സഖാവ് മണിക് മുഖർജി അനുസ്മരണം

MANIK.jpg
Share

ശിബ്‌ദാസ് ഘോഷിന്റെ അര്‍ഹരായ ശിഷ്യരാകാനുള്ള സമരം ഏറ്റെടുത്തുകൊണ്ട് സഖാവ് മണിക് മുഖര്‍ജിക്ക് ആദരവുകളര്‍പ്പിക്കുക

സഖാവ് ശിബ്‌ദാസ്ഘോഷിനെക്കുറിച്ച് സഖാവ് മണിക് മുഖർജി 2015ൽ എഴുതിയത് ഞാൻ വായിക്കാം. “ഞങ്ങൾ സഖാവ് ശിബ്‌ദാസ് ഘോഷിനോട് അടുത്ത് ഇടപഴകിയവരാണ്. പക്ഷേ അദ്ദേഹത്തെ എത്രമാത്രം മനസ്സിലാക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കൂടുതൽ കാലം ചെലവഴിച്ചിരുന്നെങ്കിൽ അദ്ദേഹത്തിൽനിന്നും കൂടുതൽ അറിയാൻ കഴിയുമായിരുന്നു എന്നെനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ശരിയായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞതുമില്ല. ചെറുപ്പം മുതൽ ഞങ്ങൾ സഖാവ് ശിബ്‌ദാസ് ഘോഷിനൊപ്പം ഒരുമിച്ചു കഴിഞ്ഞിരുന്നു. ഉച്ച സമയത്ത് ഞങ്ങൾ നിലത്തുവിരിച്ച കിടക്കയിൽ കിടന്നു. ഞങ്ങൾക്ക് ശരിയായ ഒരു മെത്തപോലും ഇല്ലായിരുന്നു. അദ്ദേഹം എങ്ങനെ ജീവിച്ചു എന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ല. ഞങ്ങൾ വരുമ്പോൾ അദ്ദേഹത്തിന്റെ അരികിൽ ഞങ്ങൾക്കും ഇടംതന്നു. ഞങ്ങൾക്ക് തലയണ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ തലയണ പങ്കു വച്ചാണ് ഞങ്ങളും കിടന്നത്. ഭക്ഷണവും കിടപ്പും എല്ലാം ഒരുമിച്ചായിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തെ മനസ്സിലാക്കുന്നതിൽ ഒരു വിടവ് നിലനിന്നു. അദ്ദേഹത്തെ എത്ര മാത്രം മനസ്സിലാക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്? അദ്ദേഹം രോഗാതുരനായിരുന്നപ്പോഴും കമ്മ്യൂണിലെ ഭക്ഷണം തീർത്തും സാധാരണ നിലവാരത്തിലുള്ളതായിരുന്നു. പോഷക ഗുണമുള്ള ഭക്ഷണം അദ്ദേഹത്തിനു നൽകാൻ ഞങ്ങൾക്കായില്ല. അദ്ദേഹം അപ്പോഴും സന്തോഷകരമായ മാനസികാവസ്ഥയിലായിരുന്നു. ചോറും പരിപ്പുകറിയും ഞങ്ങളോടൊപ്പം കഴിച്ചു. ഞങ്ങളോട് തുറന്ന് ഇടപെട്ടു. അങ്ങനെയാണ് ഞങ്ങൾ ജീവിച്ചത്.


