കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ പെറ്റി കോൺട്രാക്ടർമാരും കോൺട്രാക്ട് ലൈൻ വർക്കർമാരുമായ തൊഴിലാളികൾ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സഖാവ് കെ.പി.കോസലരാമദാസിന്റെ നേതൃത്വത്തിൽ നിശ്ചയദാർഢ്യത്തോടെ മൂന്ന് പതിറ്റാണ്ടുകാലം നിരന്തരം നടത്തിയ പോരാട്ടത്തെത്തുടർന്ന് ഇപ്പോൾ 1486 കരാർ തൊഴിലാളികൾ കെഎസ്ഇബി ലിമിറ്റഡിൽ സ്ഥിരനിയമനം നേടിയിരിക്കുന്നു. ഈ സ്ഥിരപ്പെടുത്തൽ നിയമനം ചരിത്രപ്രാധാന്യമുള്ള ഒരു വിജയമാണ്. കേരളത്തിലെ തൊഴിലാളി വർഗ്ഗ സമരചരിത്രത്തിൽ ഇത്രയും കാലം നീണ്ടുനിൽക്കുകയും, ശക്തമായ പ്രക്ഷോഭണങ്ങളുടെ പരമ്പര സൃഷ്ടിക്കുകയും, അനന്തമായ കോടതിനടപടികളാൽ വലിച്ചിഴക്കപ്പെടുകയും, എല്ലാറ്റിനുമുപരി കടുത്ത സങ്കുചിത കക്ഷിരാഷ്ട്രീയ-യൂണിയൻ താല്പര്യങ്ങൾക്ക് ഇരയായി തീരുകയും ചെയ്ത മറ്റൊരു തൊഴിലാളിസമരവും ഉണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ സ്ഥിരംനിയമനം നേടുന്ന തൊഴിലാളികളും ഇനിയും നിയമനം നേടാനിരിക്കുന്ന അർഹതപ്പെട്ടവരും മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങളിൽ താല്പര്യമുള്ള മുഴുവനാളുകളും ഈ സമരത്തിന്റെയും വിജയത്തിന്റെയും ചരിത്രം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
സ്ഥിരം നിയമനം ഉറപ്പായ ഈ സാഹചര്യത്തിൽ, വിജയത്തിന്റെ പിതൃത്വത്തിനും പങ്കിനും വേണ്ടി ബോർഡിലെ മിക്കവാറും എല്ലാ യൂണിയനുകളും രംഗത്തിറങ്ങിയിരിക്കുകയാണ്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ്, കെകെടിഎഫ് തുടങ്ങിയ സംഘടനകൾ സോഷ്യൽ മീഡിയയിലും അല്ലാതെയും തങ്ങൾ കരാർ തൊഴിലാളികളുടെ സ്ഥിരം നിയമനത്തിനുവേണ്ടി ചെയ്ത ‘വീരകൃത്യ’ങ്ങളുടെ കഥകൾ പ്രചരിപ്പിച്ചുകൊണ്ട് മെമ്പർഷിപ്പ് ചേർക്കാൻ ഓടിനടക്കുകയാണ്. നിയമനം വാങ്ങിക്കൊടുത്തത് തങ്ങളാണെന്നാണ് സിഐടിയുവിന്റെ അവകാശവാദം; പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘എട്ടുകാലി മമ്മൂഞ്ഞ്’ ശൈലിയിൽ. ഇവർ അവസാനംവരെ വേട്ടക്കാരന്റെ റോളിലായിരുന്നു. നിയമനം ഉറപ്പായപ്പോൾ ഇരയ്ക്കൊപ്പമാണെന്ന് നിർലജ്ജം ഭാവിക്കുന്നു.
