ജിഷ്‌ണു കേസ്‌: സര്‍ക്കാരും സിപിഐ(എം)ഉം നിരത്തുന്ന അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും

Share

അവകാശവാദം: ജിഷ്‌ണുകേസില്‍
ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്‌തു.

വാക്യാര്‍ത്ഥത്തില്‍ എടുത്താല്‍ സര്‍ക്കാര്‍ പറയുന്ന ഈ അവകാശവാദം സത്യമാണ്‌. ജിഷ്‌ണുകേസ്സില്‍ കൊലയാളികളായ കോളേജ്‌ മാനേജുമെന്റിനുവേണ്ടി ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ മകനെ നഷ്‌ടപ്പെട്ട ഒരു കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും അതുവഴി സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരെ നിലക്കുനിര്‍ത്തുന്നതിലും ഗുരുതരമായ വീഴ്‌ചയാണ്‌ സര്‍ക്കാര്‍ വരുത്തിയിട്ടുള്ളതെന്നതാണ്‌ യാഥാര്‍ത്ഥ്യം.

എന്താണ്‌ യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍?

കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ മനുഷ്യാ വകാശ ലംഘനങ്ങളെ സംബന്ധിച്ച്‌ നിരവധിയായ പരാതികള്‍ സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും പ്രവഹിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കേസ്‌, അത്തരം പരാതികള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ലഭിച്ച ഒരു സാദ്ധ്യതയായി കണ്ടുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരുന്നു. ജിഷ്‌ണുവിന്റെ മരണം വാദത്തിനുവേണ്ടി ആത്മഹത്യയാണെന്നു സമ്മതിച്ചാല്‍ത്തന്നെ, ഒരു സ്വാശ്രയസ്ഥാപനത്തില്‍ നിന്നും ഇത്തരമൊരു ദുരന്തവാര്‍ത്ത വരുമ്പോള്‍ ഒരു ജനാധിപത്യസര്‍ക്കാര്‍ കാട്ടേണ്ടുന്ന ജാഗ്രതയും അവധാനതയും ഈ കേസില്‍ തുടക്കം മുതലേ ഉണ്ടായില്ല എന്നത്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. നെഹ്രു കോളേജ്‌ മാനേജുമെന്റിനു മാത്രമല്ല, മുഴുവന്‍ സ്വാശ്രയമാനേജുമെന്റുകള്‍ക്കും ഒരു താക്കീതായി മാറത്തക്കവിധം ഈ സാഹചര്യത്തെ വിനിയോഗിക്കാന്‍ കഴിയുമായിരുന്നു. ഒരു ജിഷ്‌ണു ഇനി കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സ്വാശ്രയകോളേജുകളില്‍ ശക്തമായ നിയമവാഴ്‌ച ഉറപ്പാക്കാന്‍ ഇത്‌ വഴി തുറക്കുമായിരുന്നു. അപ്രകാരമുള്ള ഗൗരവവും ഉത്തരവാദിത്തബോധവമുള്ള ഒരു സമീപനം പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതേയില്ല. നേരേമറിച്ച്‌ നെഹ്രു കോളേജ്‌ മാനേജുമെന്റിനെ സംരക്ഷിക്കുന്ന ഒരു നിലപാടാണ്‌ ആദ്യം മുതലേ സര്‍ക്കാരില്‍ നിന്നുണ്ടായത്‌. പ്രാഥമിക അന്വേഷണം മുതല്‍ കോടതിനടപടികളില്‍വരെ ഒന്നിനു പിന്നാലെ മറ്റൊന്ന്‌ എന്ന നിലയില്‍ പ്രകടമായ ആസൂത്രിത ക്രമക്കേടുകളും വീഴ്‌ചകളും ഗുരുതരമായ അലംഭാവവും സംശയരഹിതമായി സ്ഥാപിക്കുന്നത്‌ അതാണ്‌.

