ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL) വിൽപ്പനയെ ചെറുക്കുക

BPCL-Slug.jpg
Share

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനവും മഹാരത്‌ന കമ്പനികളിലൊന്നുമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബിപിസിഎൽ) വിദേശ-സ്വദേശ മുതലാളിമാർക്ക് വിൽക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് നരേന്ദ്രമോദിയുടെ കേന്ദ്ര ബിജെപി സർക്കാർ. പെട്രോളിയം വിപണന ശൃംഖലയുടെ 25% സ്വന്തമായുള്ള ഭാരത് പെട്രോളിയം കോർപ്പറേഷന്, കൊച്ചി റിഫൈനറി അടക്കം രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ 38.8 ദശലക്ഷം ക്രൂഡോയിൽ ശുദ്ധീകരണ ശേഷിയുള്ള 4 റിഫൈനറികളുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിൽ നിർണ്ണായക സ്ഥാനമുള്ള ഈ സ്ഥാപനം 2018-19 ൽ 3.4 ലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. ആറായിരത്തിൽപരം ഏക്കർ ഭൂമിയും, 14802 പെട്രോൾ പമ്പുകളും, 5907 എൽപിജി വിതരണ കേന്ദ്രങ്ങളും, 52 എൽപിജി ബോട്ടിലിംഗ് പ്ലാന്റുകളും, 11 സബ്‌സിഡിയറി കമ്പനികളും, 23 സംയുക്ത സംരംഭങ്ങളും, 7.8 ദശലക്ഷം എൽപിജി ഉപഭോക്താക്കളുമുള്ള ഈ സ്ഥാപനത്തിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 8 ലക്ഷം കോടിയിലധികം രൂപയാണ്.

2018-19 ൽ ഈ സ്ഥാപനം സർക്കാരിലേക്ക് അടച്ച നികുതി മാത്രം 95035 കോടി രൂപയാണ്. കമ്പനിയുടെ ഈ വർഷത്തെ ലാഭം 7132 കോടി രൂപയാണ്. കരുതൽ ധനമായിമാത്രം 34,470 കോടി രൂപ കമ്പനിവശമുണ്ട്. കൊച്ചിയിൽ അടക്കം 48182 കോടി രൂപയുടെ പുതിയ വികസനപ്രവർത്തനങ്ങളാണ് ബിപിസിഎൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്രയും വലിയ ആസ്തിയുള്ള ഈ സ്ഥാപനത്തെ വെറും 55400 കോടിയോളം രൂപക്കാണ് മുതലാളിമാർക്ക് വിൽക്കുവാൻ പോകുന്നത്. രാജ്യം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പൊതുമുതൽ കൊള്ളയായിരിക്കുമിത്.

സ്വകാര്യ കുത്തക ഭീമന്മാർ രാജ്യത്തിന്റെ പെട്രോളിയം വിപണന രംഗത്തേക്ക്കൂടി കടന്നുവന്നാൽ ഐഒസി, ഒഎൻജിസി, എച്ച്പിസിഎൽ തുടങ്ങിയ പെട്രോളിയം കമ്പനികളെയും അത് പ്രതിസന്ധിയിലാക്കും. ജിയോ മൊബൈൽ ബിഎസ്എൻഎല്ലിനെ തകർത്തതുപോലെ രാജ്യത്തിന്റെ അടിസ്ഥാന വ്യവസായമായ പെട്രോളിയം മേഖല പൂർണ്ണമായും സ്വകാര്യ കുത്തക മുതലാളിമാരുടെ കൈപ്പിടിയിൽ അമരും. ഇത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ മാത്രമല്ല, എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില അതിഭീകരമായി വർദ്ധിപ്പിക്കും. തൊഴിൽമേഖല കടുത്ത ചൂഷണത്തിന് വിധേയമാകും. സംവരണതത്വങ്ങൾ അട്ടിമറിക്കപ്പെടുകയും സാമൂഹ്യ നീതി നിഷേധിക്കപ്പെടുകയും ചെയ്യും. രാജ്യത്തിന്റെ സമ്പദ്ഘടനയെതന്നെ ഇത് ഗുരുതരമായി ബാധിക്കും. സമീപ പ്രദേശങ്ങളുടെ വികസനത്തിനായി ലാഭവിഹിതത്തിൽനിന്ന് മാറ്റിവയ്ക്കുന്ന സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (CSR Fund) പോലും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് ലഭിക്കാത്ത സാഹചര്യം സ്വകാര്യവൽക്കരണത്തോടെ ഉണ്ടാകും.