ഇവർക്കെല്ലാം അത്രയെളുപ്പം മായ്ച്ചുകളയാനും പിതൃത്വം സ്ഥാപിക്കാനും കഴിയുന്നതല്ല കെഎസ്ഇബി കരാർതൊഴിലാളികളുടെ ഈ ചരിത്രവിജയം. മൂന്നു പതിറ്റാണ്ടുകാലത്തെ വീറുറ്റ തൊഴിലാളിസമരത്തിന്റെയും സമാനതകളില്ലാത്ത നിയമപോരാട്ടത്തിന്റെയും ചരിത്രമാണത്. ഇപ്പോൾ നിയമനം നേടുന്ന മുഴുവൻ തൊഴിലാളികൾക്കും അനുഭവംകൊണ്ട് അതറിയാം. ഇനിയും നിയമനം നേടാനിരിക്കുന്നവർക്കും, സ്ഥാപിത താല്പര്യക്കാരുടെ കുടിലമായ ഇടപെടൽകൊണ്ട് മാത്രം ഒന്നര പതിറ്റാണ്ട് വൈകിയെത്തിയ ഈ നിയമനത്തിൽനിന്നും പുറത്തായിപ്പോയ നൂറുകണക്കിന് പാവപ്പെട്ട തൊഴിലാളികൾക്കും ഈ ചരിത്രം നന്നായി അറിയാം.
കേരളത്തിലെ സമുന്നത ട്രേഡ് യൂണിയൻ നേതാവ് സഖാവ് കെ.പി.കോസലരാമദാസ് സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം തൊഴിലാളിപ്രസ്ഥാനത്തിന് തുടക്കം കുറിച്ച നേതാവാണ്. 1957 മാർച്ചിൽ കേരള ഇലക്ട്രിസിറ്റി ബോർഡ് എന്ന സ്ഥാപനം ആരംഭിക്കുന്നതിനു മുമ്പ്, തിരു-കൊച്ചി സ്റ്റേറ്റിൽ ഉണ്ടായിരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രിസിറ്റിയുടെ കാലത്ത്തന്നെ, 1956 ൽ രൂപീകരിക്കപ്പെട്ട ട്രേഡ് യൂണിയനാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ (കെഎസ്ഇ വർക്കേഴ്സ് യൂണിയൻ-രജി.നം.43/56). ഈ യൂണിയനും അതിന്റെ നേതാവ് സഖാവ് കെ.പി.കോസലരാമദാസും കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.
ഇലക്ട്രിസിറ്റി ബോർഡിലെ സ്ഥിരം തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും യഥാസമയം നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും സഖാവ് കെ.പി.കോസലരാമദാസ് വഹിച്ച പങ്ക് ആർക്കും ചോദ്യം ചെയ്യാനാകാത്തതാണ്. തൊഴിലാളി താല്പര്യം അടിയറവെച്ചുകൊണ്ടുള്ള ഏത് നീക്കവും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അദ്ദേഹം പൊട്ടിത്തെറിക്കുമായിരുന്നു. സ്ഥിരം- താൽക്കാലിക-കരാർ ഭേദമില്ലാതെ എല്ലാ വിഭാഗം തൊഴിലാളികളുടെയും അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം പോരാടി. എഴുപതുകളിൽ സിഎൽആർ, എൻഎംആർ തൊഴിലാളികളുടെ സ്ഥിരപ്പെടുത്തലിനുവേണ്ട എല്ലാ പ്രയത്നങ്ങളും നടത്തിയത് അദ്ദേഹമാണ്. ഇതിലൂടെയെല്ലാം തൊഴിലാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിച്ചതിനോടൊപ്പം, സർക്കാരും മാനേജ്മെന്റും മറ്റ് യൂണിയൻ നേതൃത്വങ്ങളും അദ്ദേഹത്തെ ഭയക്കാനും തുടങ്ങി. തൊഴിലാളിവർഗ്ഗത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ തൊഴിലാളിവിരുദ്ധ-സമരവിരുദ്ധ സമീപനം കാരണം മേയർ സ്ഥാനവും എം.എൽ.എ സ്ഥാനവും എല്ലാം വലിച്ചെറിഞ്ഞുകൊണ്ട് പാർട്ടി വിട്ട സഖാവ് കോസലരാമദാസ്, തൊഴിലാളിപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് സ്വതന്ത്ര ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് പുതിയ മാതൃക കാട്ടി.
