ദേശീയപാത സ്വകാര്യവൽക്കരിച്ച് ടോൾ പാതയാക്കാനുള്ള സർക്കാർ നടപടിക്കെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല ഉത്തര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് പ്രതിഷേധ യോഗം നടന്നു. സംസ്ഥാന പ്രസിഡന്റ് ഇ.വി.മുഹമ്മദലി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി ചെയർമാൻ വി.സിദ്ദിഖ് ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ സി.കെ.ശിവദാസൻ മുഖ്യ പ്രസംഗം നടത്തി. ജനകീയ സമരങ്ങൾ തീവ്രവാദമല്ലെന്നും ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ച് അടിച്ചമർത്താനാവില്ലെന്നും സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും ഇ.വി.മുഹമ്മദലി പറഞ്ഞു. ബിഒടി പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമവായത്തിലാണ്. ദേശീയപാത 30 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് ഭൂമിവിട്ടു കൊടുക്കുവാൻ തയ്യാറായ ജനങ്ങളെ വികസന വിരോധികളായി ചത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മേഖലാ കൺവീനർ സി.ഷറഫുദ്ദീൻ, സി.ആർ.ഉണ്ണികൃഷ്ണൻ, സി.വി.പ്രേംരാജ്, ഫിറോസ് തൈപ്പറമ്പിൽ, തോമസ് ചിറമ്മേൽ, ഒ.കെ.ഫഹിം, കെ.വി.സത്യൻമാസ്റ്റർ, പട്ടാളം കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.