ലോകത്തെ ഏറ്റവും വലിയ സ്വീകരണമുറി

Lenin-and-Farmers.jpg
Share

അമേരിക്കന്‍ സോഷ്യലിസ്റ്റായിരുന്ന ആല്‍ബര്‍ട്ട് റിസ് വില്ല്യംസ് റഷ്യന്‍ വിപ്ലവ സമയത്തും അതിനുശേഷവും ലെനിനോടൊപ്പം ഉണ്ടാകുകയും യാത്ര ചെയ്യുകയും ചെയ്തിരുന്നു. ആ അനുഭവങ്ങളെ അദ്ദേഹം ‘റഷ്യന്‍ വിപ്ലവത്തിലൂടെ’ എന്ന കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നിന്നൊരു ഭാഗമാണിവിടെ ചേര്‍ക്കുന്നത്. പാര്‍ട്ടിയുടെയും സ്റ്റേറ്റിന്റെയും ഉയര്‍ന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോഴും സാധാരണക്കാരായ കര്‍ഷകരില്‍ നിന്നും പ്രവര്‍ത്തകരില്‍നിന്നും പഠിക്കാന്‍ എത്ര ഉത്സുകനായിരുന്നു ലെനിന്‍ എന്നത് വ്യക്തമാക്കുന്നതാണ് ഈ അനുഭവം.

14 വർഷങ്ങൾക്കു മുമ്പ് ഞാൻ അമേരിക്കയിലേക്ക് തിരിക്കുന്നതിന്റെ തലേദിവസം ലെനിൻ ക്രെംലിനിലെ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് എന്നെ സ്വീകരിക്കുകയുണ്ടായി. ഞാൻ അവിടെ പോകുന്നത് അന്ന് ആദ്യമല്ല. അദ്ദേഹത്തെ കാണാനും അദ്ദേഹത്തിൽനിന്നും ആനുകൂല്യങ്ങൾ നേടാനും എനിക്ക് പലപ്പോഴും അവസരം കിട്ടിയിട്ടുണ്ട്. കാരണം, വിപ്ലവത്തിന്റെ ഏറ്റവും നിർണായകവും പ്രക്ഷുബ്ധവുമായ ദിവസങ്ങളിൽ പോലും അദ്ദേഹം യാതൊന്നും നിസാരമായി കരുതിയിരുന്നില്ല.
റഷ്യൻ ഭാഷ പഠിക്കുന്നതിനെക്കുറിച്ച് അദ്ദേഹം എനിക്ക് ഉപദേശം തന്നിട്ടുണ്ട്. പെട്രോഗ്രാഡിൽ ഒരു കവചിത വാഹനത്തിന്റെ മുകളിൽ നിന്നുകൊണ്ട് ഞാൻ ഒരിക്കൽ പ്രസംഗിച്ചപ്പോൾ അദ്ദേഹം എന്റെ ദ്വിഭാഷിയാകുകപോലും ചെയ്തിട്ടുണ്ട്. ഒരു പെട്ടി നിറയെ ലഘുലേഖകളും പുസ്തകങ്ങളും ശേഖരിക്കാൻ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ആ പെട്ടി നഷ്ടപ്പെടാതിരിക്കാൻ എല്ലാ കരുതലുകളും എടുക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്നെ സ്വന്തം കൈപ്പടയിൽ സൈബീരിയൻ റെയിൽവേ തൊഴിലാളികൾക്ക് എഴുതിയിട്ടുണ്ട്. ഞാൻ ചുവപ്പുസേനയിൽ ചേർന്നപ്പോൾ അദ്ദേഹം എന്നെ അനുമോദിക്കുകയും ഒരു സാർവദേശീയ ലീജിയൻ രൂപീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ട് ലെനിന്റെ സന്ദർശക മുറിയിൽ ഞാൻ പലപ്പോഴും പോകാനിടവന്നിട്ടുണ്ട് അദ്ദേഹത്തെ കാണാൻ വേണ്ടി പലതരത്തിലുള്ള മാന്യന്മാർ എപ്പോഴും അവിടെ കാത്തിരിക്കാറുണ്ട് – നയതന്ത്ര പ്രതിനിധികൾ, ഉദ്യോഗസ്ഥന്മാർ, പഴയ ബൂർഷ്വാകൾ, പത്രപ്രതിനിധികൾ… ഇവരെ എല്ലാവരെയും -കമ്മ്യൂണിസത്തിന്റെ തുറന്ന ശത്രുക്കളെപ്പോലും- മര്യാദപൂർവ്വവും തുറന്ന മനസ്സോടുമാണ് ലെനിൻ സ്വീകരിച്ചത്. ഇക്കാലത്ത് അദ്ദേഹവുമായി കൂടിയാലോചനയിൽ ഏർപ്പെട്ടിരുന്ന ഒരു ഇംഗ്ലീഷുകാരന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ മനോഭാവം ഈ വിധത്തിൽ ആയിരുന്നു: “വ്യക്തിപരമായി എനിക്ക് നിങ്ങളോട് യാതൊരു വിരോധവുമില്ല. എന്നാൽ രാഷ്ട്രീയമായി നിങ്ങൾ എന്റെ ശത്രുവാണ്. നിങ്ങളെ നശിപ്പിക്കാൻ എന്നാൽ ആവുന്ന സകല ആയുധങ്ങളും ഞാൻ ഉപയോഗിക്കും. നിങ്ങളുടെ ഗവൺമെന്റ് എനിക്കെതിരായി ചെയ്യുന്നതും ഇതുതന്നെയാണ്. എത്രകണ്ട് യോജിച്ചു പോകാനൊക്കുമെന്ന് ഇനി നമുക്ക് നോക്കാം.”
ഇത്തരം സമ്പർക്കങ്ങളിൽ നിന്നും ലെനിൻ വ്യക്തിപരമായി സന്തോഷം കൊണ്ടിരിക്കുകയില്ല. അത് അദ്ദേഹത്തിന്റെ ഔദ്യോഗിക കർത്തവ്യമായിരുന്നു, അദ്ദേഹം അത് ചെയ്തു, എന്നു മാത്രം. അദ്ദേഹം ആ ജോലി കഴിയുന്നത്ര വേഗം തീർക്കുകയും ചെയ്തു. അദ്ദേഹത്തിന് സഹജമായി മമത തോന്നിയത് പാർട്ടി സഖാക്കളോടാണ്, തൊഴിലാളികളോടും കർഷകരോടുമാണ്. അവരുമായി സമയം ചിലവഴിക്കാനാണ് അദ്ദേഹം കൂടുതൽ ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന് കുറച്ചു മാത്രം സമയം ഉള്ളപ്പോൾ മുൻഗണന എപ്പോഴും അവർക്കായിരുന്നു. എന്റെ ഒടുവിലത്തെ സന്ദർശനത്തിന്റെ അവസരത്തിൽ എനിക്ക് ഇക്കാര്യം തികച്ചും ബോധ്യമായി.
