നാലുവർഷ ബിരുദപഠനം: അപകടകരമായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഭേദ്യഭാഗം

DSO-ag-NEP-delhi-7a2jolfsnf88p2zh7ekf9uf8yd8nrungk2cfsiuyz8w.jpg
Share

ആര്‍ ‍എസ്എസ്-സംഘപരിവാര്‍ ബുദ്ധിജീവികളുടെ ആശയോത്പന്നമായ ദേശീയ വിദ്യാഭ്യാസ നയം 2020, അഥവാ എന്‍ഇപി 2020 നടപ്പാക്കിയാലുണ്ടാകുന്ന വിനാശകരമായ പരിണതഫലങ്ങള്‍ ഞങ്ങള്‍ മുന്‍ലക്കങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസവിചക്ഷണരുടെയും അഭിപ്രായങ്ങള്‍ പാടെ അവഗണിച്ചുകൊണ്ട്, എങ്ങനെയാണ്, എന്തുകൊണ്ടാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ എന്‍ഇപിയുമായി മുന്നോട്ടു പോയതെന്നും ഞങ്ങള്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഇപ്പോള്‍ അത് എങ്ങനെയും നടപ്പാക്കാനായി അവര്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ ഭൃത്യരായി മാറിക്കഴിഞ്ഞ യൂണിവേഴ്സിറ്റീസ് ഗ്രാന്റ്സ് കമ്മീഷന്‍ ഇറക്കിയ തിട്ടൂരമനുസരിച്ച്, രാജ്യത്തെ കലാലയങ്ങളും സർവ്വകലാശാലകളും നാഷണല്‍ കരിക്കുലം ആന്‍ഡ് ക്രെഡിറ്റ് ഫ്രെയിംവർക്ക് ഫോർ അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാം അഥവാ NCCFUP വരുന്ന അധ്യയനവർഷം മുതല്‍ നടപ്പാക്കാന്‍ നിർബന്ധിതമായിരിക്കുകയാണ്. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിലവിലുള്ള ത്രിവത്സര ബിരുദ കോഴ്സുകള്‍ക്കു പകരമായി നാലു വർഷത്തെ ബിരുദകോഴ്സ് കൊണ്ടുവരുന്നതാണ് എന്‍സിസിഎഫ്‌യുപി.
അത്ഭുതകരമെന്നു പറയട്ടെ, കക്ഷിരാഷ്ട്രീയത്തിനതീതമായി രാജ്യത്തെ ഭൂരിഭാഗം സംസ്ഥാന സർക്കാരുകളും യാതൊരു പ്രതിഷേധവുമില്ലാതെ ഈ വിനാശകരമായ നയം സ്വീകരിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം, കണ്‍കറന്റ് ലിസ്റ്റില്‍പെട്ട, അതായത് കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് അവകാശമുള്ള ഒന്നാണെന്നുള്ളത് നാം മനസ്സിലാക്കിയിരിക്കേണ്ടതായിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള സമയത്ത്, വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ മാത്രമായിരുന്നുവെന്നും ഓർക്കണം.
അടിയന്തരാവസ്ഥയുടെ സമയത്ത് 1976ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്, 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ, കേന്ദ്രനിയന്ത്രണം അടിച്ചേല്‍പ്പിക്കുകയെന്ന ഒറ്റ ഉദ്ദേശ്യത്തോടെ, വിദ്യാഭ്യാസത്തെ കണ്‍കറന്റ് പട്ടികയില്‍ കൊണ്ടുവന്നത്. ഈ ചതുർവർഷ ബിരുദ പദ്ധതിയുടെ ആവശ്യകതയും എന്‍ഇപിയുടെ മറ്റ് വശങ്ങളും ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും സംസ്ഥാന സർക്കാരുകള്‍ക്ക് ഉണ്ടായിരുന്നിട്ടും, കൊടിയുടെ നിറം എന്തുതന്നെയായാലും അവരൊക്കെ വിധേയത്വത്തോടെ അത് നടപ്പാക്കുന്നതാണ് കാണുന്നത്.


ചതുർവർഷ ബിരുദം മുന്നോട്ടുവെക്കുന്നത്


സ്ക്കൂളില്‍നിന്നും പന്ത്രണ്ടാം ക്ലാസ്സ് പാസ്സായി ഇറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക്, ഇപ്പോള്‍ ബിരുദമെടുക്കണമെങ്കില്‍ ശാസ്ത്രം, മാനവികവിഷയങ്ങള്‍, കൊമേഴ്സ് എന്നിവയില്‍ മൂന്നു വർഷത്തെ കോഴ്സാണ് പൂർത്തിയാക്കേണ്ടത്. അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ്, മെഡിസിന്‍, നിയമം തുടങ്ങിയവയ്ക്ക് പോകാം. പക്ഷേ ഇപ്പോള്‍, 8 സെമസ്റ്ററുകളിലായി ഒരു വർഷം കൂടുതല്‍ പഠിക്കേണ്ടി വരുന്നു. കൂടാതെ ഈ പുതിയ സംവിധാനം മറ്റുചില കാര്യങ്ങള്‍ കൂടി മുന്നോട്ടു വെയ്ക്കുന്നുണ്ട്.
1) മതിയായ ക്രെഡിറ്റുകള്‍ നേടി ആദ്യ രണ്ടു സെമസ്റ്ററുകള്‍ക്കുശേഷം, അതായത് ആദ്യവർഷത്തിനു ശേഷം ഒരു വിദ്യാർത്ഥി നാലുവർഷത്തെ കോഴ്സില്‍ നിന്നും പുറത്തുവന്നാല്‍, അയാള്‍ക്ക് ഒരു സർട്ടിഫിക്കറ്റ് നല്കും.
2) രണ്ട് വർഷം, അതായത് നാലു സെമസ്റ്ററുകള്‍ കഴിഞ്ഞ് മതിയായ ക്രെഡിറ്റുകളോടെ പുറത്തിറങ്ങിയാല്‍ അയാള്‍ക്ക് ഡിപ്ലോമ ലഭിക്കും.
3) മൂന്നു വർഷം, അതായത് ആറു സെമസ്റ്ററുകളാണ് മതിയായ 120 ക്രെഡിറ്റുകളോടെ പൂർത്തിയാക്കുന്നതെങ്കില്‍ ബിരുദം നല്കും.
4) എട്ടു സെമസ്റ്ററുകളും വിജയകരമായി പൂർത്തിയാക്കി 160 ക്രെഡിറ്റുകള്‍ നേടിയാല്‍ അയാള്‍ മള്‍ട്ടിഡിസിപ്ലിനറി ഓണേഴ്സ് ബിരുദധാരിയാകുന്നു.
5) ഇനി എട്ടാം സെമസ്റ്ററില്‍ വിദ്യാർത്ഥി ഒരു ഗവേഷണ പ്രോജക്റ്റ് ചെയ്താല്‍, അത് മള്‍ട്ടി ഡിസിപ്ലിനറി ഓണേഴ്സ് വിത്ത് റിസർച്ച് ആകുന്നു. ഓണേഴ്സ് വിത്ത് റിസർച്ച് കിട്ടുന്നതിനായി ഒരു ഓണേഴ്സ് വിദ്യാർത്ഥി 3 മറ്റ് കോഴ്സുകള്‍ ചെയ്യുന്നതിനു തുല്യമായ 12 ക്രെഡിറ്റുകള്‍ നേടിയെടുക്കേണ്ടതുണ്ട്.
എന്‍സിസിഎഫ്‌യുപി പറയുന്നതനുസരിച്ച്, “ഈ ചതുർവർഷ ബിരുദ പദ്ധതിയനുസരിച്ച്, നാലു വർഷത്തെ ബിരുദ പ്രോഗ്രാം ഏറ്റവും അഭികാമ്യമായി കണക്കാക്കാം, കാരണം അത് സമഗ്രവും വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണ വ്യാപ്തി അനുഭവിക്കുന്നതിനുള്ള അവസരം നല്കുന്നു.” എന്തുകൊണ്ടാണ് നാലുവർഷ ബിരുദം മെച്ചപ്പെട്ട ഒന്നായി മുന്നോട്ടുവെക്കുന്നത്? കാരണം നാലു വർഷത്തെ ഓണേഴ്സ് ബിരുദമുള്ള വിദ്യാത്ഥികള്‍ക്ക് ഒരു വർഷം കൊണ്ട് ബിരുദാനന്തരബിരുദം നേടാനുള്ള അവസരം അതു നല്കുന്നു. ഗവേഷണ ഓണേഴ്സ് നേടുന്നവർക്കാകട്ടെ പിജി ഇല്ലാതെതന്നെ നേരിട്ട് പിഎച്ച്ഡിക്ക് ചേരാനുള്ള അവസരവുമുണ്ടാകുന്നു.