സഖാവ് ശിബ്‌ദാസ് ഘോഷ് ആവർത്തിച്ചു പറയുമായിരുന്നു: “നോക്കൂ, നാം ഇത്തരത്തിലൊരു വിപ്ലവ ജീവിതം സ്വമേധയായാണ് സ്വീകരിച്ചത്. വൃതമനുഷ്ഠിക്കലല്ല നമ്മുടെ പ്രത്യയ ശാസ്ത്രം. നല്ല ഭക്ഷണം കിട്ടിയാൽ നാം കഴിക്കും. അല്ലെങ്കിൽ സർവ്വസാധാരണമായി നമുക്ക് പ്രാപ്യമാകുന്ന ഭക്ഷണം നാം സന്തോഷത്തോടെ കഴിക്കും. വിപ്ലവകാരികൾക്ക് ചിലപ്പോൾ നല്ല ഭക്ഷണം ലഭിക്കും. ചിലപ്പോൾ കിട്ടുകയുമില്ല. ഭക്ഷണം കിട്ടിയാൽ നാമത് ആസ്വദിച്ച് കഴിക്കും. അല്ലെങ്കിൽ കഴിയുന്നതെന്തോ അതു നാം കഴിക്കും.” മഹത്തരമായൊരു സമരത്തിലൂടെയാണ് അദ്ദേഹം ഉയര്‍ന്നുവന്നത്. അദ്ദേഹം ഒരു ഉയർന്ന നിലവാരമുള്ളയാളാണെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. അത്രയേറെ വിലപ്പെട്ട ഒരാളെന്നോ ഉയർന്ന ഒരാളെന്നോ നമ്മിൽ നിന്നൊക്കെ വ്യതരിക്തനായ ഒരാളെന്നോ തോന്നിക്കാത്ത രീതിയിൽ സ്വതന്ത്രമായി അദ്ദേഹം പെരുമാറി. അദ്ദേഹത്തിന്റെ മഹത്വം എത്ര മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു എന്ന ചോദ്യം നമ്മെ അലട്ടിക്കൊണ്ടേയിരിക്കുന്നു. ഒരാളെ പുറമേനിന്നു നോക്കിക്കാണുന്നതും ആഴത്തിൽ മനസ്സിലാക്കുന്നതും വ്യത്യസ്തമാണ്. അക്കാര്യത്തിൽ നമുക്ക് പരിമിതികൾ ഉണ്ട്.
വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും അവിടെ ബന്ധപ്പെട്ടവര്‍ക്ക് സഖാവ് ശിബ്‌ദാസ് ഘോഷിന്റെ കൃതികൾ നൽകാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഈ പുസ്തകങ്ങൾ വായിച്ചതിനു ശേഷം, നിങ്ങൾ എന്തുകൊണ്ട് ഇത് നേരത്തേ തന്നില്ല എന്ന് ചിലർ കുറ്റപ്പെടുത്തുകയുണ്ടായി. സാർവ്വദേശീയതലത്തിൽ സഖാവ് ശിബ്‌ദാസ് ഘോഷ് ചിന്തകൾ എന്തുകൊണ്ട് പ്രചരിപ്പിച്ചില്ല? ഇത്ര നിലവാരമുള്ള ഒരു മാർക്സിസ്റ്റ് ചിന്തകനെ എന്തുകൊണ്ട് നേരത്തേ പരിചയപ്പെടാനായില്ല? ഈ കുറ്റപ്പെടുത്ത ലുകൾ ക്ഷമയോടെയും മൗനത്തോടെയും നമുക്ക് സ്വീകരിക്കേണ്ടിവന്നു.
ഞങ്ങൾ അദ്ദേഹത്തോട് വളരെ അടുത്ത ആളുകളായിരുന്നു. അദ്ദേഹത്തിൽനിന്ന് ഞങ്ങൾ എന്തു പഠിച്ചു എന്നും അദ്ദേഹത്തിന്റെ പാഠങ്ങളിൽനിന്ന് എന്തു മനസ്സിലാക്കി എന്നുമുള്ള ചോദ്യം വരാം. ഞങ്ങളുടെ പരിമിതി കൊണ്ടുതന്നെ മതിയായ വിദ്യാഭ്യാസം അദ്ദേഹത്തിൽനിന്നും നേടിയെടുക്കാൻ പ്രായോഗികമായി കഴിഞ്ഞില്ല. എനിക്കങ്ങനെ തോന്നുന്നു. ഇന്ന് ഞാൻ പ്രായാധിക്യമുള്ള ആളാണ്. വിപ്ലവകാരികളായ ഒരു സംഘത്തെ വാർത്തെടുക്കാൻ സഖാവ് ശിബ്‌ദാസ് ഘോഷ് കഠിനശ്രമം നടത്തിയിരുന്നു. തന്റെ ആരോഗ്യം ക്ഷയിച്ചിരുന്ന സമയത്തും അക്കാര്യത്തിൽ അദ്ദേഹത്തിനു വീഴ്ചയുണ്ടായില്ല. അദ്ദേഹത്തിന്റെ പാഠങ്ങൾ എത്രമാത്രം മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്? എത്ര മാത്രം ഉയരാൻ നമുക്കായിട്ടുണ്ട്?
സഖാവ് മണിക് മുഖർജി 2015ൽ ഇങ്ങനെ ഒരു മനസ്താപം രേഖപ്പെടുത്തി.