സന്ദർശക മുറിയിൽ ഞങ്ങൾ കുറെയേറെ ആളുകൾ അവരവരുടെ മുറയും കാത്ത് ഇരിപ്പുണ്ടായിരുന്നു. ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കൂറേ നേരമായി. അത് വളരെ അസാധാരണമായിരുന്നു. കാരണം, സമയം പാലിക്കുന്നതിൽ ലെനിൻ എപ്പോഴും കണിശക്കാരനായിരുന്നു. അസാമാന്യ പ്രാധാന്യമുള്ള ഏതോ രാജ്യകാര്യങ്ങളോ സാധാരണയിൽ കവിഞ്ഞ യോഗ്യതയുള്ള ഏതോ വിശിഷ്ട വ്യക്തിയോ ആയിരിക്കും ഈ വിളംബത്തിന് ഹേതുമെന്ന് ഞങ്ങൾ അതുകൊണ്ട് തീരുമാനിച്ചു. ഞങ്ങൾ അക്ഷമയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ അര കഴിഞ്ഞു, ഒന്നു കഴിഞ്ഞു, ഒന്നര കഴിഞ്ഞു. അകത്തെ മുറിയിൽനിന്നും സന്ദർശകന്റെ അടക്കിയ ശബ്ദം നിരന്തരമായി പ്രവഹിക്കുന്നത് ഞങ്ങൾക്കു കേൾക്കാമായിരുന്നു. ലെനിനുമായി ഇത്ര ദീർഘനേരം സംഭാഷണം നടത്തുന്ന ഈ മഹാനാരായിരിക്കും? അവസാനം കതക് തുറന്നു. സന്ദർശക മുറിയിൽ ഇരുന്നിരുന്ന സകലരും അത്ഭുതസ്ഥബ്ധരായി. കാരണം കതക് തുറന്ന് ഇറങ്ങിവന്നത് ഒരു ഉദ്യോഗസ്ഥനോ നയതന്ത്ര പ്രതിനിധിയോ ഉന്നത സ്ഥാനത്തിരിക്കുന്ന മറ്റേതെങ്കിലും മാന്യനോ ആയിരുന്നില്ല, നേരെമറിച്ച്, പാറിപ്പറന്ന തലമുടിയോടുകൂടിയ, ആട്ടിൻതോലിന്റെ കോട്ടും മരത്തൊലി കൊണ്ടുള്ള ഷൂസും ഇട്ട, ഒരു കൃഷിക്കാരനായി രുന്നു – സോവിയറ്റ് നാട്ടിൽ എവിടെയും കണ്ടുമുട്ടാവുന്ന ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട കർഷകരിലൊരാൾ.


“ക്ഷമിക്കണം,” ഞാൻ അദ്ദേഹത്തിന്റെ ആഫീസു മുറിയിലേക്ക് കയറിയപ്പോൾ ലെനിൻ പറഞ്ഞു. “തംബോവിൽ നിന്നു വന്ന ഒരു കർഷകനാണ് അയാൾ. വൈദ്യുതീകരണം, കൂട്ടുകൃഷി, പുതിയ സാമ്പത്തിക നയം എന്നിവയെ കുറിച്ചുള്ള അയാളുടെ അഭിപ്രായങ്ങൾ അറിയാൻ ഞാൻ ആഗ്രഹിച്ചു. അവ വളരെ ശ്രദ്ധേയമായിരുന്നതു കൊണ്ട് സമയം പോയത് ഞാൻ അറിഞ്ഞതേയില്ല.”
ഈ തംബോവ് കർഷകന് പരമാവധി ലഭിക്കാവുന്ന അറിവിലും എത്രയോ കൂടുതലായിരുന്നു ലെനിന് അദ്ദേഹത്തിന്റെ സർവകലാശാല വിദ്യാഭ്യാസത്തിൽനിന്നും യാത്രകളിൽനിന്നും അദ്ദേഹം തന്നെ എഴുതിയ 30 ഗ്രന്ഥങ്ങളിൽനിന്നും സിദ്ധിച്ച താത്വികവും ശാസ്ത്രീയവുമായ ജ്ഞാനം. എന്നാൽ, അതേസമയം തന്നെ, കയ്പ്പേറിയ ജീവിതത്തിന്റെയും അധ്വാനത്തിന്റെയും വിഷമ പൂർണ്ണമായ പാഠശാലയിൽനിന്നും ആ കർഷകന് പ്രായോഗികമായി പലതും അറിയാമായിരുന്നു. മണ്ണിന്റേതായ ബുദ്ധി അയാൾക്ക് ഉണ്ടായിരുന്നു, അയാൾക്ക് അറിവുള്ളതറിയാൻ ലെനിൻ ആകാംക്ഷ പ്രകടിപ്പിച്ചു. അങ്ങേയറ്റത്തെ നിരക്ഷകർക്കുപോലും