‘മുഖ്യമന്ത്രി എന്നോടൊപ്പം’ എന്നൊരു പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നുവച്ചാൽ, 2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോടൊപ്പമാവാൻ തുടങ്ങിയിരിക്കുന്നു എന്നാണോ അതിനര്‍ത്ഥം? കേരളം കണ്ട മുഖ്യമന്ത്രിമാരിൽ ജനങ്ങൾക്ക് ഏറ്റവും അപ്രാപ്യൻ എന്ന പേരുദോഷം ഇല്ലാതാക്കാൻ ഭരണത്തിന്റെ രണ്ടാംഗഡുവിന്റെ അവസാന പാദത്തിൽ അടുത്ത തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ജനങ്ങളുടെ അരികിലേക്ക്, നേർക്കുനേർ കാണാൻ പോകുന്നുവെന്ന് ധരിക്കുകയൊന്നും വേണ്ട. ഇത് ഒരു ഫോൺ-ഇൻ പരിപാടി മാത്രമാണ്. ആരൊക്കെ എത്ര ചോദ്യങ്ങള്‍ ചോദിച്ചാലും എത്ര പ്രശ്നങ്ങള്‍ ഉന്നയിച്ചാലും അതില്‍ തിരഞ്ഞെടുത്ത പത്തുചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും എന്നതാണ് നടപടിക്രമം. ‘നവകേരളയാത്ര’യിൽ പൗരപ്രമുഖരെ മാത്രം കണ്ടു എന്ന പരാതി പരിഹരിക്കാനും കൂടെയാവും ഇത്തവണ സാധാപൗരന്മാരുടെ ശബ്ദം കേൾക്കാൻ തീരുമാനിച്ചത്.
‘ജനസമ്പർക്ക’ പരിപാടികൾ എത്രയോ കണ്ടതാണ് കേരളം.
“എന്നാൽ എന്റെ പേർക്ക് ഒരു ഹരിജി അയച്ചേക്ക്.”
“ഒരു ഹരിജി അയച്ചിരുന്നല്ലോ, സഖാവേ…”
“എന്നാൽ ഒരെണ്ണം കൂടെ അയച്ചേക്ക്…”
ഇത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ 25 വർഷം മുമ്പ് ഏഷ്യാനെറ്റ് ചാനലിൽ നടത്തിയ ഫോൺ-ഇൻ പരിപാടിയിലെ സരസ സംഭാഷണശകലമാണ്. പിന്നീട് വന്ന ഉമ്മൻചാണ്ടിയും വിപുലമായ ജനസമ്പർക്ക പരിപാടി നടത്തിയിരുന്നു. ഇതൊക്കെ ഇല്ലാതെയും പ്രശ്നപരിഹാരാർത്ഥം പലവിധ ഏർപ്പാടുകൾ നിലവിലുണ്ട്. ‘മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെൽ’, ‘സാന്ത്വനം സിഎംഒ പോർട്ടൽ’ എന്നൊക്കെയുള്ള നമ്പരുകൾ നിരവധിയുണ്ട്. എന്നിട്ടും പ്രശ്നങ്ങള്‍ക്ക് ഒരു അന്തവുമില്ല, എന്നുമാത്രമല്ല അത് കൂടിവരുന്നതേ യുള്ളുതാനും.
ഈ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ ഉണ്ട് എന്ന് ആരൊക്കെയാവും നെഞ്ചലിഞ്ഞു പറയുക? അധ്വാനിച്ച് ജീവിതമാർഗം കണ്ടെത്തുന്ന ഏത് വിഭാഗം ജനങ്ങളാണ് ഈ സർക്കാർ അവരോടൊപ്പമുണ്ട് എന്ന് കരുതുക? ഒമ്പതര വർഷത്തെ അനുഭവം നൽകിയ കടുത്ത പാഠം ഈ സർക്കാർ ദരിദ്രരോടും ദുർബലരോടും ഒപ്പമില്ല എന്നതാണ്.
ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന ‘പൊതു വികസന’മാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതത്രെ. എത്ര കാപട്യം നിറഞ്ഞ ഭാഷണമാണിതെന്ന് പ്രത്യക്ഷ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വികസനമൊക്കെയുണ്ട്. അത് ‘പൊതു’വല്ല. ഒരുപിടി വരുന്ന കുത്തകളുടേത് മാത്രം വികസനമാണ്.
