സഖാവ് ലെനിന്റെ ദീപ്തമായ ജീവിത സമരത്തിന്റെ ഏതാനും ഏടുകൾ

vladimir-lenin-portrait-russian-founder-of-the-soviet-communist-party-ERGCM7-1.jpg
Share

അതികായനായ മാർക്സിസ്റ്റും സോവിയറ്റ് വിപ്ലവത്തിന്റെ ശില്പിയും മാർക്സിസ്റ്റ് ദർശനത്തിന് സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും യുഗത്തിൽ ശരിയായ ധാരണ പ്രദാനം ചെയ്ത മഹാനുമായ സഖാവ് ലെനിൻ 1924 ജനുവരി 21ന് അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന്റെ ചരമശതാബ്ദി വർഷത്തിലൂടെ നാമിന്ന് കടന്നു പോവുകയാണ്. കാലഹരണപ്പെട്ട, മൃതമായ, തീർത്തും പിന്തിരിപ്പനായി മാറിക്കഴിഞ്ഞ മുതലാളിത്ത – സാമ്രാജ്യത്വത്തെ നിഷ്കാസനം ചെയ്യാന്‍ സ്വപ്നംകാണുന്ന ഏവരെയും സംബന്ധിച്ച് തൊഴിലാളിവർഗ്ഗത്തിന്റെ ഈ മഹാനായ നേതാവിനെ സ്മരിക്കാതിരിക്കാനാവില്ല. ലോകവിപ്ലവത്തെ ത്വരിതപ്പെടുത്തുവാനായി പരിശ്രമിക്കുന്നവർ, അദ്ദേഹത്തിന്റെ വിപ്ലവ ജീവിതവും ദീപ്തമായ സമരവും അനുസ്മരിക്കാനും വിവിധ രാജ്യങ്ങളിലെ വസ്തുനിഷ്ഠ സാഹചര്യങ്ങളിൽ അവ പ്രയോഗിക്കുവാനും ബാദ്ധ്യസ്ഥരായിരിക്കുന്നു.
ഈ യുഗത്തിലെ സമുന്നതനായ മാർക്സിസ്റ്റ് ചിന്തകനും മാർക്സ്-ഏംഗൽസ്-ലെനിൻ-സ്റ്റാലിന്‍-മാവോ സെ തുങ് എന്നിവരുടെ അർഹനായ പിന്തുടർച്ചക്കാരനുമായ സഖാവ്‌ ശിബ്‌ദാസ് ഘോഷ് സ്ഥാപിച്ച, ഇന്ത്യൻ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായ നമ്മുടെ പാർട്ടി അതീവ പ്രാധാന്യത്തോടെ ഈ കർത്തവ്യം ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രോലിറ്റേറിയൻ ഇറ, വിവിധ അദ്ധ്യായങ്ങളിലായി കാലക്രമത്തിലുള്ള അദ്ദേഹത്തിന്റെ ജീവിത സമരവും പാഠങ്ങളും പ്രസിദ്ധീകരിക്കുകയാണ്. ആദ്യ ഭാഗമാണിത്.


ലെനിന്റെ ബാല്യകാലം


ലെനിന്റെ യഥാർത്ഥ പേര് വ്ലാഡിമിർ ഇല്ല്യിച്ച് ഉല്യനോവ് എന്നാണ്. സാറിസ്റ്റ് റഷ്യയിലെ വോൾഗാ നദിയുടെ തീരത്തുള്ള സിംബിർസ്ക് (ഇപ്പോഴത്തെ ഉല്യനോവ്സ്ക്)ലെ സ്ട്രീലിറ്റ്സ്കയ ഉലിറ്റ്സയിൽ 1870 ഏപ്രിൽ 22 നാണ് അദ്ദേഹത്തിന്റെ ജനനം. സമര്‍ത്ഥനായ വിദ്യാർത്ഥിയായിരുന്നു ലെനിൻ. പഠിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കൊണ്ടുതന്നെ എല്ലാത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. എല്ലാം വളരെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ലെനിൻ ചെയ്തത്. സത്യം മനസ്സിലാക്കാനുള്ള ഉത്സാഹം ബാല്യത്തിൽത്തന്നെ അദ്ദേഹത്തിൽ പ്രകടമായിരുന്നു.
സാഷ എന്നു വിളിച്ചിരുന്ന അലക്‌സാണ്ടർ ഉല്യാനോവ് അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. വളരെ ചിന്താശീലനായിരുന്ന, ബുദ്ധികൂർമ്മതയുള്ള, ശ്രദ്ധാലുവായ, പഠനത്തിൽ സമര്‍ത്ഥനായ ആളായിരുന്നു അദ്ദേഹവുമെന്ന് ഗുരുനാഥന്മാർ പ്രശംസിച്ചിരുന്നു. ചെറുപ്പത്തിൽ ലെനിൻ ക്ഷിപ്രകോപിയായിരുന്നു. പക്ഷേ, അലക്സാണ്ടർ ശാന്തനും ആത്മസംയമനമുള്ള ആളുമായിരുന്നു. സഹോദരനെ മാതൃകയാക്കിയ ലെനിൻ തന്റെ പരാധീനതകളെ അതിജീവിച്ച് ആത്മസംയമനമുള്ളയാളായി മാറി. പിന്നീടുള്ള ജീവിതത്തിൽ ഒരിക്കലും അദ്ദേഹത്തെ ക്ഷിപ്രകോപിയായി കണ്ടിട്ടില്ല. സഹോദരി വലിയ ക്ഷമയോടെ പിയാനോ പരിശീലിക്കുമായിരുന്നു. ലെനിൻ അത് മാതൃകയാക്കി. ജീവിതത്തിലുടനീളം ഈ സ്വഭാവഗുണങ്ങൾ അദ്ദേഹത്തിൽ ഉൾച്ചേർന്നിരുന്നു എന്ന് മൂത്ത സഹോദരി സ്മരിക്കുന്നു. മറ്റുള്ളവരിൽനിന്ന് പഠിക്കാനും അവരുടെ സദ്ഗുണങ്ങൾ പരിശീലിക്കാനും അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല. വിട്ടുവീഴ്ചയില്ലാത്ത ഈ പരിശ്രമത്തിലൂടെയാണ് തന്റെ പരിമിതികളെ അദ്ദേഹം അതിജീവിച്ചത്. പിന്നീടൊരിക്കൽ പ്രകടിതമായ അദ്ദേഹത്തിലെ ഉയർന്ന വിപ്ലവഗുണങ്ങൾക്ക് അടിത്തറയായി പ്രവർത്തിച്ചത് ഇതാണ്.
റഷ്യയിലെ ഏകാധിപത്യ ഭരണത്തെ തൂത്തെറിയുവാൻ പ്രതിജ്ഞാബദ്ധനായിരുന്ന സാഷ, അനുജൻ ലെനിനിൽ വലിയ സ്വാധീനം ചെലുത്തി. 1887 മാർച്ചിൽ അലക്സാണ്ടർ രണ്ടാമനെ വകവരുത്തുവാൻ നടത്തിയ പരിശ്രമം വിജയിച്ചുവെങ്കിലും അലക്സാണ്ടറും മറ്റ് പതിനാലുപേരും ചേർന്ന് 6 വർഷത്തിനുശേഷം അലക്സാണ്ടർ മൂന്നാമനെ വധിക്കാൻ നടത്തിയ ഉദ്യമം പരാജയപ്പെട്ടു. സാർ ഭരണകൂടം അവരെ തടങ്കലിലാക്കി. രണ്ടുമാസത്തിനുശേഷം അന്ന് 21 വയസ്സുണ്ടായിരുന്ന അലക്സാണ്ടറെ തൂക്കിക്കൊന്നു. പതിനേഴുവയസ്സുമാത്രം പ്രായമുണ്ടായി രുന്ന ലെനിനിൽ ഈ രക്തസാക്ഷിത്വം വലിയ വേദന ഉളവാക്കി. കസാൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന ലെനിൻ, സഹോദരന്റെ അകാല വിയോഗത്തെത്തുടർന്ന് സാർവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ചേർന്നു. സാഷയും അദ്ദേഹത്തിന്റെ സമരവും കുഞ്ഞനുജനിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് ഇത് സൂചിപ്പിക്കുന്നു.