രാജ്യത്തിന്റെ പൊതുമേഖലയുടെയും സമ്പദ്‌വ്യവസ്ഥയുടെ തന്നെയും നെടുംതൂണുകളായ റെയിൽവെ, ബിഎസ്എൻഎൽ, എംടിഎൻഎൽ, പ്രതിരോധ ഉല്പാദനം, ബാങ്ക്, ഇൻഷൂറൻസ്, പോർട്ട്, കൽക്കരി, സ്റ്റീൽ, ഊർജ്ജം, എയർ ഇന്ത്യ തുടങ്ങിയവയെല്ലാം കോർപ്പറേറ്റുകളുടെ കൈകളിലെത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി സർക്കാർ. ഒപ്പം, തൊഴിൽ തീർത്തും അസ്ഥിരമാക്കിയും, ചോരയും ജീവനും നൽകി തൊഴിലാളിവഗ്ഗം സ്ഥാപിച്ചെടുത്ത തൊഴിൽ നിയമങ്ങളും തൊഴിലവകാശങ്ങളും തികഞ്ഞ ലാഘവത്തോടെ എടുത്തുകളഞ്ഞും പൊളിച്ചടുക്കുകയാണ് മോദി സർക്കാർ.
കൊച്ചി റിഫൈനറിയുടെ രണ്ടായിരം ഏക്കറിനടുത്ത് സ്ഥലവും മുംബൈയിലെ 800 ഏക്കറും, മദ്ധ്യപ്രദേശ്, അസ്സം എന്നിവിടങ്ങളിലുള്ള റിഫൈനറികളുടെ ഏക്കറുകണക്കിന് ഭൂമിയും പ്ലാന്റുകളും മാർക്കറ്റിംഗ് ഓഫീസുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉൾപ്പടെ ലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്താണ് ബിപിസിഎല്ലിന്റേതായിട്ടുള്ളത്. ഇതിനുപുറമെ കഴിഞ്ഞ കാലഘട്ടത്തിലെ പ്രവർത്തന ലാഭത്തിൽ നിന്നും മാറ്റി വക്കപ്പെട്ട കരുതൽ ധനം മാത്രം 34,470 കോടി രൂപയുണ്ട്. വിലമതിക്കാൻ കഴിയാത്തത്ര ആസ്തിയുള്ള ഈ സ്ഥാപനത്തെയാണ് നിസ്സാരവിലക്ക് കോർപ്പറേറ്റുകൾക്ക് കൈമാറുന്നത്. തൊഴിലില്ലായ്മ അതീവരൂക്ഷമായി നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്, ബിപിസിഎല്ലിലെ സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും വിതരണ-വിപണന ശൃംഖലയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ജനങ്ങളുമാണ് ഈ സ്ഥാപനത്തെ ആശ്രയിച്ച് തൊഴിലെടുക്കുന്നത്. വിഷയത്തെക്കുറിച്ച് ചില വസ്തുതകൾ പരിശോധിക്കേണ്ടതുണ്ട്.

ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന സമരപ്രഖ്യാപന
കൺവൻഷനിൽ എഐയുടിയുസി (AIUTUC) സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ പ്രസംഗിക്കുന്നു.