അഞ്ചുതരം ബിരുദധാരികള്‍


അതായത്, ചതുർവർഷ ബിരുദ പദ്ധതി അഞ്ചു തരം ബിരുദധാരികളെയാണ് സൃഷ്ടിക്കുക. ഇതിന്റെ രേഖ തന്നെ ചൂണ്ടിക്കാണി ക്കുന്നതുപോലെ, ഇതിലെ നാലാമത്തെയും അഞ്ചാമത്തെയും തരമാണ് അഭികാമ്യം. അഞ്ചാമത്തേതാകട്ടെ ഏറ്റവും ആനുകൂല്യങ്ങളുള്ള വിഭാഗവുമായിരിക്കും. അപ്പോള്‍ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ മാത്രം നേടുന്നവരുടെ ഭാവിയെന്താണ്? തൊഴില്‍ കമ്പോളത്തില്‍, അല്ലെങ്കില്‍ ഉന്നതപഠനത്തിനു ശ്രമിക്കുമ്പോള്‍ അവരെങ്ങനെ വിലയിരുത്തപ്പെടും? കൂടാതെ, മൂന്നുവർഷത്തെ കോഴ്സ് പൂർത്തിയാക്കി യതുകൊണ്ടുമാത്രം ഒരാള്‍ക്ക് നാലാം വർഷത്തെ കോഴ്സ് ചെയ്യാനാകണമെന്നില്ല. ആറു സെമസ്റ്ററുകള്‍ക്കു ശേഷം 75% മാർക്ക് നേടുന്നവർക്കു മാത്രമേ അതിനു യോഗ്യതയുണ്ടാകൂ.
നമുക്കിനി ഇങ്ങനെ ഏറെ പുകഴ്ത്തപ്പെടുന്ന ബഹുവിഷയ ചതുർവർഷ ബിരുദധാരികളുടെ ഗുണനിലവാരം എങ്ങനെയാകുമെന്ന് ഒന്ന് പരിശോധിക്കാം. അവർക്ക്, രണ്ടാം സെമസ്റ്ററിന്റെ അവസാനത്തോടെ തങ്ങളുടെ പഠനമേഖലയില്‍ നിന്നുള്ള മേജർ വിഷയം മാറ്റാന്‍ അനുവാദമുണ്ടാകും. അതായത് നാലു വർഷവും മുഴുവനായി പഠിക്കാതെ തന്നെ ഒരു വിഷയത്തില്‍ അവഗാഹമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അപാരം തന്നെ! ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് യോഗ്യത പൂർത്തീകരിക്കാനായി, മേജർ അഥവാ കോർ വിഷയത്തില്‍ 80, മൈനർ സ്ട്രീമില്‍ 32, ബഹുവിഷയങ്ങളില്‍ 9, നൈപുണ്യവികസന കോഴ്സുകളുടെ 9, കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള കോഴ്സുകള്‍ക്കുള്ള 8, എല്ലാ ബിരുദ കോഴ്സുകള്‍ക്കും പൊതുവായ മൂല്യവർധനവിനുള്ള കോഴ്സുകള്‍ക്കുള്ള 6-8, ഇന്റേണ്ഷിപ്പിനുള്ള 2-4, ഗവേഷണ പ്രോജക്റ്റ് അല്ലെങ്കില്‍ ഡിസർട്ടേഷനുള്ള 12 തുടങ്ങിയവയെല്ലാം ചേർത്ത് 160.
ശാസ്ത്രം, മാനവികവിഷയങ്ങള്‍, കൊമേഴ്സ്, തുടങ്ങിയ വിവിധ വിഭാഗങ്ങളുള്ള നിലവിലെ സമ്പ്രദായം ഈ പുതിയ സ്ക്കീമില്‍, സ്ക്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ ചെയ്തതു പോലെ തന്നെ, ഇല്ലാതാക്കിയെന്നതും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. സാധാരണയായി, ഇപ്പോഴത്തെ സമ്പ്രദായത്തില്‍ വിദ്യാർത്ഥികള്‍ അവരുടെ മേജർ വിഷയത്തിന്റെ പഠനത്തിനു സഹായകരമാകുന്ന മൈനർ വിഷയങ്ങളാകും തെരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഫിസിക്സ് തെരഞ്ഞെടുക്കുന്ന ഒരു വിദ്യാർത്ഥി ഒപ്പം സാധാരണയായി കെമിസ്ട്രിയോ കണക്കോ ആകും തെരഞ്ഞെടുക്കുക. അതേപോലെ തന്നെ ഫിലോസഫി പ്രധാനവിഷയമായി പഠിക്കാനെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഒപ്പം ചരിത്രമോ പൊളിറ്റിക്കല്‍ സയന്‍സോ ആകും തെരഞ്ഞെടുക്കുക. പക്ഷേ ഫിസിക്സ് പ്രധാനവിഷയമാക്കി എടുത്ത ഒരു വിദ്യാർത്ഥിക്ക് വേണ്ട ക്രെഡിറ്റ് നേടുന്നതിനായി മാത്രം, ഉപവിഷയമായി ഫാഷന്‍ ടെക്നോളജി, ജേർണലിസം, നൈപുണ്യവികസനത്തിന്റെ പേരില്‍ എന്തെങ്കിലും പ്രായോഗികപരിശീലനം, മൂല്യവർധനയ്ക്കുള്ള കോഴ്സെന്ന നിലയില്‍ ഇന്ത്യന്‍ വിജ്ഞാന സംവിധാനം അല്ലെങ്കില്‍ യോഗ, ഇന്റേണ്‍ഷിപ്പിന്റെ പേരില്‍ ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ജോലി ചെയ്യുന്നതും ഒക്കെ അനുവദനീയമാകുമ്പോള്‍, എങ്ങനെയാണ് ഫിസിക്സില്‍ ആഴത്തിലുള്ള വിജ്ഞാനം സമ്പാദിക്കാനാകുന്നത്? ഈ വിഷയങ്ങള്‍ക്കൊന്നും തന്നെ പരസ്പരം ബന്ധമില്ല. ഇതുപോലെ പരസ്പരബന്ധമില്ലാത്ത വിഷയങ്ങളുടെ മറ്റ് കോമ്പിനേഷനുകളും ഉണ്ടാകാം. വിദ്യാർത്ഥി-കേന്ദ്രീകൃത സംവിധാനം എന്ന പേരില്‍ വിഷയങ്ങളുടെ ഇത്തരം തട്ടിക്കൂട്ട് കോമ്പിനേഷനുകള്‍ ഉണ്ടാക്കുന്നത്, ഒരു മേഖലയില്‍ സമഗ്രമായ അറിവ് വികസിപ്പിക്കുന്നതിന് എങ്ങനെയാണ് സഹായിക്കുക? ഒന്നാമതായി, ഈ വിദ്യാർത്ഥി-കേന്ദ്രീകൃത വിദ്യാഭ്യാസം എന്നു പറയുന്നതു തന്നെ തെറ്റിദ്ധാരണാജനകവും വിശേഷിച്ചും വിദ്യാർത്ഥികളെ വഴിതെറ്റിക്കാന്‍ ഉതകുന്നതുമാണ്. രണ്ടാമതായി, അങ്ങനെ തെരഞ്ഞെടുപ്പിനുള്ള അവസരം നല്കിയാല്‍ കുറഞ്ഞ പ്രയത്നത്താല്‍ പരമാവധി മാർക്ക് നേടുന്ന കോമ്പിനേഷനുകള്‍ സ്വീകരിക്കുകയെന്നതാവും വിദ്യാർത്ഥികള്‍ക്കിടയിലെ സ്വാഭാവികപ്രവണത. തത്ഫലമായി, സംഘപരിവാറിന്റെ കൂടാരത്തില്‍ വിരിഞ്ഞ ഈ നൂതന പദ്ധതിയിലൂടെ, കൂട നിറയെ മാർക്കുണ്ടെങ്കിലും ഒരു പ്രധാനമേഖലയിലും തൊലിപ്പുറമേയുള്ള വിജ്ഞാനം പോലും ഇല്ലാത്ത ബിരുദധാരികളെയാകും സൃഷ്ടിക്കുക. വിദ്യാഭ്യാസത്തിന്റെ പേരിലുള്ള സമ്പൂർണ്ണ അസംബന്ധമായിരിക്കുമത്.


