ഡല്‍ഹി നാഷണല്‍ മ്യൂസിയം പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കം കാട്ടുന്നതെന്തുകൊണ്ട്?

full.jpg
Share

ഈ വര്‍ഷം മെയ് മാസത്തില്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം (പ്രധാനമന്ത്രി മോദിയുടെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്) പൊളിച്ച് 2024 മാര്‍ച്ചിനുള്ളില്‍ അതിന്റെ 2.1 ലക്ഷത്തോളം വരുന്ന വസ്തുശേഖരം മാറ്റിസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 2024 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് മാറ്റിസ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ആ സ്ഥാനത്ത്, 2025നുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ‘യുഗേ യുഗീന്‍ ഭാരത്’ (കാലാകാലങ്ങളില്‍ ഇന്ത്യ) എന്ന പേരില്‍ മറ്റൊരു മ്യൂസിയം നിര്‍മ്മിക്കും. പെട്ടെന്നുള്ള ഈ പ്രഖ്യാപനം പ്രശസ്ത ചരിത്രകാരന്മാരിലും പുരാവസ്തു ഗവേഷകരിലും വിദ്യാഭ്യാസ വിചക്ഷണരിലും ഗുരുതരമായ ആശങ്ക സൃഷ്ടിക്കുകയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
2020 ജൂലൈ 29ന്, കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ലോക്ഡൗണില്‍ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന സമയത്താണ്, ദേശീയ വിദ്യാഭ്യാസ നയം 2020(എന്‍ഇപി2020) കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്‍ഇപി 2020 ന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കുന്ന വേളയില്‍ ‘ഇന്ത്യന്‍ ചരിത്രത്തിന്റെ യഥാര്‍ത്ഥ നിറം കാവിയാണെന്നും സംസ്‌കാരത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരണമെങ്കില്‍ ചരിത്രം തിരുത്തിയെഴുതേണ്ടി വരും’ എന്നും ബിജെപി അധികാരശ്രേണി പറയാറുണ്ടായിരുന്നു. എന്‍ഇപി 2020 അവതരിപ്പിച്ചതിന് ശേഷം, എല്ലാ മാനദണ്ഡങ്ങളെയും നടപടിക്രമങ്ങളെയും ധിക്കരിച്ച് അവിശ്വസനീയമായ വേഗതയില്‍ അതിന്റെ വിവിധ വശങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദേശീയ മ്യൂസിയം തകര്‍ക്കുന്നത്, ഈ ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണോ എന്നതില്‍ പ്രശസ്ത ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും അക്കാദമിക് വിദഗ്ദ്ധരും ശരിക്കും ആശങ്കാകുലരാണ്.


