ജിഷ്‌ണു സമരം: വസ്‌തുതകളെന്ത്‌? എം.ഷാജര്‍ഖാന്‍, എസ്‌.മിനി, എസ്‌.ശ്രീകുമാര്‍


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
IMG20170503181846-1.jpg
Share

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഇരയാണ്‌ ജിഷ്‌ണു പ്രണോയ്‌. വിദ്യാഭ്യാസമേഖല വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ന്നിരിക്കുന്നു. മാറിമാറി സംസ്ഥാനം ഭരിച്ച ഇടതു-വലതു മുന്നണികള്‍ സ്വീകരിച്ച വിദ്യാഭ്യാസനയത്തിന്റെ ഫലമാണിത്‌. സര്‍ക്കാരിനെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന ഇത്തരം വിദ്യാലയങ്ങളില്‍നിന്ന്‌ മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരമായ വിദ്യാര്‍ത്ഥി പീഡനങ്ങളുടെയും കഥകളാണ്‌ ദൈനംദിനം കേള്‍ക്കുന്നത്‌. മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസവും മാന്യമായ തൊഴിലും ലഭിക്കുക എന്നത്‌ രക്ഷിതാക്കളുടെ ആഗ്രഹമാണ്‌. അതിനെ ചൂഷണം ചെയ്യുകയാണ്‌ സ്വാശ്രയസ്ഥാപനങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുവാന്‍ ജിഷ്‌ണുപ്രണോയ്‌ തയ്യാറായി എന്നതാണ്‌ അദ്ദേഹം ചെയ്‌ത കുറ്റം. അതിന്‌ ആ വിദ്യാര്‍ത്ഥിക്ക്‌ സ്വന്തം ജീവന്‍ തന്നെ വിലനല്‍കേണ്ടിവന്നു. ആ രക്തസാക്ഷിത്വം അഗ്നിയായി പടരേണ്ടതുണ്ട്‌. ജിഷ്‌ണുവിന്റെ കൊലയാളികള്‍ നിയമപരമായി ശിക്ഷിക്കപ്പെടണം. എന്നാല്‍, നീതി നടപ്പിലാക്കുന്നതിനുവേണ്ടിയല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. കൊലയാളികള്‍ സംരക്ഷിക്കപ്പെടുകയും നീതിലഭിക്കേണ്ടവര്‍ തെരുവില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക്‌ ഇരയാകുകയും ചെയ്യേണ്ടി വരുന്നു. മകന്റെ കൊലയാളികളെ ശിക്ഷിക്കുന്നതിനുവേണ്ടി സമരം ചെയ്യേണ്ടിവരുന്ന ഒരമ്മയുടെ ഭാഗത്തുനിന്നാണ്‌ ചിന്തിക്കേണ്ടത്‌. അവരുടെ പ്രവര്‍ത്തനങ്ങളോട്‌ മനസ്സുകൊണ്ടെങ്കിലും നമ്മള്‍ ഐക്യപ്പെടേണ്ടതല്ലേ. നമ്മുടെ ഭരണാധികാരികളും സിപിഐ(എം) പ്രസ്ഥാനവും നീതിക്കുവേണ്ടിയുള്ള ജനാധിപത്യ പോരാട്ടത്തെ പൂര്‍ണ്ണമായും തള്ളിക്കളയുകയും അമ്മയെ പരിഹസിക്കുകയും ചെയ്യുന്നു. സമരത്തിനൊപ്പം നിന്നവരെ തുറുങ്കിലടക്കുന്നു. ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നു. രക്തബന്ധമുള്ളവര്‍ മാത്രമേ സമരം ചെയ്യാവൂ എന്ന അഭിപ്രായം പൊതുസമൂഹത്തിന്റെ ചര്‍ച്ചയിലേക്ക്‌ കൊണ്ടുവരുന്നു. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളില്‍ പങ്കെടുക്കുന്നവരെ അറസ്റ്റു ചെയ്‌തു ജയിലില്‍ അടക്കുമെന്ന സന്ദേശം നല്‍കുന്നു. സമരത്തോടൊപ്പം നില്‍ക്കുന്നവരെ തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരുമാക്കുന്ന ഗൂഢാലോചനകള്‍ ഭരണകേന്ദ്രങ്ങളില്‍നിന്ന്‌ രൂപപ്പെടുന്നു. ന്യായത്തിന്റെയും ജനാധിപത്യത്തിന്റെയും വഴികളില്‍ സഞ്ചരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ ഈ സന്ദര്‍ഭത്തില്‍ സമൂഹം തയ്യാറാകേണ്ടതുണ്ട്‌. അതിനായി, 2017 ഏപ്രില്‍ 5-ാം തീയതി ഡിജിപി ഓഫീസിന്‌ മുമ്പില്‍ നടന്ന കാര്യങ്ങളുടെ വസ്‌തുതകള്‍ മനസ്സിലാക്കേണ്ടുന്നതുണ്ട്‌. അറസ്റ്റ്‌ ചെയ്യപ്പെട്ട്‌, പിന്നീട്‌ ജയില്‍ വിമോചിതരായ സേവ്‌ എജ്യുക്കേഷന്‍ കമ്മിറ്റി സെക്രട്ടറിയും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) സംഘാടകനുമായ എം.ഷാജര്‍ഖാന്‍, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌)സംഘാടകരായ എസ്‌.മിനി, എസ്‌.ശ്രീകുമാര്‍ എന്നിവര്‍ വസ്‌തുതകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ അഞ്ചിന്‌ ഡിജിപി ഓഫീസിനു മുന്നില്‍ നടന്നതെന്ത്‌ ?