ഈ ബഹുവിഷയ സ്കീമിനു കീഴില്‍, പലവുരു പ്രവേശനങ്ങള്‍, പലവുരു പുറത്തുപോകലുകള്‍, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, തുടങ്ങി ഒട്ടനവധി പരിഹാസ്യമായ നിർദ്ദേശങ്ങളുണ്ട്. ഇതിലൂടെ, ഇന്ന് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും അച്ചടക്കം നിലനില്ക്കുന്നുണ്ടെങ്കില്‍ അതുകൂടി പൂർണ്ണമായും തകർക്കപ്പെടും. അങ്ങനെ, ഒരു വിദ്യാർത്ഥി ഒരു സർവ്വകലാശാലയില്‍ പ്രവേശനം നേടി അവിടെ കുറച്ച് സെമസ്റ്ററുകള്‍ പഠിച്ചതിനുശേഷം കുറച്ചു ക്രെഡിറ്റുകള്‍ നേടുന്നു. പിന്നീട് അയാള്‍ സർവ്വകലാശാലയില്‍ നിന്നും പുറത്തുപോയി കുറച്ചുനാള്‍ പഠനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു. പിന്നീട് വീണ്ടും അയാള്‍ക്ക് ഇഷ്ടപ്രകാരമുള്ള മറ്റൊരു ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തില്‍ ചേരാം. അങ്ങനെ, ഒരു വിദ്യാർത്ഥിക്ക് നാലു വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നതിന് ഏഴു വർഷം വരെ സമയമുണ്ട്. പലവുരു പ്രവേശനം നേടുക പുറത്തു പോവുക എന്നു പറയുമ്പോള്‍ കുറഞ്ഞ നിലവാരമുള്ള ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഉയർന്ന പദവിയുള്ള ഒന്നിലേക്ക് സ്വന്തം ഇഷ്ടപ്രകാരം മാറാമെന്നല്ല. അത് രണ്ടാമത്തെ സ്ഥാപനത്തിലെ സീറ്റിന്റെ ലഭ്യതയനുസരിച്ചിരിക്കും. പക്ഷേ അങ്ങനെ അയാള്‍ ആദ്യസ്ഥാപനത്തില്‍ നിന്നും നേടുന്ന ക്രെഡിറ്റുകള്‍ ക്രെഡിറ്റ് ബാങ്കില്‍ ഡിജിറ്റലായി സൂക്ഷിക്കുകയും, അങ്ങനെ ലഭ്യമാകുന്ന ക്രെഡിറ്റുകള്‍ നിർദ്ദിഷ്ട തലത്തിലെത്തുമ്പോള്‍ അയാള്‍ക്ക് നാലു വർഷത്തെ ബഹുവിഷയ ബിരുദം നല്‍കുകയും ചെയ്യുന്നു. ഈ ബഹുവിഷയസമ്പ്രദായം എന്തെങ്കിലും അക്കാദമിക് യുക്തിക്കോ ന്യായീകരണത്തിനോ പുറത്താണ്. പകരം അത് പഠനപ്രക്രിയയെ തകരാറിലാക്കുകയും കെട്ടുറപ്പുള്ള ധാരണയെ തടയുകയും അങ്ങനെ വിദ്യാർത്ഥി ബിരുദം നേടിയെങ്കിലും ഒരു പാതിവെന്ത അവസ്ഥയിലേക്ക് തള്ളിയിടപ്പെടുകയും ചെയ്യും. അതായത് ഈ സംവിധാനം ബിരുദം നല്‍കും വിദ്യാഭ്യാസം നല്‍കില്ല.
മറുവശത്ത്, പലവുരു പ്രവേശിക്കാനും പുറത്തിറങ്ങാനുമുള്ള അവസരം നല്‍കുമ്പോള്‍ അത് ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒരു അനിശ്ചിതാവസ്ഥയാണ് സൃഷ്ടിക്കുക. ഒരു കോഴ്സിന് എത്ര വിദ്യാർത്ഥികള്‍ പ്രവേശനം നേടുന്നു, അതില്‍ എത്ര പേർ അടുത്ത വർഷത്തേക്കോ സെമസ്റ്ററിലേക്കോ തുടരും, അതില്‍ എത്ര പേർ അവസാനം പരീക്ഷയ്ക്കിരിക്കും തുടങ്ങി സർവ്വതും അനിശ്ചിതമാകും. അതുപോലെ തന്നെ, ഒരു വർഷം കൂടി അധികമായി ഉള്‍ക്കൊള്ളുന്നതിന് മതിയായ പശ്ചാത്തലസൗകര്യവും അധ്യാപകരും ഗവേഷണ ഓണേഴ്സ് ബിരുദത്തിന് വേണ്ടുന്ന ഗവേഷണസൗകര്യങ്ങളും ലഭ്യമാണോ എന്ന ചോദ്യവും ഉയരുന്നു. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ ഇങ്ങനെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന് മതിയായ ഫണ്ട് വാഗ്ദാനം ചെയ്തിട്ടില്ല. വലിയ ചെലവു വരുന്ന സ്വകാര്യ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായി രക്ഷാകർത്താക്കള്‍ ഓടേണ്ടിവരും. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യവത്ക്കരണവും കച്ചവടവത്ക്കരണവും കൊഴുക്കും.