സഖാവ് മണിക്ക് മുഖർജിയുടെ പരാമർശമില്ലാതെപോയ മറ്റൊരു സംഭവവുംകൂടി ഞാൻ വിശദീകരിക്കാം. സഖാവ് ശിബ്‌ദാസ് ഘോഷ് എത്ര മഹാനായിരുന്നെന്ന് ഇതിലൂടെ നിങ്ങൾക്ക് മനസ്സിലാവും. ഒരിക്കൽ സഖാവ് മണിക്ക് മുഖർജി മഞ്ഞപ്പിത്തം ബാധിച്ചു കിടക്കുന്ന സമയത്ത് പാർട്ടിയുടെ ഫണ്ട് സമാഹരണം നടക്കുന്നുണ്ടായിരുന്നു. അതിൽ എല്ലാ സഖാക്കളും പങ്കെടുക്കേണ്ടിയിരുന്നു. ആ സമയത്ത് നിശ്ചിത ഇടവേളകളിൽ സഖാവിന് സർബത്ത് നൽകണമായിരുന്നു. സഖാക്കളോടെല്ലാം ഫണ്ട് കളക്ഷന് പോകാൻ സഖാവ് ശിബ്‌ദാസ് ഘോഷ് നിർദ്ദേശിച്ചു. എല്ലാവരും പോയാൽ സഖാവ് മണിക് മുഖർജിക്ക് ആര് സർബ്ബത്തു നൽകും എന്ന് ചില സഖാക്കൾ സന്ദേഹിച്ചു. ഒരു ദിവസം സർബ്ബത്തു കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് സഖാവ് ഘോഷ് പറഞ്ഞു. സഖാക്കൾ പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞ് ഒരു ഗ്ലാസ് സർബ്ബത്തും നീട്ടി നിൽക്കുന്ന സഖാവ് ശിബ്‌ദാസ് ഘോഷിനെയാണ് മണിക് മുഖർജി കണ്ടത്. സാധാരണ ഭക്ഷണം കഴിക്കാൻ കഴിയാതിരുന്ന സഖാവ് മണിക്ക് മുഖർജിക്ക് പച്ചക്കറി അരിഞ്ഞ് പ്രത്യേകം ഭക്ഷണം പാകം ചെയ്തു നൽകുകയും ചെയ്തു. ഇതായിരുന്നു സഖാവ് ശിബ്‌ദാസ് ഘോഷ്. കമ്മ്യൂണിലുള്ള സഖാക്കളെ മാത്രമല്ല; എല്ലാ സഖാക്കളോടും സഖാവ് ശിബ്‌ദാസ് ഘോഷിന് അദമ്യമായ സ്നേഹവും വാത്സല്യവുമുണ്ടായിരുന്നു.
എല്ലാ സഖാക്കളുടെയും വീട്ടിൽ സഖാവ് ശിബ്‌ദാസ് ഘോഷ് ഉൾപ്പെടെയുള്ള ഏഴു നേതാക്കളുടെ ഫോട്ടോ വയ്ക്കുമായിരുന്നു. സഖാവ് ശിബ്‌ദാസ് ഘോഷിനോടൊപ്പം പാർട്ടിയുടെ ഒന്നാം സെൻട്രൽ കമ്മിറ്റിയിലുണ്ടായിരുന്ന ഒന്നാം നിരയിലെ സഖാക്കളുടേതായിരുന്നു അത്. അവരെല്ലാം മൺമറഞ്ഞു. രണ്ടാം ബാച്ചിലെ സഖാക്കൾ തപസ്ദത്ത, അശുതോഷ് ബാനർജി, സുകോമൾ ദാസ് ഗുപ്ത, സിതീഷ് ദാസ് ഗുപ്ത, അനിൽ സെൻ, അമൃതേശ്വർ ചക്രവർത്തി, ബാദ്ഷാ ഖാൻ എന്നിവരായിരുന്നു. അവരും ഇന്നില്ല. ഞാനും സഖാവ് മണിക്ക് മുഖർജിയും സഖാവ് ഹൈദറും മൂന്നാമത്തെ ബാച്ചിൽ ഉൾപ്പെടുന്നു. അതിലും രണ്ടു ചേർ ഇപ്പോൾ നമ്മോടൊപ്പമില്ല. ഞാൻ മാത്രം