മറ്റെല്ലാ യൂണിയനുകളും കൈയൊഴിഞ്ഞ,”കിളിപ്പണിക്കാ’രെന്ന് വിളിക്കപ്പെട്ടിരുന്ന, കെഎസ്ഇബിയുടെ ഓരങ്ങളിൽ കഴിഞ്ഞിരുന്നവരും എന്നാൽ ബോർഡിനുവേണ്ടി ഏത് ജോലിയും എത് സമയത്തും ഫലപ്രദമായി നിർവ്വഹിച്ചുപോന്നവരുമായ പെറ്റി കോൺട്രാക്ടർമാരെയും കോൺട്രാക്ട് ലൈൻ വർക്കർമാരെയും ഒരു യൂണിയനിൽ സംഘടിപ്പിച്ച്, അവർക്ക് അവകാശബോധമുണ്ടാക്കി, പോരാട്ടത്തിനിറക്കിയത് സഖാവ് കോസലരാമദാസ് മാത്രമായിരുന്നു. ജോലിയുടെ പ്രത്യേകതകൾ പരിഗണിച്ച് പെറ്റി കോൺട്രാക്ടർ കം കോൺട്രാക്ട് വർക്കർ എന്ന തൊഴിൽ കാറ്റഗറിയെ വെളിവാക്കുന്ന പേരിൽതന്നെ അദ്ദേഹം 1989 ൽ യൂണിയൻ രജിസ്റ്റർ ചെയ്തു(കെഎസ്ഇബി പെറ്റി കോൺട്രാക്ടേഴ്സ് അന്റ് കോൺട്രാക്ട് ലൈൻ വർക്കേഴ്സ് യൂണിയൻ-രജി.നം.1/34/1989). പിന്നീട്, ഘട്ടം ഘട്ടമായി സമരങ്ങൾ ആരംഭിച്ചു. വളരെ വിദഗ്ദ്ധവും വീറുറ്റതുമായിരുന്നു ഓരോ ചുവടുവെയ്പ്പും.
1995ലെ എഗ്രിമെന്റിലേക്ക്(29.6.1995) നയിച്ച പണിമുടക്ക് സമരം എടുത്തുപറയേണ്ടതാണ്. ലേബർ കമ്മീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ ബോർഡും യൂണിയനും ഒപ്പു വെച്ചുകൊണ്ടു ഒരു കരാർ രൂപീകരിച്ചു. സമരത്തെ പൊളിക്കാൻ സകല അടവുകളും പയറ്റിയ സിഐടിയു വളഞ്ഞ വഴിയിൽകൂടി കടന്ന് കരാറിലൊപ്പിട്ടു. ഐഡി ആക്ടിനു കീഴിൽ ഉണ്ടാക്കപ്പെട്ട ആ കരാറിലാണ്, കരാർ തൊഴിലാളികൾക്ക് ബോർഡിൽ പണിയെടുക്കുന്നതിന് ആദ്യമായി ഒരു വ്യവസ്ഥ ഉണ്ടാകുന്നത്. സെക്ഷൻതല ലിസ്റ്റ്, ടീർ-ഓഫ് സ്ലിപ്പ്, പേയ്മെന്റിലെ കൃത്യത, അപകടങ്ങൾക്ക് നഷ്ടപരിഹാരം തടങ്ങിയ അടിസ്ഥാന അവകാശങ്ങൾ അംഗീകരിക്കപ്പെടുന്നത് ഈ കരാറിലൂടെയാണ്.
അതിനുശേഷം, സ്ഥിരം നിയമനമെന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിക്കൊണ്ട് യൂണിയൻ സമരരംഗത്തു വന്നപ്പോൾ സിഐടിയു അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. പിഎസ്സി മുഖേന മാത്രമേ കെഎസ്ഇബിയിൽ നിയമനം പാടുള്ളൂ എന്നവർ ശപഥം ചെയ്തു. യൂണിയൻ നടത്തിയ പണിമുടക്കുസമരം അഞ്ചര മാസക്കാലം നീണ്ടുനിന്നു. സമരം ഒത്തുതീർപ്പാക്കാനോ അഡ്ജൂഡിക്കേഷന് വിടാനോ അന്നത്തെ എൽഡിഎഫ് സർക്കാർ തയ്യാറായില്ല. അവസാനം, യൂണിയൻ ഹൈക്കോടതിയിൽ പോയി. ഡിവിഷൻ ബഞ്ച് ജഡ്ജ് ചീഫ് ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ അഡ്ജൂഡിക്കേഷന് വിടാൻ വിധി പ്രസ്താവിച്ചു.
