സൈദ്ധാന്തിക പാഠം: പദാർത്ഥത്തെക്കുറിച്ച് ദ്വന്ദ്വാത്മക ഭൗതികവാദം മുന്നോട്ടുവയ്ക്കുന്ന ആധുനിക സങ്കല്പം

Saidhanthika-Padangal-Logo-copy-e1762197843325.webp
Share

ഭൗതികവാദം ഉറച്ച സൈദ്ധാന്തിക അടിത്തറയിൽ കെട്ടിപ്പൊക്കുന്നതിന് ദാർശനിക സംവർഗ്ഗം എന്ന നിലയിൽ പദാർത്ഥത്തെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ആധുനിക ശാസ്ത്രം പ്രദാനം ചെയ്ത അറിവുകളുടെ വെളിച്ചത്തിൽ പദാർത്ഥത്തെക്കുറിച്ചുള്ള ധാരണകൾ സഖാവ് ശിബ്‌ദാസ് ഘോഷ് ലളിതമായി വിശദീകരിക്കുന്നു. പദാർത്ഥത്തെ സംബന്ധിച്ച ദ്വന്ദ്വാത്മകഭൗതികവാദത്തിന്റെ വിശകലനം മാർക്സിസ്റ്റ് പ്രാമാണികരുടെ രചനകളിൽനിന്ന് കഴിഞ്ഞ ലക്കത്തിൽ അവതരിപ്പിച്ചിരുന്നു. പ്രസ്തുത പാഠങ്ങളുടെ തുടർച്ചയാണ് ഇത്.


പദാർത്ഥ സങ്കൽപ്പം – ആധുനിക ശാസ്ത്രത്തിൽ


ദ്വന്ദ്വാത്മക ഭൗതികവാദപ്രകാരം, പദാർത്ഥനിഷ്ഠമായ ഈ ലോകം മാത്രമേ സത്യമായിട്ടുള്ളൂ. സകലതും പദാർത്ഥത്തിന്റെ സൃഷ്ടിയാണ്. ഈ പദാർത്ഥം സാർവത്രിക പദാർത്ഥമാണ്, അതിന് ആരംഭമോ അവസാനമോ ഇല്ല. സാർവത്രിക പദാർത്ഥം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് വിവിധ പ്രത്യേക പദാർത്ഥരൂപങ്ങളൊക്കെയും ഉൾക്കൊള്ളുന്ന പദാർത്ഥസാകല്യ ത്തെയാണ്. അത് സർവ്വവ്യാപിയാണ്. ആ പദാർത്ഥമാണ് നമ്മുടെ പദാർത്ഥ സങ്കൽപ്പത്തിന്റെ അടിസ്ഥാനം. ഈ പദാർത്ഥം ദാർശ നിക പദാർത്ഥമാണ്; അത് ഒരു ദാർശനികസംവർഗ്ഗത്തെ കുറിക്കുന്നു. അത് ആരും സൃഷ്‌ടിച്ചതല്ല – പദാർത്ഥം നിലനിൽക്കുന്നു. അത് സ്വന്തം നിലയിൽ നിലനിൽക്കുന്നു. അതുപോലെതന്നെ ഭൗതികലോകവും നിലനിൽക്കുന്നു. പദാർത്ഥം അഥവാ ഭൗതികലോകം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അനുനിമിഷം അത് മാറ്റത്തിനും വികാസത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. പദാർത്ഥം ദ്വന്ദ്വാത്മകമാണ്. ഈ ഭൗതിക ലോകത്ത് ഏതൊന്നിനും ഒരു ആന്തരിക വൈരുദ്ധ്യം ഉണ്ട്; ഏതൊന്നിനും അതിന്റെ ചുറ്റുപാടുമായി ബാഹ്യവൈരുദ്ധ്യവും ഉണ്ട്. ഭൗതികലോകത്തിന്റെ സ്വഭാവവിശേഷമാണത്. സകലതും വൈരുദ്ധ്യത്തിന്റെ നീർച്ചുഴിയിലാണ് – ആന്തരികവും ബാഹ്യവുമായ വൈരുദ്ധ്യത്തിന്റെ. ഇങ്ങനെയാണ് പദാർത്ഥം നിലനിൽക്കുന്നത്. ഇതാണ് അതിന്റെ സ്വഭാവം. പദാർത്ഥം ജഡമോ, നിശ്ചലമോ, മാറ്റമില്ലാത്തതോ, യാന്ത്രികമോ അല്ല.
പദാർത്ഥം ചലനാത്മകവും നിരന്തരം മാറുന്നതും ദ്വന്ദ്വാത്മകവുമാണ്. അതായത് അത് ആന്തരികവും ബാഹ്യവുമായ വൈരുദ്ധ്യത്തിൽ വർത്തിക്കുന്നു; ഈ വൈരുദ്ധ്യം അതിനെ ചലനാത്മകവും നിരന്തരം മാറുന്നതും ആക്കിത്തീർക്കുന്നു. പദാർത്ഥം എപ്പോഴും മാറ്റത്തിന്റെയും വികാസത്തിന്റെയും പ്രക്രിയയിലാണ് – അത് ചടുലമാണ്, നിശ്ചലമല്ല. അനുഭവവേദ്യമായാലും അല്ലെങ്കിലും, ഈ ഭൗതികലോകത്ത് എവിടെയും ഏത് നിമിഷവും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോൾ അതിന്റെ വേഗത കൂടുതലായിരിക്കും, മറ്റു ചിലപ്പോൾ അത് മന്ദഗതിയിലായിരിക്കും. ഓരോ നിമിഷവും സംഭവിക്കുന്ന മാറ്റം വളരെ മന്ദഗതിയിലായതിനാൽ സാധാരണയായി അത് അനുഭവവേദ്യമാകുന്നില്ല. മാറ്റം സംഭവിക്കുന്നില്ലെന്നും, സ്ഥിതിവ്യത്യാസമില്ലാതെ തുടരുകയാണെന്നും നമുക്കുതോന്നാം. പക്ഷെ അത് അങ്ങനെയല്ലെന്നതാണ് വസ്തു‌ത. അതൊരിക്കലും നിശ്ചലമല്ല. സദാ പരിവർത്തന വിധേയവും സദാ ചലനത്തിലുമാണ് – ഓരോനിമിഷവും ഓരോ മണ്ഡലത്തിലും.
(മാർക്സിസവും മനുഷ്യസമൂഹത്തിന്റെ വികാസവും എന്ന കൃതിയിൽനിന്ന്)