ഏപ്രില്‍ അഞ്ചിന്‌ ഡിജിപി ഓഫീസിനു മുന്നില്‍ നടന്നത്‌ കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്‌. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്‌. മഹിജയെപ്പോലെ ഒരാള്‍, ജിഷ്‌ണു പ്രണോയിയുടെ അമ്മ, ജിഷ്‌ണു കൊല്ലപ്പെട്ടിട്ട്‌ 90-ാം ദിവസമാണ്‌ ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്താനായി വരുന്നത്‌.
വാസ്‌തവത്തില്‍ രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ അവര്‍ സമരത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയതാണ്‌. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതോടെയാണ്‌ മാര്‍ച്ച്‌ 27-ാം തീയതി സമരം നടത്താന്‍ അവര്‍ തീരുമാനിച്ചത്‌. ഡിജിപിയുടെ ഇടപെടലിന്റെയും നല്‍കിയ ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ്‌ ഏപ്രില്‍ അഞ്ച്‌ സമരത്തിനായി അവര്‍ തീരുമാനിക്കുന്നത്‌. അത്‌ കേരളത്തിലെ ആദ്യസര്‍ക്കാരിന്റെ 60-ാം വാര്‍ഷികമാണോ, പിറന്നാള്‍ ആണോ എന്നൊന്നും അവരാരും ചിന്തിച്ചിട്ടേയില്ല. വാസ്‌തവത്തില്‍ ഞങ്ങളെ സംബന്ധിച്ചും അത്‌ പരിഗണനാവിഷയമല്ല. 60-ാം വാര്‍ഷികം ഇവിടെ ജനജീവിതത്തില്‍ എന്ത്‌ വ്യത്യാസമാണ്‌ ഉണ്ടാക്കുന്നത്‌. ഡിജിപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ തീയതി തീരുമാനിച്ചു. ഡിജിപി അവരോടു പറഞ്ഞത്‌ ഒരാഴ്‌ചക്കുള്ളില്‍ എല്ലാ പ്രതികളേയും അറസ്റ്റ്‌ ചെയ്യുമെന്നായിരുന്നല്ലോ. 27-ാം തീയതി നടത്തുന്ന സമരം ഒരാഴ്‌ചത്തേക്കു മാറ്റിവയ്‌ക്കണം. ന്യൂ ഡല്‍ഹിയിലെ കേരളാഹൗസില്‍ വച്ച്‌ ലോക്‌നാഥ്‌ബെഹ്‌റ ജിഷ്‌ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനു നല്‌കുന്ന വാഗ്‌ദാനമാണത്‌. അവര്‍ അത്‌ വിശ്വസിക്കുകയും ചെയ്‌തു. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഏപ്രില്‍ 5 എന്ന തീയതി നിശ്ചയിക്കുന്നത്‌. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ അവര്‍ ഏപ്രില്‍ അഞ്ചിന്‌ ഡിജിപി ഓഫീസിനു മുന്നിലേക്ക്‌ വരുന്നത്‌. ഒരു വലിയ സമരസംഘമൊന്നും അവരോടൊപ്പമില്ല. 14 പേരാണ്‌ അവരോടൊപ്പമുണ്ടായിരുന്നത്‌. നെഹ്‌റുകോളേജിലെ രണ്ട്‌ വിദ്യാര്‍ത്ഥികള്‍, എസ്‌യുസിഐ(സി) പ്രവര്‍ത്തകരായ ഞങ്ങള്‍ മൂന്നുപേര്‍-അങ്ങിനെ പത്തൊന്‍പത്‌ പേരാണ്‌ സമരം എന്ന്‌ അവര്‍ വിളിക്കുന്ന സംഘത്തില്‍ പങ്കെടുത്തിട്ടുള്ളത്‌. രാവിലെ 7.30ന്‌ മാവേലി എക്‌സ്‌പ്രസിനെത്തുന്ന അവരെ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കുന്നു. സ്റ്റേഷനുപുറത്തുവച്ച്‌ മഹിജ മാധ്യമങ്ങളെ അഡ്രസ്സ്‌ ചെയ്യുന്നു. ഞങ്ങള്‍ ഡിജിപി ഓഫീസിനു മുന്നിലേക്കു സമരം നടത്താന്‍ പോകും, എല്ലാവരുടെയും പിന്തുണ വേണം എന്ന്‌ മഹിജ അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ന്ന്‌ അവര്‍ ആവശ്യപ്പെട്ടതു പ്രകാരം ഞങ്ങള്‍ ബുക്ക്‌ ചെയ്‌തിരുന്ന ഹോട്ടലില്‍ എത്തി അവര്‍ പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. അവിടേക്കാണ്‌ പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ വരുന്നത്‌. അവര്‍ പറയുന്നത്‌ ഡിജിപി ഓഫീസിനു മുന്നില്‍ സമരം പാടില്ല. ഡിജിപിയെ കാണാം. സ്വാഭാവികമായും ബന്ധുക്കള്‍ പറഞ്ഞു ഞങ്ങള്‍ പതിനാലുപേരും ഡിജിപിയെ കാണാന്‍ അങ്ങോട്ട്‌ വരുകയാണ്‌. അങ്ങനെ വരുന്നതും ഒരു സമരമാണ്‌. മഹിജയും ബന്ധുക്കളും നടത്തിയ ആ ഉദ്യമത്തെ സഹായിക്കുവാന്‍ ഏതൊരാളും ബാധ്യസ്ഥനാണ്‌. എന്നു പറഞ്ഞാല്‍ എസ്‌യുസിഐ(സി) പ്രവര്‍ത്തകര്‍ എന്നതിന്റെ മാത്രം അടിസ്ഥാനത്തിലല്ല പറഞ്ഞത്‌, എസ്‌യുസിഐ(സി) തീര്‍ച്ചയായും ചെയ്യും. കാരണം അതൊരു സമരപ്രസ്ഥാനമാണ്‌. പക്ഷേ കേരളസമൂഹത്തിന്റെ ആകമാനമുള്ള ഒരു മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ടാണ്‌ മഹിജ തലസ്ഥാനത്ത്‌ ഡിജിപി ഓഫീസിനു മുന്നിലേക്കു വരുന്നത്‌. അവരെ സഹായിക്കാനുള്ള ചുമതല ഞങ്ങള്‍ ഏറ്റെടുത്തു.

ഡിജിപി ഓഫീസിനുമുന്നില്‍ നടന്ന സംഭവത്തിലെ ഗൂഢാലോചന?

അവിടെ പോലീസ്‌ ഉദ്യോഗസ്ഥരുണ്ട്‌. ഞങ്ങള്‍ പ്രതീക്ഷിച്ചത്‌ മഹിജയെപ്പോലെ ഒരാള്‍വരുമ്പോള്‍ അവിടെ കയ്യേറ്റം പോയിട്ട്‌ അപശബ്‌ദം പോലും ഉണ്ടാകില്ലെന്നാണ്‌. കാരണം സെന്‍സിറ്റീവ്‌ ഇഷ്യൂവാണ്‌, മാധ്യമങ്ങള്‍ ലൈവ്‌ ആണ്‌. കേരളം ശ്രദ്ധിക്കുന്ന ഒരു വിഷയമാണ്‌. വളരെ അവധാനതയോടെ, സംയമനത്തോടെ പോലീസ്‌ പെരുമാറും എന്നുപ്രതീക്ഷിച്ചതുകൊണ്ട്‌ തന്നെ ഒരു ആശങ്കയും ഞങ്ങള്‍ക്ക്‌ തോന്നിയില്ല. അവര്‍ തടയും എന്ന്‌ പറഞ്ഞിരുന്നു.