മാർക്സിസത്തോട് അടുക്കുന്നു


വിദ്യാർത്ഥിയായിരിക്കെയാണ് ലെനിന്‍ മാർക്സിസ്റ്റ് ദർശനത്തോട് അടുക്കുന്നത്. റഷ്യയിലെ ഒരു മാർക്സിസ്റ്റ് നേതാവായ ജോർജ്ജി പ്ലഖ്നോവും മറ്റുചിലരും ചേർന്ന് ആദ്യത്തെ റഷ്യൻ മാർക്സിസ്റ്റ് വിപ്ലവ സംഘടന-തൊഴിലാളി വിമോചനം-1883ൽ ജനീവയിൽ രൂപീകരിച്ചിരുന്നു. റഷ്യയിൽ മാർക്സിസം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഈ സംഘടനയിലൂടെയാണ് ലെനിൻ മാർക്സിസത്തെ പരിചയപ്പെടുന്നത്. പ്ലഖ്നോവിനെ തന്റെ ഗുരുനാഥനായി ലെനിൻ കരുതി. എന്നാല്‍ പ്രത്യയശാസ്ത്ര പഠനത്തിൽ മാത്രം അദ്ദേഹം ഒതുങ്ങിനിന്നില്ല. വിപ്ലവം നയിക്കാനുള്ള ഏറ്റവും വികസിതമായ വർഗ്ഗമായാണ് തൊഴിലാളിവർഗ്ഗം ചരിത്രപരമായി ഉദയംചെയ്തത് എന്ന മാർക്സിന്റെ പാഠം ബോദ്ധ്യപ്പെട്ടുകൊണ്ട്, തൊഴിലാളികളുടെ പാർപ്പിടങ്ങൾ സന്ദർശിച്ചുകൊണ്ട് അവരുമായി സ്വതന്ത്രമായി ഇടപെട്ടു. മോചനത്തിന്റെ വഴികാട്ടുന്ന മാർക്സിസത്തിന്റെ ആശയങ്ങൾ അവരിൽ സന്നിവേശിപ്പിക്കാനായി അവിടെ പഠന സർക്കിളുകൾ സംഘടിപ്പിച്ചു.


നരോദിസത്തിനെതിരെയുള്ള ലെനിന്റെ പോരാട്ടം


നരോദിസം(റഷ്യൻ ഭാഷയില്‍ ജനകീയം എന്ന് അർത്ഥം-പത്രാധിപർ ) എന്ന പേരിൽ, സാറിനെതിരെ സമരം നയിച്ചിരുന്ന റഷ്യയിലെ ഒരു വിഭാഗം ബുദ്ധിജീവികൾ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം 1860കളിലും 1870കളിലും റഷ്യൻ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അക്കാലത്ത് സമൂഹത്തിൽ ന്യൂനപക്ഷമായിരുന്ന വ്യാവസായിക തൊഴിലാളികളെ പരിഗണിക്കാതെ, കർഷകരുടെ വിപ്ലവത്തിലൂടെയുള്ള “കാർഷിക കമ്മ്യൂണിസ”ത്തിലാണ് നരോദനിക്കുകൾ വിശ്വസിച്ചിരുന്നത്. രണ്ടാമതായി, പ്രാകൃത കമ്മ്യൂണിസത്തിൽനിന്നും കാലക്രമത്തിൽ മുതലാളിത്തത്തിലേക്കും തുടർന്ന് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലേക്കുമുള്ള മനുഷ്യസമൂഹത്തിന്റെ അനിവാര്യമായ സാമൂഹിക പരിണാമത്തിന്റെയും ചരിത്രപരമായ വികാസത്തിന്റെയും മാർക്സിസ്റ്റ് തത്വങ്ങളെ അവർ വളച്ചൊടിച്ചു. കർഷകരുടെ ജീവിതം ‘മിർ’ എന്നറിയപ്പെടുന്ന സാമുദായിക ഭൂവുടമസ്ഥതയുടെ പരമ്പരാഗത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാകയാൽ റഷ്യയിൽ അത് സാദ്ധ്യമല്ലെന്ന് അവർ വാദിച്ചു. റഷ്യയിൽ മുതലാളിത്തം തീർത്തും ‘ആകസ്മിക’മാണെന്നും അത് അവികസിതമാണെന്നും അവർ പറഞ്ഞു. അതിനാൽ ആ രാജ്യത്ത് തൊഴിലാളി വർഗ്ഗം വളരുകയില്ല. റഷ്യയിലെ ജനങ്ങൾ വളരെ പാപ്പരായതിനാൽ ഒരു ദേശീയകമ്പോളം അവിടെയില്ലെന്നും അവർ വിശ്വസിച്ചു. അതിനാൽ വിപ്ലവം നയിക്കാനുള്ള വർഗ്ഗമായി തൊഴിലാളി വർഗ്ഗത്തെ അവർ പരിഗണിച്ചില്ല.


ഭരണത്തിലുള്ള വിജയകരമായ ഒരു മാറ്റത്തിലൂടെ ഇടയ്ക്കുള്ള മുതലാളിത്ത ഘട്ടമില്ലാതെതന്നെ രാജവാഴ്ചയിൽ നിന്നും ആധുനിക സോഷ്യലിസത്തിലേക്ക് റഷ്യക്ക് കാൽവയ്ക്കാനാകുമെന്നവർ ധരിച്ചു. ‘മിർ’ ഉം ഗ്രാമങ്ങളിൽ ഉണ്ടായിരുന്ന ഉൽപാദകരുടെ സഹകരണ വ്യവസ്ഥയായ ‘ആർട്ടൽ’ എന്നിവയും ചേർന്ന് സമൂഹത്തിന് ഗുണകരമായ ഒരു ഉല്പാദന വിതരണ സമ്പ്രദായം ഉരുത്തിരിയുമെന്നവർ കരുതി. ഏകാധിപത്യത്തെ തൂത്തെറിഞ്ഞ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന് ബീജാവാപം ചെയ്യുന്ന ഗ്രാമീണ കമ്മ്യൂൺ വ്യവസ്ഥ സ്ഥാപിക്കാനുള്ള വിപ്ലവകരമായ വർഗ്ഗമായി കർഷകരെ നരോദനിക്കുകൾ കരുതി. അതുകൊണ്ടുതന്നെ അവർ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായി തൊഴിലാളിവർഗ്ഗത്തെ പരിഗണിക്കാതിരിക്കുകയും അതുവഴി മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ നിരാകരിക്കുകയും ചെയ്തു.