അതിനെ തുടർന്നാണ് പാലക്കാട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ കേസ്സ് വരുന്നത്. ഇതെല്ലാം നടത്തിയത് കെഎസ്ഇ വർക്കേഴ്സ് യൂണിയനും, കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയനും, ഇവ രണ്ടിന്റേയും ജനറൽ സെക്രട്ടറിയായിരുന്ന സഖാവ് കെ.പി.കോസല രാമദാസുമാണ്. സിഐടിയു ഇപ്പോൾ ‘ഇല. വർക്കർ നിയമനം-വസ്തുതകൾ’എന്ന പേരിൽ പ്രചരിപ്പിക്കുന്ന സന്ദേശത്തിൽ, തങ്ങളാണ് 95ൽ സമരം ചെയ്തതും, കരാർ ഉണ്ടാക്കിയതും, ട്രൈബ്യൂണൽ അവാർഡ് നേടിയതും എന്നൊക്കെ തട്ടിവിടുന്നുണ്ട്. ഇതിന് വസ്തുതയുമായി വിദൂരബന്ധം പോലുമില്ല. പാലക്കാട് ട്രൈബ്യൂണൽ, കേസ്സിൽ നമ്മളുടെ യൂണിയനെ കൂടാതെ, കക്ഷി ചേരുന്നതിനുവേണ്ടി സിഐടിയു, ഐഎൻടിയുസി എന്നിവയ്ക്ക് സമൻസ് അയച്ചു. ഐഎൻടിയുസി ഒരു കത്തിൽ പ്രതികരണം ഒതുക്കി. സിഐടിയു ആകട്ടെ, മുന്ന് പ്രാവശ്യം സമൻസ് കൈപ്പറ്റിയിട്ടും കേസ്സിൽ ഹാജരായില്ല. അവസാനം, ട്രൈബ്യൂണൽ അവരെ എക്സ്-പാർട്ടി ആയി പ്രഖ്യാപിച്ച് ഒഴിവാക്കി. ട്രൈബ്യൂണൽ അവാർഡിന്റെ (ID no.27/2002, 15.12.2004)) രണ്ടാം പേജിൽ (ക്ലോസ് 2) ഇത് കൃത്യമായി പറയുന്നുണ്ട്: (….the Un-ion No.2 -CITU- did not turn up, despite receipt of registered summons. In the circumstance , Union No.2 was declared ex parte on 1.7.2002.).. യഥാർത്ഥത്തിൽ, കേസ്സ് ട്രൈബ്യൂണലിൽ എത്തിച്ചതും നൂറിലേറെ രേഖകൾ ഹാജരാക്കി കേസ്സ് വാദിച്ചതും വിജയം നേടിയതും കെഎസ്ഇ വർക്കേഴ്സ് യൂണിയനും, പിസിസി ലൈൻ വർക്കേഴ്സ് യൂണിയനും ചേർന്നാണ്. അതുകൊണ്ടാണ്, 2004 ഡിസംബർ 15നു മുമ്പ് 1200 ദിവസം ജോലി ചെയ്ത പെറ്റി കോൺട്രാക്ടർമാരെയും കോൺട്രാക്ട് ലൈൻ വർക്കർമാരെയും സ്ഥിരപ്പെടുത്തണമെന്ന ട്രൈബ്യൂണൽ അവാർഡിൽ, നമ്മളുടെ യൂണിയൻ സമർപ്പിച്ച ണ23, ണ24 എന്നീ തൊഴിലാളിലിസ്റ്റ് നിയമനത്തിനായി ഉപയോഗിക്കാമെന്ന് പറഞ്ഞത്.