അവശേഷിക്കുന്നു. സഖാവ് അസിത് ഭട്ടാചാര്യ രണ്ടുവർഷത്തിന് ശേഷമാണ് പാർട്ടിയിൽ ചേർന്നത്. അദ്ദേഹത്തെയും മൂന്നാം ബാച്ചിൽ ഉൾപ്പെടുത്താം. ഇവിടെ സന്നിഹിതരായിരിക്കുന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളുമായിരിക്കുന്ന പലരുടെയും പ്രായം 80കളിലോ 70കളിലോ 60കളിലോ ആണ്. കഴിഞ്ഞ ആഗസ്റ്റ് 5ന് ഞാൻ നടത്തിയ പ്രഭാഷണത്തിലേക്ക് നമ്മുടെ യുവാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധ ക്ഷണിക്കുകയാണ്. സഖാവ് ശിബ്‌ദാസ് ഘോഷ് എങ്ങനെയാണ് നമ്മുടെ പാർട്ടി രൂപീകരിച്ചതെന്നും വികസിപ്പിച്ചതെന്നും ഞാനന്ന് വിശദീകരിച്ചിരുന്നു. അദ്ദേഹംതന്നെ പറഞ്ഞ കാര്യങ്ങൾ ഞാനന്ന് വായിച്ചിരുന്നു. ഇന്ന് രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി നമ്മുടെ പാർട്ടി ഗംഭീരമായി വളർന്നിരിക്കുന്നു. നമ്മുടെ ശക്തി സിപിഐ(എം)ന് തൊട്ടുപിന്നിലാണെന്ന് താഴ്മയോടെ ഞാൻ പറയട്ടെ. ആർജെഡിയുടെ സഹായത്തോടെ സിപിഐ(എംഎൽ) ബീഹാറിൽ ചില്ലറ കരുത്തു കാട്ടുന്നുണ്ട്. സിപിഐ(എം) ആൾബലത്തിൽ മാത്രമാണ് നമ്മുടെ മുന്നിൽ. അവരുടെ മിക്കവാറും എല്ലാ നേതാക്കളും പ്രവർത്തകരും അനുഭാവികളും നിഷ്‌ക്രിയരോ നിരാശരോ ആയിരിക്കുന്നു. ബൂർഷ്വാസിയുടെ വോട്ട് രാഷ്ട്രീയത്തിന്റെ പിടിയിലും അന്വേഷണത്തിലും അവർ ഇടതു രാഷ്ടീയം വെടിഞ്ഞിരിക്കുന്നു. നമ്മളുമായിട്ടുള്ള ബന്ധം വെടിഞ്ഞ് സിപിഐ(എം)ഉം സിപിഐയും കോൺഗ്രസ്സുമായി കൈകോർക്കുകയാണ്. നിങ്ങൾക്കതറിയാം. എന്നാൽ ഇന്ത്യയിലെ സത്യസന്ധരായ ഇടതുപക്ഷ വിശ്വാസികളും കമ്മ്യൂണിസ്റ്റ് അനുഭാവികളും സാമ്രാജ്യത്വ-ഫാസിസ്റ്റ് വിരുദ്ധ സമീപനമുള്ള സ്വതന്ത്രമനുഷ്യരും നമ്മെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. സഖാക്കൾ എല്ലാവരും എക്കാലവും നമ്മോടൊപ്പം ഉണ്ടാവില്ല. മാർക്സിസം-ലെനിനിസത്തിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുവാനും പ്രതീക്ഷയ്ക്കിണങ്ങുംപടി തങ്ങളുടെ നിലവാരമുയർത്തുവാനും നമ്മുടെ ചെറുപ്പക്കാരായ സഖാക്കൾക്കു കഴിയുന്നില്ലെങ്കിൽ പാർട്ടി ഒരു വലിയ അപകടത്തെ നേരിടും.