ആദ്യം അന്വേഷണം നടത്തിയ പഴയന്നൂര്‍ പോലീസിന്റെ ഭാഗത്തുനിന്ന്‌ വീഴ്‌ചകള്‍ ഉണ്ടായി എന്ന്‌ കണ്ടെത്തിയതുകൊണ്ടാണല്ലോ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്‌. ആദ്യ അന്വേഷണം നടത്തുന്ന സംഘം വീഴ്‌ചകള്‍ വരുത്തി എന്ന്‌ കണ്ടെത്തുകയും പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്‌തു എന്ന്‌ സര്‍ക്കാര്‍ വീമ്പിളക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള നടപടി പൂര്‍ത്തിയായി എന്നേ അര്‍ത്ഥമുള്ളൂ. കൃത്യം നടന്നതിനുശേഷമുള്ള ആദ്യത്തെ നിര്‍ണ്ണായകമായ ദിവസങ്ങളില്‍ തെളിവുകള്‍ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെടുകയും സുപ്രധാനമായ തെളിവുകളും സൂചനകളും അവഗണിക്കപ്പെടുകയും അവയെ ആധാരമാക്കിയുള്ള അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ പ്രതികള്‍ രക്ഷപ്പെടുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. ഇത്‌ ഉറപ്പാക്കിയതിനുശേഷം മറ്റെന്ത്‌ ചെയ്‌താലും അത്‌ ഒരു നാടകം മാത്രമാണ്‌. നമ്മുടെ സംസ്ഥാനത്ത്‌ നിരവധി കേസുകളില്‍ ഈ സമ്പ്രദായം പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ആദ്യ അന്വേഷണത്തില്‍ വീഴ്‌ചകളെന്ന പേരില്‍ സംഭവിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ യാദൃശ്ചികമായി ഉണ്ടായ വീഴ്‌ചകളല്ല. മറിച്ച്‌ ആസൂത്രിതമായി പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി കൈക്കൊണ്ട നടപടികളാണ്‌. സങ്കീര്‍ണ്ണമായ കാര്യങ്ങളിലല്ല ഇവിടെ വീഴ്‌ച ഉണ്ടായിരിക്കുന്നത്‌. ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ വളരെ സ്വാഭാവികമായി പോലീസ്‌ കൈക്കൊള്ളുന്ന നടപടിക്രമങ്ങള്‍ പലതും ഇവിടെ ഉണ്ടായില്ല. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട പോലീസ്‌ ചട്ടങ്ങളെ സംബന്ധിച്ച്‌ മിനിമം ധാരണയുള്ള ഒരു പോലീസ്‌ ഉദ്യോഗസ്ഥനുപോലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവിടെ സംഭവിച്ചു. കൃത്യം നടന്നതെന്ന്‌ ആരോപിക്കപ്പെടുന്ന കോളേജിന്റെ ബോര്‍ഡ്‌ റൂം തുറന്നു പരിശോധിക്കാന്‍ പോലീസ്‌ തയ്യാറായില്ല. മൃതദേഹം തൂങ്ങിനിന്നതായി കാണപ്പെട്ട ഹോസ്റ്റല്‍ റൂം പോലീസ്‌ കസ്റ്റഡിയില്‍ തികഞ്ഞ ബന്തവസ്സില്‍ ആക്കുക എന്നത്‌ ഏറ്റവും പ്രാഥമികമായ നടപടിയാണ്‌. അതുണ്ടായില്ല എന്നു മാത്രമല്ല, മാനേജുമെന്റ്‌ നല്‍കിയ താഴിട്ട്‌ പൂട്ടുകയും ശേഷം താക്കോല്‍ അവര്‍ക്കുതന്നെ തിരികെ നല്‍കുകയും ചെയ്‌തു! തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസ്‌ നേരിട്ട്‌ പ്രതികള്‍ക്ക്‌ സഹായം നല്‍കി എന്നു സാരം. നെഹ്രു കോളേജിലെ മുഴുവന്‍ സി.സ.ിറ്റി.വി. ക്യാമറകളും നശിപ്പിക്കുകയും അതില്‍ റെക്കോഡ്‌ ചെയ്‌തിരുന്ന ദൃശ്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്‌ത മാനേജുമെന്റ്‌ അത്തരം ഒരു നടപടിക്ക്‌ മുതിര്‍ന്നതില്‍ നിന്നും അവര്‍ ഗുരുതരമായ എന്തോ കാര്യങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌ എന്ന്‌ വ്യക്തമാണ്‌. എന്നാല്‍ അതിന്റെയും കൃത്യമായി അന്വേഷണം നടന്നില്ല. ജിഷ്‌ണുവിന്റെ ഉത്തരപേപ്പറില്‍ നെടുകെ കുത്തിവരച്ചതും അതില്‍ ജിഷ്‌ണുവിന്റേതെന്ന പേരില്‍ ഒപ്പിട്ടതും പ്രവീണ്‍ എന്ന ഇന്റേണല്‍ ഇന്‍വിജിലേറ്റര്‍ ആണ്‌. ജിഷ്‌ണു കോപ്പിയടിച്ചുവെന്ന്‌ വ്യാജമായി സ്ഥാപിക്കാന്‍ മാനേജുമെന്റ്‌ കാട്ടിയ നടപടികളെ സംബന്ധിച്ച്‌ ഗൗരവപൂര്‍വ്വമായി അന്വേഷിച്ചിരുന്നെങ്കില്‍ കൃഷ്‌ണദാസും സംഘവും ജനുവരി രണ്ടാം ആഴ്‌ചയില്‍ത്തന്നെ തൂറുങ്കിലടയ്‌ക്കപ്പെടുമായിരുന്നു. അതും നടന്നില്ല. മൃതദേഹപരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കുടുംബാംഗങ്ങള്‍ ശക്തമായി ആരോപിക്കുന്നു. ജിഷ്‌ണുവിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെ സംബന്ധിച്ച ഒരു പരാമര്‍ശവും എഫ്‌ഐആറിലോ ഇന്‍ക്വസ്റ്റിലോ രേഖപ്പെടുത്തിയിട്ടില്ല. ഇത്രയും ഗൗരവപ്പെട്ട ഒരു കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്‌ ഒരു മുതിര്‍ന്ന ഫോറന്‍സിക്‌ സര്‍ജനല്ല. അതിനെ സംബന്ധിച്ച്‌ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ ഡോ. ശ്രീകുമാരിയെ പോസ്റ്റ്‌മോര്‍ട്ടത്തിലും പരിശോധനകളിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ചുമലപ്പെടുത്തി. ഇപ്പോള്‍വരെയും അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ വന്നതായി അറിയാന്‍കഴിഞ്ഞിട്ടില്ല.
മൃതദേഹം തൂങ്ങിക്കിടന്ന തോര്‍ത്ത്‌ മുണ്ട്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടില്ല. പ്രസ്‌തുത തോര്‍ത്ത്‌ എവിടെയാണെന്നു പോലും അറിയില്ല. മുകളില്‍ സൂചിപ്പിച്ചവയെല്ലാം ജിഷണുക്കേസിന്റെ അന്വേഷണത്തില്‍ സംഭവിച്ച ഗുരുതരമായ ക്രമക്കേടുകളാണ്‌. തുടര്‍ന്നുവന്ന അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌. കോളേജ്‌ മാനേജുമെന്റ്‌ തയ്യാറാക്കിയ ഒരു തിരക്കഥ മാത്രമാണ്‌ കോപ്പിയടി സംഭവമെന്ന്‌ രണ്ടാം അന്വേഷണസംഘം കണ്ടെത്തി. ജിഷ്‌ണുവിന്റേതെന്ന്‌ പോലീസ്‌ ആദ്യഘട്ടത്തില്‍ ആണയിട്ടിരുന്ന കത്ത്‌ വ്യാജമാണെന്നും പുതിയ അന്വേഷണ സംഘം കണ്ടെത്തി. അങ്ങിനെയെങ്കില്‍ വ്യക്തമാകുന്നത്‌ രണ്ട്‌ സാധ്യതകളാണ്‌. ജിഷ്‌ണുവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും അതിനായി കോപ്പിയടിയുടെ ഒരു കഥ ചമയ്‌ക്കുകയും ചെയ്‌തു. അല്ലെങ്കില്‍ വളരെ ഉയര്‍ന്ന മാനസിക നിലയും തന്റേടവുമുള്ള ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക്‌ തള്ളിവിടത്തക്കവിധം അപമാനിക്കുകയും തകര്‍ക്കുകയും ചെയ്‌തു. ഈ രണ്ട്‌ സാധ്യതകളിലും നെഹ്രുകോളേജ്‌ മാനേജുമെന്റ്‌ ചെയ്‌തിട്ടുള്ളത്‌ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കഠിനമായ കുറ്റമാണ്‌. ഇപ്രകാരമൊരു കുറ്റകൃത്യത്തിന്‌ നേതൃത്വം നല്‍കിയ ക്രിമിനല്‍ സംഘത്തെ തുറുങ്കിലടയ്‌ക്കാനും മതിയായ ശിക്ഷ ഉറപ്പാക്കാനും എല്ലാ പഴുതും അടച്ചുകൊണ്ടുള്ള ഒരന്വേഷണം നടത്താനോ നടപടിക്രമങ്ങള്‍ സ്വീകരിക്കാനോ സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ്‌ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ കേസില്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തു എന്ന സര്‍ക്കാര്‍ വാദം ശുദ്ധതട്ടിപ്പാണ്‌. ജിഷ്‌ണുവിന്റെ കുടുംബത്തിനുവേണ്ടി സര്‍ക്കാര്‍ ഒരു കാര്യവും ചെയ്‌തിട്ടില്ല.