സമൂഹത്തിലെ ചില ശ്രേഷ്‌ഠ വ്യക്തിത്വങ്ങളാണ്-ഹീറോകൾ- ചരിത്രം സൃഷ്ടിക്കുന്നതെന്നും സാധാരണ ജനങ്ങൾ ബോധപൂർവ്വമായ സംഘടിത പ്രവർത്തനം നടത്താൻ കഴിവില്ലാത്തവരാണെന്നും അവർ ധരിച്ചു. അതുകൊണ്ടുതന്നെ തൊഴിലാളികളെയും കർഷകരെയും ഉൾപ്പെടുത്തി നടത്തേണ്ടുന്ന വിപ്ലവ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും വ്യക്തിപരമായ തീവ്രവാദ പ്രവർത്തനം സ്വീകരിക്കുകയും ചെയ്തു. റഷ്യയിൽ വിപ്ലവകരമായ മാർക്സിസത്തിന്റെ പ്രചാരണത്തിന് ഇത് പ്രതിബന്ധം സൃഷ്ടിച്ചു.
അക്കാലത്ത് വിപ്ലവത്തോട് ആഭിമുഖ്യം പ്രദർശിപ്പിച്ച ബുദ്ധിജീവികൾ മാനേജ്മെന്റുകൾക്കെതിരെ സമരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, പണിയെടുക്കുന്നവരുമായി ബന്ധം സ്ഥാപിച്ചു. പ്ലഖ്നോവും സുഹൃത്തുക്കളും ഈ ഗ്രൂപ്പുകളോട് യോജിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങളാണ് റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി (ആർഎസ്ഡിഎൽപി)യുടെയും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രൂപീകരണത്തിൽ കലാശിച്ചത്. നരോദനിക്കുകളുടെ തെറ്റായ വീക്ഷണങ്ങൾക്കെതിരെ ആദ്യമായി മാർക്സിസ്റ്റ് വിമർശനം നടത്തിയത് പ്ലഖ്‌നോവ് ആയിരുന്നു. ‘ചരിത്രത്തിൽ ഏകാത്മകവാദത്തിന്റെ വികാസത്തെപ്പറ്റി’ എന്ന പുസ്തകത്തിലൂടെ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹം വിശദീകരിച്ചു. റഷ്യൻ മാർക്സിസ്റ്റുകളുടെ ഒരു തലമുറയെയാകെ ഈ ഗ്രന്ഥം പരിപോഷിപ്പിച്ചു എന്ന് ലെനിൻ ശ്ലാഘിച്ചു. (ലെനിൻ: തിരഞ്ഞെടുത്ത കൃതികൾ വാല്യം XIV പേജ് 347) നരോദനിക്കുകൾക്കെതിരെയുള്ള പ്ലഖ്നോവിന്റെ എഴുത്തും സമരവും വിപ്ലവകാരികളായ ബുദ്ധിജീവികൾക്കിടയിലുള്ള നരോദിസത്തിന്റെ സ്വാധീനം കുറച്ചു. പക്ഷേ, നരോദനിക്കുകളുടെ പ്രത്യയശാസ്ത്രപരമായ പരാജയം അപ്പോഴും പൂർണ്ണമായില്ല. വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗമാണ് കർഷകരെ നയിക്കേണ്ടതെന്നും കർഷകരുമായുള്ള സഖ്യത്തിൽ മാത്രമേ സാറിസത്തിനെതിരെ വിജയിക്കാനാവുമെന്നും മനസ്സിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. റഷ്യയിൽ മാർക് സിസത്തിന്റെ തുടക്കക്കാരനായ പ്ലഖ്‌നോവ് പിന്നീടൊരു കാലത്ത് നരോദിസത്തിന്റെ സ്വാധീനത്തിലായി എന്ന് കാണാം.


ലെനിനാണ്, മാർക്സിസത്തെക്കുറിച്ചുണ്ടാക്കിയ ആഴത്തിലുള്ള അറിവിന്റെ അടിസ്ഥാനത്തിൽ നരോദിസത്തിന് അന്തിമമായി തിരിച്ചടി നൽകിയത്. 1884ൽ അദ്ദേഹം എഴുതിയ ‘ജനങ്ങളുടെ സുഹൃത്തുക്കൾ എന്നാൽ എന്താണ്; സോഷ്യൽ ഡെമോക്രാറ്റുകൾക്കെതിരെ അവർ പോരാടുന്നതെങ്ങനെ’ എന്ന പുസ്തകത്തിൽ അദ്ദേഹം നരോദനിക്കുകളുടെ യഥാർത്ഥ സ്വഭാവം തുറന്നുകാണിച്ചു. അവർ ജനങ്ങളുടെ തെറ്റായ സുഹൃത്തുക്കളാണെന്നും പണിയെടുക്കുന്നവരുടെ താത്പര്യത്തിനെതിരായിട്ടാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാറിസ്റ്റുകളെയും ഭൂപ്രഭുക്കന്മാരെയും ബൂർഷ്വാസിയെയും നിഷ്കാസിതരാക്കാനായി, തൊഴിലാളികളുടെയും കർഷകരുടെയും വിപ്ലവകരമായ മുന്നണിയാണ് ആദ്യമായി ഉണ്ടാകേണ്ടതെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ഒരു വർഷത്തിനുശേഷം രൂപംകൊണ്ട തൊഴിലാളിവർഗ്ഗത്തിന്റെ മോചന സമരത്തിനായുള്ള ‘സെന്റ് പീറ്റേഴ്സ്ബർഗ്ഗ് ലീഗിൽ’ ആണ് തൊഴിലാളികൾ കർഷകരുമായി ഉണ്ടാക്കിയ ഐക്യത്തിന് തുടക്കമിട്ടത്. റഷ്യയിൽ മാർക്സിസത്തിന്റെ വ്യാപനത്തിനും ഒരു തൊഴിലാളിവർഗ്ഗ വിപ്ലവ പാർട്ടിയുടെ രൂപീകരണത്തിനും വഴിയൊരുക്കിയത് അതായിരുന്നു.