യഥാര്‍ത്ഥത്തില്‍ ഡിജിപി ഓഫീസിനു മുന്നിലല്ല തടഞ്ഞത്‌, ഇരുനൂറു മീറ്റര്‍ ദൂരെയുള്ള സുബ്രഹ്മണ്യന്‍ ഹാളിനടുത്താണ്‌. ആദ്യത്തെ ഏതാനും മിനിട്ടുകള്‍ക്ക്‌ ശേഷം പോലീസ്‌ അക്രമാസക്തമായി പെരുമാറുകയാണുണ്ടായത്‌. അമ്മ മഹിജ ഉള്‍പ്പെടെയുള്ള ആളുകളെ ശാരീരികമായി കൈകാര്യം ചെയ്യുകയായിരുന്നു. മഹിജയുടെ നാഭിക്കു ചവിട്ടുന്ന സംഭവം വരെ ഉണ്ടായി. അമ്മാവനെ എത്ര മൃഗീയമായിട്ടാണ്‌ എടുത്തെറിയുന്നത്‌. ഞങ്ങള്‍ ആ സമരത്തില്‍ മുന്‍നിരയിലായിരുന്നില്ല. ഞാനും മിനിയും ശ്രീകുമാറും അവരെ സഹായിക്കാനാണ്‌ ശ്രമിച്ചത്‌്‌. അങ്ങനെ വന്നവരെ വണ്ടിയിലേക്ക്‌ എടുത്ത്‌ എറിയുകയായിരുന്നു. കെ.എം.ഷാജഹാന്‍, വി.എസ്‌.അച്യുതാനന്ദന്റെ മുന്‍പ്രൈവറ്റ്‌ സെക്രട്ടറി, ഐക്യദാര്‍ഢ്യസമിതിയുടെ ഭാഗമായിട്ട്‌ വന്നതാണ.്‌ അദ്ദേഹം ഇത്‌ അറിഞ്ഞിട്ടുവരുന്ന ആളാണ്‌. അദ്ദേഹം മാത്രമല്ലല്ലോ. ആ സമരത്തിലേക്ക്‌ സെബാസ്റ്റ്യന്‍ പോള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. കവയത്രി സുഗതകുമാരിയെ വിളിച്ചിരുന്നു. നിരവധി സംസ്‌കാരിക പ്രവര്‍ത്തകരെ വിളിച്ചിരുന്നു. വാര്‍ത്ത അറിഞ്ഞവര്‍ അവിടേക്കുവന്നുകൊണ്ടിരിക്കുകയാണ്‌. ആരും വരേണ്ടിവന്നില്ല, അതിനു മുമ്പേതന്നെ പോലീസ്‌ അവരെ കൈകാര്യം ചെയ്‌ത്‌ വാനിലാക്കിയിരുന്നു. അതിഭീകരമായ പോലീസ്‌ തേര്‍വാഴ്‌ച. കേരള ചരിത്രത്തിലെ കറുത്ത ദിനമായി സംഭവം മാറി. പോലീസിന്റെ ക്രൂരമായ നടപടിയുടെ ഭാഗമായിട്ടാണ്‌ അങ്ങിനെ സംഭവിച്ചത്‌. ആരാണ്‌ പോലീസിനു നിര്‍ദ്ദേശം കൊടുത്തത്‌? അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബൈജു അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അവിടെവച്ച്‌ ആരോടോ ഫോണില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. ആരോടാണ്‌ സംസാരിച്ചത്‌? മഹിജയെയും ബന്ധുക്കളെയും മര്‍ദ്ദിക്കാനും ഞങ്ങളെ അറസ്റ്റുചെയ്യാനും ജയിലില്‍ അടയ്‌ക്കാനും നിര്‍ദ്ദേശം കൊടുത്തത്‌ ആരാണ്‌? അപ്പോള്‍ സമരം നടക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഉന്നതങ്ങളില്‍ ഒരു ഗൂഢാലോചന നടന്നിരുന്നു എന്നാണിത്‌ കാണിക്കുന്നത്‌. പിന്നീട്‌ ഇവര്‍ ഞങ്ങളെ എ.ആര്‍.ക്യാമ്പിലേക്കു കൊണ്ടുപോയി. അതിനുമുമ്പേ മഹിജയെ ആശുപത്രിയിലാക്കി. അവശനിലയില്‍ ആയതിനാല്‍ ശ്രീജിത്തിനേയും ആശുപത്രിയിലാക്കി. എ.ആര്‍ ക്യാമ്പില്‍ വന്നതിനുശേഷം ഞങ്ങള്‍ നാലുപേരെ കൂട്ടത്തില്‍ നിന്ന്‌ പോലീസ്‌ മാറ്റുകയാണുണ്ടായത്‌.

പോലീസ്‌ കസ്റ്റഡിയിലായിരുന്നതിന്‌ ശേഷം ഏകദേശം ഒരു പന്ത്രണ്ടുമണി കഴിഞ്ഞ്‌ കോടിയേരിയും മനോജ്‌ ഏബ്രഹാമും മാധ്യമങ്ങളെ കാണുമ്പോള്‍ പറയുന്നത്‌ അവിടെ കുഴപ്പം സൃഷ്‌ടിച്ചത്‌ പുറത്തുനിന്ന്‌ വന്നവരാണ്‌, ബാഹ്യശക്തികളാണ്‌ എന്നാണ്‌. ഏതു ബാഹ്യശക്തി? ഞങ്ങള്‍ ഒരു ബാഹ്യശക്തിയെയും കണ്ടില്ല. വേറെ ചില ആളുകള്‍ നുഴഞ്ഞുകയറി എന്നു പറയുന്നു. ആരാണ്‌ നുഴഞ്ഞു കയറിയത്‌. ഞങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന്‌ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. ഞങ്ങളുടെ ഉത്തരവാദിത്വം സമരത്തെ സഹായിക്കുക എന്നുള്ളതാണ്‌. അമ്മയുടെ വിലാപം കേള്‍ക്കാന്‍ മനസ്സുള്ളവരായതിനാലാണ്‌, സാമൂഹിക പ്രവര്‍ത്തനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി അതിനെ കാണുന്നതുകൊണ്ടാണ്‌ അവരോടൊപ്പം അചഞ്ചലം ഞങ്ങള്‍ നിലകൊണ്ടത്‌.

പക്ഷേ അവിടെ ഞങ്ങള്‍ നാലുപേരെ-കെ.എം.ഷാജഹാനെയും എസ്‌യുസിഐ(സി) പ്രവര്‍ത്തകരായ ഞങ്ങളെയും അവര്‍ പ്രത്യേകം മാറ്റി നിര്‍ത്താനും ബാക്കിയുള്ളവരെ വിട്ടയക്കാനും തീരുമാനിച്ചു. അത്‌ ബന്ധുക്കള്‍ ചോദ്യം ചെയ്‌തു. എല്ലാവരും സമരത്തിനു വന്നവരാണ്‌, അവരെ വിടാതെ ഞങ്ങള്‍ പോകില്ല എന്ന്‌ അവര്‍ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ പോലീസ്‌ തന്ത്രപൂര്‍വ്വം ഇടപെട്ടു. സിഐ-ഐജി തലത്തില്‍ ആയിരിക്കില്ല ഇത്തരമൊരു ഗൂഢാലോചന നടന്നത്‌. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്നാണ്‌ ഞങ്ങളോടു പോലീസ്‌ പറഞ്ഞത്‌. ആരാണ്‌ ആ ഉന്നതന്‍? ഡിജിപിയാണോ? ഐജിയാണോ? അവരാരുമല്ല. അതിനു മുകളില്‍ ആഭ്യന്തര സെക്രട്ടറിതലത്തിലോ, അതിനും മുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ ഉള്ള ആലോചനയാണത്‌. എസ്‌യുസിഐ(സി) സഖാക്കളെയും കെ.എം.ഷാജഹാനെയും പ്രതിചേര്‍ത്ത്‌ കേസ്‌ എടുക്കാനും ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്താനും ജയിലിലടക്കാനുമുള്ള ഒരു ആസൂത്രിതമായ തീരുമാനം മന്ത്രിതലത്തില്‍ ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്‌.
അങ്ങനെ ഒരു നീക്കംനടത്തി ബന്ധുക്കളെ വിട്ടയക്കുകയും ഞങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു.ആ സമയത്തൊന്നും അറസ്റ്റ്‌ രേഖപ്പെടുത്തുന്നില്ല. ഒരു വാഹനത്തില്‍ കയറ്റി ഞങ്ങളെ കൊണ്ടുപോകുകയാണ്‌. ചോദിച്ചിട്ടു പറയുന്നില്ല. നമുക്കൊരു ടൂര്‍ പോകാം നഗരമൊക്കെ കാണാം എന്നൊക്കെയാണ്‌ അവര്‍ പറയുന്നത്‌. കഴക്കൂട്ടം, തുമ്പ, പേട്ട വഴി കുറേ സ്ഥലങ്ങളിലൂടെ കറങ്ങിയതിനു ശേഷം വെകുന്നേരമാണ്‌ തിരിച്ചെത്തുന്നത്‌. ഫോണ്‍ വാങ്ങിവച്ചു. അപ്പോഴും അവര്‍ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. എന്തിനാണ്‌ ഞങ്ങളെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നത്‌? ഏതു നിയമപ്രകാരം? അതൊക്കെ നിയമവിരുദ്ധമല്ലേ? രാവിലെ പത്തുമണിക്ക്‌ കസ്റ്റഡിയില്‍ എടുത്ത ഞങ്ങളുടെ അറസ്റ്റ്‌ വൈകുന്നേരം അഞ്ചുമണിക്കും രേഖപ്പെടുത്തിയില്ല.