പാലക്കാട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിനു പകരം, മാനേജ്മെന്റും സർക്കാരും ചേർന്ന് ഒന്നര പതിറ്റാണ്ട്നീണ്ട അനാവശ്യ കോടതി വ്യവഹാരങ്ങളിലേക്ക് ഈ പാവപ്പെട്ട തൊഴിലാളികളേയും അവരുടെ യൂണിയനേയും വലിച്ചിഴക്കുകയാണ് ചെയ്തത്. ആദ്യം യുഡിഎഫിന്റെ കാലത്താണ് മാനേജ്മെന്റ് ഹൈക്കോടതിൽ പോയതെങ്കിൽ പിന്നീട,് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും തുടർന്ന്, സുപ്രീംകോടതിയിലും തൊഴിലാളികൾക്കെതിരെ കേസ്സിനുപോയത് എൽഡിഎഫ് ഭരണകാലത്താണ്. ഈ കോടതി വ്യവഹാരങ്ങളിലൊന്നും തൊഴിലാളികൾക്കുവേണ്ടി വാദിക്കാൻ സിഐടിയു ഉൾപ്പെടെ ഒരു യൂണിയനും ഉണ്ടായിരുന്നില്ല.
സുപ്രീം കോടതിയും ട്രൈബ്യൂണൽ അവാർഡ് ശരിവെച്ചതോടെ 2004നു മുമ്പ് 1200 ദിവസം പണി ചെയ്ത തൊഴിലാളികളുടെ സംസ്ഥാനതല ലിസ്റ്റ് ഉണ്ടാക്കുന്നതിൽനിന്നും മാനേജ്മെന്റിന് ഒഴിഞ്ഞുമാറാൻ വയ്യാതായി. നമ്മുടെ യൂണിയൻ ഈ ആവശ്യമുന്നയിച്ചുകൊണ്ട് അപ്പോഴും സമരത്തിലായിരുന്നു. രണ്ട് ഡെപ്യൂട്ടി ലേബർ കമ്മീഷണർമാർ രണ്ട് ഘട്ടങ്ങളിലായി ഈ ലിസ്റ്റ് തയ്യാറാക്കിയെങ്കിലും, രണ്ട് ലിസ്റ്റും അപാകതകൾ നിറഞ്ഞതും ഏകപക്ഷീയവും ട്രൈബ്യൂണൽ അവാർഡിന്റെയും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതുമായിരുന്നു. ഇതിനെതിരെ നമ്മളുടെ യൂണിയൻ നടത്തിയ സമര-നിയമ പോരാട്ടങ്ങളെ തുടർന്ന്, അഡീഷണൽ ലേബർ കമ്മീഷണർ, തിരുവനന്തപുരം ലേബർ കമ്മീഷണർ ഓഫീസ്സിൽ വച്ച് തൊഴിലാളികളെ നേരിൽ കണ്ട് അന്തിമ ലിസ്റ്റ് തയ്യാറാക്കുകയാണ് ചെയ്തത്. ഈ ലിസ്റ്റാണ് പിഎസ്സിക്ക് കൈമാറിയത്. പിഎസ്സി സൂട്ടബലിറ്റി ടെസ്റ്റും, ശാരീരിക ക്ഷമതാ പരിശോധനയും, കാസ്റ്റ് റൊട്ടേഷനും നടത്തി അന്തിമ സീനിയോരിറ്റി ലിസ്റ്റ് ഉണ്ടാക്കി ബോർഡിന് കൈമാറുകയായിരുന്നു. എന്നാൽ, ഇതിനിടയിലും ഒരന്തിമ ശ്രമമെന്ന നിലയിൽ അനേകം തടസ്സങ്ങൾ ഉന്നയിച്ച് ലിസ്റ്റ് രൂപീകരണം വലിച്ചുനീട്ടി.
പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ പേരിൽ ഒരു കൂട്ടർ തികച്ചും യുക്തിരഹിതമായി നടത്തിയ നിയമ നടപടികൾ ആയിരുന്നു ഒരു ഭാഗത്ത്. ഒപ്പം ചില സങ്കുചിത താല്പര്യക്കാരും ചേർന്നു. എസ്എസ്എൽസി പാസ്സായവരെ നിയമനത്തിൽനിന്നും ഒഴിവാക്കണമെന്ന് പറഞ്ഞുകൊണ്ട് പിഎസ്സി അവരെ ലിസ്റ്റിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു.
