ഐആര്‍ഇഎല്‍, കെഎം എംഎല്‍ കമ്പനികളില്‍ നിന്ന് കരിമണലും മണലുല്‍പ്പന്നങ്ങളും വാങ്ങുന്ന കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ഓഹരിപങ്കാളിത്തമുള്ള ശശിധരന്‍ കര്‍ത്തായുടെ കൊച്ചിന്‍ മിനറല്‍ ആന്റ് റൂട്ടൈല്‍ ലിമിറ്റഡ്(സിഎംആര്‍എല്‍)കമ്പനി യും 2017-2020 വര്‍ഷ കാലയളവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണവിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനിക്കും 1.72 കോടി രൂപാ മാസപ്പടിയായി നല്ലിയിട്ടുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ വിവരങ്ങള്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുനഃപരിശോധന ഇല്ലാത്ത വിധം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള കരാര്‍പ്രകാരമാണ് തുക കൈമാറിയതെന്നു പറയുമ്പോഴും വാങ്ങിയ തുകയ്ക്കുള്ള സേവനങ്ങള്‍ ഒന്നുംതന്നെയും വീണ വിജയന്റെ കമ്പനി നല്‍കിയിട്ടില്ല എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ സെറ്റില്‍മെന്റ് ബോര്‍ഡ് ശരിവച്ചിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ കോഴ കൈമാറുന്നതിനായി ഉണ്ടാക്കിയ ഒരു മറ മാത്രമാണ് എക്‌സാലോജിക്കുമായുള്ള കരാര്‍. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന സിഎംആര്‍എല്ലിന്റെ മുമ്പില്‍ ഉയര്‍ന്നുവന്ന വിഘ്‌നങ്ങളെ രാഷ്ട്രീയ ഇടപെടലിലൂടെ മറികടക്കുന്നതിനുവേണ്ടി നല്‍കപ്പെട്ടതാണ് ഈ തുകയെന്ന് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കുടുംബം മാത്രമല്ല, പ്രതിപക്ഷത്തെ നേതാക്കളും പണംപറ്റിയവരുടെ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയ സമവായത്തിലൂടെ ഞെട്ടലുളവാക്കുന്ന ഈ അഴിമതി മൂടിവയ്ക്കാനുള്ള ഊര്‍ജ്ജിതശ്രമങ്ങളും നടക്കുകയാണ്. പ്രതിപക്ഷത്തിന്റെ മൗനം ഈ സമാവയത്തിന്റെ തെളിവാണ്. പരാതിക്കിടയില്ലാത്ത വിധം കോഴയുടെ വീതം വയ്പ്പ് നടന്നാൽ കേരളത്തെ കൊള്ളയടിക്കാൻ ഏതൊരു ക്രിമിനൽ മുതലാളിക്കും സാധിക്കും എന്ന് വരുന്നത് അപകടകരമായ ഒരു രാഷ്ട്രീയ സാഹചര്യമാണ്. അത് അനുവദിച്ചുകൂടാ. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിലെ നിഷ്പക്ഷ വ്യക്തിത്വങ്ങളുള്‍പ്പെടുന്ന ഒരന്വേഷണ സംവിധാനം സത്യസന്ധരായ ജഡ്ജിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ഈ അഴിമതിയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന സെക്രട്ടറി സഖാവ് ജയ്സണ്‍ ജോസഫ് ആവശ്യപ്പെട്ടു. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ഉദ്യോ ഗസ്ഥപ്രമുഖരും അഴിമതിപ്പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പുറത്തുവന്നിട്ടുള്ള സാഹചര്യത്തില്‍ ഔ ദ്യോഗിക അന്വേഷണ സംവിധാനങ്ങള്‍ രാഷ്ട്രീയസ്വാധീനങ്ങള്‍ക്ക് വഴങ്ങുമെന്നതിനാലാണ് പൊതുസമൂഹത്തിന്റെ ഓഡിറ്റിംഗിനുകീഴില്‍ അന്വേഷണം വേണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി പ്രളയജലം ഒഴുക്കിവിടാനെന്ന പേരില്‍ തോട്ടപ്പള്ളിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനം സ്വകാര്യമൂലധനശക്തികളും എല്‍ഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് രൂപപ്പെടു ത്തിയിട്ടുള്ള ഈ അഴിമതി സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അവിടെ നടക്കുന്ന ജനകീയ സമരത്തെയും ജനവികാരത്തെയും അടിച്ചമര്‍ത്തി കോടികളുടെഅഴിമതിക്ക് വഴിയൊരുക്കുകയാണ് സിപിഐ(എം) നയിക്കുന്ന സര്‍ക്കാര്‍. ഭരണസംവിധാനങ്ങളെല്ലാം വിലക്കെടുക്കപ്പെട്ടതായി തോട്ടപ്പള്ളിയിലെ സാഹചര്യം വ്യക്തമാക്കുന്നു.
രണ്ട് പതിറ്റാണ്ടുമുമ്പ് ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരത്ത് ഉയര്‍ന്നു വന്ന ജനകീയസമരത്തിന്റെ നാളുകളില്‍ ഇടതു-വലതു ഭേദമെന്യേ രാഷ്ട്രീയ കക്ഷികള്‍ കരിമണല്‍ ലോബിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അന്ന്, ജനകീയ സമരത്തെ പൊളിക്കുന്നതിനുവേണ്ടി ആരോപണവിധേയനായ ശശിധരന്‍ കര്‍ത്ത പണംചെലവഴിച്ച് ഇടതുവലതു ട്രേഡ് യൂണിയനുകളെ വിലയ്‌ക്കെടുത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ സമരനാടകം നടത്തുകയുണ്ടായി. ജനകീയസമരത്തോടൊപ്പം അടിയുറച്ചുനിന്നുകൊണ്ട് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ ഇന്ന് ശരിയെന്ന് സ്ഥിരീകരിക്കപ്പെടുകയാണ്. തോട്ടപ്പള്ളിയില്‍ നടക്കുന്ന കരിമണല്‍ ഖനനം ഉടന്‍ നിര്‍ത്തിവയ്ക്കണം. തോട്ടപ്പള്ളിയില്‍ നടക്കുന്ന ജനകീയസമരത്തെ കേരളതീരത്തിന്റെ സമരമാക്കി വളര്‍ത്തിക്കൊണ്ട് തീരവും ജീവിതവും തകര്‍ക്കുന്ന കരിമണല്‍ ലോബിയെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളെയും ഒറ്റപ്പെടുത്തണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അഭ്യര്‍ത്ഥിക്കുന്നു.