഥവാ തൊഴിൽ പഠനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് എൻഇപി ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. സ്കിൽ വളർത്തുക, ശാസ്ത്ര-മാനവികമൂല്യങ്ങൾ ക്രമേണ ചോർത്തിക്കളയുക എന്നതാണ് പിഎം ശ്രീ യിലൂടെ എൻഇപി സാധിച്ചെടുക്കുന്നത്. കേരള സർക്കാർ അത് അതേപടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എൻഇപിക്ക് എന്താണ് കുഴപ്പം എന്ന് ചോദിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല.
കേരളത്തെ ഇരുട്ടിൽ നിർത്തിയ ധാരണാപത്രം
2025 ഒക്ടോബർ 23ന് കേരളവും കേന്ദ്രവും ചേർന്ന് പിഎം ശ്രീ ധാരണാപത്രം ഒപ്പുവെച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു. ഒക്ടോബർ 18നാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെയ്ക്കുന്നത് സംബന്ധിച്ച ആലോചന വീണ്ടും മാധ്യമവാർത്തയാകുന്നതും ഘടകകക്ഷിയായ സിപിഐ ധാരണാപത്രം ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെടുന്നതും. 22ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ അജണ്ട ഉണ്ടായിരുന്നില്ല. എങ്കിലും ആ പ്രശ്നം ഉന്നയിച്ച സിപിഐ മന്ത്രി കെ.രാജന്റെ ചോദ്യത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മൗനംകൊണ്ട് അവഗണിക്കുകയായിരുന്നു. എന്നാൽ, എല്ലാ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് ഒക്ടോബർ 16-ാം തീയതിതന്നെ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. 23ന് ഡൽഹിയിൽ പോയി വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അത് കൈമാറി എന്നുമാത്രം. അപ്പോൾ,സംസ്ഥാന മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ച ചെയ്യാതെ, നിയമസഭയയിൽ അവതരിപ്പിക്കാതെ, ആരോരും അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അടങ്ങുന്ന ഒരു ഗൂഢസംഘം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഒരു കരാറിൽ രഹസ്യമായി ഒപ്പുവെക്കുകയായിരുന്നു.
ഒക്ടോബർ 10നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രിയെയും പ്രധാനമന്ത്രിയെയും ഡൽഹിയിൽ നേരിൽ കാണുന്നത്. തിരികെ എത്തിയ ഉടനെ ഒക്ടോബർ 16ന് ധാരണാപത്രം ഒപ്പുവയ്ക്കുന്നു. മന്ത്രിസഭയെപ്പോലും ഇരുട്ടിൽ നിർത്തി അത്തരം ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പ്രേരിപ്പിച്ച കാര്യമെന്തായിരുന്നു എന്ന് തീർച്ചയായും കേരളസമൂഹം അറിയേണ്ടതുണ്ട്.
2024 ഒക്ടോബർ മാസത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ, പദ്ധതിയിൽ ഒപ്പുവയ്ക്കേണ്ടതില്ല എന്നതായിരുന്നു മന്ത്രിസഭായോഗ തീരുമാനം. വീണ്ടും 2025 ഏപ്രിൽ മാസത്തെ മന്ത്രിസഭാ യോഗത്തിലും പിഎം ശ്രീ അജണ്ടയായി. അപ്പോഴും നയപരമായ പ്രശ്നം എന്ന നിലയിൽ മുന്നണിയിൽ ആലോചിക്കണം എന്നതിനാൽ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പിന്നെങ്ങനെയാണ് ഈ പദ്ധതിയിൽ ഒപ്പു വയ്ക്കപ്പെട്ടതെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കേരളത്തോട് തുറന്നു പറയുകതന്നെ വേണം.
പ്രത്യാഘാതങ്ങൾ
രഹസ്യമായി ഒപ്പുവെച്ച ധാരണാപത്രപ്രകാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി(Dosel) ആണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ശിക്ഷ അഭിയാൻ വഴിയായിരിക്കും സംസ്ഥാനങ്ങളിൽ സ്കീം നടപ്പാക്കുന്നത്. എസ്‌സിഇആർടി, ഡയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ ഏജൻസികൾക്ക് നടത്തിപ്പിന്റെ ഭാഗമാകാം എന്നുമാത്രം. ഉള്ളടക്കത്തിലും ഘടനയിലും മാറ്റം വരുത്താൻ ദേശീയ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സാദ്ധ്യമല്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി സംസ്ഥാനത്ത് നടപ്പാക്കണം. മുഖ്യലക്ഷ്യം പുതിയ ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയിലൂടെ നടപ്പാക്കി പ്രദർശിപ്പിക്കുക എന്നതാണ്.