അവകാശവാദം: ജിഷ്‌ണുവിന്റെ കുടുംബത്തിന്‌ 10 ലക്ഷം നഷ്‌ടപരിഹാരം നല്‍കി

ഖജനാവില്‍ നിന്നും നഷ്‌ടപരിഹാരം നല്‍കി എന്നത്‌ നെഹ്രു കോളേജ്‌ മാനേജുമെന്റിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല എന്നതിന്റെ തെളിവല്ലല്ലോ. കൃഷ്‌ണദാസ്‌ നയിക്കുന്ന ക്രിമിനല്‍ സംഘത്തെ രക്ഷിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ത്തന്നെ 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നതാണ്‌ തങ്ങളുടെ യഥാര്‍ത്ഥ ഇംഗിതം മറച്ചുവയ്‌ക്കാന്‍ നല്ലതെന്ന്‌ ആര്‍ക്കാണറിയാത്തത്‌. ധനസഹായം നല്‍കി എന്നത്‌ പത്രപരസ്യത്തിലെ ഇനമായി മാറുമ്പോള്‍ അതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന്‌ പകല്‍ പോലെ വ്യക്തമാവുകയാണ്‌. 10 ലക്ഷം രൂപ നല്‍കി, ജിഷ്‌ണുവിന്റെ ബന്ധുക്കളെ വിലക്കെടുക്കാനാണ്‌ സിപിഐ(എം) നയിക്കുന്ന സര്‍ക്കാര്‍ ശ്രമിച്ചത്‌. അങ്ങിനെ വിലക്കെടുക്കാന്‍ നിന്നുകൊടുക്കില്ല ബന്ധുക്കളെന്നു മനസ്സിലായപ്പോള്‍ തന്ന പണത്തിന്റെ കണക്കുപറഞ്ഞ്‌ ജിഷ്‌ണുവിന്റെ കുടുംബത്തെ അപമാനിക്കുകയാണ്‌ സര്‍ക്കാര്‍. നല്‍കുന്ന പണവും വാങ്ങി മിണ്ടാതിരിക്കണമെന്നാണോ സിപിഐ(എം) ശഠിക്കുന്നത്‌. അതോ മിണ്ടാതിരിക്കാനുള്ള കോഴയാണോ സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ. എത്ര അപഹാസ്യമായ നിലയിലേക്കാണ്‌ സര്‍ക്കാര്‍ നിപതിച്ചിരിക്കുന്നതെന്ന്‌ കാണുക.