വിപ്ലവകാരികൾ ഉദ്ദേശ്യപൂർണ്ണമല്ലാത്ത ഒരു പ്രവർത്തനവും ഏറ്റെടുക്കില്ലെന്ന് കഴിഞ്ഞ മീറ്റിംഗിൽ ഞാൻ പറഞ്ഞിരുന്നല്ലോ. ഭക്ഷണം കഴിക്കുന്നതിൽ, ഉറങ്ങുന്നതിൽ, പാട്ടുകേൾക്കുന്നതിൽ, ഒരു മീറ്റിംഗ് നടത്തുന്നതിൽ, പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ, ഒരു നാടകമോ സിനിമയോ കാണുന്നതിൽ തുടങ്ങി ഏത് പ്രവർത്തനത്തിനും ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം. വിപ്ലവത്തിന്റെ താൽപര്യത്തിന് ഉതകാത്തതൊന്നും അതിൽ കടന്നുകൂടരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുപോലും വിപ്ലവകരമായ താത്പര്യപ്രകാരമാവണം. അല്ലെങ്കിൽ അത് വേണ്ട. വിജ്ഞാനം വളർത്തുന്ന വായന സമൂഹത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. യുക്തിവിചാരം വളർത്തുന്ന വിജ്ഞാനത്തിന്റെ വ്യാപനം മുതലാളിത്തം തടയുകയാണ്. ഭരണമുതലാളിത്തത്തിന്റെ ദാസ്യത്തിലായിരിക്കുന്ന പാർട്ടികളെല്ലാം ജനങ്ങളെ അന്ധതയിലാഴ്ത്താനുള്ള ഗൂഢമായ നീക്കത്തിലാണ്. ഈ മാരകമായ പദ്ധതിക്കെതിരെ നമ്മുടെ സഖാക്കൾ പൊരുതേണ്ടതുണ്ട്. നമ്മോടടുത്തു വരുന്ന യുവാക്കളായ സഖാക്കളെല്ലാം സത്യസന്ധരും ആത്മാർത്ഥതയുള്ളവരുമാണ്. പക്ഷേ ഈ ചീഞ്ഞുനാറിയ സമൂഹത്തിന്റെ സ്വാധീനവും അതേസമയം അവരിൽ കാണാം. അതിനാൽ നിരന്തരമായ പഠനത്തിലൂടെ സത്യം മനസ്സിലാക്കുക എന്നത് ഇന്ന് അനിവാര്യമായിരിക്കുന്നു. കാണാപ്പാഠമാക്കുക എന്നതല്ല മറിച്ച് അതിന്റെ സാരാംശം ശരിക്ക് ഉൾക്കൊണ്ട് ആ സത്യത്തെ ജീവിതത്തിൽ പ്രയോഗിച്ചുകൊണ്ട് മാറിത്തീരാനുള്ള സമരം ഏറ്റെടുക്കുക എന്നതാണ് ആവശ്യം. നമ്മളിൽ പലരും പെറ്റിബൂർഷ്വാ കുടുംബങ്ങളിൽ നിന്നും വന്നവരാണ്. പെറ്റിബൂർഷ്വാ സംസ്ക്കാരത്തോടെ വിപ്ലവത്തിന്റെ പതാക ഒരാൾക്ക് ഉയർത്തിപ്പിടിക്കാനാവില്ല. ബൂർഷ്വാ-പെറ്റിബൂർഷ്വാ ചിന്തകൾ നമ്മെ നയിക്കുന്നത് എവിടേയ്ക്കാണെന്ന് നാം വളരെ ശ്രദ്ധിക്കണം. നമ്മുടെ ജീവിതത്തിലും പെരുമാറ്റത്തിലും അതിന്റെ സ്വാധീനമുണ്ടോ? സഖാവ് ശിബ്‌ദാസ്‌ ഘോഷ് ചിന്തകളുടെ വെളിച്ചത്തിൽ നാം നിരന്തരമായ ആത്മപരിശോധനയിലായിരിക്കണം. നിരന്തരം മാറ്റിത്തീർക്കാനും നിലവാരം ഉയർത്താനുമുള്ള സമരമാണിന്നാവശ്യം.