ധാരണാപത്ര പ്രകാരം സംസ്ഥാന സർക്കാർ/വിദ്യാഭ്യാസ വകുപ്പ് ഈ പ്രോജക്ട് നടപ്പാക്കുന്ന ഏജൻസി മാത്രമാണ്. കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സമയാസമയം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചുവേണം സ്കീം നടപ്പാക്കാൻ. പദ്ധതി കാലയളവ് 5 വർഷത്തേക്കാണ്.എംഒയു പ്രകാരം 2027 മാർച്ച് 31ന് പദ്ധതി അവസാനിക്കും. അതിനുശേഷം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ പിഎം ശ്രീ വ്യവസ്ഥകൾ പാലിച്ച് സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ നൂറുകണക്കിന് പൊതുവിദ്യാലയങ്ങൾ കേന്ദ്രസർക്കാരിന്റെ കാൽക്കീഴിലേക്ക് വരുന്നു എന്നർത്ഥം. നമ്മുടെ പൊതുവിദ്യാലയങ്ങളെ പിണറായി സർക്കാർ പണയപ്പെടുത്തുന്നുവെന്നർത്ഥം. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനാണ് പിഎം ശ്രീ പദ്ധതിയെന്നു ചുരുക്കം.
സിപിഐയുടെ നിലപാട്
പിഎം ശ്രീ ധാരണാപത്രം ഒപ്പിടുന്ന കാര്യത്തിൽ സിപിഐ(എം) സ്വീകരിച്ച അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് രംഗത്തുവന്ന ഘടകകക്ഷിയായ സിപിഐയുടെ എതിർപ്പ് ഏതാനും ദിവസം മാധ്യമങ്ങൾ ആഘോഷിക്കുകയുണ്ടായി. എന്നാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരായോ പിഎം ശ്രീ പദ്ധതിക്കെതിരെ പോലുമോ പ്രത്യയശാസ്ത്രപരമായി സന്ധിയില്ലാതെ പോരാടാനുള്ള ആർജ്ജവം സിപിഐ പ്രദർശിപ്പിച്ചില്ല. ഏവരും പ്രതീക്ഷിച്ചതു പോലെതന്നെ പിഎം ശ്രീ പദ്ധതി ‘മരവിപ്പിക്കാമെന്ന’ സിപിഐ(എം) കുതന്ത്രത്തിൽ സിപിഐ ആശ്വാസം കണ്ടെത്തി.
മരവിപ്പിക്കൽ എന്നത് മറ്റൊരു രാഷ്ട്രീയ വഞ്ചനയാണ്. ഒപ്പിട്ട ധാരണാ പത്രം പിൻവലിക്കുംവരെ ഒരുവിധ സമവായത്തിനും തയ്യാറാവില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഐക്ക് ആയില്ല. പിഎം ശ്രീയ്ക്കും ദേശീയ വിദ്യാഭ്യാസനയത്തിനുംഎതിരായ പോരാട്ടം സിപിഐ, സിപിഐ(എം) പാർട്ടികൾക്കിടയിലെ പടലപിണക്കത്തിന്റെ വിഷയമേയല്ല. അത് നമ്മുടെ നാടിന്റെ വിദ്യാഭ്യാസഭാവിയുടെ പ്രശ്നമാണ്. വിദ്യാഭ്യാസ സ്നേഹികളും ഇടതുപക്ഷ ചിന്താഗതിക്കാരുമെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ സന്ധിയില്ലാതെ മുന്നേറുകതന്നെ വേണം.
കേവലം പണത്തിന്
വേണ്ടിയോ?
സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിക്ക് തരാനുള്ള കുടിശ്ശികതുക കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുന്നു, പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ആ പണം കേന്ദ്രം നൽകൂ എന്നതിനാൽ മറ്റു വഴിയില്ലാതെയാണ് ഒപ്പിടുന്നതെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, ഫണ്ടിനെ സംബന്ധിച്ച യഥാർത്ഥ ചിത്രം മറ്റൊന്നാണ്. സമഗ്ര ശിക്ഷാ അഭിയാൻ വഴി കേരളത്തിന് കേന്ദ്രം നൽകേണ്ടുന്ന കുടിശിക 1158 കോടിയാണ്. അത് ലോക ബാങ്കിന്റെ സോഫ്റ്റ് ലോൺ ആണ്. പ്രൊജക്റ്റ് ഫണ്ട് ആണത്. തിരിച്ചടക്കണം. അപ്പോൾ, കേവലം പണത്തിനുവേണ്ടി മാത്രമാണോ ഇത്ര വലിയ ചതി അരങ്ങേറിയത്?
പിഎം ശ്രീ പദ്ധതിക്കാകട്ടെ കേന്ദ്രസർക്കാർ മുൻകൂറായി പണം നൽകുന്നതല്ല. സ്കൂൾ ക്വാളിറ്റി അസസ്‌മെന്റ് ഫ്രെയിം വർക്കിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള പെർഫോമൻസ് ആശ്രയിച്ചു മാത്രമാണ് ഫണ്ട് കേന്ദ്രസർക്കാർ നൽകുന്നത്. ചെലവിന്റെ 60% കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം. അഥവാ സംസ്ഥാന ഫണ്ടുകൂടി ഉപയോഗിച്ചുവേണം പിഎം ശ്രീ നടപ്പാക്കാൻ എന്നർത്ഥം. അപ്പോൾ പിഎം ശ്രീയ്ക്കുവേണ്ടി കേന്ദ്രം തരുന്ന പരമാവധി തുക 400 കോടിയിൽ താഴെയേ വരൂ. അതുപോലും സ്കൂളുകളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ബാക്കി പൊതുഖജനാവിൽനിന്ന് സംസ്ഥാനം നൽകണം. അപ്പോൾ 40% തുക നമ്മുടെ ഖജനാവിൽനിന്ന് നൽകി കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കാൻ ഇത്ര വലിയ ഔൽസുക്യം കാട്ടുന്നത് എന്തിന്?
മുഖ്യമന്ത്രിയുടെ ബിജെപി ചങ്ങാത്തം
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ കേരള സംസ്ഥാനം തയ്യാറാണെന്ന് കാണിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 2024 മാർച്ച് മാസം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് ഒരു കത്ത് അയച്ചിരുന്നു. തത്ഫലമായി സമഗ്ര ശിക്ഷ അഭിയാൻ കേരളത്തിന് നൽകേണ്ടുന്ന തുകയിൽ ഒരു ഭാഗം കേന്ദ്രസർക്കാർ അനുവദിച്ചു നൽകുകയും ചെയ്തിരുന്നു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ മന്ത്രിസഭ അനുമതി നൽകുന്നതിനുമുമ്പ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തികച്ചും ഏകപക്ഷീയമായാണ് കത്തയക്കുന്നത്. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമായി പ്രവർത്തിക്കുന്നു എന്ന വിമർശനത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ നടപടി.