പെട്രോളിയം മേഖലയുടെ വളർച്ചയും വികാസവും

സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഭാരതത്തിന്റെ വികസനത്തിന് മൂലധനവും നൂതന ശാസ്ത്ര-സാങ്കേതിക വിദ്യകളും അനിവാര്യമായിരുന്നു. രാജ്യത്തിന്റെ ഊർജ്ജാവശ്യങ്ങൾക്കായി 1952ൽ ‘ബർമ ഓയിൽ റിഫൈനറീസ് ലിമിറ്റഡ്’ എന്ന പേരിൽ സ്വകാര്യ മേഖലയിലാണ് ഒരു റിഫൈനറി സ്ഥാപിതമാകുന്നത്. എന്നാൽ 1971ലെ ഇന്ത്യാ-പാക് യുദ്ധസമയത്ത്, യുദ്ധാവശ്യങ്ങൾക്കായുള്ള വിമാന ഇന്ധനം കൂടുതലായി ഉൽപ്പാദിപ്പിക്കാൻ സ്വകാര്യ കമ്പനികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് 1974ൽ ഓയിൽ കമ്പനികളെ ദേശസാൽക്കരിച്ചത്.
രാജ്യത്തിന്റെ വ്യാവസായിക വികസനത്തിന് നിർണ്ണായകമായ പങ്കാണ് പൊതുമേഖലാ പെട്രോളിയം കമ്പനികൾ നിർവ്വഹിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാജ്യത്തുടനീളം പെട്രോളിയം ഉൽപന്നങ്ങളുടെ വിപണന-വിതരണ ശൃംഖല കെട്ടിപ്പടുത്തത് പൊതുമേഖലാ പെട്രോളിയം കമ്പനികളായിരുന്നു. IOC, ONGC, H-PCL, BPCL  തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഭാരതത്തിലെ പെട്രോളിയം ഖനനം, സംസ്‌ക്കരണം, വിതരണം എന്നീ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. 1990കളിൽ രാജ്യത്ത് നടപ്പിലാക്കിയ ആഗോളവൽക്കരണ-ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളാണ് ഈ മേഖലയിൽ റിലയൻസിനെപ്പോലുള്ള സ്വകാര്യ കുത്തക കമ്പനികളുടെ കടന്നുവരവിനിടയാക്കിയത്. ഈ മേഖലയിൽ കാര്യമായി മുതൽ മുടക്കുവാനോ വിതരണ-വിപണനശൃംഖല കെട്ടിപ്പടുക്കുവാനോ റിലയൻസിനെപ്പോലുള്ള സ്വകാര്യ കമ്പനികൾ തയ്യാറാകാത്ത സാഹചര്യമായിരുന്നു. എന്നാൽ ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണത്തിലൂടെ ഈ രംഗത്ത് കടന്നു വരുവാനും ആധിപത്യം സ്ഥാപിക്കാനും കോർപ്പറേറ്റുകൾക്ക് കഴിയും എന്നതാണ് അപകടകരമായ സാഹചര്യം.

ബിപിസിഎൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്‌യുസിഐ(സി)യും എഐയുടിയുസിയും കൊച്ചി റിഫൈനറിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന്റെ  മുന്നൊരുക്കങ്ങൾ ഇങ്ങനെ

ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണത്തിനുവേണ്ടിയുള്ള നടപടികൾ ആരംഭിക്കുന്നത് 2003ൽ വാജ്‌പേയ് സർക്കാരിന്റെ കാലത്താണ്. സ്വകാര്യവൽക്കരണത്തിനെതിരെ അന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഒരു പൊതുതാൽപ്പര്യ ഹർജിയിലുണ്ടായ വിധിപ്രകാരം, പാർലമെന്റിലൂടെ ദേശസാൽക്കരിച്ച സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കണമെങ്കിൽ പാർലമെന്റിന്റെ അനുമതി അനിവാര്യമാണെന്നുവന്നു. ഇതിനെ മറികടക്കാനായി 2016ൽ പാർലമെന്റിൽ പാസാക്കപ്പെട്ട ‘The Repealing and Amendment Act 2016’  നിലവിൽ വന്നതോടെ അന്നേ വരെ രാജ്യത്ത് നിലനിന്നിരുന്ന 187 നിയമങ്ങൾ റദ്ദാക്കപ്പെട്ടു. ബിപിസിഎല്ലിനെ ദേശസാൽക്കരിക്കാനായി പാസ്സാക്കിയ 1976ലെ ‘ബർമാഷെൽ അക്വിസിഷൻ ആക്ടും’ റദ്ദാക്കപ്പെട്ട നിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന് പാർലമെന്റിന്റെ അനുമതി വേണമെന്ന സുപ്രീംകോടതിവിധിയെ സൂത്രത്തിൽ മറികടക്കുകയാണ് ഗവൺമെന്റ് ചെയ്തത്. ഈ വിഷയം ചർച്ച ചെയ്യാതെ ജനങ്ങളിൽ നിന്നും മറച്ചു വച്ചുള്ള ഗൂഢാലോചനയായിരുന്നു ഇത്.