ഞങ്ങളെ വിടണം എന്നു പറഞ്ഞപ്പോള്‍ ഏഴുമണിക്കാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തുന്നത്‌. അപ്പോഴും ഞങ്ങള്‍ ചെയ്‌തകുറ്റം എന്താണെന്നു പറയുന്നില്ല. എന്തിനാണ്‌ അറസ്റ്റുരേഖപ്പെടുത്തുന്നത്‌ എന്ന ചോദ്യത്തിന്‌ അതൊക്കെ സി.ഐ വന്നിട്ട്‌ പറയുമെന്ന മറുപടിയാണ്‌ ലഭിച്ചത്‌.പിന്നീട്‌ കോടതിയില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ്‌ കണ്ടത്‌. രേഖകള്‍ തയ്യാറാക്കി അതിനാവശ്യമായ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളിലേക്കുനീങ്ങി. ഏതു വകുപ്പ്‌ പ്രകാരമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌ എന്ന ചോദ്യത്തിന്‌, വകുപ്പ്‌ തീരുമാനിച്ചിട്ടില്ല എന്നാണ്‌ അവര്‍ പറഞ്ഞത്‌. വകുപ്പുകള്‍ ചാര്‍ത്തുന്നതിനുള്ള ഗൂഢാലോചനകള്‍ ആ സമയത്താണ്‌ നടക്കുന്നത്‌. അവിടം മുതല്‍തന്നെ സംഭവപരമ്പരയുടെ ഓരോഘട്ടത്തിലും പോലീസിന്റെ ഗൂഢാലോചന നമ്മള്‍ കാണുകയാണ്‌. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അന്യായമായി സംഘം ചേര്‍ന്നു, പോലീസിന്റെ പണം അപഹരിച്ചു എന്നിങ്ങനെ കുറെ കള്ളക്കേസുകള്‍ എഴുതി ചേര്‍ത്ത്‌ ഞങ്ങളെ രാത്രി 12 മണിക്ക്‌ കോടതിയില്‍ ഹാജരാക്കി. വെളുപ്പിന്‌ 3 മണിക്ക്‌ ജയിലിലാക്കി. ഒരു പകലും ഒരു രാത്രിയും ഞങ്ങളെ അന്യായമായി തടങ്കലില്‍ വച്ചു. നിയമവിരുദ്ധമായി കാര്യങ്ങള്‍ നീക്കി. പോലീസ്‌ ഈ സംഭവത്തിന്റെ ആരംഭം മുതല്‍ നടത്തിയ ഗൂഢാലോചനയാണ്‌ സംഭവം വഷളാക്കിയത്‌.

കേസില്‍ ഹിമവല്‍ ഭദ്രാനന്ദ ഉള്‍പ്പെട്ടതെങ്ങനെ?

മ്യൂസിയം സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോള്‍ ആണ്‌ ഭദ്രാനന്ദയെ കാണുന്നത്‌. ആദ്യം മനസ്സിലായില്ല. പിന്നീടാണ്‌ ഹിമവല്‍ ഭദ്രാനന്ദയെന്ന തോക്കുസ്വാമിയാണെന്ന്‌ അറിയുന്നത്‌. ഇയാള്‍ ഇവിടെ വന്നതെങ്ങനെ എന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥര്‍ കൊണ്ടിരുത്തിയിട്ടുപോയതാണെന്ന്‌ പോലീസുകാര്‍ പറയുന്നത്‌. പിന്നീട്‌ ഞങ്ങളെ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ ഇദ്ദേഹത്തെയും ഒപ്പം കൊണ്ടുവരുന്നു. അപ്പോള്‍ വീണ്ടും അന്വേഷിച്ചപ്പോഴാണ്‌ പോലീസുകാര്‍ പറയുന്നത്‌ അയാളും ഈ കേസിലെ പ്രതിയാണെന്ന്‌. ഞങ്ങളുടെ കൂടെ സമരത്തിന്‌ അദ്ദേഹമില്ല. പിന്നെ എങ്ങനെ അദ്ദേഹം പ്രതിയായി. ഞങ്ങളെ അറസ്റ്റുചെയ്യുമ്പോള്‍ കൂട്ടത്തില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ അദ്ദേഹം ഇവിടെയെത്തി. അത്‌ പോലീസിന്‌ അറിയില്ല. പക്ഷേ കേസില്‍ അദ്ദേഹത്തേയും ചേര്‍ക്കാന്‍ പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ പറഞ്ഞത്‌ എനിക്ക്‌ ഈ കേസ്സുമായി യാതൊരു ബന്ധവുമില്ല. മറ്റൊരു കാര്യത്തിന്‌ ഡിജിപിയെ കാണാന്‍ വന്നതാണ്‌. ബഹളം നടക്കുന്നിടത്ത്‌ നോക്കി നിന്നപ്പോള്‍ പോലീസ്‌ എന്നെയും പിടിച്ചുകൊണ്ട്‌ പോരുകയായിരുന്നു. അത്‌ അന്യായമാണ്‌. ഒരു പൗരന്റെ അവകാശത്തിനുമേല്‍ പോലീസ്‌ നടത്തുന്ന കടന്നാക്രമണമാണിത്‌. ഡിജിപിയെ കാണുന്നതിന്‌ അനുവാദം ലഭിച്ച അദ്ദേഹത്തെ ഈ കേസ്സില്‍ പ്രതിചേര്‍ക്കുന്നതിലൂടെ പോലീസ്‌ വീണ്ടും ഗൂഢാലോചന നടത്തിയിരിക്കുന്നു. സ്വാഭാവികമായ ഒരു സമരത്തില്‍ ഗൂഢാലോചന ആരോപിക്കുന്നതിനായി പോലീസ്‌ നടത്തിയ ഗൂഢാലോചനയാണിത്‌.