വിദ്യാർത്ഥികള്‍ക്ക് സമ്പൂർണ്ണ അനിശ്ചിതത്വം


വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് ഇതിലേറെ അനിശ്ചിതത്വമാണ്. 2022 ഡിസംബറില്‍ പുറത്തിറക്കിയ എന്‍സിസിഎഫ് യുപിയെ തുടർന്ന് കഴിഞ്ഞ ജൂണ്‍ 8ന് യുജിസി, ‘ബിരുദത്തിന്റെ വിവരണവും പുതിയ ബിരുദ സംജ്ഞകളും സംബന്ധിച്ച വിജ്ഞാപനം വിലയിരുത്താനുള്ള വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങള്‍’ (ഇനിമുതല്‍ വിദഗ്ദ്ധസമിതി എന്നു വിളിക്കും) എന്നു പേരായ ഒരു വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപനത്തിലൂടെ വിദഗ്ദ്ധ സമിതി നിർദ്ദേശിച്ച ബിരുദസംജ്ഞകള്‍ക്കു മേല്‍ പൊതുജനങ്ങളുടെ അഭിപ്രായം യുജിസി തേടി. നിലവില്‍ മൂന്നു വർഷ കോഴ്സുകള്‍ക്ക് ശുപാർശ ചെയ്യപ്പെട്ട ബിരുദങ്ങള്‍ ബിഎ, ബിഎസ് സി, ബികോം, ബിഎ(ഓണേഴ്സ്), ബിഎസ് സി(ഓണേഴ്സ്), ബികോം(ഓണേഴ്സ്) എന്നിങ്ങനെയാണ്.

  1. പക്ഷേ എന്‍സിസിഎഫ് യുപിയില്‍ ശാസ്ത്രം, കൊമേഴ്സ്, ആർട്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്ല.
  2. വിദഗ്ദ്ധ സമിതിയുടെ കാഴ്ച്ചപ്പാടില്‍ ഓണേഴ്സ് ഉള്ളവരും ഇല്ലാത്തവരുമായ ബിരുദധാരികള്‍ക്ക് ഒരേ ക്രെഡിറ്റ്, ഉദാഹരണത്തിന് 120, ആവശ്യമുണ്ട്.
  3. എന്‍സിസിഎഫ് യുപിയില്‍ മൂന്നു വർഷത്തെ ഓണേഴ്സ് ബിരുദത്തിന് വ്യവസ്ഥയില്ല.
  4. പക്ഷേ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങളില്‍ നിലവിലെ മൂന്നുവർഷ ഓണേഴ്സ് ബിരുദ കോഴ്സ് നിലനിർത്തിയിരിക്കുന്നു.
  5. മൂന്നുവർഷ ഓണേഴ്സ് ബിരുദക്കാർക്ക് രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദത്തിനുള്ള അവസരവും വിദഗ്ദ്ധസമിതി നിലനിർത്തിയിരിക്കുന്നു.
  6. ശാസ്ത്രത്തിലും കൊമേഴ്സിലും മാനവികവിഷയങ്ങളിലും എഞ്ചിനീയറിങ്ങിലും സാങ്കേതികവിദ്യയിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും എല്ലാം നാലു വർഷത്തെ ബിഎസ് ബിരുദമാണ് വിദഗ്ദ്ധ സമിതി നിർദ്ദേശിക്കുന്നത്. വ്യക്തമായും, വിദഗ്ദ്ധ സമിതിയുടെ ഈ നിർദ്ദേശങ്ങള്‍ എന്‍ഇപി 2020ഉം എന്‍സിസിഎഫ് യുപിയും നിർദ്ദേശിച്ചവയ്ക്ക് അനുസൃതമല്ല. എന്‍സിസിഎഫ് യുപിയിലൂടെ നേരത്തേ പ്രഖ്യാപിച്ച നാലു വർഷ ബഹുവിഷയ കോഴ്സുകള്‍ക്കെതിരെ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധങ്ങളുടെ സമ്മർദ്ദത്തില്‍, കേന്ദ്രസർക്കാർ തങ്ങളുടെ മുന്‍നിലപാടില്‍ മാറ്റംവരുത്തി ഒരു സമവായ ഫോർമുല അംഗീകരിച്ചതുപോലെ തോന്നും. അങ്ങനെ ഇപ്പോള്‍ രണ്ടു കോഴ്സുകളായി – മൂന്നു വർഷത്തേതും, നാലു വർഷത്തെ ഓണേഴ്സ് ബിരുദവും ഒരുമിച്ച് നിലനില്‍ക്കുന്നു. രണ്ടുതരം ബിരുദധാരികള്‍ക്കിടയില്‍ ഇത് വിവേചനം സൃഷ്ടിക്കും.
    i) ബിരുദങ്ങളുടെ നാമകരണം യുജിസി ഇതുവരെ അന്തിമമാക്കിയിട്ടില്ല.
    ii) 2023 ജൂലായ് 5നകം സമർപ്പിക്കാൻ ശുപാർശകളിൽ യുജിസി അഭിപ്രായം ക്ഷണിച്ചു, അതിനുശേഷം മാത്രമേ നാമകരണ ചടങ്ങ് നടക്കൂ.
    iii) അപ്പോഴേക്കും, പുതിയ സെഷനിലേക്കുള്ള പ്രവേശനം ഏതാണ്ട് അവസാനിച്ചിരിക്കും, തങ്ങള്‍ ഏത് കോഴ്സാണ് പിന്തുടരുന്നത്, അതിന്റെ കാലാവധി 3 വർഷമോ അതോ 4 വർഷമോ, പാസായതിനുശേഷം എന്ത് ബിരുദം ലഭിക്കും എന്നതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാതെ വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങും. എന്നാല്‍, യുജിസി അതിന്റെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സമ്പ്രദായവും അന്തിമമാക്കുന്നതിന് മുമ്പ് NCCFUP നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾ തിടുക്കത്തിൽ തീരുമാനിച്ചു. വ്യക്തമായും, വിദ്യാർത്ഥികൾ തികഞ്ഞ അനിശ്ചിതത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. ഉന്നതവിദ്യാഭ്യാസം ഇങ്ങനെ തുടങ്ങാൻ എന്തിനാണ് ഈ തിടുക്കം? വിദ്യാർത്ഥികളുടെ ഭാവി പണയപ്പെടുത്തി യുജിസി ആരുടെ ഉത്തരവുകളാണ് പിന്തുടരുന്നത്?