1890നും 1897നുമിടയിൽ, സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട അവസരത്തിൽ അദ്ദേഹം രചിച്ച ‘റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസം’ എന്ന പുസ്തകത്തിലൂടെ റഷ്യയിൽ മുതലാളിത്തം വികസിക്കുകയില്ല എന്ന വീക്ഷണത്തെ ശക്തമായി തുറന്നു കാണിച്ചു. ഈ പുസ്തകത്തിലൂടെ ഏറ്റവും വികസിതമായ രാഷ്ട്രീയ ശക്തിയായി തൊഴിലാളിവർഗ്ഗത്തെ എങ്ങനെയാണ് ചരിത്രം നിയോഗിച്ചിരിക്കുന്നത് എന്നദ്ദേഹം വ്യക്തമായി വിശദീകരിച്ചു. “ചരിത്ര പ്രകിയയിൽ തൊഴിലാളിവർഗ്ഗത്തിന്റെ ശക്തി അതിന്റെ എണ്ണത്തെ അപേക്ഷിച്ച് അളക്കാനാവാത്തവിധത്തിൽ വലുതാണ്” എന്നദ്ദേഹം സൂചിപ്പിച്ചു. 1957ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഈ പുസ്തകം 75 പതിപ്പുകളിലായി 3,372,000 കോപ്പികൾ, 20 റഷ്യൻ അനുബന്ധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ചൈനീസ്, ചെക്ക്, ഹംഗേറിയൻ, ജാപ്പനീസ്, ടർക്കിഷ് ഭാഷകളിലും പ്രസിദ്ധീകരിച്ചു.
കാർഷികരംഗത്തും മുതലാളിത്തത്തിന്റെ കടന്നുകയറ്റമുണ്ടായതിന്റെ ചില ലക്ഷണങ്ങളും അദ്ദേഹം എണ്ണമിട്ടു പറഞ്ഞു. ഒന്ന്, ഭൂമിക്കുമേലുള്ള സ്വകാര്യ ഉടമസ്ഥതയുടെ സ്ഥാപനവും അതിസമ്പന്നരുടെ കൈയിലേക്കുള്ള കേന്ദ്രീകരണവും. രണ്ട്, കൈവശമുണ്ടായിരുന്ന കൃഷിഭൂമി നഷ്ടമായതിലൂടെ ദരിദ്രകർഷകർ ഫലത്തിൽ ഭൂമിയില്ലാത്ത തൊഴിലാളികളായി മാറപ്പെട്ട അവസ്ഥ. മൂന്ന്, കാർഷിക ഉല്പന്നങ്ങൾ ദേശീയ കമ്പോളത്തിലെ ചരക്കായി മാറ്റപ്പെടുന്നു. ആഴത്തിലുള്ള ഈ വിശകലനങ്ങൾ, റഷ്യൻ സമൂഹത്തിൽ നരോദനിക്കുകളുടെ സ്വാധീനം വളരെയേറെ കുറയാന്‍ ഇടവരുത്തി. ജന്മിത്തവ്യവസ്ഥയുടെ ചില ശേഷിപ്പുകള്‍നിലനില്‍ക്കെത്തന്നെ, കാർഷിക മേഖല എങ്ങനെയാണ് മുതലാളിത്ത രീതിയിലേക്ക് പരിവർത്തനപ്പെടുന്നത് എന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടവരുടെ കണ്ണു തുറപ്പിക്കുന്ന ഒന്നായിരുന്നു അത്. ഇന്ത്യൻ കാർഷിക വ്യവസ്ഥ മുതലാളിത്ത സ്വഭാവമാർജ്ജിച്ചതിനെ സംബന്ധിച്ച് നമ്മുടെ നാട്ടിലെ കപട കമ്മ്യൂണിസ്റ്റുകൾക്കും ഇതേ ചിന്താക്കുഴപ്പമുണ്ടായിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ ലെനിന്റെ അനന്യമായ പങ്ക്
ഒന്നാമതായി, റഷ്യൻ മണ്ണിന്റെ സമൂർത്തസാഹചര്യത്തിൽ മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ പ്രയോഗത്തിന്റെ വ്യതിരിക്തമായ പാത ലെനിനാണ് ചൂണ്ടിക്കാട്ടിയത് എന്നതിൽ സംശയമില്ല. രണ്ടാമതായി, തൊഴിലാളി വർഗ്ഗത്തിന്റെയും പണിയെടുക്കുന്ന എല്ലാവിഭാഗങ്ങളുടെയും മോചനത്തിനായി സാറിസ്റ്റ് ഭരണത്തെ തൂത്തെറിയേണ്ടതുണ്ടെന്നും അതിനായി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കണമെന്നും ബോദ്ധ്യപ്പെട്ടത് ലെനിനു മാത്രമാണ്. നാടുകടത്തപ്പെട്ട നാളുകളിൽ, മാർക്സിസത്തിൽ വിശ്വസിക്കുന്ന ഏതാനും ആളുകളെ വിളിച്ചുകൂട്ടിക്കൊണ്ട് ആർഎസ്ഡിഎൽപിയുടെ ഒന്നാം പാർട്ടി കോൺഗ്രസ് നടത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. അവരിൽ പലർക്കുമുണ്ടായിരുന്ന പ്രത്യയശാസ്ത്രപരമായ പരിമിതികൾ കാരണം അന്നതിന് കഴിഞ്ഞില്ല.


റഷ്യയിലെ സാഹചര്യത്തിന് ഇണങ്ങുന്ന ഒരു രാഷ്ട്രീയ പത്രത്തിന്റെയും ആവശ്യകത ഉണ്ടായിരുന്നു. ലെനിൻ നിരീക്ഷിച്ചു: “ഇസ്ക്ര എന്ന രാഷ്ട്രീയ പത്രത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും നമ്മുടെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുന്നതിനെ സംബന്ധിച്ചും നമ്മുടെ ലക്ഷ്യത്തെ സംബന്ധിച്ചും ചില കാര്യങ്ങൾ പറയാം….അടുത്തകാലത്ത് നമ്മുടെ സംഘടനയിൽ കണ്ടുവരുന്ന അനൈക്യവും പക്വതയില്ലായ്മയും ഒരു പ്രധാന പ്രശ്നമായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്… ഈ നിർണ്ണായകമായ സാഹചര്യത്തിൽ നമുക്കിന്നുള്ള വ്യാപ്തിക്കും ശക്തിക്കും തീരെ നിരക്കാത്ത പ്രവണതയാണ് ഈ അനൈക്യം. ഈ പ്രസ്ഥാനത്തെ തകർക്കാനാവാത്ത ഒരു ശക്തിയാക്കി, പ്രത്യേക രൂപവും സംഘടനാക്രമവും ഉണ്ടാക്കാനുള്ള ഏകീകരണമാണിന്ന് ആവശ്യം … വിവിധ ആശയങ്ങളുടെ ഒരു സംഭരണശാലയായി പ്രസിദ്ധീകരണത്തിനെ മാറ്റാൻ നാം ആഗ്രഹിക്കുന്നില്ല. കൃത്യമായി നിർവ്വചിക്കപ്പെട്ട ഒരു പ്രവണതയുടെ ഉശിരോടെയാണ് നാമതു ചെയ്യുന്നത്. ഈ പ്രവണതയെയാണ് മാർക്സിസം എന്ന വാക്കിൽ നാം പ്രകാശിപ്പിക്കുന്നത്; മാർക്സിന്റെയും ഏംഗൽസിന്റെയും ആശയങ്ങളെ നിരന്തരമായി വികസിപ്പിക്കുകയാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. മറിച്ച്, “തിരുത്തലുകൾ” എന്ന പേരിലുള്ള ദ്വയാർത്ഥപരവും പൊള്ളയുമായ അവസരവാദ പ്രയോഗത്തിന് നാം തീർത്തും എതിരുമാണ്.” (ഇസ്ക്രയുടെ പത്രാധിപ സമിതിയുടെ പ്രഖ്യാപനം, ലെനിൻ തിരഞ്ഞെടുത്ത കൃതികള്‍ വാല്യം IV) “സോഷ്യൽ ഡമോക്രസിയുടെ ഒരു മുഖപത്രം സ്ഥാപിക്കുക എന്നതാണ് ഈ പാതയിലെ ആദ്യ ചുവടു വയ്‌പ്പ് ” (ഇസ്ക്രയുടെയും സയാറയുടേയും പത്രാധിപ സമിതിയുടെ കരട് പ്രഖ്യാപനം) “പത്രം ഒരു കൂട്ടായ പ്രചാരകനും പ്രക്ഷോഭകനും മാത്രമല്ല; അതൊരു കൂട്ടായ സംഘാടകനുമാണ്. കെട്ടിടനിർമ്മാണ സമയത്ത് അതിന് ചുറ്റും ഉയർത്തുന്ന താൽക്കാലിക തട്ടുമായി താരതമ്യം ചെയ്യാം. അത് നിർമ്മാണത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നു; പണിയാളർ തമ്മിലുള്ള ആശയവിനിമയം സാദ്ധ്യമാക്കുന്നു, ജോലികൾ വിന്യസിക്കാനും സംഘടിതമായ അദ്ധ്വാനത്തിന്റെ ഫലം നിരീക്ഷിക്കുവാൻ സഹായമാവുകയും ചെയ്യുന്നു” (ലെനിന്‍: എന്തു ചെയ്യണം)
യഥാർത്ഥത്തിൽ, അന്നത്തെ റഷ്യയിൽ നിലനിന്നിരുന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ രംഗത്തെ വിവിധ ചിന്താക്കുഴപ്പങ്ങൾ ഇല്ലാതാക്കാൻ ഇസ്ക്ര ഒരു വലിയ പങ്കുവഹിച്ചതായി നാം കാണുന്നു. “ഈ സംഘടനയെ വികസിപ്പിക്കാനും ആഴത്തിൽ വേരോട്ടമുണ്ടാക്കിക്കൊണ്ട് അചഞ്ചലമായി നിലനിൽക്കാനായി മുറുകെ പിടിക്കാവുന്നതായി ഒരു അഖില റഷ്യൻ രാഷ്ട്രീയ പത്രമായിരിക്കണം നമ്മുടെ ആദ്യത്തെ ലക്ഷ്യം. (അതായത് ഏതൊരു സാമൂഹിക പ്രതിഷേധത്തെയും പൊട്ടിത്തെറിയെയും പിന്തുണയ്ക്കാനായി സർവ്വഥാ തയ്യാറായിരിക്കുന്ന ഒരു വിപ്ലവ സംഘടന)” (ലെനിന്‍: എന്തു ചെയ്യണം)