ബിപിസിഎൽ വിൽക്കാൻ കാരണം സാമ്പത്തിക  പ്രതിസന്ധിയല്ല

ഗവൺമെന്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ബിപിസിഎൽ വിൽക്കുന്നതെന്ന വാദം യാഥാർത്ഥ്യമല്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി സമീപകാലത്ത് രൂക്ഷമാക്കിയത് ജിഎസ്ടിയുടെ നടപ്പാക്കൽ, നോട്ടു നിരോധനം, കോർപ്പറേറ്റ് കമ്പനികൾക്ക് നൽകുന്ന വൻനികുതിയിളവുകൾ തുടങ്ങിയവ മൂലമാണ്. തെറ്റായ സാമ്പത്തികനയങ്ങൾ തിരുത്തുകയും ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനു പകരം രാജ്യത്തിന്റെ ഖജനാവിലേക്ക് പ്രതിവർഷം കോടിക്കണക്കിനു രൂപ നൽകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുകയാണ് മോദി സർക്കാർ.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, വൻ മുതൽമുടക്ക് അനിവാര്യമായതും ഉടനടി ലാഭം കൊയ്യാൻ കഴിയാത്തതുമായ അടിസ്ഥാന വ്യവസായ മേഖലകളിൽ മുതൽ മുടക്കാൻ ഇന്ത്യൻ വ്യവസായികൾ തയ്യാറായില്ല. എന്നാൽ വൻ മുതൽമുടക്ക് അനിവാര്യമായ വ്യവസായങ്ങൾ – റെയിൽവെ, ടെലികോം, വൈദ്യുതി, കൽക്കരി, ഇരുമ്പുരുക്ക്, പെട്രോളിയം, ആയുധനിർമ്മാണം തുടങ്ങിയ മേഖലകൾ ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഗവൺമെന്റ് വികസിപ്പിച്ചു. ഇവയിൽ നിന്നെല്ലാം ഇന്ന് നല്ല വരുമാനം ഗവൺമെന്റിനു ലഭിച്ചുകൊണ്ടിരിക്കുകയുമാണ്. ലാഭമുള്ളതു തന്നെ ചുളുവിലക്കു വിൽക്കുക എന്നതാണ് ഇപ്പോഴത്തെ നയം.

കൊല്ലത്ത് നടന്ന പ്രതിഷേധ ധർണ്ണയിൽ എഐയുടിയുസി ജില്ലാ പ്രസിഡന്റ്
സഖാവ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

സ്വകാര്യവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ

ബിപിസിഎല്ലിന്റെ കണക്കിലെ ആസ്തി 1,36,930 കോടി രൂപയാണെങ്കിലും യഥാർത്ഥ സമ്പത്ത് ഇതിന്റെ എത്രയോ ഇരട്ടിയാണ്. മുംബെ റിഫൈനറി സ്ഥിതി ചെയ്യുന്ന 850 ഏക്കർ സ്ഥലത്തിന്റെ മാർക്കറ്റ് വില തന്നെ ഏകദേശം എൺപതിനായിരം കോടി രൂപയ്ക്ക് മുകളിലാണ്. ഇതു കൂടാതെ കൊച്ചി റിഫൈനറിയുടെ രണ്ടായിരം ഏക്കറിനടുത്ത് സ്ഥലം, ന്യൂമാലിഗർ, ബിനാ റിഫൈനറികൾ, പതിനൊന്ന് സബ്‌സിഡിയറി കമ്പനികൾ, 22 അസോസിയേറ്റഡ് കമ്പനികൾ തുടങ്ങിയവ ഉൾപ്പെടെയുള്ള 8,00,000 കോടിയുടെ സ്വത്താണ് ചുളുവിലക്ക് കൈമാറുന്നത്. ബിപിസിഎൽ കേന്ദ്രഗവൺമെന്റിന്റെ കൈവശമുള്ള 53.29% ഷെയറിന്റെ മാർക്കറ്റ് വിലക്കാണ് കമ്പനിയെ വിൽപ്പനക്ക് വച്ചിരിക്കുന്നത്. ഇത് ഏതാണ്ട് 60,000ത്തോളം കോടി രൂപയിൽ താഴെ മാത്രമാണ്. രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പകൽകൊള്ളയാണ് ബിപിസിഎല്ലിന്റെ വിൽപനയിലൂടെ ഭരണാധികാരികൾ നടത്തുന്നത്. ഇത് 2ജി സ്‌പെക്ട്രം അഴിമതിയെ കടത്തി വെട്ടും.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരും
ക്രൂഡോയിൽ സംസ്‌കരണ മേഖലയിലേക്ക് സ്വകാര്യ കോർപ്പറേറ്റുകളുടെ വരവോടെ, പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമുള്ള സബ്‌സിഡികൾ സർക്കാർ വെട്ടിച്ചുരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണത്തിനായി 1976 നടപ്പാക്കിയ ‘അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസിങ്ങ് മെക്കാനിസം’ 2006ൽ ഇല്ലാതാക്കിയതോടെ വിലവർദ്ധനവ് രൂക്ഷമായി. ഈ മേഖലയിലെ വിപണന ശൃംഖലകൾ കൂടി കോർപ്പറേറ്റുകൾ പിടിച്ചടക്കിയാൽ അനിയന്ത്രിതമായ വിലക്കയറ്റമായിരിക്കും സമസ്ത മേഖലയിലും ഉണ്ടാകുവാൻ പോകുന്നത്.