പിണറായി വിജയൻ വൈദ്യുതിമന്ത്രി ആയിരുന്ന കാലത്ത് കൊണ്ടുവന്ന റൂൾ ആണ് ഇതെന്നും അത് മാറ്റാൻ കഴിയുകയില്ലെന്നുമുള്ള ഉറച്ച നിലപാടായിരുന്നു സിഐടിയുവിന്. എൽഡിഎഫിന്റെ മുഴുവൻ നേതാക്കളേയും കണ്ട കണ്ണൂരിലെ തൊഴിലാളികൾക്ക് കിട്ടിയ മറുപടി, നമ്മൾ കൊണ്ടുവന്ന നിയമം നമ്മളെങ്ങിനെ മാറ്റും എന്ന മറുചോദ്യമായിരുന്നു. അവിടത്തെ അനേകം തൊഴിലാളികൾ സിഐടിയു വിട്ട് നമ്മളുടെ യൂണിയനിൽ ചേർന്നു. ഈ കേസ്സുമായി യൂണിയൻ സുപ്രീം കോടതിയിൽ വീണ്ടും പോയി അനുകൂല വിധി സമ്പാദിക്കുകയാണുണ്ടായത്. അല്ലാതെ ഏതെങ്കിലും സിഐടിയു നേതാവിന്റെ ഇടപെടൽ കൊണ്ടല്ല ഇത് പരിഹരിച്ചത്. കെകെടിഎഫ് ഉൾപ്പെടെയുള്ള യൂണിയനുകളുടെയും നിലപാട് എസ്എസ്എൽസി തോറ്റവർമാത്രം നിയമനം നേടട്ടെ എന്നതായിരുന്നു.
പിഎസ്സി യോഗ്യതാ നിർണ്ണയം നടത്തി 2505 പേരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കി. എന്നാൽ വീണ്ടും പിഎസ്സി അടുത്ത തടസ്സവുമായി വന്നു. അവരുടെ നോട്ടിഫിക്കേഷൻ(10.5.2017) അനുസരിച്ച് 50 വയസ്സു കഴിഞ്ഞവർ നിയമനത്തിന് യോഗ്യരല്ല എന്നതായിരുന്നു അത്. ഇക്കാര്യത്തിലും, ട്രൈബ്യൂണൽ നോട്ടിഫിക്കേഷൻ (29.12.2010) പ്രകാരം 50 വയസ്സ് കണക്കാക്കണമെന്ന് വാദിച്ചുകൊണ്ട് യൂണിയൻ നൽകിയ കേസ്സിൽ (ംുര 8385) ആദ്യം താൽക്കാലികവും ഇപ്പോൾ അന്തിമ വിധിയും നേടുകയുണ്ടായി. ലിസ്റ്റിന്റെ കാര്യത്തിൽ പിഎസ്സി നടത്തുന്ന വഴി വിട്ട ഇടപെടലുകൾക്കും ദൂരൂഹമായ ദീർഘിപ്പിക്കലിനുമെതിരെ യൂണിയൻ പലവട്ടം പിഎസ്സിക്കു മുമ്പിൽ സമരം നടത്തി. അവസാനം നടത്തിയ സമാധാനപരമായ ധർണ്ണയെ പിണറായിയുടെ പോലീസ്സ് നേരിട്ടത,് യൂണിയന്റെ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കളെ ജ്യാമമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു കൊണ്ടാണ്!
മസ്ദൂർ നിയമനത്തിന് അർഹരെന്ന് പിഎസ്സി കണ്ടെത്തിയവരുടെ പ്രസിദ്ധീകരിക്കപ്പെട്ട ലിസ്റ്റിൽ 2505 പേരുണ്ട്. അതിൽ, ബോർഡ് നേരത്തെ കോടതിൽ നൽകിയ 1486 ഒഴിവുകളിലേക്കാണ് ഇപ്പോൾ നിയമനം നടന്നത്. ഇവരെ അധികാരത്തിന്റെ പ്രലോഭനങ്ങളും ഭീഷണിയും കൊണ്ട് പാട്ടിലാക്കാനാണ് സിഐടിയു ശ്രമിക്കുന്നത്. കഴിഞ്ഞതെല്ലാം മറന്നുകളഞ്ഞേക്കൂ എന്നതാണവരുടെ അവസാനത്തെ പ്രയോഗം. ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കാത്ത ഈ സമ്പ്രദായത്തെ, ദീർഘകാലസമരത്തിലൂടെ വർഗ്ഗബോധവും ദൃഢതയും ആർജിച്ച തൊഴിലാളികൾ ധീരമായി നേരിടുന്നുണ്ട്.