റഷ്യയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന്റെ മറ്റൊരു തടസ്സം, സാമ്പത്തികവാദികളായ ഒരു വിഭാഗത്തിന്റെ സ്വാധീനമായിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ഒരേയൊരു ദൗത്യം, അവരവരുടെ സാമ്പത്തിക നിലയിൽ അഭിവൃദ്ധിയുണ്ടാക്കുക എന്നതാണെന്നവർ വിശ്വസിച്ചു. രാഷ്ട്രീയ പോരാട്ടങ്ങളിൽ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. അത് ലിബറൽ ബൂർഷ്വാസിയുടെ ജോലിയായവർ കരുതി. ‘എവിടെ നിന്നു തുടങ്ങണം’ (തിരഞ്ഞെടുത്ത കൃതി, വാല്യം V) എന്ന ലഘുലേഖയിലൂടെ ലെനിൻ അതിന് മറുപടി നൽകി. “പാർട്ടിയുടെ പ്രായോഗിക പ്രവർത്തനത്തെ സംബന്ധിക്കുന്ന, സമരത്തിന്റെ സ്വഭാവത്തെയും രീതികളെയും കുറിച്ചുള്ള, പ്രാഥമികമായ വിഷയങ്ങളിലുള്ള ചോദ്യങ്ങൾ പരിഹരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നതും അത് പ്രത്യയശാസ്ത്രപരമായ സ്ഥിരതക്ക് ഭംഗമുണ്ടാക്കുകയും ചാഞ്ചാട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു എന്നതും നാം സമ്മതിച്ചേ മതിയാവൂ. ‘സാമ്പത്തികവാദ’ പ്രവണതയാകട്ടെ മണ്ണടിഞ്ഞില്ലെന്നു മാത്രമല്ല, രാഷ്ട്രീയ സംഘടനയെയും അതിന്റെ സമരങ്ങളെയും തടസ്സപ്പെടുത്തുകയുമാണ്… (അതിനാൽ) അതില്ലാതാക്കേണ്ടത് പ്രധാന ഉത്തരവാദിത്വമായും സ്ഥിരമായ ആവശ്യകതയായും സംഘടനയാകമാനം കരുതണം. അറിയിപ്പുണ്ടായാൽ ഒരു നിമിഷംകൊണ്ട് തയ്യാറാകുവാനും പ്രവർത്തനക്ഷമമാകാനും പാർട്ടിക്ക് കഴിയണം.” ഇരുപത്തിനാലു മണികൂറിനകം തന്ത്രം മാറ്റുക! ” എന്നാൽ തന്ത്രം മാറ്റണമെങ്കിൽ ഒരു തന്ത്രം ഉണ്ടാവണം; എല്ലാ സാഹചര്യത്തിലും ഓരോ സമയത്തും രാഷ്ട്രീയ സമരം അഴിച്ചുവിടാൻ ത്രാണിയുള്ള ശക്തമായ സംഘടനയില്ലാതെ, തന്ത്രം എന്ന് യഥാർത്ഥത്തിൽ വിളിക്കാവുന്ന, ഉറച്ചതത്വങ്ങളാൽ നയിക്കപ്പെടുന്ന കൃത്യതയുള്ള പദ്ധതിയോ അതിന്റെ ത്വരിതഗതിയിലുള്ള നടത്തിപ്പോ സാദ്ധ്യമല്ല.” ഇതിലൂടെ അദ്ദേഹം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രേഖാചിത്രം വരച്ചിട്ടു. പിന്നീട് ‘എന്തു ചെയ്യണം’ എന്ന വിഖ്യാതമായ കൃതിയിലൂടെ (തിരഞ്ഞെടുത്ത കൃതി, വാല്യം V) അദ്ദേഹം ഈ സങ്കല്പത്തെ വിപുലപ്പെടുത്തിക്കൊണ്ട് ഒരു വിപ്ലവ പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയ്ക്കു രൂപംനൽകി.


