അനിയന്ത്രിതമാകുന്ന തെരുവുനായ പെരുപ്പത്താൽ ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിലും ഇതിനെതിരെ ഫലപ്രദ നടപടികളെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നിഷ്‌ക്രിയമായിരിക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നത് ഏറിയപങ്കും പാവപ്പെട്ടവരും സ്ത്രീകളും വൃദ്ധരും കുട്ടികളുമാണ്.
കഴിഞ്ഞവർഷം കേരളത്തിൽ ഒന്നര ലക്ഷം ആളുകൾക്ക് പട്ടികടിയേറ്റുവെന്നും, പത്തുപേർ മരിച്ചുവെന്നുമാണ് ലഭ്യമായ ഏകദേശ കണക്ക്. ഈവർഷം ഇതിനോടകം നാൽപതിനായിരത്തിലേറെപേർ നായ്കളുടെ ആക്രമണത്തിന് വിധേയരായിരിക്കുന്നു. ഈയടുത്തനാളിലാണ് വിഴിഞ്ഞത്തിനടുത്ത് സിൽവമ്മയെന്ന വൃദ്ധയെ ആക്രമിച്ചുകൊന്ന് മാംസം തിന്ന അതിദാരുണ സംഭവമുൾപ്പടെ ഉണ്ടായിരിക്കുന്നത്. സംസ്ഥാനമെമ്പാടും ആളുകൾ ആക്രമിക്കപ്പെടുന്നത് നിത്യസംഭവമാകുന്നു. ഇതിനു പുറമെ സാധാരണക്കാരുടെ ഉപജീവനമാർഗ്ഗമായ വളർത്തുമൃഗങ്ങളും പക്ഷികളുമുൾപ്പെടെയുള്ള ജന്തുക്കളെയും നായ്ക്കൾ ആക്രമിക്കുന്നതും കൊന്നു തിന്നുന്നതും പതിവായിരിക്കുന്നു. ദിവസേന സംസ്ഥാനത്തെ പ്രധാന പാതകളിൽ മാത്രം ഇരുനൂറോളം വാഹനാപകടങ്ങൾ തെരുവുനായകൾ കാരണമുണ്ടാകുന്നു. ഇത്തരം അപകടങ്ങളിൽ ജീവഹാനി സംഭവിക്കുന്നവരുടെയും മൃതപ്രായരായി ജീവിതം തള്ളിനീക്കേണ്ടി വരുന്നവരുടെയും എണ്ണം വർദ്ധിച്ചുവരുന്നു.മാലിന്യ നിർമ്മാർജ്ജനത്തിൽ വരുത്തുന്ന വീഴ്ച തെരുവുനായ്ക്കളുടെ വർദ്ധനവിന് കാരണമാകുന്നുണ്ട്.
സാഹചര്യം ഇത്രമേൽ ഗുരുതരമായിട്ടും ശാശ്വതപരിഹാരം കാണുന്നതിനുള്ള ക്രിയാത്മക നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല എന്നത് ആശങ്കയുളവാക്കുന്നതാണ്. തന്നെയുമല്ല തികച്ചും നിരുത്തരവാദപരവും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ പ്രസ്താവനകൾ പുറപ്പെടുവിച്ചുകൊണ്ട് അധികാരസ്ഥാനത്തുള്ളവർ ജനങ്ങളെ അവഹേളിക്കുകകൂടിയാണ്. സർക്കാർ ആശുപത്രികളിൽ അടിയന്തരചികിൽസാ സംവിധാനമോ, എന്തിന് അവശ്യ മരുന്നുകളോ വാക്‌സിനോ പോലുമോ ഉറപ്പാക്കാതെ സ്വകാര്യ ആരോഗ്യകച്ചവടകേന്ദ്രങ്ങളുടെയും കുത്തകമരുന്നു ലോബിയുടെയും ലാഭക്കൊള്ളക്കിരയാകുവാൻ സാധാരണക്കാരെ എറിഞ്ഞുകൊടുക്കുകയാണ് സർക്കാർ.