അവകാശവാദം: കുടുംബം ആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നല്‍കി

പരാജയപ്പെടാന്‍ വേണ്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയായി എഫ്‌ഐആറും ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടും വരാന്‍ പോകുന്ന കുറ്റപത്രവും നിലനില്‍ക്കെ, പ്രോസിക്യൂട്ടര്‍ ആരു തന്നെയായാലും കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന്‌ ഉറപ്പാക്കിയിട്ടുള്ള സര്‍ക്കാരിന്‌ ജിഷ്‌ണുവിന്റെ കുടുംബം ആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നല്‍കുന്നതിന്‌ എന്താണ്‌ തടസ്സം? നേരെമറിച്ച്‌ അവര്‍ ആവശ്യപ്പട്ട പ്രോസിക്യൂട്ടറെ നല്‍കിയാല്‍ അതും പ്രചാരണത്തിന്‌ ഒരു ഇനം ആകുമെങ്കില്‍ അപ്രകാരം ചെയ്യുന്നതാണല്ലോ ബുദ്ധി. ഇതേ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മദ്ധ്യസ്ഥനായി ഒരു കരാര്‍ ഉണ്ടാക്കിയത്‌ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സര്‍്‌ക്കാരിനെ രക്ഷിക്കാനായി മഹിജയുടെ സമരം എവ്വിധവും അവസാനിപ്പിക്കുക എന്ന ദൗത്യമേ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ക്ക്‌ ഉണ്ടായിരുന്നുള്ളൂ എന്ന സംശയം നിലനില്‍ക്കുമ്പോള്‍ ഭാവയില്‍ കേസില്‍ എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന്‌ കരുതാന്‍ ഒരു ന്യായവും ഇല്ലല്ലോ.
അവകാശവാദം: ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തി
മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ്‌കോടതികളില്‍ എത്തിയപ്പോള്‍ ഒത്തുകളിച്ച പ്രോസിക്യൂഷനാണ്‌ യഥാര്‍ത്ഥത്തില്‍ ഒന്നാം പ്രതിക്ക്‌ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുക്കിയത്‌. കളക്‌ടര്‍ വിളിച്ചുചേര്‍ത്തിട്ടുള്ള യോഗത്തില്‍ തനിക്ക്‌ പങ്കെടുക്കാനുള്ളതുകൊണ്ട്‌ ജാമ്യം നല്‍കണമെന്നാണ്‌ ഒന്നാം പ്രതി കോടതിയില്‍ അപേക്ഷിച്ചത്‌. യഥാര്‍ത്ഥത്തില്‍ ഈ യോഗം നടന്നുകഴിഞ്ഞിരുന്നു. എന്നുമാത്രവുമല്ല, ഈ യോഗത്തിലേക്ക്‌ കൃഷ്‌ണദാസിനെ ക്ഷണിച്ചിരുന്നതുമില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ കൃഷ്‌ണദാസിന്‌ ജാമ്യം ലഭിക്കുമായിരുന്നില്ല. ജാമ്യം റദ്ദാക്കാനുള്ള സര്‍ക്കാരിന്റെയും ജിഷ്‌ണുവിന്റെ അമ്മയുടെയും ഹര്‍ജി തള്ളിക്കൊണ്ട്‌ മാര്‍ച്ച്‌ 27ന്‌ സുപ്രീം കോടതി ജസ്റ്റിസ്‌ എസ്‌.എ.ബോബ്‌ഡെ പറഞ്ഞത്‌ ജിഷ്‌ണുവിന്റെ മരണത്തില്‍ കൃഷ്‌ണദാസിന്റെ പങ്ക്‌ സംശയരഹിതമായി സ്ഥാപിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നാണ്‌. അവിടെയും സംസ്ഥാനത്തെ പോലീസ്‌ അന്വേഷണത്തിന്റെ പരാധീനതകളാണ്‌ വിനയായി മാറിയത്‌.
അടിമുടി ദുര്‍ബ്ബലമായ ഒരു അന്വേഷണ റിപ്പോര്‍ട്ടും കേസ്‌ ഡയറിയുമായി പരമോന്നതകോടതിയില്‍ പോയാലും ജാമ്യം റദ്ദാക്കപ്പെടില്ല എന്ന്‌ അറിയാത്തവരല്ല സംസ്ഥാന ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവര്‍. പിന്നെ എന്തിനാണ്‌ പോയത്‌? തങ്ങള്‍ അങ്ങേയറ്റംവരെ ജിഷ്‌ണുവിനുവേണ്ടി പോരാടുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനും പ്രചാരണം നടത്താനും വേണ്ടിയുള്ള നാടകം മാത്രമാണ്‌ സുപ്രീം കോടതിയിലെ നിയമയുദ്ധം.
കണക്കറ്റ്‌ പണവും സ്വാധീനവുമുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ നിശ്ചയമായും സാധ്യതയുണ്ടെന്ന്‌ സര്‍ക്കാരിന്‌ അറിയാമായിരുന്നിട്ടും കഴിവതും വേഗം എഫ്‌ഐആര്‍ തയ്യാറാക്കി ഇവരെ അറസ്റ്റു ചെയ്യാതിരുന്നതെന്തുകൊണ്ടാണ്‌? ജിഷ്‌ണു വധിക്കപ്പെട്ട്‌ നീണ്ട 36 ദിവസങ്ങള്‍ക്കുശേഷമാണ്‌ എഫ്‌ഐആര്‍ പോലും സമര്‍പ്പിച്ചത്‌. അതും കഴിഞ്ഞ്‌ 4-ാം ദിവസമാണ്‌ കൃഷ്‌ണദാസിന്‌ ജാമ്യം ലഭിച്ചത്‌. വിലപ്പെട്ട ഈ 4 ദിവസം പാഴാക്കിയില്ലേ. രണ്ടാം പ്രതി സഞ്‌ജിത്‌ വിശ്വനാഥിന്‌ ജാമ്യം ലഭിച്ചത്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ച്‌ 44 ദിവസത്തിനുശേഷം മാര്‍ച്ച്‌ 24നാണ്‌. ഇയാള്‍ക്കും ജാമ്യം നേടാന്‍ അവസരമാരുക്കിയതും പിണറായിയുടെ സര്‍ക്കാരാണ്‌. മൂന്നാം പ്രതി ശക്തിവേലിനെ അറസ്റ്റുചെയ്‌തതാകട്ടെ മഹിജയുടെ സമരം 6 ദിവസം പിന്നിട്ടതിനുശേഷവും. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഞൊടിയിടയില്‍ ശക്തവേലിനെ മാളത്തില്‍ നിന്നും പിടികൂടി. സര്‍ക്കാരിന്റെ അറിവോടെയാണ്‌ ഇവര്‍ ഒളിവില്‍ താമസിച്ചിരുന്നതെന്ന്‌ തെളിയിക്കാന്‍ ഇതില്‍പ്പരം തെളിവ്‌ വേണോ. ഇത്രയൊക്കെ കഴിഞ്ഞ്‌ സുപ്രീം കോടതിയില്‍ വരെ പോരാടി എന്നു ഊറ്റം കൊള്ളുന്നത്‌ എത്രയോ അപഹാസ്യം.