സാമ്പത്തിക വാദികളുടെ നിർദ്ദേശങ്ങളെ നിരാകരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി: “ഒരു വിപ്ലവ സിദ്ധാന്തമില്ലാതെ വിപ്ലവപ്രസ്ഥാനമുണ്ടാവില്ല… മുന്നണിപ്പോരാളിയുടെ പങ്ക് നിറവേറ്റാൻ ഏറ്റവും ഉന്നതമായ ആശയത്താൽ നയിക്കപ്പെടുന്ന ഒരു പാർട്ടിക്കേ കഴിയൂ എന്നു മാത്രം പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു: “തൊഴിലാളികളിൽ ഇപ്പോഴും സോഷ്യൽ ഡമോക്രാറ്റിക്ക് അവബോധം ഉണ്ടായിവന്നിട്ടില്ല. അവര്‍ക്ക് പുറത്തുനിന്നും അതുണ്ടായിവന്നേ തീരൂ. ഏതു രാജ്യമെടുത്താലും അവിടുത്തെ തൊഴിലാളിവർഗ്ഗത്തിന് അവരുടേതായ നിലയ്ക്ക് പരമാവധി നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത് ട്രേഡ് യൂണിയൻ അവബോധം മാത്രമാണ്. അതായത്, യൂണിയനിൽ ഒന്നിക്കുക, മുതലാളിമാരോട് പോരാടുക, അവശ്യമായ തൊഴില്‍ നിയമങ്ങൾ പാസ്സാക്കിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക – ഇത്യാദി അവബോധമാണത്. സോഷ്യലിസ്റ്റ് തത്വങ്ങൾ വളർന്നു വന്നത് വിദ്യാസമ്പന്നരായ സമ്പന്നവർഗ്ഗത്തിലെ പ്രതിനിധികളും ബുദ്ധിജീവികളും വിശദീകരിച്ച പ്രത്യയശാസ്ത്രപരവും ചരിത്രപരവും സാമ്പത്തികപരവുമായ തത്വങ്ങളിൽ നിന്നാണ്. ആധുനിക ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഉപജ്ഞാതാക്കളായ മാർക്സും ഏംഗൽസും പോലും അവരുടെ സാമൂഹികാവസ്ഥ വച്ചു നോക്കിയാൽ ബൂർഷ്വാ ബുദ്ധിജീവി വിഭാഗത്തിൽ പെട്ടവരായിരുന്നു. റഷ്യയിൽ സോഷ്യൽ ഡമോക്രസി(അക്കാലത്തെ സോഷ്യൽ ഡമോക്രാറ്റുകൾ മാർക്സിസ്റ്റുകളായിരുന്നു)യുടെ തത്വചിന്താപരമായ തത്വങ്ങൾ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൽ നിന്നല്ല മറിച്ച്, വിപ്ലവകാരികളായ സോഷ്യലിസ്റ്റ് ബുദ്ധിജീവികളിലൂടെ സ്വതന്ത്രമായാണ് ആവിർഭവിച്ചത്. നാം സംസാരിക്കുന്ന, അതായത്, 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ഈ തത്വങ്ങൾ തൊഴിലാളി വിഭാഗത്തിന്റെ വിമോചനത്തിൽ മാത്രമല്ല; റഷ്യയിലെ ഭുരിപക്ഷം വരുന്ന വിപ്ലവ യുവജന വിഭാഗത്തിന്റെയും പക്ഷത്തായിരുന്നു. ഞാൻ ഉറപ്പിക്കുന്നതെന്തെന്നാൽ ഒന്ന്, നൈരന്തര്യം പുലർത്തുന്ന ഉറപ്പായ നേതാക്കളില്ലാതെ ഒരു വിപ്ലവപ്രസ്ഥാനത്തിന് മുന്നേറാനാവില്ല. രണ്ട്, ജനങ്ങൾ ധാരാളമായി പ്രസ്ഥാനത്തിലേക്ക് പൊടുന്നനെ ചേരുകയും പ്രസ്ഥാനത്തിൽ പങ്കാളികളാവുകയും ചെയ്യുമ്പോൾ അത് ഉറച്ച സംഘടനയായിരിക്കേണ്ടത് ആവശ്യമായിവരും. (ജന നേതാക്കളായി നടിച്ചു കടന്നുവരുന്നവർക്ക് ജനങ്ങളിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കൈയിലെടുക്കാൻ എളുപ്പമായിത്തീരും) മൂന്ന്, ആ സംഘടന പ്രധാനമായും പ്രൊഫഷണൽ വിപ്ലവകാരികൾ ഉൾപ്പെട്ടതായിരിക്കണം. നാല്, ഒരു ഏകാധിപത്യ വ്യവസ്ഥയിൽ, വിപ്ലവ പ്രവർത്തനത്തിൽ ഔദ്യോഗികമായിത്തന്നെ മുഴുകിയിരിക്കുന്നവരെയും രാഷ്ട്രീയ പോലീസിനെ കലാപരമായി കൈകാര്യം ചെയ്യാൻ കഴിയുന്നവരേയും അംഗങ്ങളാക്കുകയും ചെയ്തില്ലെങ്കിൽ സംഘടനയെ എളുപ്പത്തിൽ ഇല്ലാതാക്കാൻ (ഭരണാധികാരികൾക്ക്) കഴിയും. അഞ്ച്, തൊഴിലാളിവർഗ്ഗത്തിലെയും അന്യവർഗ്ഗത്തിലെയും ജനങ്ങൾക്ക് ചേരാനും പ്രവർത്തിക്കാനും കഴിയുന്ന സംഘടനയായിരിക്കണമത്. ഈ നിർദ്ദേശങ്ങൾ തെറ്റാണെങ്കിൽ ഖണ്ഡിക്കുവാൻ നമ്മുടെ സാമ്പത്തിക വാദികളെയും തീവ്രവാദികളെയും “സാമ്പത്തിക തീവ്രവാദികളെ”യും ഞാൻ ക്ഷണിക്കുകയാണ്…. നമ്മുടെ പ്രസ്ഥാനത്തിലെ സജീവപ്രവർത്തകർ പുലർത്തേണ്ട പ്രധാന സംഘടനാതത്വം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും പ്രൊഫഷണൽ വിപ്ലവകാരികളെ പരിശീലിപ്പിക്കുന്നതിലുമുള്ള കൃത്യതയാണ്. “ജനാധിപത്യ”ത്തേക്കാളേറെയായി ഈ ഗുണങ്ങളാണ് വിപ്ലവകാരികളുടെ ഇടയിൽ സഖാക്കള്‍ തമ്മിലുള്ള ദൃഢമായ ബന്ധവും വിശ്വാസവും ഉറപ്പാക്കുന്നത്. അത്തരമൊരു സംഘടനയ്ക്കു മാത്രമേ ഒരു സമരോത്സുകമായ സോഷ്യൽ-ഡെമോക്രാറ്റിക് സംഘടനക്ക് ഉതകുന്ന വഴക്കം ഉറപ്പാക്കാനാവൂ, അതായത്, സമരത്തിന്റെ ഏറ്റവും വൈവിധ്യമായതും ക്ഷണികമായി മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പെട്ടെന്ന് സ്വയം മാറിത്തീരാനുള്ള ശേഷി കൈവരിക്കാനാകൂ.” പിന്നീട് 1921ൽ ഈ സങ്കല്പത്തെ ‘പാർട്ടി സംഘടനാ തത്വങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ലഘുലേഖയിൽ വിശദീകരിച്ചു.


വരട്ടുതത്വവാദികൾക്കെതിരായ ലെനിന്റെ ആശയസമരം


തൊഴിലാളിവർഗ്ഗത്തിന്റെ സ്വന്തം സംഘടന രൂപീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി മാർക്സും ഏംഗൽസും ചേർന്ന് 1847ൽ ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ (IWA) രൂപീകരിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നത് നന്നായിരിക്കും. തൊഴിലാളിവർഗ്ഗ പ്രത്യയശാസ്ത്രത്തിന്റെയും വർഗ്ഗസമരത്തിന്റെയും അടിസ്ഥാനത്തിൽ ഇടതുപക്ഷ സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, ട്രേഡ് യൂണിയനുകൾ എന്നിവയെ സാർവ്വദേശീയമായി ഐക്യപ്പെടുത്താനായി 1864ൽ ഒന്നാം ഇന്റർനാഷണലും സ്ഥാപിച്ചു.