ജിഷ്‌ണുവിന്റെ കുടുംബത്തോടൊപ്പമെന്ന്‌ പറയുകയും അതേ കുടുംബത്തിന്റെ
സമരത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍.
ജിഷ്‌ണുവിന്റെ കൊലപാതകം കഴിഞ്ഞ്‌ നൂറ്‌ ദിവസത്തിലധികമായി. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ എന്ത്‌ ചെയ്‌തു? ഒന്നും ചെയ്‌തില്ലെന്നുമാത്രമല്ല വിപരീതമായി പ്രവര്‍ത്തിക്കുകയാണ്‌ ചെയ്യുന്നത്‌. ഇടിമുറിയില്‍ നിന്നു ക്രൂരമായ മര്‍ദ്ദനത്തിന്‌ വിധേയനായി അവശനിലയിലെത്തിയ ജിഷ്‌ണു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌തു എന്ന വാര്‍ത്തയാണ്‌ നമ്മള്‍ അറിയുന്നത്‌. സഞ്‌ജിത്ത്‌ വിശ്വനാഥും, സി.പി. പ്രവീണും ശക്തിവേലും ചേര്‍ന്നാണ്‌ മര്‍ദ്ദിക്കുന്നത്‌. രക്തക്കറകള്‍ അവരുടെ മുറിയില്‍ തന്നെയുണ്ട്‌. പക്ഷേ പോലീസ്‌ വേണ്ടവിധം അന്വേഷിച്ചില്ല. 100 ദിവസമായി ഒന്നും ചെയ്‌തിട്ടില്ല. ഇടിമുറിയില്‍ വച്ചാണ്‌ മരണത്തിലേക്ക്‌ നയിച്ചത്‌. പ്രതികളില്‍ കൃഷ്‌ണദാസ്‌ ഉള്‍പ്പെടെ ഒരാളെയും കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യാന്‍ പോലീസിന്‌ സാധിച്ചില്ല. അവര്‍ പറയുന്ന കഥകള്‍ വിശ്വസിക്കുന്നതല്ലാതെ, അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നതല്ലാതെ അവരെ ചോദ്യം ചെയ്‌തിട്ടില്ല ഇതുവരെ. പകരം പോലീസ്‌ ഒരു സ്‌ക്രിപ്‌റ്റ്‌ തയ്യാറാക്കുന്നു. ആ സ്‌ക്രിപ്‌റ്റനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നു. പോലീസ്‌ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആളെ ഏര്‍പ്പെടുത്തുന്നു. അവര്‍ എല്ലാ തെളിവുകളും നശിപ്പിച്ചുകൊണ്ട്‌ അത്‌ നിര്‍വ്വഹിക്കുന്നു. ശരീരത്തിലെ മുറിപ്പാടുകള്‍ പോലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വരാത്തവിധം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. തുടക്കം മുതല്‍ തെളിവുകള്‍ നഷ്ടപ്പെടുത്തി. എങ്ങനെയാണ്‌ ജിഷ്‌ണു മരിച്ചത്‌? ഒരു ക്ലിപ്പില്‍ തൂങ്ങിനില്‍ക്കുന്നു എന്നാണ്‌ പറഞ്ഞത്‌. ഒരു ക്ലിപ്പില്‍ ഒരാള്‍ക്ക്‌ എങ്ങനെയാണ്‌ ആത്മഹത്യചെയ്യാന്‍ സാധിക്കുക. സാഹചര്യത്തെളിവുകള്‍ പോലും കൊലപാതകത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച തോര്‍ത്ത്‌ പോലും ഫോറന്‍സിക്‌ വിദഗ്‌ധനെക്കൊണ്ട്‌ പരിശോധിപ്പിച്ചിട്ടില്ല. അതാരുടെ കയ്യിലാണെന്നുപോലും അറിയില്ല. എല്ലാ തെളിവുകളും പോലീസിന്റെ കയ്യില്‍ ഉണ്ടെന്നാണ്‌ പറയുന്നത്‌. പക്ഷേ പോലീസ്‌ എന്തുകൊണ്ട്‌ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കില്‍ പ്രതികള്‍ക്ക്‌ ജാമ്യം ലഭിക്കുമായിരുന്നില്ലല്ലോ. അതുചെയ്യാതെയിരുന്നതുകൊണ്ടല്ലേ പ്രതികള്‍ ഓരോരുത്തരായി ജാമ്യം നേടിയത്‌. മുന്‍കൂര്‍ ജാമ്യം നേടുന്നതിന്‌ ആവശ്യമായ സഹായം ചെയ്‌തുകൊടുത്തു സര്‍ക്കാര്‍. അവിടെയാണ്‌ കുറ്റകൃത്യം നടന്നിരിക്കുന്നത്‌. കുറ്റവാളികളെ സംരക്ഷിക്കുന്ന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. കുടുംബത്തിന്‌ അന്വേഷണത്തില്‍ പരാതിയില്ലെന്നു സര്‍ക്കാര്‍ പറയുന്നു.എങ്കില്‍ ആ അന്വേഷണ റിപ്പോര്‍ട്ട്‌ എവിടെ? ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട്‌ ഒരു എഫ്‌.ഐ.ആര്‍. തയ്യാറാക്കുന്നില്ല. പകരം നേരത്തെയുള്ള ദുര്‍ബലമായ എഫ്‌.ഐ.ആറിന്റെ അടിസ്ഥാനത്തിലല്ലേ ഇപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്‌. പി. കൃഷ്‌ണദാസിന്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ കോടതി പറഞ്ഞത്‌ നിങ്ങള്‍ക്ക്‌ തെളിവുകള്‍ ഉണ്ടെങ്കില്‍ ഈ പ്രതിയെ എന്നെന്നേക്കുമായി അകത്തിടാം. തെളിവുകള്‍ ഹാജരാക്കൂ. തെളിവുകള്‍ ഹാജരാക്കില്ല. തെളിവുകള്‍ നശിപ്പിച്ചുകളഞ്ഞു. അവശേഷിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി അന്വേഷിച്ചു എന്നതുകൊണ്ടുമാത്രമായില്ല. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്ത്‌ നടപടി സ്വീകരിക്കുന്നു എന്നതാണ്‌ പ്രധാനം. ഏറ്റവും അവസാനം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിരിക്കുന്നു. മഹിജ സമരത്തിനുവന്നതിനുശേഷം മാത്രമല്ലേ അത്‌ ഉണ്ടായത്‌. യഥാര്‍ത്ഥത്തില്‍ പോലീസ്‌ പ്രതികള്‍ക്ക്‌ വേണ്ടി നിലകൊളളുന്നു. പ്രതികള്‍ക്കുവേണ്ടി പോലീസിന്‌ സ്വതന്ത്രമായി നില്‍ക്കാനാവില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയുളള ഒരു ക്രിമിനല്‍ സംഘമാണ്‌ പോലീസ്‌. അതവര്‍ പറഞ്ഞിട്ടുണ്ട്‌. ഏത്‌ പ്രതിയെ രക്ഷിക്കണം, ഏത്‌ പ്രതിയെ പിടിക്കണം എന്നത്‌ പോലീസ്‌ സ്വതന്ത്രമായി എടുക്കുന്ന തീരുമാനമല്ല. കോടിയേരിയുടെ പത്രസമ്മേളനത്തില്‍നിന്ന്‌ ഇടതുമുന്നണിയുടെ പോലീസ്‌ നയം വ്യക്തമാണ്‌. മഹിജയുടെ സംഭവത്തില്‍ പോലീസിനെ സംരക്ഷിക്കാന്‍ എന്തുകൊണ്ടാണ്‌ വെപ്രാളം കാണിക്കുന്നത്‌. പോലീസ്‌ പിണറായിയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത്‌ കൊണ്ടാണ്‌.

എസ്‌യുസിഐ(സി) മഹിജയെയും
കുടുംബത്തെയും റാഞ്ചി?