ചലനത്തിന്റെ ഹേതു പദാർത്ഥത്തിൽത്തന്നെ കുടികൊള്ളുന്നതാണ്


ന്യൂട്ടന്റെ കാലത്ത് (പദാർത്ഥത്തിന്റെ ചലനകാരണം അറിയാമായിരുന്നില്ല എന്നതിനാലും, ശാസ്ത്രത്തിന്റെ താരതമ്യേനയുള്ള പിന്നാക്കാവസ്ഥമൂലം പദാർത്ഥത്തെപ്പറ്റിയുള്ള ധാരണ ഒരളവുവരെ അപര്യാപ്തമായിരുന്നു എന്നതിനാലും, പദാർത്ഥം സ്വയംനിഷ്ക്രിയമാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത് എന്ന് നമുക്കിന്നറിയാം. എന്നാൽ പദാർത്ഥം നിശ്ചേഷ്ടമോ നിശ്ചലമോ അല്ലെന്ന് ഇന്ന് ഏതൊരു ശാസ്ത്രവിദ്യാർത്ഥിക്കുമറിയാം. ദ്രവ്യം എന്നറിയപ്പെടുന്നത് പദാർത്ഥത്തിന്റെ ഒരവസ്ഥയും ഊർജ്ജം മറ്റൊരവസ്ഥയുമാണ്. അതിനാൽ പദാർത്ഥം ഊർജ്ജവും ദ്രവ്യവുമാണ്.
ഊർജ്ജത്തെ പദാർത്ഥേതരമായ ഒന്നായിട്ടല്ല ഇന്ന് കണക്കാക്കുന്നത്. ആറ്റത്തിന്റെ വിഭജനം, റേഡിയോ ആക്ടിവിറ്റി, ആപേക്ഷികതാസിദ്ധാന്തം എന്നിവയിൽനിന്നും ആർജ്ജിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ വികസിച്ചുവന്ന പദാർത്ഥസങ്കൽപ്പപ്രകാരം ചലനം പദാർത്ഥത്തിനു ബാഹ്യമല്ല. മാത്രമല്ല, ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിൽ, ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലും മാത്രമല്ല ഖരാവസ്ഥയിലും പദാർത്ഥം ചലനത്തിലാണ് എന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഖരാവസ്ഥയിലുള്ള പദാർത്ഥത്തിന്റെ ഗതികസിദ്ധാന്തം (Kinetics) ഇന്ന് ശാസ്ത്ര വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ്. അങ്ങനെ, പദാർത്ഥത്തിന്റെ ചലനഹേതു പദാർത്ഥത്തിനുള്ളിൽത്തന്നെയാണുള്ളതെന്ന്, അതായത്, പദാർത്ഥത്തിന്റെ ചലനഹേതു ആന്തരികമാണെന്നും ബാഹ്യമല്ലെന്നും, ആധുനികശാസ്ത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, ശാസ്ത്രീയവീക്ഷണപ്രകാരം, ലോകത്തിലുള്ള എല്ലാംതന്നെ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹമോ, മനുഷ്യസൃഷ്ടമായ നിയമങ്ങളോ, മര്യാദകളോ, ധാർമ്മിക-നൈതിക മൂല്യബോധമോ, പ്രത്യയശാസ്ത്രമോ, എന്നല്ല പദാർത്ഥത്തിന്റെ അതിസൂക്ഷ്‌മകണങ്ങളോ, ഒന്നും തന്നെ നിശ്ചലമല്ല. അങ്ങനെ ശാസ്ത്രത്തിൽ, ചലനം, പദാർത്ഥത്തിന്റെ നിലനിൽപ്പിന്റെ രീതിയായി കണക്കാക്കപ്പെടുന്നു. അതായത്, പദാർത്ഥം നിലനിൽക്കുന്നു എന്നുപറഞ്ഞാൽ അതിനർത്ഥം പദാർത്ഥം ചലനത്തിൽ നിലനിൽക്കുന്നു എന്നാണ്. ചലനത്തിലല്ലാതെ പദാർത്ഥം നിലനിൽക്കുക അസാദ്ധ്യമാണ്; പദാർത്ഥം സദാ ചലനത്തിലാണ്. ശാസ്ത്രത്തിന്റെ നിഗമനം അതാണ്.