നൈപുണ്യവികസനം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം


NEP-20ന്റെ പാഠത്തിലുടനീളം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യവികസനം, കഴിവ് വർദ്ധിപ്പിക്കൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയിട്ടുണ്ട്, അത് ഇതുവരെ അങ്ങനെയായിരുന്നില്ല. ഇപ്പോൾ, പ്രധാന (കോർ) വിഷയത്തോടൊപ്പം ആവശ്യമായ ക്രെഡിറ്റ് നേടുന്നതിന്, വിദ്യാർത്ഥികൾ മൈനർ വിഷയങ്ങൾ പഠിക്കേണ്ടതുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മൈനർ സ്ട്രീമിന്റെ ഒരു പ്രധാന ഭാഗം മാത്രമല്ല, പ്രധാന വിഷയങ്ങളുടെ ഒരു ഭാഗം കൂടി ഉൾക്കൊള്ളുന്നു. NCCFUP പറയുന്നു: ‘തിയറിക്കും പ്രാക്ടി ക്കലിനും ഒപ്പം വൈദഗ്ദ്ധ്യം നൽകുന്നതിന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും ബിരുദ പ്രോഗ്രാമിന്റെ അവിഭാജ്യ ഘടകമായി മാറും. വൊക്കേഷണൽ വിദ്യാഭ്യാസവും പരിശീലനവുമായി ബന്ധപ്പെട്ട ‘മൈനർ’ സ്ട്രീമിന് കുറഞ്ഞത് 12 ക്രെഡിറ്റുകൾ അനുവദിക്കും, ഇവ വിദ്യാർത്ഥിയുടെ മേജർ അല്ലെങ്കിൽ മൈനർ വിഷയവുമായോ ചോയിസുമായോ ബന്ധപ്പെട്ടിരിക്കാം. പ്രോഗ്രാം പൂർത്തിയാക്കു ന്നതിന് മുമ്പ് പുറത്തുപോകുന്ന വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്താൻ ഈ കോഴ്സുകൾ ഉപയോഗപ്രദമാകും.’


നൈപുണ്യ വികസനം സംബന്ധിച്ച് രേഖയില്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: ‘‘വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിന് പ്രായോഗിക വൈദഗ്ദ്ധ്യം, നേരിട്ടുള്ള പരിശീലനം, സോഫ്റ്റ് സ്കില്ലുകൾ മുതലായവ നൽകാൻ ഈ കോഴ്സുകൾ ലക്ഷ്യമിടുന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളും ലഭ്യമായ സ്ഥാപന വിഭവങ്ങളും അനുസരിച്ച് സ്ഥാപനം കോഴ്സുകൾ രൂപകൽപ്പന ചെയ്തേക്കാം.” നൈപുണ്യ വികസനം ഉറപ്പാക്കുന്നതിന്, വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് രൂപത്തിൽ പരിശീലനം നൽകും. രേഖ കൂട്ടിച്ചേർക്കുന്നു: ”പ്രാദേശിക വ്യവസായങ്ങള്‍, ബിസിനസ് സ്ഥാപനങ്ങൾ, ആരോഗ്യ-അനുബന്ധ മേഖലകൾ, പ്രാദേശിക സർക്കാരുകൾ (പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ), പാർലമെന്റ് അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മാധ്യമസ്ഥാപനങ്ങൾ, കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ തുടങ്ങി വൈവിധ്യമാർന്ന സ്ഥാപനങ്ങളുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ നൽകും. അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന്റെ പ്രായോഗികവശവുമായി സജീവമായി ഇടപഴകാനും ഒരു ഉപോൽപ്പന്നമെന്ന നിലയിൽ അവർക്ക് തൊഴില്‍ നേടുന്നതിനുള്ള കഴിവ് കൂടുതൽ മെച്ചപ്പെടുത്താനും കഴിയും.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രാദേശിക വ്യവസായങ്ങളിലും പഞ്ചായത്തുകൾ പോലെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള നേരിട്ടുള്ള പരിശീലനം തൊഴിലവസരം വർദ്ധിപ്പിക്കും. തൊഴിലില്ലാത്ത ദശലക്ഷക്കണക്കിനാളുകളോടുള്ള ക്രൂരമായ തമാശയല്ലാതെ മറ്റൊന്നുമല്ല ഇത്. തൊഴിലവസരങ്ങൾ മെച്ചപ്പെടുത്താനാണ് ഇത്തരം പരിശീലനങ്ങളെങ്കിൽ, എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് ബിരുദധാരികളായ എഞ്ചിനീയർമാരും ഡിപ്ലോമക്കാരും തൊഴിലില്ലാത്തവരായി മാറുന്നത്. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ ഇപ്പോള്‍ നിയമനം ഇല്ലാതായി. ലഭ്യമാകുന്ന ചുരുക്കം തൊഴിലവസരങ്ങള്‍ തന്നെ, സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും തുച്ഛമായ പ്രതിഫലത്തോടുകൂടിയ കരാർ രൂപത്തിലാണ്. തൊഴിലില്ലായ്മ ഒരു യാഥാര്‍ത്ഥ്യമാണെന്ന വസ്തുത മറയ്ക്കാൻ, നൈപുണ്യ വികസനത്തിന്റെ പേരില്‍ വളരെയധികം ഒച്ചപ്പാടുണ്ടാക്കുന്നു. വിദ്യാഭ്യാസത്തിന്റെ തൊഴിലധിഷ്ഠിതവൽക്കരണത്തിന്റെ ഏറ്റവും അപകടകരമായ അനന്തരഫലം, അടിസ്ഥാനപരമോ സൈദ്ധാന്തികമോ ആയ അറിവ് വളർത്തിയെടുക്കുന്നതിനെ അത് ഗുരുതരമായി ബാധിക്കും എന്നതാണ്. അടിയുറച്ച ചിന്താപ്രക്രിയയും യുക്തിസഹമായ മനസ്സും വികസിപ്പിക്കുന്നതിന് ഇത് തടസ്സമാകും. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഒരു ചോദ്യവും ഉന്നയിക്കാത്ത, മാനുഷിക മൂല്യങ്ങളില്ലാത്ത, ലാഭമുണ്ടാക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉൽപ്പാദന ഉപകരണങ്ങൾ, ചൂഷണത്തിന്റെ ചക്രത്തിലെ ചക്രപ്പല്ലുകള്‍ പോലെ അന്ധമായി പ്രവർത്തിപ്പിക്കാന്‍ മാത്രം ഉതകുന്ന വെറും ‘റോബോട്ടിക് ബിരുദധാരികളെ’ സൃഷ്ടിക്കുന്നതി നുള്ള യന്ത്രങ്ങളാക്കി മാറും എന്നതാണ് വാസ്തവം.


ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍


അധ്യാപകനും പഠിതാവും തമ്മില്‍ മുഖാമുഖം ഇടപഴകുന്നതിലൂടെയുള്ള ക്ലാസ് റൂം അധിഷ്ഠിത അധ്യാപന-പഠന സമ്പ്രദായത്തിന് പകരമായി ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നതിന് ഊന്നൽ നൽകുക എന്നതാണ് ഈ വിദ്യാഭ്യാസനയത്തിന്റെ മറ്റൊരു വഞ്ചനാപരമായ രൂപകൽപ്പന. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിധിയിൽ 50 ശതമാനത്തിലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. സമ്പൂർണ ഡിജിറ്റൽ സർവ്വകലാശാലകൾ തുറക്കാനുള്ള പദ്ധതി പോലും നടക്കുന്നുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസമെന്നത്, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, സ്മാർട്ട് ഫോൺ, ആപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതിനാൽ, പുതിയ കോളേജോ സർവകലാശാലയോ തുറക്കുകയോ അധ്യാപകരെ നിയമിക്കുകയോ ലൈബ്രറികളും ലബോറട്ടറികളും സ്ഥാപിക്കുകയോ ഗവേഷണത്തിന് ഫണ്ട് ക്രമീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നിലവിലുള്ള ചില കോളേജുകളും സർവ്വകലാശാലകളും അടച്ചുപൂട്ടാനും സാധ്യതയുണ്ട്. കൂടാതെ ബ്ലെൻഡഡ് മോഡിൽ (അതായത്, ഓൺലൈനിലും ഓഫ്‌ലൈനിലും ഇടകലർത്തി) വിദ്യാഭ്യാസം നൽകുന്നതിന്, സ്ഥിരമായി അധ്യാപകരെ നിയമിക്കേണ്ട ആവശ്യമില്ല. കോളേജുകളോ സർവ്വകലാശാലകളോ പ്രഭാഷണങ്ങൾ നടത്താൻ അധ്യാപകരെ നിയമിക്കും. ആ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുടെ സ്വന്തം വെബ്സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യും. കൂടാതെ ആ പ്രഭാഷണങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും കേൾക്കുന്നതിനും വിദ്യാർത്ഥികൾ പണം നൽകേണ്ടിവരും. അതിനാൽ, ഇത് സംവാദത്തിന് സാധ്യതയില്ലാത്ത ഒരു വഴിക്കു മാത്രമുള്ള ഒരു ആശയവിനിമയമായിരിക്കും. ആവശ്യമെങ്കിൽ മാത്രം, അധ്യാപകരിൽ നിന്നുള്ള വിശദീകരണങ്ങൾക്കായി വിദ്യാർത്ഥികൾ ഹ്രസ്വ ക്ലാസുകളിൽ പങ്കെടുക്കാൻ കോളേജിലോ സർവ്വകലാശാലയിലോ വരും. ഒരിക്കൽ ഒരു പ്രഭാഷണം അപ്‌ലോഡ് ചെയ്താൽ, അത് അവിടെ വർഷങ്ങളോളം തുടരും, സ്ഥിരം ശമ്പളമുള്ള അധ്യാപകരുടെ ആവശ്യമില്ല. ക്ലാസ് മുറിയിൽ അധ്യാപകരുമായി സ്വതന്ത്രമായി ഇടപഴകാതെ ഒരു വിദ്യാർത്ഥിക്ക് ഒരു പുതിയ വിഷയം മനസ്സിലാക്കാൻ കഴിയുമോ? കൂടാതെ, ഉത്തരവാദിത്തമുള്ള ഒരു അധ്യാപകൻ പഠിപ്പിക്കുക മാത്രമല്ല, വിദ്യാർത്ഥികളെ നയിക്കുകയും, വിഷയം മനസ്സിലാക്കാൻ അവരെ സഹായിക്കുകയും, അവരിൽ ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിവ് വികസിപ്പിക്കുകയും ചെയ്യും. അങ്ങനെ അവരെ യുക്തിസഹമായ മനസ്സോടെയുള്ള യഥാർത്ഥ വിദ്യാസമ്പന്നരായ പൗരന്മാരായി വളർത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഒരു മനുഷ്യന് മാത്രമേ മറ്റൊരു മനുഷ്യനെ വളർത്താനും നയിക്കാനും കഴിയൂ. അതേസമയം ഒരു യന്ത്രത്തിന് തനിപ്പകർപ്പ് സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ, അല്ലാതെ ബോധപൂർവമായ സൃഷ്ടിപരമായ പ്രവർത്തനം അതിന് സാധ്യമല്ല. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആർഎസ്എസ്-ബിജെപി വകഭേദമായ NEP-2020, അത്തരം യന്ത്രങ്ങളെയോ ചിന്താശേഷി ഇല്ലായ്മ ചെയ്യപ്പെട്ട ‘റോബോട്ടിക്’ ബിരുദധാരികളെയോ നിർമ്മിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ, 137 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത്, ചെലവേറിയ ഇലക്ട്രോണിക് ഉപകരണങ്ങളും പഠന-ആപ്പുകളും വാങ്ങാൻ ഒരു ചെറിയ വിഭാഗം ആളുകളെ പോലും നിർബന്ധിക്കാൻ സർക്കാരിന് കഴിയുമെങ്കിൽ, അത് അത്തരം ഹാര്‍ഡ്‌വയറുകളും സോഫ്‌റ്റ്‌വയറുകളും വിൽക്കുന്ന ആഭ്യന്തര-വിദേശ കുത്തകഭീമന്മാർക്ക് അനുകൂലമാകും. ആർഎസ്എസ്-ബിജെപിയും അവരുടെ കൂട്ടാളികളും സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് വേണ്ടി ഉറക്കെ നിലവിളിക്കുമ്പോൾ, അതേ ശ്വാസത്തില്‍ തന്നെ അവർ പുരാതനമായ ‘ഗുരുകുല’ വിദ്യാഭ്യാസ സമ്പ്രദായത്തെയും നളന്ദ, തക്ഷശില സർവകലാശാലകളുടെ തരത്തിലുള്ള വിദ്യാഭ്യാസത്തെയും പുകഴ്ത്തുന്നു എന്നത് അവരുടെ ഇരട്ടത്താപ്പിന്റെ സാക്ഷ്യമാണ്.