എസ്‌യുസിഐ(സി) മഹിജയെയും കുടുംബത്തെയും റാഞ്ചിയെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത്‌. വേദന അനുഭവിക്കുന്ന ആളുകള്‍ക്കൊപ്പം നില്‍ക്കുക, അവരുടെ പോരാട്ടങ്ങളോട്‌ അനുഭാവം കാട്ടുക- അങ്ങനെയൊക്കെ ചെയ്യാന്‍ മനസ്സുളള ഒരാള്‍ക്ക്‌ ഇത്തരമൊരു പ്രസ്‌താവന നടത്താനാവില്ല. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പ്രവര്‍ത്തകര്‍ മഹിജയെ കാണാന്‍ പോകുന്ന നാള്‍ മുതല്‍ അവരെ തിരിച്ചറിഞ്ഞവരാണ്‌. ഫെബ്രുവരിമാസം ആദ്യം തന്നെ ഞങ്ങള്‍ മഹിജയെ വീട്ടില്‍ പോയി കണ്ടതാണ്‌. മഹിജയുടെ ഉളളില്‍ ഒരു പോരാട്ടവീര്യം ഉണ്ട്‌. സാധാരണ അമ്മമാരെ പോലെ മകന്റെ ഘാതകരെ അറസ്റ്റ്‌ ചെയ്യണം എന്നു മാത്രമല്ല അവര്‍ പറഞ്ഞത്‌. ഇനിയൊരു ജിഷ്‌ണു സംഭവം ആവര്‍ത്തിക്കരുത,്‌ ഒരമ്മയ്‌ക്കും ഈ ഗതി വരരുതെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. ആ വാക്കുകളില്‍ ഒരു സാമൂഹിക ഉളളടക്കമുണ്ട്‌. അത്‌ മനസ്സിലാക്കാനുളള രാഷ്ട്രീയബോധം, സാംസ്‌കാരികബോധം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക്‌ ഉണ്ടാകേണ്ടതാണ്‌. എന്നാല്‍ എന്തുകൊണ്ടോ പിണറായി വിജയനും സംഘത്തിനും അതില്ലാതെ പോയി. പാര്‍ട്ടിഗ്രാമത്തില്‍ ജീവിക്കുന്ന, പാര്‍ട്ടികുടുംബമായ മഹിജയുടെ കുടുംബം അവിടെനിന്ന്‌ എങ്ങനെയാണ്‌ ഈ സമരശക്തിയെ കണ്ടെത്തുന്നത്‌?. എത്ര വലിയ കോട്ടകെട്ടിയാലും ജനങ്ങള്‍ അവരുടെ സമരശക്തിയെ കണ്ടെത്തും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന പ്രസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിയുകയും അതിനോടൊപ്പം ചേരുകയും ചെയ്യുക എന്നത്‌ ചരിത്രത്തിന്റെ അനിവാര്യതയാണ്‌. അതു മനസിലാക്കാന്‍പോലും മുഖ്യമന്ത്രി പിണറായി വിജയന്‌ കഴിയുന്നില്ല. അതുകൊണ്ടാണ്‌ പിണറായി വിജയന്‍ എസ്‌യുസിഐ(സി) പാര്‍ട്ടികുടുംബത്തെ റാഞ്ചി എന്നു പറയുന്നത്‌. ആരും ആരെയും റാഞ്ചിയതല്ല. അവര്‍ പാര്‍ട്ടികുടുംബം തന്നെയാണ്‌. സിപിഎമ്മില്‍ നിന്ന്‌ വിട്ടുപോരാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഞങ്ങള്‍ അവരെ കാണുന്നതും അവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതും പോരാടാന്‍ തീരുമാനിച്ചതും സഹായിക്കാന്‍ തീരുമാനിച്ചതും എസ്‌യുസിഐ(സി) കുടുംബം എന്നതിന്റെ അടിസ്ഥാനത്തിലല്ല. സിപിഐ(എം) കുടുംബം എന്ന പരിഗണനയില്‍ തന്നെയാണ്‌. ഞങ്ങള്‍ അവരോട്‌ പറഞ്ഞില്ല നിങ്ങള്‍ സിപിഐ(എം) വിട്ട്‌ എസ്‌യുസിഐ(സി)-ല്‍ വന്നാല്‍ സമരം ഏറ്റെടുക്കാമെന്ന.്‌ ഞങ്ങള്‍ പറഞ്ഞത്‌ നിങ്ങള്‍ സമരത്തിന്‌ വന്നാല്‍ ഞങ്ങള്‍ സഹായിക്കുമെന്നാണ്‌. അത്‌ കുടുംബപശ്ചാത്തലം നോക്കിയല്ല.

സ്വാശ്രയവിദ്യാഭ്യാസനയത്തിനെതിരെ മൂന്നു പതിറ്റാണ്ടായി ഞങ്ങള്‍ നടത്തിവരുന്ന സമരങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്‌.
രജനി എസ്‌ ആനന്ദ്‌ മരിക്കുമ്പോഴും ഞങ്ങള്‍ സമരത്തില്‍ ആയിരുന്നു. ഇപ്പോള്‍ ലോ അക്കാദമി സമരത്തില്‍, ടോംസ്‌ കോളേജ്‌ വിഷയത്തില്‍, മാള മെറ്റ്‌സ്‌ കോളേജ്‌ പ്രശ്‌നത്തിലൊക്കെ ഞങ്ങള്‍ സമരത്തിന്റെ ഭാഗത്താണ്‌. എസ്‌യുസിഐ (സി)യുടെ വിദ്യാര്‍ത്ഥിസംഘടനയായ എഐഡിഎസ്‌ഒ, സ്വതന്ത്ര സമിതിയായ സേവ്‌ ഏജ്യുക്കേഷന്‍ കമ്മറ്റിയൊക്കെ ഈ വിഷയങ്ങള്‍ സജീവമായി ഏറ്റെടുക്കുന്നുണ്ട്‌. അത്തരം സമരങ്ങളൊക്കെ രാഷ്ട്രീയത്തിനും ജാതിമതത്തിനുമതീതമായി സാമൂഹ്യപ്രശ്‌നം എന്നനിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയുന്നത്‌ ഒരു ഇടതുപക്ഷരാഷ്ട്രീയലൈന്‍ അടിസ്ഥാനപരമായി ഉളളതുകൊണ്ടാണ്‌. ഏത്‌ പാര്‍ട്ടിക്കാരന്‍, ഏതു പാര്‍ട്ടിക്കാരി എന്നു നോക്കാതെ പ്രശ്‌നങ്ങള്‍ക്കൊപ്പംനിന്ന്‌ പോരാടുവാനുളള ഒരു രാഷ്ട്രീയബോധം, മനോഭാവം ഞങ്ങള്‍ക്കുണ്ട്‌. അതാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷസമരരാഷ്ട്രീയം. ഇടതുപക്ഷലൈനില്‍ അടിയുറച്ച്‌ നിന്ന്‌ പൊരുതുന്നതുകൊണ്ടാണ്‌ ഈ സമരത്തിലും ഞങ്ങള്‍ പങ്കാളികളായത്‌. മഹിജ സമരത്തിന്‌ വന്നില്ലെങ്കിലും ഈ സമരത്തിനൊപ്പമായിരിക്കും ഞങ്ങള്‍ ഉണ്ടാവുക.
സ്വാശ്രയവിദ്യാഭ്യാസ നയത്തിനെതിരെയുള്ള മുന്നേറ്റം
ജിഷ്‌ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന്‌ സ്വാശ്രയവിദ്യാഭ്യാസനയത്തിനെതിരെ വലിയ ഒരു അവബോധം സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്‌. 2004 ജൂലൈ 22നാണ്‌ രജനി എസ്‌ ആനന്ദ്‌ മരിക്കുന്നത്‌. ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിന്റെ വിദ്യാഭ്യാസമേഖല വളരെ മാറിയിരിക്കുന്നു. സമ്പൂര്‍ണ്ണമായും വിദ്യാഭ്യാസ മാഫിയയുടെ കയ്യിലേക്ക്‌ വിട്ടുകൊടുക്കുന്ന സമീപനമാണ്‌ എല്‍ഡിഎഫും യുഡിഎഫും സ്വീകരിച്ചത്‌. അതിനെത്തുടര്‍ന്ന്‌ മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ അവകാശം ലഭിക്കുകയായിരുന്നു. ജിഷ്‌ണു പ്രണോയിയുടെ കൊലപാതകം സ്വാശ്രയസമ്പ്രദായത്തിനെതിരെ ആഞ്ഞടിക്കുന്നതിന്‌ പൊതുസമൂഹത്തെ തയ്യാറാക്കിയിരിക്കുന്നു. എന്നുവച്ചാല്‍ സ്വാശ്രയസമ്പ്രദായത്തെതന്നെ അവസാനിപ്പിക്കുന്നതിനുളള സമരശക്തിക്ക്‌ വളര്‍ന്നുവരാന്‍ ഈ കൊലപാതകം സാഹചര്യമൊരുക്കിയിരിക്കുകയാണ്‌. ജിഷ്‌ണു പ്രണോയിയുടെ കൊലപാതകത്തെതുടര്‍ന്നാണ്‌ കേരളത്തിലെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്‌. ലോ അക്കാദമിയിലെയും ടോംസിലെയും വിദ്യാര്‍ത്ഥിപ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലേക്ക്‌ എത്തുന്നതിന്‌ ജിഷ്‌ണുവിന്റെ ജീവത്യാഗം കാരണമാകുന്നുണ്ട്‌.