രാജ്യം ഇന്ന് അകപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് നാം അറിയണം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വലിയൊരു പ്രതിസന്ധിയിലാണ്. ലോകത്തെ ഓരോ ഭാഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹത്വം വീണ്ടെടുക്കാൻ ചില ശക്തികൾ ചിലയിടങ്ങളിൽ കഠിന ശ്രമങ്ങൾ നടത്തുന്നുണ്ടാകാം. സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥ അട്ടിമറിക്കപ്പെട്ട ദുഃഖകരമായ സംഭവങ്ങൾക്കുശേഷം മിക്കവാറും എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഛിന്നഭിന്നമായി. പക്ഷേ നമ്മുടെ പാർട്ടി കോട്ടംതട്ടാതെ നിലകൊള്ളുകയാണ്. നമുക്ക് വേദനയുണ്ട്; പക്ഷേ നിരാശ പിടികൂടിയിട്ടില്ല. കാരണം, അത്തരം തിരിച്ചടികളെ നേരിടാനുള്ള കരുത്ത് സഖാവ് ശിബ്‌ദാസ് ഘോഷ് പകർന്നു തന്നിട്ടുണ്ട്. ഇന്ത്യയിൽ വിപ്ലവം നടത്തിക്കൊണ്ട് ലോക വിപ്ലവത്തിൽ ഒരു നിർണ്ണായകമായ പങ്കുവഹിക്കാനുള്ള ദൗത്യം ചരിത്രം നമ്മിൽ അർപ്പിച്ചിരിക്കുകയാണ്. ഇവിടെയിരിക്കുന്ന ചിലർക്ക് അത് കാണാൻ കഴിഞ്ഞില്ലെന്നിരിക്കും. യുവതലമുറക്കാരായ കോംസമോൾ , എഐഡിഎസ്ഒ, എഐഡിവൈഒ സഖാക്കൾ വരുംനാളുകളിൽ ഉയർന്ന ഉത്തരവാദിത്വം ഏറ്റെടുക്കണം. മുതലാളിത്തം നമ്മുടെ പാർട്ടിയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കായികമായ രീതിയിൽ മാത്രമല്ല ആ ആക്രമണം നടക്കുന്നത്. ബൂർഷ്വാ ചിന്തകളും സംസ്ക്കാരവും പകർന്നുകൊണ്ട്, ധനലാഭത്താൽ മോഹിപ്പിച്ച്, സ്വത്തിനോട് ആർത്തിയുണ്ടാക്കി, കുടുംബത്തോടും കുട്ടികളോടും ദൗർബല്യം വളർത്തി, അത് നമ്മെ ഗൂഢമായി ആക്രമിക്കുകയാണ്. ഇതിനെക്കുറിച്ച് സഖാവ് ശിബ്‌ദാസ്‌ഘോഷ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


തന്നിലർപ്പിതമായ എല്ലാ ഉത്തരവാദിത്വവും നിർവ്വഹിക്കാൻ സഖാവ് മണിക് മുഖർജി കഠിനശ്രമം നടത്തിയിരുന്നു. സഖാവ് മണിക് മുഖർജിക്ക് ആദരവ് നൽകുമ്പോൾ, സമയാസമയങ്ങളിൽ പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചു കൊണ്ട് സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ഉത്തമ ശിഷ്യന്മാരായി സ്വയം വികസിക്കാനുള്ള പ്രതിജ്ഞയാണ് കൈക്കൊള്ളേണ്ടത്. സഖാവ് മണിക് മുഖർജിയുടെ ജീവിതസമരത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. അതാണ് അദ്ദേഹത്തെ ആദരിക്കുവാനുള്ള യഥാർത്ഥ പാത. ഈ സാഹചര്യത്തിൽ മറ്റൊരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഒരാളുമായി അടുത്തു കഴിയുക എന്നതും അയാളെ മനസ്സിലാക്കുക എന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. മാർക്സും ഏംഗൽസും തമ്മിൽ വലിയ അടുപ്പമുണ്ടായിരുന്നു. ഓരോരുത്തർക്കുമുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യത്തെക്കുറിച്ച് ഇരുവരും മനസ്സിലാക്കിയിരുന്നു. പക്ഷേ ഏംഗൽസിന് അതേക്കുറിച്ച് തന്റേതായൊരു വിവരണമുണ്ടായിരുന്നു. ദ്വന്ദാത്മക-ഭൗതികവാദത്തെക്കുറിച്ച് നിരവധി കൃതികൾ ഏംഗൽസ് രചിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം മാർക്സിസം-ഏംഗൽസിന്റെ പേരിന്റെ സൂചനയില്ലാതെ-എന്ന് പറയുന്നതെന്താണെന്ന് അദ്ദേഹത്തോട് ഒരിക്കൽ ചോദിക്കുകയുണ്ടായി. ഏംഗൽസ് മറുപടി പറഞ്ഞു: ”മാർക്സിന് തന്റെ കാലത്തിന് അതീതമായി കാര്യങ്ങളെ കാണാൻ കഴിഞ്ഞു. പക്ഷേ ഞങ്ങൾക്ക് അത്രയധികം ദീർഘവീക്ഷണമുണ്ടായില്ല. ശാസ്ത്രസംബന്ധിയായി ഞാൻ എഴുതിയ ഒന്നു രണ്ടു പുസ്തകങ്ങൾ ഒഴിച്ചാൽ മറ്റെല്ലാം മാർക്സിന് എഴുതാൻ കഴിയുമായിരുന്നു. പക്ഷേ മാർക്സ് എഴുതിയതൊന്നും എനിക്ക് ഒരിക്കലും എഴുതാൻ കഴിയുമായിരുന്നില്ല.”
