കെ റെയിൽ സിൽവർലൈൻ പദ്ധതി; ജനേച്ഛയെ മറികടക്കാനാകില്ല

K-Rail-4.jpeg
Share

ജനാധിപത്യക്രമത്തിൽ ഒരു ഭരണാധികാരിക്ക്, താന്‍ വിഭാവനം ചെയ്യുന്ന പദ്ധതികളും നയങ്ങളും, ജനാഭിപ്രായത്തിന്റെ ഉരകല്ലിൽ പരിശോധിക്കാനുള്ള സന്നദ്ധതയും വിവേകവും വിനയവും അനുപേക്ഷണീയമാണ്. സ്വന്തം ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കടുംപിടുത്തത്തിന്റെ സമീപനം സ്വീകരിക്കാൻ ജനാധിപത്യം ഒരു ഭരണാധികാരിയെയും അനുവദിക്കുന്നില്ല. ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയുടെയോ, ഭരണാധികാരിയുടെ വ്യക്തിഗതമോ ആയ ബോദ്ധ്യത്തേക്കാൾ വില കൽപ്പിക്കേണ്ടത് ജനങ്ങളുടെ വിധിയെഴുത്തിനു തന്നെയായിരിക്കണം. ‘എന്റെ സര്‍ക്കാരിന്റെ നയത്തിനെതിരായ നിങ്ങളുടെ നിലപാട് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടില്ലെങ്കിലും ജനങ്ങളുടെ അഭിപ്രായത്തിനു ഞാന്‍ മുന്‍തൂക്കം നല്‍കുന്നു. കാരണം ജനാധിപത്യത്തില്‍ അന്തിമവിധി ജനങ്ങളുടേതുതന്നെയാകണം’ ഇപ്രകാരം നിലപാട് കൈക്കൊണ്ടവരാണ് ജനാധിപത്യത്തില്‍ യശസ്സ് നേടിയ ഭരണാധികാരികളെന്ന് ഇന്നത്തെ കേരളസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ രണ്ടര വർഷമായി കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ നിലപാടിന്റെ വെളിച്ചത്തിലാണ് മുകളിലത്തെ വാക്കുകൾ കുറിച്ചത്. ജനാധിപത്യമൂല്യങ്ങളുടെ ഔന്നത്യത്തെ ആധാരമാക്കിയ നിലപാട് സ്വീകരിക്കാൻ കെ റെയിൽ വിഷയത്തിൽ കേരളത്തിന്റെ ഇടതുഭരണം പൂർണ്ണമായും പരാജയപ്പെട്ടു എന്ന് ഖേദപൂർവ്വം പറയട്ടെ. ബോദ്ധ്യത്തിന്റെ കടുംപിടുത്തത്തെക്കാൾ ധാർഷ്ട്യത്തിന്റെയും വെല്ലുവിളിയുടെയും സമീപനമാണ് കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ പിണറായി സർക്കാർ സ്വീകരിച്ചത്. പോലീസിനെയും അധികാരസംവിധാനങ്ങളെയും കയറൂരിവിട്ട് ശത്രുക്കളോടെന്നതുപോലെ ജനങ്ങളോട് പെരുമാറി. പദ്ധതി ബാധിതരായ സാധാരണജനങ്ങൾ മാത്രമല്ല, സാമൂഹ്യ-സാംസ്‌കാരിക വ്യക്തിത്വങ്ങൾ, വിഷയ വിദഗ്ദ്ധര്‍, ഇടതുപക്ഷ സഹയാത്രികരായിട്ടുള്ള പ്രതിഭകൾ അങ്ങിനെ പ്രബുദ്ധകേരളം ഒന്നടങ്കം ഉയർത്തിയ ഒന്നായിരുന്നു സിൽവർലൈൻ പദ്ധതി പിൻവലിക്കുക എന്ന മുദ്രവാക്യം. സിൽവർലൈൻ പദ്ധതി വേണം എന്ന് യുക്തിപൂർവ്വം സമർത്ഥിക്കാൻ ഒരാളുപോലുമില്ലാതായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം രാഷ്ട്രീയമായ ഒരു ഹിതപരിശോധനയായി മാറി. നീതിന്യായ സംവിധാനങ്ങളുടെ ചോദ്യങ്ങൾക്കുമുമ്പിൽ സർക്കാർ തുറന്നുകാട്ടപ്പെട്ടു. യഥാർത്ഥത്തിൽ പിടിച്ചുനിൽക്കാൻ കച്ചിത്തുരുമ്പുപോലും ഇല്ലാതായി.


പദ്ധതി പിൻവലിച്ച്, ജനങ്ങളോട് മാപ്പ് പറയേണ്ടുന്ന സ്ഥിതിയിലെത്തിയിട്ടും, ഇപ്പോൾ സർവ്വേയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് ഇറക്കിയിരിക്കുകയാണ് സർക്കാർ. സാമൂഹ്യാഘാത പഠനം പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുമതി നൽകിയിരിക്കുന്നു. കോർപ്പറേറ്റ് മൂലധനത്തിന്റെ പ്രഭയിൽ കണ്ണ് മഞ്ഞളിച്ചിട്ടില്ലാത്ത, വിവേകമതികളായ ഏതൊരാള്‍ക്കും സർക്കാരിനെ നേർവഴിക്ക് നടത്താനുള്ള സമയം ഇനിയും അവശേഷിക്കുന്നുണ്ട്. അതിനു മുതിരുന്നില്ലെങ്കിൽ കേരളത്തിൽ കൊടുങ്കാറ്റിനുസമാനമായ ജനകീയ പ്രക്ഷോഭത്തിന്റെ മുമ്പിൽ സർക്കാർ നാണംകെട്ട് പരാജയപ്പെടുമെന്നതിൽ ഒരു സന്ദേഹവും വേണ്ട.
കേരളത്തെ നെടുകെ പിളര്‍ത്തുന്നതും പശ്ചിമഘട്ടത്തെയും പരിസ്ഥിതിയെയും തകര്‍ക്കുന്നതും കേരളത്തെ കടക്കെണിയിലാക്കുന്നതുമായ കെറെയില്‍ സില്‍വര്‍ലൈന്‍പദ്ധതിക്കെതിരെ ജനങ്ങള്‍ രണ്ടുവര്‍ഷത്തിലേറെയായി പ്രക്ഷോഭരംഗത്താണ്. ഗുണഭോക്താക്കളെക്കാളേറെ ഇരകളെ സൃഷ്ടിക്കുന്നതും കേരളത്തിന്റെ സര്‍വ്വനാശത്തിന് പോന്നതുമാണ് പദ്ധതി എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വിഷയവിദ്ഗ്ദ്ധരൊന്നടങ്കവും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ പദ്ധതിയുമായി ഏകപക്ഷീയമായി മുന്നോട്ടുനീങ്ങുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്, ജനാധിപത്യക്രമത്തിന്റെ അന്തസ്സത്തയെ തിരസ്കരിക്കലാണ്. ജനാഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കാതെ മുന്നോട്ടുപോകുന്നത്, ഒരു ജനാധിപത്യക്രമത്തിൽ ഭരണാധികാരിക്ക് തെല്ലും ഭൂഷണമല്ല എന്നത് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും മനസ്സിലാകാത്തത് അവരെ നയിക്കുന്ന അധികാരപ്രമത്തത ഒന്നുകൊണ്ടുമാത്രമാണ്.
പദ്ധതിക്ക് കേന്ദ്രസർക്കാരോ, റെയിൽവേ ബോർഡോ അനുമതി നൽകിയിട്ടില്ല എന്നതിന് കേരള ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സമർപ്പിച്ച ഒന്നിലേറെ സത്യവാങ്മൂലങ്ങൾ തെളിവാണ്. പദ്ധതിയുടെ വിശദാംശങ്ങൾ കെറെയിൽ ഇനിയും സമർപ്പിച്ചിട്ടില്ല എന്ന് ഇന്ത്യൻ െറയിൽവേയും ഒന്നിലേറെ തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും സർവേ തുടരാനും സാമൂഹ്യ ആഘാത പഠനം നടത്താനുമുള്ള സർക്കാർ നീക്കം അങ്ങേയറ്റം ദുരൂഹമാണ്. സംസ്ഥാന സർക്കാരിന്റെ ഓരോ നീക്കങ്ങളും പദ്ധതിയുടെ നിഗൂഢതയിലേയ്ക്കുള്ള വിരൽ ചൂണ്ടലാണ്.
കേന്ദ്രസർക്കാരിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്തതും കുറ്റമറ്റ ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട്(ഡിപിആര്‍) പോലുമില്ലാത്തതുമായ ഒരു പദ്ധതിക്കുവേണ്ടിയാണ് സാമൂഹ്യാഘാതപഠനവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഒരു കടലാസ് പദ്ധതിമാത്രമാണ് സിൽവർലൈൻ പ്രോജക്ട്. അതുകൊണ്ടാണ് െറയിൽവേ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കാത്തത്. ഇല്ലാത്ത ഒരു പദ്ധതിക്കുവേണ്ടിയാണ് സാമൂഹ്യാഘാതപഠനം എന്ന പേരിൽ കോടികൾ ചെലവഴിക്കുന്നതും ജനങ്ങളുടെമേൽ മെക്കിട്ടു കയറുന്നതും.