യഥാർത്ഥത്തിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം മിക്കവാറും കേരളത്തിൽ നടപ്പാക്കികഴിഞ്ഞിരിക്കുന്നു. ഡിപിഇപി മുതൽ റൂസ വരെയുള്ള എല്ലാ ലോകബാങ്ക് പദ്ധതികളും അപ്പടി നടപ്പാക്കുകയാണ് കേരളം. എൻഇപി അവതരിപ്പിച്ച, വിദ്യാഭ്യാസത്തിന്റെ നന്മകളെ കാറ്റിൽപ്പറത്തുന്ന നാലുവർഷ ബിരുദ സമ്പ്രദായവും നടപ്പാക്കി കഴിഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ അവതരിപ്പിക്കുന്ന കരിക്കുലം അഥവാ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരിക്കുലം കേരളം നടപ്പാക്കിയ ഡിപിഇപി കരിക്കുലവും ഭാരതീയ ജ്ഞാനവ്യവസ്ഥയുടെ ആശയങ്ങളും ഒരുമിപ്പിക്കുമ്പോൾ ഉണ്ടാകുന്നതാണ്. സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടയുംകൂടി ഉൾപ്പെടുത്തുന്നതോടെ ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ നയമായി മാറുന്നു. അങ്ങനെ ആർഎസ്എസും സിപിഐ(എം)ഉം വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിൽ സമാന ചിന്താഗതിക്കാരായി മാറിയിരിക്കുന്നു എന്നത് ഇപ്പോൾ കൂടുതൽ വ്യക്തമാണ്. കണ്ണൂർ സർവ്വകലാശാലയിൽ വി.ഡി.സവർക്കറെ പാഠ്യവിഷയമാക്കാൻ സിപിഐ(എം) സിൻഡിക്കേറ്റ് അനുമതി നൽകിയത് യാദൃശ്ചികമായല്ല എന്നതും ഇപ്പോൾ വ്യക്തമാണ്.
പിഎം ശ്രീ പദ്ധതിയോടും താത്വികമായി ഒരു വിധ വിയോജിപ്പും സിപിഐ(എം) വെച്ചുപുലർത്തുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടുകൂടിയാണ് പൊതുവിദ്യാഭാസത്തെ വെല്ലുവിളിക്കുന്ന അപകടകരമായ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതിന് സിപിഐ(എം) എല്ലാ ജനാധിപത്യ മര്യാദകളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയത്.
ദേശീയ വിദ്യാഭ്യാസനയം 2020നെ എതിർക്കുന്നു എന്നാണ് സിപിഐ(എം)ഉം എൽഡിഎഫും പുറമേക്ക് പറയുന്നത്. എന്നാൽ നഴ്‌സറി തലം മുതൽ യൂണിവേഴ്സിറ്റി തലംവരെ എൻഇപിയുടെ പല തലങ്ങളിലുള്ള നടപ്പിലാക്കൽ വഞ്ചനാപരമായി അരങ്ങേറുന്നുണ്ട്. പിഎം ശ്രീയാകട്ടെ ദേശീയ വിദ്യാഭ്യാസ നയം ഭംഗിയായി നടപ്പിലാക്കി നാടിനാകെ മാതൃകയാകേണ്ട സ്കൂളുകൾ പ്രദർശിപ്പിക്കുന്ന പദ്ധതിയാണ്. അതിൽ വാണിജ്യവൽക്കരണത്തോടൊപ്പം കാവിവൽക്കരണവും ഉറപ്പാക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ മതേതര വിദ്യാഭ്യാസത്തിന്റെ വേരറക്കുന്ന, ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും പാഠങ്ങൾ നിരാകരിച്ച ഭാരതീയ വിജ്ഞാന വ്യവസ്ഥ എന്ന വിജ്ഞാന വിരോധം പ്രസരിപ്പിക്കുന്ന ഈ പദ്ധതി മിനിമം ജനാധിപത്യബോധമോ വിദ്യാഭ്യാസ താൽപര്യമോ ഉള്ള ഒരാൾക്കും അംഗീകരിക്കാൻ ആവില്ല. എന്നിട്ടും ഏതാനും കോടികളുടെ പേരുപറഞ്ഞ് എൽഡിഎഫ് സർക്കാർ ഇതേറ്റെടുത്തിരിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഇടതുപക്ഷീയതയോ ജനാധിപത്യ രീതിയോ തൊട്ടുതീണ്ടിയിട്ടില്ല എന്ന വസ്തുത കൂടി ഈ നിലപാട് വെളിവാക്കിത്തരുന്നുണ്ട്. അതുകൊണ്ടാണ് രണ്ടാം കക്ഷിയായ സിപിഐയുടെ എതിർപ്പിന് പുല്ലുവിലകൽപ്പിച്ച് മുഖ്യമന്ത്രി ധാരണാപത്രം ഒപ്പിടാൻ അനുമതി നൽകിയത്. സിപിഐയെ മാത്രമല്ല, മന്ത്രിസഭയെയും മുന്നണിയെയും സ്വന്തം പാർട്ടിയെപ്പോലും മുഖ്യമന്ത്രി ഇരുട്ടിൽ നിർത്തുമ്പോൾ ഇത് മുഖ്യമന്ത്രിയുടെ വ്യക്തിപരമോ കുടുംബപരമോ ആയ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് എന്ന് സംശയം ബലപ്പെടുത്തുന്നുണ്ട്. ഒപ്പം സിപിഐ(എം) എന്ന പ്രസ്ഥാനത്തിന് വന്നുഭവിച്ചിരിക്കുന്ന ഭയാനകമായ അപചയത്തിന്റെ ആഴംകൂടി ഇത് വ്യക്തമാക്കുന്നു.
ഇനിയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാത്ത സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. അവരോടൊപ്പം നിന്ന് പ്രതിപക്ഷസഖ്യത്തെ ബലപ്പെടുത്തേണ്ടവരാണ്, അതിന് മാതൃക കാണിക്കേണ്ടവരാണ് ഈ ചതി ചെയ്തിരിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ മാനങ്ങളുള്ള കാര്യമാണ്. ഫെഡറലിസത്തെക്കുറിച്ചും സംസ്ഥാനങ്ങളുടെ അവകാശത്തെ കുറിച്ചുമൊക്കെ സംസാരിക്കാൻ ഇനി സിപിഐ(എം)ന് എന്ത് ധാർമിക അവകാശമാണ് അവശേഷിക്കുക?
സംഘപരിവാർ അജണ്ടയുമായി രാജ്യത്തെ അന്ധകാരത്തിലേക്ക് നയിക്കുന്ന ബിജെപി നയിക്കുന്ന യൂണിയൻ ഗവൺമെന്റിന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരെ ഉശിരൻ പോരാട്ടം രാജ്യവ്യാപകമായി വളർത്തിയെടുക്കുക എന്നതാണ് ഇടതുപക്ഷത്തിൽ ഇന്ന് അർപ്പിതമായിരിക്കുന്ന കടമ. അത് വിസ്മരിക്കുകയും ഫാസിസ്റ്റ് ശക്തികൾക്ക് കീഴടങ്ങുകയും അതുവഴി അവർക്ക് ശക്തി പകരുകയും ചെയ്യുന്ന ദയനീയ പതനത്തിലേക്ക് സിപിഐ(എം) വഴിതിവീഴുകയാണോ? രാജ്യത്തെ ഇടതുപക്ഷ വിശ്വാസികൾ ഗൗരവപൂർവ്വം വിലയിരുത്തേണ്ട പ്രശ്നമാണിത്.
ഏതാനും തുട്ടുകൾക്കുവേണ്ടി എല്ലാ ആദർശങ്ങളും പുരോഗമന നിലപാടുകളും അടിയറവയ്ക്കുന്നതിന് അന്ധമായ പാർട്ടി കൂറിന്റെ പേരിൽ ന്യായീകരിക്കുന്ന അണികൾ പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്ക് ആക്കം വർദ്ധിപ്പിക്കുകയും നാടിന്റെ നാശത്തിന് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത് എന്ന യാഥാർഥ്യം തിരിച്ചറിയാൻ ഇനിയും വൈകരുത്. ഏതാനും സീറ്റുകൾക്കുവേണ്ടി പിന്തിരിപ്പൻ കൂട്ടുകെട്ടുകൾക്ക് പിന്നാലെ പായുന്നതടക്കമുള്ള എല്ലാ ജീർണ്ണതകളിൽനിന്നും വ്യവസ്ഥാപിത ഇടതുപക്ഷത്തെ മുക്തമാക്കാനും അവകാശ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടും ജനാധിപത്യ മതേതര ധാരണകൾ അരക്കിട്ടുറപ്പിച്ചുകൊണ്ടും സാമൂഹ്യപുരോഗതിയുടെ പാതയിലൂടെ ഉറച്ച ചുവടുവെപ്പുകൾ നടത്താനും ഇടതുപക്ഷ ചിന്താഗതി പേറുന്നവർക്കാകണം. ഫാസിസ്റ്റ് ശക്തികളുടെ അന്തിമ പരാജയം ഉറപ്പാക്കാൻ കുറുക്കുവഴികൾ ഒന്നുമില്ലെന്ന കാര്യം എപ്പോഴും ഓർക്കുക.
