ജിഷ്ണു പ്രണോയിയുടെ കൊലപാതകം: കുറ്റവാളികളെ തുറുങ്കിലടയ്ക്കുക, ജിഷ്ണുവിന്റെ അമ്മയോടൊപ്പം നീതിക്കുവേണ്ടി പോരാടിയതിന്റെ പേരിൽ എസ്‌യുസിഐ(സി) നേതാക്കൾ എം.ഷാജർഖാൻ, എസ്.മിനി, എസ്.ശ്രീകുമാർ എന്നിവരെയും പൊതുപ്രവർത്തകൻ കെ.എം.ഷാജഹാനെയും തുറുങ്കിലടച്ച ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുക.

jishnu_pranoy_759.jpg
Share

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനെത്തിയ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും സമരപ്രവർത്തകർക്കും നേരെ പോലീസ് നടത്തിയ ബലപ്രയോഗവും അതിക്രമവും കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജിഷ്ണുവിന്റെ ഘാതകർ നിയമവാഴ്ചയെ വെല്ലുവിളിച്ച് പുറത്ത് വിലസുമ്പോൾ, അവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടവരെ തുറുങ്കിലടയ്ക്കുന്ന നടപടി കേരള സർക്കാരിന്റെ തികഞ്ഞ ജനാധിപത്യവിരുദ്ധതയെയാണ് വെളിവാക്കുന്നത്. ജിഷ്ണുവിന്റെ മാതാവിനോടൊപ്പം സമരത്തിനെത്തിയ എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) നേതാക്കളായ എം.ഷാജർഖാൻ, എസ്.മിനി, എസ്.ശ്രീകുമാർ എന്നിവരെയും പൊതുപ്രവർത്തകനായ കെ.എം.ഷാജഹാനെയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് സർക്കാർ ജയിലിലടയ്ക്കുകയും ചെയ്തു.