തനിക്കു നൽകാൻ എന്തെങ്കിലും കാണും എന്ന് മനസ്സിലാക്കാനുള്ള വിനയം ഏതൊരു യഥാർത്ഥ മഹാനെയും പോലെ അദ്ദേഹത്തിനും ഉണ്ടായിരുന്നു. അങ്ങിനെ അദ്ദേഹത്തിന് വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നത് തികച്ചും വിഭിന്നങ്ങളായ സ്ഥലങ്ങളിൽനിന്നും ആളുകളിൽനിന്നുമായിരുന്നു. ഈ വിധത്തിൽ ശേഖരിക്കപ്പെട്ട ആയിരക്കണക്കിന് വസ്തുതകളെ അദ്ദേഹം തുലനം ചെയ്യുകയും ചികഞ്ഞു നോക്കുകയും അപഗ്രഥിക്കുകയും ചെയ്തു. ഇതിൽ നിന്നുള്ള മെച്ചമാണ് പലപ്പോഴും ശത്രുക്കളെ പരാജയപ്പെടുത്താനും അവരുടെ തന്ത്രങ്ങളെ എതിർത്തു തോൽപ്പിക്കാനും അദ്ദേഹ`ത്തെ പ്രാപ്തനാക്കിയത്. സൈബീരിയയിലെ കർഷകന്റെയോ ചുവപ്പു പട്ടാളക്കാരന്റെയോ ഡോണ്‍ നദീതീരത്തെ കൊസാക്കിന്റെയോ മനോഭാവത്തെക്കുറിച്ചും ചിന്താഗതികളെക്കുറിച്ചും അദ്ദേഹത്തിന് ഊഹിക്കേണ്ടി വന്നില്ല. ലെനിൻഗ്രാഡിലെ മൂശാരിയുടെയും വോൾഗയിലെ വള്ളക്കാരന്റെയും മോസ്കോയിലെ തൂപ്പുകാരിയുടെയും വികാരവിചാരങ്ങൾ അദ്ദേഹത്തിന് അജ്ഞാതമായിരുന്നില്ല. അദ്ദേഹം ഒന്നുകിൽ അവരോട് നേരിട്ട് സംസാരിച്ചിരുന്നു, അല്ലെങ്കിൽ അവരുമായുള്ള സംസാരം കഴിഞ്ഞുവരുന്ന ഏതെങ്കിലും വിശ്വസ്ത സഖാക്കളുമായി സംസാരിച്ചിരുന്നു.
അദ്ദേഹത്തിന് നൽകാനായി അവരുടെ പക്കൽ ചിലത് ഉണ്ടായിരുന്നു. അവരെ കാണാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നതിന്റെ ഒരു കാരണം അതായിരുന്നു. അവർക്കു നൽകാൻ അദ്ദേഹത്തിന്റെ കൈവശം ചിലതുണ്ടായിരുന്നു എന്നതാണ് രണ്ടാമത്തെ കാരണം – സാമൂഹ്യ ശക്തികളെ കുറിച്ചും വിപ്ലവ തന്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ്, സോഷ്യലിസം കെട്ടിപ്പിടുക്കാൻ വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്ലാനുകളും പദ്ധതികളും. വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണം അദ്ദേഹത്തിന് അവരെ ഇഷ്ടമായിരുന്നു എന്നതാണ്, മൗലികമായി അദ്ദേഹം അവരെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തു എന്നതാണ്. ദല്ലാളന്മാർ, ഊഹക്കച്ചവടക്കാർ, പണം തിരിമറി ചെയ്യുന്നവർ എന്നിങ്ങനെയുള്ള മുതലാളിത്തത്തിന്റെ ഇത്തിക്കണ്ണികളോടും വൈതാളികമാരോടുമുള്ള പ്രത്യേക വിപ്രതിപത്തി പോലെ തന്നെ കൽക്കരിയിലും കല്ലിലും ലോഹത്തിലും പണി ചെയ്യുന്ന തൊഴിലാളികളെയും വയലുകളിലും വനങ്ങളിലും അധ്വാനിക്കുന്നവരെയും പോലെ സമ്പത്ത് ഉൽപ്പാദിപ്പിക്കുന്നവരോട് ലെനിന് പ്രത്യേക മമതയുണ്ടായിരുന്നു.
