വന്യജീവി ആക്രമണം: ജനങ്ങളുടെ ജീവനുംസ്വത്തിനും സുരക്ഷ ഉറപ്പാക്കണം

Share

ഡിസംബർ 9ന് വയനാട്ടിൽ നിന്നും വന്ന ഒരു വാർത്ത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. പൂതാടി, കൂടല്ലൂരിലെ സ്വകാര്യ ഭൂമിയിൽ പുല്ലരിഞ്ഞു കൊണ്ടിരുന്ന 36 വയസ്സുള്ള ഒരു കർഷകനെ കടുവ ആക്രമിച്ച് കൊന്നുതിന്നു എന്നതായിരുന്നു ആ വാർത്ത. ഈ വർഷം ജനുവരിയിൽ മാനന്തവാടി, പുതുശ്ശേരിയിലെ തോമസ് എന്ന കർഷകനും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗ ആക്രമണത്തിന്റെ വാർത്തകൾ വയനാട്ടിൽ നിന്നു മാത്രമല്ല സംസ്ഥാനത്തെ ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും നിത്യേന വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, സംസ്ഥാനത്തുടനീളം രൂക്ഷമായി ക്കൊണ്ടിരിക്കുന്ന വന്യമൃഗാക്രമണം തടയുന്നതിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും സംസ്ഥാന സർക്കാർ കടുത്ത നിസ്സംഗതയാണ് പുലർത്തുന്നത്. “മനുഷ്യ- വന്യജീവി സംഘർഷ”മെന്ന മുൻകാല വ്യവഹാരത്തിലൂടെ മാത്രം ഇപ്പോഴുള്ള പ്രശ്നത്തെ സമീപിച്ചാൽ മതിയാകില്ല എന്നതാണ് സ്ഥിതി. വനത്തിൽ നിന്നും വന്യമൃഗസങ്കേതങ്ങളിൽനിന്നും കിലോമീറ്ററുകൾ അകലെയുള്ള ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ കടന്നുവരികയും മനുഷ്യനെവരെ കൊന്നു തിന്നുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിനെ കേവലം മനുഷ്യ-വന്യമൃഗ സംഘർഷമായി മാത്രം കാണാൻ കഴിയില്ല.


ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് തുടങ്ങി മലയണ്ണാനും മയിലും വരെ നീളുന്നതാണ് മനുഷ്യനും അവരുടെ സ്വത്തുവകകൾക്കും നാശം വരുത്തുന്ന വന്യജീവികൾ. വന്യജീവികൾ മനുഷ്യനാൽ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, മനുഷ്യനെ സമ്പൂർണ്ണ നിസ്സഹായാവസ്ഥയിൽ നിർത്തി മാത്രമാണോ ഇത് നിറവേറ്റേണ്ടത് ? അറിവിന്റെയും സാങ്കേതികവിദ്യകളുടെയും രംഗത്ത് വിസ്ഫോടനം നടക്കുന്ന ഇക്കാലത്ത് ഈ പ്രശ്നത്തിന് പരിഹാരമേ ഇല്ലെന്നാണോ? ഭരണാധികാരികളുടെ സമീപനം ഇതിന് സമാനമാണ്.
വയനാട്ടിൽ കഴിഞ്ഞ 8 വർഷത്തിനുള്ളിൽ കടുവ ആക്രമിച്ചു കൊല്ലുന്ന ഏഴാമത്തെ ആളാണ് പൂതാടിയിലെ പ്രജീഷ് എന്ന 36 വയസ്സുകാരൻ. ഈ വർഷം 5 പേർ കാട്ടാന ആക്രമണത്തിലും വയനാട് ജില്ലയിൽ കൊല്ലപ്പെട്ടു. വയനാട് ജില്ലയിലെ വാകേരിയിലും മറ്റും കടുവ നിത്യേന വളർത്തുമൃഗങ്ങളെ ആക്രമിക്കുകയാണ്. മറ്റു പല ജില്ലകളിലും ഏറെക്കുറെ ഇത് തന്നെയാണ് സ്ഥിതി. 2018-2023 ൽ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് 538 മനുഷ്യജീവനാണ് പൊലിഞ്ഞുപോയത്. ഇതിൽ 119 പേർ കാട്ടാനയുടെയും 55 പേർ കടുവയുടെയും ആക്രമണം മൂലമാണ് കൊല്ലപ്പെട്ടത്. 4485 പേർക്ക് ഗുരുതരമായ പരിക്കേറ്റു. ആയിരക്കണക്കിന് വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടു. നശിപ്പിക്കപ്പെട്ട കാർഷിക വിളവുകളുടെ കാര്യത്തിൽ കണക്കുപോലുമില്ല. വന്യമൃഗ ശല്യം കാരണം മാത്രം സംസ്ഥാനത്ത് പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് കർഷകർ തരിശ്ശിടുന്നത്. മറ്റ് പല കാരണങ്ങളാൽ വരുമാനമറ്റ കർഷകർ ഇതുകൂടിയായപ്പോൾ ജീവിക്കാൻ ഒരു വകയുമില്ലാത്തവരായി മാറി.
വന്യമൃഗങ്ങൾ മനുഷ്യനെ കൊന്നു തിന്നുന്നതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾ സ്വയം സംഘടിതരായി തെരുവിലിറങ്ങാറുണ്ട്. ശാശ്വത പരിഹാരം, 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിക്കും. പൊടുന്നനെ “സർവകക്ഷി സഖ്യം” രംഗം കൈയടക്കുകയും സർക്കാർ – ജനപ്രതിനിധി – ഉദ്യോഗസ്ഥ സംഘവുമായി ചർച്ച നടത്തുകയും ചെയ്യും. ശേഷം, ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്, പ്രശ്നം രമ്യമായി പരിഹരിച്ചതായി പറഞ്ഞ് നേതാക്കൾ സ്ഥലംവിടും. ഇത് പല സ്ഥലങ്ങളിലും അരങ്ങേറുന്ന സ്ഥിരം കാഴ്ചയാണ്.


പൂതാടിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യം ജനങ്ങളിൽ നിന്നും ശക്തമായി ഉയർന്നിരുന്നു. അവിടെയും “സർവ്വകക്ഷി സഖ്യം” ഉടൻ നേതൃത്വം ഏറ്റെടുത്ത് ചർച്ച ചെയ്തു പ്രശ്നം “രമ്യമായി” പരിഹരിച്ചു! 10 ദിവസങ്ങൾക്ക് ശേഷം പിടികൂടിയ നരഭോജിക്കടുവയെ തൃശ്ശൂരിൽ കൊണ്ടുപോയി ചികിത്സ നടത്തുകയാണിപ്പോൾ. 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട കുടുംബത്തിന് വെറും 5 ലക്ഷം രൂപ നൽകി സർക്കാർ കൈകഴുകി. ജീവൻ നഷ്ടപ്പെട്ടത് ആദിവാസി വിഭാഗത്തിൽ പെട്ട ആളാണെങ്കിൽ ഇതുപോലും നൽകാറില്ല. യഥാർത്ഥത്തിൽ, ഭരണ – പ്രതിപക്ഷ നേതൃത്വങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഉദ്യോഗസ്ഥ വൃന്ദവും എല്ലാം കൂടി ഒറ്റക്കെട്ടായി ജനങ്ങളെ കബളിപ്പിക്കുകയാണ്.
വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വരികയും പോകുകയും ചെയ്യുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ഇതുമായി ജനങ്ങൾ സമരസപ്പെടണമെന്നുമാണ് ഭരണാധികാരികൾ പറയാതെ പറയുന്നത്.
വന്യമൃഗങ്ങളെ വനത്തിലും വന്യമൃഗസങ്കേതങ്ങളിലും തളക്കുന്ന വിധത്തിലുള്ള, വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു കയറുന്നില്ല എന്ന് ഉറപ്പിക്കും വിധത്തിലുള്ള, സംരക്ഷണ സംവിധാനങ്ങൾ തീർക്കുകയാണ് വേണ്ടത്. ഇത് അസാധ്യമായ കാര്യമല്ല. ജനങ്ങളോട് അല്പം കൂറും ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഏതൊരു ഗവൺമെന്റിനും ചെയ്യാവുന്ന കാര്യമാണിത്. ടൈഗർ നെറ്റ് സഹിതമുള്ള കനത്ത ഇരുമ്പു വേലികൾ കൊണ്ട് കാടും നാടും വേർതിരിച്ചാല്‍ തന്നെ കുറെയധികം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഒപ്പം, പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തികൊണ്ട് മറ്റ് അനേകം മാർഗങ്ങളും പരീക്ഷിക്കാവുന്നതാണ്. എന്നാൽ, സർക്കാർ ഇതിനൊന്നും തയ്യാറാകുന്നില്ല. നേരത്തെ ഉണ്ടായിരുന്ന പരമ്പരാഗത മാർഗ്ഗങ്ങളായ കിടങ്ങുകൾ, വൈദ്യുതി വേലികൾ എന്നിവപോലും ഇല്ലാതായിട്ട് വർഷങ്ങളായി.
വലിയ പദ്ധതികളും ഫണ്ടുകളും പ്രഖ്യാപിക്കാറുണ്ടെങ്കിലും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് ഒരു പ്രതിവിധിയും കൊണ്ടുവരുന്നില്ല. കഴിഞ്ഞ ജനുവരിയിൽ, വയനാട്ടിലെ പുതുശ്ശേരിയിലെ തോമസ് കടുവയാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടായി. അതിനെ തണുപ്പിക്കാൻ സിസിഎഫിന്റെ നേതൃത്വത്തിൽ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും അതിന്മേൽ ഒരിഞ്ചുപോലും മുമ്പോട്ടു പോയിട്ടില്ല.
ഓരോ വനത്തിനും ഉൾക്കൊള്ളാൻ കഴിയുന്നതിലും എത്രയോ അധികമാണ് മൃഗങ്ങളുടെ എണ്ണവും പെരുപ്പവും. സ്വാഭാവിക വനത്തിന്റെ ആവാസ വ്യവസ്ഥയിലൂണ്ടാകുന്ന തകർച്ച മൂലവും (വനത്തെ തേക്കിൻ തോട്ടങ്ങളും യൂക്കാലി തോട്ടങ്ങളുമാക്കി മാറ്റുന്നത് വഴിയും മറ്റും) മറ്റുമാണ് പ്രധാനമായും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ഇതൊക്കെ തടയുന്നതിന് യാതൊരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ല.


ജനങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടന അവകാശങ്ങളെ നിഷേധിക്കുന്നതാണ് നിലവിലുള്ള ‘വന്യമൃഗസംരക്ഷണ നിയമം -1972’ എന്ന് പല ഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ മാധവ് ഗാഡ്ഗിൽ, ഈ നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് പറഞ്ഞത്. ഇത് പുന:പരിശോധിക്കുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുകയുണ്ടായി. ജനവിരുദ്ധവും പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനം വകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂട്ടുന്നതെന്നും, ദേശീയ ഉദ്യാനങ്ങൾക്കും വന്യമൃഗസങ്കേതങ്ങൾക്കും പുറത്തുള്ള മൃഗവേട്ടയെ മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. ഷെഡ്യൂൾഡ് ജീവികളുടെ പട്ടിക പോലും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നാട്ടിലിറങ്ങി മനുഷ്യർക്ക് ദോഷം ചെയ്യുന്ന മൃഗങ്ങളെ വേട്ടയാടാനുള്ള അനുവാദം നൽകേണ്ടതാണെന്നും അദ്ദേഹം ശക്തിയായി പറയുകയുണ്ടായി.
എന്നാൽ, ഇത്തരം നിർദ്ദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല. ഒരു ഭാഗത്ത് വന്യമൃഗങ്ങളെ വനത്തിനുള്ളിൽ തടഞ്ഞുനിർത്താനുള്ള മാർഗ്ഗങ്ങൾ കൈക്കൊള്ളാതിരിക്കുകയും മറുഭാഗത്ത്, ജനങ്ങളുടെ നഷ്ടപ്പെടുന്ന ജീവനും സ്വത്തിനും മതിയായ നഷ്ടപരിഹാരം പോലും നൽകാതിരിക്കുകയും ചെയ്യുന്ന, തികച്ചും ജനവിരുദ്ധമായ സമീപനമാണ് സർക്കാരിന്റേത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ സംഘടിക്കുകയും ശക്തമായ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കുകയും ചെയ്യുക മാത്രമാണ് ഒരേയൊരു പോംവഴി. ജനങ്ങൾ തെരുവിൽ ഇറങ്ങി സന്ധിയില്ലാത്ത സമരങ്ങൾക്ക് തയ്യാറായാൽ മാത്രമേ, ജനങ്ങളെ നിരന്തരം കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാറുകളിൽ നിന്നും നീതി പിടിച്ചു വാങ്ങാൻ കഴിയൂ.

Share this post

scroll to top