ഏംഗൽസ് പറഞ്ഞു: ”മാർക്സ് ഒരു പ്രതിഭാശാലിയായിരുന്നു. ഞങ്ങളെല്ലാം പരമാവധി പോയാൽ പ്രഗത്ഭമതികളായിരിക്കാം.” ഏംഗൽസ് ഇക്കാര്യം പല തവണ ആവർത്തിച്ചിട്ടുണ്ട്. മാർക്സിനെ ഏംഗൽസ് ഈ വിധത്തിലാണ് മനസ്സിലാക്കിയത്. രണ്ടാം ഇന്റർനാഷണലിലെ നേതാക്കൾക്ക് മാർക്സിനെയും ഏംഗൽസിനെയും മനസ്സിലായില്ല. മാർക്സും ഏംഗൽസും പറഞ്ഞതെന്താണെന്ന് ശരിക്ക് മനസ്സിലാക്കിയത് ലെനിനായിരുന്നു. ലെനിൻ ഒരിക്കലും മാർക്സ്, ഏംഗൽസ് എന്നിവരെ നേരിട്ടു കണ്ടിട്ടില്ല. അതുപോലെ തന്നെ ലെനിനോട് അടുത്ത ബന്ധം പുലർത്തിയ കമനേവ്, സിനോവെവ്, ട്രോട്സ്കി എന്നിവർ അദ്ദേഹത്തെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. സ്റ്റാലിനാണ് ലെനിനെ മനസ്സിലാക്കിയത്. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട സ്റ്റാലിൻ വിപ്ലവത്തിന്റെ സമയത്താണ് ലെനിനെ കണ്ടത്. അതിനു മുൻപ് അവർ മുഖാമുഖം കണ്ടിട്ടേയില്ല. പക്ഷേ ലെനിന്റെ ഔന്നത്യം യഥാർത്ഥത്തിൽ മനസ്സിലാക്കിയത് സ്റ്റാലിൻ മാത്രമായിരുന്നു. വീണ്ടും, മാർക്സ്-ഏംഗൽസ്-ലെനിൻ-സ്റ്റാലിൻ-മാവോ സെതുങ് എന്നീ നേതാക്കളെ ശരിക്ക് മനസ്സിലാക്കാനായത് സഖാവ് ശിബ്‌ദാസ് ഘോഷിനായിരുന്നു. ഒരാൾ മറ്റൊരാളുമായി അടുത്ത് സഹവസിച്ചിട്ടുണ്ടോ എന്നതിലല്ല കാര്യം. ഒരു ഉയർന്ന നേതാവുമായി അടുത്ത ബന്ധത്തിൽ കഴിഞ്ഞു എന്നതുകൊണ്ട് അദ്ദേഹത്തെ മനസ്സിലായെന്നു പറയാനാവില്ല. ഒരു പ്രതിഭാശാലിയെ മനസ്സിലാക്കാൻ ആഴത്തിലുള്ള അറിവ് അനിവാര്യമാണ്. ആന്തരികവും ബാഹ്യവുമായ രണ്ടു വൈരുദ്ധ്യങ്ങളാണ് ഒരു മാറ്റത്തിനു പിന്നിലെ ഹേതു. ആന്തരിക വൈരുദ്ധ്യമാണ് മാറ്റത്തിന്റെ പ്രധാന കാരണം; ബാഹ്യ വൈരുദ്ധ്യം അതിന് സഹായമായി വർത്തിക്കുന്നു. ഭൗതിക ലോകത്തിൽ പ്രവർത്തിക്കുന്നതുപോലെയല്ല അത് ഒരു മനുഷ്യനിൽ പ്രവർത്തിക്കുന്നത്. മനുഷ്യനിൽ മനസ്സ് എന്ന ഘടകവും പ്രവർത്തിക്കുന്നുണ്ട്. ബാഹ്യലോകത്തു നിന്ന് ഞാൻ എത്ര മാത്രം സ്വീകരിക്കുന്നു എന്നത് എന്റെ മനസ്സാണ് തീരുമാനിക്കുന്നത്. ഞാൻ എത്രമാത്രം സ്വീകരിക്കുന്നു എന്നത് നേതാവുമായി ഞാൻ എത്രമാത്രം അടുപ്പത്തിലാണ് എന്നതല്ല തീരുമാനിക്കുന്നത്. മനുഷ്യന് അവന്റെയോ അവളുടെയോ ചുറ്റുപാടുമുള്ള സാഹചര്യങ്ങളെ മാറ്റാൻ കഴിയും. ഉദാഹരണത്തിന് ഒരു സ്ഥലം എന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നെങ്കിൽ ഉചിതമായ മറ്റൊരിടത്തേക്ക് എനിക്ക് മാറാൻ കഴിയും. ആരോഗ്യത്തെ സംരക്ഷിക്കാൻ എന്റെ ബാഹ്യമായ സാഹചര്യം ഞാൻ മാറ്റി.