നാഷണല്‍ മ്യൂസിയത്തിന്റെ ചരിത്രത്തിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം. 1946 മെയ് മാസത്തില്‍ മൗറീസ് ഗ്വയര്‍(മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്) കമ്മിറ്റിയാണ് നാഷണല്‍ മ്യൂസിയത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത്. 1947-48 ശൈത്യകാലത്ത്, ഇന്ത്യയിലെയും ബ്രിട്ടണിലെയും ഗവണ്‍മെന്റുകളുടെ സഹകരണത്തോടെ ലണ്ടനിലെ റോയല്‍ അക്കാദമി, ഇന്ത്യയിലെ വിവിധ മ്യൂസിയങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ കലകളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. ഇതിന്റെ വിജയത്തിനു ശേഷം, പ്രദര്‍ശന വസ്തുക്കള്‍ അതത് മ്യൂസിയങ്ങളിലേക്ക് തിരികെ നല്‍കുന്നതിന് മുമ്പ് ന്യൂഡല്‍ഹിയില്‍ സമാനമായ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചു. അതനുസരിച്ച്, 1949ല്‍ ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന പ്രദര്‍ശനം വന്‍ വിജയമായി. ഈ സംഭവം ദേശീയ മ്യൂസിയം സൃഷ്ടിക്കുന്നതിനുള്ള പ്രചോദനമായി.
നമ്മുടെ പുരാതന പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും, പ്രബുദ്ധരായ ജനങ്ങളില്‍ അത്യധികം കൗതുകമുണര്‍ത്തിയ ഈ ഗംഭീരമായ ശേഖരം പ്രയോജനപ്പെടുത്തി ന്യൂഡല്‍ഹിയില്‍ ഒരു ദേശീയ മ്യൂസിയം സ്ഥാപിക്കണമെന്ന ആശയത്തിലേക്ക് പ്രദര്‍ശനത്തിന്റെ വിജയം നയിച്ചു. സംസ്ഥാന സര്‍ക്കാരുകളെയും മ്യൂസിയം അധികാരികളെയും സ്വകാര്യ ദാതാക്കളെയും പുരാവസ്തുക്കളെ ദാനമായോ കടമായോ നല്‍കാനായി സമീപിച്ചു, അവരില്‍ ഭൂരിഭാഗവും ഉദാരമായി പ്രതികരിച്ചു. 1949 ഓഗസ്റ്റ് 15ന് രാഷ്ട്രപതി ഭവനില്‍ അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്നസി.രാജഗോപാലാചാരിയാണ് ദേശീയ മ്യൂസിയം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. ദേശീയ മ്യൂസിയത്തിന്റെ ആദ്യഘട്ടം 1960 ഡിസംബര്‍ 18ന് ഇന്ത്യന്‍ വൈസ് പ്രസിഡന്റായിരുന്ന എസ്.രാധാകൃഷ്ണന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ രണ്ടാം ഘട്ടം 1989ല്‍ പൂര്‍ത്തിയായി.
സംഭാവനയായി ലഭിച്ച ശേഖരം വര്‍ധിപ്പിക്കുകയും മ്യൂസിയം ആര്‍ട്‌സ് പര്‍ച്ചേസ് കമ്മിറ്റി മുഖേന പുരാവസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തുവന്നു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള വൈവിധ്യമാര്‍ന്ന രണ്ട് ലക്ഷത്തിലധികം വസ്തുക്കളാണ് മ്യൂസിയത്തില്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ 5,000 വര്‍ഷത്തിലേറെയുള്ള ചരിത്രവും പൈതൃകവും ഉള്‍ക്കൊള്ളുന്ന ശേഖരവുമുണ്ട്. 1957 വരെ ആര്‍ക്കിയോളജി ഡയറക്ടര്‍ ജനറലായിരുന്നു ദേശീയ മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. നിലവില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇത്.