പക്ഷേ ഒന്നാം ഇന്റർനാഷണലിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചേർന്നപ്പോൾ മുതലാളിത്ത വിരുദ്ധ വിപ്ലവമെന്ന ലക്ഷ്യം യഥാർത്ഥത്തിൽ ഉണ്ടായി വന്നില്ല. ആ കാലഘട്ടത്തിൽ മാർക്സിസത്തിന്റെ പ്രചാരണമായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റഷ്യയിൽ തൊഴിലാളിവർഗ്ഗ സമരം വികസിച്ചു വന്നപ്പോൾ സാർവ്വദേശീയ സാഹചര്യത്തിലും അടിസ്ഥാനപരമായ മാറ്റമുണ്ടായി. മാർക്സിയൻ ശാസ്ത്രത്തെ മാറിയ സാഹചര്യത്തിൽ ശരിയായി പ്രയോഗിച്ചുകൊണ്ട്, മാറ്റങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, മുതലാളിത്തം അതിന്റെ വികാസഗതിയിൽ കുത്തക സ്വഭാവമാർജ്ജിച്ച് പരമോന്നതമായ സാമ്രാജ്യത്വ ഘട്ടത്തിലെത്തിച്ചേർന്നെന്ന് ലെനിന്‍ വിശദീകരിച്ചു. ആ ഘട്ടത്തിൽ മുതലാളിത്തം മരണാസന്നമായ ഒന്നായിത്തീരുകയും മാർക്സിന്റെ കാലത്തു നാമമാത്രമായെങ്കിലും ദർശിക്കാൻ കഴിയുമായിരുന്ന പുരോഗമനസ്വഭാവം നഷ്ടപ്പെുത്തുകയും ചെയ്തു. അതിനാൽ ഈ യുഗത്തെ അദ്ദേഹം “സാമ്രാജ്യത്വത്തിന്റെയും തൊഴിലാളി വർഗ്ഗവിപ്ലവത്തിന്റെയും യുഗ”മായി നിര്‍വചിച്ചുകൊണ്ട്, ഒരു ബൂർഷ്വാ ജനാധിപത്യ വിപ്ലവംപോലും അതിന്റെ യുക്ത്യധിഷ്ഠിത പരിണതിയിലെത്തിക്കണമെങ്കിൽ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വം അനിവാര്യമായിരിക്കുന്നു എന്ന് അനുമാനിച്ചു. അതുകൊണ്ട് വിപ്ലവം ആവശ്യകതയാണ് എന്നതിലുമുപരി ഒരു അനിവാര്യതയായി മാറി. ഈ വിശകലനത്തിന്റെ വിശദീകരണം 1916ൽ എഴുതിയ അദ്ദേഹത്തിന്റെ സുപ്രധാന കൃതികളിലൊന്നായ ‘സാമ്രാജ്യത്വം-മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം’ എന്ന കൃതിയിൽ കാണാം.


ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാനുള്ള ആലോചന


ഈ പശ്ചാത്തലത്തിൽ, ആവശ്യമായ ഉപാധികൾ പൂർത്തീകരിച്ചുകൊണ്ട് ശരിയായ സ്വഭാവഗുണങ്ങൾ ഒത്തിണങ്ങിയ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ലെനിൻ ചിന്തിച്ചു. വരട്ടുതത്വ വാദികളിൽനിന്നും ഭിന്നമായി മാർക്സിസത്തെ സവിശേഷ സാഹചര്യത്തിലെ സവിശേഷ പ്രയോഗമായി, ഒരു ക്രിയാത്മക ശാസ്ത്രമായി കാണുവാനും വിശദീകരിക്കുവാനും ലെനിന് കഴിഞ്ഞു. ചിന്തയിൽ ഐക്യം ഉണ്ടാക്കാനായി പ്ലഖ്‌നോവ് ഉൾപ്പെടെയുള്ള, മാർക്സിസ്റ്റുകൾ എന്ന് സ്വയം വിശ്വസിക്കുന്നവരോട് ആരോഗ്യകരമായ സംവാദത്തിനും ആശയ വിനിമയത്തിനും ലെനിൻ ആഗ്രഹിച്ചു. ആര്‍എസ്ഡിഎല്‍പി ക്കുവേണ്ടി പ്ലഖ്നോവ് തയ്യാറാക്കിയ കരട് പരിപാടിയെക്കുറിച്ച് അദ്ദേഹവും മറ്റുള്ളവരും ലെനിനോട് കടുത്ത പ്രത്യയശാസ്ത്ര സമരം നടത്തി. ഒടുവിൽ ലെനിന്റെ വീക്ഷണങ്ങളുടെ ശരി സ്ഥാപിച്ചെടുക്കുകയും ഇസ്ക്രയുടെ 21-ാം ലക്കത്തിൽ അതിന്റെ അന്തിമ രൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു. 1917ലെ വിജയകരമായ സോവിയറ്റ് വിപ്ലവം ഇതിനെ അടിസ്ഥാനമാക്കിയാണ് നടത്തിയത്.
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാനുള്ള അവശ്യ സാഹചര്യം നിറവേറ്റാനായി ആര്‍എസ്ഡിഎല്‍പി യുടെ രണ്ടാം പാർട്ടി കോൺഗ്രസ് വിളിച്ചുകൂട്ടാൻ ലെനിൻ ആഹ്വാനം ചെയ്തു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാനുള്ള സമീപനത്തെ സംബന്ധിച്ച് ലെനിനും കപട കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള തീവ്രമായ പ്രത്യയശാസ്ത്രസമരത്തിന്റെ വേദിയായി ഈ പാർട്ടി കോൺഗ്രസ് മാറി. ലെനിൻ നയിക്കുന്ന ബോൾഷെവിക്, പരിഷ്കരണവാദികളുടെ മെൻഷെവിക് എന്നീ രണ്ടു വിഭാഗങ്ങളായി ആര്‍എസ്ഡിഎല്‍പി പരോക്ഷമായി വിഭജിക്കപ്പെട്ടു. കോൺഗ്രസ്സിന്റെ തുടക്കത്തിൽ ലെനിനെ പിന്തുണച്ച പ്ലഖ്നോവ് പിന്നീട് മെൻഷവിക്കുകളുടെ പക്ഷംചേർന്നു. ഇരു വിഭാഗങ്ങൾക്കും അവരവരുടെ മുഖപത്രമുണ്ടായി. ഇസ്ക്ര ഗ്രൂപ്പിലെ പ്രബലശക്തിയായി മെൻഷവിക്കുകൾ മാറിയപ്പോൾ, ലെനിൻ എഡിറ്റോറിയൽ ബോർഡിൽനിന്നും രാജിവച്ചു. അങ്ങനെ 52-ാം ലക്കം മുതൽ ഇസ്ക്ര മെൻഷെവിക്കുകളുടെ മുഖപത്രമായിത്തീർന്നു. ആര്‍എസ്ഡിഎല്‍പിയെ അരാജകവാദികളുടെയും അവസരവാദികളുടെയും ഒരു പാർട്ടിയാക്കി മാറ്റാനുള്ള മെൻഷെവിക്കുകളുടെ പരിശ്രമത്തിനെതിരെ 1904ൽ “ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്” എന്ന മറ്റൊരു കൃതിയും ലെനിൻ എഴുതുകയുണ്ടായി.