പോലീസ് ആസ്ഥാനത്തിനു മുമ്പിൽ നടന്ന ബലപ്രയോഗത്തിനും അതിക്രമത്തിനും ന്യായമായി മുഖ്യമന്ത്രിയും സംഘവും നിരത്തുന്ന വാദങ്ങൾ പച്ചക്കള്ളവും അപഹാസ്യവുമാണ്. പോലീസിന്റെ നടപടിയെ ശക്തമായി ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ പോലീസ് അതിക്രമത്തേക്കാൾ നിഷ്ഠുരമാണ്. പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറി പ്രശ്‌നം സൃഷ്ടിച്ചതാണെന്നും പോലീസ് ധാർഷ്ഠ്യം കാട്ടിയില്ല എന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പുറത്തുനിന്നുള്ളവർ എന്തുപ്രശ്‌നമാണ് സൃഷ്ടിച്ചതെന്ന് പറയാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണ്. മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ള നിരവധിയായ ദൃശ്യങ്ങളിൽ ഒന്നിലെങ്കിലും മുകളിൽ സൂചിപ്പിച്ച എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നേതാക്കളോ കെ.എം.ഷാജഹാനോ എന്തെങ്കിലും അതിക്രമം കാട്ടുന്നതായോ പ്രശ്‌നം സൃഷ്ടിക്കുന്നതായോ കാണുന്നതേയില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഭാഷ്യം മുഖ്യമന്ത്രി ആവർത്തിക്കുന്നത്. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നേതാവ് ഷാജർഖാനും മറ്റ് പ്രവർത്തകരും ഈ സമരവുമായി ബന്ധമില്ലാത്ത പുറത്തുനിന്നുള്ളവരല്ല. ജിഷ്ണുവിന്റെ കൊലപാതകത്തെ തുടർന്ന് ഉയർന്നുവന്ന പ്രക്ഷോഭരംഗത്ത് തുടക്കംമുതൽ പ്രവർത്തിക്കുന്ന എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)-ന്റെ മുൻനിരസംഘാടകരാണ് ഇപ്പോൾ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളവർ. നെഹ്രു കോളേജിൽ മാത്രമല്ല മനുഷ്യാവകാശലംഘനങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട സ്വാശ്രയ കോളേജുകളിലെല്ലാം ഓടിയെത്തി, വിദ്യാർത്ഥികളോടൊപ്പം നിലനിന്നുകൊണ്ട് വിശ്രമരഹിതമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകനാണ് എം. ഷാജർഖാൻ. പാമ്പാടി നെഹ്രുകോളേജിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നെഹ്രു കോളേജ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ രൂപീകരിച്ച് കോളേജിനു മുമ്പിൽ നിരവധി ദിവസങ്ങൾ നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭം നടത്തിയതിൽ നേതൃത്വപരമായ പങ്ക് നിർവഹിച്ച പൊതുപ്രവർത്തകനാണ് സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ എം. ഷാജർഖാൻ. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഇതിനുമുമ്പും തിരുവനന്തപുരത്തെത്തിയപ്പോൾ അവർക്കുവേണ്ട സഹായങ്ങൾ നൽകി നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തോടൊപ്പം അടിയുറച്ച് നിലകൊള്ളുന്ന പ്രവർത്തകരാണ് ഇപ്പോൾ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളവർ.
ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റുചെയ്യണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തുന്നതിനാണ് മാതാവ് മഹിജയും മറ്റുള്ളവരും പോലീസ് ആസ്ഥാനത്ത് എത്തിയത്. പ്രസ്തുത സമരം ഉൽഘാടനം ചെയ്യേണ്ടിയിരുന്നത് മുൻ എം.പി. ഡോ.സെബാസ്റ്റ്യൻ പോളാണ്. പോലീസ് ആസ്ഥാനത്തിനും ഏറെ ദൂരെ അവരെ തടയുകയും ബലപ്രയോഗം നടത്തുകയും അമ്മയുൾപ്പടെയുള്ളവരെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തത് പോലീസാണ്. പ്രതിഷേധിക്കാനുള്ള ജനാധിപത്യഅവകാശം അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നെങ്കിൽ പുത്രനെ നഷ്ടപ്പെട്ട ഒരമ്മയോട് ഈ വിധം അതിക്രമം കാട്ടുന്നത് ഒഴിവാക്കാനാവുമായിരുന്നു. ഡിജിപി ആസ്ഥാനത്തിനു മുമ്പിൽ സമരം നടത്തിക്കൂടാ എന്ന നിലപാട് ഒരു വിധത്തിലും ഇടതുരാഷ്ട്രീയത്തിനു നിരക്കുന്നതല്ല. രക്തബന്ധമുള്ളവരേ സമരം ചെയ്യാവൂ, അല്ലാത്തവരെല്ലാം നുഴഞ്ഞുകയറ്റക്കാരാണ് എന്ന നിലപാടാകട്ടെ ഏറെ അപഹാസ്യവും.
ക്രിമിനൽ സ്വഭാവം കാട്ടുന്ന കേരളത്തിലെ സ്വാശ്രയമാനേജുമെന്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഇതോടെ പൂർണ്ണമായും വ്യക്തമായിരിക്കുകയാണ്. ജിഷ്ണു വധിക്കപ്പെട്ട് മൂന്നുമാസം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. മുങ്ങിയ പ്രതികളെ പിടികൂടാൻ പോലീസ് ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് എല്ലാ സഹായവും നൽകി. മുഖ്യപ്രതിയുൾപ്പടെയുള്ളവർക്ക് മുൻകൂർജാമ്യം ലഭിക്കത്തക്കവിധം പ്രോസിക്യൂഷൻ ഒത്തുകളിച്ചു. കൊലയാളികളായ കൃഷ്ണദാസിനെയും സംഘത്തെയും രക്ഷിക്കാനുള്ള നടപടികൾ എല്ലാ അതിരും വിട്ടപ്പോഴാണ് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും പ്രക്ഷോഭത്തിനിറങ്ങിയത്. അവരോട് കാട്ടിയ അതിക്രമം മാപ്പില്ലാത്ത അപരാധമാണ്.
ജിഷ്ണുവിന്റെ മാതാവിനോടൊപ്പം സമരം ചെയ്യാനെത്തിയ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നേതാക്കളെയും പൊതുപ്രവർത്തകൻ കെ.എം.ഷാജഹാനെയും അറസ്റ്റുചെയ്ത്, ജാമ്യം നിഷേധിച്ച് തുറുങ്കിലടച്ചതിൽ ശക്തമായി പ്രതിഷേധിക്കാൻ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. ജയിലിലടയ്ക്കപ്പെട്ട നേതാക്കളെ ഉപാധികൾ കൂടാതെ ഉടൻ വിട്ടയയ്ക്കണമെന്നും ജിഷ്ണുവിന്റെ അമ്മയോടും ബന്ധുക്കളോടും കാട്ടിയ അതിക്രമത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്നും ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.

 

Share this post

scroll to top