മൂല്യാധിഷ്ഠിത കോഴ്സുകളുടെ കഥ


കാര്യങ്ങള്‍ ഇവിടെ തീരുന്നില്ല. ‘മൂല്യവർദ്ധിത കോഴ്സ്’ എന്ന പേരിൽ മറ്റൊരു പുതുമയുണ്ട്. എന്‍സിസിഎഫ്‌യുപി രേഖ പറയുന്നു: ‘‘ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം, രാജ്യത്തോടും പൊതു വെ സ്കൂളിനോടും സമൂഹത്തോടും ഉള്ള അധ്യാപകരുടെ പങ്കും കടമകളും എന്നിവയെക്കുറിച്ച് വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും ഇടയിൽ ഒരു ധാരണ വികസിപ്പിക്കുന്നതിൽ കോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കും…’’ ഓർക്കുക, ഈ മൂല്യവർദ്ധിത കോഴ്സുകൾ എല്ലാ വിഭാഗം ബിരുദവിദ്യാർത്ഥികള്‍ക്കും വേണ്ടതാണ്. അവർ ഇവയിലൂടെ 6-8 ക്രെഡിറ്റുകൾ നേടേണ്ടതുണ്ട്. ഈ കോഴ്സിന്റെ ഉള്ളടക്കം എന്തൊക്കെയാണ്? ചുരുക്കി പറഞ്ഞാൽ, പുരാതന ഇന്ത്യയിലെ ഋഷിമാരുടെയും മറ്റുള്ളവരുടെയും ‘മഹത്തായ’ നേട്ടങ്ങളെ വാഴ്ത്തുന്ന ‘ഇന്ത്യൻ നോളജ് സിസ്റ്റം(ഐകെഎസ്)’ എന്ന് വിളിക്കപ്പെടുന്നതിനെ പരിചയപ്പെടുക. അറിവിന്റെ യഥാർത്ഥ ഭണ്ഡാരത്തിൽനിന്ന് വിദ്യാർത്ഥികളെ അകറ്റിനിർത്തി, ആധുനികവും നൂതനവുമായ അറിവിന്റെ ലോകത്തെക്കുറിച്ച് അവരെ അജ്ഞരാക്കി അന്ധവിശ്വാസം, മുൻവിധി, കപടശാസ്ത്രം, യുക്തിരാഹിത്യം, ആത്മീയത എന്നിവയുടെ നിഗൂഢ ഇടവഴികളിൽ അവരെ ഒതുക്കാനുള്ള തന്ത്രമാണിത്. ഇന്ത്യന്‍ ജ്ഞാനവ്യവസ്ഥയെ കുറിച്ചുള്ള ‘‘പരിശീലനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ/അധ്യാപകരുടെ ഓറിയന്റേഷൻ’’ എന്നതിന്റെ ആമുഖത്തിൽ, നിലവിലുള്ള അധ്യാപകർക്ക് ഇന്ത്യന്‍ജ്ഞാനവ്യവസ്ഥയെ കുറിച്ച് പഠിപ്പിക്കാൻ കഴിയുമോ എന്ന സംശയം യുജിസി സെക്രട്ടറി പ്രകടിപ്പിക്കു ന്നുണ്ട്. ആ രേഖയില്‍ പറയുന്നു: ‘‘രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിഭാഗം അധ്യാപകർക്കും, അവർ അതത് മേഖലകളിലെ വിദഗ്ദ്ധരാണെങ്കിലും, ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾക്കായി കൂടുതൽ പരിചയപ്പെടുത്തൽ ശ്രമങ്ങൾ ആവശ്യമായി വന്നേക്കാം’’, അദ്ദേഹം പറഞ്ഞു. അപ്പോൾ ആരാണ് ഇതില്‍ ഓറിയന്റേഷൻ/പരിശീലന പരിപാടികൾ നടത്തുക? ‘പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ നാഷണൽ മിഷൻ ഓൺ ടീച്ചേഴ്സ് ട്രെയിനിംഗ് (പിഎംഎംഎംഎൻഎംടിടി)’ എന്നിവയ്ക്കൊപ്പം എച്ച്ആർഡിസി പോലുള്ള വിവിധ ഏജൻസികളും ഇവ നടത്തുമെന്ന് യുജിസി സെക്രട്ടറി വളരെ വ്യക്തമായി അഭിപ്രായപ്പെട്ടു. വർഗീയ ഹിന്ദുത്വ സിദ്ധാന്തം ആവേശത്തോടെ പിന്തുടരുന്ന നിലവിലെ ഭരണാധികാരികളുടെ മസ്തിഷ്ക ശിശുവാണ് പിഎംഎംഎംഎൻഎംടിടിഎന്നത് ശ്രദ്ധിക്കേണ്ടതാണ്. പണ്ഡിറ്റ് മാളവ്യ, ഹിന്ദു മഹാസഭയുടെ സ്ഥാപകരിലൊ രാളാണ്. യുജിസി സെക്രട്ടറി തുടർന്നും ഉത്തരവിട്ടു: ‘‘അധ്യാപകർ നിർബന്ധിത ഇൻഡക്ഷൻ പ്രോഗ്രാമിലും നിശ്ചിത കാലയളവിലുള്ള റിഫ്രഷർ കോഴ്സുകളിലും അവരുടെ തുടർ പ്രൊഫഷണൽ പുരോഗതിക്കായി പങ്കെടുക്കേണ്ടതുണ്ട്.’’


വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള രൂപകല്‍പ്പന


വിദേശ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം യുഎസിലേതിന് തുല്യമാക്കാനാണ് നീക്കം. അല്ലെങ്കില്‍ ഇത് വിദേശ സ്ഥാപനങ്ങളിലോ ഇന്ത്യയിലെ അവരുടെ ശാഖകളിലോ ഉപരിപഠനം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കും. നാലു വർഷത്തെ ഡിഗ്രി കോഴ്സിന് എന്ത് അക്കാദമിക് ന്യായീകരണം അവർ മുന്നോട്ട് വച്ചാലും, യുഎസ്എയിലെ രേഖകളിൽ നിന്ന് വ്യക്തമായി പകർത്തിയതാണ്. നയപാഠത്തിൽ ഇങ്ങനെ പറയുന്നു: ‘ഭാരതത്തെ, സുസ്ഥിരമായി, തുല്യതയുള്ളതും, ഊർജ്ജസ്വലവുമായ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിന് നേരിട്ട് സംഭാവന നൽകുന്ന, ഇന്ത്യയുടെ ധാർമ്മികതയിൽ വേരൂന്നിയ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത്.” (എന്‍ഇപി 2020, ഈ നയത്തിന്റെ ദർശനം) നയത്തിൽ പല അവസരങ്ങളിലും ഇന്ത്യൻ പൈതൃകം, പ്രാചീന സംസ്കാരം തുടങ്ങിയ വാക്കുകൾ പരാമർശിക്കപ്പെടുന്നു. എന്നാൽ വിദേശ സ്ഥാപനങ്ങളിലെ പ്രവേശന ത്തെക്കുറിച്ചുള്ള ചോദ്യം വരുമ്പോൾ, ഈ പ്രഭാഷണങ്ങളെല്ലാം എങ്ങോട്ടോ അപ്രത്യക്ഷമാകും. വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്ത്യയിൽ ശാഖകൾ തുറക്കാൻ അനുവദിക്കുന്നത് രാജ്യത്തേക്ക് ഗണ്യമായ വിദേശ നിക്ഷേപം കൊണ്ടുവരും എന്നതാണ് കണക്കുകൂട്ടല്‍.


വിനാശകരമായ അനന്തരഫലങ്ങൾ


നാലു വർഷത്തെ ബിരുദ കോഴ്സ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലെ മുഴുവൻ അച്ചടക്കത്തെയും അസ്ഥിരപ്പെടുത്തും. ഉയർന്ന മാർക്ക് എളുപ്പത്തില്‍ നേടാനായാല്‍ പഠിതാക്കൾ കുറച്ചേ പഠിക്കൂ. അടിസ്ഥാനപരവും സൈദ്ധാന്തികവുമായ അറിവ് വളർത്തിയെടുക്കുന്നതിനു പകരം തൊഴിലധിഷ്ഠിതവും നൈപുണ്യം വളർത്താന്‍ മാത്രമുള്ളതുമായ വിദ്യാഭ്യാസത്തിന് ഊന്നൽ ലഭിക്കും. എല്ലാ കോഴ്സുകളുടെയും കേന്ദ്രസ്ഥാനത്ത് ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥ വരും. ഓൺലൈൻ, ഹൈബ്രിഡ്, സംയോജിത വിദ്യാഭ്യാസ രീതി തുടങ്ങിയവ കാലാതിവർത്തിയായ ക്ലാസ് റൂം അധ്യാപനത്തെ സ്ഥാനഭ്രഷ്ടമാക്കും.
മനുഷ്യനെ സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണ്ണമായും നഷ്ടപ്പെടും. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണവും കോർപ്പറേറ്റ്‌വൽക്കരണവും വാണിജ്യവൽക്കരണവും വ്യാപകമാകും. വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത നീക്കം ചെയ്യപ്പെടുകയും, അത് ഫലത്തിൽ സമ്പന്നരുടെയും സ്വാധീനമുള്ളവരുടെയും മാത്രം പ്രത്യേക അവകാശമായി മാറുകയും ചെയ്യും. ദിവസം കഴിയുന്തോറും വരുമാനം കുറയുന്ന അധ്വാനിക്കുന്ന ഇന്ത്യക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം കിട്ടാക്കനിയാകും.
അതിനാൽ, എല്ലാ അർത്ഥത്തിലും, ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ അനന്തരഫലം വിനാശകരമായിരിക്കും. അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും വിദ്യാഭ്യാസവിചക്ഷണരോടും ബുദ്ധിജീവികളോടും രക്ഷിതാക്കളോടും ഞങ്ങൾ ശക്തവും, സചേതനവും, സുസ്ഥിരവും യോജിച്ചതുമായ ഒരു ഐക്യ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്യുന്നു. അതിലൂടെ മാത്രമേ ഇതില്‍ നിന്നും പിന്തിരിയാന്‍ സർക്കാരിനെ നിർബന്ധിതമാക്കാന്‍ സാധിക്കൂ.