സമരക്കാർക്കുമേൽ ചുമത്തിയിട്ടുള്ള കേസുകൾ ഉപാധികളില്ലാതെ പിൻവലിക്കണം


സിൽവർലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനുനേരെ ഹൈക്കോടതി ഉയർത്തിയത് നിശിതമായ വിമര്‍ശനമാണ്. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാതെ എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നത്, പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണ്, എന്തിനാണ് ഇത്രയധികം കേസുകളും പ്രശ്‌നങ്ങളും ഉണ്ടാക്കിയത്, ജിയോ ടാഗിങ് മതിയെന്നതിന്റെ രേഖകള്‍ എവിടെ തുടങ്ങിയ നിരീക്ഷണങ്ങളും ചോദ്യങ്ങളും കോടതി ഉയർത്തി. ഇതിനൊന്നും തൃപ്തികരമായ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. ഇതിനുമുമ്പും സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകളെക്കുറിച്ച് ഹൈക്കോടതി ചോദ്യമുയർത്തിയിരുന്നു. സമരക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ ആണെന്നിരിക്കെ അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത് എന്തിനാണെന്നും കേസുകൾ പിൻവലിച്ചുകൂടേ എന്നും കോടതി ചോദിച്ചു. എന്നാൽ സമരക്കാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കില്ല എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അതിന് പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞിട്ടുമില്ല. കേസെടുത്തിട്ടുള്ളത് പൊതുമുതൽ നശിപ്പിച്ചതിനാണ് എന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളിലുമെന്നതുപോലെ ഇതും കള്ളമാണ്. വീടുകളിൽ അതിക്രമിച്ചു കയറിയവരെ തടയുകയാണ് ജനങ്ങൾ ചെയ്തത്. ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായി, മുന്നറിയിപ്പില്ലാതെ വീടുകളിൽ അതിക്രമിച്ചു കടന്നതാണ് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയത്. ജനങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ അക്രമ പ്രവർത്തനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്കുമേൽ അക്രമം അഴിച്ചുവിട്ടത് പോലീസ് ആണ്. അധികാര ദുർവിനിയോഗത്തിനെതിരെ അവർക്കെതിരെയാണ് കേസെടുക്കേണ്ടത്. പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിലല്ല സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്തവർക്കു മേൽ കേസെടുത്തിട്ടുള്ളത്.


സില്‍ർലൈൻ പദ്ധതിക്കുള്ള വായ്പ ജിക്ക നിഷേധിച്ചു


സിൽവർ ലൈൻ പദ്ധതിക്ക് 64000 കോടിയാണ് ഡിപി ആറിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ അതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ അതിനുംമേലെയോ ചെലവുവരും എന്നാണ് നീതി ആയോഗ് അടക്കമുള്ള ഏജൻസികൾ നടത്തിയ പഠനം വെളിവാക്കുന്നത്. എന്നാൽ ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക) നൽകുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത് കേവലം 33000 കോടി രൂപയാണ്. ബാക്കി തുകയുടെ ഉറവിടം ഇപ്പോഴും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. അത് കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ശേഷിയുണ്ട് എന്ന ഹുങ്ക് മാത്രമേ അന്തരീക്ഷത്തിൽ മുഴങ്ങുന്നുള്ളൂ.


