വോട്ട് ജനസമര രാഷ്ട്രീയത്തിന്. കോർപ്പറേറ്റ് മുന്നണികൾക്കെതിരെ വിധിയെഴുതണം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌)

Spread our news by sharing in social media

3/4/2021 തിരുവനന്തപുരം

ജനങ്ങളുടെ വികസനത്തിന് പകരം കോർപ്പറേറ്റ് വികസന താല്പര്യം മുൻനിർത്തി മത്സരിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ കർത്തവ്യമെന്ന് എസ് യു സി ഐ കമ്മ്യൂണിസ്റ്റ്‌ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിമാനത്താവളങ്ങളും റെയിൽവേയും വൈദ്യുതിയും ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളും സമുദ്ര സമ്പത്തും അദാനിയെപ്പോലുള്ള കോർപറേറ്റുകൾക്കു തീറെഴുതാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. ഇന്ധന വിലവർധനയിലൂടെ രണ്ടു സർക്കാരുകളും ഒരേപോലെയാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. കാർഷിക മേഖലയും വിമാനത്താവളങ്ങളും റെയിൽവേയും അദാനിക്കും അംബാനിക്കും വിൽക്കുന്ന മോദി സർക്കാരും അദാനിയിൽ നിന്ന് വൈദുതി വാങ്ങാൻ കരാർ നൽകിയ പിണറായി സർക്കാരും തമ്മിൽ എന്താണ് വ്യത്യാസം? ആഴക്കടൽ വിൽപ്പനക്കും കേന്ദ്ര സംസ്ഥാന സഖ്യമുണ്ട്. എന്നിട്ട്, ജനങ്ങളെ മതാടിസ്ഥാനത്തിലും വർഗീയടിസ്ഥാനത്തിലും വിഭജിക്കാൻ പ്രധാനമന്ത്രി തന്നെ ശബരിമലയുടെ പേരിൽ ശരണം വിളിക്കുന്ന ദയനീയ കാഴ്ചയാണുള്ളത്. വർഗീയ പ്രീണനത്തിനായി അമ്പലങ്ങളും അരമനകളും കയറിയിറങ്ങുന്ന ഇടതു മന്ത്രിമാർ ഇതര മുന്നണികളെ പോലെ തന്നെ മതേതര രാഷ്ട്രീയത്തെ കുഴിച്ചുമൂടുകയാണ്. ആഗോളവത്കരണ നയങ്ങളുടെ ആവിഷ്കർത്താക്കളായ കോൺഗ്രസ് ഇതേ നയങ്ങൾ കൈയാളുന്നവരാണ്. ഈ മൂന്നു മുന്നണികളിൽ ആരാധികാരത്തിലേറിയാലും സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങൾ വർദ്ധിക്കും എന്നത് ഉറപ്പാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽ പറഞ്ഞു.ക്രിമിനൽ മൂലധന താൽപ്പര്യങ്ങൾ സംരക്ഷികുന്നത് വഴി ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ ജനകീയ സമരത്തിന്റെ, ചെറുത്തു നിൽപ്പിന്റെ ശക്തിയായ, യഥാർത്ഥ ഇടതുപക്ഷ പ്രസ്ഥാനമായ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്‌) സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.