സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ചീഫ് ജസ്റ്റിസിന് പൗരാവകാശ പ്രവർത്തകരുടെ തുറന്ന കത്ത്

Share

ഒരു കൂട്ടം പൗരാവകാശപ്രവർത്തകരും സംഘടനകളും ചേർന്ന്, 2024 ജനുവരി 2-ാം തീയതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. സംസാരസ്വാതന്ത്ര്യവും സമാധാനപരമായി യോഗംചേരാനും പ്രതിഷേധിക്കുവാനുമുള്ള സ്വാതന്ത്ര്യവുമൊക്കെ പോലീസ് അടിച്ചമർത്തുന്നത് ജനാധിപത്യപരമായ വിയോജിപ്പുകളുടെ കഴുത്തുഞെരിക്കലാണെന്ന് ആരോപിച്ചായിരുന്നു കത്ത്. ജനാധിപത്യപരമായി പ്രതിഷേധിക്കുമ്പോൾപോലും വ്യാജഏറ്റുമുട്ടലുകളെയും തട്ടിക്കൊണ്ടുപോകലുകളെയുമൊക്കെ അഭിമുഖീകരിക്കേണ്ടിവരുന്നു എന്നും പ്രതിഷേധിക്കുന്നവരുടെ വീടുകൾ പോലീസും മറ്റ് അധികാരികളും ചേർന്ന് ഇടിച്ചുനിരത്തുന്ന സാഹചര്യംപോലും നിലനിൽക്കുന്നു എന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്.
ഖനനത്തിന്റെപേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരെയും തങ്ങളുടെ ഭൂമിയിൽ സൈന്യം തമ്പടിക്കുന്നതിനെതിരെയും രാജ്യത്ത് ഏറ്റവും അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ആദിവാസി വിഭാഗങ്ങൾ ഒഡിഷ, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീർഘകാലമായി സമാധാനപരമായി സമരത്തിലാണ്. ഇവർക്കും മേൽപ്പറഞ്ഞ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നു. ജനാധിപത്യാവകാശങ്ങൾ അംഗീകരിക്കുക, ഗ്രാമസഭകൾ നീതിപൂർവകമായി നടത്തുക, ഷെഡ്യൂൾഡ് മേഖലകളിലേയ്ക്കുള്ള പഞ്ചായത്തിന്റെ വിപുലീകരണം സംബന്ധിച്ച നിയമം 1996(പിഇഎസ്എ നിയമം) നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നു.