പ്രഗൽഭരായ പിആർ വിദഗ്ധന്മാരും സൈബർ കൂലിപ്പടയും ചേർന്ന് പൊലിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഇമേജ് യാഥാർത്ഥ്യവുമായി ഏറ്റുമുട്ടി തകർന്നു പോകുന്നതാണ് നാം കാണുന്നത്. “ഇത് കേരളമാണ്, കേരളം നമ്പർ വൺ” എന്ന വീമ്പുപറച്ചിലിനെ പിൻപറ്റാൻ കേരളത്തിലെ വിവിധ വിഭാഗം സാധാരണക്കാർക്കാവില്ലെന്ന് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ചാൽ തിരിച്ചറിയാം. അവർക്കുവേണ്ടി വ്യവസ്ഥാപിതമായി സർക്കാർ ചെയ്യേണ്ടത് ചെയ്യുന്നില്ല. നൽകേണ്ട സാമ്പത്തിക സഹായം നൽകുന്നില്ല. അതുവഴി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഒരുവശത്ത്. അതേസമയംതന്നെ നികുതി-ചാർജ് വർദ്ധനവുകളിലൂടെ ജനങ്ങളെ പിഴിയുകയും ചെയ്യുന്നു.
സർക്കാർ വിവിധ വിഭാഗം ജനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും നൽകാൻ നിയമപരമായും ധാർമികമായും ബാധ്യതപ്പെട്ടവ നിഷേധിക്കുന്നതിനെപ്പറ്റിയുള്ള ഒരു പരിശോധനയാണ് ചുവടെ.
കെട്ടിട നിർമ്മാണം, കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ അസംഘടിത തൊഴിൽ മേഖലയിലെ ക്ഷേമനിധികൾ ഇപ്പോൾ തൊഴിലാളികൾക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നത്. ആരോഗ്യമുള്ള കാലത്തോളം ഈ സമൂഹത്തിനുവേണ്ടി അടിസ്ഥാന മേഖലകളിൽ പണിയെടുത്ത്, അവരുടെ തുച്ഛ വരുമാനത്തിൽനിന്ന് അംശാദായം നൽകിയ ക്ഷേമനിധിയിൽനിന്നുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നത് മനുഷ്യത്വഹീനമായ രീതിയാണ്. ബോർഡ് അംഗങ്ങളായ ഭരണകക്ഷി തൊഴിലാളി സംഘടന നേതാക്കളുടെയും ഉദ്യോഗസ്ഥന്മാരുടെയും ക്ഷേമം മാത്രമാണ് അവരുടെ ലക്ഷ്യം. പിൻവാതിൽ നിയമനങ്ങളിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റി അവർക്ക് സ്ഥിരമായി നിയമനം നൽകുകയും ചെയ്യുന്നു. 2000 കോടി രൂപയിലധികമാണ് തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക. 6.74 ലക്ഷം തൊഴിലാളികളുടെ നിലനിൽപ്പിന് അനിവാര്യമായ നിസ്സാരമായ ആനുകൂല്യങ്ങൾപോലും പിടിച്ചുവച്ചിരിക്കുന്നു. ഈ ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന പേരിൽ മറ്റ് അവശ്യപെൻഷനുകളും കൂടി നിഷേധിക്കപ്പെട്ടു. കെട്ടിടനിർമ്മാണ ക്ഷേമനിധിയിൽ 17 മാസത്തെ പെൻഷൻ കുടിശ്ശികയായുണ്ട്. ധനികരായ ബിൽഡർമാരിൽനിന്ന് പിരിച്ചെടുക്കേണ്ടുന്ന സെസ്സ് പിരിച്ചെടുക്കാതെ ഈ വൃദ്ധരായ പാവപ്പെട്ട തൊഴിലാളികൾക്ക് കിട്ടേണ്ട തുക നഷ്ടപ്പെടുത്തുന്നു. ഈ സർക്കാർ ആരോടൊപ്പമാണ് എന്ന് ഈ ഉദാഹരണം തെളിയിക്കുന്നു.
സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരായ പട്ടികജാതി/പട്ടിക വിഭാഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഒരു പരിഷ്കൃത സർക്കാരിന്റെ മുഖ്യ പരിഗണനയിൽ വരേണ്ടതാണ്. പക്ഷേ പിണറായി സർക്കാർ അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷ്ക്കരുണം തടഞ്ഞുവെച്ചിരിക്കുന്നത് നാം കാണുന്നു. ഈ രംഗത്ത് കഴിഞ്ഞ അഞ്ചുവർഷമായി പദ്ധതി വിഹിതത്തിലുള്ള വർദ്ധനവ് മരവിപ്പിലാണ്. കൂടാതെ പദ്ധതിയിൽ വകയിരുത്തിയതിൽനിന്നു തന്നെ ആകെ 612 കോടി രൂപയുടെ വെട്ടിക്കുറവും വരുത്തി. ഈ വിഭാഗങ്ങൾക്കുള്ള പ്രവർത്തനങ്ങളെയാകെ ഇത് ബാധിച്ചിട്ടുണ്ട്. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ 9.42 കോടി രൂപ കുടിശ്ശികയാണ്. ചികിത്സാസഹായ പദ്ധതിയിൽ 34.27 കോടിയും വിവാഹ ധനസഹായത്തിന് 58.70 കോടിയും മിശ്ര വിവാഹിതർക്ക് 65.12 കോടിയും ഏക വരുമാന കുടുംബങ്ങൾക്ക് 15 കോടിയും വിദേശ വിദ്യാഭ്യാസത്തിനുള്ള 56 കോടിയുമാണ് കുടിശ്ശികയായുള്ളത്. ഫുൾ എ പ്ലസ് വാങ്ങുന്ന കുട്ടികൾക്ക് നൽകാൻ പ്രഖ്യാപിച്ചിരുന്ന അരപ്പവൻ സമ്മാനം 2010 മുതൽ നൽകാനുള്ളത് ഇരുപതിനായിരം പേർക്കായി 10,000 പവനാണ്. യുവജനോത്സവത്തിൽ വിജയിക്കുന്നവർക്ക് നൽകേണ്ടുന്ന 10,000 രൂപ 2019 മുതലുള്ളത് കുടിശ്ശികയാണ്. അപേക്ഷ സ്വീകരിക്കുന്നതും ഇപ്പോൾ നിർത്തിയിരിക്കുകയാണ്. പട്ടിക വിഭാഗത്തിലുള്ളവർക്ക് ഫുഡ് സപ്പോർട്ട്, ജനനി, ചികിത്സാസഹായം, വിദ്യാവാഹിനി പദ്ധതികളും മുടങ്ങിയിരിക്കുകയാണ്. ഇ-ഗ്രാന്റ് നൽകാത്തത് കാരണം ഈ വിഭാഗത്തിൽ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. വികലാംഗരായ കുട്ടികൾക്കുള്ള ഗ്രാന്റുപോലും മുടങ്ങിയിരിക്കുകയാണ്. ഈ സർക്കാർ ആരോടൊപ്പമാണ്?
രോഗബാധിതരായ സാധാരണ മനുഷ്യരുടെ ദൈന്യത വർധിപ്പിക്കുന്ന നടപടികളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ആരോഗ്യ സംവിധാനം പ്രവർത്തിപ്പി ക്കാനായി വകയിരുത്തുന്ന തുക പോലും നൽകാതെ സർക്കാർ ജനദ്രോഹമാണ് നടത്തുന്നത്. ഉദാഹരണത്തിന് 2023-24 വർഷത്തിൽ വകയിരുത്തിയതിൽനിന്ന് 426 കോടി രൂപ കുറച്ചാണ് ഈ വർഷം ആരോഗ്യ മേഖലയ്ക്ക് നൽകിയത്. 2025-26ലെ പദ്ധതി വിഹിതത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾക്കുള്ള വിഹിതത്തിൽ ഇതുവരെ 11.50 ശതമാനം മാത്രമാണ് നൽകിയിരിക്കുന്നത്. സർക്കാർ സമീപനം വ്യക്തം. കാരുണ്യ പദ്ധതിയിൽ 1600 കോടി രൂപയാണ് കുടിശ്ശികയായത്. മെഡിക്കൽ സപ്ലൈസ് കോർപ്പറേഷന് നൽകേണ്ട വൻ തുക നൽകാത്തതുകാരണം മരുന്നു കമ്പനികളും ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളും മരുന്നും ഉപകരണങ്ങളും നൽകുന്നില്ലെന്നു മാത്രമല്ല, ഇതിനോടകം നൽകിയതുംകൂടെ അവർ എടുത്തുകൊണ്ടു പോവുകയാണ്. ഹൃദയ ശസ്ത്രക്രിയകൾ അടക്കമുള്ള ജീവൻരക്ഷ ഇടപെടലുകളാണ് മുടങ്ങുന്നത്. ഡോ.