കോട്ടയത്ത് നടന്ന പരിപാടിയിൽ എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ് സംസാരിക്കുന്നു.

ബിപിസിഎൽന്റെ തകർച്ച, ഓയിൽ സെക്ടറിലെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും

ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണത്തോടെ പെട്രോളിയം മാർക്കറ്റിന്റെ 25% മാണ് കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാവുന്നത്. റിയലൻസ് ജിയോയുടെ കടന്നുവരവും മാർക്കറ്റിംഗ് തന്ത്രങ്ങളും ഗവൺമെന്റിന്റെ നയങ്ങളും 1.75 ലക്ഷം ജീവനക്കാരുള്ള ബിഎസ്എൻഎല്ലിനെ പ്രതിസന്ധിയിലാക്കി. ജിയോ സ്വീകരിച്ച തന്ത്രങ്ങൾ പെട്രോളിയം മേഖലയിലും ഫലപ്രദമായി പ്രയോഗിച്ചുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒജഇഘ, ഛചഏഇ, കഛഇ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി പെട്രോളിയം മേഖല മുഴുവൻ വരുതിയിലാക്കാൻ കോർപ്പറേറ്റുകൾക്ക് കഴിയും.

ആലപ്പുഴ ടൗണിൽ നടന്ന പ്രതിഷേധ യോഗം.

സ്വകാര്യവൽക്കരണം  തൊഴിലില്ലായ്മ  രൂക്ഷമാക്കും

ബിപിസിഎല്ലിന്റെ ഓഹരികൾ വിൽക്കുന്നതോടെ കൊച്ചി, ന്യൂമാലിഗർ റിഫൈനറികളിൽ ഇപ്പോൾ നടന്നുവരുന്ന പുതിയ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടും. കൊച്ചിയിൽ വളർന്നുവരേണ്ട ‘പെട്രോ കെമിക്കൽ പാർക്ക്’ പോലുള്ള വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനം മുന്നോട്ടു പോകുമോ എന്നതും ആശങ്കയിലാക്കിയിരിക്കുകയാണ്. കേരളത്തിലെ പ്രധാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ എഅഇഠ, ഒഛഇ, ഒങഠ, ഒചഘ, കഞഋ തുടങ്ങിയവയെല്ലാം സർക്കാരിന്റെ നയങ്ങൾ മൂലം പ്രതിസന്ധിയെ നേരിടുകയാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, ഉള്ള തൊഴിലുകൾ കൂടി വെട്ടിക്കുറയ്ക്കുകയാണ്. ചെറിയ തോതിലെങ്കിലും പുതിയ നിയമനങ്ങൾ നടക്കുന്നത് കൊച്ചി റിഫൈനറിയിലാണ്. സ്വകാര്യവൽക്കരണത്തോടെ നിലവിലുള്ള തൊഴിലവസരങ്ങൾ കൂടി ഇല്ലാതാകും.

