ഏപ്രിൽ5ന് തിരുവനന്തപുരത്തെ പൊതുനിരത്തിൽ ഒരമ്മയുടെ ചുടുകണ്ണീർ വീണു. ചെറുപ്പകാലത്ത് ചെങ്കൊടിപിടിച്ചതിലുള്ള അഭിമാനം ഇന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഒരമ്മയുടെ. പക്ഷേ പ്രസ്ഥാനം മാറി. നേതാക്കൾ മാറി. ഇന്നവർക്ക് അമ്മമാരുടെ കണ്ണീർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എരിവ് പകരുന്ന മസാല മാത്രമാണ്. കൗമാരം വിട്ടുമാറാത്ത, ബുദ്ധിമാനായ ജിഷ്ണു പ്രണോയ് എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ഹതഭാഗ്യയായ അമ്മ മഹിജയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്.
ഏറെ പ്രതീക്ഷകളോടെ
പാമ്പാടി നെഹ്രുകോളേജിലേയ്ക്ക് പഠനത്തിനയച്ച മകൻ മൃതശരീരമായി തിരിച്ചെത്തിയതിന്റെ മരവിപ്പും വേദനയും ഇന്നും വിട്ടുമാറിയിട്ടില്ലാത്ത, മൂന്നുമാസമായിട്ടും കണ്ണീർതോരാത്ത മഹിജ മകന്റെ ദുരൂഹമരണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന ഒരു പൗരന്റെ മിനിമം ആവശ്യമേ സ്വന്തംപാർട്ടിക്കാർ കൂടിയായ ഭരണാധികാരികൾക്ക് മുന്നിൽവച്ചുള്ളൂ. മകൻ കൊലചെയ്യപ്പെട്ടതാണെന്നത് ഒരമ്മയുടെ വെറുമൊരു വിശ്വാസമല്ല. അത് സ്ഥിരീകരിക്കുന്ന അനേകം തെളിവുകൾ നിലനിൽക്കുന്നുണ്ട്. പക്ഷേ, പോലീസ് അതൊന്നും കണ്ടില്ല. സ്വാശ്രയമാനേജ്‌മെന്റ് എന്ന പുതിയ ഇനം മാഫിയയ്ക്കുമുന്നിൽ പോലീസ് വിനയാന്വിതരായി. അധികാരികൾ നട്ടെല്ലുവളച്ചു. കൊലപാതകം ആത്മഹത്യയായി.
നിസ്സഹായയായ അമ്മയുടെയും കുടുംബത്തിന്റെയും നിലവിളി കേൾക്കാൻ സേവ് എജ്യൂക്കേഷൻ കമ്മിറ്റി തയ്യാറായി. സ്വാശ്രയ സമ്പ്രദായം എന്ന കൊടിയവിപത്തിനെതിരെ ദീർഘകാലമായി പൊരുതുന്ന സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറി സഖാവ് എം.ഷാജർഖാനും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി സഖാവ് പി.കെ.പ്രഭാഷുമടക്കം ഒരു കൂട്ടം പ്രവർത്തകർ അഹോരാത്രം പണിപ്പെട്ട് ജിഷ്ണുപ്രണോയിയുടെ കൊലപാതകം അവഗണിക്കാനാവാത്ത ഒരു രാഷ്ട്രീയ വിഷയമായി കേരളത്തിൽ ഉയർത്തിയെടുത്തു. സിപിഐ(എം)നേതാക്കൾ ‘നുഴഞ്ഞുകയറ്റക്കാർ, അതിവിപ്ലവകാരികൾ’ എന്നൊക്കെ വിശേഷിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ഉയർന്ന രാഷ്ട്രീയ ധാരണയും അർപ്പണബോധവുമുള്ള ഈ പ്രവർത്തകരെയാണ്.