ഹാരിസ് ചിറക്കൽ ഉയർത്തിയ പ്രശ്നങ്ങളൊക്കെ ഇതിന്റെ ഫലമായി ഉണ്ടായതാണ്. സമ്പൂർണ്ണ ആരോഗ്യ ചികിത്സ നൽകുന്ന പൊതു ആരോഗ്യ സംവിധാനങ്ങൾ ക്രമേണ സ്വകാര്യ ആശുപത്രികൾക്ക് സമാനം ചിലവേറിയതാവുകയാണ്. അതോടൊപ്പം മതിയായ എണ്ണം ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കാത്തതു വഴി സർക്കാർ ആശുപത്രികളിൽ നിന്ന് യഥോചിതം ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാധാരണക്കാരെപ്പോലും നിർബന്ധിതമാക്കുകയാണ്. സാമാന്യ സാമ്പത്തികശേഷിയുള്ളവർപോലും രോഗം വന്നാൽ ചികിത്സ നടത്തി പാപ്പരാവുകയാണ്. ആശുപത്രി ബില്ല് കൊടുക്കാനാവാതെ രോഗിയായ ഭാര്യയെ കൊന്ന് ഭർത്താവ് സ്വകാര്യ ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്ന ഭീകരസംഭവവും അടുത്തയിടെയുണ്ടായി. പാവപ്പെട്ടവരാകട്ടെ മതിയായ ചികിത്സക്കും മരുന്നുസേവയ്ക്കും വഴി കാണാതെ അകാല മരണത്തിലേക്കോ ആത്മഹത്യയിലേക്കോ നടന്നുപോകാൻ വിധിക്കപ്പെടുമ്പോൾ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ എന്ന് അവർ കരുതുമോ?
കാലാവസ്ഥാ പ്രശ്നങ്ങളും വിളനാശവും താങ്ങാനാവാതെ, വർദ്ധിക്കുന്ന കൃഷി ചെലവും വിളയുടെ വിലക്കുറവും സൃഷ്ടിക്കുന്ന കെടുതികളെയും നേരിട്ട് എവ്വിധവും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന കർഷകരെ ദ്രോഹിക്കുന്ന നയമാണ് സർക്കാരിനുള്ളത്. നെല്ല് സംഭരണത്തിന്റെ കാര്യത്തിലുള്ള പ്രശ്നങ്ങൾ സർക്കാർ രൂക്ഷമാക്കുകയാണ്. സംഭരിച്ച നെല്ലിന്റെ വില കിട്ടാൻ കഠിന സമരം നടത്തേണ്ട സാഹചര്യമാണുള്ളത്. വിളവെടുപ്പ് കാലത്തുതന്നെ അതിന്റെ വില കിട്ടിയില്ലെങ്കിൽ അടുത്ത കൃഷിയിറക്കൽ അവതാളത്തിലാവുമെന്നത് തീർച്ചയാണ്. ഇപ്പോഴത് സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുന്നു. ഈ ഇനത്തിൽ 359 കോടി രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. സംഭരണത്തിന്റെ കാര്യത്തിലും സപ്ലൈകോയും മില്ലുകളും ബാങ്കുകളും സർക്കാരും നടത്തുന്ന ഒത്തുകളി കാരണം കർഷകർ ആത്മഹത്യയുടെ വക്കിലാണ്. ഈ രംഗം ഉപേക്ഷിച്ചുപോകാൻ ഏജൻസികളെല്ലാം ചേർന്ന് നിർബന്ധിക്കുന്ന സാഹചര്യമാണുള്ളത്. 2020-21ൽ 20,1870 ഹെക്റ്ററിൽ നെൽകൃഷി ഉണ്ടായിരുന്നത് 2023-24ൽ 179,000 ഹെക്ടറായി കുറഞ്ഞു എന്നത് ആശങ്കാജനകമായ ഒരു ചിത്രമാണ് നൽകുന്നത്. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കായ മനുഷ്യരോടൊപ്പം മുഖ്യമന്ത്രി ഉണ്ടോ?
