ദീപ പി.മോഹൻ നടത്തിയ നിരാഹാര സമരത്തിന് എഐഡിഎസ്ഒ പിന്തുണ പ്രഖ്യാപിച്ചു

Dso-MGU.jpeg
Share

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അനുഭവിക്കേണ്ടി വരുന്ന ജാതീയവും ലിംഗപരവുമായ വിവേചനങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്റർനാഷണൽ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകയായ ദീപ പി.മോഹൻ നടത്തിയ നിരാഹാര സമരത്തിന് എഐഡിഎസ്‌ഒ പിന്തുണ പ്രഖ്യാപിച്ചു.
ജാതീയമായ വിവേചനങ്ങൾ ഉൾപ്പെടെ ദീപ ഉന്നയിച്ച ആരോപണങ്ങൾ, ഒരു സർവകലാശാലയെ സംബന്ധിച്ചും പരിഷ്കൃതവും ജനാധിപത്യ മൂല്യബോധം പേറുന്നു എന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളവും അങ്ങേയറ്റം ഗൗരവമുള്ളതാണ്. സർവകലാശാലപോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സത്തയ്ക്കും വിദ്യാഭ്യാസ പ്രക്രിയയുടെ തന്നെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും നിരക്കാത്ത തരത്തിൽ, ഗവേഷകർ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും ജാതീയവും മതപരവും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കും ഇരയാവുന്നു എന്നത് വിവിധ സര്‍വകലാശാലകളില്‍നിന്നായി പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തന്മൂലം ഗവേഷണം മാത്രമല്ല ജീവിതം തന്നെ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന അതിസമർത്ഥരായ നിരവധി വിദ്യാർത്ഥികളുടെ കഥകൾ ഇതിനകം പുറത്തു വന്നിട്ടുമുണ്ട്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്ന രോഹിത് വെമുല, മദ്രാസ് ഐഐറ്റി വിദ്യാർത്ഥിയായിരുന്ന ഫാത്തിമ ലത്തീഫ്, കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റിയിലെ കൃഷ്ണവേണി തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ആത്മഹത്യയിലെത്തുമ്പോൾ മാത്രമാണ് പലതും വാർത്തയാകുന്നത്, അല്ലാതെയുള്ളവ പലപ്പോഴും വാർത്തയാകുന്നുമില്ല.


ഗവേഷകർ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളുടെയും വിവേചനങ്ങളുടെയും ഹേതു ജനാധിപത്യവത്ക്കരിക്കപ്പെടാത്ത അഥവാ ഫ്യൂഡൽ മൂല്യബോധം പേറുന്ന വിദ്യാഭ്യാസസംവിധാനമാണ്. ഈ സംവിധാനമാണ് ദീപയെപ്പോലുള്ളവരെ സമരത്തിന് നിർബന്ധിതരാക്കുന്നത്. ഈ സാഹചര്യത്തിൽ ദീപ ഉയർത്തിയിരിക്കുന്ന ആരോപണങ്ങളുടെ വാസ്തവികസ്ഥിതിയും പുറത്തുവരേണ്ടതുണ്ട്. ദീപ പി.മോഹൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ അധികാരങ്ങളുള്ള ഒരു കമ്മീഷനെ നിയോഗിക്കണമെന്നും അന്വേഷണ കാലയളവിൽ ആരോപണ വിധേയനായ ഗവേഷണ മാർഗദർശ്ശി നന്ദകുമാർ കളരിക്കലിനെ മാറ്റി നിർത്തണമെന്നും എഐഡിഎസ്ഒ ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ക്യാമ്പസുകളിൽ ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കുവാനും ഉയർന്ന മൂല്യബോധം സ്ഥാപിച്ചെടുക്കാനുംവേണ്ട നടപടികളും അടിയന്തരമായി സ്വീകരിക്കപ്പെടണം.
എഐഡിഎസ് ‍ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജതിൻ രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രലേഷ് ചന്ദ്രൻ, ആഷ്ന തമ്പി, അനന്തഗോപാൽ, പ്രതീഷ് ജയിംസ്, അനാമിക.എസ് എന്നിവർ സമരപ്പന്തൽ സന്ദർശിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ജതിന്‍ രാജീവന്‍ അഭിവാദ്യ പ്രസംഗം നടത്തി. പത്ത് ദിവസം നീണ്ട് നിന്ന സമരം നവംബർ 9ന് അവസാനിച്ചത്. ദീപയ്ക്ക് ഗവേഷണം തുടരാൻ ആവശ്യമായ അടിസ്ഥാന പശ്ചാത്തലം ഒരുക്കാമെന്നും ഡിപ്പാർട്ട്മെന്റിന്റെ ചുമതല വൈസ്ചാൻസിലർ നേരിട്ട് ഏറ്റെടുക്കാം എന്നും ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ ദീപ തയ്യാറായത്.

Share this post

scroll to top