സർക്കാരിൽനിന്ന് ശരിയായദിശയിലുള്ള യാതൊരു നടപടിയുമുണ്ടാകാതെ വന്നപ്പോഴാണ് സമരത്തിന്റെ മാർഗ്ഗം സ്വീകരിക്കാൻ മഹിജയും ബന്ധുക്കളും തീരുമാനിച്ചത്. ആ ചുവടുവയ്പ്പ് പക്ഷേ ദൃഢവും സുചിന്തിതവുമായിരുന്നു. പോലീസിന്റെ വീഴ്ചയെന്ന് വിശ്വസിക്കാൻ ശ്രമിച്ച്, സർക്കാരിനെ പഴിപറയാതെ കഴിയുന്നത്ര സംയമനം പാലിച്ചാണ് അവർ മൂന്നുമാസമായി നീതിക്കുവേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്നത്. കൃഷ്ണദാസിന് മുൻകൂർ ജാമ്യം ലഭിക്കാനും കേസിൽനിന്ന് തടിയൂരാനും പഴുതൊരുക്കുകയും ബാക്കി പ്രതികളെ അറസ്റ്റുചെയ്യാൻ പോലും തയ്യാറാകാതിരിക്കുകയും ചെയ്തിട്ടും പോലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രിയെ സന്ദർശിച്ച് വീണ്ടും അപേക്ഷിക്കാൻ അവർ തയ്യാറായി. സമ്പന്ന വർഗ്ഗത്തിന്റെ സംസ്‌കാരം തലയ്ക്കുപിടിച്ച ഭരണസംവിധാനമുണ്ടോ ഈ വിലാപത്തിന്റെ തീക്ഷ്ണത തിരിച്ചറിയുന്നു. പക്ഷേ, ആ മാതൃഹൃദയത്തിന് അഗ്നിയുതിർക്കാൻ കഴിയുമെന്നും അതിന്റെ പ്രഹരശേഷി രാഷ്ട്രീയ അധാർമ്മികതകളെ തച്ചുതകർക്കാൻ പോന്നതാണെന്നും ഇനിയുള്ള ദിവസങ്ങൾ തെളിയിക്കുമ്പോൾ രാഷ്ട്രീയ ധാർഷ്ട്യം തലകുനിക്കുകതന്നെ ചെയ്യും. അനേകം അമ്മമാരുടെ കണ്ണീരിന് പരിഹാരമുണ്ടാക്കാൻപോന്ന പെൺകരുത്തായി മഹിജയുടെ പോരാട്ടവീര്യത്തെ പരിവർത്തനപ്പെടുത്താനുള്ള ഉത്തരവാദിത്വം സമൂഹമാകെ ഏറ്റെടുക്കണമെന്നുമാത്രം.
ജിഷ്ണുവിന്റെ കൊലപാതകം സ്വാശ്രയസമ്പ്രദായത്തിന്റെ ഭീകരമുഖം തുറന്നുകാണിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിൽ പണമുള്ളവന്റെ ആധിപത്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും നഴ്‌സറിതലത്തിൽ ആരംഭിച്ച് യൂണിവേഴ്‌സിറ്റിതലംവരെ പടർന്നു പന്തലിച്ചിരിക്കുന്നു.
ബൃഹത്തായ ഒരു വിദ്യാഭ്യാസപ്രക്ഷോഭണത്തിലൂടെ മാത്രമേ ഈ നീക്കങ്ങളെ തടയാൻ കഴിയൂ. സമസ്തമേഖലകളിലും നടപ്പാക്കപ്പെടുന്നത് ഇതേ സ്വഭാവത്തിലുള്ള നയങ്ങളാണ്. വിദ്യഭ്യാസമേഖലയെ മാത്രമായി ശുദ്ധീകരിച്ചെടുക്കുക അതുകൊണ്ടുതന്നെ അത്ര എളുപ്പമുള്ള കാര്യമല്ല. മൂലധനശക്തികളുടെ പിടിയിൽനിന്ന് ഉൽപ്പാദന-വിതരണരംഗങ്ങളെയും രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളെയുമൊക്കെ മോചിപ്പിച്ചെടുക്കാനുള്ള അതിവിശാലവും ആഴമാർന്നതുമായ പോരാട്ടം അതിനാവശ്യമാണ്. ജനങ്ങളിൽ തൊണ്ണൂറുശതമാനവും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അങ്ങനെമാത്രമേ ശാശ്വതപരിഹാരമുണ്ടാക്കാൻ കഴിയൂ. അതിലേയ്ക്കുള്ള ചുവടുവയ്പ്പുകളാണ് നാമുയർത്തുന്ന ഓരോ പ്രതിഷേധവും.
ഈ യാഥാർത്ഥ്യം അദ്ധ്വാനിച്ചുജീവിക്കുന്ന ജനങ്ങളെയാകെ ബോദ്ധ്യപ്പെടുത്തി അവരെ സമരശക്തിയാക്കി മാറ്റിയെടുക്കുക എന്നതാണ് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ദൗത്യം. നമ്മുടെ നാട്ടിൽ സിപിഐ(എം), സിപിഐ പോലുള്ള പാർട്ടികൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. അതിനുള്ള കെൽപ്പ് മാത്രമല്ല യോഗ്യതപോലും അവർക്ക് ക്രമേണ നഷ്ടപ്പെട്ടിരിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ പ്രത്യയശാസ്ത്രമായ മാർക്‌സിസം-ലെനിനിസത്തെക്കുറിച്ചുള്ള വികലമായ ധാരണയും അതിനനുസരിച്ചുള്ള പ്രവർത്തനവുമാണ് അവരെ ഇങ്ങനെയൊരു പതനത്തിലെത്തിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നടത്തിയ സമരങ്ങളും ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളും പോലും വൃഥാവിലാകുന്നത് അടിസ്ഥാനപരമായ ഈ പിശകുമൂലമാണ്. ക്രമേണ അവസരവാദത്തിന്റെ പിടിയിൽ അമരാൻ ഇത് കാരണമാകുന്നു. സമരപാതവെടിഞ്ഞ് പാർലമെന്ററി രാഷ്ട്രീയത്തിലെ ഭാഗ്യാന്വേഷണം മാത്രമായി പ്രവർത്തനം ചുരുങ്ങിപ്പോകുന്നു. ഭരണത്തിന് അവസരം ലഭിക്കുമ്പോഴെല്ലാം മുതലാളിത്ത നയങ്ങളുടെ നടത്തിപ്പുകാരായി അവർ മാറുന്നു. അത് അനിവാര്യമായി സൃഷ്ടിക്കുന്ന ജീവിതദുരിതങ്ങളോട് മുഖംതിരിക്കാൻ അവർ നിർബന്ധിതരായിത്തീരുന്നു. ജനങ്ങളിൽനിന്നകന്ന് ധാർഷ്ട്യമോ, കപടവിനയമോ വിളിച്ചോതുന്ന മുഖഭാവത്തോടെ അവർ സമൂഹത്തിൽ അണുബാധ പടർത്തിക്കൊണ്ടിരിക്കുന്നു.