മഹിജ ഉയര്‍ത്തുന്ന സമരശക്തി

മഹിജ പോരാളിയാണ്‌. 90 ദിവസങ്ങള്‍ക്കുശേഷവും സമരം തീവ്രമാകാന്‍ കാരണം മഹിജയാണ്‌. മഹിജയെ തടയാനാവില്ല. മറ്റൊരു അമ്മയായിരുന്നെങ്കില്‍ ഒരുപക്ഷേ കീഴടങ്ങിപ്പോയേനെ. മഹിജയുടെ ബന്ധുക്കള്‍ക്കുപോലും നീതിക്കുവേണ്ടിയുള്ള സമരത്തില്‍നിന്ന്‌ വിട്ടുപോവാന്‍ ആവില്ല. മഹിജയ്‌ക്കൊപ്പം അടിയുറച്ച്‌ നിന്നേ തീരൂ എന്ന തീരുമാനത്തിലേക്ക്‌ അവരെ എത്തിച്ചത്‌ മഹിജയുടെ സമരവീര്യമാണ്‌. ഇപ്പോള്‍ മഹിജയുടെ കുടുംബാംഗങ്ങളെ പലരെയും ഭീഷണിപ്പെടുത്തി വച്ചിരിക്കുകയാണ്‌. സമരത്തില്‍ ഗൂഢാലോചനാകുറ്റം സര്‍ക്കാര്‍ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരിക്കയാണ്‌. ഇപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആരോപിക്കുന്നത്‌ എസ്‌.യു.സി.ഐ.യിലും ജിഷ്‌ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിലുമാണ്‌. ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ അല്ലെങ്കില്‍ സമരത്തിനൊപ്പം നില്‍ക്കുന്നവരൊക്കെ നിലവില്‍ ഗൂഢാലോചനക്കാര്‍ ആകുന്ന സ്ഥിതിവിശേഷത്തിലേക്കാണ്‌ സര്‍ക്കാര്‍ കാര്യങ്ങളെ നയിക്കുന്നത്‌. കുടുംബാംഗങ്ങളുടെ പേരില്‍വരെ ഗൂഢാലോചനകുറ്റം ചുമത്തിയിരിക്കുന്നു. ഇത്‌ ഫാസിസ്റ്റ്‌ സമീപനമാണ്‌. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഈ സമരത്തില്‍നിന്ന്‌ പിന്‍വലിപ്പിച്ചേക്കാം. പക്ഷേ സമരത്തിന്റെ അഗ്നി കെടുത്താന്‍ അവര്‍ക്കാവില്ല. കാരണം മഹിജ എന്ന പോരാളി അവിടെ ജീവിച്ചിരിക്കുന്നുണ്ട്‌. അവര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജിഷ്‌ണുപ്രണോയിയുടെ ഘാതകരെ അറസ്റ്റുചെയ്യാതെ, ജയിലിലടയ്‌ക്കാതെ അവര്‍ സമരത്തില്‍നിന്ന്‌ പിന്‍മാറും എന്ന്‌ കരുതാനാവില്ല.

സമരത്തില്‍ പങ്കെടുക്കുന്ന പൊതു
പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത്‌
ജയിലിലടക്കുന്നതിലൂടെ പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ നല്‍കുന്ന സന്ദേശം എന്താണ്‌?

വിപല്‍ക്കരമായ സന്ദേശം ആണ്‌ നല്‍കുന്നത്‌. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഏര്‍പ്പാടാണത്‌.പൊതുപ്രവര്‍ത്തകര്‍ പൊതുവിഷയങ്ങളില്‍ ഇടപെടാനോ സമരങ്ങളില്‍ ഇടപെടാനോ പാടില്ല. കുടുംബക്കാരോ ബന്ധുക്കളോ ഇനി മുതല്‍ ആവലാതികള്‍ ബോധിപ്പിച്ചാല്‍ മതി. അവരുടെ കൂടെ നിങ്ങള്‍ ആരും പോകേണ്ടതില്ല. ആ സമരങ്ങളില്‍ ആരും പങ്കെടുക്കേണ്ടതുമില്ല. പങ്കെടുത്താല്‍ അവര്‍ നുഴഞ്ഞു കയറ്റക്കാരാകും. അവരെ ഞങ്ങള്‍ തീവ്രവാദികള്‍ എന്നും വിളിക്കും. അവരെ ഞങ്ങള്‍ ഗൂഢാലോചന കുറ്റം ചുമത്തി ജയിലില്‍ അടക്കും. ആയതിനാല്‍ ആരും തന്നെ മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാടില്ല. സാമൂഹികമായ ഒരു ഉത്തരവാദിത്തവും നിര്‍വ്വഹിക്കരുത്‌. ഇതാണ്‌ പിണറായി പറഞ്ഞതിന്റെ അര്‍ത്ഥം. സര്‍ക്കാര്‍ ഇത്‌ പുനര്‍വിചിന്തനം ചെയ്യണം. പത്രമാധ്യമങ്ങളിലൂടെ ദിവസവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്‌ട്യം നിറഞ്ഞ, ജനാധിപത്യ വിരുദ്ധമായ, ഇടതുപക്ഷ വിരുദ്ധമായ പ്രഖ്യാപനങ്ങള്‍ ആണല്ലോ കാണുന്നത്‌. അത്‌ സിപിഎം എന്ന പ്രസ്ഥാനത്തിനുണ്ടാക്കുന്ന നഷ്‌ടം തിരിച്ചറിയേണ്ടതുണ്ട്‌. സിപിഎം ഇല്ലാതാകണം എന്ന്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നയപരിപാടികള്‍ക്കെതിരെ ദേശീയതലത്തില്‍ ആറ്‌ ഇടതുപക്ഷപാര്‍ട്ടികള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. അതില്‍ ഞങ്ങളും സിപിഎമ്മും ഉണ്ട്‌. അതുകൊണ്ടാണ്‌ സിപിഎം ഒരു ഇടതുപക്ഷ പാര്‍ട്ടിയായിനിലനില്‍ക്കണമെന്ന്‌്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. ആ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകരെ സംബന്ധിച്ച്‌ തെറ്റായ അഭിപ്രായം ഞങ്ങള്‍ക്കില്ല. പക്ഷെ ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ആ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുകയും അതിനുവേണ്ടി പോരാടാന്‍ തയ്യാറുള്ളവരുമായ ലക്ഷക്കണക്കിന്‌ ആളുകള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ(എം). പക്ഷെ അതിന്റെ നേതൃനിരയില്‍ നില്‍ക്കുന്നവര്‍ പ്രസ്ഥാനത്തിന്റെ അന്തകരായി മാറുന്നു. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‌ വിപരീതമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങേയറ്റം ദുഃഖകരമാണിത്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ മഹിജാ സംഭവവും അതിനെത്തുടര്‍ന്ന്‌ പൊതുപ്രവര്‍ത്തകരായ ഞങ്ങളെ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചതും. തെറ്റുകള്‍ തിരുത്താന്‍ സിപിഐ(എം) ഉം മുന്നണിയും തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

