തൊഴിലവകാശ സംരക്ഷണ കൺവൻഷൻ

MSS-EKM-1.jpeg
Share

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ജോലി സമ്മർദ്ദങ്ങൾക്കും വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ എറണാകുളം അച്യുതമേനോൻ ഹാളിൽ അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന(എഐഎംഎസ്എസ്) സംഘടിപ്പിച്ച തൊഴിലവകാശ സംരക്ഷണ കൺവൻഷൻ ഫിലിംമേക്കർ ഡോ.ആശ ആച്ചി ജോസഫ് ഉദ്ഘാടനം ചെയ്തു.
അന്ന സെബാസ്റ്റ്യൻ എന്ന 26 വയസുള്ള ഐ.ടി പ്രൊഫഷണൽ ഏണസ്റ്റ്&യങ് കോർപ്പറേറ്റ് കമ്പനിയിലെ ജോലിഭാരം താങ്ങാനാകാതെ കുഴഞ്ഞു വീണു മരിച്ച സംഭവവും ആർജികർ മെഡിക്കൽ കോളേജിൽ 36 മണിക്കൂർ നീണ്ട ഡ്യൂട്ടിക്കുശേഷം വിശ്രമിക്കാൻ പോയ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതും കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന വാര്‍ത്തകളും തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഗുരുതരമായ തൊഴിൽചൂഷണവും വിവേചനങ്ങളും ലൈംഗികഅതിക്രമങ്ങളും വെളിപ്പെടുത്തുന്നു. സർക്കാർ മേഖലയിലായാലും അസംഘടിത മേഖലയിലയാലും സ്ത്രീകൾക്ക് മിനിമം കൂലി പോലും ഉറപ്പാക്കപ്പെടുന്നില്ല. അംഗൻവാടി ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, പീലിങ് തൊഴിലാളികൾ, കടകൾ, പെട്രോൾ പമ്പുകൾ, സ്വകാര്യസ്കൂളുകള്‍, ആശുപത്രികൾ തുടങ്ങിയ എല്ലാ മേഖലകളിലും ഇതാണ് സ്ഥിതി. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ എത്ര ഗൗരവമേറിയതാണെന്ന് ഹേമക്കമ്മറ്റി റിപ്പോർട്ട് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾ സ്ഥിതിഗതികൾ കുടുതൽ വഷളാക്കുകയാണ്.
സിനിമരംഗം, ആരോഗ്യ മേഖല, ബാങ്കിംഗ് മേഖല, കെഎസ്ആർടിസി, ഐടി മേഖല, സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങി സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലുമായി സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൺവൻഷനിൽ ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെട്ടു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് വനിതകൾ കൺവൻഷനിൽ പങ്കെടുത്തു.
അഖിലേന്ത്യാമഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് എസ്.സൗഭാഗ്യകുമാരി അധ്യക്ഷതവഹിച്ചു. പി.ഇ. ഉഷ(അൽത്തീയ വനിതാ കൂട്ടായ്മ), എസ്. പിങ്കി(എഐബിഇഎ സംസ്ഥാന അസി.സെക്രട്ടറി), ഷൈല കെ.ജോൺ (എഐഎംഎസ്എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്), മിനി ബോബി (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ), കെ.എം. ബീവി (എഐഎംഎസ്എസ്, സംസ്ഥാന സെക്രട്ടറി) കെ.എസ്.ഹരികുമാർ (മുൻ സേഫ്റ്റി ഓഫീസർ, എഫ്എസിറ്റി), എം.എ.ബിന്ദു (സ്കീം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ), ഡോ. തുഷാര തോമസ് (സംസ്ഥാന സെക്രട്ടറി, മെഡിക്കൽ സർവ്വീസ് സെന്റർ) ജയപ്രഭ (കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ), എ.റജീന (സംസ്ഥാന സെക്രട്ടേറിയറ്റംഗം, എഐഎംഎസ്എസ്)എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ശോഭ സ്വാഗതവും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.ഉഷ നന്ദിയും രേഖപ്പെടുത്തി.

Share this post

scroll to top