മാർക്‌സിസത്തോട് ജനങ്ങളിൽ നിലനിൽക്കുന്ന ആഭിമുഖ്യവും ആദരവും ആ പേരുപയോഗിച്ച് മുതലെടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. പക്ഷേ അവരുടെ ദുഷ്‌ചെയ്തികൾ മാർക്‌സിസമെന്ന മഹനീയ ദർശനത്തെക്കുറിച്ച് അവമതി ഉളവാക്കുകയും ജനങ്ങളെ അതിൽനിന്ന് അകറ്റുകയും ചെയ്തുകൊണ്ടിരിക്കും. ജനജീവിതം തകർത്തെറിയുന്ന മുതലാളിത്ത നയങ്ങൾ ആവിഷ്‌ക്കരിക്കുന്നവർക്കും അറുപഴഞ്ചൻ ചിന്താഗതികൾ പ്രചരിപ്പിച്ച് മനുഷ്യത്വംതന്നെ കെടുത്തുന്നവർക്കുമെല്ലാം തുടർന്നും ജനങ്ങളെ കബളിപ്പിക്കാനും മൂലധനസേവ തുടരാനും അനുകൂലസാഹചര്യമൊരുക്കുന്നതിന് ഇവരുടെ അപചയം കാരണമാകുന്നുണ്ട് എന്ന കാര്യം മറന്നുകൂടാ.
സ്വാശ്രയമേഖലയിലടക്കം ഏതുരംഗത്തും പ്രത്യക്ഷപ്പെടുന്ന പുഴുക്കുത്തുകൾ ജീർണ്ണമായൊരു സാമൂഹ്യവ്യവസ്ഥയുടെ പ്രതിഫലനമാണെന്ന തിരിച്ചറിവാണ്, ഉയർന്ന രാഷ്ട്രീയാവബോധമാണ് ജനങ്ങൾക്കുണ്ടാകേണ്ടത്. പ്രശ്‌നങ്ങളെ ലളിതവൽക്കരിക്കാനും ഒറ്റപ്പെട്ട വിഷയങ്ങളായിഅവതരിപ്പിക്കാനും സ്ഥാപിത താൽപ്പര്യക്കാർ നിരന്തരശ്രദ്ധ പുലർത്തും. സമരങ്ങളെയും പ്രതിഷേധങ്ങളെയുമൊക്കെ പുറമേയ്ക്ക് പിന്തുണച്ചുകൊണ്ടുപോലും അവരീ ധർമ്മം നിറവേറ്റിക്കൊണ്ടിരിക്കും. പ്രശ്‌നങ്ങൾ സ്വാശ്രയസമ്പ്രദായത്തിൽനിന്ന് ഉയിർകൊള്ളുന്നതാണെന്ന് അവർ ഒരിക്കലും പറയില്ല. എല്ലാം തൊലിപ്പുറമേയുള്ളവ എന്ന ഭാവമാണവർ എപ്പോഴും പുലർത്തുക. തിരിച്ചറിയേണ്ടത് ജനങ്ങളാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും മാന്യവും മനുഷ്യോചിതവുമായ ജീവിതത്തിനുമൊക്കെയുള്ള അവസരം കൈമോശംവന്നുകൊണ്ടിരിക്കുന്ന ജനസാമാന്യം. പൊരുതിനേടിയ അവകാശങ്ങളും പടുത്തുയർത്തിയ മൂല്യങ്ങളുമെല്ലാം തച്ചുടയ്ക്കപ്പെടുന്നതിന് മൂകസാക്ഷികളാകേണ്ടിവരുന്ന സാധാരണ ജനങ്ങൾ. എല്ലാ നന്മകളെയും സംരക്ഷിക്കാനുള്ള ഒരു മുന്നേറ്റത്തിന്റെ സംഘാടകരായി നാം മാറിയേ മതിയാകൂ. വേദനാകരമായ ഓരോ സംഭവവും ഓരോ വേർപാടും കൂടുതൽ കർമ്മനിരതരാകാൻ, കൂടുതൽ ലക്ഷ്യബോധമാർജിക്കാൻ നമ്മെ പ്രാപ്തരാകട്ടെ!