എന്നാൽ ജിക്ക ഫണ്ട് ഉപയോഗിച്ച പദ്ധതികൾ നടപ്പിലാക്കാനുള്ള ജിക്ക റോളിങ് പ്ലാനിൽ നിന്ന് സിൽവർ ലൈൻ പദ്ധതിയെ ഒഴിവാക്കിയിരിക്കുന്നു. ഇത് സമര സമിതിക്ക് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നൽകിയ മറുപടി ആണ്. മറ്റ് വായ്പാ ഏജൻസികളെ കണ്ടെത്താനുള്ള അപേക്ഷ പരിഗണിക്കണമെങ്കിൽ പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക സാധ്യതയെ സംബന്ധിച്ച് െറയിൽവേയുടെ റിപ്പോർട്ട് ലഭിക്കണം. അതിന് റെയിൽവേ ആവശ്യപ്പെടുന്ന രേഖകൾ കെ റെയിൽ നൽകണം. കെ റെയിലിനു തന്നെ വ്യക്തതയില്ലാത്ത പദ്ധതിയാണ് എന്നതുകൊണ്ട് രേഖകളൊട്ട് നൽകാനും പറ്റില്ല. സിൽവർ ലൈൻ പദ്ധതിയുടെ യഥാർത്ഥ അവസ്ഥ ഇതായിരിക്കെയാണ് സാമൂഹ്യാഘാത പഠനമെന്നു പറഞ്ഞ് സർക്കാർ ഇറങ്ങിയിരിക്കുന്നത്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സാമൂഹ്യ ആഘാത പഠനം നിശ്‌ചിത കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്ത പക്ഷം പുതിയ നോട്ടിഫിക്കേഷൻ വേണം. എന്നാൽ നിലവിലുള്ള ഏജൻസികൾക്കുതന്നെ പഠനം തുടർന്ന് നടത്താൻ അനുമതി നൽകാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഏജൻസികളുടെ കുഴപ്പം കൊണ്ടല്ല പ്രതിഷേധം കൊണ്ടാണ് നിശ്ചിത കാലയളവിൽ പഠനം പൂർത്തിയാക്കാനാകാതെ പോയത് എന്നാണത്രേ ലഭിച്ചിരിക്കുന്ന നിയമോപദേശം! ഇത് അങ്ങേയറ്റം ക്രമവിരുദ്ധ നടപടിയാണ്.


കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന കേരള സർക്കാർ, കേരളത്തെ സമ്പൂർണ നാശത്തിലേയ്ക്ക് തള്ളിവിടുന്ന ഈ പദ്ധതിയുടെ പേരിൽ 100 കോടിയിലധികം രൂപയാണ് ഇതിനകം ചെലവിട്ടിരിക്കുന്നത്. തങ്ങളുടെ വീടുകളും, കൃഷിയിടങ്ങളും സംരക്ഷിക്കാൻ ശ്രമിച്ച ജനങ്ങൾക്കെതിരെ എടുത്തിട്ടുള്ള മുഴുവൻ കള്ളക്കേസുകളും പിൻവലിക്കുവാൻ സർക്കാർ തയ്യാറാവുകയും, പ്രായോഗികമായി ഭൂമിയുടെ മുഴുവൻ വിനിയോഗങ്ങളും അസാധ്യമാക്കുന്ന നോട്ടിഫിക്കേഷനുകൾ പിൻവലിക്കുകയും ചെയ്യണം. ജന ങ്ങളെ വെല്ലുവിളിക്കുന്ന നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട് വരുന്നത് നാട്ടിലെ ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിൽ നിന്ന് എത്രയും വേഗം പിൻമാറുവാൻ സർക്കാർ തയ്യാറാകണം.

Share this post

scroll to top