കേവലമായ ശൂന്യത എന്നൊന്നില്ല


പദാർത്ഥ ചലനത്തെപ്പറ്റിയുള്ള ഈ ധാരണയുമായി ബന്ധപ്പെട്ട മറ്റു രണ്ടു വശങ്ങൾ കൂടിയുണ്ട്: സ്ഥലവും കാലവും (Space and Time). ഒരുകാലത്ത് ‘ഒഴിഞ്ഞ സ്ഥലം’ ശൂന്യസ്ഥലമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കേവലമായ ശൂന്യാവസ്ഥ പ്രപഞ്ചത്തിലില്ല എന്നതാണ് വസ്തുത. നാം ഒഴിഞ്ഞ സ്ഥലമായി കണക്കാക്കുന്ന സ്ഥലം ഒഴിഞ്ഞതായിരിക്കുന്നത് ആപേക്ഷികമായ അർത്ഥത്തിലാണ്. കേവലമായ അർത്ഥത്തിലല്ല. നക്ഷത്രാന്തരാകാശം, സൗരയൂഥത്തിനുമപ്പുറമുള്ള സ്ഥലം, ബാഹ്യാകാശം, ഒരു കാലത്ത് ശൂന്യസ്ഥലമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ നാം സ്ഥലം എന്നുവിളിക്കുന്നത് പദാർത്ഥത്തിന്റെ സ്ഥലമാണെന്ന് ഇന്ന് സ്ഥാപിക്കപ്പെ ട്ടിട്ടുണ്ട്. നക്ഷത്രാന്തരാകാശം പോലും പദാർത്ഥനിർഭരമാണ്. പ്രധാനമായും വികിരണങ്ങളുടെ അഥവാ ഊർജ്ജത്തിന്റെ രൂപത്തിലാണ് പദാർത്ഥം അവിടെ നിലനിൽക്കുന്നത്. പ്രകാശത്തിന്റെ തരംഗസിദ്ധാന്ത പ്രകാരം പ്രകാശതരംഗങ്ങൾക്ക് ശൂന്യതയിലൂടെ പ്രസരിക്കുവാൻ കഴിയില്ല. അതിനാൽ, പ്രകാശത്തിന്റെ പ്രസരണം വിശദീകരിക്കുവാൻവേണ്ടി ഒരിക്കൽ ശാസ്ത്രജ്ഞർ ഈഥർ എന്നൊരു സാങ്കൽപ്പിക മാദ്ധ്യമം ബഹിരാകാശത്താകെ നിറഞ്ഞിരിക്കുന്നുവെന്ന് സങ്കൽപ്പിച്ചു. ദ്രവ്യം(mass) ഇല്ലാത്തതും ഇലാസ്‌തികത(elasticity) ഉള്ളതുമായ ഒരു മാദ്ധ്യമമാണ് ഈഥർ എന്നായിരുന്നു സങ്കൽപ്പം. എന്നാൽ ഈ സങ്കൽപ്പനത്തിന്റെ അയുക്തികത വൈകാതെതന്നെ ശാസ്ത്രജ്ഞർക്ക് ബോദ്ധ്യപ്പെട്ടു. സ്വാഭാവികമായും ഈയൊരു ചോദ്യം അവരുടെ ഉള്ളിലുയർന്നു – ഇലാസ്‌തികത ഉണ്ടെങ്കിൽ, എന്തിന്റെ ഇലാസ്‌തികതയാണത്? കാരണം, ദ്രവ്യമില്ലെങ്കിൽ പിന്നെ എങ്ങനെ ഇലാസ്‌തികത ഉണ്ടാകും? ഇലാസ്തികത പദാർത്ഥത്തിന്റെ ഒരു സ്വഭാവമായതിനാൽ ദ്രവ്യത്തിന്റെ അഭാവത്തിൽ അതിനു നിലനിൽപ്പില്ല. അങ്ങനെ ഈഥർ സങ്കൽപ്പനം ഉപേക്ഷിക്കേണ്ടിവന്നു. പ്രപഞ്ചത്തിൽ ഒരിടത്തും ഒഴിഞ്ഞ സ്ഥലമി ല്ലെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. പദാർത്ഥം നിലനിൽക്കുന്നുവെന്ന് പറഞ്ഞാൽ അതിനർത്ഥം അത് സ്ഥലത്തിൽ നിലനിൽക്കുന്നുവെന്നാണ് സ്ഥലം പദാർത്ഥത്തിന്റെ സ്ഥലമാണ്.