തംബോവിലെ ഒരു കർഷകനെ മാത്രമല്ല അയാളെപ്പോലുള്ള ലക്ഷക്കണക്കിനാളുകളെ സ്വീകരിക്കാൻ 14 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം സന്നദ്ധനാകുമായിരുന്നു. സാധ്യമാണെന്നുണ്ടെങ്കിൽ ലോകമാസകലമുള്ള തൊഴിലാളികളും കർഷകരും അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പ്രവഹിക്കുന്നത് അദ്ദേഹം സസന്തോഷം സ്വാഗതം ചെയ്യുമായിരുന്നു.


ഇന്ന് ഞാൻ ലെനിന്റെ ശവകുടീരം സന്ദർശിച്ചപ്പോൾ എനിക്ക് പെട്ടെന്ന് തോന്നി അതുതന്നെയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതെന്ന്. മോസ്കോവിലെയും സോവിയറ്റ് യൂണിയനിലെയും മുഴുവൻ ലോകത്തിലെയും ജനങ്ങളെ അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. 14 വർഷം മുമ്പ് നടത്തിയ സ്വീകരണവുമായി ഇതിന് വളരെയേറെ സാദൃശ്യമുണ്ട്. കടുംചാര നിറത്തിലും കടും ചുവപ്പ് നിറത്തിലുമുള്ള കരിങ്കല്ലുകൊണ്ട് കെട്ടിപ്പടുത്ത ഈ മണ്ഡപം – അവിടെയാണ് ലെനിൻ ഇന്ന് സ്വീകരിക്കുന്നത് – കൂടുതൽ ഗംഭീരവും കൂടുതൽ മതിപ്പുളവാക്കുന്നതുമാണെന്നത് നേരുതന്നെ. ജനങ്ങൾ ലെനിനെ കാണാൻവേണ്ടി തങ്ങളുടെ മുറയും കാത്തുനിൽക്കുന്ന സന്ദർശക മുറിയും പണ്ടത്തേതിലും വളരെ വലുതാണെന്നതും നേരുതന്നെ – ഇന്നത് റെഡ് സ്ക്വയർ ആണ്. “ഇന്റർനാഷണ”ലിന്റെ സ്വരമാലപിക്കുന്ന സ്പാസ്കയ ഗോപുരത്തിനും വിപ്ലവ വീരന്മാരുടെ ശവകുടീരങ്ങൾക്കും ഇടയ്ക്ക്, അറപ്പുവാള്‍ത്തല പോലെയുള്ള മുകൾഭാഗത്തോടുകൂടി നീണ്ടുകിടക്കുന്ന ക്രെംലിന്‍ ഭിത്തി അതിന്റെ പിന്നിൽ ഉയർന്നുനിൽക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സന്ദർശക മുറിയാണത്. അകത്തു കടന്നു ലെനിനെ കാണാനുള്ള അവസരവും കാത്തുനിൽക്കുന്ന ആളുകളുടെ എണ്ണം പണ്ടത്തേതിന്റെ നൂറും ആയിരവും മടങ്ങായിരിക്കുന്നു. ഇപ്പോഴും 14 വർഷം മുമ്പും തമ്മിൽ ഇങ്ങനെ ചില വ്യത്യാസങ്ങളുണ്ട്.


(റഷ്യൻ വിപ്ലവത്തിലൂടെ, ആൽബർട്ട് റിസ് വില്യംസ്)

Share this post

scroll to top