ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ(എഐഡിവൈഒ) കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28, 29 തീയതികളിൽ ശിൽപ്പശാലയും സംസ്ഥാന കൗൺസിൽ മീറ്റിംഗും ഹരിപ്പാട് മുട്ടത്ത് നേതാജി സാമൂഹിക സാംസ്‌കാരിക പഠനകേന്ദ്രത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ, ‘ഇന്ത്യയിലെ സാംസ്‌കാരിക പ്രസ്ഥാനവും നമ്മുടെ കർത്തവ്യങ്ങളും’ എന്ന പുസ്തകത്തെ അധികരിച്ച് എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജി.എസ്.പത്മകുമാർ ഉദ്ഘാടനപ്രസംഗം നടത്തി. ”രാജ്യം ഇന്നു നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായി ശ്രമിക്കുന്നവർ സ്വാതന്ത്ര്യസമരപ്രസ്ഥാനം അവശേഷിപ്പിച്ച കടമകൾ പൂർത്തീകരിക്കാനായി പരിശ്രമിക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും അതിനോടനുബന്ധിച്ച് നടക്കേണ്ടിയിരുന്ന സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം ഇവിടെ തീർത്തും അവഗണിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങൾ രാജ്യത്തെ കുത്തകമുതലാളിമാർക്ക് മാത്രമായി ചുരുങ്ങി. ദാരിദ്ര്യവും അഴിമതിയും സാംസ്‌കാരിക അധഃപതനവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തൊഴിലില്ലായ്മയുമെല്ലാം ഇന്ന് രൂക്ഷമാകുന്നു. ഇതിനെല്ലാമെതിരെ പോരാടേണ്ടുന്ന ജനങ്ങളെ ജാതി-മത-വംശീയവെറിയും വർഗ്ഗീയതയും കൊണ്ട് ഭിന്നിപ്പിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ യുവാക്കൾ, സഖാവ് ശിബ്ദാസ്‌ഘോഷിന്റെ പ്രവചനതുല്യമായ പാഠങ്ങൾ ഉൾക്കൊണ്ടുവേണം അവരുടെ സമരപാത നിർണ്ണയിക്കാൻ”- അദ്ദേഹം സൂചിപ്പിച്ചു.
എഐഡിവൈഒ സംസ്ഥാനപ്രസിഡന്റ് സഖാവ് എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എ.രാമഞ്ജനപ്പ, അഖിലേന്ത്യാ വൈസ്പ്രസിഡന്റും കർണ്ണാടക സംസ്ഥാന പ്രസിഡന്റുമായ സഖാവ് കെ.ഉമാദേവി, അഖിലേന്ത്യാ സെക്രട്ടേറിയറ്റംഗം സഖാവ് പി.പി.പ്രശാന്ത്കുമാർ എന്നിവരും പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് സ്വാഗതം ആശംസിച്ചു.
തുടർന്ന് ‘തൊഴിലില്ലായ്മയും സാംസ്‌കാരിക അധഃപതനവും: പരിഹാരമെന്ത്? ‘ എന്ന സഖാവ് ശിബ്ദാസ്‌ഘോഷിന്റെ മറ്റൊരു ലഘുകൃതിയെ ആധാരമാക്കി ഒരു പേപ്പർ എഐഡിവൈഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് എ.വി.ബെന്നി അവതരിപ്പിച്ചു. തുടർന്ന് സഖാക്കൾ പിപി.പ്രശാന്ത്കുമാർ, കെ.പി.സാൽവിൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകളിലായിനടന്ന ചർച്ചകളിൽ മുഴുവൻ സഖാക്കളും പങ്കെടുത്തു.
‘യുവാക്കളെ സർഗ്ഗാത്മകമായി എങ്ങനെ സംഘടിപ്പിക്കാം’ എന്ന വിഷയത്തെ സംബന്ധിച്ച പേപ്പർ സഖാവ് ഇ.വി.പ്രകാശ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിലും സഖാക്കൾ സജീവമായി ഇടപെട്ടു. വിപ്ലവയുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഹ്രസ്വകാലത്തേയ്ക്കുള്ള ചിട്ടയാർന്ന ഒരു മാർഗ്ഗരേഖ കൃത്യമായി രൂപപ്പെടുത്താൻ സഖാക്കൾക്ക് ഇതിലൂടെ കഴിഞ്ഞു.
തുടർന്ന്, ‘ഒറ്റാൽ’ എന്ന ഹ്രസ്വചലച്ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.
എഐഡിവൈഒ സംസ്ഥാന പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജുവിന്റെ അദ്ധ്യക്ഷതയിൽ 29 ന് ചേർന്നു. ദേശീയതലത്തിൽ സംഘടനയുടെ മുന്നേറ്റത്തെക്കുറിച്ചും രാഷ്ട്രീയരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗൗരവാവഹമായ മാറ്റത്തെക്കുറിച്ചും അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് രാമാഞ്ജനപ്പ വിശദീകരിച്ചു. കൂടുതൽ ഉയർന്ന കർത്തവ്യബോധത്തോടെ, ചരിത്രം നമ്മിലേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സഖാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കർണ്ണാടകത്തിലെ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ സഖാവ് ഉമാദേവി തന്റെ അനുഭവങ്ങൾ സഖാക്കളോട് പങ്കുവച്ചു. തുടർന്ന്, ഒരു പ്രവർത്തന പദ്ധതി അവതരിപ്പിച്ചുകൊണ്ട് സഖാവ് ഇ.വി.പ്രകാശ് പ്രസംഗിച്ചു.