എന്‍ഇപി 2020ന്റെ വ്യത്യസ്ത വശങ്ങള്‍ നടപ്പിലാക്കുന്നതിനിടയില്‍, കേന്ദ്ര ഗവണ്‍മെന്റ് ‘ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥ’ (Indian Knowledge System അഥവാ ഐകെഎസ്) എന്ന പുതിയ ആശയം അവതരിപ്പിച്ചു. ഐകെഎസ് പ്രകാരം ആര്യന്മാരാണ് ഈ നാട്ടിലെ ആദിമ നിവാസികള്‍. ഏഷ്യാമൈനറില്‍ നിന്നാണ് ആര്യന്മാര്‍ ഈ നാട്ടിലേക്ക് കുടിയേറിയതെന്ന ചരിത്രപരമായി തെളിയിക്കപ്പെട്ട വസ്തുത ഐകെഎസ് അംഗീകരിക്കുന്നില്ല. ഐകെഎസ് അധികാരികള്‍ സിന്ധുനദീതട സംസ്‌കാരത്തെ സിന്ധു-സരസ്വതി നദീതട സംസ്‌കാരം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. വേദങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒരു സാങ്കല്‍പ്പിക നദിയാണ് സരസ്വതി. ഈ സാങ്കല്‍പ്പിക നദിയുടെ അസ്തിത്വം ‘തെളിയിക്കാന്‍’ ബിജെപി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ഗവേഷണത്തിനായി ചെലവഴിക്കുന്നത്. എന്തായാലും, ഹാരപ്പന്‍ നാഗരികത വേദ നാഗരികതയുടെ ഭാഗമാണെന്ന് സ്ഥാപിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു(അല്ലാത്തപക്ഷം, മുസ്ലീം ചക്രവര്‍ത്തിമാരെപ്പോലെ ആര്യന്മാര്‍ക്കും അവരുടെ ആരാധനാമൂര്‍ത്തിയായ രാമനും പ്രത്യേക പദവി നല്‍കാനാവില്ല, ആര്യന്മാരും പുറത്തുനിന്നുള്ളവര്‍തന്നെ). ലിപികള്‍ ഇതുവരെ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍, ആര്‍എസ്എസ്-സംഘപരിവാറിന്റെ വിശ്വസ്തരായ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ഹാരപ്പയിലെയും മോഹന്‍ജൊ-ദാരോയിലെയും ഖനനത്തിനിടെ കണ്ടെത്തിയ ഫലകങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഈ ടാബ്ലെറ്റുകള്‍ക്ക് അപാരമായ പുരാതന മൂല്യമുണ്ട്. അതിനാല്‍, ഇവ മാറുമ്പോള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍, ചരിത്രത്തിന്റെ ഒരു നീണ്ട അധ്യായം മായ്ക്കപ്പെടും. സാധനങ്ങള്‍ മാറ്റുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമാണ് ഈ ആശങ്കയ്ക്ക് കാരണം. 2024 മാര്‍ച്ചിനുള്ളില്‍, മാറ്റിവെയ്ക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരു വര്‍ഷത്തില്‍ താഴെയുള്ള ഒരു സമയമാണിത്. ഇത് വളരെ അപകടസാധ്യതയുള്ളതാണ്. ഇത്തരം ജോലികള്‍ അതീവ ശ്രദ്ധയോടെയും സൂക്ഷമതയോടെയും ചെയ്യേണ്ടതാണ്. 115 മീറ്റര്‍ നീളമുള്ള ഒരു ഗാലറിയില്‍നിന്നും രണ്ടായിരം പുരാവസ്തുക്കള്‍ മാറ്റാന്‍ ബ്രിട്ടീഷ് മ്യൂസിയം അതോറിറ്റി രണ്ട് വര്‍ഷമെടുത്തു. അപ്പോള്‍, ദേശീയ മ്യൂസിയത്തിലെ ഈ പുരാവസ്തുക്കളുടെ ഭാവി എന്തായിരിക്കും? നമ്മുടെ പ്രശസ്തരായ ചരിത്രകാരന്മാരും അക്കാദമിക് വിദഗ്ധരും അതില്‍ ഏറെ ആശങ്കാകുലരാണ്.