പദാർത്ഥനിരപേക്ഷമായ കാലം സങ്കൽപ്പിക്കാനാവില്ല


ഇനി കാലത്തെപ്പറ്റി ഒരൽപ്പം. കാലം എന്നുപറയുമ്പോൾ നാം എന്താണ് മനസ്സിലാക്കുന്നത്? എന്തെങ്കിലും ഒരു മാറ്റം സംഭവിക്കാൻ വേണ്ടിവരുന്ന കാലയളവാണ് കാലം. അതായത്, പദാർത്ഥത്തിനുണ്ടാകുന്ന ഏതൊരു മാറ്റത്തിനും വേണ്ടിവരുന്ന സമയമാണ് കാലം. അതിനാൽ, പദാർത്ഥത്തിനുണ്ടാകുന്ന ചലനത്തിൽനിന്ന് അഥവാ മാറ്റത്തിൽനിന്ന് വേറിട്ട് – പദാർത്ഥനിരപേക്ഷമായി – കാലത്തിന് നിലനിൽക്കാനാവില്ല. അതായത്, പദാർത്ഥത്തിന്റെ നിലനിൽപ്പ് സ്ഥലകാലങ്ങളുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പദാർത്ഥത്തെ സ്ഥലകാലങ്ങളിൽനിന്ന് വേർപെടുത്തിക്കാണാനാവില്ല എന്നതുപോലെതന്നെ പദാർത്ഥനിരപേക്ഷമായി സ്ഥലകാലങ്ങളെയും കാണാനാകില്ല. അതിനാൽ, പദാർത്ഥം നിലനിൽക്കുന്നു എന്നുപറഞ്ഞാൽ അതിനർത്ഥം, അത് സ്ഥലകാലങ്ങളിൽ നിലനിൽക്കുന്നു എന്നും സമയേന മാറിക്കൊണ്ടിരിക്കുന്നുവെന്നും ആണ്. അതുകൊണ്ടാണ് സ്ഥലകാലങ്ങൾ പദാർത്ഥത്തിന്റെ നിലനിൽപ്പിനുള്ള വ്യവസ്ഥകളാണ് എന്നുപറയുന്നത്. ഇനി എന്താണ് ചലനം? ചലനം പദാർത്ഥത്തിന്റെ നിലനിൽപ്പിന്റെ രീതിയാണ്. അങ്ങനെ, കാലത്തെ പദാർത്ഥത്തിൽനിന്ന് വേറിട്ട് കാണാനാവില്ല എന്നതിനാൽ, പദാർത്ഥത്തിന്റെ നിലനിൽപ്പിനുപരിയായി നിലനിൽക്കുന്ന കേവലമായ കാലം എന്ന സങ്കൽപ്പം വെറും ഭാവനയ ല്ലാതെ മറ്റൊന്നുമല്ല; സർവ്വശക്തനായ ദൈവം ഏതോ ഒരു കാലത്ത് ഭൗതികലോകത്തെ സൃഷ്‌ടിച്ചു എന്ന ആശയത്തിന് യുക്തിപരമായ യാതൊരു അടിത്തറയുമില്ല. കാരണം, പദാർത്ഥനിഷ്‌ഠമായ ലോകം ഒരു പ്രത്യേക കാലത്ത് സൃഷ്ട്‌ടിക്കപ്പെട്ടുവെന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ ഇങ്ങനെയൊരു പ്രശ്ന‌മുദിക്കുന്നു: ഭൗതികലോകം ഒരു പ്രത്യേക നിമിഷത്തിൽ സൃഷ്‌ടിക്കപ്പെട്ടുവെങ്കിൽ, അതിനു തൊട്ടുമുമ്പുള്ള നിമിഷം എങ്ങനെയായിരുന്നു? പദാർത്ഥം, ദ്രവ്യം, ഊർജ്ജം, സ്ഥലം – യാതൊന്നും തന്നെ ആ ഒരു പ്രത്യേകനിമിഷത്തിനുമുമ്പ് നിലനിന്നിരുന്നില്ല എന്നു നമുക്ക് അനുമാനിക്കേണ്ടിവരും. അങ്ങനെയായാൽ പദാർത്ഥത്തിൽനിന്ന് സ്വതന്ത്രമായി, പദാർത്ഥത്തിന്റെ ചലനത്തിൽനിന്നും മാറ്റത്തിൽനിന്നും സ്വതന്ത്രമായി, കാലം നിലനിൽക്കുന്നതായി സങ്കൽപ്പിക്കേണ്ടിവരും.