കേരളത്തിൽ ഇരുപതുലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. നായയൊന്നിന് ആയിരത്തിനാനൂറ് രൂപ ചെലവിൽ വന്ധ്യംകരണ നടപടികൾ സർക്കാരിതരസംഘടനകളെ (എൻജിഒ) ചുമതലപ്പെടുത്തുക യെന്ന തിലാണ് അധികാരികളുടെ താൽപര്യം. ഇത്തരം അശാസ്ത്രീയ പദ്ധതികൾ നടപ്പിലാക്കി കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തുവാനുള്ള നീക്കത്തിലാണിവരെല്ലാം.
നിരത്തിലിറങ്ങി നടക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും തെരുവുനായ്ക്കളാലുള്ള ഉപദ്രവം അനുഭവിച്ചിട്ടുള്ള ഈ സാഹചര്യത്തിൽ, യഥാർത്ഥസ്ഥിതിഗതികൾ മനസിലാക്കാതെയാണ് ദന്തഗോപുരവാസികളായ മൃഗാവകാശപ്രവർത്തകരും നായസംരക്ഷകരും വിചിത്രമായ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും അഴിമതിഗ്രസ്തമായ ഈ മുതലാളിത്തവ്യവസ്ഥയിൽ തെരുവുനായശല്യത്തെ മറയാക്കിക്കൊണ്ട് ഗുരുതരമായ സാമ്പത്തികതിരിമറി ലക്ഷ്യം വച്ചുകൊണ്ടാകാം ഇത്തരക്കാർ നായസംരക്ഷണത്തെക്കുറിച്ച് വാചാലരായിക്കൊണ്ട് ഈവിധം രംഗം വഷളാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാവപ്പെട്ടവരെ തെല്ലും പരിഗണിക്കാതെ കൂറ്റൻ വാക്‌സിൻ വ്യവസായലോബികളുടെ വാണിജ്യ താല്പര്യം മാത്രമാണ് ഇവർ സംരക്ഷിക്കുന്നത്.
ഭരണഘടനാ തത്വമനുസരിച്ച് മനുഷ്യനു നേരെയുണ്ടാകുന്ന ഏതുതരം കടന്നുകയറ്റത്തെയും ഫലപ്രദമായി ചെറുക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. വളർത്തുനായകളെന്നും തെരുവുനായകളെന്നും തരംതിരിച്ചുകൊണ്ടുള്ള മൃഗപ്രജനന-നിയന്ത്രണചട്ടങ്ങൾ -2001 പ്രകാരം വളർത്തുനായ്ക്കൾക്ക് പ്രതിരോധകുത്തിവെയ്‌പെടുക്കുന്നതുൾപ്പടെ അവയുടെ പരിപാലനവും പ്രജനന-നിയന്ത്രണവുമെല്ലാം ഉടമസ്ഥന്റെ ഉത്തരവാദിത്തവും, തെരുവുനായ്ക്കളുടേത് തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള കമ്മിറ്റിയുടേതുമായി വ്യവസ്ഥചെയ്തിട്ടുള്ളതാണ്. അവ പ്രയോഗത്തിൽ വരുത്താതെ ഈ വിധത്തിൽ സാഹചര്യം വഷളാക്കിയത് അക്ഷരാർത്ഥത്തിൽ ഭരണകൂടത്തിന്റെ അനാസ്ഥയാണ്.
ഭരണഘടനാർപ്പിതമായ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ തദ്ദേശ’ഭരണസ്ഥാപനങ്ങൾ മടികാണിക്കുമ്പോൾ പൊതുജനങ്ങൾക്ക് തെരുവു നായ്ക്കളെ കൊന്നുകളയുന്നതിനായി ഇടപെടേണ്ടി വരുന്നു. എന്നാൽ പരസ്യമായും, അപരിഷ്‌കൃതമായ മാർഗ്ഗങ്ങളുപയോഗിച്ച് ക്രൂരമായ രീതിയിലും നായ്കളെ കൊല്ലുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് അഭികാമ്യമല്ലാത്തതാണ്. നിയമത്തിന്റെ ഊരാക്കുടുക്കുകളെക്കുറിച്ച് അറിയാത്ത സാധാരണക്കാരെ, അത്തരം സാഹചര്യത്തിലേക്ക് തള്ളിവിടാതിരിക്കേണ്ടതുണ്ട്.