നെഹ്‌റു കോളേജിലെ സമരത്തിന്റെ നാള്‍വഴികള്‍
2017 ഫെബ്രുവരി 2-ാം തീയതി സേവ്‌ എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു കോളേജ്‌ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ എന്ന ഒരു സ്വതന്ത്രസംഘടന രൂപപ്പെട്ടു. ആ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ാം തീയതി ജിഷ്‌ണുവിന്റെ ജന്മദിനത്തില്‍ സമരം ആരംഭിക്കുകയുമുണ്ടായി. ജിഷ്‌ണുവിന്റെ ഘാതകരെ അറസ്റ്റു ചെയ്യുക, പ്രതികളെ കോളേജില്‍നിന്നും പുറത്താക്കുക, കോളേജിലെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ അവസാനിപ്പിക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ഡിമാന്റുകളായിരുന്നു ആ സമരം ഉയര്‍ത്തിയത്‌. സ്വാശ്രയ കോളേജുകളുടെ മുന്‍പില്‍ അത്തരം ഒരു സമരം ഇതുവരെ നടന്നിട്ടില്ല. ആ സമരം ഉദ്‌ഘാടനം ചെയ്‌തത്‌ എഐഡിഎസ്‌ഒ സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷാണ്‌. ഫെബ്രുവരി 13 മുതല്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ സമരരംഗത്തേക്ക്‌ വന്നു. അപ്പോഴൊന്നും എസ്‌എഫ്‌ഐ സമരരംഗത്തില്ല. പിന്നീട്‌ 14-ാം തീയതി ആണ്‌ എസ്‌എഫ്‌ഐ സമരരംഗത്തേക്ക്‌ കടന്നുവരുന്നത്‌. കോളേജ്‌ തുറക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. ഘാതകരെ അറസ്റ്റു ചെയ്യുക എന്ന ആവശ്യം അവര്‍ അപ്പോള്‍ പോലും ഉന്നയിച്ചിട്ടില്ല. ജില്ലാ കളക്‌ടറുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന്‌ സമരം 15-ാം തീയതി താത്‌കാലികമായി അവസാനിപ്പിച്ചു.

ജിഷ്‌ണുവിന്റെ ഘാതകരെ അറസ്റ്റു ചെയ്യുക എന്നത്‌ ഒരു പൊതുവിഷയമായി ഏറ്റെടുക്കുകയും മറ്റുള്ള വിഷയങ്ങള്‍ ക്യാമ്പസിനുള്ളില്‍ തന്നെ പരിഹരിക്കുവാനും 15 അംഗ വിദ്യാര്‍ത്ഥി യൂണിയന്‍ രൂപീകരിക്കുവാനും തീരുമാനമായി. ആ വിജയത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുവാന്‍ സേവ്‌ എജ്യുക്കേഷന്‍ കമ്മിറ്റിക്കു കഴിഞ്ഞു. ഈ മാതൃക കേരളത്തിലെ എല്ലാ കലാലയങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ്‌. ടോംസ്‌ കോളേജിലും മെറ്റ്‌സ്‌ കോളേജിലും അതാണ്‌ സംഭവിച്ചത്‌. അതിന്റെ തുടര്‍ച്ചയിലാണ്‌ കോടതിയില്‍ പോരാടുന്നതിനും ഡിജിപിയെ കാണുന്നതിനുമായി തിരുവനന്തപുരത്തെത്തുന്നതുമായ സംഭവങ്ങള്‍ ഉണ്ടായത.്‌ അവയ്‌ക്കെല്ലാം ക്രമാനുഗതമായ വികാസമുണ്ട്‌. ഒരു 3 മാസക്കാലത്തെ സമരചരിത്രമുണ്ട്‌, അതു പരിശോധിച്ചാല്‍ മഹിജ എങ്ങനെ ഡിജിപി ഓഫീസിന്‌ മുന്‍പിലെത്തിയെന്നു മനസ്സിലാക്കാം. 90 ദിവസവും മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നു. ഈ സമരത്തോടൊപ്പം നില്‍ക്കുവാന്‍ സേവ്‌ എജ്യുക്കേഷന്‍ കമ്മിറ്റിയുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അതില്‍ അഭിമാനിക്കുന്നു. പൊതുസമൂഹത്തിന്റെ പിന്തുണ മഹിജക്ക്‌ ഒപ്പമുണ്ട്‌. ഞങ്ങള്‍ക്കൊപ്പമുണ്ട്‌. അതുകൊണ്ട്‌ പിണറായി വിജയനും സംഘവും ഗൂഢാലോചന എന്ന ആരോപണം പിന്‍വലിച്ച്‌ കേരളത്തിലെ പൊതുസമൂഹത്തിനോട്‌ മാപ്പ്‌ പറയേണ്ടതാണ്‌. സമരം മുന്നേറും. അതിനെ തടയാന്‍ ആര്‍ക്കുമാവില്ല.

ജയില്‍ അനുഭവം.

ജയില്‍ ഒരു നല്ല സ്ഥലം അല്ല. അത്‌ കുറ്റകൃത്യം തടയാന്‍ സഹായിക്കുന്നുമില്ല. ജയിലില്‍ ഭൂരിപക്ഷം പേരും നിരപരാധികളാണ്‌. ഞങ്ങള്‍ ജയിലില്‍ കിടന്നത്‌ എന്ത്‌ കുറ്റം ചെയ്‌തിട്ടാണ്‌? ഒരു തെറ്റും ചെയ്യാതെ ആണ്‌ 7 ദിവസം ജയിലില്‍ കിടന്നത്‌. എവിടെയാണ്‌ നീതി? പിണറായി സര്‍ക്കാരാണ്‌ ഞങ്ങളെ ജയിലില്‍ അടച്ചത്‌. ജിഷ്‌ണു കൊലചെയ്യപ്പെട്ടതിന്റെ പേരില്‍ ഒരാളും ഇതുവരെ ജയിലില്‍ കിടന്നില്ല. പക്ഷെ സമരം ചെയ്‌ത ഞങ്ങള്‍ ജയിലില്‍ കിടന്നു. നിരപരാധികള്‍ ആണ്‌ ജയിലില്‍ കിടക്കേണ്ടിവരിക. കുറ്റക്കാരെ ജയിലില്‍ അടക്കാന്‍ നമ്മള്‍ വേറൊരു ജയില്‍ ഉണ്ടാക്കണം. ജിഷ്‌ണുവിനു വേണ്ടി, മഹിജക്കൊപ്പം സമരം ചെയ്‌ത്‌ ജയിലില്‍ അടക്കപ്പെട്ടതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മാധ്യമങ്ങളടക്കം കേരളസമൂഹം നല്‍കിയ പിന്തുണയും ഐക്യദാര്‍ഢ്യവും ഞങ്ങള്‍ ഹ്യദയപൂര്‍വം സ്വീകരിക്കുന്നു. അത്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്താണ്‌ നല്‍കിയിട്ടുള്ളത്‌.

 

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top