ജനകീയാസൂത്രണം, അധികാരവികേന്ദ്രീകരണം എന്നൊക്കെയുള്ള പേരിൽ കേരളത്തിൽ സിപിഐ(എം) സർക്കാർ നടപ്പിലാക്കിയ ലക്ഷണമൊത്ത ആഗോളവൽക്കരണ പദ്ധതിയുടെ ദുഷ്‌ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കേരളം. 1996 ൽ ഈ പദ്ധതി ആരംഭിക്കുമ്പോൾ വാർഷിക പദ്ധതിയുടെ 35 മുതൽ 40 ശതമാനം വരെയായിരുന്നു വകയിരുത്തിയത്. വർഷങ്ങൾ കടന്നുപോകവെ, സർക്കാർ നേരിട്ട് വകുപ്പുകൾ വഴി നടത്തിയിരുന്ന ചുമതലകളിൽനിന്ന് അധികമധികം പിന്മാറുകയും പഞ്ചായത്തുകളുടെ ചുമലിലേക്ക് മാറ്റുകയും ചെയ്തു. പക്ഷേ അതേസമയം പദ്ധതി വിഹിതത്തിന്റെ തോത് കുറച്ചുകൊണ്ടുവരികയും ചെയ്തു. ഇപ്പോഴത് 21.6% മാത്രമാണ്. ഈ വിഹിതം തന്നെ പൂർണമായി ചെലവിൽ വരാറില്ല. വർഷാവസാനം വരെ പല കാരണങ്ങൾ പറഞ്ഞ് ഫണ്ട് അനുവദിക്കാതിരിക്കുകയുമാണ്. 2025-26 വർഷത്തിൽ 7 മാസം പിന്നിടുമ്പോൾ 19.59 ശതമാനമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനർത്ഥം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഗതാഗതം അടക്കമുള്ള ഏറ്റവും അടിസ്ഥാന ജനക്ഷേമ പ്രവർത്തനങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെടും എന്നാണ്. ഇത് ജനങ്ങളുടെ ദൈന്യജീവിതം കൂടുതൽ പരിതാപകരമാക്കും എന്നതാണ് ഫലം. ഇങ്ങനെ ദാരിദ്ര്യത്തിലായ പഞ്ചായത്തുകൾ ജനങ്ങളിൽനിന്ന് പലവിധത്തിൽ പിരിവ് നടത്താൻ നിർബന്ധിതമാകും.
തൊഴിലാളികളുടെ കൂലി കുറയ്ക്കുകയും അതുപോലും കുടിശ്ശിക വരുത്തുകയും കൊടുക്കാതിരിക്കുകയും ചെയ്യുന്ന കാര്യത്തിൽ കഴുത്തറപ്പൻ സ്വകാര്യ മുതലാളിമാർക്ക് മാതൃകയാവുകയാണ് സർക്കാർ. കെഎസ്ആർടിസിയിലെ തൊഴിലാളികളെയാണ് സർക്കസ് കമ്പനിക്കാരുടെ മാതൃകയിൽ മൃഗശിക്ഷണത്തിന് ആദ്യം വിധേയമാക്കിയത്. കൂലി കൊടുക്കാതെയും തൊഴിൽ സമയവും ജോലി സമ്മർദ്ദവും കൂട്ടി. സർക്കാരും മാനേജ്മെന്റും ചാട്ടവാർ ചുഴറ്റുമ്പോൾ സാന്ത്വനവും ഭീഷണിയുമായി സർക്കാർ വിലാസം സംഘടനകൾ ചുറ്റിനും അണിനിരക്കും. മാസങ്ങളോളം കൂലിയും പെൻഷനും നിഷേധിച്ചു പട്ടിണിക്കിട്ടു. ചിലർ ആത്മഹത്യ ചെയ്തു. അങ്ങനെ വലഞ്ഞപ്പോൾ വല്ലപ്പോഴും എന്തെങ്കിലും ചില്ലറ നൽകി രോഷം തണുപ്പിച്ചു. 