പുരാതന കാലം മുതൽക്കേ മനുഷ്യൻ നായ്ക്കളെ ഇണക്കി വളർത്തിയിരുന്നുവെങ്കിലും, അടിസ്ഥാനപരമായ വേട്ടയാടൽ സ്വഭാവം അവയ്ക്കുണ്ട്. പ്രത്യേകിച്ചും കൂട്ടമായി നീങ്ങുന്ന സാഹചര്യത്തിൽ ഈ ആക്രമണസ്വഭാവം കൂടുതൽ പ്രകടമാകുന്നു. വിഴിഞ്ഞത്തേതിനു സമാനമായി ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്ന അതിദാരുണ സംഭവങ്ങളിൽ മിക്കവാറും ഇരകളായത് കുട്ടികളാണ്. ആയതിനാൽ തെരുവുനായകൾ മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾക്ക് അറുതിവരുത്തുന്നതിന് താഴെപ്പറയുന്ന ആവശ്യങ്ങൾ നടപ്പിലാക്കണം.
• തെരുവുനായ ഭീഷണിക്ക് ശാശ്വത പരിഹാരമുണ്ടാകുന്നതിന് ക്രിയാത്മകമായി അടിയന്തര നടപടികളെടുക്കുക. ഒരു നായപോലും ഉടമസ്ഥനോടൊപ്പമല്ലാതെ തെരുവിൽകാണുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇതിനുതകുന്ന രീതിയിൽ നിലവിലെ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌ക്കരിക്കുക.
• നായ്ക്കളുൾപ്പടെയുള്ള ജന്തുക്കളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നവർക്ക് സൗജന്യ ചികിൽസാ സംവിധാനവും പ്രതിരോധ വാക്‌സിനുകളും ആശുപത്രികളിൽ ഉറപ്പാക്കുക.
• തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങളുടെ നടത്തിപ്പ് സർക്കാരിതര സംഘടനകൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ നേരിട്ട് നടത്തുക. ഇതിനായി ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരെ സ്ഥിരമായി നിയമിക്കുക.
• വളർത്തുമൃഗങ്ങളെക്കുറിച്ച് പൊതുവായും, നായ്ക്കളെ സംബന്ധിച്ച് സവിശേഷമായും സെൻസസ് നടത്തുക. ഇതുവരെ നടപ്പിലാക്കിയ തെരുവുനായ നിയന്ത്രണ പദ്ധതികളെക്കുറിച്ച് സമഗ്രമായും, ചെലവാക്കിയ ഫണ്ടുകളെക്കുറിച്ച് വിശദമായും ഓഡിറ്റ് നടത്തുക.
• വളർത്തുനായ്ക്കൾക്ക് രജിസ്‌ട്രേഷനും, പ്രതിരോധകുത്തി വെയ്പ്പുകളുമുറപ്പുവരുത്തുക. മൃഗസംരക്ഷണ വകുപ്പിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുക.
• മാലിന്യനിർമ്മാർജ്ജനം കാര്യക്ഷമമാക്കുക
•തെരുവുനായകൾ മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ മൃഗാവകാശപ്രവർത്തകരെയും, ജന്തുസ്‌നേഹികളെയും ബോദ്ധ്യപ്പെടുത്തുന്നതിന് നടപടികളെടുക്കുക.
• നായ്കളുടെ ആക്രമണം മൂലം ഉപജീവനമാർഗ്ഗം നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകുക. ആക്രമണത്തിനിരയായ ജന്തുക്കൾക്ക് സൗജന്യ ചികിൽസയും പരിചരണവും ഉറപ്പു വരുത്തുക.
•തെരുവുനായ വിഷയത്തിൻമേൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ അപക്വവും, നിരുത്തരവാദപരവുമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് പിന്തിരിയുക.