വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭണത്തിന്റെ ആഹ്വാനവുമായി; ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (AIPF) സംസ്ഥാന സമ്മേളനം

AIPF-Conference-1.jpg
Share

കേന്ദ്ര ട്രേഡ് യൂണിയനായ എഐയുറ്റിയുസിയിൽ അഫിലിയേറ്റ് ചെയ്ത ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (എഐപിഎഫ്) സംസ്ഥാന സമ്മേളനം 2022 നവംബർ 6ന് എറണാകുളം അദ്ധ്യാപക ഭവനിൽ നടന്നു. കെഎസ്ഇബിയിലെ സ്ഥിരം തൊഴിലാളികളുടെ യൂണിയനായ കെഎസ്ഇ വർക്കേഴ്സ് യൂണിയന്റെയും, കരാർ തൊഴിലാളികളുടെ സംഘടനയായ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയന്റെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. എഐപിഎഫ് സംസ്ഥാന പ്രസിഡണ്ട് എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോണിഫസ് ബെന്നി സ്വാഗതം പറഞ്ഞു. എഐപിഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സമർ കുമാർ സിൻഹ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യംവച്ചുകൊണ്ട് കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഇലക്ട്രിസിറ്റി(ഭേദഗതി) ബിൽ- 2022നെതിരെ ശക്തമായ പ്രക്ഷോഭണം കെട്ടിപ്പടുക്കുവാൻ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. പാർലമെന്റിന്റെ സബ്‌ജക്ട് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ പഞ്ചാബ്, യു.പി, ജമ്മു-കാശ്മീർ, ഛണ്ഡിഗഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ സർക്കാരുകള്‍ക്ക് താക്കീതായി മാറിയ സമരങ്ങളിലെല്ലാം എഐപിഎഫ് സജീവമായി രംഗത്തുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐയുറ്റിയുസി അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും സംസ്ഥാന പ്രസിഡണ്ടുമായ ആർ കുമാർ, ആൾ ഇന്ത്യ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.അനവരതൻ, കെഎസ്ഇ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വി.കെ.സദാനന്ദൻ, എഐപിഎഫ് അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം കെ.കെ.സുരേന്ദ്രൻ, കെഎസ്ഇബി -പിസി സി ലൈൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.ദിനേശൻ എന്നിവരും സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയുണ്ടായി.
സംസ്ഥാന സെക്രട്ടറി ബോണിഫസ് ബെന്നി രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രമേയം കെ.ഹരിയും, നിലവിലുള്ള പിഎസ്‍‌സി ലിസ്റ്റിൽ അവശേഷിച്ചിട്ടുള്ള മുഴുവൻ കരാർ തൊഴിലാളികൾക്കും ഉടൻ സ്ഥിരനിയമനം നൽകണമെന്ന പ്രമേയം എസ്.അനിൽ പ്രസാദും അവതരിപ്പിച്ചു. റിപ്പോർട്ടും പ്രമേയങ്ങളും പ്രതിനിധികളുടെ ചർച്ചയ്ക്ക് ശേഷം ഏകകണ്ഠമായി സമ്മേളനം അംഗീകരിച്ചു.
എസ്.സീതിലാൽ പ്രസിഡണ്ടും ബോണിഫസ് ബെന്നി സെക്രട്ടറിയും ആയി 49 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Share this post

scroll to top