പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള ഫാസിസ്റ്റ് കടന്നാക്രമണം
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്
പുറപ്പെടുവിച്ച പ്രസ്താവന
“പൗരന്മാരുടെ വ്യക്തിഗതവിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാനെന്ന നാട്യത്തോടെ 2023 ആഗസ്റ്റ് 7ന് ലോക്‌സഭയിൽ പാസ്സാക്കിയ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ബിൽ 2023 യഥാർത്ഥത്തിൽ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനുംമേലുള്ള കടുത്ത ആക്രമണമാണ്. ഒരാളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് കടന്നുകയറി ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം നിർണ്ണയിക്കുന്നത് സർക്കാർ മാത്രമാകുകയും അത്തരം ഏപക്ഷീയമായ തീരുമാനം ആ വ്യക്തിയുടെ സമ്മതത്തോടെയാണെന്നു വിധിക്കുകയുമാണ് ചെയ്യുന്നത്. മാത്രമല്ല, പൊതുതാല്പര്യത്തിനു വേണ്ടിയാണ് എന്നു നടിക്കുമെങ്കിലും ഈ വിവരങ്ങൾ ഉപയോഗിക്കാനുള്ള സർക്കാരിന്റെ തീരുമാനം ഭരണകൂടത്തിന്റെയോ അതിന്റെ ഏതെങ്കിലും ഉപകരണങ്ങളുടെയോ തൊഴിലുടമകളുടെ തന്നെയോ താല്പര്യങ്ങൾക്കുവേണ്ടിയായിരിക്കും. അങ്ങനെ, നിരീക്ഷണത്തിനുൾപ്പടെയുള്ള ഏതൊരു ലക്ഷ്യത്തിനായും ഏതൊരാളുടെയും ഏതുതരം വ്യക്തിഗതവിവരങ്ങളിലേക്കും, അയാളുടെ സമ്മതം പരിഗണിക്കാതെതന്നെ കടന്നുകയറാനുള്ള അനിയന്ത്രിതാധികാരം ഭരണകൂടത്തിനും സർക്കാരിനും ഈ ബിൽ നൽകുന്നു.
ജനങ്ങളുടെ മൗലികാവകാശങ്ങൾക്കുമേൽ ബിജെപി സർക്കാർ നടത്തുന്ന ഈ ഫാസിസ്റ്റ് ആക്രമണത്തെ ഞങ്ങൾ ശക്തിയുക്തം എതിർക്കുന്നു. ഇത്തരം ഏകാധിപത്യപരമായ നിയമനിർമ്മാണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുവാൻ രാജ്യത്തെ ജനാധിപത്യമനസ്സുള്ള എല്ലാവരോടും ഞങ്ങളഭ്യർത്ഥിക്കുകയും ചെയ്യുന്നു.”