മറുവശത്ത്, ദേശീയ മ്യൂസിയത്തിന്റെ ഭാവിയെക്കുറിച്ച് ബിജെപി സര്‍ക്കാര്‍ മൗനത്തിലാണ്. മാറ്റിസ്ഥാപിക്കുമ്പോള്‍ വിലയേറിയ പുരാവസ്തുക്കളുടെ ഗതി എന്തായിരിക്കും, അവ എവിടെ സൂക്ഷിക്കും, ഗവേഷകര്‍ക്കും ചരിത്രകാരന്മാര്‍ക്കും അങ്ങോട്ട് എന്തെങ്കിലും പ്രവേശനം ഉണ്ടോ ഇല്ലയോ എതിനെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു – ഒന്നും വ്യക്തമല്ല. അതിനാല്‍, ഇത് വളരെ ആശങ്കാജനകമാണ്. ആര്‍എസ്എസ്-ബിജെപിയുടെ ‘യുഗേ യുഗീന്‍ ഭാരത്’ 5000 വര്‍ഷത്തെ ചരിത്രം കാവി ബ്രിഗേഡിന്റെ വ്യാഖ്യാനമനുസരിച്ച് മാത്രമേ ചിത്രീകരിക്കൂ.
എന്‍ഇപി 2020 നടപ്പിലാക്കിയപ്പോള്‍, ബിജെപി സര്‍ക്കാര്‍ സിലബസില്‍ അവരുടെ കാവി ആശയങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മെന്‍ഡലീവിന്റെ ആവര്‍ത്തനപ്പട്ടിക, മുഗള്‍ കാലഘട്ടത്തിന്റെ (1207-1706) മുഴുവന്‍ ചരിത്രം, മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി നിലനിന്ന ഹിന്ദു സമൂഹത്തിലെ കര്‍ശനമായ ജാതി വിഭജനം, മറ്റ് ഭൂഖണ്ഡങ്ങളിലെ ആദ്യകാല നാഗരികതകള്‍ എന്നിവ സ്‌കൂള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്തു. അശോകന്റെ ഭരണത്തെയും ബുദ്ധമതത്തെയും വികലമാക്കി. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഭൂമിശാസ്ത്രം, ചരിത്രം, സാഹിത്യം മുതലായവയുടെ സിലബസ് വെട്ടിക്കുറച്ചു. ഇത് ആശയപരവും വൈജ്ഞാനികവുമായ വികാസത്തിനും ശാസ്ത്രീയ മനോഘടനയുടെ വളര്‍ച്ചയ്ക്കും ഹാനികരമാകും.
ദേശീയ മ്യൂസിയത്തിന് പകരം ‘യുഗേ യുഗീന്‍ ഭാരത്’ സ്ഥാപിക്കാനുള്ള ഗവമെന്റിന്റെ ത്വര കാണിക്കുന്നത് പുരാതന മൂല്യമുള്ള ഈ പുരാവസ്തുക്കളുടെ സുരക്ഷിതത്വത്തെകുറിച്ച് അവര്‍ക്ക് അല്‍പ്പംപോലും വേവലാതിയില്ല എന്നാണ്. അതുമാത്രമല്ല, ഈ ഫലകങ്ങളും പുരാവസ്തുക്കളും സിന്ധുനദീതട-ഹാരപ്പന്‍ നാഗരികതയുടെ(ബിസി 3000) പുരാവസ്തുപരവും ചരിത്രപരവുമായ തെളിവുകളാണ്. ഇത് ഗ്രാമവും വനവും കേന്ദ്രീകൃതമായിരുന്ന വേദ നാഗരികതയേക്കാള്‍(ബിസി 1500- 600) വളരെ പഴക്കമുള്ളതും സമ്പന്നവുമാണ്. ഈ ടാബ്ലെറ്റുകളും പുരാവസ്തുക്കളും മാറ്റിസ്ഥാപിക്കുമ്പോള്‍ നഷ്ടപ്പെടുകയോ കേടാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ 2000 വര്‍ഷത്തെ ചരിത്രം നഷ്ടപ്പെടും. ഒരു പക്ഷെ ഹിന്ദുത്വ ബ്രിഗേഡിന് അതായിരിക്കും ആവശ്യം.


അതുകൊണ്ടാണ്, ”കരകൗശലവസ്തുക്കള്‍ നീക്കുന്നത് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍, നഷ്ടപ്പെടല്‍ അല്ലെങ്കില്‍ മോഷണം എന്നിവയ്ക്ക് കാരണമാകുന്ന അപകടകരമായ ഒന്നാണ്. ഇത് നമ്മുടെ സാംസ്‌കാരിക സമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന് കാരണമാകും”, എന്ന് ഇര്‍ഫാന്‍ ഹബീബ്, റൊമില ഥാപ്പര്‍, ആദിത്യ, മൃദുല മുഖര്‍ജി, ഹര്‍ബന്‍സ് മുഖിയ, സോയ ഹസന്‍, രാമചന്ദ്ര ഗുഹ തുടങ്ങി 2500ലധികം മുന്‍നിര ചരിത്രകാരന്മാരും അക്കാദമിക് വിദഗ്ധരും സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍ പറയുന്നത്. പുരാവസ്തുക്കളും ചരിത്ര ഫലകങ്ങളും പ്രദര്‍ശന വസ്തുക്കളായി സംരക്ഷിക്കുന്നത് ഉറപ്പാക്കാന്‍ മാത്രമല്ല, ഇന്ത്യന്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ഈ ഗൂഢാലോചന തടയാനും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

Share this post

scroll to top