എന്നാൽ അത് അസാദ്ധ്യമാണ്. അതിനാൽ പദാർത്ഥനിരപേക്ഷമായ കേവലമായ കാലം എന്ന സങ്കൽപ്പം അബദ്ധമാണ്. ഏതൊരു പ്രത്യേക വസ്തുവിനും ഒരു തുടക്കവും പരിവർത്തനവും ഉണ്ട് എന്നതു ശരിയാണ്. എന്നാൽ, പദാർത്ഥം അഥവാ പദാർത്ഥനിഷ്ഠമായ ലോകം ഒന്നടങ്കം ഒരു പ്രത്യേക നിമിഷത്തിൽ സൃഷ്ടിക്കപ്പെട്ടു എന്ന സങ്കൽപ്പം അശാസ്ത്രീയമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് പദാർത്ഥം സൃഷ്ടിക്കാൻ സാദ്ധ്യമല്ലെന്ന്, എന്തെങ്കിലും ഒന്നിൽനിന്നല്ലാതെ യാതൊന്നും സൃഷ്ടിക്കാൻ സാദ്ധ്യമല്ലെന്ന്, ശാസ്ത്രത്തിൽ പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള ഏതൊരാൾക്കുമറിയാം. അതുപോലെ തന്നെ പദാർത്ഥത്തിന്റെ രൂപത്തിൽ മാറ്റം വരുത്താനോ ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റാനോ സാധിക്കുമെങ്കിൽപ്പോലും പദാർത്ഥത്തെ നശിപ്പിക്കാൻ സാദ്ധ്യമല്ല. പദാർത്ഥത്തിന്റെ സൃഷ്ടിയെയോ സംഹാരത്തെയോ പറ്റിയുള്ള ആശയം അതിനാൽ തികച്ചും അശാസ്ത്രീയമാണ്. എന്നാൽ ശാസ്ത്രത്തിന്റെ ഈ കണ്ടുപിടുത്തങ്ങൾക്കും നേട്ടങ്ങൾക്കുമെല്ലാംശേഷവും, പലരും, പദാർത്ഥനിഷ്ഠ ലോകത്തിന് ഒരു സ്രഷ്‌ടാവുണ്ടെന്ന് വിശ്വസിക്കുകയും, കേവലമായ കാലം നിലനിൽക്കുന്നുവെന്ന് സങ്കൽപ്പിക്കുകയും ചെയ്യുന്നു – വെറും ഭാവനാവിലാസമല്ലാതെ മറ്റൊന്നുമല്ല ഈ സങ്കൽപ്പം.

(മാർക്സിസത്തിന്റെയും ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെയും സാരാംശങ്ങളിൽ ചിലത് എന്ന കൃതിയിൽനിന്ന്)

Share this post

scroll to top