വൈദ്യുതി ഉപഭോക്താക്കളുടെ ദക്ഷിണേന്ത്യൻ കൺവൻഷൻ ബാംഗ്ലൂരിൽ, ഗാന്ധിഭവനിൽ നടന്നു. വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്മാർട്ട് മീറ്റർ ഉപേക്ഷിക്കുക, വൈദ്യുതി മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്ന വൈദ്യുതി ബിൽ 2025 പിൻവലിക്കുക, ടിഒഡി താരിഫ് പിൻവലിക്കുക, കുറഞ്ഞ ചെലവിൽ വൈദ്യുതി ഏവർക്കും ലഭ്യമാക്കുക, വൈദ്യുതി മേഖലയെ പൊതു ഉടമസ്ഥതയിൽ നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ കൺവൻഷൻ പാസ്സാക്കി. അഖിലേന്ത്യാ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷ (എഐഇസിഎ) ന്റെ ആഭിമുഖ്യത്തിൽ നടന്ന കൺവൻഷനിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കർണ്ണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നും വൈദ്യുതി ഉപഭോക്താക്കൾ പങ്കെടുത്തു. കൺവൻഷൻ എഐഇസിഎ അഖിലേന്ത്യാ പ്രസിഡന്റ് സ്വപൻ ഘോഷ് ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.വേണുഗോപാൽ ഭട്ട് അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ എം.ജി.ദേവസഹായം(ഹരിയാന വൈദ്യുതി ബോർഡ് മുൻ ചെയർമാൻ), എസ്.ഗാന്ധി(പ്രസിഡന്റ് തമിഴ്‌നാട് പവർ എഞ്ചിനിയേഴ്സ് സൊസൈറ്റി), ബി.ദിലീപൻ (വൈ സ് പ്രസിഡന്റ്, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി), സമർ സിൻഹ(എഐഇസിഎ അഖിലേന്ത്യാവർക്കിംഗ് പ്രസിഡന്റ്), ശ്രീമതി ദീപ(എഐകെകെ എംഎസ്), അഡ്വ.ഇ.എൻ.ശാന്തിരാജ്, വിവിധ സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനെ പ്രതിനിധികരിച്ച് വി.ജ്ഞാനമൂർത്തി (കർണ്ണാടക), കെ.കെ.സുരേന്ദ്രൻ(കേരള), എച്ച്.പി.ശിവകുമാർ(പുതുച്ചേരി), സുബ്ബ റെഡ്ഡി(ആന്ധ്രപ്രദേശ്), എ.അനവരൻ (തമിഴ്‌നാട്), എന്നിവർ സംസാരിച്ചു.
വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനും സ്മാർട്ട് മീറ്റർ പദ്ധതിക്കുമെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ കൺവൻഷൻ തീരുമാനിച്ചു.