പാർട്ടിയിൽ എത്രനാൾ ഞാൻ പ്രവർത്തിച്ചെന്നതോ ആരുടെകൂടെയാണ് ഞാൻ സഹവസിച്ചത് എന്നതോ, പഠിക്കാനുള്ള എന്റെ കഴിവിനെ വളർത്തുന്നതിൽ ചെറിയ സ്വാധീനമേ ചെലുത്തൂ. അറിവ് നേടാനായി ഞാൻ എന്താണ് ചെയ്യുന്നത്, ശരിയായി പഠനം നടത്തുവാൻ ഞാൻ എന്ത് സമരമാണ് കൈക്കൊണ്ടിരിക്കുന്നത്, എന്റെ സമരത്തിന്റെ പ്രകൃതമെന്താണ് ഇവയൊക്കെയാണ് പരിഗണിക്കേണ്ട ഘടകങ്ങൾ. സഖാവ് മണിക് മുഖർജിക്ക് ഒന്നും പഠിക്കാനായില്ല എന്നല്ല ഇതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്. അങ്ങനെയെങ്കിൽ, ഇത്ര നിർണ്ണായകമായ ഒരു പങ്കു വഹിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞത് എങ്ങനെയാണ്? അതേ സമയം, സഖാവ് ശിബ്‌ദാസ് ഘോഷിനോടൊപ്പം വളരെയധികം കാലം ഒരുമിച്ചു കഴിഞ്ഞിട്ടും മതിയായ രീതിയിൽ അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നദ്ദേഹം പശ്ചാത്തപിക്കുകയാണ്. സഖാവ് ശിബ്‌ദാസ് ഘോഷിന്റെ വിപ്ലവകരമായ ജീവിതത്തിന്റെ ആഴമളക്കാൻ അത്ര എളുപ്പമല്ല. സഖാവ് മണിക് മുഖർജി ആ സമരത്തിൽ മുഴുകിയിരുന്നു. അതുപോലെതന്നെയാണ് ഞാനും നിങ്ങളുമൊക്കെ. നിങ്ങളുടെ സമരം എത്ര ഉയർന്നതാക്കാൻ കഴിയുന്നു എന്നതിനെയാണ് അത് ആശ്രയിച്ചിരിക്കുന്നത്. അതിനാൽ അദ്ദേഹത്തിന്റെ പ്രായശ്ചിത്തം വളരെ വിജ്ഞാനപ്രദമാണ്.
സഖാവ് മണിക് മുഖർജിയുടെ നാനാതുറയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടു. കൂടുതൽ പഠിക്കാൻ കഴിഞ്ഞില്ല എന്ന വലിയ ഒരു പശ്ചാത്താപമാണദ്ദേഹം നടത്തിയത്. ഈ മനസ്താപം മുന്നോട്ടുള്ള പ്രയാണത്തിലെ ആദ്യ ചുവടാണ്. കൂടുതൽ പഠിക്കണം; കൂടുതൽ മനസ്സിലാക്കണം. നാം മാർക്സ്-ഏംഗൽസ്-ലെനിൻ-സ്റ്റാലിൻ-മാവോ സെതുങ്-സഖാവ് ശിബ്‌ദാസ് ഘോഷ് എന്നിവരെ പുനരാവർത്തി മനസ്സിലാക്കണം. നമ്മെ ഉയർത്താനുള്ള സമരമിതാണ്. സഖാവ് മണിക് മുഖർജിയുടെ സമരത്തിൽ നിന്നും നാമെടുക്കേണ്ട പാഠമിതാണ്.

Share this post

scroll to top