AIDSO ആലപ്പുഴ ജില്ലാ സമ്മേളനം

DSO-ALP-Dist-Con.jpg
Share

ആൾ ഇന്ത്യ ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ (എഐഡിഎസ്ഒ) നേതൃത്വത്തിൽ 11-ാമത് ആലപ്പുഴ ജില്ലാ വിദ്യാർത്ഥി സമ്മേളനം ജനുവരി 13, 14 തീയതികളിൽ ഹരിപ്പാട് നടന്നു. ഗാന്ധി സ്ക്വയറിൽ നടന്ന പൊതുസമ്മേളനം എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.അലീന ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്ന കേന്ദ്രസർക്കാരും, കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 നടപ്പാക്കുന്ന കേരള സർക്കാരും ലക്ഷ്യമിടുന്നത് വിദ്യാഭ്യാസത്തെ തകർക്കുക എന്നതാണെന്നും മനുഷ്യത്വമോ ധാർമികതയോ ഇല്ലാത്ത തലമുറയെ സൃഷ്ടിക്കുകയാണ് എന്‍ഇപി 2020ന്റെ ലക്ഷ്യമെന്നും ഡോ.അലീന ചൂണ്ടിക്കാട്ടി.
പ്രമുഖ ചിത്രകാരനും എസ്‍യുസിഐ(കമ്മ്യുണിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ആർ.പാർത്ഥസാരഥി വർമ്മ മുഖ്യപ്രസംഗം നടത്തി. എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അജിത് മാത്യു, ആൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി അഡ്വ.ഇ. എൻ.ശാന്തിരാജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.പി.വിദ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം എസ്.ദീപ്തി സ്വാഗതവും അലൻ റോയ് കൃതജ്ഞതയും രേഖപ്പെടുത്തി.
ഹരിപ്പാട്, മാധവ ജംഗ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ നേതാക്കളായ ആകാശ്, അഭിരാമി ഭാഗ്യൻ, അനുരാധ, തിങ്കൾ, നവീൻ കോശി, അൻവർ ഘോഷ്, എസ്.അഭിരാമി, എസ്.പ്രത്യുഷ്, റോസ അജയകുമാർ എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിന് മുന്നോടിയായി എഐഡിഎസ്ഒ സ്ട്രീറ്റ് ബാന്‍ഡിന്റെ ഗാനാവതരണവും നടന്നു.


പ്രതിനിധി സമ്മേളനം ജനുവരി 14ന് മുട്ടം നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി ആർ.അപർണ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട് എന്നിവയോടൊപ്പം ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, വിദ്യാർത്ഥികളുടെ യാത്രാ ചെലവ് സർക്കാർ ഏറ്റെടുത്ത് സൗജന്യമാക്കുക, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രമേയങ്ങളും സമ്മേളനം ഐകകണ്ഠ്യേന പാസാക്കി.
വി.പി.വിദ്യ പ്രസിഡന്റും അ ലൻ റോയ് സെക്രട്ടറിയുമായി 24 അംഗ ജില്ലാകമ്മിറ്റിയും 46 അംഗ ജില്ലാ കൗൺസിലും സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

Share this post

scroll to top