വക്കം സ്മാരകത്തി ലേക്ക് യുവജനങ്ങളുടെ ബൈക്ക് റാലി
വക്കം അബ്ദുൾ ഖാദറിന്റെ 79 -ാം രക്തസാക്ഷിത്വ ദിനത്തിൽ ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ(എ ഐഡിവൈഒ )തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോകോളേജ് ജംഗ്ഷനിൽനിന്നും കായിക്കരയുള്ള വക്കം അബ്ദുൾ ഖാദർ സ്മാരകത്തിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഐ എൻ എ ഹീറോ വക്കം ഖാദർ എന്ന പുസ്തകം രചിച്ച വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ച നേതാജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയുടെ(ഐ എൻ എ) ഭാഗമായിരുന്നു വക്കം അബ്ദുൾ ഖാദർ. കേരള ഭഗത് സിംഗ് എന്നാണ് അദ്ദേഹത്തെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ പൂർണസ്വാതന്ത്ര്യം ലക്ഷ്യം വച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ച് ഐഎൻഎ യിൽ ചേര്‍ന്നത്. പിന്നീട് അദ്ദേഹത്തെ ബ്രിട്ടീഷ് പോലീസ് പിടികൂടുകയും തൂക്ക്കയർ വിധിക്കുകയും ചെയ്തു. വക്കം അബ്ദുൾ ഖാദറിന്റെ ജീവിത മൂല്യങ്ങൾ യുവാക്കൾ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.യു.സി.ഐ(സി) ജില്ലാ സെക്രട്ടറി ആർ.കുമാർ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എഐഡിവൈഒ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി പ്രശാന്ത്കുമാർ, എ ഷൈജു, ഗോവിന്ദ് ശശി, എ സബൂറ, അജിത് മാത്യു, കെ.മഹേഷ് എന്നിവർ സംസാരിച്ചു.