ആഗസ്റ്റ് 9ന് കല്‍ക്കത്ത ആര്.ജി. കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രയിനി ഡോക്ടര്‍ ഡ്യൂട്ടിക്കിടയില്‍ ബലാത്ക്കാരത്തിനിരയായി കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണ്. 36 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടിയിലായി രുന്ന ചെസ്റ്റ് മെഡിസിന് ട്രയിനിയായ ഡോക്ടര്‍, രാത്രി രണ്ടുമണിക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച്, വിശ്രമിക്കാന്‍ പ്രത്യേകം ഓണ്‍ കാള്‍ റൂമില്ലാത്തതി നാല് സെമിനാര്‍ ഹാളില്‍ വിശ്രമിക്കാന്‍ നിര്‍ബന്ധിതയായി. പിറ്റേന്ന് രാവിലെ സെമിനാര്‍ ഹാളില്‍ കാണപ്പെട്ടത് ഡോക്ടറുടെ മൃതദേഹമാണ്. ക്രൂരമായ ബലാത്ക്കാരത്തിന്റെയും കൊലപാതകത്തിന്റെയും സൂചനകളാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടെം റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഡോക്ടറുടെ മരണം ആത്മഹത്യയാണ് എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്, മൂന്നുമണിക്കൂറോളം മകളുടെ മൃതദേഹം മാതാപിതാക്കളെ കാണിക്കാതിരുന്നത്, ആശുപത്രി മാനേജ്മെന്റിന്റെ പ്രതികരണങ്ങള്‍, സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്ന പ്രതി ആശുപത്രിയിലെ സ്ഥിരം സാന്നിദ്ധ്യമാണെന്നത്, മെഡിക്കല്‍ കോളജിനുമുന്നിലെ സമരപന്തല്‍ അടിച്ചുതകര്‍ത്തത്, പ്രതിഷേധത്തിന്റെ മറവില്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗവും നഴ്സിംഗ് സ്റ്റേഷനും അടിച്ചുതകര്‍ത്തത് ഇതെല്ലാം സംഭവത്തെക്കൂടുതല് ദുരൂഹമാക്കുന്നു. അഴിഞ്ഞാടിയ അക്രമിസംഘത്തിന്റെ ലക്ഷ്യം മൃതദേഹം കാണപ്പെട്ട സെമിനാര്‍ ഹാളായിരുന്നുവെന്ന് ജീവനക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ത്തും സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളായി ആശുപത്രികള്‍ മാറിയിരിക്കുന്നു, വിശേഷിച്ചും പെണ്‍കുട്ടികള്‍ക്ക് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്ക്കാരം ചെയ്ത് കൊന്നുകളഞ്ഞ സംഭവവും ഇതിനിടയിലുണ്ടായി. കേരളത്തില്‍ ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ടതും ഡ്യൂട്ടിക്കിടയിലാണ്.
ആര്.ജി. കാര്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുക, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുക, ജോലിഭാരം കുറയ്ക്കുക, ആശുപത്രികളില്‍ ആവശ്യമായ അളവില്‍ ജീവനക്കാരെ നിയമിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്യവ്യാപകമായി അതിശക്തമായ പ്രക്ഷോഭണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ മുന്നില്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും സമരം നടത്തുന്ന പന്തലിലേയ്ക്ക് ഇതരസംസ്ഥാനങ്ങളില്നിന്നുപോലും പിന്തുണയുമായി ആളുകള്‍ എത്തിച്ചേരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വക്കീലന്മാര് തുടങ്ങി എല്ലാവിഭാഗം ജനങ്ങളും ഈ പ്രക്ഷോഭത്തെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നിരിക്കുന്നു. ഐഎംഎ നടത്തിയ ഒരു സര്‍വേയുടെ റിപ്പോര്‍ട്ട്, എത്രമേല്‍ ഭയാന്തരീക്ഷത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയെടുക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 82ശതമാനം ഡോക്ടര്‍മാരും തൊഴില്‍ രംഗത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്, 62 ശതമാനംപേര്‍ ജോലിക്കിടയില്‍ അക്രമം ഉണ്ടായേക്കും എന്ന് ഭയക്കുന്നവരാണ്.
ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തരും നടത്തുന്ന സമരത്തെ പിന്തുണച്ചുകൊണ്ട് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി ആഗസ്റ്റ് 17ന് പശ്ചിമബംഗാളില്‍ പ്രഖ്യാപിച്ച ബന്ദിന് വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. ബംഗാളിനെ നിശ്ചലമാക്കിക്കൊണ്ട് എല്ലാവിഭാഗം ജനങ്ങളും വഴിയോര കച്ചവടക്കാരും തൊഴിലാളികളുമടക്കം ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഇനിമേല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കത്തക്കവിധം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്താനുതകുന്ന അതിശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ പാതയില്‍ അണിനിരക്കുവാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.