ജനാധിപത്യ-പൗരാവാകാശ സംരക്ഷണ സമ്മേളനം

ekm-meeting-prof-k-aravindakshan-sir.jpg

എറണാകുളത്ത്‌ നടന്ന ജനാധിപത്യ പൗരാവകാശ സംരക്ഷണ സമ്മേളനം ജനകീയപ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ്‌ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്‌ഘാടനം ചെയ്യുന്നു

Share

ജിഷ്‌ണുവിന്റെ മാതാവ്‌ മഹിജയുടെ സമരത്തെ സഹായിച്ചതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകരെ അന്യായമായി അറസ്റ്റുചെയ്‌ത്‌ ജയിലിലടയ്‌ക്കുകയും കള്ളക്കേസ്സുകള്‍ ചുമത്തുകയും ചെയ്‌ത നടപടി ഭരണകൂട ഭീകരതയാണെന്നും ഇടതുപക്ഷമെന്നറിയപ്പെടുന്ന ഒരു ഗവണ്‍മെന്റ്‌ അത്‌ ചെയ്‌തത്‌ തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്നും പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. മേയ്‌ 19 ന്‌ എറണാകുളം മേനകയില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) സംഘടിപ്പിച്ച ജനാധിപത്യ-പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ നേരില്‍ കണ്ട സംഭവത്തെയാണ്‌ വളച്ചൊടിച്ച്‌ കള്ളക്കേസ്സുചുമത്താനായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്‌. സമരം ചെയ്യുന്നവര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍നിന്ന്‌ മുഖം തിരിക്കുകയും അവര്‍ക്ക്‌ നീതി നടപ്പാക്കികിട്ടുന്നതിന്‌ സമയബന്ധിതവും മതിയായതുമായ ഇടപടല്‍ ഇല്ലാതിരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഇത്തരമൊരു നടപടിയിലൂടെ സര്‍ക്കാര്‍ ആരുടെ ഭാഗത്താണ്‌ എന്നത്‌ സംശയരഹിതമായി തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്‌ണുവിന്റെ അമ്മയെ സഹായിച്ചതിന്റെ പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും എസ്‌യുസിഐ(സി) നേതാവുമായ എം.ഷാജര്‍ഖാന്‍ സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തി. സമരത്തെ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ്‌ ഗൂഢാലോചന നടത്തിയത്‌. സമരം എന്തുനേടിയെന്നും സിപിഐ(എം) കുടുംബത്തെ റാഞ്ചിയെന്നുമൊക്കെ പറയുന്നതുവഴിതന്നെ മുന്‍കൂട്ടി ഉറപ്പിച്ച വഴികളിലൂടെയാണ്‌ ഭരണസംവിധാനം നീങ്ങിയതെന്ന്‌ വ്യക്തമായെന്ന്‌ അദ്ദേഹം പറഞ്ഞു. രക്തബന്ധുക്കള്‍ മാത്രമേ വിഷയങ്ങളില്‍ ഇടപെടാന്‍ പാടുള്ളുവെന്ന അപഹാസ്യമായ അഭിപ്രായം ഫാസിസ്റ്റുകള്‍ക്കുമാത്രമേ പറയാനാകൂ. സ്വാശ്രയ മാഫിയ സംസ്ഥാനത്ത്‌ ശക്തിപ്പെട്ടതിനുപിന്നില്‍ അവരുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന മുഖ്യധാരാ രാഷ്‌ട്രീയ സംവിധാനത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ്‌ ഉള്ളത്‌. കേരളത്തിലെ ഒരൊറ്റ വിദ്യാര്‍ത്ഥിക്കുപോലും ഇനി ഇത്തരമനുഭവം ഉണ്ടാകാതെ നോക്കാന്‍ ശക്തമായ വിദ്യാഭ്യാസ സംരക്ഷണപ്രസ്ഥാനം രൂപപ്പെട്ടുവന്നിരിക്കുകയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്‌ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഹാഷിംചേന്ദാമ്പിള്ളി, പി.പി.സാജു, കെ.കെ.ഗോപിനായര്‍, കുരുവിള മാത്യൂസ്‌, ഏലൂര്‍ ഗോപിനാഥ്‌, ജബ്ബാര്‍ മേത്തര്‍, ജയ്‌മാധവ്‌ മാധവശ്ശേരി, അഡ്വ. പഞ്ഞിമല ബാലകൃഷ്‌ണന്‍, ബാബു പള്ളിക്കപ്പറമ്പില്‍, പയസ്‌ തുരുത്തേല്‍, ഫ്രാന്‍സിസ്‌ കളത്തുങ്കല്‍, പി.എം.ദിനേശന്‍, സി.ബി.അശോകന്‍, കെ.കെ.ശോഭ, കെ.ഒ.സുധീര്‍, കെ.പി.സാല്‍വിന്‍, എം.കെ.ഉഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post

scroll to top