1500 സ്ഥിരം ഒഴിവുകളിൽ നിയമനം നടത്താതെ താൽക്കാലികക്കാരെക്കൊണ്ട് പണിയെടുപ്പിക്കുമ്പോൾ അതൊരു തൊഴിൽ ചൂഷണവും കൂലിക്കൊള്ളയുമാണ്. അങ്ങനെ പതംവരുത്തിയെടുക്കപ്പെട്ട തൊഴിലാളികളെ മാതൃകയാക്കിയാണ് സർക്കാർ ഇതര മേഖലകളിലേക്ക് കടന്നത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളത്തിന്റെയും പെൻഷന്റെയും വകയിൽ നൽകേണ്ടുന്ന ഒരു ലക്ഷം കോടിയോളം രൂപയാണ് പിടിച്ചുവെച്ചിരിക്കുന്നത്. ക്ഷാമബത്ത കുടിശ്ശിക, ശമ്പള പെൻഷൻ പരിഷ്കരണ കുടിശ്ശിക, മെഡിക്കൽ റി-ഇമ്പേഴ്സ്മെന്റ് നിർത്തലാക്കിയത് തുടങ്ങിയ വകയിലാണ് ഈ ഭീമമായ തുക സർക്കാർ മുതലാളി പിടിച്ചുവച്ചിരിക്കുന്നത്. ഒരു വർഷംമുമ്പ് നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കാതിരിക്കുന്നത് വഴിയുള്ള നഷ്ടം ഇതിനു പുറമേയാണ്. മുകളിൽ വിവരിച്ച പ്രകാരം കേരളത്തിലെ സാധാരണ മനുഷ്യർക്ക് അവകാശപ്പെട്ട തുക സഞ്ചിതമായി കണക്കാക്കുകയാണെങ്കിൽ എത്ര ഭീമമായ സാമൂഹിക നഷ്ടമാണിത് എന്ന് മനസ്സിലാവും. ആ തുക ഉടനടി കമ്പോളത്തിൽ എത്തുകയും കമ്പോളത്തെ ഉത്തേജിപ്പിച്ച് സമ്പദ്‌വ്യവസ്ഥയിൽ ഉണർവ് സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. പരോക്ഷമായി സമൂഹത്തിന് അതിന്റെ വിഹിതം ലഭിക്കുമായിരുന്നു. സർക്കാരിന്റെ നികുതി വരുമാനത്തിലും വർദ്ധനവ് ഉണ്ടാകുമായിരുന്നു. ഉദാഹരണത്തിന് സർക്കാർ ജീവനക്കാർക്ക് നൽകേണ്ടിയിരുന്ന ഒരു ലക്ഷം കോടി രൂപ സാമ്പത്തിക ശാസ്ത്രത്തിലെ മൾട്ടിപ്ലയർ തത്വമനുസരിച്ച് രണ്ടരലക്ഷം കോടിയുടെ സാമ്പത്തിക ഇടപാടുകൾ സൃഷ്ടിച്ചേനെ. സർക്കാരിന് അതുവഴി 25,000 കോടി രൂപയുടെ നികുതി വരുമാനവും ഉണ്ടായേനെ. ഉൽപാദനത്തിലും തൊഴിലിലും അത് വർദ്ധനവുണ്ടാക്കിയേനെ.
പക്ഷേ സർക്കാർ ചിന്തിക്കുന്നത് അപ്രകാരമല്ല. ഈ തുക ജനങ്ങളെയും തൊഴിലാളികളെയും കബളിപ്പിച്ച് കൈവശപ്പെടുത്തുന്നതാണ് നല്ല സാമ്പത്തിക മാനേജ്മെന്റ് എന്നാണ് അവർ കരുതുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ്, കേന്ദ്രം തരുന്നില്ല എന്നൊക്കെയുള്ളയുള്ള ചില വാദങ്ങൾ മുമ്പ് ഇറക്കുമായിരുന്നു. പക്ഷേ ഇപ്പോൾ സാമ്പത്തിക പ്രയാസങ്ങൾ ഒന്നുമില്ല എന്ന് ധൈര്യസമേതം പ്രഖ്യാപിച്ചുകൊണ്ടു തന്നെയാണ് ഈ ക്രൂരതകൾ ചെയ്യുന്നത്.
സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടെന്ന് പറയുന്നതിന് കാരണം ജനങ്ങൾക്ക് നൽകേണ്ടത് നൽകാതെ പിടിച്ചു വച്ചിരിക്കുന്നതുകൊണ്ട് മാത്രമല്ല; പലവിധ തന്ത്രങ്ങളിലൂടെ ഇതേ ജനങ്ങളിൽനിന്ന് അധികമധികം തുക തട്ടിയെടുത്തുകൊണ്ടും കൂടെയാണ്. നികുതിയേതര റവന്യൂ വരുമാനം 7,327 കോടിയിൽ നിന്ന് 16,000 കോടിയായി വർദ്ധിച്ചുവന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതിൽ ഏറിയ പങ്കും മുൻപ് പറഞ്ഞ വിഭാഗം ജനങ്ങളാണ് നൽകുന്നത്. സർക്കാർ നൽകുന്ന എല്ലാ സേവനങ്ങൾക്കും ഈടാക്കുന്ന സർവീസ് ചാർജുകൾ വിവിധ യൂസർ ഫീകൾ, ലോട്ടറി എന്ന ചൂതാട്ടത്തിലൂടെ കിട്ടുന്ന വരുമാനം, ഇതൊക്കെയാണ് ഈ വരുമാനത്തിൽപ്പെടുന്നത്. ഇതിലൊക്കെ ഓരോ വർഷവും കുറഞ്ഞത് അഞ്ച് ശതമാനം വർദ്ധനവ് വരുത്തുമെന്ന തീരുമാനവുമുണ്ട്. പക്ഷേ ചില ഫീസുകൾ ഇരട്ടിക്കിരട്ടിയാണ് കൂട്ടുന്നത്. സകലമാന വിദ്യാഭ്യാസ ചെലവുകളും അതിഭീമമായി വർദ്ധിപ്പിച്ചു. സെമസ്റ്റർ ഫീ 15,000 എന്ന് പ്രോസ്പെക്ടസിൽ പറഞ്ഞിട്ട് അത് ഒറ്റയടിക്ക് 50,000 രൂപയാക്കിയത് താങ്ങാനാവാതെ കാർഷിക കോളേജ് വിദ്യാർത്ഥിയായ അർജുൻ പടിയിറങ്ങിയത് അടുത്തയിടെയാണ്. നാല് വർഷ ഡിഗ്രി കോഴ്സ് അടക്കം സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഇതാണ് ഫീസ് വർദ്ധനയുടെ തോത്. വിദ്യാഭ്യാസച്ചെലവ് താങ്ങാനാവാതെ പടിയിറങ്ങിപ്പോകുന്ന എല്ലാ വിദ്യാർത്ഥികളും വീഡിയോയെടുത്ത് പ്രചരിപ്പിക്കാത്തതുകൊണ്ട് ഗുരുതരമായ ഈ പ്രശ്നത്തിന്റെ വ്യാപ്തി നാട്ടുകാർ അറിയാതെ പോകുന്നു എന്നുമാത്രം.
പുതിയ തൊഴിലാളി യൂണിയൻ രജിസ്റ്റർ ചെയ്യാൻ 100 രൂപ ഫീസ് ഉണ്ടായിരുന്നത് ഒറ്റയടിക്ക് വർദ്ധിപ്പിച്ച് അത് 10,000 രൂപയാക്കി. നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും വർധിപ്പിച്ചത് അന്ധാളിപ്പിക്കുന്ന തോതിലാണ്. വെള്ളക്കരവും ഭൂനികുതിയും കെട്ടിട നികുതിയും ബസ് ചാർജ്ജും പെർമിറ്റ് ഫീസുകളും ഭീമമായാണ് വർദ്ധിപ്പിച്ചത്. വൈദ്യുതി ചാർജ് കൂട്ടിക്കൊണ്ടേയിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും പറയേണ്ട എന്നായിട്ടുണ്ട്. അധികാരത്തിന്റെ വാളിന് ഇരകളായി മാറുകയാണ് സാധാരണ മനുഷ്യർ. താമസിക്കുന്ന കിടപ്പാടവും സഞ്ചരിക്കുന്ന വാഹനവും എല്ലാം സർക്കാരിന്റെ കറവയ്ക്കുള്ള ഉപാധിയായിട്ടാണ് കണക്കാക്കുന്നത്. വരുമാനമില്ലാത്ത മനുഷ്യർക്ക് സ്വന്തം കിടപ്പാടത്തിൽ പട്ടിണി കിടന്നുറങ്ങണമെങ്കില്‍പ്പോലും വീട്ടുകരവും വെള്ളക്കരവും വൈദ്യുതി ചാർജ്ജുമായി നല്ലൊരു തുക സർക്കാരിന് നൽകേണ്ടിവരും.
സർക്കാരിന്റെ ഈ കൈയേറ്റങ്ങൾക്ക് ഇരയാവുന്ന സാധാരണ തൊഴിലാളിയുടെ വരുമാനമാകട്ടെ, കഴിഞ്ഞ 10 വർഷമായി വർദ്ധിക്കുന്നില്ല, എന്നുമാത്രമല്ല സ്ഥിരസ്വഭാവത്തിൽ കുറഞ്ഞു വരികയുമാണ്. പണിയെടുക്കുന്ന ഒരു വിഭാഗത്തിനും വിലക്കയറ്റത്തിന് അനുപാതികമായി ശമ്പള വർദ്ധനവ് നൽകാത്തതിനാൽ യഥാർത്ഥ വരുമാനം കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഇത്തരത്തിൽ പ്രതിവർഷം മൂന്ന് ശതമാനം ശോഷണം ഉണ്ടാവുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് സമൂഹത്തിന് വേണ്ടി അധ്വാനിക്കുന്നവന്റെ വരുമാനം കഴിഞ്ഞ 10 വർഷത്തിനിടെ 30% കുറഞ്ഞു എന്നാണ്. ഇങ്ങനെ വരുമാനം ശോഷിക്കുന്നവന്റെ പുറത്താണ് വീണ്ടും വീണ്ടും സാമ്പത്തിക ആഘാതമേൽപ്പിക്കുന്നത്.