ഭരണാധികാരവും കുതന്ത്രങ്ങളും കൊണ്ട് തങ്ങൾ തകർത്തു എന്നു കരുതിയ കെഎസ്ഇ വർക്കേഴ്സ് യൂണിയൻ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് വരുന്നത് ചിലർ ഭീതിയോടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണവർ ഇക്കാലമത്രയും കാണിച്ചിട്ടില്ലാത്ത കരാർ തൊഴിലാളി സ്നേഹവുമായി തൊഴിലാളികളുടെ വീടുകൾ കയറിയിറങ്ങുന്നത്. വൈദ്യുതി ബോർഡിലെ പെറ്റികോൺട്രാക്ടർമാരെയും കോൺട്രാക്ട് ലൈൻ വർക്കർമാരെയും സഖാവ് കെ.പി.കോസല രാമദാസ് നയിച്ച കെഎസ്ഇ വർക്കേഴ്സ് യൂണിയനും, കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയനും കരാർ തൊഴിലാളികൾക്കുവേണ്ടി നിർവ്വഹിച്ച കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ടതില്ല.
സ്ഥിരം നിയമനം നേടുന്ന തൊഴിലാളികൾക്ക് അർഹമായ സർവ്വീസ്സും, പെൻഷനും, ഗ്രാറ്റുവിറ്റിയും മറ്റും നേടിയെടുക്കാൻ ഇനിയും പോരാട്ടം ആവശ്യമാണ്. നിയമനത്തിനുശേഷവും എസ്എസ്എൽസി പാസ്സായവരുടെ നിയമനത്തിനെതിരെ സുപ്രിംകോടതിയിൽ ഒരു സിഐടിയു പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ കേസ്സിനുപോകുകയുണ്ടായി. ഇതിനെയെല്ലാം യഥോചിതം നേരിടാൻ കെഎസ്ഇ വർക്കേഴ്സ് യൂണിയനും, കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കെഎസ്ഇബിയിലെ കരാർ തൊഴിലാളികൾ സ്ഥിരം നിയമനം നേടുന്നത് നേരിൽ കാണണമെന്ന വലിയ ആഗ്രഹം ബാക്കിവെച്ചാണ് സഖാവ് കെ.പി.കോസല രാമദാസ് നമ്മളെ വിട്ടു പിരിഞ്ഞത്. ഈ ചരിത്രവിജയം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുമ്പിൽ സമർപ്പിക്കുന്ന ‘വിജയസമർപ്പണ സമ്മേളനം’ നവംബർ 10ന് എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കുകയാണ്. അദ്ദേഹത്തോടൊപ്പം അനേകം സമരമുഖങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച, കെഎസ്ഇബി കരാർ തൊഴിലാളികളുടെ സമരത്തിന് തുടക്കം മുതൽ ഈ നിമിഷംവരെയും എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകിപോരുന്ന, എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ ഈ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.
സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന മുതലാളിത്ത-ആഗോളവൽക്കരണത്തിന്റെ കാലത്താണ് 1486 കരാർതൊഴിലാളികൾക്ക് സ്ഥിരനിയമനം നേടിയെടുത്തത് എന്നത് അഭിമാനകരമാണ്. ഈ യൂണിയൻ നേതൃത്വം വച്ച്പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത തൊഴിലാളിവർഗ്ഗ നിലപാടും നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഒന്നുകൊണ്ടു മാത്രമാണ് ഈ വിജയം തൊഴിലാളികൾക്ക് നേടിയെടുക്കാനായത്.