ശ്രീനഗർ മുതൽ സിൽഗർവരെ നടക്കുന്ന എല്ലാ ജനാധിപത്യപരമായ പ്രതിഷേധങ്ങളും മാവോയിസ്റ്റുകളെന്നും വിഘടനവാദികളെന്നുമൊക്കെ മുദ്രകുത്തി ആക്രമിക്കപ്പെടുകയാണ്. അറസ്റ്റുചെയ്യപ്പെടുന്നവരെ കോർപ്പറേറ്റുകളുടെ താൽപര്യം മുൻനിർത്തി ബലംപ്രയോഗിച്ച് വിദൂരത്തേയ്ക്ക് മാറ്റുന്നു, ഇന്റർനെറ്റ് സേവനം റദ്ദാക്കിക്കൊണ്ട് ഇരുണ്ടകാലത്തേയ്ക്ക് നയിക്കുന്നു, വിദ്യാഭ്യാസവിചക്ഷണരെപ്പോലും തുറുങ്കിലടയ്ക്കുന്നു, റിട്ടയേർഡ് ജഡ്ജിമാരുടെപോലും പ്രസംഗം വിലക്കുന്നു തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം നടപടികൾ കൈക്കൊള്ളുമ്പോൾ ജനാധിപത്യത്തിന്റെ സുരക്ഷാവാൽവ് എങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യവും കത്തിൽ ഉയർത്തുന്നുണ്ട്. ഛത്തിസ്ഗഢിലെ സിൽഗറിൽ ലക്കും ലഗാനുമില്ലാത്ത ഖനനത്തിനും വീടുകളിലെ സൈനിക റെയ്ഡിനുമെതിരെ യുവാക്കളും സ്ത്രീകളും ദീർഘകാലമായി സമരത്തിലാണ്. ഇവിടെ ആദിവാസികൾക്കുമേൽ ക്രൂരമായ വെടിവയ്പ്പും ലാത്തിച്ചാർജ്ജും നടന്നു.
135 മനുഷ്യാവകാശപ്രവർത്തകരും സംഘടനാപ്രതിനിധികളുമാണ് തുറന്ന കത്തിൽ ഒപ്പുവച്ചിട്ടുള്ളത്. ഭരണകൂട അടിച്ചമർത്തലിനെതിരായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ നേതാവ് ദീപക് കുമാർ, തെലങ്കാന പൗരാവകാശ കമ്മീഷൻ, ഹൈദരാബാദ് യൂണിവേഴ് സിറ്റിയിൽനിന്ന് വിരമിച്ച ജി.ഹരഗോപാൽ, റിട്ടയേർഡ് ഐപിഎസ് ഓഫീസർ എസ്.ആർ.ധരപുരി, ആൾ ഇന്ത്യ പീപ്പിൾസ് ഫ്രണ്ട്, ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ മനോരഞ്ജൻ മഹന്തി, ഡൽഹി യൂണിവേഴ്‌സിറ്റി സെന്റ് സ്റ്റീഫൻ കോളജിലെ അസ്സോസിയേറ്റ് പ്രൊഫസർ നന്ദിത നരേൻ, പിയുസിഎൽ അഡ്വക്കേറ്റ് എൻ.ഡി.പാഞ്ചോലി, ഡൽഹി യുണിവേഴ് സിറ്റി മുൻ ഫാക്കൽറ്റി മെമ്പറും എഴുത്തുകാരനുമായ ഷംസുൽ ഇസ്ലാം, പൗരാവകാശ പ്രവർത്തകയായ എ.എസ്.വസന്തകുമാരി തുടങ്ങിയവരൊക്കെ തുറന്ന കത്തിൽ ഒപ്പുവച്ച പ്രമുഖരിൽപ്പെടും.


ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ നടത്തിയ ഡിസംബർ 10 ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിച്ചുവരുന്നതാണ്. ഇതിന്റെ എഴുപത്തിയഞ്ചാം വാർഷികമായിരുന്നു 2023 ഡിസംബർ 10. ലോകം ഈ ദിനം ആഘോഷപൂർവം ആചരിക്കുമ്പോൾ ഇന്ത്യയിലെ പാർലമെന്റ് സ്ട്രീറ്റിൽ ഒരു യോഗം ചേരാൻ പോലീസ് അനുമതി നിഷേധിച്ച കാര്യമാണ് ഒടുവിലത്തെ സംഭവമായി കത്തിൽ സൂചിപ്പിക്കുന്നത്. നാൽപ്പത് ജനാധിപത്യ-പുരോഗമന സംഘടനകൾ ചേർന്നതാണ് ക്യാമ്പയിൻ എഗയിൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ (സിഎഎസ്ആർ). പന്ത്രണ്ടുദിവസംമുമ്പ് ഇവർ അനുമതിക്കായി അപേക്ഷ നൽകിയിരുന്നുവെങ്കിലും പതിനാലുമണിക്കൂർ മുമ്പ് മാത്രമാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നത്. കാശ്മീരിലെ മാധ്യമ നിരോധനം, സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനുള്ള വിലക്ക്, മാധ്യമപ്രവർത്തകർക്കുമേൽ നടക്കുന്ന ആക്രമണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2023 മാർച്ച് 15ന് നടത്താനിരുന്ന പൊതുചർച്ചയും റദ്ദാക്കേണ്ടിവന്ന കാര്യവും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജമ്മു കാശ്മീരിലെ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ഹുസൈൻ മസൂദി, മുൻ എംഎൽഎമാർ, പ്രമുഖ മനുഷ്യാവകാശപ്രവർത്തകർ തുടങ്ങിയവരൊക്കെ പങ്കെടുക്കേണ്ടിയിരുന്ന യോഗമാണ് രണ്ടുമണിക്കൂർ മുമ്പുമാത്രം അറിയിപ്പുനൽകി പോലീസ് റദ്ദാക്കുകയും സ്ഥലം കൈയേറുകയും ചെയ്തത്.
ഡൽഹി സുർജിത് ഭവനിൽ ‘ഭാരത് ബചാവോ നാഷണൽ കൺവൻഷൻ’ നടത്താനും പോലീസ് അനുമതി നിഷേധിച്ചു. അനുമതി റദ്ദാക്കാൻ ബന്ധപ്പെട്ടവരുടെമേൽ പോലീസ് സമ്മർദ്ദം ചെലുത്തി. ഒടുവിൽ സംഘാടകർ ഡൽഹി ഹൈക്കോടതിയിൽനിന്ന് അനുമതി വാങ്ങുകയായിരുന്നു. ‘ക്രമസമാധാനപാലനം, സുരക്ഷ’ തുടങ്ങിയ ഒഴുക്കൻ മട്ടിലുള്ള ന്യായവാദങ്ങൾ നിരത്തിയാണ് പോലീസ് ഈ സംഭവങ്ങളിലെല്ലാം അനുമതി നിഷേധിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ജനാധിപത്യ അവസരങ്ങളും സ്വാതന്ത്ര്യസങ്കൽപ്പങ്ങളും വിയോജിക്കാനുള്ള അവകാശങ്ങളുമെല്ലാം നിഷേധിക്കുന്ന ദിശയിൽത്തന്നെയാണ് ഒരു കൂസലുമില്ലാതെ പോലീസ് നീങ്ങുന്നത് എന്ന് ആശങ്കയോടെ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജനാധിപത്യ പ്രതിഷേധങ്ങളുടെ ചരിത്രപ്രധാന കേന്ദ്രമായ ജന്തർ മന്ദറിലാണ് ഡിസംബർ 10ന് പോലീസ് യോഗം ചേരാൻ അനുമതി നിഷേധിച്ചത്. പൊതുജനപ്രശ്നങ്ങൾ ചർച്ചചെയ്യാൻ സ്വകാര്യ ഇടങ്ങളിൽ ശ്രമിക്കുമ്പോഴാകട്ടെ പോലീസ് വേലികെട്ടി തടസ്സം സൃഷ്ടിക്കുകയും ഉടമയെ ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുന്നു. പൊതു ഇടങ്ങളിലാകുമ്പോൾ ഒരു ബദൽ ഏർപ്പാട് ഉണ്ടാക്കുകയില്ല എന്ന് ഉറപ്പുവരുത്തുംവിധമാണ് തലേന്ന് രാത്രി അനുമതി നിഷേധിക്കുന്നത്. ഇത്തരം നടപടികളെ ചോദ്യം െചയ്താൽ പോലീസ് മർദ്ദനവും ജയിലും ജീവനും ഭീഷണിയുംവരെ നേരിടേണ്ടിവരുന്നുവെന്നും കത്തിൽ പറയുന്നു.
എൽജിബിറ്റിക്കാരും സ്ത്രീകളുമൊക്കെ പ്രതിഷേധിക്കുമ്പോൾ പോലീസ് അവരുടെ ഫോൺ നമ്പരും വ്യക്തിഗതവിവരങ്ങളും വാങ്ങിയിട്ട് അവരുടെ കുടുംബാംഗങ്ങളെ വിളിക്കുന്ന രീതിയും നിലവിലുണ്ട്. ഇവരെ പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ കുടുംബാംഗങ്ങളെ പോ ലീസ് നിർബന്ധിക്കുന്നു. പ്രായപൂർത്തിയായ സ്ത്രീകളെ പുരുഷമേധാവിത്വ രീതിയിൽ ഇടപെടൽ നടത്തി പൊതുപ്രവർത്തനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പോലീസ് നടത്തുന്ന ഇത്തരം ഹീനമായ നീക്കങ്ങളും കത്തിൽ പരാമർശിക്കുന്നുണ്ട്.


(ദി ടെലഗ്രാഫ്, 3-1-2024)

Share this post

scroll to top