ദേശീയ വിദ്യാഭ്യാസ നയം: എതിര്‍ക്കുന്നതായി ഭാവിച്ച് ശുഷ്കാന്തിയോടെ നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍

ഒരു വശത്ത് എസ്എഫ്ഐ ദേശീയ വിദ്യാഭാസ നയത്തിനെതിരെ ചടങ്ങിന് രാജ്ഭവൻ മാർച്ച് നടത്തുന്നു. എന്നാൽ, മറുഭാഗത്ത്, വിദ്യാഭ്യാസത്തെ തകർത്തെറിയുന്ന ദേശീയ നയം എവ്വിധവും നടപ്പാക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങി നേതൃത്വം നൽകുന്നു. ഡിഗ്രി വിദ്യാഭ്യാസത്തെ ചിന്നഭിന്നമാക്കുന്ന നാല് വർഷത്തെ ഡിഗ്രി കോഴ്സ് നടപ്പാക്കുന്നതുതന്നെ ഒന്നാന്തരം ഉദാഹരണം. കേരളത്തിലെ പ്രധാനപ്പെട്ട നാല് സർവ്വകലാശാലകളിലും നാലുവർഷ കോഴ്സ് നടപ്പാക്കാൻ മന്ത്രി സമ്മർദ്ദം ചെലുത്തുകയാണ് ചെയ്തത്. അതിനായി, ജൂൺ 30ന് എംജി സർവകലാശാലയിലും, ജൂലൈ 3ന് കണ്ണൂരും, ജൂലൈ 4ന് കോഴിക്കോട്ടും 6ന് കേരള സർവ്വകലാശാലയിലും മന്ത്രി ഉദ്ഘാടനം ചെയ്ത അക്കാദമിക സമ്മേളനങ്ങൾ വിളിച്ചു ചേർക്കുകയുണ്ടായി. നടപ്പാക്കലിനായി ഉപസമിതി രൂപീകരിക്കുകയും ചെയ്തു. ഫൗണ്ടേഷൻ കോഴ്സിന്റെ രൂപരേഖ ഉടനെ തയ്യാറാക്കുമത്രേ. അധ്യാപക പരിശീലനത്തിനായി മാസ്റ്റർ ട്രെയിനർമാരെ ആഗസ്റ്റ് 15ന് അകം കണ്ടെത്തി നീങ്ങാനാണ് നിർദ്ദേശം. ശരവേഗതയിൽ ത്രിവത്സര ബിരുദ കോഴ്സ് തകർക്കപ്പെടാൻ പോകുന്നു. നിശ്ചിതമായ ഉള്ളടക്കമോ നിശ്ചിത കാലയളവോ നാലുവർഷ കോഴ്സുകൾക്കില്ല. ഒരു വർഷംകൊണ്ടും രണ്ടു വർഷം കൊണ്ടും കോഴ്സ് പൂർത്തിയാക്കി വിടുതൽ വാങ്ങാൻ കഴിയുന്ന കുത്തഴിഞ്ഞ ഘടനയാണ് നാലുവർഷ കോഴ്സ് മുന്നോട്ടു വയ്ക്കുന്നത്. അക്കാദമിക കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതിയിൽ പ്രാധാന്യം ഇല്ല. തൊഴിൽ ശാലയിലേയ്ക്ക് ആളെ എത്തിക്കാനുള്ള, എല്ലാ ബൗദ്ധിക പ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കുന്ന തരത്തിലുള്ള സൂത്രവിദ്യയാണ് നാലുവർഷ പദ്ധതിയുടെ പിന്നിൽ.


എന്നു മാത്രമല്ല സ്ഥിരം അധ്യാപകർ എന്ന സമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നു. ഫോർ ഇയർ പാക്കേജിൽ, സ്ഥിരതയില്ലാത്ത കോഴ്സ് പോലെ തന്നെ, സ്ഥിരം അധ്യാപകരും ആവശ്യമില്ല. യുജിസി നിർദേശിക്കുന്ന വിധം അഞ്ചുവർഷ കരാറിൽ അധ്യാപകരെ നിയോഗിക്കുക എന്നതാണ് പ്ലാൻ. യുജിസി പറയുന്നതുപോലെ കരാർ അടിസ്ഥാനത്തിൽ ഓരോ വർഷവും അതത് വർഷത്തേക്ക് ആളെ നിയമിക്കുന്ന ഏർപ്പാട്(Tenure Track) നടപ്പാക്കുമെന്ന് ബജറ്റ് രേഖയിൽ പ്രഖ്യാപിക്കാൻ ‘ഇടത്’ മുന്നണി സർക്കാരിന് ഒരു മടിയുമുണ്ടായില്ല. അപ്പോൾ, വിദ്യാർത്ഥികളെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് അകറ്റുന്നത്, അധ്യാപകരെക്കൂടിയാണ്. ഫലത്തിൽ ഉന്നത വിദ്യാഭ്യാസത്തെ തുണ്ടുകളായി വെട്ടിമുറിക്കുമെന്ന് അർത്ഥം. അതിനായി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേരളത്തിൽ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ചവിട്ടിമെതിക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും കൂട്ടരും അതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര ബിജെപി സർക്കാർ അതിനായി കോടികൾ സംസ്ഥാന സിപിഐ(എം) സർക്കാരിന് നൽകുന്നുണ്ട്. കേരളത്തിന്റെ മഹത്തായ സർവകലാശാലാവിദ്യാഭ്യാസത്തെ തകർക്കാനുള്ള പണിക്കൂലിയാണത്. അങ്ങനെ കേന്ദ്ര സർക്കാരിന്റെ പണം വാങ്ങി, അവരുടെ കുടിലമായ വിദ്യാഭ്യാസ നയം അപ്പടി നടപ്പാക്കുകയാണ് പിണറായി സർക്കാർ. കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ലോകബാങ്കിന്റെ പണം വാങ്ങി ഡിപിഇപി നടപ്പാക്കി സ്കൂൾ വിദ്യാഭ്യാസത്തെ തകർത്തതുപോലെ, അതിന്റെ തുടർച്ചയിൽ ബിജെപി ഗവണ്‍മെന്റുമായി ചേർന്ന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയാണ് ‘ഇടത് സർക്കാർ’. വിദ്യാഭ്യാസത്തിന് അന്ത്യം കുറിക്കുന്ന കേന്ദ്ര-സംസ്ഥാന നീക്കങ്ങൾക്കെതിരെ വിശാലമായ വിദ്യാഭ്യാസ രക്ഷാ പ്രസ്ഥാനം ഉടനടി വളർത്തിയെടുക്കുകയേ പോംവഴിയുള്ളു.

Share this post

scroll to top