1905ലെ വിപ്ലവം: മെൻഷവിക്കുകളുടെ പരിഷ്കരണ വാദത്തിനെതിരെയുള്ള ലെനിന്റെ സമരം


“കറുത്ത ഞായറാഴ്ച” എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന 1905 ജനുവരി 9ന്, സമാധാനപരമായി നടന്ന തൊഴിലാളി റാലിക്കെതിരെ സാറിസ്റ്റ് പോലീസ് നടത്തിയ വിവേചനരഹിതമായ വെടിവെയ്പ്പിൽ ആയിരക്കണക്കിനു തൊഴിലാളികൾ രക്തസാക്ഷികളായി. ഇത് റഷ്യയെ ഇളക്കി മറിച്ചു. വിപ്ലവത്തിനുള്ള ഭൗതിക സാഹചര്യം രൂപപ്പെട്ടു. സാറിസ്റ്റ് ഭരണത്തെ തൂത്തെറിയുക, സായുധമായി തിരിച്ചടിക്കാനുള്ള സംഘടനയുടെ രൂപീകരിക്കുക, താത്കാലിക വിപ്ലവ സർക്കാര്‍ സ്ഥാപിക്കുക, സമരത്തിൽ ചേരാൻ കർഷകരെ ആവേശംകൊള്ളിക്കുക, സോഷ്യൽ ഡമോക്രാറ്റുകളെ കലാപത്തിൽ ഉൾക്കൊള്ളിക്കുക, ഉദാര ജനാധിപത്യവാദികളെ നിഷ്‌പക്ഷരാക്കി നിലനിർത്തുക ഇവയെല്ലാമായിരുന്നു അപ്പോഴത്തെ അടിയന്തരമായ കർത്തവ്യങ്ങൾ. ഈ ആവശ്യകതയെ മുൻനിർത്തി ആര്‍എസ്ഡിഎല്‍പിയുടെ മൂന്നാം കോൺഗ്രസ് വിളിച്ചു ചേർക്കണമെന്ന് ലെനിൻ നിർദ്ദേശിച്ചു. ഈ നിർദേശത്തെ മെൻഷെവിക്കുകൾ അനുകൂലിച്ചില്ല. 1905 ഏപ്രിലിൽ ആര്‍എസ്ഡിഎല്‍പി യുടെ മൂന്നാം കോൺഗ്രസ് ലണ്ടനിൽ ചേർന്നു. ഇതിൽ പങ്കെടുക്കാതെ മെൻഷെവിക്കുകൾ മറ്റൊരു കോൺഗ്രസ്സിന് ആഹ്വാനം ചെയ്തെങ്കിലും പ്രതിനിധികളുടെ പങ്കാളിത്തം മതിയായ അളവിലുണ്ടാകാത്തതിനാൽ അത് ഒരു സമ്മേളനത്തിൽ കലാശിച്ചു. പക്ഷേ, ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ ഒരു ഐക്യം നിലനിന്നു.
1912ല്‍ ഈ വിഭജനം പൂർണ്ണമാവുകയും ബോൾഷെവിക് പാർട്ടി തൊഴിലാളിവർഗ്ഗത്തിന്റെ ഒരു പ്രത്യേക വിപ്ലവപ്പാർട്ടിയായി തീരുകയും ചെയ്തു. ലെനിൻ ഈ സാഹചര്യത്തെ “രണ്ടു കോൺഗ്രസുകളും രണ്ടു പാർട്ടികളും” എന്ന് വിശദീകരിച്ചു. രണ്ടു വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം കൂടുതൽ പ്രകടമാക്കപ്പെട്ടു. 1905ലെ വിപ്ലവം ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ സ്വഭാവത്തിലുള്ളതായതിനാൽ, ലിബറൽ ബൂർഷ്വാസിക്ക് നേതൃത്വം വിട്ടുകൊടുക്കണമെന്നാണ് മെൻഷെവിക്കുകൾ ആഗ്രഹിച്ചത്. ഇതിനെതിരെ, മാർക്സിസത്തെ സർഗ്ഗാത്മകമായി പ്രയോഗിച്ചുകൊണ്ട് ലെനിൻ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ പങ്ക് വ്യക്തമാക്കി. വിപ്ലവപ്പോരാട്ടത്തിൽ കർഷകർ തൊഴിലാളിവർഗ്ഗത്തിന്റെ സ്വാഭാവികമായ സഖ്യശക്തിയാണെന്നും ലെനിൻ ചൂണ്ടിക്കാട്ടി.
രണ്ടു മാസത്തിനു ശേഷം ‘സോഷ്യൽ ഡമോക്രസിയുടെ രണ്ടു തന്ത്രങ്ങൾ’ എന്ന പ്രസിദ്ധമായ കൃതി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ മെൻഷെവിക്കുകളുടെ പൊള്ളത്തരം ലെനിന്‍ തുറന്നു കാട്ടിയെന്നു മാത്രമല്ല; സാർവ്വദേശീയ തലത്തിൽത്തന്നെ മാർക്സിസ്റ്റ് മുഖംമൂടിവച്ചിരുന്ന അവസരവാദികളുടെ തനിസ്വരൂപം പുറത്തു കൊണ്ടുവരികയും ചെയ്തു. 1905 ലെ വിപ്ലവത്തിന്റെ പരാജയകാരണങ്ങൾ ലെനിൻ ഇവ്വിധത്തിൽ കുറിച്ചു: “ഒന്ന്, കർഷകരും തൊഴിലാളികളും തമ്മിലുള്ള സുസ്ഥിരമായ ഐക്യത്തിന്റെ കുറവും കർഷകരുടെ വിപ്ലവബോധമില്ലായ്മയും. ബോൾഷെവിക്കുകളെക്കാൾ അധികമായി സോഷ്യലിസ്റ്റ് വിപ്ലവകാരി(പെറ്റിബൂർഷ്വാ പ്രസ്ഥാനം)കളിൽ അവർ വിശ്വാസം അർപ്പിച്ചത്. രണ്ട്, വിപ്ലവത്തിന് സാറിസ്റ്റ് പട്ടാളത്തിന്റെ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിലും അവരിൽ പലരും പട്ടാളക്കാരുടെയിടയിലുണ്ടായിരുന്ന അന്തഛിദ്രത്തെയും തൊഴിലാളികളുടെ കലാപത്തെയും അടിച്ചമർത്താൻ ശ്രമിച്ചു. മൂന്ന്, തൊഴിലാളികൾ കഠിനമായി പോരാടുകയും സോവിയറ്റുകൾ(ജനങ്ങളുടെ ബദൽ രാഷ്ട്രീയാധികാരത്തിന്റെ പ്രാഗ് സംഘടന) രൂപീകരിക്കുകയുംചെയ്തുവെങ്കിലും, അവർക്കിടയിൽ ഐക്യദാർഢ്യം ഉണ്ടായിരുന്നില്ല.”
1905ലെ പരാജയപ്പെട്ട വിപ്ലവം ബോൾഷെവിക്കുകളുടെ ഇടയിൽ നിരാശ പടർത്തിയില്ല. അവർ ലെനിന്റെ പാഠങ്ങളാൽ സായുധരായിരുന്നു. വിപ്ലവം ഒരു നേർരേഖയിലല്ല; മറിച്ച് വളവും തിരിവും നിറഞ്ഞ വഴിയാണതിനുള്ളതെന്ന് ലെനിൻ വിശദീകരിച്ചു. ഓരോ പരാജയങ്ങളിൽനിന്നും മതിയായ പാഠമുൾക്കൊള്ളുവാൻ വിപ്ലവകാരികൾക്കു കഴിഞ്ഞാൽ വിജയം അവർക്കുള്ളതാണ്. ലെനിന്റെ ഈ മാർഗ്ഗ നിർദ്ദേശമാണ് 1917ലെ വിപ്ലവം സാക്ഷാത്ക്കരിക്കാൻ സഹായിച്ചത്.
(തുടരും)

Share this post

scroll to top