തൊടുപഴയിൽ നടന്ന പ്രകടനം

തൊഴിൽ മേഖലയിലെ ചൂഷണം രൂക്ഷമാകും

ഇന്ത്യയിൽ നിലനിന്നിരുന്ന 44 തൊഴിൽ നിയമങ്ങളെ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നാല് ലേബർ കോഡുകളാക്കി കേന്ദ്രഗവൺമെന്റ് ഭേദഗതി ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതോടെ നിലവിലുണ്ടായിരുന്ന പരിമിതമായ ട്രേഡ് യൂണിയൻ അവകാശങ്ങൾ പോലും കവർന്നെടുക്കപ്പെടും. തൊഴിൽ നിയമഭേദഗതികളെ ഉപയോഗപ്പെടുത്തി നടത്തുന്ന കടുത്ത തൊഴിൽ ചൂഷണമായിരിക്കും എല്ലാ വിഭാഗം ജീവനക്കാരും നേരിടേണ്ടി വരുക. 8 മണിക്കൂർ ജോലി, ജോലിസ്ഥിരത, ന്യായമായ വേതനം എന്നിവയെല്ലാം ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. സംവരണ മാനദണ്ഡങ്ങൾ സ്വകാര്യവൽക്കരണം അപ്പാടെ അട്ടിമറിക്കും.

കൊച്ചി റിഫൈനറിക്കുമുമ്പിൽ നടക്കുന്ന സത്യാഗ്രഹ
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊച്ചി
റിഫൈനറി എംപ്ലോയീസ് അസോസിയേഷൻ വൈസ്
പ്രസിഡന്റ് എൻ.ആർ.മോഹൻകുമാർ പ്രസംഗിക്കുന്നു.

ബിപിസിഎൽ പൊതുമേഖലയിൽ നിലനിർത്തേണ്ടത് സാമൂഹികമായ
ആവശ്യകതയാണ്

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന്റെ ഭവിഷ്യത്തുകൾ, സ്ഥാപനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന തൊഴിലാളികളേയോ ജീവനക്കാരേയോ മാത്രം ബാധിക്കുന്ന ഒന്നല്ല. രാജ്യത്തിന്റെ നിരവധി രംഗങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. തൊഴിലില്ലായ്മ രൂക്ഷമാക്കും, അനിയന്ത്രിതമായ വിലക്കയറ്റത്തിന് ഇടവരുത്തും. ലക്ഷക്കണക്കിന് കോടി രൂപയുടെ ആസ്തിയുള്ള ബിപിസിഎല്ലിനെ ചുളുവിലക്ക് കോർപ്പറേറ്റുകൾ തട്ടിയെടുക്കും. വിപണനമേഖലയിൽ കടന്നുകയറി കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ട് പൊതുമേഖല പെട്രോളിയം കമ്പനികളേയും അതിന്റെ വിപണനകേന്ദ്രങ്ങളേയും പ്രതിസന്ധിയിലെത്തിക്കും. അവയെ മുഴുവൻ കൈപ്പിടിയിലൊതുക്കും. രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ ഒരു പിടി കോർപ്പറേറ്റ് മുതലാളിമാരാൽ നിയന്ത്രിക്കപ്പെടുന്ന സാഹചര്യമായിരിക്കും സൃഷ്ടിക്കുന്നത്.

ബിപിസിഎൽ വിൽപ്പനക്ക് എതിരായ സമരത്തെ  ജനകീയ പ്രക്ഷോഭമായി വളർത്തിയെടുക്കുക

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നായി ബിപിസിഎൽ സ്വകാര്യവൽക്കരണം മാറിയിരിക്കുകയാണ്. ”ബിപിസിഎൽ എന്ന പെട്രോളിയം കമ്പനിയെ വിൽക്കരുത്; പൊതുമേഖലയിൽതന്നെ നിലനിർത്തുക” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജീവനക്കാരും തൊഴിലാളികളും, വിവിധ ട്രേഡ് യൂണിയൻ വിഭാഗങ്ങളുടെ പിന്തുണയോടെ ആരംഭിച്ചിരിക്കുന്ന സമരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുവാൻ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഏവരോടും അഭ്യർത്ഥിക്കുന്നു.

 

Share this post

scroll to top