സാധാരണക്കാരിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ വൻവർദ്ധനവ് വരുമ്പോൾ ധനികരുടെ പക്കൽനിന്നുള്ള നികുതി പിരിവിൽ ബോധപൂർവ്വമുള്ള അലംഭാവമാണെന്ന് നമുക്ക് കാണാം. സ്വർണ്ണവില്പനയിൽ നിന്നുള്ള വരവ് ജിഎസ്‌ടി വരുന്നതിനു മുൻപ് 630 കോടി രൂപയായിരുന്നു. അന്ന് പവന് 4800 രൂപയായിരുന്നു. ഇന്ന് പവന് ഒരു ലക്ഷം രൂപയോട് അടുത്താവുകയും വില്പന എത്രയോ അധികമാവുകയും ചെയ്തിട്ടും 600 കോടിയിൽ നിൽക്കുകയാണ് വില്പന നികുതി പിരിവ്. വിൽപ്പന കൂടാതിരുന്നാൽ പോലും 15,000 കോടി രൂപ നികുതിയായി പിരിച്ചെടുക്കേണ്ടിയിരുന്നതാണ്.
ഇതേ സ്ഥിതി തന്നെയാണ് ബാറുകളിൽ നിന്നുള്ള വരവിന്റെ കാര്യത്തിലും. 2022 നവംബറിൽ 718 ബാറുകളാണ് ഉണ്ടായിരുന്നത്. അത് 2024 നവംബർ ആയപ്പോൾ 836 ആയി. പക്ഷേ നികുതി വരുമാനം 667 കോടിയിൽനിന്ന് 566 കോടിയായി കുറയുകയാണുണ്ടായത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചപ്പോൾ ധനകാര്യ മന്ത്രി മൗനം പാലിച്ചു എന്നതും ശ്രദ്ധേയമാണ്. വൻകിടക്കാരെ ഇത്തരത്തിൽ നികുതി വലയിൽനിന്ന് ഒഴിവാക്കുന്നത് വെളിവാക്കുന്നത് അഴിമതി മാത്രമല്ല, സർക്കാരിന്റെ മൂലധന ശക്തികളോടുള്ള ആഭിമുഖ്യത്തെ കൂടിയാണ്. ഇതേ അവസരത്തിൽ തന്നെയാണ് ചെറുകിട വ്യാപാരികളെ ജിഎസ്‌ടി എന്ന കുരുക്കുകയർകൊണ്ട് പൂട്ടുന്നത്. ചെറുകിട വ്യാപാരരംഗം പിടിച്ചടക്കുന്ന വൻകിടക്കാരോട് മത്സരിക്കാനാവാതെ പൂട്ടിപ്പോകാറായി നിൽക്കുന്ന ചെറുകിട വ്യാപാരികളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുകയാണ് ജിഎസ്‌ടി രാജ്.
അപ്പോൾ മുഖ്യമന്ത്രി എന്നോടൊപ്പം എന്ന് ആരാവും പറയുക? ഈ സർക്കാരിന്റെ ഗുണഭോക്താക്കൾ പറയും. എൽഡിഎഫ് സർക്കാരിന്റെ പാർട്ണറായ അദാനിയും കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറായ യൂസഫലിയും വെള്ളാപ്പള്ളിയും സുകുമാരൻ നായരും അടങ്ങുന്ന പൗരപ്രമുഖരും ഉറപ്പായും പറയും. പക്ഷേ ഫീസ് വർദ്ധന താങ്ങാനാവാതെ പഠനം ഉപേക്ഷിച്ച അർജുനും ആശുപത്രി ഫീസ് താങ്ങാവാതെ പ്രിയപത്നിയെ കൊന്ന് അതേ ആശുപത്രിയിൽനിന്നു ചാടി ആത്മഹത്യ ചെയ്ത ഭാസുരാംഗനും ഉൾപ്പെടെ അനേകം സാധാരണ മനുഷ്യർക്ക് ഈ ഭരണം ഒരു പേടിസ്വപ്നം തന്നെയാണ്.