ഒന്നാം പ്രതിക്കു പുറമെ അവശേഷിക്കുന്ന നാലുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കാരണം ഈ ദുര്‍ബ്ബലമായ അന്വേഷണറിപ്പോര്‍ട്ട്‌ തന്നെയാണ്‌. പ്രഥമിക അന്വേഷണ വേളയില്‍ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്‌ത തെളിവുകളായിരുന്നു പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കാനുള്ള ദൃഢമായ കണ്ണികള്‍. അവ നഷ്‌ടപ്പെടുത്തിയ പോലീസും അതിന്‌ നേതൃത്വം നല്‍കിയ സര്‍ക്കാരുമാണ്‌ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്‌. പ്രാഥമിക അന്വേഷണവേളയിലെ നശിപ്പിക്കപ്പെട്ട തെളിവുകള്‍ക്കു പുറമെ പുതിയ തെളിവുകള്‍ കണ്ടത്താനുള്ള നടപടികളിലും ഗുരുതരമായ വീഴ്‌ചയാണ്‌ പോലീസ്‌ വരുത്തിയത്‌. ഫെബ്രുവരി മധ്യത്തോടെ കണ്ടെത്തപ്പെട്ട ജിഷ്‌ണുവിന്റേതെന്ന്‌ കരുതപ്പെടുന്ന രക്തക്കറയുടെ ഡിഎന്‍എ പരിശാധന നടത്താന്‍ മാതാപിതാക്കളുടെ രക്തസാമ്പിള്‍ നാദാപുരം താലൂക്ക്‌ ആശുപത്രിയില്‍ ശേഖരിച്ചത്‌ മാര്‍ച്ച്‌ 14നു മാത്രം. ഡിഎന്‍എ പരിശോധനയിലൂടെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറ ജിഷ്‌ണുവിന്റേതെന്ന്‌ ശാസ്‌ത്രീയമായി സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആര്‍ക്കും ജാമ്യം ലഭിക്കുമായിരുന്നില്ല. ഇപ്പോള്‍ ഇവര്‍ക്ക്‌ ജാമ്യം ലഭിച്ചുവെന്ന്‌ മാത്രമല്ല, പ്രതികളെ ചോദ്യം ചെയ്യുക പോലും പാടില്ല എന്നാണ്‌ കോടതി കല്‍പ്പിച്ചിരിക്കുന്നത്‌. ഇത്രയും പ്രതികൂലമായ സാഹചര്യം ജിഷ്‌ണുക്കേസിന്‌ സൃഷ്‌ടിച്ചതിനുശേഷമാണ്‌ ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്ന്‌ ലക്ഷങ്ങള്‍ മുടക്കി പരസ്യം ചെയ്‌ത്‌ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.

Share this post

scroll to top