ശിൽപ്പശാലയ്ക്കും സംസ്ഥാന കൗൺസിൽ മീറ്റിംഗിനും സമാപനം കുറിച്ചുകൊണ്ടുനടന്ന സമ്മേളനത്തിൽ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജെയ്‌സൺ ജോസഫ് പ്രസംഗിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ കടുത്ത ആക്രമണമാണ് മോദിയുടെ നേതൃത്വത്തിൽ മുതലാളിവർഗ്ഗം നടത്തിക്കൊണ്ടിരിക്കുന്നതെന്നും കോടിക്കണക്കിന് വരുന്ന സാധാരണക്കാർ അതിദരിദ്രരാക്കപ്പെടുകയും ഒരുപിടിവരുന്ന സമ്പന്നർ രാജ്യത്തെ സമ്പത്ത് അപ്പാടെ കൊള്ളയടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കള്ളപ്പണം തടയാനെന്ന പേരിൽ അടിച്ചേൽപ്പിച്ച നോട്ട് പിൻവലിക്കൽ നടപടിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായപ്പോൾ അതിനെക്കുറിച്ച് ചർച്ചചെയ്യാൻപോലും പ്രധാനമന്ത്രി തയ്യാറായില്ല. പ്രധാന പ്രതിപക്ഷപ്രസ്ഥാനങ്ങൾ പോലും പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കണമെന്ന നിലയിൽ മാത്രമാണ് അതിനെ സമീപിച്ചത്. പക്ഷേ, സഖാവ് ശിബ്ദാസ്‌ഘോഷിന്റെ പാഠങ്ങളുടെ വെളിച്ചത്തിൽ സാഹചര്യങ്ങളെ പഠിച്ചുകൊണ്ട്, ഭരണ മുതലാളിവർഗ്ഗം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് മോദിയും കൂട്ടരുമെന്ന് വിശദീകരിക്കാൻ നമുക്ക് കഴിഞ്ഞു. തൊഴിലില്ലായ്മ അതിഭീകരമായി വർദ്ധിച്ചിരിക്കുന്നു. നിർമ്മാണമേഖലയിൽപോലും വലിയ മുരടിപ്പ് അനുഭവപ്പെടുകയാണിന്ന്. ചെറുകിട വ്യവസായങ്ങളും വ്യാപാരസ്ഥാപനങ്ങളും ഇല്ലാതാക്കപ്പെടുകയാണ്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും അക്ഷരം അറിയില്ലാത്ത ഒരു നാട്ടിൽ കറൻസിക്കുപകരം ഡിജിറ്റൽ ഇടപാടുകളിലേയ്ക്കുള്ള മാറ്റം അപ്രായോഗികവും ദ്രോഹകരവുമാണ്. വൻനികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികൾ ദാരിദ്രരേഖയുടെ പരിധി വൻതോതിൽ താഴ്ത്തിക്കൊണ്ട് എല്ലാവരെയും ക്ഷേമപദ്ധതികളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. റേഷൻ സമ്പ്രദായം അട്ടിമറിക്കപ്പെട്ടു. സബ്‌സിഡികൾ പൂർണ്ണമായും നിർത്തലാക്കാനുള്ള നീക്കത്തിന് വേഗത വർദ്ധിച്ചിരിക്കുന്നു. നിർദ്ദാക്ഷിണ്യമുള്ള കുത്തിക്കവർച്ചയാണ് പെട്രോളിയം വിലവർദ്ധനവിലൂടെയും നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രക്ഷകരില്ലാതെ വലയുന്ന ഒരു ജനതയെ സാംസ്‌കാരികമായും സാമൂഹികമായും നട്ടെല്ലുള്ളവരാക്കി സംഘടിപ്പിച്ചുകൊണ്ട് പൊരുതാനുള്ള ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം പ്രതിനിധി സഖാക്കളെ ഓർമ്മിപ്പിച്ചു.
സമാപനസമ്മേളനത്തിൽ അഖിലേന്ത്യാ സെക്രട്ടേറിയറ്റംഗം സഖാവ് പി.പി.പ്രശാന്ത്കുമാർ, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സഖാക്കൾ ടി.ജെ.ഡിക്‌സൺ, എൻ.ആർ.അജയകുമാർ, എം.പ്രദീപൻ, ആൾ ഇന്ത്യാ കൗൺസിൽ അംഗങ്ങളായ സഖാക്കൾ കെ.പി.സാൽവിൻ, ടി.ആർ.രാജിമോൾ, സംസ്ഥാന ട്രഷറർ എം.കെ.ഉഷ തുടങ്ങിയവരും പ്രസംഗിച്ചു.